Pages

Saturday, April 13, 2024

തേരൂട്ടി മാങ്ങ :4


ഓർമ്മകൾക്കെന്തു
സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം......


വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്....
രാവിലേന്നെ നൊട്ടുമാമ വടുക്കോർത്തു പലതരം ചക്കയും കൊണ്ടുവരും അതിൽ,ഇടിച്ചക്കേം,
ചക്ക പുഴുക്കിനുള്ളതും , ചക്കവറവിനുള്ളതും, പഴുപ്പിക്കാൻ പറ്റിയതും ഒക്കെ ഉണ്ടാവും. പിന്നെ ഓരോന്നും എന്തിനൊക്കെ നല്ലത്..ന്ന് ടീച്ചർക്കൊരു, (അമ്മമ്മക്ക്) ക്ലാസും കൊടുക്കും. മാങ്ങയും തേങ്ങയും ഒരുക്കൂട്ടി
മാനു മാമയും സഹായത്തിനുണ്ടാകും .

പകല് മുഴുവനും അടിക്കലും തളിക്കലുമായി പാറൂട്ടിയമ്മയും.
പതിവ് പണികളും പരിഭവങ്ങളുമായി നാരായണിയമ്മയും.



ഉച്ചയൂണ് കഴിഞ്ഞാൽ ഒരുക്കങ്ങൾ തകൃതി..
ചക്ക വറക്കാനുള്ള ചുള ഒരുക്കലാണ് ആദ്യപണി. അതിന്റെ തലയും വാലും പുഴുക്കിന് മാറ്റും. എത്ര ചെത്തണമെന്നും എങ്ങനെ ചെത്തണമെന്നും, കനം കൂട്ടി പിന്നെ കുറയ്ക്കരുത് എന്നും ചെറിയ കുട്ടിയാവുമ്പോഴേ അമ്മമ്മ കണക്കു പഠിപ്പിക്കുന്ന ഗൗരവത്തോടെ പഠിപ്പിച്ചു തന്നിരുന്നു.
വൈകുന്നേരം ചാച്ചന്റെ കൂടെ മീനച്ചൂടിൽ വിണ്ടുവിള്ളിയ പാടത്ത് എത്തും.
അവിടെയും ഇവിടെയും തോട്ന്റെ വക്കിലുമൊക്കെയായി എരുക്കും പൂവു പറിക്കും. തേക്കിന്റെ ഇലയിൽ പൊതിഞ്ഞ എരിക്കും പൂവ് വീണ്  പോകാതിരിക്കാനായി ചാച്ചൻ കുമ്പിള് കുത്തി തരും.


അതുമായി കാളപൂട്ട് കണ്ടം കടന്ന് 
കടുക്കാം കുന്ന് കയറി, വേട്ടേക്കരൻ കാവിലെത്തും .

കാവിന് പുറകിൽ വലിയ ഒരു അരളി മരം പടർന്നു പന്തലിച്ചു നിൽക്കണ്ട്
അവിടെ ന്നു പെറുക്കി എടുക്കാവിന്നിടത്തോളം  വെളുത്ത അരളി പൂക്കൾ പെറുക്കി തോർത്തിൽ കെട്ടി, കാവിന്നു  നേരെ അറ്റാശ്ശേരി തൊടിയിലേക്ക് ചാടും. അവിടെവിടെയായി കൊളത്തിന് വക്കത്തൊക്കെ കൊന്ന തൈകൾ എല്ലാം പൂത്തുലഞ്ഞു നിൽക്കുന്നുണ്ടാവും.കൂടെ കാട്ടു പുല്ലാനിയും, കാട്ടു മുല്ലയും, കാട്ടു തെച്ചിം ..
കിട്ടാവുന്ന പൂക്കൾ എല്ലാം പറിച്ച്  കേടുവരാതെ ചാച്ചൻ കയ്യിൽ പിടിക്കും.



 കിഴക്കെ തൊടിക്കൂടെ, തൊഴുത്തും കടന്ന്  പൂമുഖത്ത് എത്തുമ്പോൾ  അമ്മമ്മ പറയും  ഹൈ..വിഷു.. കേമായിട്ടന്നെ ആണല്ലോ വരണത് ന്നു .
 ഒന്നൂടെ പൊലിവാക്കാനായി മാലകെട്ടാൻ ഉമ്മറത്തെ തെച്ചിയും തുളസിയും , നന്ത്യാർവട്ടവും, ഒക്കെ അറുത്തുഒരുക്കി ഇടനാഴിയിൽ വെച്ച് വേഗം പോയി മേൽകഴുകി വിളക്ക് വെച്ച് അമ്മമ്മ കേൾക്കാൻ നാമം ചൊല്ലുന്നുന്നു വരുത്തി, പൂമുഖത്തക്കെത്തും . പടക്കവും മത്താപ്പും പൂത്തിരിയും, ഒക്കെ ബാബു മാമയുടെ മേൽനോട്ടത്തിൽ ആണ്.... അന്നും ഇന്നും പേടി ആയോണ്ട് ഞാൻ വിട്ട് നിന്ന് കാണെ ഉള്ളു.

സന്ധ്യ മയങ്ങുമ്പോഴേക്കും കൊട്ട തേങ്ങ നുറുക്കാനുള്ള പണി എനിക്ക് കിട്ടും.കഷ്ണം നുറുക്കാൻഞാൻ കുട്ടിശങ്കരേട്ടൻ ആണ്ന്നു.. പറഞ്ഞു അന്നും ഇന്നും എല്ലാരും ന്നെ കളിയാക്കും.
സ്വന്തം കത്തി ആർക്കും കൈ മാറില്ല ഞാൻ.
 നനു നനൂക്കനെ നുറുക്കണം, നെയ്യിൽ മൂക്കുമ്പോൾ പാറികിടക്കണം ന്നൊക്കെ.അമ്മമ്മ നിർദ്ദേശം തരും.
 
കുഞ്ഞനടുപ്പിൽ കരോല് വെച്ച് ഉരുക്കിയ നെയ്യൊഴിച്ച് മാവ് കോരി ഒഴിക്കുമ്പോൾ ഉണ്ടാകുന്ന നറുമണം മൂക്കിൻ തുമ്പിൽ എത്തുമ്പോഴേക്കും 
മാല കോർക്കാനും കെട്ടാനും പൂവ് ഒരുക്കാനും ആയിട്ട് ചാച്ചൻ ഇടനാഴിയിലേക്ക് വിളിക്കും .


 ആദ്യം പച്ചീർക്കില  കൊണ്ട് കണികണ്ണാടിക്ക് ചാർത്താനുള്ള  
എരിക്കുമൊട്ടുമാല കോർത്ത് കോർത്ത് കോലു കെട്ടി ചുമരിൽ ചാരിവയ്ക്കും.
 പിന്നെ വാഴനാരിൽ അടുക്കടുക്കായി അരളിപ്പൂവ് കൊണ്ട് കണിവെള്ളരിക്ക് ഒരു മാല. തെച്ചിയും തുളസിയും നന്ത്യാർ വട്ടവും ചേർത്ത് നല്ല ചന്തത്തിൽ ഉണ്ണിക്കണ്ണന് ഒരു വനമാല.കൊന്ന പൂവ് കൊലകെട്ടി വീഴാതെ വെക്കും...
 ഇത്രയും കഴിഞ്ഞാൽ ബാക്കിയെല്ലാം ഞങ്ങൾ എല്ലാവരും ഉറങ്ങിയതിനുശേഷമാണ് മുത്തശ്ശനും അമ്മമ്മയും ഒരുക്കിവെക്കുക.
വിളക്കും, കിണ്ടിയും,ഉരുളിയും, അതിൽ വെക്കാനുള്ള സാധനജംഗമ വസ്തുക്കൾ എല്ലാം ഒരു പുൽപ്പായയിൽ നിരത്തി മറച്ചുവെച്ചിരിക്കും.





 ഒരു അടുക്ക്പ്പാത്രം നിറയെ  ഉണ്ണിയപ്പം നിറഞ്ഞാൽ അമ്മമ്മ അത്താഴം വിളമ്പും. അങ്ങോട്ടും  ഇങ്ങോട്ടും പോകുമ്പോഴൊക്കെ എടുക്കുന്ന ഓരോ ഉണ്ണിയപ്പവും കഴിച്ചു കഴിച്ചു വയറു നിറഞ്ഞാലും അത്താഴ പഷ്ണി കിടക്കാൻ പാടില്ല..ന്ന..അമ്മമ്മയുടെ നിത്യമൊഴി കേൾക്കാൻ വയ്യാത്തതുകൊണ്ട് കാച്ചിയ മോരും കൊണ്ടാട്ടം മുളകും കൂട്ടി ഇത്തിരി മാമുണ്ണും.
 അതുകഴിഞ്ഞാൽ അടുത്ത പണി ചക്കവർക്കലാണ്.
 വല്യ ഉരുളിയിൽ ആട്ടിയ വെളിച്ചെണ്ണ വെട്ടി തിളക്കുമ്പോൾ ചക്കചുള ചീന്ത് വിതറി കൊലു കൊലുന്നന്നെ സ്വർണ്ണനിറ മാകുമ്പോൾ കോരിമുറത്തിലിട്ട് ചൂടാറാൻ വയ്ക്കും.


ആദ്യത്തെ ഓട് വറുത്ത് കഴിഞ്ഞാൽ  ഓരോ പിടി അമ്മമ്മ കഴിക്കാൻ തരും. പിന്നെ വേഗം പോയി കിടന്നു ഉറങ്ങാൻ പറയും രാവിലെ നേരത്തെ എണീക്കേണ്ടതല്ലേ.അമ്മമ്മ അപ്പോളും ചക്ക വറുക്കലിനൊപ്പം അട ക്കുള്ള ഒരുക്കങ്ങളും, കുമ്പിളപ്പത്തിനുള്ള ഇല ഒരുക്കലും ആയി  അടുക്കളേൽ ഉണ്ടാകും.


 മുത്തശ്ശന്റെ അമ്മയായ വല്യ മുത്തശ്ശി യും  അന്ന് തറവാട്ടിൽ ഉണ്ടായിരുന്നു. 
അവരെ എല്ലാവരും അമ്മച്ചി ന്നാണ് വിളിച്ചിരുന്നെ.
ഏകദേശം നൂറു വയ്യസിനടുത്തു പ്രായം. ന്റെ അച്ഛമ്മേടെ അമ്മായി ആയിരുന്നു അവർ. വടക്കേ മുറിയിൽ അവരുടെ കൂടെ ഉറങ്ങാൻ കിടന്ന തലമുടി ഞെരടി ഞെരടി നമ്മളെ ഉറക്കും. പതുക്കെ സംസാരിക്കു.... എന്ത് പറഞ്ഞാലും ചെറുതായി ചിരിക്കും,
ടീവീൽ സിനിമ വച്ച അതിന്റെ അടുത്ത് പോയി നോക്കി നിൽക്കും, അടിയും ഇടിയും ഒക്കെ കണ്ട ശിവ ശിവ ന്താ ഇതൊക്കെ ബാലാ.. ന്നു ചാച്ചനോട് ചോദിക്കും.സിനിമ അല്ലെ അമ്മെന്നു ചാച്ചൻ. ഇതൊക്കെയാ കുട്ടിയോളുകാണണേന്നു പറഞ്ഞു മുറിയിലേക്ക് പോവും, ന്നിട്ട് ഇവിറ്റോൾക്കൊക്കെ വറ്റ് വിലങ്ങനെ കുത്തിയ സൂക്കേടാന്നു പറഞ്ഞു പിറുപിറുക്കും. പാവം...അമ്മച്ചി.
ഞാനും ബേബിയും അത് കേട്ട് പരസ്പരം നോക്കും.
അന്നതിന്റെ അർത്ഥം അറിഞ്ഞിരുന്നില്ല. ഇന്നറിയാം.



ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ മുഴുവനും  പിറ്റേന്ന് കിട്ടുന്ന വിഷുക്കൈനീട്ടം,  വിഷുകോടി, അങ്ങനെ അങ്ങനെ മനസ്സിൽ പൂത്തിരി കത്തും.


 
 
കുട്ടികളേ നീച്ചു വന്നോളൂ..... ചാച്ചന്റെ ശബ്ദം കേട്ടാണ് ഉണരുക. അന്നൊന്നും ആരും കണ്ണ് പൊത്തിപ്പിടിച്ച് കണി കാണാൻ കൊണ്ടുപോയിരുന്നില്ല. വീട്ടിലെ ചുമരും ഇടനാഴിയും ഉമ്മറപടിയും ഒക്കെ കാണാപ്പാഠം അല്ലെ. സ്വയം ചുമരിൽ തപ്പിപിടിച്ച് തട്ടി തടയാതെ ഇടനാഴിയിൽ കണിക്ക് മുന്നിൽ വിരിച്ച പുല്ലായയിൽ പോയിരിക്കും. കണ്ണ് തുറക്കണെന്നു മുന്നേ വലത്തെകൈപിടിച്ച് അമ്മമ്മ കിണ്ടിയിൽ കൈ മുക്കി രണ്ട് കണ്ണും അമർത്തി തുടക്കാൻ പറയും.
 എന്നിട്ടെ കണ്ണ് തുറക്കു...

ഇന്നത്തെപ്പോലെ ബാത്റൂമിൽ പോയി മുഖം കഴുകി ബ്രഷ് ചെയ്ത് കുളിച്ചൊരുങ്ങി പുത്തൻ ഉടുപ്പൊക്കെ ഇട്ട്, പിന്നെ ഫോട്ടോയ്ക്കും വീഡിയോക്കും വേണ്ടി കണ്ണുപൊത്തി കണി കാണുന്ന രീതി ഒന്നുമായിരുന്നില്ല അന്ന്.

 മീനം മേടം രാശിയിലേക്ക് മറിയുന്ന  ഉഷ്ണകാലമല്ലേ.
ഇന്നത്തെ പോലെ നൈറ്റ് ഡ്രസ്സുകളും, ഹോംവേയേഴ്‌സും കടകളിൽ പോലും കിട്ടാതിരുന്ന കാലം.
 വേനലിൽ സ്കൂൾ അടച്ചാൽ ഉമ്മറത്തുള്ള ഓട്ടി ക്കാരുടെ കടയിൽ നിന്ന് വാങ്ങിയ മല്ലു തുണി കൊണ്ട്  ടൈലർ ചേച്ചി അടിച്ച കുഞ്ഞു പെറ്റികോട്ടു ആവും വേഷം , ചൂട് കുറക്കാനായി 
ഒത്ത നെറുകയിൽ റിബൺ കൊണ്ട് കെട്ടിവെച്ച ഗോപുരം പോലുള്ള മുടിയും ഒക്കെ ആയി ഉറക്കച്ചടവിൽ കണ്ണ് തുറക്കുമ്പോൾ ചാച്ചൻ പറയും വിഷു കണി കണ്ണ് നിറയെ കണ്ടോളു..... കണ്ണാടിയിലേക്കാണ് നോക്കേണ്ടത്, ആദ്യം കാണേണ്ടത് സ്വന്തം രൂപവും, കൂടെ കണ്ണാടിയിലേക്ക്  മുഖം 
തിരിഞ്ഞിരുത്തിയ അലങ്കരിച്ച കണ്ണനേം, ഉരുളിയിലെ സ്വർണ്ണംചാർത്തിയ കണിവെള്ളരിയും കണിവസ്തുക്കളുംഒക്കെ നോക്കി നോക്കി അവസാനം ആണ് കണ്ണടച്ചുപ്രാർത്ഥിക്കാ... പിന്നെ ചാച്ചന്റെ കൈയിൽ നിന്നും 10 രൂപ കൈനീട്ടം വാങ്ങി നമസ്കരിക്കും ...


ഒന്നുടെ അവിടെ തന്നെ ഇരുന്നു നിലവിളക്കിന്നു നാളം തൊട്ട്ഒരു പൂത്തിരി കത്തിക്കാൻ പറയും,സ്വയം പ്രകാശിക്കാൻ.എല്ലാരും എണീച്ചു വന്നു കണികണ്ടു, കൈനീട്ടം വാങ്ങൽ... കണ്ട് നിൽക്കും.
..ന്നിട്ട് കണിഉരുളിയും ഏറ്റി പിടിച്ചു പോണ ചാച്ചന്റെ കൂടെ പൂമുഖത്തെ തൊഴുത്തിൽക്ക് പോവും...
പയ്യിനേം പൈകുട്ടികളെയും , കോഴികളേം ഒക്കെ കണിഉരുളി കാണിക്കുമ്പോഴേക്കും  നാലു പുറത്തുനിന്നും പടക്കം പൊട്ടുന്ന ശബ്ദം കേൾക്കും.വീട്ടിലും ഇത്തിരി പൊട്ടിക്കും, പൂത്തിരി, മേശപ്പൂവ്, ചക്രം അങ്ങനെ അപകടമില്ലാതെ കുറച്ചു മാത്രം.
 കുറച്ചുനേരം ഉമ്മറത്ത് ഒക്കെ പോയി ജനലിക്കൂടെ ഇതൊക്കെ നോക്കിനിൽക്കും.
അത് കഴിഞ്ഞാൽ പിന്നെ ഉറക്കം ഒന്നും വരില്ല. അമ്മമ്മ അടുക്കളയിൽ വിഷു അട ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടാവും.
എരമംഗലത്തിന്റെ ഇലയിൽ അട വേവുന്ന മണമായിരുന്നു വിഷു പുലരികൾക്ക്.

 രാവിലത്തെ ആദ്യത്തെ പണി അമ്മമ്മയുടെ പഴയ പേഴ്സ് ചോദിക്കലാണ്. ഇത് മുൻകൂട്ടി കണ്ടു അമ്മമ്മ തലേന്ന് തന്നെ ഒന്ന് രണ്ട് കുഞ്ഞി പേഴ്സ് എടുത്തു വച്ചിട്ടുണ്ടാകും.
 കുളികഴിഞ്ഞ് വിഷുകോടി ഇടും.
 ഓണത്തിന്റെ പോലെ വിഷു കോടി കടയിൽ പോയി എടുക്കാറില്ല.
 അമ്മയുടെയോ അമ്മമ്മ യുടെയോ പഴയ ഏതെങ്കിലും പട്ട്സാരി കൊണ്ട് ഞങ്ങൾ രണ്ടാൾക്കും ഒരുപോലെയുള്ള പട്ടുപാവാട തൈപ്പിച്ച് എടുക്കലാണ് പതിവ്.


 പതിവുപോലെ ഒരുമിച്ച് ഒരുങ്ങി വന്നാൽ അന്നുഎല്ലാവരും ഇരട്ടക്കുട്ടികൾ ആണോ എന്ന് ചോദ്യം പതിവായിരുന്നു. അല്ല ഞാൻ ആണ്  ഏടത്തി എന്ന് പറയാൻ അന്നും ഇന്നും ഇഷ്ടം.


തറവാടിന്അപ്പുറത്തുള്ള കല്ലുമ്മായിടെ വീട്ടിലെ 
ചക്കമുല്ലെന്ന് തലേന്ന് മതില് ചാടി പൂവിന്റെയും ചെടിയുടെയും ഉടമയായ പൊന്നു ഏട്ടൻ കാണാതെ കല്ലുമ്മായിയോട് ചോദിച്ചു പൊട്ടിച്ച മുല്ലമൊട്ടൊക്കെ കോർത്തത് ഇലയിൽ കെട്ടി പൊതിഞ്ഞു രാത്രി മഞ്ഞത്ത്  വെച്ച്  എടുക്കുമ്പോൾ പാതി വിരിഞ്ഞ ചന്തം.
 കുളിച്ചൊരുങ്ങി ചാച്ചന്റെ കൈപിടിച്ച്കാവിലേക്ക് പോവുമ്പോൾ ഉമ്മറത്തുന്നു പൊന്നു ഏട്ടൻ കാണുന്നില്ലല്ലോ ന്നു ഒളിച്ചു നോക്കും. ഇതൊക്കെ പറഞ്ഞു കല്ലുമ്മായി ഇന്ന് കണ്ണ് നിറയ്ക്കും. ആർക്കും വേണ്ടങ്കിലും ആ മുത്തശ്ശി മുല്ല ഇന്നും വേലിക്കരികിൽ പൂക്കും.

കാവിൽന്നു കാമ്പ്രത്തെ തിരുമേനി കൈനീട്ടം തരും.
അടുത്തുള്ള വീട്ടിലെ കണികളൊക്കെയും പോയി കാണും...
 അവിടെന്നു ഓടിവന്ന്  അട കഴിക്കും.  കൂടെ ഒരലങ്കാരത്തിന് ചക്കച്ചുള വറുത്തതും ഉണ്ണിയപ്പവും.




പിന്നെ വിഷുക്കൈനീട്ടം മേടിക്കലാണ് അന്നത്തെ പ്രധാന പണി.
അന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഉമ്മറത്ത് വന്നുപോവാത്ത ആളുകളും ഉണ്ടാവില്ല.






 തൊടിയിലും പടിഞ്ഞാറെ പാടത്തും, വളയൻ കണ്ടത്തിലും ഒക്കെ ചാച്ചന്റെ നേതൃത്വത്തിൽ വിഷുച്ചാൽ കൊത്തലും,  വിഷു വിത്തിറക്കലും അന്നത്തെ പതിവ് കാഴ്ചകളായിരുന്നു.ഇന്നും അതൊക്കെ ജോലിതിരക്കിനിടയിലും ബാബുമാമ കൊണ്ട് നടത്തുന്നു.


രാവിലെ മുതൽ വൈകുന്നേരം വരെ വരുന്നവരും പോകുന്നവരും കാണുന്നവരും എല്ലാവരുടെയും വക വാങ്ങി പേഴ്സിൽ വയ്ക്കും.ചാച്ചൻ ഇടക്കിടക്ക് എത്ര ആയി വരവ്.. ന്ന്.. തമാശക്ക് ചോദിക്കും. എന്നിട്ട് ഉറക്കെ ഒരു ശ്ലോകവും ചൊല്ലും. പിന്നെ ഉപദേശം പോലെ
പൈസ ചെലവാക്കാതെ പോസ്‌റ്റോഫീസിൽ കൊണ്ട് പോയി ഇടാനും പറയും. 
വൈകുന്നേരം അമ്മമ്മ രണ്ടാൾടേം പൈസ ഒക്കെ എണ്ണി തിട്ടപ്പെടുത്തി തരും.അടുത്ത കൊല്ലം സഞ്ചയ്കക്കുള്ള ആദ്യഗഡു ആയില്ലെന്ന് ചോദിക്കും... പക്ഷെ 
ഞങ്ങൾ രണ്ടാളും അടുത്ത ഗുരുവായൂർ യാത്രയിൽ വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയാവും മനസ്സിൽ.



 അങ്ങനെ ഉച്ചയ്ക്ക് വിഷു സദ്യ. ഇവിടെ ഒന്നും പായസം വിഷുവിനു പതിവില്ല.ചക്ക വരട്ടിയാൽ അടക്കൊപ്പം ചക്കകൊണ്ട്കുമ്പിളപ്പവും ഉണ്ടാക്കും .
പഴമാങ്ങാ കൂട്ടാനും , ചക്കഎരിശ്ശേരിയും പുളിമാങ്ങപെരുക്കും , പുതിയ കടുമാങ്ങയും, കൈപ്പക്കയും ചക്കക്കുരുവും ഇട്ട ഉപ്പേരിയും, ഇടിച്ചക്ക തോരൻ,ചെരങ്ങാ താളിപ്പ്, പടവലങ്ങയുടെ ഓലനും,  അങ്ങനെ കണിക്ക്  വെക്കുന്ന വേനൽ വിളവുകളാണ്  എന്നത്തേയും വിഷു വിഭവങ്ങൾ.
 എല്ലാത്തിനും മെമ്പോടി ആയി ചെട്ടിയാരുടെ വല്യപ്പടം ചാച്ചനു നിർബന്ധം.അത്താഴത്തിനു വിഷു കഞ്ഞി വെക്കും.
വള്ളുവനാടൻ കൂട്ടോടെ അമ്മമ്മ വെക്കുന്ന വിഷു സ്പെഷ്യൽ കഞ്ഞി...
കുത്തരിയും ഉണങ്ങല്ലരിയും  സമം ചേർത്ത് തേങ്ങാപ്പാലിൽ വറ്റിച്ച്  വറ്റിച്ച് കുറുക്കി വീണ്ടും വറ്റിച്ചു പ്ളേറ്റിൽ ആക്കി കട്ട ആകുമ്പോൾ  മുറിച്ചെടുത്ത്
ശർക്കരപ്പാനി ഒഴിച്ച് കുട്ടികൾക്കുണ്ടാക്കുന്ന സ്പെഷ്യൽ വിഷുക്കട്ടയും. ഏതു വിഭവത്തിനും അമ്മമ്മയുടേതായ  ഒരു കൈക്കണക്കാണ് രുചി.







കുട്ടിക്കാലത്തെ വിഷുവിന് ന്നല്ല ഒരാഘോഷത്തിലും അച്ഛനും അമ്മയും കൂടെയുള്ളത് ഓർമ്മയിൽ ഇല്ല.10 വർഷത്തോളം അച്ഛന് ഡയാലിസിസ്, സർജറി ഒക്കെ ആയി എന്നും കോഴിക്കോട് മെഡിക്കൽ കോളേജ്ൽ ആയിരിക്കും .എല്ലാവരും അവിടെ പോയി കാണാറ്ആണ് പതിവ്.
അപൂർവമായേ വീട്ടിൽ ഉണ്ടാവൂ. മെഡിക്കൽ കോളേജ് പേ വാർഡിലെ A12 എന്ന മുറിയിൽ വർഷങ്ങളോളം അച്ഛനായിരുന്നു...
ജേഷ്ഠസഹോദര കരുതലോടെ ഡോക്ടർ തോമസ് മാത്യു സർ.. അച്ഛന് ദൈവതുല്യനായിരുന്നു അദ്ദേഹം... വർഷങ്ങൾക്കിപ്പുറം ഇന്നും അദ്ദേഹം അച്ഛനെ മറന്നിട്ടില്ല...
 


അന്നൊക്കെ വിശേഷ ദിവസങ്ങളിൽ 
വൈകുന്നേരത്തേക്ക് അച്ചച്ചന്റെ തറവാടായ എഴുവന്തലയിൽ നിന്ന് നിന്ന് മൂത്ത വല്യച്ഛൻ വരും. കൂടെ വല്യമ്മയും ഉണ്ടാകും. 
എപ്പോൾ വരുമ്പോളും അച്ഛമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജിലേബിയും കറുത്ത ഹൽവയും മറക്കാതെ വാങ്ങികൊണ്ട് വരും ..
 ഞങ്ങൾക്ക് വിഷുക്കൈനീട്ടവും
 വിഷു കോടിയും എല്ലാം കരുതിയിട്ടുണ്ടാവും.
തട്ടകമായ മുളയങ്കാവിലെ കാള വേലക്കു കൊണ്ടുപോവാൻ വരാമെന്നു പറഞ്ഞ തിരിച്ചു പോവാ.
വിഷുവിന്റെ അടുപ്പിച്ചു വൈകുന്നേരം  ഇവിടങ്ങളിലൊക്കെ കാരണവർമാർക്ക് കർമം കൊടുക്കലും, മച്ചിലെ പൂജകളും , പാമ്പും കാവുള്ള തറവാടുകളിൽ ഒക്കെ സർപ്പത്തുളളലും പതിവാണ്.


 കർമം കൊടുക്കലൊക്കെ അച്ഛമ്മടെ വീടായ  ഇളയ വല്യച്ഛന്റെ വീട്ടിലാണ് നടക്കാറ്.
 മിക്കവാറും വിഷു പിറ്റേന്ന്  പാടത്തിന്റെ അക്കരയ്ക്കുള്ള  അച്ഛമ്മയുടെ വീട്ടിലേക്ക്  ഞങ്ങളും അച്ഛമ്മയും പോകും. തൊട്ടടുത്തുള്ള അയൽവാസികളും, ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങ്.
 അതിന്റെ ഒരുക്കങ്ങളും, ചടങ്ങുകളും ഇന്നും കൗതുകം നിറഞ്ഞതാണ്.
 
രാവിലെ തന്നെ  വല്യമ്മ നെല്ല് വറുത്തു മലർ എടുക്കും, ഉമി പൊടിക്കും.
തവിടുണ്ടാക്കും.
ഉണ്ണിയപ്പത്തിനും, ഉഴുന്നുവടക്കും  മാവു കൂട്ടി വെക്കും. ചേച്ചിമാരും കൂടും.
 പിന്നെ ഉച്ചയൂണ് കഴിഞ്ഞാൽ പൂപറിക്കലും ഒരിക്കലുമാണ് കുട്ടികളുടെ പണി.
 വൈകുന്നേരത്തോടെ അടുത്തുള്ള തോട്ടിൽ പോയി കുളിച്ചു വന്ന്  കാർമികരെ ഒക്കെ നോക്കിയിരിക്കും.
മച്ചിലെ ഭഗവതിക്കും, കാരണവർമാർക്കും എല്ലാം ആദ്യ പൂജ.അത് മാർക്കംതടത്തിലെ കുമാരേട്ടനാണ് ചെയ്യാ.
 അപ്പോൾക്കും അടുക്കളപ്പുറത്ത് നിറയെ സ്ത്രീകൾ ആയിരിക്കും. അകത്ത് അടുപ്പും പുറത്തടുപ്പും ഒക്കെ കത്തിച്ചിരിക്കും.
 ഉണ്ണിയപ്പവും, ഉഴുന്നുവടയും, മുതിരപ്പുഴുക്കും,  കരിക്കിൻ വെള്ളവും അകത്ത് നേദിക്കും. കൂടെ അവിലും  മലരും ചക്കരയും പഴവും. ആദ്യ പൂജ കഴിഞ്ഞാൽ ഇതൊക്കെ കുട്ടികൾക്ക് കഴിക്കാം. പിന്നെ എല്ലാവരും കഥ പറഞ്ഞു കളി പറഞ്ഞു താഴിയേരത്തിൽ കൂടും. അച്ഛമ്മ എല്ലാടത്തും മേൽനോട്ടം വഹിച്ചു നടക്കണ്ടാവും.
 ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഉയരമുള്ള ,നിറമുള്ള, ഒരുപാട് മുടിയുള്ള സുന്ദരി യായ സ്ത്രീയായിരുന്നു എന്റെ അച്ഛമ്മ.... എല്ലാവരുടെയും പ്രിയപ്പെട്ട അമ്മുഏടത്തി....
 95 വയസ്സിലും വെളുത്തു ചുവന്നു ചുക്കി ചുളിഞ്ഞ ഇടത്തെ മൂക്കിലെ പൈറ്റുടി നിറമുള്ള മൂക്കുത്തിക്ക് വല്ലാത്തൊരു അഴകായിരുന്നു.
കൂടാതെ കുടുംബത്തിലെ ഏറ്റവും ധൈര്യമുള്ള സ്ത്രീ..ന്റെ..അച്ചമ്മ ആണ്എന്ന് അച്ഛമ്മയുടെ അനിയൻ സ്ഥാനത്തുള്ള എന്റെ ചാച്ചൻ പറയും. 
 10 പ്രസവിച്ചെങ്കിലും ആരോഗ്യകമ്മിയാൽ 
എട്ടു മക്കളുടെയും, ചെറുപ്പത്തിലേ   
ഭർത്താവിന്റെയും മരണാനന്തര ചടങ്ങുകളിൽ മനോബലത്തോടെ കരയാതെ നാരായണ നാരായണ ജപിച്ചിരുന്നത്രെ.... 
ഇളയ മകനായ എന്റെ അച്ഛൻ മരിച്ചപ്പോളും ഞാനത് നേരിട്ട് കണ്ടതാണ്. ആരുടെ മരണത്തിലും കണ്ണീർ വീഴ്ത്താതെ നാരായണ നാരായണ ജപിക്കണമെന്ന് അച്ഛമ്മയുടെ തത്വം.
കരയാനും പരിഭവിക്കാനും ഒരുപാട് അനുഭവ സമ്പന്നമായിരുന്നു ജീവിതമെങ്കിലും ഒരിക്കൽപോലും എന്റെ അച്ഛമ്മ കരയുന്നത് ആരും കണ്ടിട്ടില്ല.
അന്നും ഇന്നും എന്നെന്നും എനിക്ക് സ്നേഹിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായെങ്കിലും, എന്നെ  സ്നേഹിച്ചത്അഥവാ ഞാൻ പൂർണമായും സ്നേഹിക്കപ്പെട്ടത് 
ന്റെ അച്ഛമ്മയാലാണ്.
ന്റെ കല്യാണതലേന്ന് വരെ മാത്രേ അച്ഛമ്മയെ നോക്കാൻ നിക്ക് പറ്റിയുള്ളൂ.

ഞാൻ കല്യാണം കഴിഞ്ഞു പോയപ്പോൾ അന്നെന്നെ അച്ഛമ്മയെ അച്ഛമ്മേടെ വീട്ടിലേക്ക് വല്യച്ഛൻ കൊണ്ട് പോകയാണ് ഉണ്ടായത്.
കിടപ്പിലായി ഓർമ കുറഞ്ഞപ്പോൾ അച്ഛമ്മക്ക്കൂടുതൽ ആൾ സഹായം വേണമായിരുന്നു.
അമ്മപകൽ അച്ഛമ്മേടെ വീട്ടിലും, രാത്രി അമ്മമ്മേടെ വീട്ടിലും ആയി അച്ഛമ്മേടെ മരണം വരെ അവിടെ പോയി നോക്കി...
എല്ലാ വീടുകളും അടുത്തടുത്തായതിനാൽ യാത്രബുദ്ധിമുട്ട് ആർക്കും ഇല്ല... അന്നൊക്കെ ഏറെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നതൊക്കെയും ഇന്ന് വെറും വീടുകളായി മാറിയിരിക്കുന്നു....

ഓർമകളെ മുറുകെ പിടിച്ചു എന്നെപോലെ ഞാനും.


അന്നൊക്കെ രണ്ടാം പൂജ വിളങ്ങു  ആണ് ചെയ്യാറ്. അത് കഴിയുമ്പോൾക്കും പാതിരാക്കോഴി കൂവും. ആ നേരത്തിനിടക്കാണ് താഴിയേരത്തിലെ ഇരുട്ടത്തിരുന്നു ഒരുപാട് കഥകൾ കേൾക്കാ.... ഞാനും ബേബിയും, സിമി ചേച്ചിയും ആയിരുന്നു ഏറ്റവും ചെറിയ കുട്ടികൾ.
ബാക്കിള്ളോരൊക്കെ ഞങ്ങളെക്കാ അഞ്ചും പത്തും വയസ്സിനു മൂത്തവർ. ന്റെ വല്യച്ഛന്റെ മൂത്തമകൾക്ക് ന്നേക്കാൾ ഇരുപത് വയസ്സോളം കൂടും.
ഈ ദിവസം ആണ് രാജേട്ടനും സജിയേട്ടനും, മുരളിയേട്ടനും ബാബുട്ടനും ഒക്കെ പ്രേതഭൂതകഥകൾ കൊണ്ട് വീരൻമാർ ആകുന്ന ദിവസം. ഞങ്ങൾ പേടിച്ചു വിറച്ചു കണ്ണും തുറിച്ചിരിക്കും... ഇടവഴിയിലെ ഒടിയനും, പാലാചോട്ടിലെ യക്ഷിയും തെക്കേ തൊടിലെ കരിങ്കുട്ടിയും ഒക്കെ പൊടിപ്പും തൊങ്ങലും വച്ചു പറയും.
താഴിയരത്തിലെ കട്ടിലിൽ കിടന്ന് ചെവി ഇത്തിരി കമ്മി ആണേലും അച്ഛമ്മ ഇതൊക്കെ ശ്രദ്ധിക്കണ്ടാവും.... 
ന്റെ പേടി അച്ഛമ്മക്ക് നല്ലോണം അറിയാം... ഞാൻ നീങ്ങി നീങ്ങി അച്ഛമ്മടെ കട്ടിലിന്റെ താഴെഎത്തിട്ടുണ്ടാവും. ഇടക്ക് പേടി തോന്നിയ,
ഒരു ധൈര്യത്തിന്  അച്ഛമ്മടെ നീണ്ടവിരലുകൾ ഉള്ള വലിയ കൈപ്പത്തിയിൽ ന്റെ..കുഞ്ഞികൈ കൊണ്ട് മുറുക്കി പിടിക്കും.... അപ്പൊ അച്ഛമ്മ പറയും.."ടാ.. കുട്ടിയോളെ പേടിപ്പിക്കേണ്ട... ഉണ്ണിപാപ്പൻ ഇവിടെ ഇല്ലാത്തതാ... 
കുട്ടി പേടിക്കും."
പിന്നേം ഇവർ കഥതുടരും... അപ്പോൾക്കും പുറത്തെ പൂജ കഴിഞ്ഞു കള്ളും കോഴിയും കൊടുക്കണതൊക്കെ ഞങ്ങൾ തട്ടിൻപുറത്തെ മുറിയുടെ ജനലിൽ കൂടെ കാണും.
അത് കഴിഞ്ഞ ഇലയിട്ട് ചൂട് ദോശയും നാടൻകോഴികൂട്ടാനും വിളമ്പും.പാതിരാത്രി പാതി ഉറക്കത്തിൽ കഴിക്കുന്ന ആ ദോശടേം മല്ലിമാത്രംഇട്ട നാടൻ കോഴിടേം രുചി മറ്റൊരു നേരത്തു കഴിച്ചാലും കിട്ടില്ല.കൊല്ലത്തിൽ ഒരിക്കൽ ഉണ്ടാകുന്ന ഈ പൂജ ഇന്നും തറവാടുകളിൽ തുടരുന്നു . അത് കഴിഞ്ഞു വന്നവരൊക്കെ ചൂട്ടും കത്തിച്ചു ഓരോ ഇടവഴിക്ക് പോവും. ദൂരെന്ന് വന്നവർക്ക് ഒക്കെ ഉമ്മറത്തേക്ക് പുൽപായേം തലയണയും കൊടുക്കും. അന്നൊക്കെ എത്ര ആൾ വന്നാലും ഇറയത്ത് കയറു കെട്ടി പുൽപായ ഒക്കെ അടുക്കി അടുക്കി വച്ചിട്ടുണ്ടാവും.
അച്ഛമ്മേം കുട്ടികളും എപ്പോളും ഒരുമിച്ച കിടക്ക.
നേരം വെളുക്കാണെന്നു മുന്നേ എണീക്കും,ന്നിട്ട് ബാക്കി കഥ കേൾക്കും, വടുക്കോർത്തെ കഴുക്കോലിൽ കയറിട്ടു കലത്തിൽ കെട്ടി തൂക്കിയ ഉമികരി കൊണ്ട് അച്ഛമ്മ പല്ല് തേപ്പിക്കും.വല്യച്ഛൻ പച്ചീർക്കില്ല പൊട്ടിച്ചു തരും. കുട്ടിക്കൂട്ടം 
ജാഥപോലെ തോട്ടിൽ പോയി കുളിക്കും, വന്നാൽ കട്ടൻ കാപ്പിക്കൊപ്പം വീണ്ടും തലേന്നത്തെ ബാക്കി വിഭവങ്ങളും, പത്തു മണി കഞ്ഞിക്ക് ചക്കകൂട്ടാനും, സ്രാവ് വറുത്തതും,ചുട്ട പപ്പടോം ഒക്കെ ഉണ്ടാവും.







അത് കഴിഞ്ഞ പാടത്തൂടെ വീട്ടിൽക്ക്, 46 കൊല്ലം മുന്നേ..ന്റെ കുടുംബത്തിലെയും നാട്ടിലെയും ആദ്യത്തേ ടെറസ് വീടായതിനാൽ അന്നും ഇന്നും ഞങ്ങളുടെ വീടിന്റെ ഓമനപേര് വാർപ്പ്ന്നാണ്. ഇപ്പോളും അച്ഛന്റെ വീട്ടുകാരോക്കെ വാർപ്പിൽക്ക് പോവാന്ന് പറയുമ്പോൾ ഞാൻ ചിന്തിക്കും നാട്ടിൽ ഇപ്പോ എല്ലാ വീടും വാർപ്പല്ലെന്നു.






വീട് പണി കഴിഞ്ഞപ്പോതന്നെ ചെല്ലപ്പെട്ടിയും,
കൊളാമ്പിയും, കിണ്ടിയും,ഒക്കെ ചാക്കിൽ കെട്ടി ഞാനും ഉണ്ണീടെ ഒപ്പം വാർപ്പിൽക്ക് പോവാന്ന് പറഞ്ഞ് തറവാട്ടിന്നു അമ്മടെ മുന്നേ അച്ഛമ്മയാണത്രെ ആദ്യം യാത്ര പറഞ്ഞിറങ്ങിയത്.
ഇന്നും അമ്മേം വല്ല്യമ്മേം അത് പറഞ്ഞു ചിരിക്കും.




 അന്ന് തൊട്ട് എന്നും അമ്മക്ക് തുണ അച്ഛമ്മയായിരുന്നു. അമ്മ കണ്ട ചെറിയ ലോകത്തിലെ ഏറ്റവും നല്ല അമ്മായിഅമ്മ എന്നാണ് അമ്മ അച്ഛമ്മയെ പറയാറ്. ഇടിയും മിന്നലും ഉള്ള രാത്രികളിൽ അച്ഛമ്മയെ കെട്ടിപിടിച്ചാണ്   ന്റെമ്മ ഉറങ്ങാറ്. 
അച്ഛന്റെ മരണശേഷം എവിടെ പോയാലും ഇരുട്ടായാൽ ന്റെ തങ്കമണിക്ക് പേടിയാണ്ന്നു പറഞ്ഞു എത്ര ദൂരെന്നും അച്ഛമ്മ വീടെത്തും.... ദൂരയാത്ര പോവാനും, മാറി മാറി വരുന്ന പുത്തൻ സിനിമകൾ തിയറ്ററിൽ പോയി കാണാനും അച്ഛമ്മക്ക് നല്ല ഉത്സാഹമായിരുന്നു.
കടുത്ത മമ്മൂട്ടി ഫാൻ ആയിരുന്നു അച്ഛമ്മ.
അമ്മക്ക് രണ്ടു ചെറിയ കുട്ടികളെ ഒരുമിച്ചു നോക്കാൻ ബുദ്ധിമുട്ട് ആവാതെ എവിടെ പോവുമ്പോളും ഒരു കുപ്പി പാലും, രണ്ടു പഴവും കൈയിൽ പിടിച്ചു എന്നേം ഒക്കത്ത് വച്ചാണത്രെ പുലാമന്തോൾ വരെ നടന്ന് മാറ്റിനി ഷോ കണ്ട് പോന്നിരുന്നേ. കുടുംബത്തെ പെൺകുട്ടികളെ ഒക്കെ അച്ഛമ്മക്ക് ഒപ്പം ആണത്രേ സിനിമക്ക് വിട്ടിരുന്നത്.
നല്ല സിനിമക്കൊക്കെ അമ്മമ്മയും കൂടെ പോയിരുന്നത്രെ.
അത് പോലെ നന്നായി വായിക്കും... എല്ലാതരം പുസ്തകങ്ങളും പലരുടേം സഹായത്തോടെ ലൈബ്രറിന്നു എടുത്ത് വായിച്ചിരുന്നത്രെ..
നോവലും, കഥകളും, രാമായണം എത്ര ആവർത്തി വായിച്ചു പൂർത്തിയാക്കിയിരിക്കുന്നു എന്ന് അച്ഛമ്മയ്ക്ക് നിശ്ചയം ഇല്ല്യ. മാതൃഭൂമി ആഴ്ച പതിപ്പായിരുന്നു അച്ഛമ്മയുടെ പ്രിയപ്പെട്ട വാരിക . കൂടെ ഞങ്ങൾക്കുവേണ്ടി വാങ്ങുന്ന ബാലരമയും, പൂമ്പാറ്റയും, ലേബർ ഇന്ത്യയും ഒക്കെ വായിക്കും.
95 വയസ്സിൽ സ്ട്രോക് വരുന്ന വരെ കണ്ണട പോലും ഉപയോഗിച്ചിരുന്നില്ല. പക്ഷെ ഇങ്ങനെ ഒക്കെ ആണേലും അമ്മച്ചിയും, അച്ഛമ്മയും അവസാനം വരെ വീട്ടിൽ കുപ്പായം ധരിച്ചിരുന്നില്ല. പുറത്തു പോവുമ്പോൾ മേൽമുണ്ട് പുതക്ക മാത്രം... ഒരുപാട് തവണ ഞാൻ നിർബന്ധം പറഞ്ഞിട്ടും, കുപ്പായം അടിച്ചു കൊടുത്തിട്ടും ആ ശീലം അച്ഛമ്മ മാറ്റിർന്നില്ല.... കുന്നൂർ ത്തെ അമ്മായിടെ അടുത്ത് വല്ലപ്പോളും നിക്കാൻ പോകുമ്പോൾ തണുപ്പത്തു ഇടാൻ അവർ തുന്നി കൊടുത്ത 
രണ്ടു പട്ടു കുപ്പായം അച്ഛമ്മയുടെ ഇരുമ്പു ട്രങ്കിൽ ഇന്നും എന്നിലെ ഓർമ്മകൾ പോലെ പിന്നി പൊടിഞ്ഞിരിപ്പുണ്ട്...

 "ഓർമ്മകൾക്ക് എന്ത് സുഗന്ധം ആത്മാവിൻ നഷ്ട സുഗന്ധം."

ഒന്ന് കണ്ണടച്ചപ്പോൾ കണ്ടത് .....രാത്രി വൈകി ചാച്ചൻ കണി ഒരുക്കുന്നു...
.....അമ്മമ്മ ഉണ്ണിയപ്പം ഉണ്ടാക്കുന്നു....അമ്മച്ചി വടക്കേറക്കുള്ളിൽ കൂനിപിടിച്ചിരിക്കുന്നു.
 അച്ഛമ്മ വടുക്കോർത്തെ ബെഞ്ചിലിരുന്നു നാരായണ ജപിക്കുന്നു.... എല്ലാം കണ്ടു മനം നിറഞ്ഞു കണ്ണ് തുറന്നപ്പോൾ.... ഇപ്രാവശ്യം വിഷു ഇല്ലന്നു പറഞ്ഞു ഉറക്കം വരാതെ കിടക്കുന്ന അമ്മ..... വേനൽ മഴ ചാറലിൽ നേർത്ത കാറ്റിനായി ജനലിൽ കൂടെ നോക്കി, ഒരു പൂവ് പോലുമില്ലാതെ പച്ചില പുതച്ചു മുറ്റത്തെ കൊന്നതൈ.
ഉമ്മറത്തു തിണ്ണയിൽ കുറച്ചു മാസമായി അമ്മമ്മയെ കാണാത്തൊണ്ടു പൂത്തില്ലന്ന് പറയാതെ പറയുന്ന തൊടിയിലെ കൊന്നമരം.
ചൂട് സഹിക്കാതെ ഇത്തിരി തണുപ്പിനായ്
ഇടനാഴിയിലെ നിലത്തു കിടന്നു....ചുമരിലേക്ക് നോക്കിയപ്പോൾ 
"ചാച്ചനല്ലാതെ ആരും ന്നെ ഒരുക്കണ്ടാന്ന് പറഞ്ഞു ശീഭോതി കൂട്ടിൽ തെറ്റി ഇരിക്കുന്ന ഉണ്ണികണ്ണൻ."

അക്കരെന്നും ഇക്കരെന്നും പടക്കങ്ങൾ പൊട്ടണ ഒച്ച കേട്ടു കേട്ട്കിടന്നു മയങ്ങിപോയി ....
വീണ്ടും പുലർച്ചെ അതെ ശബ്ദങ്ങൾ തന്നെ തട്ടിയുണർത്തി..... ഇപ്രാവശ്യം കണിയും കൈനീട്ടവും ഇല്ല... 
പകരം കൈകുമ്പിളിൽ ഓർമകളുടെ ഇത്തിരി നന്മപ്പൂക്കൾ മാത്രം.


തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...