Pages

Saturday, April 13, 2024

തേരൂട്ടി മാങ്ങ :4


ഓർമ്മകൾക്കെന്തു
സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം......


വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്....
രാവിലേന്നെ നൊട്ടുമാമ വടുക്കോർത്തു പലതരം ചക്കയും കൊണ്ടുവരും അതിൽ,ഇടിച്ചക്കേം,
ചക്ക പുഴുക്കിനുള്ളതും , ചക്കവറവിനുള്ളതും, പഴുപ്പിക്കാൻ പറ്റിയതും ഒക്കെ ഉണ്ടാവും. പിന്നെ ഓരോന്നും എന്തിനൊക്കെ നല്ലത്..ന്ന് ടീച്ചർക്കൊരു, (അമ്മമ്മക്ക്) ക്ലാസും കൊടുക്കും. മാങ്ങയും തേങ്ങയും ഒരുക്കൂട്ടി
മാനു മാമയും സഹായത്തിനുണ്ടാകും .

പകല് മുഴുവനും അടിക്കലും തളിക്കലുമായി പാറൂട്ടിയമ്മയും.
പതിവ് പണികളും പരിഭവങ്ങളുമായി നാരായണിയമ്മയും.



ഉച്ചയൂണ് കഴിഞ്ഞാൽ ഒരുക്കങ്ങൾ തകൃതി..
ചക്ക വറക്കാനുള്ള ചുള ഒരുക്കലാണ് ആദ്യപണി. അതിന്റെ തലയും വാലും പുഴുക്കിന് മാറ്റും. എത്ര ചെത്തണമെന്നും എങ്ങനെ ചെത്തണമെന്നും, കനം കൂട്ടി പിന്നെ കുറയ്ക്കരുത് എന്നും ചെറിയ കുട്ടിയാവുമ്പോഴേ അമ്മമ്മ കണക്കു പഠിപ്പിക്കുന്ന ഗൗരവത്തോടെ പഠിപ്പിച്ചു തന്നിരുന്നു.
വൈകുന്നേരം ചാച്ചന്റെ കൂടെ മീനച്ചൂടിൽ വിണ്ടുവിള്ളിയ പാടത്ത് എത്തും.
അവിടെയും ഇവിടെയും തോട്ന്റെ വക്കിലുമൊക്കെയായി എരുക്കും പൂവു പറിക്കും. തേക്കിന്റെ ഇലയിൽ പൊതിഞ്ഞ എരിക്കും പൂവ് വീണ്  പോകാതിരിക്കാനായി ചാച്ചൻ കുമ്പിള് കുത്തി തരും.


അതുമായി കാളപൂട്ട് കണ്ടം കടന്ന് 
കടുക്കാം കുന്ന് കയറി, വേട്ടേക്കരൻ കാവിലെത്തും .

കാവിന് പുറകിൽ വലിയ ഒരു അരളി മരം പടർന്നു പന്തലിച്ചു നിൽക്കണ്ട്
അവിടെ ന്നു പെറുക്കി എടുക്കാവിന്നിടത്തോളം  വെളുത്ത അരളി പൂക്കൾ പെറുക്കി തോർത്തിൽ കെട്ടി, കാവിന്നു  നേരെ അറ്റാശ്ശേരി തൊടിയിലേക്ക് ചാടും. അവിടെവിടെയായി കൊളത്തിന് വക്കത്തൊക്കെ കൊന്ന തൈകൾ എല്ലാം പൂത്തുലഞ്ഞു നിൽക്കുന്നുണ്ടാവും.കൂടെ കാട്ടു പുല്ലാനിയും, കാട്ടു മുല്ലയും, കാട്ടു തെച്ചിം ..
കിട്ടാവുന്ന പൂക്കൾ എല്ലാം പറിച്ച്  കേടുവരാതെ ചാച്ചൻ കയ്യിൽ പിടിക്കും.



 കിഴക്കെ തൊടിക്കൂടെ, തൊഴുത്തും കടന്ന്  പൂമുഖത്ത് എത്തുമ്പോൾ  അമ്മമ്മ പറയും  ഹൈ..വിഷു.. കേമായിട്ടന്നെ ആണല്ലോ വരണത് ന്നു .
 ഒന്നൂടെ പൊലിവാക്കാനായി മാലകെട്ടാൻ ഉമ്മറത്തെ തെച്ചിയും തുളസിയും , നന്ത്യാർവട്ടവും, ഒക്കെ അറുത്തുഒരുക്കി ഇടനാഴിയിൽ വെച്ച് വേഗം പോയി മേൽകഴുകി വിളക്ക് വെച്ച് അമ്മമ്മ കേൾക്കാൻ നാമം ചൊല്ലുന്നുന്നു വരുത്തി, പൂമുഖത്തക്കെത്തും . പടക്കവും മത്താപ്പും പൂത്തിരിയും, ഒക്കെ ബാബു മാമയുടെ മേൽനോട്ടത്തിൽ ആണ്.... അന്നും ഇന്നും പേടി ആയോണ്ട് ഞാൻ വിട്ട് നിന്ന് കാണെ ഉള്ളു.

സന്ധ്യ മയങ്ങുമ്പോഴേക്കും കൊട്ട തേങ്ങ നുറുക്കാനുള്ള പണി എനിക്ക് കിട്ടും.കഷ്ണം നുറുക്കാൻഞാൻ കുട്ടിശങ്കരേട്ടൻ ആണ്ന്നു.. പറഞ്ഞു അന്നും ഇന്നും എല്ലാരും ന്നെ കളിയാക്കും.
സ്വന്തം കത്തി ആർക്കും കൈ മാറില്ല ഞാൻ.
 നനു നനൂക്കനെ നുറുക്കണം, നെയ്യിൽ മൂക്കുമ്പോൾ പാറികിടക്കണം ന്നൊക്കെ.അമ്മമ്മ നിർദ്ദേശം തരും.
 
കുഞ്ഞനടുപ്പിൽ കരോല് വെച്ച് ഉരുക്കിയ നെയ്യൊഴിച്ച് മാവ് കോരി ഒഴിക്കുമ്പോൾ ഉണ്ടാകുന്ന നറുമണം മൂക്കിൻ തുമ്പിൽ എത്തുമ്പോഴേക്കും 
മാല കോർക്കാനും കെട്ടാനും പൂവ് ഒരുക്കാനും ആയിട്ട് ചാച്ചൻ ഇടനാഴിയിലേക്ക് വിളിക്കും .


 ആദ്യം പച്ചീർക്കില  കൊണ്ട് കണികണ്ണാടിക്ക് ചാർത്താനുള്ള  
എരിക്കുമൊട്ടുമാല കോർത്ത് കോർത്ത് കോലു കെട്ടി ചുമരിൽ ചാരിവയ്ക്കും.
 പിന്നെ വാഴനാരിൽ അടുക്കടുക്കായി അരളിപ്പൂവ് കൊണ്ട് കണിവെള്ളരിക്ക് ഒരു മാല. തെച്ചിയും തുളസിയും നന്ത്യാർ വട്ടവും ചേർത്ത് നല്ല ചന്തത്തിൽ ഉണ്ണിക്കണ്ണന് ഒരു വനമാല.കൊന്ന പൂവ് കൊലകെട്ടി വീഴാതെ വെക്കും...
 ഇത്രയും കഴിഞ്ഞാൽ ബാക്കിയെല്ലാം ഞങ്ങൾ എല്ലാവരും ഉറങ്ങിയതിനുശേഷമാണ് മുത്തശ്ശനും അമ്മമ്മയും ഒരുക്കിവെക്കുക.
വിളക്കും, കിണ്ടിയും,ഉരുളിയും, അതിൽ വെക്കാനുള്ള സാധനജംഗമ വസ്തുക്കൾ എല്ലാം ഒരു പുൽപ്പായയിൽ നിരത്തി മറച്ചുവെച്ചിരിക്കും.





 ഒരു അടുക്ക്പ്പാത്രം നിറയെ  ഉണ്ണിയപ്പം നിറഞ്ഞാൽ അമ്മമ്മ അത്താഴം വിളമ്പും. അങ്ങോട്ടും  ഇങ്ങോട്ടും പോകുമ്പോഴൊക്കെ എടുക്കുന്ന ഓരോ ഉണ്ണിയപ്പവും കഴിച്ചു കഴിച്ചു വയറു നിറഞ്ഞാലും അത്താഴ പഷ്ണി കിടക്കാൻ പാടില്ല..ന്ന..അമ്മമ്മയുടെ നിത്യമൊഴി കേൾക്കാൻ വയ്യാത്തതുകൊണ്ട് കാച്ചിയ മോരും കൊണ്ടാട്ടം മുളകും കൂട്ടി ഇത്തിരി മാമുണ്ണും.
 അതുകഴിഞ്ഞാൽ അടുത്ത പണി ചക്കവർക്കലാണ്.
 വല്യ ഉരുളിയിൽ ആട്ടിയ വെളിച്ചെണ്ണ വെട്ടി തിളക്കുമ്പോൾ ചക്കചുള ചീന്ത് വിതറി കൊലു കൊലുന്നന്നെ സ്വർണ്ണനിറ മാകുമ്പോൾ കോരിമുറത്തിലിട്ട് ചൂടാറാൻ വയ്ക്കും.


ആദ്യത്തെ ഓട് വറുത്ത് കഴിഞ്ഞാൽ  ഓരോ പിടി അമ്മമ്മ കഴിക്കാൻ തരും. പിന്നെ വേഗം പോയി കിടന്നു ഉറങ്ങാൻ പറയും രാവിലെ നേരത്തെ എണീക്കേണ്ടതല്ലേ.അമ്മമ്മ അപ്പോളും ചക്ക വറുക്കലിനൊപ്പം അട ക്കുള്ള ഒരുക്കങ്ങളും, കുമ്പിളപ്പത്തിനുള്ള ഇല ഒരുക്കലും ആയി  അടുക്കളേൽ ഉണ്ടാകും.


 മുത്തശ്ശന്റെ അമ്മയായ വല്യ മുത്തശ്ശി യും  അന്ന് തറവാട്ടിൽ ഉണ്ടായിരുന്നു. 
അവരെ എല്ലാവരും അമ്മച്ചി ന്നാണ് വിളിച്ചിരുന്നെ.
ഏകദേശം നൂറു വയ്യസിനടുത്തു പ്രായം. ന്റെ അച്ഛമ്മേടെ അമ്മായി ആയിരുന്നു അവർ. വടക്കേ മുറിയിൽ അവരുടെ കൂടെ ഉറങ്ങാൻ കിടന്ന തലമുടി ഞെരടി ഞെരടി നമ്മളെ ഉറക്കും. പതുക്കെ സംസാരിക്കു.... എന്ത് പറഞ്ഞാലും ചെറുതായി ചിരിക്കും,
ടീവീൽ സിനിമ വച്ച അതിന്റെ അടുത്ത് പോയി നോക്കി നിൽക്കും, അടിയും ഇടിയും ഒക്കെ കണ്ട ശിവ ശിവ ന്താ ഇതൊക്കെ ബാലാ.. ന്നു ചാച്ചനോട് ചോദിക്കും.സിനിമ അല്ലെ അമ്മെന്നു ചാച്ചൻ. ഇതൊക്കെയാ കുട്ടിയോളുകാണണേന്നു പറഞ്ഞു മുറിയിലേക്ക് പോവും, ന്നിട്ട് ഇവിറ്റോൾക്കൊക്കെ വറ്റ് വിലങ്ങനെ കുത്തിയ സൂക്കേടാന്നു പറഞ്ഞു പിറുപിറുക്കും. പാവം...അമ്മച്ചി.
ഞാനും ബേബിയും അത് കേട്ട് പരസ്പരം നോക്കും.
അന്നതിന്റെ അർത്ഥം അറിഞ്ഞിരുന്നില്ല. ഇന്നറിയാം.



ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ മുഴുവനും  പിറ്റേന്ന് കിട്ടുന്ന വിഷുക്കൈനീട്ടം,  വിഷുകോടി, അങ്ങനെ അങ്ങനെ മനസ്സിൽ പൂത്തിരി കത്തും.


 
 
കുട്ടികളേ നീച്ചു വന്നോളൂ..... ചാച്ചന്റെ ശബ്ദം കേട്ടാണ് ഉണരുക. അന്നൊന്നും ആരും കണ്ണ് പൊത്തിപ്പിടിച്ച് കണി കാണാൻ കൊണ്ടുപോയിരുന്നില്ല. വീട്ടിലെ ചുമരും ഇടനാഴിയും ഉമ്മറപടിയും ഒക്കെ കാണാപ്പാഠം അല്ലെ. സ്വയം ചുമരിൽ തപ്പിപിടിച്ച് തട്ടി തടയാതെ ഇടനാഴിയിൽ കണിക്ക് മുന്നിൽ വിരിച്ച പുല്ലായയിൽ പോയിരിക്കും. കണ്ണ് തുറക്കണെന്നു മുന്നേ വലത്തെകൈപിടിച്ച് അമ്മമ്മ കിണ്ടിയിൽ കൈ മുക്കി രണ്ട് കണ്ണും അമർത്തി തുടക്കാൻ പറയും.
 എന്നിട്ടെ കണ്ണ് തുറക്കു...

ഇന്നത്തെപ്പോലെ ബാത്റൂമിൽ പോയി മുഖം കഴുകി ബ്രഷ് ചെയ്ത് കുളിച്ചൊരുങ്ങി പുത്തൻ ഉടുപ്പൊക്കെ ഇട്ട്, പിന്നെ ഫോട്ടോയ്ക്കും വീഡിയോക്കും വേണ്ടി കണ്ണുപൊത്തി കണി കാണുന്ന രീതി ഒന്നുമായിരുന്നില്ല അന്ന്.

 മീനം മേടം രാശിയിലേക്ക് മറിയുന്ന  ഉഷ്ണകാലമല്ലേ.
ഇന്നത്തെ പോലെ നൈറ്റ് ഡ്രസ്സുകളും, ഹോംവേയേഴ്‌സും കടകളിൽ പോലും കിട്ടാതിരുന്ന കാലം.
 വേനലിൽ സ്കൂൾ അടച്ചാൽ ഉമ്മറത്തുള്ള ഓട്ടി ക്കാരുടെ കടയിൽ നിന്ന് വാങ്ങിയ മല്ലു തുണി കൊണ്ട്  ടൈലർ ചേച്ചി അടിച്ച കുഞ്ഞു പെറ്റികോട്ടു ആവും വേഷം , ചൂട് കുറക്കാനായി 
ഒത്ത നെറുകയിൽ റിബൺ കൊണ്ട് കെട്ടിവെച്ച ഗോപുരം പോലുള്ള മുടിയും ഒക്കെ ആയി ഉറക്കച്ചടവിൽ കണ്ണ് തുറക്കുമ്പോൾ ചാച്ചൻ പറയും വിഷു കണി കണ്ണ് നിറയെ കണ്ടോളു..... കണ്ണാടിയിലേക്കാണ് നോക്കേണ്ടത്, ആദ്യം കാണേണ്ടത് സ്വന്തം രൂപവും, കൂടെ കണ്ണാടിയിലേക്ക്  മുഖം 
തിരിഞ്ഞിരുത്തിയ അലങ്കരിച്ച കണ്ണനേം, ഉരുളിയിലെ സ്വർണ്ണംചാർത്തിയ കണിവെള്ളരിയും കണിവസ്തുക്കളുംഒക്കെ നോക്കി നോക്കി അവസാനം ആണ് കണ്ണടച്ചുപ്രാർത്ഥിക്കാ... പിന്നെ ചാച്ചന്റെ കൈയിൽ നിന്നും 10 രൂപ കൈനീട്ടം വാങ്ങി നമസ്കരിക്കും ...


ഒന്നുടെ അവിടെ തന്നെ ഇരുന്നു നിലവിളക്കിന്നു നാളം തൊട്ട്ഒരു പൂത്തിരി കത്തിക്കാൻ പറയും,സ്വയം പ്രകാശിക്കാൻ.എല്ലാരും എണീച്ചു വന്നു കണികണ്ടു, കൈനീട്ടം വാങ്ങൽ... കണ്ട് നിൽക്കും.
..ന്നിട്ട് കണിഉരുളിയും ഏറ്റി പിടിച്ചു പോണ ചാച്ചന്റെ കൂടെ പൂമുഖത്തെ തൊഴുത്തിൽക്ക് പോവും...
പയ്യിനേം പൈകുട്ടികളെയും , കോഴികളേം ഒക്കെ കണിഉരുളി കാണിക്കുമ്പോഴേക്കും  നാലു പുറത്തുനിന്നും പടക്കം പൊട്ടുന്ന ശബ്ദം കേൾക്കും.വീട്ടിലും ഇത്തിരി പൊട്ടിക്കും, പൂത്തിരി, മേശപ്പൂവ്, ചക്രം അങ്ങനെ അപകടമില്ലാതെ കുറച്ചു മാത്രം.
 കുറച്ചുനേരം ഉമ്മറത്ത് ഒക്കെ പോയി ജനലിക്കൂടെ ഇതൊക്കെ നോക്കിനിൽക്കും.
അത് കഴിഞ്ഞാൽ പിന്നെ ഉറക്കം ഒന്നും വരില്ല. അമ്മമ്മ അടുക്കളയിൽ വിഷു അട ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടാവും.
എരമംഗലത്തിന്റെ ഇലയിൽ അട വേവുന്ന മണമായിരുന്നു വിഷു പുലരികൾക്ക്.

 രാവിലത്തെ ആദ്യത്തെ പണി അമ്മമ്മയുടെ പഴയ പേഴ്സ് ചോദിക്കലാണ്. ഇത് മുൻകൂട്ടി കണ്ടു അമ്മമ്മ തലേന്ന് തന്നെ ഒന്ന് രണ്ട് കുഞ്ഞി പേഴ്സ് എടുത്തു വച്ചിട്ടുണ്ടാകും.
 കുളികഴിഞ്ഞ് വിഷുകോടി ഇടും.
 ഓണത്തിന്റെ പോലെ വിഷു കോടി കടയിൽ പോയി എടുക്കാറില്ല.
 അമ്മയുടെയോ അമ്മമ്മ യുടെയോ പഴയ ഏതെങ്കിലും പട്ട്സാരി കൊണ്ട് ഞങ്ങൾ രണ്ടാൾക്കും ഒരുപോലെയുള്ള പട്ടുപാവാട തൈപ്പിച്ച് എടുക്കലാണ് പതിവ്.


 പതിവുപോലെ ഒരുമിച്ച് ഒരുങ്ങി വന്നാൽ അന്നുഎല്ലാവരും ഇരട്ടക്കുട്ടികൾ ആണോ എന്ന് ചോദ്യം പതിവായിരുന്നു. അല്ല ഞാൻ ആണ്  ഏടത്തി എന്ന് പറയാൻ അന്നും ഇന്നും ഇഷ്ടം.


തറവാടിന്അപ്പുറത്തുള്ള കല്ലുമ്മായിടെ വീട്ടിലെ 
ചക്കമുല്ലെന്ന് തലേന്ന് മതില് ചാടി പൂവിന്റെയും ചെടിയുടെയും ഉടമയായ പൊന്നു ഏട്ടൻ കാണാതെ കല്ലുമ്മായിയോട് ചോദിച്ചു പൊട്ടിച്ച മുല്ലമൊട്ടൊക്കെ കോർത്തത് ഇലയിൽ കെട്ടി പൊതിഞ്ഞു രാത്രി മഞ്ഞത്ത്  വെച്ച്  എടുക്കുമ്പോൾ പാതി വിരിഞ്ഞ ചന്തം.
 കുളിച്ചൊരുങ്ങി ചാച്ചന്റെ കൈപിടിച്ച്കാവിലേക്ക് പോവുമ്പോൾ ഉമ്മറത്തുന്നു പൊന്നു ഏട്ടൻ കാണുന്നില്ലല്ലോ ന്നു ഒളിച്ചു നോക്കും. ഇതൊക്കെ പറഞ്ഞു കല്ലുമ്മായി ഇന്ന് കണ്ണ് നിറയ്ക്കും. ആർക്കും വേണ്ടങ്കിലും ആ മുത്തശ്ശി മുല്ല ഇന്നും വേലിക്കരികിൽ പൂക്കും.

കാവിൽന്നു കാമ്പ്രത്തെ തിരുമേനി കൈനീട്ടം തരും.
അടുത്തുള്ള വീട്ടിലെ കണികളൊക്കെയും പോയി കാണും...
 അവിടെന്നു ഓടിവന്ന്  അട കഴിക്കും.  കൂടെ ഒരലങ്കാരത്തിന് ചക്കച്ചുള വറുത്തതും ഉണ്ണിയപ്പവും.




പിന്നെ വിഷുക്കൈനീട്ടം മേടിക്കലാണ് അന്നത്തെ പ്രധാന പണി.
അന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഉമ്മറത്ത് വന്നുപോവാത്ത ആളുകളും ഉണ്ടാവില്ല.






 തൊടിയിലും പടിഞ്ഞാറെ പാടത്തും, വളയൻ കണ്ടത്തിലും ഒക്കെ ചാച്ചന്റെ നേതൃത്വത്തിൽ വിഷുച്ചാൽ കൊത്തലും,  വിഷു വിത്തിറക്കലും അന്നത്തെ പതിവ് കാഴ്ചകളായിരുന്നു.ഇന്നും അതൊക്കെ ജോലിതിരക്കിനിടയിലും ബാബുമാമ കൊണ്ട് നടത്തുന്നു.


രാവിലെ മുതൽ വൈകുന്നേരം വരെ വരുന്നവരും പോകുന്നവരും കാണുന്നവരും എല്ലാവരുടെയും വക വാങ്ങി പേഴ്സിൽ വയ്ക്കും.ചാച്ചൻ ഇടക്കിടക്ക് എത്ര ആയി വരവ്.. ന്ന്.. തമാശക്ക് ചോദിക്കും. എന്നിട്ട് ഉറക്കെ ഒരു ശ്ലോകവും ചൊല്ലും. പിന്നെ ഉപദേശം പോലെ
പൈസ ചെലവാക്കാതെ പോസ്‌റ്റോഫീസിൽ കൊണ്ട് പോയി ഇടാനും പറയും. 
വൈകുന്നേരം അമ്മമ്മ രണ്ടാൾടേം പൈസ ഒക്കെ എണ്ണി തിട്ടപ്പെടുത്തി തരും.അടുത്ത കൊല്ലം സഞ്ചയ്കക്കുള്ള ആദ്യഗഡു ആയില്ലെന്ന് ചോദിക്കും... പക്ഷെ 
ഞങ്ങൾ രണ്ടാളും അടുത്ത ഗുരുവായൂർ യാത്രയിൽ വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയാവും മനസ്സിൽ.



 അങ്ങനെ ഉച്ചയ്ക്ക് വിഷു സദ്യ. ഇവിടെ ഒന്നും പായസം വിഷുവിനു പതിവില്ല.ചക്ക വരട്ടിയാൽ അടക്കൊപ്പം ചക്കകൊണ്ട്കുമ്പിളപ്പവും ഉണ്ടാക്കും .
പഴമാങ്ങാ കൂട്ടാനും , ചക്കഎരിശ്ശേരിയും പുളിമാങ്ങപെരുക്കും , പുതിയ കടുമാങ്ങയും, കൈപ്പക്കയും ചക്കക്കുരുവും ഇട്ട ഉപ്പേരിയും, ഇടിച്ചക്ക തോരൻ,ചെരങ്ങാ താളിപ്പ്, പടവലങ്ങയുടെ ഓലനും,  അങ്ങനെ കണിക്ക്  വെക്കുന്ന വേനൽ വിളവുകളാണ്  എന്നത്തേയും വിഷു വിഭവങ്ങൾ.
 എല്ലാത്തിനും മെമ്പോടി ആയി ചെട്ടിയാരുടെ വല്യപ്പടം ചാച്ചനു നിർബന്ധം.അത്താഴത്തിനു വിഷു കഞ്ഞി വെക്കും.
വള്ളുവനാടൻ കൂട്ടോടെ അമ്മമ്മ വെക്കുന്ന വിഷു സ്പെഷ്യൽ കഞ്ഞി...
കുത്തരിയും ഉണങ്ങല്ലരിയും  സമം ചേർത്ത് തേങ്ങാപ്പാലിൽ വറ്റിച്ച്  വറ്റിച്ച് കുറുക്കി വീണ്ടും വറ്റിച്ചു പ്ളേറ്റിൽ ആക്കി കട്ട ആകുമ്പോൾ  മുറിച്ചെടുത്ത്
ശർക്കരപ്പാനി ഒഴിച്ച് കുട്ടികൾക്കുണ്ടാക്കുന്ന സ്പെഷ്യൽ വിഷുക്കട്ടയും. ഏതു വിഭവത്തിനും അമ്മമ്മയുടേതായ  ഒരു കൈക്കണക്കാണ് രുചി.







കുട്ടിക്കാലത്തെ വിഷുവിന് ന്നല്ല ഒരാഘോഷത്തിലും അച്ഛനും അമ്മയും കൂടെയുള്ളത് ഓർമ്മയിൽ ഇല്ല.10 വർഷത്തോളം അച്ഛന് ഡയാലിസിസ്, സർജറി ഒക്കെ ആയി എന്നും കോഴിക്കോട് മെഡിക്കൽ കോളേജ്ൽ ആയിരിക്കും .എല്ലാവരും അവിടെ പോയി കാണാറ്ആണ് പതിവ്.
അപൂർവമായേ വീട്ടിൽ ഉണ്ടാവൂ. മെഡിക്കൽ കോളേജ് പേ വാർഡിലെ A12 എന്ന മുറിയിൽ വർഷങ്ങളോളം അച്ഛനായിരുന്നു...
ജേഷ്ഠസഹോദര കരുതലോടെ ഡോക്ടർ തോമസ് മാത്യു സർ.. അച്ഛന് ദൈവതുല്യനായിരുന്നു അദ്ദേഹം... വർഷങ്ങൾക്കിപ്പുറം ഇന്നും അദ്ദേഹം അച്ഛനെ മറന്നിട്ടില്ല...
 


അന്നൊക്കെ വിശേഷ ദിവസങ്ങളിൽ 
വൈകുന്നേരത്തേക്ക് അച്ചച്ചന്റെ തറവാടായ എഴുവന്തലയിൽ നിന്ന് നിന്ന് മൂത്ത വല്യച്ഛൻ വരും. കൂടെ വല്യമ്മയും ഉണ്ടാകും. 
എപ്പോൾ വരുമ്പോളും അച്ഛമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജിലേബിയും കറുത്ത ഹൽവയും മറക്കാതെ വാങ്ങികൊണ്ട് വരും ..
 ഞങ്ങൾക്ക് വിഷുക്കൈനീട്ടവും
 വിഷു കോടിയും എല്ലാം കരുതിയിട്ടുണ്ടാവും.
തട്ടകമായ മുളയങ്കാവിലെ കാള വേലക്കു കൊണ്ടുപോവാൻ വരാമെന്നു പറഞ്ഞ തിരിച്ചു പോവാ.
വിഷുവിന്റെ അടുപ്പിച്ചു വൈകുന്നേരം  ഇവിടങ്ങളിലൊക്കെ കാരണവർമാർക്ക് കർമം കൊടുക്കലും, മച്ചിലെ പൂജകളും , പാമ്പും കാവുള്ള തറവാടുകളിൽ ഒക്കെ സർപ്പത്തുളളലും പതിവാണ്.


 കർമം കൊടുക്കലൊക്കെ അച്ഛമ്മടെ വീടായ  ഇളയ വല്യച്ഛന്റെ വീട്ടിലാണ് നടക്കാറ്.
 മിക്കവാറും വിഷു പിറ്റേന്ന്  പാടത്തിന്റെ അക്കരയ്ക്കുള്ള  അച്ഛമ്മയുടെ വീട്ടിലേക്ക്  ഞങ്ങളും അച്ഛമ്മയും പോകും. തൊട്ടടുത്തുള്ള അയൽവാസികളും, ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങ്.
 അതിന്റെ ഒരുക്കങ്ങളും, ചടങ്ങുകളും ഇന്നും കൗതുകം നിറഞ്ഞതാണ്.
 
രാവിലെ തന്നെ  വല്യമ്മ നെല്ല് വറുത്തു മലർ എടുക്കും, ഉമി പൊടിക്കും.
തവിടുണ്ടാക്കും.
ഉണ്ണിയപ്പത്തിനും, ഉഴുന്നുവടക്കും  മാവു കൂട്ടി വെക്കും. ചേച്ചിമാരും കൂടും.
 പിന്നെ ഉച്ചയൂണ് കഴിഞ്ഞാൽ പൂപറിക്കലും ഒരിക്കലുമാണ് കുട്ടികളുടെ പണി.
 വൈകുന്നേരത്തോടെ അടുത്തുള്ള തോട്ടിൽ പോയി കുളിച്ചു വന്ന്  കാർമികരെ ഒക്കെ നോക്കിയിരിക്കും.
മച്ചിലെ ഭഗവതിക്കും, കാരണവർമാർക്കും എല്ലാം ആദ്യ പൂജ.അത് മാർക്കംതടത്തിലെ കുമാരേട്ടനാണ് ചെയ്യാ.
 അപ്പോൾക്കും അടുക്കളപ്പുറത്ത് നിറയെ സ്ത്രീകൾ ആയിരിക്കും. അകത്ത് അടുപ്പും പുറത്തടുപ്പും ഒക്കെ കത്തിച്ചിരിക്കും.
 ഉണ്ണിയപ്പവും, ഉഴുന്നുവടയും, മുതിരപ്പുഴുക്കും,  കരിക്കിൻ വെള്ളവും അകത്ത് നേദിക്കും. കൂടെ അവിലും  മലരും ചക്കരയും പഴവും. ആദ്യ പൂജ കഴിഞ്ഞാൽ ഇതൊക്കെ കുട്ടികൾക്ക് കഴിക്കാം. പിന്നെ എല്ലാവരും കഥ പറഞ്ഞു കളി പറഞ്ഞു താഴിയേരത്തിൽ കൂടും. അച്ഛമ്മ എല്ലാടത്തും മേൽനോട്ടം വഹിച്ചു നടക്കണ്ടാവും.
 ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഉയരമുള്ള ,നിറമുള്ള, ഒരുപാട് മുടിയുള്ള സുന്ദരി യായ സ്ത്രീയായിരുന്നു എന്റെ അച്ഛമ്മ.... എല്ലാവരുടെയും പ്രിയപ്പെട്ട അമ്മുഏടത്തി....
 95 വയസ്സിലും വെളുത്തു ചുവന്നു ചുക്കി ചുളിഞ്ഞ ഇടത്തെ മൂക്കിലെ പൈറ്റുടി നിറമുള്ള മൂക്കുത്തിക്ക് വല്ലാത്തൊരു അഴകായിരുന്നു.
കൂടാതെ കുടുംബത്തിലെ ഏറ്റവും ധൈര്യമുള്ള സ്ത്രീ..ന്റെ..അച്ചമ്മ ആണ്എന്ന് അച്ഛമ്മയുടെ അനിയൻ സ്ഥാനത്തുള്ള എന്റെ ചാച്ചൻ പറയും. 
 10 പ്രസവിച്ചെങ്കിലും ആരോഗ്യകമ്മിയാൽ 
എട്ടു മക്കളുടെയും, ചെറുപ്പത്തിലേ   
ഭർത്താവിന്റെയും മരണാനന്തര ചടങ്ങുകളിൽ മനോബലത്തോടെ കരയാതെ നാരായണ നാരായണ ജപിച്ചിരുന്നത്രെ.... 
ഇളയ മകനായ എന്റെ അച്ഛൻ മരിച്ചപ്പോളും ഞാനത് നേരിട്ട് കണ്ടതാണ്. ആരുടെ മരണത്തിലും കണ്ണീർ വീഴ്ത്താതെ നാരായണ നാരായണ ജപിക്കണമെന്ന് അച്ഛമ്മയുടെ തത്വം.
കരയാനും പരിഭവിക്കാനും ഒരുപാട് അനുഭവ സമ്പന്നമായിരുന്നു ജീവിതമെങ്കിലും ഒരിക്കൽപോലും എന്റെ അച്ഛമ്മ കരയുന്നത് ആരും കണ്ടിട്ടില്ല.
അന്നും ഇന്നും എന്നെന്നും എനിക്ക് സ്നേഹിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായെങ്കിലും, എന്നെ  സ്നേഹിച്ചത്അഥവാ ഞാൻ പൂർണമായും സ്നേഹിക്കപ്പെട്ടത് 
ന്റെ അച്ഛമ്മയാലാണ്.
ന്റെ കല്യാണതലേന്ന് വരെ മാത്രേ അച്ഛമ്മയെ നോക്കാൻ നിക്ക് പറ്റിയുള്ളൂ.

ഞാൻ കല്യാണം കഴിഞ്ഞു പോയപ്പോൾ അന്നെന്നെ അച്ഛമ്മയെ അച്ഛമ്മേടെ വീട്ടിലേക്ക് വല്യച്ഛൻ കൊണ്ട് പോകയാണ് ഉണ്ടായത്.
കിടപ്പിലായി ഓർമ കുറഞ്ഞപ്പോൾ അച്ഛമ്മക്ക്കൂടുതൽ ആൾ സഹായം വേണമായിരുന്നു.
അമ്മപകൽ അച്ഛമ്മേടെ വീട്ടിലും, രാത്രി അമ്മമ്മേടെ വീട്ടിലും ആയി അച്ഛമ്മേടെ മരണം വരെ അവിടെ പോയി നോക്കി...
എല്ലാ വീടുകളും അടുത്തടുത്തായതിനാൽ യാത്രബുദ്ധിമുട്ട് ആർക്കും ഇല്ല... അന്നൊക്കെ ഏറെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നതൊക്കെയും ഇന്ന് വെറും വീടുകളായി മാറിയിരിക്കുന്നു....

ഓർമകളെ മുറുകെ പിടിച്ചു എന്നെപോലെ ഞാനും.


അന്നൊക്കെ രണ്ടാം പൂജ വിളങ്ങു  ആണ് ചെയ്യാറ്. അത് കഴിയുമ്പോൾക്കും പാതിരാക്കോഴി കൂവും. ആ നേരത്തിനിടക്കാണ് താഴിയേരത്തിലെ ഇരുട്ടത്തിരുന്നു ഒരുപാട് കഥകൾ കേൾക്കാ.... ഞാനും ബേബിയും, സിമി ചേച്ചിയും ആയിരുന്നു ഏറ്റവും ചെറിയ കുട്ടികൾ.
ബാക്കിള്ളോരൊക്കെ ഞങ്ങളെക്കാ അഞ്ചും പത്തും വയസ്സിനു മൂത്തവർ. ന്റെ വല്യച്ഛന്റെ മൂത്തമകൾക്ക് ന്നേക്കാൾ ഇരുപത് വയസ്സോളം കൂടും.
ഈ ദിവസം ആണ് രാജേട്ടനും സജിയേട്ടനും, മുരളിയേട്ടനും ബാബുട്ടനും ഒക്കെ പ്രേതഭൂതകഥകൾ കൊണ്ട് വീരൻമാർ ആകുന്ന ദിവസം. ഞങ്ങൾ പേടിച്ചു വിറച്ചു കണ്ണും തുറിച്ചിരിക്കും... ഇടവഴിയിലെ ഒടിയനും, പാലാചോട്ടിലെ യക്ഷിയും തെക്കേ തൊടിലെ കരിങ്കുട്ടിയും ഒക്കെ പൊടിപ്പും തൊങ്ങലും വച്ചു പറയും.
താഴിയരത്തിലെ കട്ടിലിൽ കിടന്ന് ചെവി ഇത്തിരി കമ്മി ആണേലും അച്ഛമ്മ ഇതൊക്കെ ശ്രദ്ധിക്കണ്ടാവും.... 
ന്റെ പേടി അച്ഛമ്മക്ക് നല്ലോണം അറിയാം... ഞാൻ നീങ്ങി നീങ്ങി അച്ഛമ്മടെ കട്ടിലിന്റെ താഴെഎത്തിട്ടുണ്ടാവും. ഇടക്ക് പേടി തോന്നിയ,
ഒരു ധൈര്യത്തിന്  അച്ഛമ്മടെ നീണ്ടവിരലുകൾ ഉള്ള വലിയ കൈപ്പത്തിയിൽ ന്റെ..കുഞ്ഞികൈ കൊണ്ട് മുറുക്കി പിടിക്കും.... അപ്പൊ അച്ഛമ്മ പറയും.."ടാ.. കുട്ടിയോളെ പേടിപ്പിക്കേണ്ട... ഉണ്ണിപാപ്പൻ ഇവിടെ ഇല്ലാത്തതാ... 
കുട്ടി പേടിക്കും."
പിന്നേം ഇവർ കഥതുടരും... അപ്പോൾക്കും പുറത്തെ പൂജ കഴിഞ്ഞു കള്ളും കോഴിയും കൊടുക്കണതൊക്കെ ഞങ്ങൾ തട്ടിൻപുറത്തെ മുറിയുടെ ജനലിൽ കൂടെ കാണും.
അത് കഴിഞ്ഞ ഇലയിട്ട് ചൂട് ദോശയും നാടൻകോഴികൂട്ടാനും വിളമ്പും.പാതിരാത്രി പാതി ഉറക്കത്തിൽ കഴിക്കുന്ന ആ ദോശടേം മല്ലിമാത്രംഇട്ട നാടൻ കോഴിടേം രുചി മറ്റൊരു നേരത്തു കഴിച്ചാലും കിട്ടില്ല.കൊല്ലത്തിൽ ഒരിക്കൽ ഉണ്ടാകുന്ന ഈ പൂജ ഇന്നും തറവാടുകളിൽ തുടരുന്നു . അത് കഴിഞ്ഞു വന്നവരൊക്കെ ചൂട്ടും കത്തിച്ചു ഓരോ ഇടവഴിക്ക് പോവും. ദൂരെന്ന് വന്നവർക്ക് ഒക്കെ ഉമ്മറത്തേക്ക് പുൽപായേം തലയണയും കൊടുക്കും. അന്നൊക്കെ എത്ര ആൾ വന്നാലും ഇറയത്ത് കയറു കെട്ടി പുൽപായ ഒക്കെ അടുക്കി അടുക്കി വച്ചിട്ടുണ്ടാവും.
അച്ഛമ്മേം കുട്ടികളും എപ്പോളും ഒരുമിച്ച കിടക്ക.
നേരം വെളുക്കാണെന്നു മുന്നേ എണീക്കും,ന്നിട്ട് ബാക്കി കഥ കേൾക്കും, വടുക്കോർത്തെ കഴുക്കോലിൽ കയറിട്ടു കലത്തിൽ കെട്ടി തൂക്കിയ ഉമികരി കൊണ്ട് അച്ഛമ്മ പല്ല് തേപ്പിക്കും.വല്യച്ഛൻ പച്ചീർക്കില്ല പൊട്ടിച്ചു തരും. കുട്ടിക്കൂട്ടം 
ജാഥപോലെ തോട്ടിൽ പോയി കുളിക്കും, വന്നാൽ കട്ടൻ കാപ്പിക്കൊപ്പം വീണ്ടും തലേന്നത്തെ ബാക്കി വിഭവങ്ങളും, പത്തു മണി കഞ്ഞിക്ക് ചക്കകൂട്ടാനും, സ്രാവ് വറുത്തതും,ചുട്ട പപ്പടോം ഒക്കെ ഉണ്ടാവും.







അത് കഴിഞ്ഞ പാടത്തൂടെ വീട്ടിൽക്ക്, 46 കൊല്ലം മുന്നേ..ന്റെ കുടുംബത്തിലെയും നാട്ടിലെയും ആദ്യത്തേ ടെറസ് വീടായതിനാൽ അന്നും ഇന്നും ഞങ്ങളുടെ വീടിന്റെ ഓമനപേര് വാർപ്പ്ന്നാണ്. ഇപ്പോളും അച്ഛന്റെ വീട്ടുകാരോക്കെ വാർപ്പിൽക്ക് പോവാന്ന് പറയുമ്പോൾ ഞാൻ ചിന്തിക്കും നാട്ടിൽ ഇപ്പോ എല്ലാ വീടും വാർപ്പല്ലെന്നു.






വീട് പണി കഴിഞ്ഞപ്പോതന്നെ ചെല്ലപ്പെട്ടിയും,
കൊളാമ്പിയും, കിണ്ടിയും,ഒക്കെ ചാക്കിൽ കെട്ടി ഞാനും ഉണ്ണീടെ ഒപ്പം വാർപ്പിൽക്ക് പോവാന്ന് പറഞ്ഞ് തറവാട്ടിന്നു അമ്മടെ മുന്നേ അച്ഛമ്മയാണത്രെ ആദ്യം യാത്ര പറഞ്ഞിറങ്ങിയത്.
ഇന്നും അമ്മേം വല്ല്യമ്മേം അത് പറഞ്ഞു ചിരിക്കും.




 അന്ന് തൊട്ട് എന്നും അമ്മക്ക് തുണ അച്ഛമ്മയായിരുന്നു. അമ്മ കണ്ട ചെറിയ ലോകത്തിലെ ഏറ്റവും നല്ല അമ്മായിഅമ്മ എന്നാണ് അമ്മ അച്ഛമ്മയെ പറയാറ്. ഇടിയും മിന്നലും ഉള്ള രാത്രികളിൽ അച്ഛമ്മയെ കെട്ടിപിടിച്ചാണ്   ന്റെമ്മ ഉറങ്ങാറ്. 
അച്ഛന്റെ മരണശേഷം എവിടെ പോയാലും ഇരുട്ടായാൽ ന്റെ തങ്കമണിക്ക് പേടിയാണ്ന്നു പറഞ്ഞു എത്ര ദൂരെന്നും അച്ഛമ്മ വീടെത്തും.... ദൂരയാത്ര പോവാനും, മാറി മാറി വരുന്ന പുത്തൻ സിനിമകൾ തിയറ്ററിൽ പോയി കാണാനും അച്ഛമ്മക്ക് നല്ല ഉത്സാഹമായിരുന്നു.
കടുത്ത മമ്മൂട്ടി ഫാൻ ആയിരുന്നു അച്ഛമ്മ.
അമ്മക്ക് രണ്ടു ചെറിയ കുട്ടികളെ ഒരുമിച്ചു നോക്കാൻ ബുദ്ധിമുട്ട് ആവാതെ എവിടെ പോവുമ്പോളും ഒരു കുപ്പി പാലും, രണ്ടു പഴവും കൈയിൽ പിടിച്ചു എന്നേം ഒക്കത്ത് വച്ചാണത്രെ പുലാമന്തോൾ വരെ നടന്ന് മാറ്റിനി ഷോ കണ്ട് പോന്നിരുന്നേ. കുടുംബത്തെ പെൺകുട്ടികളെ ഒക്കെ അച്ഛമ്മക്ക് ഒപ്പം ആണത്രേ സിനിമക്ക് വിട്ടിരുന്നത്.
നല്ല സിനിമക്കൊക്കെ അമ്മമ്മയും കൂടെ പോയിരുന്നത്രെ.
അത് പോലെ നന്നായി വായിക്കും... എല്ലാതരം പുസ്തകങ്ങളും പലരുടേം സഹായത്തോടെ ലൈബ്രറിന്നു എടുത്ത് വായിച്ചിരുന്നത്രെ..
നോവലും, കഥകളും, രാമായണം എത്ര ആവർത്തി വായിച്ചു പൂർത്തിയാക്കിയിരിക്കുന്നു എന്ന് അച്ഛമ്മയ്ക്ക് നിശ്ചയം ഇല്ല്യ. മാതൃഭൂമി ആഴ്ച പതിപ്പായിരുന്നു അച്ഛമ്മയുടെ പ്രിയപ്പെട്ട വാരിക . കൂടെ ഞങ്ങൾക്കുവേണ്ടി വാങ്ങുന്ന ബാലരമയും, പൂമ്പാറ്റയും, ലേബർ ഇന്ത്യയും ഒക്കെ വായിക്കും.
95 വയസ്സിൽ സ്ട്രോക് വരുന്ന വരെ കണ്ണട പോലും ഉപയോഗിച്ചിരുന്നില്ല. പക്ഷെ ഇങ്ങനെ ഒക്കെ ആണേലും അമ്മച്ചിയും, അച്ഛമ്മയും അവസാനം വരെ വീട്ടിൽ കുപ്പായം ധരിച്ചിരുന്നില്ല. പുറത്തു പോവുമ്പോൾ മേൽമുണ്ട് പുതക്ക മാത്രം... ഒരുപാട് തവണ ഞാൻ നിർബന്ധം പറഞ്ഞിട്ടും, കുപ്പായം അടിച്ചു കൊടുത്തിട്ടും ആ ശീലം അച്ഛമ്മ മാറ്റിർന്നില്ല.... കുന്നൂർ ത്തെ അമ്മായിടെ അടുത്ത് വല്ലപ്പോളും നിക്കാൻ പോകുമ്പോൾ തണുപ്പത്തു ഇടാൻ അവർ തുന്നി കൊടുത്ത 
രണ്ടു പട്ടു കുപ്പായം അച്ഛമ്മയുടെ ഇരുമ്പു ട്രങ്കിൽ ഇന്നും എന്നിലെ ഓർമ്മകൾ പോലെ പിന്നി പൊടിഞ്ഞിരിപ്പുണ്ട്...

 "ഓർമ്മകൾക്ക് എന്ത് സുഗന്ധം ആത്മാവിൻ നഷ്ട സുഗന്ധം."

ഒന്ന് കണ്ണടച്ചപ്പോൾ കണ്ടത് .....രാത്രി വൈകി ചാച്ചൻ കണി ഒരുക്കുന്നു...
.....അമ്മമ്മ ഉണ്ണിയപ്പം ഉണ്ടാക്കുന്നു....അമ്മച്ചി വടക്കേറക്കുള്ളിൽ കൂനിപിടിച്ചിരിക്കുന്നു.
 അച്ഛമ്മ വടുക്കോർത്തെ ബെഞ്ചിലിരുന്നു നാരായണ ജപിക്കുന്നു.... എല്ലാം കണ്ടു മനം നിറഞ്ഞു കണ്ണ് തുറന്നപ്പോൾ.... ഇപ്രാവശ്യം വിഷു ഇല്ലന്നു പറഞ്ഞു ഉറക്കം വരാതെ കിടക്കുന്ന അമ്മ..... വേനൽ മഴ ചാറലിൽ നേർത്ത കാറ്റിനായി ജനലിൽ കൂടെ നോക്കി, ഒരു പൂവ് പോലുമില്ലാതെ പച്ചില പുതച്ചു മുറ്റത്തെ കൊന്നതൈ.
ഉമ്മറത്തു തിണ്ണയിൽ കുറച്ചു മാസമായി അമ്മമ്മയെ കാണാത്തൊണ്ടു പൂത്തില്ലന്ന് പറയാതെ പറയുന്ന തൊടിയിലെ കൊന്നമരം.
ചൂട് സഹിക്കാതെ ഇത്തിരി തണുപ്പിനായ്
ഇടനാഴിയിലെ നിലത്തു കിടന്നു....ചുമരിലേക്ക് നോക്കിയപ്പോൾ 
"ചാച്ചനല്ലാതെ ആരും ന്നെ ഒരുക്കണ്ടാന്ന് പറഞ്ഞു ശീഭോതി കൂട്ടിൽ തെറ്റി ഇരിക്കുന്ന ഉണ്ണികണ്ണൻ."

അക്കരെന്നും ഇക്കരെന്നും പടക്കങ്ങൾ പൊട്ടണ ഒച്ച കേട്ടു കേട്ട്കിടന്നു മയങ്ങിപോയി ....
വീണ്ടും പുലർച്ചെ അതെ ശബ്ദങ്ങൾ തന്നെ തട്ടിയുണർത്തി..... ഇപ്രാവശ്യം കണിയും കൈനീട്ടവും ഇല്ല... 
പകരം കൈകുമ്പിളിൽ ഓർമകളുടെ ഇത്തിരി നന്മപ്പൂക്കൾ മാത്രം.


ക്ഷണം ക്ഷണനേരം


 ചില മനുഷ്യരുടെ ക്ഷണം മറ്റു മനുഷ്യർക്ക് ചിലപ്പോൾ പ്രിയപ്പെട്ടതാകും.  എന്നാൽ ചില നേരങ്ങളിൽ അത്അരോചകമാകും.
 സ്നേഹം കൊണ്ടും ഇഷ്ടം കൊണ്ടും കരുതൽ കൊണ്ടും  മറ്റുള്ളവരെ ചേർത്തുപിടിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ഇതേ സ്നേഹവും ഇഷ്ടവും കരുതലും ഇഷ്ടത്തോടെ  സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്.... 
ചില ജന്മങ്ങൾ സ്നേഹം കൊടുത്തു കൊണ്ടേയിരിക്കും. ചില ഭാഗ്യജന്മങ്ങൾ  സ്നേഹത്താൽ ആഭരണപ്പെടും.

 കണ്ണിൽ നല്ല വാക്കുകൾ മാത്രം വായിക്കുമ്പോഴും , കാതിൽ നല്ല സ്വരങ്ങൾ മാത്രം കേൾക്കുമ്പോഴും, സന്തോഷിക്കുന്നത് മനസ്സാണ്.

 ചിലപ്പോൾ അത്രയും പ്രിയപ്പെട്ട ഒരാളുടെ സാമീപ്യം എന്നതിന്റെ ആശ്വാസത്തിലേക്കുള്ള സഞ്ചാരം കൂടി ആയതിനാൽ ആകാം ചില മനുഷ്യർ ആ ക്ഷണങ്ങളെ മാനിക്കുന്നതും ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതും.

 ഒരുപക്ഷേ ഏറ്റവും കൂടുതൽ തന്നെയറിഞ്ഞ, അഥവാ തന്നെക്കുറിച്ച് കേൾക്കാൻ ശ്രമിച്ച, തനിക്ക് ആശ്വാസമേക്കുന്ന ഒരു മൂളൽ എങ്കിലും നൽകാൻ കഴിയുന്ന ഇടങ്ങൾ തന്നെയാകും അത്.

 ഒരാൾ മറ്റൊരാളിൽ നിന്ന് ആഗ്രഹിച്ചിരുന്ന അഥവാ പ്രതീക്ഷിച്ചിരുന്ന സ്വീകാര്യതയും, സന്തോഷവും, ശാന്തതയും,  അവിടെനിന്ന് അവർക്ക് ലഭിച്ചിരിക്കണം.

 ഭാരമില്ലാതെ സംസാരിക്കാൻ, മുഖംമൂടിയില്ലാതെ ചിരിക്കാൻ, ആശ്വാസത്തോടെ ഇടപഴകാൻ, സ്വപ്നങ്ങളെയും, പ്രതീക്ഷകളെയും,പങ്കുവെക്കാൻ, കൊതിതീരുവോളം അനുഭവങ്ങൾ പറയാൻ, മടുപ്പില്ലാതെ കേട്ടിരിക്കാൻ ഒരാൾ...
 ഇങ്ങനെ ഒരാൾ പലരുടെയും ജീവിതത്തിലെ സ്വപ്നങ്ങളിൽ മാത്രമാണ്.
 അപൂർവമായി അങ്ങനെ ഒരാളെ കിട്ടിയാൽ  ആരായാലും ആ   സൗഹൃദത്തേ  ഹൃദയത്തോട് ചേർക്കും.

...എന്ന് കരുതി എല്ലാ ക്ഷണങ്ങൾ ഒന്നും  എല്ലാവരും സ്വീകരിക്കാറില്ല. ഓരോരുത്തർക്കും അവരുടേതായ  പുറന്തോടിനകത്ത് നിന്നുകൊണ്ട്  തന്നെയാണ് ഓരോ സ്വീകരണവും.ഒരാൾ ബുദ്ധിമുട്ടില്ലാതെ മറ്റൊരാളെ സ്വീകരിക്കണമെങ്കിൽ അനുഭവങ്ങളുടെ ആഴം  അയാളിലും ഉണ്ടാകണം.
 എല്ലാ മനുഷ്യർക്കും സന്തോഷവും സമാധാനവും പ്രധാനം ചെയ്യാനുള്ള കഴിവ് ഉണ്ടാകില്ല എന്നതാണ് ആദ്യമായി സ്വീകരിക്കേണ്ടത്.
അതിലുപരി ഒരാൾക്ക് മറ്റൊരാളുടെ ക്ഷണനത്തെ സ്വീകാര്യമായി തോന്നണമെങ്കിൽ അതിൽ എന്തെങ്കിലും ഒരു  സ്വീകാര്യത മറ്റേയാൾ കണ്ടിരിക്കണം.

 മറ്റൊരാളുടെ ക്ഷണനം എന്നാൽ അത് ലഭിക്കുന്നയാൾക്ക്  ഏറ്റവും വലിയ ആകർഷണം എന്ന രീതിയിലാണ്.
അതിന് മനുഷ്യരെ പ്രസന്നരാക്കാനും സംതൃപ്തനാക്കാനും കഴിയും.ഒരുപാട് ആകാംക്ഷയും പ്രതീക്ഷകളും
 അത്ഭുതങ്ങളും നിറഞ്ഞതായിരിക്കണം  ഒരാൾ നിന്ന് മറ്റൊരാളിലേക്കുള്ള ക്ഷണനം.സന്തോഷത്തിന്റെ വാതിലാകാൻ കഴിയുന്ന ഒരാളെങ്കിലും എല്ലാവർക്കും ഉണ്ടാകട്ടെ.അവരുടെ കൂടെ മനസ്സുതുറന്ന് ചിരിക്കാനും,  ഹൃദയം തുറന്നു കരയാനും ഉള്ള ഇടങ്ങൾ ഉണ്ട്.
 ചില വ്യക്തികൾ അവരറിയാതെ മറ്റുള്ളവരിലേക്ക് എത്തിപ്പെടാറുണ്ട്. അവർ പോലും അറിയാതെ അവരിൽ ഒരാളായി മാറും.  അങ്ങനെ സ്വീകരിച്ചവർക്ക് അവർ എല്ലാം ആണെന്ന് കരുതി അഥവാ ഇഷ്ടപ്പെടാത്ത ഇടങ്ങൾ ആണെങ്കിൽ കൂടെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടണമെന്നില്ല . അതൊക്കെ തികച്ചും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളാണ്. എല്ലാറ്റിനും ഉപരി  നമ്മൾ എന്താണെന്ന് സ്വയം അറിഞ്ഞാൽ ആ അറിവിനോളം വലുതാകില്ല മറ്റൊന്നും..



Saturday, February 10, 2024

തേരൂട്ടിമാങ്ങ :3


🌈ചില സ്വപ്നങ്ങളെ ഇടയ്ക്കൊക്കെ പൊടിതട്ടി എടുക്കണം ...
കണ്ടു മറന്ന സ്വപ്നങ്ങളും, വീണ്ടും വീണ്ടും ഓർക്കുന്ന സ്വപ്നങ്ങളും നമുക്ക് ഉണ്ടാകും. ഒരുപാട് വളവുകൾ തിരിഞ്ഞ്, കയറി കയറി, കാടുകളും കൊക്കകളും കടന്ന് അനന്തമായ പച്ചപ്പിലേക്ക് എത്തുന്ന ഒരു യാത്ര.. പലപ്പോഴും അവ്യക്തമായ സ്വപ്നത്തിൽ നിന്നെന്ന പോലെ തെന്നി നീങ്ങി പോവാറുണ്ട്....




എന്നോ കണ്ടു മറന്ന സ്വപ്നം പോലെ.... സ്വപ്നം പോലെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ... കാലം മായിക്കുന്ന ഓർമ്മകളെ, കാലം തെറ്റി വായിക്കുമ്പോൾ അവ്യക്തതയും കാഴ്ചമങ്ങലും സ്വാഭാവികം .

മനസ്സിലെ അപൂർണമായ ചിത്രങ്ങളെ മുഴുവനായും അപ്രത്യക്ഷമാകുന്നതിനു മുന്നേ അക്ഷരങ്ങളിൽ ആവാഹിക്കാൻ ആയാൽ, കണ്ടു മറക്കാത്ത സ്വപ്നം പോലെ... ഇതും ഇടയ്ക്കിടെ മനസ്സിൽ തെളിഞ്ഞാലോ.
നവംബർ മാസത്തിന്റെ തുടക്കത്തിലാണ് സ്കൂൾ വിനോദയാത്രകളുടെയും, ഹോസ്റ്റൽ വിനോദയാത്രകളുടെയും തീയതികൾ കൂട്ടിക്കിഴിക്കുക. സ്കൂൾ വിനോദയാത്രകൾ അന്ന് പത്താം ക്ലാസുകാർക്ക് മാത്രമേയുള്ളൂ.
ചെറിയ ക്ലാസിലെ കുട്ടികൾക്ക് ഒരു ദിവസത്തെ പഠനയാത്രയിൽ ഒതുക്കും.
 എങ്കിലും എൽ എസ് എൻ ബോർഡിങ് ഹൗസിൽ നിന്ന് എല്ലാവർഷവും നവംബർ മാസം, കേരളത്തിലെ 14 ജില്ലകളിൽ ഒന്നോ രണ്ടോ ദിക്കിലേക്ക് ഒരു പിക്നിക് 
നിർബന്ധമാണ്. അതിൽ ബോർഡിങ് ഹൗസിൽ താമസിക്കുന്ന എല്ലാ കുട്ടികളും, അവരെ നോക്കുന്ന ആയ ചേച്ചിമാരും, ചുമതലയുള്ള സിസ്റ്റർമാരും നിർബന്ധമായും ഉൾപ്പെട്ടിരിക്കും. ഒന്നോ രണ്ടോ ദിവസത്തെ  പിക്നിക്കാണ് പതിവ്.
30 വർഷം മുന്നത്തെ യാത്രകൾ... അന്ന് ക്യാമറയോ, മൊബൈലോ ഒന്നും ആർക്കും ഇല്ല.
കണ്ണിലൂടെ മനസ്സിൽ പതിഞ്ഞ കാഴ്ചകൾ.
ഇന്നത്തെപ്പോലെ ഹോട്ടലുകളിൽ ഒന്നുമല്ല അന്ന് താമസവും ഭക്ഷണവും .
 പോകുന്ന സ്ഥലത്തെ സൗകര്യമുള്ള മറ്റൊരു കോൺവെന്റിൽ  ഭക്ഷണം കഴിക്കാനും,  വിശ്രമിക്കാനും ഒക്കെയുള്ള സൗകര്യം  മുൻകൂട്ടി ചെയ്തിട്ടുണ്ടാവും.
 ചെറിയ കുട്ടികൾ ആണെങ്കിലും  വീട്ടുകാരിൽ നിന്ന് അനുവാദം വാങ്ങി, പുത്തൻ ഉടുപ്പൊക്കെ റെഡിയാക്കി, നല്ല ഒരുക്കങ്ങളുടെയാണ് യാത്ര....


   കോൺവെന്റിലെ എന്റെ ആദ്യത്തെ പിക്നിക്ക്  അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വയനാട്ടിലേക്ക് ആയിരുന്നു.  തണുപ്പുള്ള സ്ഥലത്തേക്ക് ആയതിനാൽ ഓരോരുത്തരും കുഞ്ഞു ബാഗിൽ ഒരു ജോഡി ഡ്രസ്സും, സ്വേറ്ററും, സ്കാർഫും, സോക്സും,
 പുലർച്ചെ പോകുമ്പോൾ ധരിക്കാനുള്ള വസ്ത്രവും ഷൂസും എല്ലാം ഒരുക്കി വെച്ചാണ് അന്ന് കിടന്നത്.
 സിസ്റ്റർമാർ എല്ലാവരും എല്ലാം എടുത്തു വെച്ചില്ലേ എന്ന് ഉറപ്പുവരുത്തിയിരുന്നു.
 എല്ലാവർക്കും കുടിക്കാനുള്ള വെള്ളപാത്രം,ബിസ്ക്കറ്റ്, ബ്രഡ്,  പഴം എല്ലാം കാർട്ടൻലാക്കി രാത്രി തന്നെ മെയിൻ ഡോറിന് അരികിൽ കൊണ്ടുവച്ചിരുന്നു.

 എനിക്കും മോനിഷക്കും അന്നു ഉറക്കം വന്നില്ല.
 ഞങ്ങൾ അടുത്തടുത്ത് കിടന്നു, വേഗം രാവിലെ ആയാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞത് ഓർമ്മയുണ്ട്.  രണ്ടുപേരും വീട്ടുകാരോട് പറഞ്ഞു ഇളം റോസ് നിറത്തിലുള്ള കോട്ടൻ ഉടുപ്പുകൾ ആയിരുന്നു  എടുത്തു വച്ചിരുന്നത്. ദൂരയാത്രയുടെ ശർദ്ദിക്കുമോ എന്നൊക്കെയുള്ള ഭയം ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു. ഇതൊക്കെ കേട്ടുകൊണ്ട് തൊട്ടപ്പുറത്ത് കിടന്നിരുന്ന കൊച്ചന്ന ചേച്ചി... ഉറങ്ങാത്തതിനു വഴക്കു പറഞ്ഞത് ഇന്നും ഓർക്കുന്നു. നാളെ യാത്ര ചെയ്യുമ്പോൾ ക്ഷീണം ഉണ്ടാവാതിരിക്കാൻ വേഗം ഉറങ്ങിക്കോളൂ എന്നൊക്കെ പറഞ്ഞ്, രാത്രിയിൽ എപ്പോഴോ ഉറങ്ങിപ്പോയി.
 പുലരുന്നതിനു മുന്നേ കൊച്ചന്ന ചേച്ചി എണീപ്പിച്ചു... പെട്ടെന്ന് ഒരുങ്ങാൻ പറഞ്ഞു.
എല്ലാവരും നല്ല ഉത്സാഹത്തിൽ ആയിരുന്നു...
 മൂന്നര മണിയോടുകൂടി എല്ലാവരും പുറപ്പെട്ടു പള്ളിയിൽ പോയി പ്രാർത്ഥിച്ചു.  നാലുമണിയോടെ പ്രാർത്ഥനാ ഗാനങ്ങളോട് കൂടി ബസ് പുറപ്പെട്ടു.
 ഞാനും മോനിഷയും കൊച്ചന്ന ചേച്ചിയും അടുത്തടുത്താണ് ഇരുന്നത്. പാട്ടുപാടിയും കാഴ്ചകൾ കണ്ടും നേരം പുലർന്നു. ഇരുട്ടിൽ ആണെങ്കിലും പോകുന്ന വഴി എന്റെ തറവാട് വീട് മോനിഷയ്ക്ക് കാണിച്ചുകൊടുത്തത് ഞാൻ ഇന്നും ഓർക്കുന്നു.
 ആറുമണിയോടുകൂടി ഞങ്ങൾ മലപ്പുറം മഞ്ചേരിക്ക് എടുത്ത്  പൂക്കോട്ടൂർ എത്തി. അവിടെയാണ് പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. അത് ഇത്രയും ഓർമ്മയുണ്ടാകാൻ കാരണം. എന്റെ തൊട്ടു സീനിയർ ബാച്ചിലെ  ഹിത ചേച്ചിയുടെ വീട് ആയിരുന്നു അവിടെ. മഞ്ചേരി കോടതിയിലെ വക്കീൽ കുടുംബമാണ് അന്നും ഇന്നും അവരെല്ലാം.
 ഹിതയും നിഷയും സഹോദരിമാരാണ്. അവിടെനിന്ന് പ്രഭാത ഭക്ഷണം കഴിക്കാമെന്ന് അവരുടെ അച്ഛൻ കോൺവെന്റിലേക്ക് രണ്ടുദിവസം മുന്നേ വിളിച്ചു പറഞ്ഞതാണ്.
 ഞങ്ങളെല്ലാവരും കയറി ചെന്നപ്പോൾ  അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയും ഏട്ടന്മാരും ചേർന്ന് വലിയൊരു കുടുംബമാണ് ഞങ്ങളെ സ്വീകരിച്ചത്. രണ്ടു വീടുകളിലുമായി എല്ലാവർക്കും ഇരിക്കാനും ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ അവർ ചെയ്തിരുന്നു.
 മലപ്പുറം സ്പെഷ്യൽ കൈപ്പത്തിരിയും, വറുത്തരച്ച ചിക്കൻ കറിയും, നവരത്ന കുറുമയും ചേർത്ത് അപാര കോമ്പിനേഷൻ അന്നാണ് ആദ്യമായി രുചിക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവിട്ട്  വീണ്ടും വരാമെന്ന് യാത്ര പറഞ്ഞു, യാത്ര യാത്ര തുടർന്നു.
 ഒരു കുഞ്ഞു ഉറക്കം കഴിഞ്ഞു ഉണർന്നപ്പോഴേക്കും താമരശ്ശേരി ചുരം കടന്നു  ബസ്സിങ്ങനെ കുത്തനെ കുത്തനെ കയറിപ്പോകുന്നു. വളവും തിരുവും, കഴിഞ്ഞ് , കാടും കൊക്കയും കടന്ന്, ബത്തേരിയിലെ ഏതോ ഒരു കോൺവെന്റിൽ ഉച്ചയോടു കൂടി ഞങ്ങൾ എത്തി. പേരൊന്നും ഓർമ്മയില്ലെങ്കിലും കണ്ടു മറന്ന സ്വപ്നങ്ങൾ പോലെ മനസ്സിൽ കോറിയിട്ട് ആ ചിത്രം..  ഇന്നും തെളിമയുള്ളതാണ്.
 കൂറ്റൻ കരിങ്കൽ ഭിത്തികളാൽ  ചുറ്റപ്പെട്ട കോൺവെന്റ് പള്ളിയും, സ്കൂളും, വിശാലമായ പൂന്തോട്ടവും, പച്ചപ്പും എല്ലാം മനസ്സിലേക്ക് ആവാഹിച്ചു.
 ബസ്സിൽ നിന്നിറങ്ങിയപ്പോൾ ഞങ്ങൾക്ക് നേരിയ തണുപ്പ് അനുഭവപ്പെട്ടു.
 എല്ലാവരും ഉച്ചഭക്ഷണത്തിനായി വരിവരിയായി നിന്ന  ഒരു വരാന്ത ഇന്നും ഓർക്കുന്നു.
 ഓരോ പ്ലേറ്റ് എടുത്ത് ഇന്നത്തെ ബുഫേ രീതിയിൽ ഇഷ്ടമുള്ള വിഭവങ്ങൾ വിളമ്പിയെടുക്കാൻ തരത്തിൽ ഒരുക്കി വെച്ചിരിക്കുന്നു.

ചൂടുള്ള ചോറും, നല്ല പുളിയുള്ള മോർ കുളമ്പും,
 കപ്പളങ്ങാ തോരനും, നാടൻ പോർക്ക് വരട്ടിയതും, ഇടിയിറച്ചിയും, മുളന്തണ്ടിന്റെ അച്ചാറും കൂട്ടി നല്ല സ്വയമ്പൻ വയനാടൻ ഊണ്.
 
 ഊണ് കഴിഞ്ഞു ഉടനെ വിശ്രമിക്കാൻ ഒന്നും നേരമില്ല എന്ന് പറഞ്ഞ്, ആതിഥേരായ മഠത്തിലെ കന്യാസ്ത്രീകളും, ഒരു പള്ളിലച്ഛനും കൂടെ ഞങ്ങളെ ട്രക്കിങ്ങിനു കൊണ്ടുപോയി.  അട്ട കടിക്കും എന്ന മുന്നറിയിപ്പാണ് ആദ്യം കിട്ടിയത്. എന്താണെന്ന് അറിയാതെ ഞാനും മോനിഷയും മുഖത്തോട് മുഖം നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ കാലിൽ നിന്ന് ചോരഒലിക്കാൻ തുടങ്ങിയപ്പോഴാണ് അട്ട എന്താണെന്ന് ശരിക്കും മനസ്സിലായത്.





 ഇരുളുന്നതിനു മുന്നേ കാട് കണ്ടു, കുഞ്ഞരുവികളും വെള്ളച്ചാട്ടവും കണ്ട്
 പൂക്കോട് തടാകം കണ്ട്,
 രാത്രി തിരിച്ച് ആ മഠത്തിൽ തന്നെ വന്ന് അത്താഴം കഴിഞ്ഞ്, ക്ലാസ് മുറികളിലെ ബെഞ്ചുകൾ കൂട്ടിയിട്ട് ഷീറ്റ് വിരിച്ച് കിടന്നുറങ്ങിയത് ഒരു നേർത്ത ഓർമ്മ.

പിറ്റേന്ന്പ്രഭാതം കണ്ണുതുറന്നത് പുഞ്ചിരിയുള്ള പൂക്കളിലേക്കായിരുന്നു.
 അറിയാവുന്ന എല്ലാ നിറത്തിലും ഉള്ള ഡാലിയ പൂക്കൾ, വലിപ്പമുള്ള ജമ്മന്തി പൂക്കൾ, വിവിധതരം റോസുകൾ, വിരിഞ്ഞങ്ങനെ സുഗന്ധം പരത്തി നിൽക്കുന്നു.
 ഇന്നത്തെപ്പോലെ ഫോണും ക്യാമറയും ഒന്നുമില്ലാത്തതിനാൽ, ആ യാത്രയും യാത്രയിലെ ഓർമ്മകളും  മനസ്സിലേക്കാണ് പതിഞ്ഞത്.
  നേർത്ത തണുപ്പിനെ ചെറുക്കാൻ സ്വേറ്ററും, സോക്സും ഒക്കെ ഉണ്ടായിരുന്നെങ്കിലും. അതിരാവിലത്തെ  തണുപ്പ് അസഹ്യമായി തോന്നി.
 നല്ല കരുപ്പെട്ടിയുള്ള കട്ടൻ കാപ്പി കുടിച്ച്  അവിടേക്ക് ഓടി നടന്നു കണ്ടതും, പല ചെടികളുടെയും തണ്ടും വിത്തും ശേഖരിക്കുന്ന ആയ ചേച്ചിമാരോടൊപ്പം കൂടിയതും, തണുക്കുന്നു സിസ്റ്ററെ എന്നു പറഞ്ഞപ്പോൾ സിസ്റ്റർ ക്‌ളാമന്റ് മേരി കെട്ടിപിടിച്ചതും, കൊച്ചന്ന ചേച്ചിടെ സാരിതുമ്പു പിടിച്ചു അവിടുത്തെ തൊഴുത്തും,  തൊടിയും എല്ലാം ചുറ്റി കണ്ടതും. ഇന്ന് ഓർക്കുന്നു.

 അന്നത്തെ വീടുകളെപ്പോലെ തന്നെ എല്ലാ കോൺവെന്റ്കളിലും പശുവും തൊഴുത്തും,പന്നികളുടെ ആലകളും, കോഴികൂടും എല്ലാം നിറഞ്ഞിരുന്ന കാലം. അന്നൊക്കെ മൂന്ന് നേരത്തെ വിശപ്പകറ്റാൻ മാത്രം ജോലിക്ക് നിന്നിരുന്ന ഒരുപാട് സഹായികൾ.

 പേരറിയാത്ത പഴങ്ങൾ നിറഞ്ഞ തോട്ടവും, ശീതകാല പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്ന പറമ്പും  ബത്തേരിയിലെ ആ മഠത്തിലെ മനോഹരമായ കാഴ്ചയായിരുന്നു.
 പ്രഭാത ഭക്ഷണത്തിന് അവർ നൽകിയ പാലപ്പവും കടച്ചക്ക സ്റ്റു വും, കഴിച്ച് അവരോടൊക്കെ യാത്രപറഞ്ഞ് , പോരുന്ന വഴിക്ക് എന്തൊക്കെയോ കാഴ്ചകൾ കണ്ടു, ചുരം ഇറങ്ങി, കോഴിക്കോട് ബീച്ചുംകണ്ട്, കോഴിക്കോട് പ്രൊവിഡൻസ് കോൺവെന്റിൽ നിന്നും അത്താഴവും കഴിച്ചു.  രാത്രിയോടെ ഞങ്ങൾ ഒറ്റപ്പാലത്തു ബോർഡിങ്ൽ
തിരിച്ചെത്തി.
.....വന്നതും വസ്ത്രം മാറി, പ്രാർത്ഥിച്ചു..കിടന്നുറങ്ങി...
ആ ഉറക്കത്തിൽ എപ്പോഴോ കണ്ട സ്വപ്നം പോലെ ഇന്നും വയനാടൻ സുന്ദരി...
പച്ചപ്പോടെ,നിറവോടെ.
 30 വർഷങ്ങൾക്കിപ്പറവും പിന്നീട് ഒരു വയനാടൻ യാത്ര ഉണ്ടായിട്ടില്ല.... ആദ്യ യാത്രയുടെ സൗന്ദര്യം അതിനൊട്ടു ഉണ്ടാവുകയുമില്ല.




Wednesday, February 7, 2024

തേരൂട്ടി മാങ്ങ :2


🌈മെയ്  മാസത്തിലെ അവസാന ദിവസങ്ങൾ വളരെ തിരക്കുപിടിച്ചവ യായിരുന്നു . ഒരുപാട് വർഷങ്ങളായുള്ള ശീലം.. എന്നുമുതലാണ് അത്രയും തിരക്കുകൾക്ക് തുടക്കം ........ ഓർത്തെടുക്കുവാൻ എളുപ്പമാണ്.

 ആദ്യത്തെ സ്കൂളും ആദ്യത്തെ ക്ലാസ് ടീച്ചറും അവിടുത്തെ അനുഭവങ്ങളും മനസ്സിൽ എന്നും മിഴിവാർന്നുണ്ട്.
 അന്നത്തെ....വീട്ടിലെ തിരക്കുകൾ
അത്രയധികം ഓർക്കുന്നില്ല. പക്ഷേ അഞ്ചാം ക്ലാസ് മുതലുള്ള ഓരോ അവധിക്കാലവും ഒരുക്കങ്ങളുടെ ഒരു ഘോഷയാത്ര  തന്നെയാണ്.
 മെയ് രണ്ടിന്  റിസൾട്ട് അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റു കാർഡുമായി  പോസ്റ്റുമാന്റെ ഒരു വരവുണ്ട്. എൽ എസ് എൻ കോൺവെന്റ് ബോർഡിങ് ഹൗസിലെ എല്ലാ കുട്ടികളെയും റിസൾട്ട് അറിയിച്ചിരുന്നത് ഒരു പോസ്റ്റ് കാർഡിലൂടെ യാണ്. സ്കൂൾ അടച്ചു വീട്ടിലേക്ക് വരുന്നതിന്റെ തലേദിവസം  അത്താഴം കഴിഞ്ഞ്, റിക്രിയേഷൻ ടൈമിൽ വാർഡൻ സിസ്റ്റർ  ഒരു പത്തു തൊണ്ണൂറ്കാർഡുമായി വരും.
അതിൽ ഓരോരുത്തരും അവനവന്റെ ഹോം അഡ്രെസ്സ്
എഴുതി തിരുച്ചേൽപ്പിക്കണം. അന്ന്ബോർഡിങ്ങിൽ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു.
ഏകദേശം 90 ഇൽ അധികം.
 കുട്ടികൾക്ക് കിടക്കാൻ സ്ഥലമില്ലാതെ  അഡ്മിഷൻ നിർത്തുകയാണ് പതിവ്.
അന്നൊക്കെ എൻട്രൻസ് ടെസ്റ്റ് എഴുതി സ്കൂളിൽ അഡ്മിഷൻ കിട്ടിയാലും, ബോർഡിംഗിൽ സീറ്റ് കിട്ടാൻ  വലിയ ബുദ്ധിമുട്ടായിരുന്നു.
 ഇന്നും ഞാൻ ഓർക്കുന്നു..
 ബോർഡിംഗിൽ സീറ്റ് ഇല്ലാത്തതിനാൽ സ്കൂളിൽ കിട്ടിയ അഡ്മിഷൻ വേണോ വേണ്ടയോ എന്ന് മുത്തശ്ശൻ തീരുമാനമെടുക്കുമ്പോൾ, എന്റെ അമ്മായിയുടെ വല്യമ്മ കൂടിയായ കോൺവെന്റ്ലെ ഗണിത അദ്ധ്യാപിക പത്മാവതി ടീച്ചർ ആണ് എനിക്ക് വേണ്ടി ശുപാർശ ചെയ്തത്. പത്തു വയസ്സ് തികഞ്ഞാൽ  മാത്രമേ ബോർഡിംഗിൽ താമസിക്കാൻ അനുവദിക്കുമായിരുന്നു ഉള്ളൂ. എന്റെ അനിയത്തിക്ക് 9 വയസ്സ് ആയതുകൊണ്ട് പിറ്റേ വർഷത്തേക്ക് സ്കൂൾ അഡ്മിഷൻ നീട്ടിവെച്ചു.

 സ്ഥലം ഇല്ലാത്തതുകൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ 
 ചേച്ചിയുടെ കട്ടിലിനടിയിൽ കിടന്നോളാം എന്നു  പറഞ്ഞവൾ..കരഞ്ഞത് ഞാനിന്നുമോർക്കുന്നു.

LSN കോൺവെൻറ് ലേക്ക് ഉള്ള ആദ്യ യാത്ര  ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല.
 അഡ്മിഷൻ കഴിഞ്ഞു പോരുമ്പോൾ തന്ന ഒരു വലിയ ലിസ്റ്റ് സാധനങ്ങളുടെ  ശേഖരം തന്നെ ഉണ്ടായിരുന്നു കൈവശം.
 സ്കൂളിലേക്ക് ആവശ്യമുള്ളതും, ബോർഡിങ് ഹൗസിൽ ഉപയോഗിക്കാൻ ഉള്ളതുമായ എല്ലാവിധ സാധന ജംഗമ വസ്തുക്കളുമായി കുത്തി നിറച്ച ഒരു കാറിൽ കൊലയ്ക്കുകൊടുക്കാൻ കൊണ്ടു പോകുന്നത് പോലെ കണ്ണു കലങ്ങി ഞാൻ ഇരുന്നത് ഇന്നുമോർക്കുന്നു. ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു അധ്യായത്തിലേക്ക് ആണ് ഞാൻ ചെന്ന് കയറുന്നത് എന്ന് അറിയാതെ ആയിരുന്നല്ലോ ആ യാത്ര.

 
ഒറ്റപ്പാലത്ത് എത്തി,ഇന്നും സ്റ്റാൻഡിന്റെ മറുവശത്തുള്ള കോസറി കടയിൽ നിന്നും ഒരു കള്ളി കൊസാറിയും കുട്ടി  തലയിണയും,
സി എം സ്റ്റോറിൽനിന്ന് ബക്കറ്റും രണ്ട്കപ്പും വാങ്ങി ഒരു നാല് മണിയോടുകൂടി നീണ്ട 14 വർഷത്തെ ഹോസ്റ്റൽ ജീവിതത്തിന് തുടക്കം ആണെന്ന് അറിയാതെ വലതുകാൽ വച്ച് ബോർഡിങ് ഹൗസിൽ കയറി.
അന്ന് വരെ ആരുടെ മുന്നിലും കരയാത്ത, എപ്പോളും ചിരിക്കുന്ന എന്റെ മുഖമേ ഞാനും കണ്ടിട്ടുള്ളു.

 നിറ പുഞ്ചിരിയുമായി സ്വീകരിക്കാൻ കൊച്ചന്ന ചേച്ചിയാണ് ആദ്യം എത്തിയത്. ചെറിയ കുട്ടികളുടെ ഉത്തരവാദിത്വം അവർക്കാണ്. അവരുടെ കട്ടിലിന്റെ തൊട്ടടുത്തുള്ള കട്ടിൽ ചൂണ്ടികാണിച്ച് ഏറ്റവും ചെറിയ കുട്ടിയല്ലേ നീ ഇവിടെ കിടന്നോ എന്ന് പറഞ്ഞു. അങ്ങനെ ജീവിതത്തിലാദ്യമായി സ്വന്തമായി ഒരു കട്ടിൽ കിട്ടി....

 അവിടെനിന്ന് രണ്ടടി നടന്ന  സ്റ്റഡി റൂമിലെത്തി അടച്ചുറപ്പുള്ള ഒരു മേശ കാണിച്ചു തന്നു. അതിനുമുകളിൽ എന്റെ പേര് എഴുതി വെച്ചിരുന്നു.
 സുജിത. ടി -5th std.
സ്വന്തമായി പുസ്തകങ്ങളെല്ലാം സൂക്ഷിക്കാൻ, ഒരു പഠന മേശ.

ഒരു കോണി കയറി മുകളിലേക്ക് നടന്നു. അവിടെ ഓരോ കുട്ടികൾക്കും പെട്ടിയും സാധനങ്ങളും വയ്ക്കുന്നതിനായി സ്റ്റാൻഡും, വസ്ത്രങ്ങൾ ഇടുന്നതിനായി മരപ്പടികളും ഉണ്ടായിരുന്നു.
 ഡോർമെറ്ററി എന്നും, ഡ്രസ്സിങ് റൂം എന്നും, സ്റ്റഡി റൂം എന്നും, മെസ്സ് ഹാൾ എന്നും, റിക്രിയേഷൻ ഹോൾ എന്നും, പ്രയർ ഹാൾ എന്നും, വാഷിംഗ് ഏരിയ എന്നുമൊക്കെ ആദ്യമായി പറഞ്ഞുതന്നത് ക്ലമന്റ് മേരി സിസ്റ്റർ ആണ്. കുട്ടികളുടെ സെക്കന്റ്‌ വാർഡൻ ആയിരുന്നു അവർ. സിസ്റ്റർ മേഴ്സി ആയിരുന്നു എന്റെ ആദ്യത്തെ ബോർഡിങ് വാർഡൻ.


 എല്ലാവരെയും പരിചയപ്പെട്ട്, എന്റെ ഉത്തരവാദിത്വം സിസ്റ്റേഴ്സ്നെ ഏൽപ്പിച്ചു 
 വീട്ടുകാർ തിരിച്ചു പോവാനായി വണ്ടിയിൽ കയറി. രണ്ടുസം കഴിഞ്ഞു വരാമെന്നു ചാച്ചൻ പറഞ്ഞു.പോരോവോളം അത് തുടന്നു. എല്ലാ ബുധനാഴ്ചയും ചാച്ചൻ കാണാൻ വരും. വെള്ളിയാഴ്ച വൈകുന്നേരം ട്രെയിനിൽ കോഴിക്കോട് മെഡിക്കൽ കോളേജ്ലേക്ക്, തിങ്കളാഴ്ച രാവിലെ വീണ്ടും ഒറ്റപാലത്ത്.... ഏകദേശം 3 വർഷത്തോളം അതായിരുന്നു മുത്തശ്ശന്റെ കടമ. അച്ഛന്റെ മരണം വരെ എല്ലാ ആഴ്ചയും അത് തുടർന്നു. മരണം കാത്തു കിടക്കുന്ന അച്ഛന് എല്ലാവരും ചേർന്ന് നൽകിയ ഇത്തിരി ആശ്വാസങ്ങളിൽ ഒന്ന്. ഇടക്കൊക്കെ സിസ്റ്റേഴ്സും ആ യാത്രയിൽ കോഴിക്കോട്ടേക്ക് ഉണ്ടാവും. ഹോസ്പിറ്റലിൽ വന്നു പ്രാർത്ഥന ഒക്കെ കഴിഞ്ഞു മടക്കം. അതിനാൽ തന്നെ ആ കാലഘട്ടത്തിലെ സിസ്റ്റേഴ്സ് ന്റെ പ്രിയപ്പെട്ട മക്കളായിരുന്നു ഞാനും ബേബിയും. ഇന്നും തുടരുന്ന ബന്ധം.

അമ്മ കണ്ണ്നിറഞ്ഞു കാറിൽ കയറി. അച്ഛൻ അപ്പോൾ ദൂരത്തേക്ക്എവിടേക്കോ നോക്കി എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടി കിഴിച്ചിരിക്കുന്ന കാലം. അച്ഛന്റെ രോഗം മൂർദ്ധന്യാവസ്ഥയിൽ എത്തിയ വർഷങ്ങൾ. കൂട്ടിയ കണുക്കുകളൊന്നും തെറ്റിക്കാതെയായിരുന്നു അച്ഛന്റെ മടക്കം. വിധി കൊണ്ട്കാലം തെറ്റിച്ച കണക്കുകളെ ഞങ്ങൾക്കിടയിൽ അന്നും ഇന്നും ഉള്ളു. 
നാലാം ക്ലാസുകാരിക്ക് ബോർഡിങ്ങിൽ സീറ്റ് കിട്ടാത്തതിനാൽ ആദ്യമായി അനിയത്തിയെ പിരിഞ്ഞിരുന്ന ദിവസം.
 ജനിച്ച നാൾ മുതൽ അന്നുവരെ കോർത്തുപിടിച്ച കയ്യിൽ നിന്ന് ആദ്യമായി അവൾ കൈവിട്ടപ്പോൾ  മനംതൊട്ട കരച്ചിലുകളുടെ ആദ്യദിനം അതുതന്നെ.
 അതുവരെ കളിച്ചു ചിരിച്ചു എല്ലാവരെയും പരിചയപ്പെട്ട ഞാൻ സന്തോഷവതിയാണെന്ന് ആശ്വാസത്തിൽ വീട്ടുകാർ കാർ എടുത്തു  മുന്നോട്ടുപോയി.
എന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കിയാണ് അങ്ങോട്ട് കൊണ്ടുവന്നതെങ്കിലും 
 10 വയസ്സിൽ ഭൂമിയിൽ ഒറ്റയ്ക്കായ പോലെയുള്ള ഒരു തോന്നൽ പെട്ടെന്ന് എന്റെ സമനില തെറ്റിച്ചു. ഞാൻ ഉറക്കെ കരഞ്ഞുകൊണ്ട്  ഗേറ്റ് കടന്നുപോകുന്ന വെളുത്ത അംബാസിഡർ കാറിന് പിന്നാലെ ഓടി.
 അവർ തിരിഞ്ഞു നോക്കാത്തതിനാൽ എന്റെ കരച്ചിലും, ഓട്ടവും,ഒന്നും ആരും കണ്ടില്ല. തിരിച്ചു പോകാൻ  മടിപിടിച്ച്  എൽ എസ് എൻ കോൺവെന്റിന്റെ വലിയ ഇരുമ്പ് ഗേറ്റ് മുറുക്കിപ്പിടിച്ച് ഞാൻ  തേങ്ങി കരഞ്ഞു. ഒരുപാട് തേങ്ങലുകളുടെ തുടക്കം പോലെ....

 




 പുറകിൽ നിന്നും "മോളെ ഇങ്ങു വാ"ഒരു നേർത്ത ശബ്ദം ....മുഖത്ത് നേരിയ പുഞ്ചിരിയുമായി വെളുത്ത മെലിഞ്ഞ കൈകൾ എന്നെ ചേർത്ത് പിടിച്ചു. അതാണ് കൊച്ചന്ന ചേച്ചി. ചെറിയ ക്ലാസിലെ കുട്ടികളുടെ ഉത്തരവാദിത്വം അവർക്കായിരുന്നു. എന്നോട് പേരും നാടും വിശേഷങ്ങളും അച്ഛമ്മയെ കുറിച്ചും അമ്മമ്മയെ കുറിച്ചും പഴയ സ്കൂളിനെ കുറിച്ചും എല്ലാം  ചോദിച്ചു, നടന്നു നടന്നു ഞങ്ങൾ സ്റ്റെപ്പുകൾ ഇറങ്ങി പള്ളിമുറ്റത്ത് എത്തി.  ആദ്യമായാണ് ഒരു ക്രിസ്ത്യൻ പള്ളി ഞാൻ അന്ന്കാണുന്നത്.
 ഏറ്റവും ഇഷ്ടമുള്ള ദൈവം ആരാണെന്ന് അവർ ചോദിച്ചു. ഗുരുവായൂരപ്പൻ ആണെന്ന് ഞാൻ മറുപടി പറഞ്ഞു. ദൂരെ ഗ്രോട്ടോ യിലേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ച് ഞാൻ പതുക്കെ സംസാരിക്കാൻ തുടങ്ങി.. അച്ഛൻ കിഡ്നി പേഷ്യന്റ് ആണെന്നും, കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സ തുടരുന്നത് എന്നും പതുക്കെ പറഞ്ഞു. എന്റെ മുടിയിൽ തലോടി, ഹെയർ ബാൻഡ് ഒതുക്കി തന്നു.
എനിക്കവരെ നല്ല ഇഷ്ടമായി. പ്രാർത്ഥിക്കാറില്ലേ എന്ന് അവർ ചോദിച്ചു.
 ഉവ്വെന്നും,
 എത്ര വൈയെങ്കിലും അച്ഛന്റെ  ആയില്യം നാൾ ഗുരുവായൂര് പോകാറുണ്ടെന്നും, അവിടെ താമസിച്ചു വാകച്ചാർത്ത് തൊഴാറുണ്ടെന്നും,  
 ന്റെ അച്ഛന് ഗുരുവായൂരിലെകളഭത്തിന്റെ മണം ആണെന്നും, അമ്മ ആരെയും ചീത്ത പറയാറില്ലെന്നും, മുത്തശ്ശനാണ് ഞങ്ങളെ നോക്കുന്നത് എന്നും,അമ്മമ്മടെ സ്കൂളിലാണ് ഞാൻ 4 വരെ പഠിച്ചതെന്നും ഒക്കെ പറഞ്ഞു.
ഏറ്റവും ഇഷ്ടം ആരെയാണ് എന്ന് ചോദിച്ചു.
അച്ഛമ്മയെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം എന്നും, പിന്നെ അനിയത്തിയെ. അനിയത്തിയെ അഞ്ചാം ക്ലാസിൽ എത്തുമ്പോൾ എന്റെ കൂടെ ആകും എന്നുമൊക്കെ കഥകൾ പറഞ്ഞു പറഞ്ഞു ഞാനും കൊച്ചന്ന ചേച്ചിയും കൂട്ടുകാരായി.
അത്രയും പൂക്കളുള്ള പൂന്തോട്ടം ഞാൻ ആദ്യമായാണ് കാണുന്നത്,
 ഒരു വെളുത്ത റോസാപ്പൂ പറിച്ചെന്റെ കയ്യിൽ തന്നു, പള്ളിയിൽ വെച്ചോളൂ എന്നു പറഞ്ഞു. കണ്ണുതുടച്ചു ഞാൻ ചിരിച്ചു.....
 മനോഹരമായ പൂക്കൾ കൊണ്ടലങ്കരിച്ച, നിശബ്ദത നിറഞ്ഞ....  പള്ളിയിൽ എന്നെ കൈപിടിച്ച്  കയറ്റി. തണുത്ത നിലത്ത് മുട്ടുകുത്തി നിന്ന്  ആദ്യമായി ഞാൻ കുരിശു വരയ്ക്കാൻ പഠിച്ചു. എന്റെ നെറുകയിൽ കൈവെച്ച് അവർ പ്രാർത്ഥിച്ചു.
...അന്നുമിന്നും ഏതു വലിയ സങ്കടവും ഞാൻ ആ പള്ളിയിൽ കൊണ്ടുപോയി ഇറക്കി വയ്ക്കാറുണ്ട്.
 മൂന്നു പതിറ്റാണ്ടുകൾക്ക് ഇപ്പറവും കൊച്ചന്ന ചേച്ചി ഇന്ന് ഈ ഭൂമിയിൽ ഇല്ലെങ്കിലും, ആശ്വാസത്തിന്റെ തണുപ്പ് ഇന്നും ആ നിലത്തിലുണ്ട്.

 വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് സമയമായപ്പോൾ സിസ്റ്റർമാർ ഓരോരുത്തരായി പള്ളിയിലേക്ക് വരുന്നതും, എന്റെ കവിളിൽ തൊട്ട് ആശ്വസിപ്പിക്കുന്നതും, ഇന്നും കണ്ണടച്ചാൽ എനിക്ക് അനുഭവ്യം ആകാറുണ്ട്.


 അന്ന് ബോർഡിങ്കിൽ അഞ്ചാം ക്ലാസിലേക്ക് മൂന്നുപേർ മാത്രമാണ് അഡ്മിഷൻ എടുത്തത്.
 ഞാനും, മോനിഷ റോസ് മാത്യുവും , ജോളി തോമസും .  ബോർഡിംഗിൽ ഉണ്ടായിരുന്ന  ഏറ്റവും ചെറിയ കുട്ടികൾ. ഞങ്ങളെ നോക്കാനും, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുവാനും, വിവിധ ക്ലാസുകളിൽ ആയി ഒരുപാട്ചേച്ചിമാർ ഉണ്ടായിരുന്നു.
വിവിധ ജില്ലകളിലും വിവിധ മതങ്ങളിലും പെട്ട, പല സ്വഭാവമുള്ള ഒരുപാടുപേർ വലിയവീട്ടിൽ, ചിരിച്ചും, കളിച്ചും,പഠനത്തിനായി വന്നവർ.


 അടുക്കും, ചിട്ടയും വൃത്തിയുമുള്ള, നല്ലൊരു വ്യക്തിത്വം വാർത്തെടുക്കുന്നതിൽ LSN കോൺവെന്റ് ബോർഡിങ് ഹൗസ് എന്നിൽ വഹിച്ച പങ്ക് വളരെ വലുതാണ്.
 എന്തും സഹിക്കാനും പൊറുക്കാനും മനശക്തി ലഭിച്ചത് അവിടെ നിന്നാണ്.
 ഒരുതരത്തിലും പൊരുത്തപ്പെടാത്ത വ്യക്തികളുമായി  പൊരുത്തപ്പെട്ടുപോകാൻ സാധിച്ചതും അവിടെനിന്നാണ്.
 അവിടെ ജീവിച്ച ആറു വർഷത്തെ ഓർമ്മകൾ, അനുഭവങ്ങൾ തന്നെയാണ്.

രാവിലെ 5 മണിക്ക് പള്ളിമണിമുട്ടും... മഠത്തിലെ ഓരോ കുഞ്ഞു കുഞ്ഞു ജനാലക്കകത്തും വെളിച്ചം തെളിയുന്നത് നോക്കി ഞാൻ കണ്ണ് തുറക്കും. ഒരു അഞ്ചാം ക്ലാസ്സ്‌കാരിയുടെ മനസ്സിലെ അപൂർണ്ണമായ ചിത്രങ്ങൾ.....
പാത്രങ്ങളുടെയും, ചിരവകളുടെയും ശബ്ദം,
വളരെ പതുക്കെ പരസ്പരം ഗുഡ്മോർണിംഗ് പറഞ്ഞു വരാന്തയിലൂടെ പോകുന്ന മുതിർന്ന കുട്ടികൾ, ഉണരാത്തവരെ തൊട്ടുണർത്തുന്ന കൂട്ടുകാർ, പല്ലുതേക്കാനുള്ള വെള്ളം തലേന്ന് തന്നെ പിടിച്ചു വെക്കും. രാവിലത്തെ തിക്കും തിരക്കും ഒഴിവാക്കൽ മാത്രം അല്ല അതെന്നു ഇന്ന് മനസിലാക്കുന്നു.
minimilisam അതെന്റെ എല്ലാ അർത്ഥത്തിലും ശീലിച്ച വർഷങ്ങൾ.
ആവശ്യത്തിന് ബാത്റൂമുകളും, ടോയ്ലറ്റുകളും,  പൈപ്പുകളും ഉണ്ടായിരുന്നെങ്കിലും അര ബക്കറ്റിൽ കൂടുതൽ വെള്ളം പല്ലു തേയ്ക്കാനോ, രണ്ടു ബക്കറ്റിൽ കൂടുതൽ വെള്ളം കുളിക്കാനോ  ഞങ്ങൾ ആരും എടുത്തിരുന്നില്ല. അത് അവിടുത്തെ നിയമമൊന്നും ആയിരുന്നില്ല, പക്ഷേ മുതിർന്ന ചേച്ചിമാരും, സിസ്റ്റർമാരും ചെയ്തിരുന്ന അതേ രീതി പിന്തുടർന്നിരുന്നു എന്ന് മാത്രം. അത്യാവശ്യം വസ്ത്രങ്ങൾ ഒഴികെ, ബാക്കി മുഷിയുന്ന  തുണികളെല്ലാം സൂക്ഷിക്കാനായി ഓരോരുത്തർക്കും ടോബി ബാഗ് ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം സഹായികളായ ചേച്ചിമാർ വന്നു ഓരോരുത്തരുടെയും എണ്ണങ്ങൾ തിട്ടപ്പെടുത്തി , അലക്കുകാർക്ക് എണ്ണി കൊടുക്കും. അവരത് പുഴയിൽ കൊണ്ടുപോയി, അലക്കി ഉണക്കി തേച്ച്,  പിറ്റത്തെ ആഴ്ച കൊണ്ടുവന്ന് തരും.  ഓരോ വസ്ത്രങ്ങളിലും നമ്മുടെ പേര് നമ്മൾ തന്നെ സൂചിയും നൂലും കൊണ്ട് ചെറിയ അക്ഷരത്തിൽ തുന്നിചേർക്കും. ചെറിയൊരു തുക കൊടുത്താലും വളരെ വൃത്തിയിൽ ഓരോ കുട്ടിയും വസ്ത്രം ധരിക്കണമെന്ന് കോൺവെന്റിന്റെ നിയമങ്ങളിൽ നിർബന്ധമാണ്.
 അലക്കി കൊണ്ടുവന്ന വസ്ത്രങ്ങൾ  എണ്ണിത്തിട്ടപ്പെടുത്തി വാങ്ങുന്നതിനും,മുഷിഞ്ഞ വസ്ത്രങ്ങൾ തരംതിരിച്ച് നൽകുന്നതിനും,  വളരെ ചെറിയ പ്രായത്തിലെ ഞങ്ങൾ ഓരോരുത്തരും കണ്ടുപഠിച്ചിരുന്നു.


 ഉണർന്നാൽ ഉടനെ  ശരീരം ശുദ്ധി വരുത്തി, രാത്രി വസ്ത്രങ്ങൾ മാറ്റി, മനസ്സ് ശുദ്ധമാക്കി, സമൂഹ പ്രാർത്ഥനയിൽ  പങ്കെടുത്തു, വ്യക്തിപരമായി മറ്റു പ്രാർത്ഥനകളും നിസ്കാരങ്ങളും ഉണ്ടെങ്കിൽ അതിനു മാറ്റിവെച്ച മുറിയിൽ പോയി,  പ്രാർത്ഥന കഴിഞ്ഞ്,  നേരം വെളുക്കുമ്പോഴേക്കും, സമോവർ നിറയെ  നല്ല ചൂടുള്ള കോഫിയും, മുഖം നിറയെ പുഞ്ചിരിയുമായി ക്ലമന്റ് മേരി സിസ്റ്റർ ഗുഡ്മോണിങ് പറഞ്ഞ്  മെസ്സ് ഹാളിൽ നിൽക്കണ ഉണ്ടാവും.  കാപ്പി കുടിക്കാൻ എത്താത്ത വരെ  ഉറക്കെ വിളിച്ചും, നിർബന്ധിച്ചും, കാപ്പി കുടിപ്പിക്കാൻ ആയി  കൊച്ചന്ന ചേച്ചിയും, എന്നും രാവിലെ എന്തെങ്കിലുമൊക്കെ കാര്യത്തിന്, പിറുപിറുമെന്ന്   വർത്തമാനം പറഞ്ഞ്,  ഞങ്ങൾ ഓരോരുത്തരെയും, പേരെടുത്തു വിളിച്ചു, നല്ലതും ചീത്തയും വിളിച്ചുപറഞ്ഞു , ചിരിപ്പിച്ചും കുറുമ്പുകുത്തിയും, ഭക്ഷണം കഴിപ്പിച്ചും, തലതോർത്തിതന്ന് , മുടിയൊക്കെ നേരെയാക്കി തന്നു, ഉടുപ്പൊക്കെ ശരിക്ക് ഇടാൻ പറഞ്ഞു, പഠിക്കുന്ന നേരത്ത് പഠിക്കുന്നില്ലേ എന്ന് നോക്കി, വീട്ടുകാർ കാണാൻ വരുമ്പോൾ,  ഞങ്ങൾ അറിയാതെ ഞങ്ങളുടെ ഇഷ്ടങ്ങൾ കൂടുതൽ അറിഞ്ഞ ഒരാൾ..... പഠനകാലം കഴിഞ്ഞ്, എല്ലാ മാസവും കാണാൻ വരാമെന്ന് ഉറപ്പുനൽകിയെങ്കിലും, വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ അത് പാലിക്കാൻ കഴിഞ്ഞുള്ളൂ,  കാണുമ്പോൾ അതിന്റെ പരിഭവം മുഴുവൻ പറഞ്ഞു തീർക്കും, പോരുമ്പോൾ കെട്ടിപ്പിടിക്കും, സ്നേഹം കൊണ്ട് എന്തെങ്കിലും കൊണ്ട് ചെന്നാൽ എന്തിനാ മോളെ ഇതൊക്കെ എന്ന് ചോദിച്ചു, എനിക്ക് തിരിച്ചു തരാൻ പ്രാർത്ഥന മാത്രമേയുള്ളൂ എന്ന് പറഞ്ഞ്,  പിന്നെ പിന്നെ  ശബ്ദം ഇടറി, കണ്ണുകൾ പതറി, സംസാരം നിർത്തി, കണ്ണുകൾ അടച്ച്,  മാലാഖയെ പോലെ , ഇല്ലെന്ന് അറിയുമെങ്കിലും, അവിടെ എവിടെയോ ഉണ്ടെന്നു  കരുതി ഇപ്പോഴും വന്നു പോകുന്ന ഞാനും എന്നെപ്പോലെ ചിലരും...


 കോൺവെന്റ് കാലഘട്ടത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്  മോനിഷ തന്നെ. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസ് വരെ ഞങ്ങൾ ഒരേ ഡിവിഷനിൽ ആണ് പഠിച്ചത്. പഠനത്തിൽ മിടുമിടുക്കി ആയിരുന്നവൾ. പഠന സമയത്ത്, പരീക്ഷാകാലങ്ങളിൽ  ഞാൻ പഠിക്കുന്നില്ലേ എന്ന് ഉറപ്പുവരുത്തൽ അവളിലൂടെയാണ് വീട്ടുകാരും സിസ്റ്റർമാരും ചോദിച്ചറിഞ്ഞിരുന്നത്.  എനിക്ക് മാർക്ക് കുറഞ്ഞ വിഷയങ്ങൾ എന്നെ നിർബന്ധിച്ച് ഒപ്പമിരുത്തി പഠിപ്പിച്ചു തന്നിരുന്നു.
 രാവിലെ ഉണരുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ  എല്ലാ കാര്യങ്ങളും ഞങ്ങൾ ഒരുമിച്ചാണ് ചെയ്തിരുന്നത്. പരസ്പരമുള്ള കരുതലും കാത്തുനിൽക്കലും സ്നേഹവും ഇന്നും തുടരാൻ കഴിയുന്നു.
 33വർഷത്തെ ഇഴയടുപ്പമുള്ള സൗഹൃദം.

 ജൂണിലെ മഴയിൽ തണുത്തുവിറച്ച് എണീക്കുന്നതും, എല്ലാ കാര്യങ്ങളും ചിട്ടയോടെ ചെയ്യുന്നതും, യൂണിഫോം ഒക്കെ ഇട്ട് ഒരുങ്ങുന്നതും, പരസ്പരം നോട്ടങ്ങളിലൂടെ സംസാരിക്കുന്നതും, മിതമായ സംസാരവും അച്ചടക്കവും, ഭക്ഷണത്തിന്റെ ചിട്ടകളും,  അസുഖങ്ങൾ വന്നാൽ കൂട്ടിരിക്കുന്നതും, പിറന്നാളുകളിൽ പരസ്പരം  ആശംസിക്കുന്നതും, മനസ്സ് വിങ്ങുമ്പോൾ പരസ്പരം ആശ്വസിപ്പിക്കുന്നതും, വിജയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, പരാജയങ്ങളിൽ ചേർത്തുനിർത്തുന്നതും 
ഇന്നും കണ്ടു മറക്കാത്ത സ്വപ്നം പോലെ മനസ്സിലുണ്ട്.... പറഞ്ഞൽ തീരാത്ത  കടൽ പോലെയുള്ള അനുഭവങ്ങൾ....




 


Monday, January 1, 2024

എന്റിടം...






  മൊബൈലിലെ 2023ലെ  ഫോട്ടോ ഗാലറിയിലും, മേശപുറത്തെ ന്റെ ഡയറി താളുകളിലും ഒരിക്കൽപോലും ഒറ്റപ്പാലം പോയതിന്റെ അടയാളപ്പെടുത്തലുകൾ ഇല്ല. മനസ്സിൽ ഇത്തിരി വിങ്ങൽ തോന്നി.
 കാരണം കഴിഞ്ഞുപോയ ഓരോ ദിവസങ്ങളിലും എന്റിടത്തെ കുറിച്ചുള്ള ഓർമ്മകളും, പ്രിയപ്പെട്ടവർ അളവില്ലാതെ തന്ന കരുതലും  ആണ് എന്നെ നയിക്കുന്നത്...
  കഴിഞ്ഞ 3 പതിറ്റാണ്ടിൽ ഒരുതവണ പോലും ഒറ്റപ്പാലം കണ്ടു പോരാത്തവർഷങ്ങൾ ഉണ്ടായിട്ടില്ല.
നാളെ പുലർന്നാൽ പുതുവർഷം.അതിനാൽ ഇന്നലെ തന്നെ  യാത്ര തീരുമാനിച്ചു.
 ഈ ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടഇടത്തേക്കുള്ള യാത്രയായതിനാൽ അത് എന്റെ കുട്ടിക്കാല യാത്രയുടെ അതേ രീതിയിൽ പ്ലാൻ ചെയ്തു.

പുലരിയും സൂര്യനും ഇളം തണുപ്പും, വെയിലും, തണലും, രുചിയും,മണവും സ്നേഹവും ചേർത്തു പിടിക്കലും,  പ്രാർത്ഥനയും കൊണ്ട് ദിനം മനം നിറയ്ക്കുന്നതായിരിക്കണമെന്ന് നിർബന്ധമായിരുന്നു.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അമ്മ ചോദിച്ചു "ഇത്ര നേരത്തെ എന്തിനാ നാളെ പോകുന്നത്" ഞാൻ പറഞ്ഞു "പോണം" ആദ്യ ബസ്സിൽ, ഇളം കാറ്റേറ്റ് , ബസിനു മുന്നിലെ ജനൽസീറ്റിൽ, ആരും നമുക്ക് കൂട്ടില്ലാതെ, ആരും നമ്മളെ കാത്തിരിക്കുന്നില്ല എന്ന് ഉറപ്പോടെ, ആരെയെല്ലാം കാണും എന്ന് നിശ്ചയം ഇല്ലാതെ,  തിരിച്ചുപോരുമ്പോൾ മനസ്സിലെ ഭാരം പകുതി കുറയും എന്ന പ്രതീക്ഷയോടെ 
  യാത്ര പോകുന്നതിന്റെ ഒരു സുഖം അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാകില്ല.
 അകം കൊണ്ട് പൂർണ്ണ സംതൃപ്തിയോടെയായിരുന്നു യാത്ര... പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷത്തിൽ ഒരു വർഷം ചെയ്തു തീർക്കേണ്ട എല്ലാ കാര്യങ്ങളും പൂർണ തൃപ്തിയോടെ പൂർത്തീകരിച്ച സമാധാനം
.
ഡിസംബർ മാസങ്ങളിലെ ഇളം തണുപ്പ് മനസ്സിലേക്ക് കിട്ടണമെങ്കിൽ ആ നേരത്ത് തന്നെ ഉണരണം. അന്നത്തെപ്പോലെ ഇന്ന് ആരും വിളിച്ച് എഴുന്നേൽപ്പിക്കേണ്ടതില്ല, കുളിക്കാനും,മുടി പിന്നിയിടാനും പുറപ്പെടാനും, സഹായിക്കേണ്ട നിർബന്ധിക്കേണ്ട.

നല്ല കുട്ടിയായി ആറര മണിക്ക് ഇറങ്ങുമ്പോൾ അമ്മ ചോദിച്ചു "നീ ഒന്നും കഴിക്കുന്നില്ലേ"....
"ഇല്ലമ്മ  തൊഴാനുണ്ട്". ഇളം ചൂടുള്ള കട്ടൻ കാപ്പി കുടിച്ച് ഗ്ലാസ് അമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ  അമ്മ പറഞ്ഞു "കാണേണ്ടവരൊന്നും അവിടെയില്ല, എന്നാലും നീ ഈ പോക്ക് അവസാനിപ്പിക്കില്ല." "അമ്മയ്ക്ക് തോന്നുന്നത, ഞാൻ ഇഷ്ടപ്പെടുന്നവർ ഇന്നും ഒറ്റപ്പാലത്തു എന്റിട ങ്ങളിൽ നിറഞ്ഞു നിൽക്കണ്ട് ". ഒറ്റപ്പാലത്തേക്ക് യാത്ര അയക്കുമ്പോൾ അമ്മയ്ക്ക് ഒട്ടും വേവലാതി ഇല്ല. എത്ര വൈകിയാലും എന്തേ പോന്നില്ലേ എന്ന് വിളിക്കലും ഇല്ല. അത്രയ്ക്ക് സുപരിചിതമാണ് ഒറ്റപ്പാലത്തെ വഴികൾ. അത്രമാത്രം  പരിചയവും സൗഹൃദവും നിറഞ്ഞ ഇടം.

ഇപ്രാവശ്യം പതിവിൽ നിന്നും വിപരീതമായി ഉമ്മറത്തെ തിണ്ണയിൽ അമ്മമ്മയും, ചുക്കിച്ചുളിഞ്ഞു മുറുക്കി പിടിച്ച വലത്തേ കൈയ്യിൽ അഞ്ഞൂറിന്റെ പുത്തൻ നോട്ടുകളും ഇല്ല.
അതു കുമാറിലേക്കും, കുത്താംപുള്ളി കടയിലേക്ക് ഉള്ളതാവും.
 തരാനുള്ള അവസാനകൈനീട്ടവും തന്നാണ് അമ്മമ്മ പോയത്.



കടുക്കാം കുന്ന് കയറുമ്പോൾ പതിവിനേക്കാൾ കിതപ്പ്, പ്രായം മുന്നോട്ടും ആരോഗ്യം താഴോട്ടും. ഇരു കൈകളും ശൂന്യമാണ്. ഒരു കൈയിൽ ചാച്ചനും, മറുകൈയിൽ ബേബിയും
മുറുക്കിപ്പിടിച്ച് ആയിരുന്നു അന്നത്തെ യാത്രകൾ ഒക്കെയും. ഞങ്ങൾ രണ്ടുപേരുടെയും വസ്ത്രങ്ങൾ അടങ്ങുന്ന ബാഗ്  ചാച്ചൻ പിടിച്ചിരിക്കും. കാവിന്റെ ഗേറ്റിൽ എത്തിയപ്പോൾ, പതിവുപോലെ ഓടിപ്പോയി തൊഴുതു വരൂ എന്ന് പറയാൻ ആരുമില്ല. അതുകൊണ്ടുതന്നെ അവിടെ കയറിയില്ല. ചാച്ചൻ പോയതിൽ പിന്നെ കാവിൽ പോക്ക് നിർത്തി.
 അങ്ങാടിയിലെത്തി ബസ് കയറാൻ നിൽക്കുമ്പോൾ ആരും ആരുടെയും മുഖത്ത് നോക്കുന്നില്ല. ആർക്കും ആരെയും അറിയില്ല. അന്നത്തെപ്പോലെ  നമ്മൾ എവിടെ പോണു, എന്തിനു പോകുന്നു എന്നൊന്നും അന്വേഷിക്കാനുള്ള നേരം ഇന്നാർക്കുമില്ല.  എല്ലാവരും അവരുടെ വിരൽത്തുമ്പിൽ തീർത്ത ലോകത്താണ്.

പതിവുപോലെ  ഏഴു മണിക്ക് വിളയൂരിന്റെ സ്വന്തം OT ബസ്  വന്നു. ആഗ്രഹിച്ച പോലെ  സീറ്റും കിട്ടി. അയൽക്കാരനായ  കണ്ടക്ടർ കുട്ടേട്ടൻ ... "ആ സുജി" എവിടെ ഇപ്പൊ കാണാറില്ലല്ലോ. വാതോരാതെ സംസാരിച്ചിരുന്ന ഞാൻ പലർക്കുമുള്ള മറുപടി  പുഞ്ചിരിയിൽ ഒതുക്കാൻ പഠിച്ചു .കാലം പഠിപ്പിച്ചു.

 ഇളം തണുപ്പിൽ  സുഖമുള്ള യാത്ര. പാടവും,തോടും, പരിചിത വഴികളും കടന്ന്  റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പ് എത്തിയപ്പോൾ അമ്പലത്തിൽക്ക്ആ ണോ എന്ന പതിവ് ചോദ്യം കുട്ടേട്ടൻ. അതെ..എന്നും പറഞ്ഞു ,

പട്ടാമ്പി ഗുരുവായൂരിന്റെ  
നടക്കിലിറങ്ങി...
നിളയെ തൊട്ടു , കയ്യും കാലും മുഖവും കഴുകി, പതിവ് വഴിപാടുകളും ചെയ്തു,  നടക്കിലെത്തിയപ്പോൾ ഗുരുവായൂരപ്പന് നിറമാലയാണ്‌. കുറച്ചുനേരം പടിക്കല്ലിൽ ഇരുന്നു. പതിവു മുഖങ്ങൾ ഒക്കെ മൺമറഞ്ഞിരിക്കുന്നു.

 അവിടെ നിന്നാലും പാലക്കാട് ബസ്സിൽ സീറ്റ് കിട്ടും. പക്ഷേ ജനൽ സീറ്റ് കിട്ടണമെങ്കിൽ പട്ടാമ്പി സ്റ്റാൻഡ് വരെ നടന്നേ പറ്റൂ. കടകളൊന്നും തുറന്നിട്ടില്ല. ഗുരുവായൂർ -പാലക്കാട് കെഎസ്ആർടിസി തന്നെ കിട്ടി. മുൻ സീറ്റിൽ ഞാൻ മാത്രം. പുറം കാഴ്ചകൾ കണ്ടു കണ്ട്പെട്ടെന്ന് തന്നെ ഒറ്റപ്പാലത്തെത്തി.


 പതിവുപോലെ റോഡ് ക്രോസ് ചെയ്ത് നേരെ നടന്നു. സ്റ്റെപ്ക കയറാൻകാലെടുത്തു വച്ചപ്പോൾ 
കയറാനുള്ള കോണിപ്പടി അവിടെ എവിടെയും കാണുന്നില്ല.
 നാലു പുറം നോക്കിയപ്പോൾ മുഖപരിചയമുള്ള സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു, "ബിൽഡിംഗ് മാറിയത് അറിഞ്ഞിട്ടില്ലാല്ലേ"...
"മെയ്‌ മാസത്തിൽ മാറിയത"
"ഇല്ല ഞാൻ കുറെയായി വന്നിട്ട്"
ദാ..നേരെ..പുതിയ വഴി കാണിച്ചു തന്നു. 

 കാലം മാറിയപ്പോൾ കോലം മാറാതിരുന്ന  ശ്രീലക്ഷമിക്കും പുതിയ മുഖം. വാടക കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്കുള്ള മാറ്റം. പരിചിത മുഖങ്ങളെല്ലാം അവിടെയുണ്ട്. വയറിന്റെ വിശപ്പ് അല്ല എപ്പോഴും അങ്ങോട്ട് നടത്തിപ്പിക്കുന്നത്. വൈകാരികമായി
ആ വിഭവത്തോടുള്ള അടുപ്പം അത് പറഞ്ഞാൽ തീരാത്ത കഥയാണ്.
 പതിവ്പോലെ
കടുപ്പത്തിൽ ചൂടുള്ള ഫിൽട്ടർ കോഫിയും,
വറവില്‍ മുങ്ങി കുളിച്ച് തൈരുവടയും.
 മനസ്സിനെ തണുപ്പിക്കാൻ ധാരാളം. പതിവ് കുശലാന്വേഷണങ്ങൾക്ക് ശേഷം അവിടെനിന്ന്  നടവഴി ഇടകളിലൂടെ കോൺവെൻന്റ് റോഡിലേക്ക് .
 മനസ്സ് പിന്നോട്ട് വലിച്ചെങ്കിലും കാലറിയാതെ എൻഎസ്എസിന്റെ ഗേറ്റിൽ പോയിനിന്നു.

ഗേറ്റ് തുറക്കാൻ സമയമായിട്ടില്ല. നേരെ റോയൽ മാർക്കറ്റിൽ പോയി, പതിവായി വാങ്ങുന്നതൊക്കെ വാങ്ങി കയ്യിൽ കരുതി. ആരെല്ലാം ഉണ്ടാകുമെന്നും ഇല്ലെന്നും ഒരു നിശ്ചയവുമില്ല.


 കോൺവെന്റിലെ ചെറിയ ഗേറ്റ്  പൂട്ടാറില്ല.  അതുവഴി നേരെ മഠത്തിലേക്ക്.
 വിസിറ്റേഴ്സ് റൂമിൽ   പതിവുപോലെ ഏലിചേച്ചി ഉണ്ടായിരുന്നു. വയസ്സ് 90 ആയെങ്കിലും, ചേച്ചി എന്ന ഒരൊറ്റ വിളിയിൽ ആളെ തിരിച്ചറിയും. "ആഹാ കൊച്ചെന്നെടെ കുട്ടി വന്നോ". എന്നെ കൂട്ടിപ്പിടിച്ചു. വർഷത്തിലൊരിക്കലെങ്കിലും വന്നു കാണണമെന്ന് കൊച്ചന്ന ചേച്ചിക്ക് നിർബന്ധമായിരുന്നു. അമ്മയെപ്പോലെ നോക്കി പരിപാലിച്ചത്അവരാണ്.
ഇന്ന് സ്വർഗത്തിലാവും പാവം.
 ഏലി ചേച്ചി എന്നത്തേയും പൂക്കളുടെ കൂട്ടുകാരിയാണ്. പൂന്തോട്ടവും ചെടികളും നോക്കലായിരുന്നു അന്നൊക്കെ ചേച്ചിയുടെ ജോലി.  ഇന്നും മനോഹരമായ ഒരു പൂക്കൂട കണ്ടാൽ ചേച്ചിയുടെ പുഞ്ചിരിക്കുന്ന മുഖം ഓർമ്മ വരും.

കയ്യിൽ ഒരുതണ്ട് ലില്ലിപ്പൂവുമായി  പള്ളി ഒരുക്കി കൊണ്ടിരിക്കുന്ന ചേച്ചി പതിവ് കാഴ്ചയായിരുന്നു.
 അവധിക്കാലമായതിനാൽ  മഠത്തിൽ പരിചയമുള്ള സിസ്റ്റർമാർ ആരും ഉണ്ടായിരുന്നില്ല. പരിചയമില്ലാത്ത രണ്ടു മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ കണ്ട് വിഷ് ചെയ്തു പ്രാർത്ഥനകൾ എത്തിച്ച്, ചാപ്പലിൽ കയറി കുറെ നേരം  ഇരുന്നു. അവിടെ നിന്നിറങ്ങി, ഗ്രോട്ടോയും സ്കൂൾ മുറ്റവും ഗ്രൗണ്ടും കടന്ന്, മഠത്തിലും ബോർഡിംഗ്   ഹൗസിലും  കയറി.

എന്റിടങ്ങളിലൂടെയൊക്കെ നടന്നു. അവിടെ നിശബ്ദമായിരുന്നെങ്കിലും ഉള്ളിലെ  കലപിലകളിൽ ഞാൻ മുഴുകി ..

10 മുതൽ 16 വയസ്സ് വരെയുള്ള 90ലധികം പെൺകുട്ടികൾക്കൊപ്പം
 6 വർഷത്തോളം ഒരു കുടുംബം പോലെ കഴിഞ്ഞ ഇടം. ലോകത്ത് മറ്റ്എ വിടെയായിരുന്നെങ്കിലും ഇതുപോലെ നിറമുള്ള ഒരു ബാല്യം എനിക്ക് ലഭിക്കുമായിരുന്നില്ല... എത്ര പറഞ്ഞാലും തീരാത്ത ഇന്ന്കഥകളായ അനുഭവങ്ങൾ.



തിരിച്ചു പോരുമ്പോൾ Harmony യിലെ ആനി ടീച്ചർ അവിടെ ഇല്ലന്ന് മുന്നിലെ കടക്കാരൻ പറഞ്ഞു. ഗസ്റ്റ്‌ ഹൌസ്നു  മുന്നിലെ വീട്ടിൽ നിറ ചിരിയോടെ സ്വീകരിച്ചിരുന്ന ലില്ലി ടീച്ചറും യാത്രയായി.
ലക്ഷ്മി റോഡിൽ ജയമ്മ ടീച്ചർ ഉണ്ടോഎന്നറിയാതെ വെറുതെ നടന്നു. നിറഞ്ഞ പൂന്തോട്ടം ഇന്നും അന്നത്തെ പോലെ നിറയെ
പൂത്തിരിക്കുന്നു. ഗേറ്റ് പൂട്ടി കിടക്കുന്നു. തിരിച്ചു നടന്നു.
അതിനു തൊട്ടടുത്തുള്ള സ്കൂൾ മേറ്റ് അമ്പിളിയെ കാണണമെന്ന് കരുതി,  പക്ഷേ ചിത്രകലയുടെ എക്സിബിഷൻ തിരക്കിൽ  ആള് ഔട്ട് ഓഫ് സ്റ്റേഷനാണെന്ന് FB യിൽ വായിച്ചത് ഓർമ വന്നു.
ഇളം വെയിലത്തു പതുക്കെ നടന്നു. ഒഴിഞ്ഞു കിടന്ന പറമ്പുകളിലൊക്കെയും കെട്ടിടങ്ങൾ നിറ ഞ്ഞിരിക്കുന്നു. മഞ്ജുഷയുടെ അച്ഛന്റെ തുന്നൽ കടയും ഇന്നവിടെ ഇല്ല.



NSSഇൽ എത്തിയപ്പോൾ ഗേറ്റ് തുറന്നിരിക്കുന്നു. പതിവുപോലെ സ്വീകരിക്കാൻ സൂര്യ ചേച്ചി..സ്നേഹം മാത്രം. വിശേഷങ്ങൾ പങ്കുവെച്ച് അങ്ങനെ കുറച്ച് നേരം.
 "അവധിക്കാലമായതിനാൽ അധ്യാപകർ ആരും ഉണ്ടാവില്ലെന്ന് അറിയാം, എങ്കിലും കോളേജ് ഒന്നു കാണാലോ എന്ന് കരുതി കയറിയതാണെന്ന്" പറഞ്ഞപ്പോൾ
"അമ്പിളി മാം ഉണ്ടല്ലോ ചെല്ലു"..എന്നു പറഞ്ഞു.   എനിക്ക് സന്തോഷം തോന്നി.  അവധിക്കാലം ആയതിനാൽ  ടീച്ചർ നാട്ടിൽ ആണെന്നാണ് ഞാൻ കരുതിയത്. പ്രതീക്ഷിക്കാതെ കണ്ടപ്പോൾ ടീച്ചർക്കും സന്തോഷം.പക്ഷേ പതിവിൽ നിന്നും വിപരീതമായി യാതൊരു തിരക്കുകളും ഇല്ലാതെ ഒരു മണിക്കൂറുകളോളം ടീച്ചറോട് സംസാരിക്കാൻ സാധിച്ചു. ഇതിനു മുന്നേ ഒരിക്കലും ഇത്രയും നേരം ഇരുന്നു സംസാരിക്കാൻ പറ്റിയിട്ടില്ല. ടീച്ചറുടെ ഔദ്യോഗിക ജോലിതിരക്കുകൾ കാണുമ്പോൾ പെട്ടെന്ന് യാത്ര പറഞ്ഞ് ഇറങ്ങാറാണ് പതിവ്.
കഥയും കാര്യവും പറഞ്ഞു പറഞ്ഞു പുതുവർഷത്തിന്റെ മധുരവും  പങ്കുവെച്ച്,
 ലൈബ്രറി സാറിനും, ഓഫീസ് സ്റ്റാഫിനും  പുതുവത്സരാശംസകൾ നേർന്നു..അവിടെ നിന്നും ഇറങ്ങി. ഗേറ്റ് വരെ യാത്ര അയച്ച് സൂര്യ ചേച്ചിയും.
എങ്ങനെ ആവണമെന്നും, എങ്ങനെഒക്കെ അവരുതെന്നും പഠിച്ചയിടം.


 ഏതെല്ലാം പുതിയ കടകൾ വന്നാലും ചിലയിടങ്ങളിൽ നിന്നുള്ള വാങ്ങലുകൾ നമ്മളെ കൂടുതൽ സംതൃപ്തരാക്കും. മനസ്സിൽ വിചാരിച്ചത്എന്തോ അത് എപ്പോഴും ലഭിക്കുന്ന ഒരിടമാണ് ഇവിടം. താജിലെ ഒരു കിറ്റ് വസ്ത്രം കൈയിൽ ഇല്ലാതെ  ഒരൊറ്റപ്പാലം യാത്രയും പൂർണ്ണമാകാറില്ല.

 അതുപോലെതന്നെയാണ് ചിപ്സ് കടയും.പലഹാരകടയും. പുതിയ ഇടങ്ങളിലൊക്കെ ഏതെല്ലാം പുതിയ പലഹാരഇനങ്ങൾ വന്നാലും പി കെ യിലും, മധുരിമയിലും മാത്രം കിട്ടുന്ന ഒറ്റപ്പാലത്തിന്റ മാറാത്ത രുചികൾ, വീട്ടിലെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വാങ്ങുന്നത് അത്എന്നും പ്രിയപ്പെട്ടതാണ്.
ഒന്നും വാങ്ങാനില്ലെങ്കിലും, ഗാന്ധി പ്രതിമയിലേക്കെത്തുന്ന സ്ട്രീറ്റ്ലൂടെ തിക്കി തിരക്കി ടൗൺലേക്ക് ചാടുന്നത് പഴയ ഒരു ശീലം.
ഒറ്റ മുറി കട വളർന്നു പരന്നു ഇന്നിപ്പോൾ താജിലൂടെയും മറുകര ചാടാം.

 വെറുതെ CM ഇൽ ഒന്ന് കയറി ഇറങ്ങിയാലേ രസമുള്ളൂ... കടയിലുള്ള എല്ലാവരും പണ്ടുമുതലേ അറിയുന്നവർ. കോൺവെന്റ് ഹോസ്റ്റലിലേക്കുള്ള  എല്ലാവിധ സ്റ്റേഷനറി സാധന ജംഗമവസ്തുക്കളും മൊത്തത്തിൽ വന്നിരുന്നത് അവിടെ നിന്നാണല്ലോ. പെന്നും പുസ്തകവും മുതൽ സാനിറ്ററി പാട് വരെ  വാങ്ങിയിരുന്നത്
 കാർട്ടൻ കണക്കിലാണ്.
 ആഴ്ചയിൽ ഒരു ദിവസം സ്റ്റോർ എന്ന് പറയുന്ന വലിയ 
മരഅലമാരയിലെ കഴിഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് എടുത്ത് CMസ്റ്റോറിൽ പോയി ഓർഡർ കൊടുത്ത് സാധനങ്ങൾ കുത്തി നിറച്ച ഓട്ടോയിൽ ബോർഡിങ്ങിൽ തിരിച്ചെത്താനും,  വിലയിട്ട് സാധനങ്ങൾ ഒതുക്കി വയ്ക്കാനും ഒക്കെ സിസ്റ്റർമാരുടെ കൂടെ  ഞങ്ങളെല്ലാവരും ഊഴമനുസരിച്ചു കൂടിയിരുന്നു. അതുപോലെതന്നെയാണ്  പ്രവർത്തിപരിചയമേളകളുടെ കാലം.ഏതു തരത്തിലുള്ള പരിശീലന  സാധനങ്ങളും അത്രയും വെറൈറ്റി യിൽ പുതുമയിൽ എത്തിച്ചു തന്നിരുന്നു.
കൂടുതൽ പരിശീലനം വേണ്ട ഇനങ്ങളിൽ മത്സരിക്കാൻ  ബോർഡിംഗ്ഹൗസിൽ താമസിക്കുന്നവരെയാണ് സിസ്റ്റർമാർ തിരഞ്ഞെടുക്കുക. രാത്രികാലങ്ങളിലും,  ഞായറാഴ്ചകളിലും പ്രത്യേക പരിശീലനം കിട്ടാനും,  കൂടുതൽ പരിശീലിപ്പിക്കാനും കൂടി വേണ്ടിയാണിത്. യുപിയിൽ നിന്ന് ഹൈസ്കൂളിൽ എത്തുമ്പോഴേക്കും  ഒരേ ഇനത്തിൽ അഗ്രഗണ്യരായിരിക്കും ഓരോരുത്തരും.. താഴെ വരുന്നവരെ പരിശീലിപ്പിച്ചശേഷമേ അവസരം അവർക്ക് കൈമാറി കോൺവെന്റ് വിടാറുള്ളൂ.
ഓരോ പ്രവർത്തി പരിചയമേളകളുടെ കാലവും CM store ഇൽ നിന്നും വാങ്ങി കൊണ്ടു വരുന്ന സാധനങ്ങൾ കൊണ്ട് വരാന്തകൾ നിറഞ്ഞിരുന്നു. ഇന്നത്തെ പോലെയല്ല അന്ന്.... ഒട്ടു  മിക്ക ഇനങ്ങളിൽ നിന്നുമായി സംസ്ഥാനതലം വരെ ട്രോഫികൾ വാങ്ങിയെ ഞങ്ങൾ തിരിച്ചു വന്നിരുന്നുള്ളു.
 ആ വർഷം ഗണിത. ശാസ്ത്ര -സാമൂഹ്യ- പ്രവർത്തിപരിചയ മേളകൾക്ക് കിട്ടിയ ട്രോഫികളും ആയി  നഗരം ചുറ്റി പ
 പ്രതിക്ഷണം വെച്ച് കൊണ്ട്സ്കൂളിന് ജയ് വിളിച്ചു  CMസ്റ്റോറിന്റെ മുന്നിലെത്തുമ്പോൾ ഞങ്ങൾ കുറച്ചൂടെ ശബ്ദം കൂട്ടി വിളിക്കും, കടയിൽ നിന്ന്  പ്രത്യേകം മിട്ടായി വിതരണവും അവർ മുടക്കാറില്ല. അന്ന് അവിടെ നിന്നും വാങ്ങി മനസ്സിൽ തുന്നി കൂട്ടിയ ക്നിറ്റിങ് സാമഗ്രികളും, കൗതുകവസ്തുക്കളും ചിന്തകളുടെ തട്ടിൻ പുറത്ത് ഭദ്രം.
 ഓരോ പുതുവർഷവും തുടങ്ങിയിരുന്നത് കുമാറിൽ നിന്ന് വാങ്ങിയിരുന്ന ഒരു കെട്ട് ഗ്രീറ്റിംഗ് കാർഡ്സിൽ നിന്നായിരുന്നു. ഓരോ വർഷം നൂറോളം ഗ്രീറ്റിംഗ്  കാർഡുകൾ നിന്ന് നിൽപ്പിൽ സെലക്ട് ചെയ്യും. അയക്കേണ്ടവർക്ക് ഒക്കെ വാങ്ങിക്കോളൂ എന്നും പറഞ്ഞു, കുമാറിന്റെ മുന്നിൽ നിർത്തി, മുത്തശ്ശൻ  തൊട്ടപ്പുറത്തുണ്ടായിരുന്ന എൽഐസി ഓഫീസിൽ പോയിരിക്കും. എത്ര വാങ്ങിയാലും വഴക്കൊന്നും പറഞ്ഞിരുന്നില്ല.  സൗഹൃദങ്ങൾ ജീവിതത്തിൽ ഉണ്ടാകണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് മുത്തശ്ശനാണ്.
  ആ ഓർമ്മ പുതുക്കൽ ഇന്നും തുടരുന്നു. എവിടെയെല്ലാം പോയാലും  വീട്ടിലേക്കുള്ള പുതുവർഷ കലണ്ടറും ഡയറികളും ഇന്നും കുമാറിൽ നിന്ന് തന്നെ വാങ്ങു . ആവശ്യപ്പെടുന്ന
ഏത് പുസ്തകവും പേര്എഴുതിയെടുത്ത് എത്തിച്ചു തന്നിരുന്നു വിജയേട്ടൻ. പതിവുപോലെ അവിടെ ചെന്നപ്പോൾ ഇപ്രാവശ്യം അമ്മമ്മയ്ക്ക് പുസ്തകം ഒന്നും വേണ്ട എന്ന് ചോദ്യം... ആ മറുപടിയും ഒരു ചിരിയിൽ ഒതുക്കി... 


 റോഡ് ക്രോസ് ചെയ്ത്  ഇപ്പാന്റെ പൂക്കടക്ക് മുന്നിലെത്തി. സുഹൃത്ത് തസ്നിയുടെ വാപ്പയാണ്. ബസ്സിറങ്ങുമ്പോളും കയറാൻ പോകുമ്പോഴും എന്തെങ്കിലും സാധനങ്ങൾ വാങ്ങണമെങ്കിൽ  ബാഗുകൾ ഈ കടയിൽ വയ്ക്കാനാണ്  മുത്തശ്ശൻ പഠിപ്പിച്ചത്. എല്ലാ ആഴ്ചയും കണ്ട്കണ്ട്മുത്തശ്ശന്റെ പരിചയക്കാരൻ ആയിരുന്നു ഈ വാപ്പ.
 എപ്പോൾ കണ്ടാലും പരസ്പരം സുഖ വിവരങ്ങൾ കൈമാറും.

 ഇന്നത്തെ വലിയ ബസ് സ്റ്റാൻഡ്  അന്നൊക്കെ വെള്ളം നിറഞ്ഞു നിൽക്കുന്ന വലിയ പള്ളിയെലായിരുന്നു.

  വൈകുന്നേരങ്ങളിലെ മടക്കയാത്രകളിൽ  പൂക്കളും പഴങ്ങളും ഒന്നും വാങ്ങാൻ ഇല്ലെങ്കിലും
ബസ്സ്സ്റ്റാന്റിന്റെ മുന്നിലുള്ള  ഈ തട്ടു കടകൾക്കിടയിലൂടെ പോകുമ്പോൾ  പലതരം പഴുത്ത പഴങ്ങളുടെ കൊതിപ്പിക്കുന്ന മണവും,പാലക്കാടൻ ബസ്സിൽ നിന്നിറക്കുന്ന പൂക്കളുടെ സുഗന്ധവും മനസ്സിൽ നിറച്ച് മടക്കം. ഇനിയും 
ഉടനെ വരണം......... കാത്തിരിക്കാനും  വാത്സല്യത്താൽ ചേർത്തു നിർത്താനും  ആരുമില്ലെങ്കിലും വരാതിരിക്കാനാവില്ല... അത്രമേൽ പ്രിയമാണ് എനിക്ക് എന്റെയിടം . തിരികെ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാനാണ് ഇവിടം പഠിപ്പിച്ചത്.
 അതിന്നും തുടരുന്നു... ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
ചില ഓർമ്മകൾ അണയാത്ത നാളമായി നമ്മുടെ മനസ്സുകളിൽ എന്നും കത്തി കൊണ്ടേയിരിക്കും.. അത്തരം സ്മരണകൾ   ആണ്കാലത്തിന്റെ അതിവേഗത്തിലുള്ള ഒഴുക്കറിയിക്കുന്നത്.
ഓർമ്മകളുടെ പൂന്തോട്ടത്തിൽ നമ്മൾക്ക് ഇഷ്ടപ്പെടുന്ന പൂക്കളാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ.... പുതുവർഷപ്പിറവിയും  നല്ല ഓർമ്മകൾ നൽകുന്നതാവട്ടെ എന്ന ആശംസ മാത്രം .








 


 

തിരികെ.....

പുലരുവോളം പെയ്ത മഴയിൽ മണ്ണും മനസ്സും നനഞ്ഞു കുതിർന്നിരിക്കുകയാണ്....  ഈ വേനലിൽ അവസാന ചുട്ടുപൊള്ളലും കഴിഞ്ഞെന്നു തോന്നുന്നു...നല്ല കാറ്റും ഇട...