🌈മെയ് മാസത്തിലെ അവസാന ദിവസങ്ങൾ വളരെ തിരക്കുപിടിച്ചവ യായിരുന്നു . ഒരുപാട് വർഷങ്ങളായുള്ള ശീലം.. എന്നുമുതലാണ് അത്രയും തിരക്കുകൾക്ക് തുടക്കം ........ ഓർത്തെടുക്കുവാൻ എളുപ്പമാണ്.
ആദ്യത്തെ സ്കൂളും ആദ്യത്തെ ക്ലാസ് ടീച്ചറും അവിടുത്തെ അനുഭവങ്ങളും മനസ്സിൽ എന്നും മിഴിവാർന്നുണ്ട്.
അന്നത്തെ....വീട്ടിലെ തിരക്കുകൾ
അത്രയധികം ഓർക്കുന്നില്ല. പക്ഷേ അഞ്ചാം ക്ലാസ് മുതലുള്ള ഓരോ അവധിക്കാലവും ഒരുക്കങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്.
മെയ് രണ്ടിന് റിസൾട്ട് അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റു കാർഡുമായി പോസ്റ്റുമാന്റെ ഒരു വരവുണ്ട്. എൽ എസ് എൻ കോൺവെന്റ് ബോർഡിങ് ഹൗസിലെ എല്ലാ കുട്ടികളെയും റിസൾട്ട് അറിയിച്ചിരുന്നത് ഒരു പോസ്റ്റ് കാർഡിലൂടെ യാണ്. സ്കൂൾ അടച്ചു വീട്ടിലേക്ക് വരുന്നതിന്റെ തലേദിവസം അത്താഴം കഴിഞ്ഞ്, റിക്രിയേഷൻ ടൈമിൽ വാർഡൻ സിസ്റ്റർ ഒരു പത്തു തൊണ്ണൂറ്കാർഡുമായി വരും.
അതിൽ ഓരോരുത്തരും അവനവന്റെ ഹോം അഡ്രെസ്സ്
എഴുതി തിരുച്ചേൽപ്പിക്കണം. അന്ന്ബോർഡിങ്ങിൽ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു.
ഏകദേശം 90 ഇൽ അധികം.
കുട്ടികൾക്ക് കിടക്കാൻ സ്ഥലമില്ലാതെ അഡ്മിഷൻ നിർത്തുകയാണ് പതിവ്.
അന്നൊക്കെ എൻട്രൻസ് ടെസ്റ്റ് എഴുതി സ്കൂളിൽ അഡ്മിഷൻ കിട്ടിയാലും, ബോർഡിംഗിൽ സീറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു.
ഇന്നും ഞാൻ ഓർക്കുന്നു..
ബോർഡിംഗിൽ സീറ്റ് ഇല്ലാത്തതിനാൽ സ്കൂളിൽ കിട്ടിയ അഡ്മിഷൻ വേണോ വേണ്ടയോ എന്ന് മുത്തശ്ശൻ തീരുമാനമെടുക്കുമ്പോൾ, എന്റെ അമ്മായിയുടെ വല്യമ്മ കൂടിയായ കോൺവെന്റ്ലെ ഗണിത അദ്ധ്യാപിക പത്മാവതി ടീച്ചർ ആണ് എനിക്ക് വേണ്ടി ശുപാർശ ചെയ്തത്. പത്തു വയസ്സ് തികഞ്ഞാൽ മാത്രമേ ബോർഡിംഗിൽ താമസിക്കാൻ അനുവദിക്കുമായിരുന്നു ഉള്ളൂ. എന്റെ അനിയത്തിക്ക് 9 വയസ്സ് ആയതുകൊണ്ട് പിറ്റേ വർഷത്തേക്ക് സ്കൂൾ അഡ്മിഷൻ നീട്ടിവെച്ചു.
സ്ഥലം ഇല്ലാത്തതുകൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ
ചേച്ചിയുടെ കട്ടിലിനടിയിൽ കിടന്നോളാം എന്നു പറഞ്ഞവൾ..കരഞ്ഞത് ഞാനിന്നുമോർക്കുന്നു.
LSN കോൺവെൻറ് ലേക്ക് ഉള്ള ആദ്യ യാത്ര ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല.
അഡ്മിഷൻ കഴിഞ്ഞു പോരുമ്പോൾ തന്ന ഒരു വലിയ ലിസ്റ്റ് സാധനങ്ങളുടെ ശേഖരം തന്നെ ഉണ്ടായിരുന്നു കൈവശം.
സ്കൂളിലേക്ക് ആവശ്യമുള്ളതും, ബോർഡിങ് ഹൗസിൽ ഉപയോഗിക്കാൻ ഉള്ളതുമായ എല്ലാവിധ സാധന ജംഗമ വസ്തുക്കളുമായി കുത്തി നിറച്ച ഒരു കാറിൽ കൊലയ്ക്കുകൊടുക്കാൻ കൊണ്ടു പോകുന്നത് പോലെ കണ്ണു കലങ്ങി ഞാൻ ഇരുന്നത് ഇന്നുമോർക്കുന്നു. ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു അധ്യായത്തിലേക്ക് ആണ് ഞാൻ ചെന്ന് കയറുന്നത് എന്ന് അറിയാതെ ആയിരുന്നല്ലോ ആ യാത്ര.
ഒറ്റപ്പാലത്ത് എത്തി,ഇന്നും സ്റ്റാൻഡിന്റെ മറുവശത്തുള്ള കോസറി കടയിൽ നിന്നും ഒരു കള്ളി കൊസാറിയും കുട്ടി തലയിണയും,
സി എം സ്റ്റോറിൽനിന്ന് ബക്കറ്റും രണ്ട്കപ്പും വാങ്ങി ഒരു നാല് മണിയോടുകൂടി നീണ്ട 14 വർഷത്തെ ഹോസ്റ്റൽ ജീവിതത്തിന് തുടക്കം ആണെന്ന് അറിയാതെ വലതുകാൽ വച്ച് ബോർഡിങ് ഹൗസിൽ കയറി.
അന്ന് വരെ ആരുടെ മുന്നിലും കരയാത്ത, എപ്പോളും ചിരിക്കുന്ന എന്റെ മുഖമേ ഞാനും കണ്ടിട്ടുള്ളു.
നിറ പുഞ്ചിരിയുമായി സ്വീകരിക്കാൻ കൊച്ചന്ന ചേച്ചിയാണ് ആദ്യം എത്തിയത്. ചെറിയ കുട്ടികളുടെ ഉത്തരവാദിത്വം അവർക്കാണ്. അവരുടെ കട്ടിലിന്റെ തൊട്ടടുത്തുള്ള കട്ടിൽ ചൂണ്ടികാണിച്ച് ഏറ്റവും ചെറിയ കുട്ടിയല്ലേ നീ ഇവിടെ കിടന്നോ എന്ന് പറഞ്ഞു. അങ്ങനെ ജീവിതത്തിലാദ്യമായി സ്വന്തമായി ഒരു കട്ടിൽ കിട്ടി....
അവിടെനിന്ന് രണ്ടടി നടന്ന സ്റ്റഡി റൂമിലെത്തി അടച്ചുറപ്പുള്ള ഒരു മേശ കാണിച്ചു തന്നു. അതിനുമുകളിൽ എന്റെ പേര് എഴുതി വെച്ചിരുന്നു.
സുജിത. ടി -5th std.
സ്വന്തമായി പുസ്തകങ്ങളെല്ലാം സൂക്ഷിക്കാൻ, ഒരു പഠന മേശ.
ഒരു കോണി കയറി മുകളിലേക്ക് നടന്നു. അവിടെ ഓരോ കുട്ടികൾക്കും പെട്ടിയും സാധനങ്ങളും വയ്ക്കുന്നതിനായി സ്റ്റാൻഡും, വസ്ത്രങ്ങൾ ഇടുന്നതിനായി മരപ്പടികളും ഉണ്ടായിരുന്നു.
ഡോർമെറ്ററി എന്നും, ഡ്രസ്സിങ് റൂം എന്നും, സ്റ്റഡി റൂം എന്നും, മെസ്സ് ഹാൾ എന്നും, റിക്രിയേഷൻ ഹോൾ എന്നും, പ്രയർ ഹാൾ എന്നും, വാഷിംഗ് ഏരിയ എന്നുമൊക്കെ ആദ്യമായി പറഞ്ഞുതന്നത് ക്ലമന്റ് മേരി സിസ്റ്റർ ആണ്. കുട്ടികളുടെ സെക്കന്റ് വാർഡൻ ആയിരുന്നു അവർ. സിസ്റ്റർ മേഴ്സി ആയിരുന്നു എന്റെ ആദ്യത്തെ ബോർഡിങ് വാർഡൻ.
എല്ലാവരെയും പരിചയപ്പെട്ട്, എന്റെ ഉത്തരവാദിത്വം സിസ്റ്റേഴ്സ്നെ ഏൽപ്പിച്ചു
വീട്ടുകാർ തിരിച്ചു പോവാനായി വണ്ടിയിൽ കയറി. രണ്ടുസം കഴിഞ്ഞു വരാമെന്നു ചാച്ചൻ പറഞ്ഞു.പോരോവോളം അത് തുടന്നു. എല്ലാ ബുധനാഴ്ചയും ചാച്ചൻ കാണാൻ വരും. വെള്ളിയാഴ്ച വൈകുന്നേരം ട്രെയിനിൽ കോഴിക്കോട് മെഡിക്കൽ കോളേജ്ലേക്ക്, തിങ്കളാഴ്ച രാവിലെ വീണ്ടും ഒറ്റപാലത്ത്.... ഏകദേശം 3 വർഷത്തോളം അതായിരുന്നു മുത്തശ്ശന്റെ കടമ. അച്ഛന്റെ മരണം വരെ എല്ലാ ആഴ്ചയും അത് തുടർന്നു. മരണം കാത്തു കിടക്കുന്ന അച്ഛന് എല്ലാവരും ചേർന്ന് നൽകിയ ഇത്തിരി ആശ്വാസങ്ങളിൽ ഒന്ന്. ഇടക്കൊക്കെ സിസ്റ്റേഴ്സും ആ യാത്രയിൽ കോഴിക്കോട്ടേക്ക് ഉണ്ടാവും. ഹോസ്പിറ്റലിൽ വന്നു പ്രാർത്ഥന ഒക്കെ കഴിഞ്ഞു മടക്കം. അതിനാൽ തന്നെ ആ കാലഘട്ടത്തിലെ സിസ്റ്റേഴ്സ് ന്റെ പ്രിയപ്പെട്ട മക്കളായിരുന്നു ഞാനും ബേബിയും. ഇന്നും തുടരുന്ന ബന്ധം.
അമ്മ കണ്ണ്നിറഞ്ഞു കാറിൽ കയറി. അച്ഛൻ അപ്പോൾ ദൂരത്തേക്ക്എവിടേക്കോ നോക്കി എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടി കിഴിച്ചിരിക്കുന്ന കാലം. അച്ഛന്റെ രോഗം മൂർദ്ധന്യാവസ്ഥയിൽ എത്തിയ വർഷങ്ങൾ. കൂട്ടിയ കണുക്കുകളൊന്നും തെറ്റിക്കാതെയായിരുന്നു അച്ഛന്റെ മടക്കം. വിധി കൊണ്ട്കാലം തെറ്റിച്ച കണക്കുകളെ ഞങ്ങൾക്കിടയിൽ അന്നും ഇന്നും ഉള്ളു.
നാലാം ക്ലാസുകാരിക്ക് ബോർഡിങ്ങിൽ സീറ്റ് കിട്ടാത്തതിനാൽ ആദ്യമായി അനിയത്തിയെ പിരിഞ്ഞിരുന്ന ദിവസം.
ജനിച്ച നാൾ മുതൽ അന്നുവരെ കോർത്തുപിടിച്ച കയ്യിൽ നിന്ന് ആദ്യമായി അവൾ കൈവിട്ടപ്പോൾ മനംതൊട്ട കരച്ചിലുകളുടെ ആദ്യദിനം അതുതന്നെ.
അതുവരെ കളിച്ചു ചിരിച്ചു എല്ലാവരെയും പരിചയപ്പെട്ട ഞാൻ സന്തോഷവതിയാണെന്ന് ആശ്വാസത്തിൽ വീട്ടുകാർ കാർ എടുത്തു മുന്നോട്ടുപോയി.
എന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കിയാണ് അങ്ങോട്ട് കൊണ്ടുവന്നതെങ്കിലും
10 വയസ്സിൽ ഭൂമിയിൽ ഒറ്റയ്ക്കായ പോലെയുള്ള ഒരു തോന്നൽ പെട്ടെന്ന് എന്റെ സമനില തെറ്റിച്ചു. ഞാൻ ഉറക്കെ കരഞ്ഞുകൊണ്ട് ഗേറ്റ് കടന്നുപോകുന്ന വെളുത്ത അംബാസിഡർ കാറിന് പിന്നാലെ ഓടി.
അവർ തിരിഞ്ഞു നോക്കാത്തതിനാൽ എന്റെ കരച്ചിലും, ഓട്ടവും,ഒന്നും ആരും കണ്ടില്ല. തിരിച്ചു പോകാൻ മടിപിടിച്ച് എൽ എസ് എൻ കോൺവെന്റിന്റെ വലിയ ഇരുമ്പ് ഗേറ്റ് മുറുക്കിപ്പിടിച്ച് ഞാൻ തേങ്ങി കരഞ്ഞു. ഒരുപാട് തേങ്ങലുകളുടെ തുടക്കം പോലെ....
പുറകിൽ നിന്നും "മോളെ ഇങ്ങു വാ"ഒരു നേർത്ത ശബ്ദം ....മുഖത്ത് നേരിയ പുഞ്ചിരിയുമായി വെളുത്ത മെലിഞ്ഞ കൈകൾ എന്നെ ചേർത്ത് പിടിച്ചു. അതാണ് കൊച്ചന്ന ചേച്ചി. ചെറിയ ക്ലാസിലെ കുട്ടികളുടെ ഉത്തരവാദിത്വം അവർക്കായിരുന്നു. എന്നോട് പേരും നാടും വിശേഷങ്ങളും അച്ഛമ്മയെ കുറിച്ചും അമ്മമ്മയെ കുറിച്ചും പഴയ സ്കൂളിനെ കുറിച്ചും എല്ലാം ചോദിച്ചു, നടന്നു നടന്നു ഞങ്ങൾ സ്റ്റെപ്പുകൾ ഇറങ്ങി പള്ളിമുറ്റത്ത് എത്തി. ആദ്യമായാണ് ഒരു ക്രിസ്ത്യൻ പള്ളി ഞാൻ അന്ന്കാണുന്നത്.
ഏറ്റവും ഇഷ്ടമുള്ള ദൈവം ആരാണെന്ന് അവർ ചോദിച്ചു. ഗുരുവായൂരപ്പൻ ആണെന്ന് ഞാൻ മറുപടി പറഞ്ഞു. ദൂരെ ഗ്രോട്ടോ യിലേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ച് ഞാൻ പതുക്കെ സംസാരിക്കാൻ തുടങ്ങി.. അച്ഛൻ കിഡ്നി പേഷ്യന്റ് ആണെന്നും, കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സ തുടരുന്നത് എന്നും പതുക്കെ പറഞ്ഞു. എന്റെ മുടിയിൽ തലോടി, ഹെയർ ബാൻഡ് ഒതുക്കി തന്നു.
എനിക്കവരെ നല്ല ഇഷ്ടമായി. പ്രാർത്ഥിക്കാറില്ലേ എന്ന് അവർ ചോദിച്ചു.
ഉവ്വെന്നും,
എത്ര വൈയെങ്കിലും അച്ഛന്റെ ആയില്യം നാൾ ഗുരുവായൂര് പോകാറുണ്ടെന്നും, അവിടെ താമസിച്ചു വാകച്ചാർത്ത് തൊഴാറുണ്ടെന്നും,
ന്റെ അച്ഛന് ഗുരുവായൂരിലെകളഭത്തിന്റെ മണം ആണെന്നും, അമ്മ ആരെയും ചീത്ത പറയാറില്ലെന്നും, മുത്തശ്ശനാണ് ഞങ്ങളെ നോക്കുന്നത് എന്നും,അമ്മമ്മടെ സ്കൂളിലാണ് ഞാൻ 4 വരെ പഠിച്ചതെന്നും ഒക്കെ പറഞ്ഞു.
ഏറ്റവും ഇഷ്ടം ആരെയാണ് എന്ന് ചോദിച്ചു.
അച്ഛമ്മയെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം എന്നും, പിന്നെ അനിയത്തിയെ. അനിയത്തിയെ അഞ്ചാം ക്ലാസിൽ എത്തുമ്പോൾ എന്റെ കൂടെ ആകും എന്നുമൊക്കെ കഥകൾ പറഞ്ഞു പറഞ്ഞു ഞാനും കൊച്ചന്ന ചേച്ചിയും കൂട്ടുകാരായി.
അത്രയും പൂക്കളുള്ള പൂന്തോട്ടം ഞാൻ ആദ്യമായാണ് കാണുന്നത്,
ഒരു വെളുത്ത റോസാപ്പൂ പറിച്ചെന്റെ കയ്യിൽ തന്നു, പള്ളിയിൽ വെച്ചോളൂ എന്നു പറഞ്ഞു. കണ്ണുതുടച്ചു ഞാൻ ചിരിച്ചു.....
മനോഹരമായ പൂക്കൾ കൊണ്ടലങ്കരിച്ച, നിശബ്ദത നിറഞ്ഞ.... പള്ളിയിൽ എന്നെ കൈപിടിച്ച് കയറ്റി. തണുത്ത നിലത്ത് മുട്ടുകുത്തി നിന്ന് ആദ്യമായി ഞാൻ കുരിശു വരയ്ക്കാൻ പഠിച്ചു. എന്റെ നെറുകയിൽ കൈവെച്ച് അവർ പ്രാർത്ഥിച്ചു.
...അന്നുമിന്നും ഏതു വലിയ സങ്കടവും ഞാൻ ആ പള്ളിയിൽ കൊണ്ടുപോയി ഇറക്കി വയ്ക്കാറുണ്ട്.
മൂന്നു പതിറ്റാണ്ടുകൾക്ക് ഇപ്പറവും കൊച്ചന്ന ചേച്ചി ഇന്ന് ഈ ഭൂമിയിൽ ഇല്ലെങ്കിലും, ആശ്വാസത്തിന്റെ തണുപ്പ് ഇന്നും ആ നിലത്തിലുണ്ട്.
വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് സമയമായപ്പോൾ സിസ്റ്റർമാർ ഓരോരുത്തരായി പള്ളിയിലേക്ക് വരുന്നതും, എന്റെ കവിളിൽ തൊട്ട് ആശ്വസിപ്പിക്കുന്നതും, ഇന്നും കണ്ണടച്ചാൽ എനിക്ക് അനുഭവ്യം ആകാറുണ്ട്.
അന്ന് ബോർഡിങ്കിൽ അഞ്ചാം ക്ലാസിലേക്ക് മൂന്നുപേർ മാത്രമാണ് അഡ്മിഷൻ എടുത്തത്.
ഞാനും, മോനിഷ റോസ് മാത്യുവും , ജോളി തോമസും . ബോർഡിംഗിൽ ഉണ്ടായിരുന്ന ഏറ്റവും ചെറിയ കുട്ടികൾ. ഞങ്ങളെ നോക്കാനും, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുവാനും, വിവിധ ക്ലാസുകളിൽ ആയി ഒരുപാട്ചേച്ചിമാർ ഉണ്ടായിരുന്നു.
വിവിധ ജില്ലകളിലും വിവിധ മതങ്ങളിലും പെട്ട, പല സ്വഭാവമുള്ള ഒരുപാടുപേർ വലിയവീട്ടിൽ, ചിരിച്ചും, കളിച്ചും,പഠനത്തിനായി വന്നവർ.
അടുക്കും, ചിട്ടയും വൃത്തിയുമുള്ള, നല്ലൊരു വ്യക്തിത്വം വാർത്തെടുക്കുന്നതിൽ LSN കോൺവെന്റ് ബോർഡിങ് ഹൗസ് എന്നിൽ വഹിച്ച പങ്ക് വളരെ വലുതാണ്.
എന്തും സഹിക്കാനും പൊറുക്കാനും മനശക്തി ലഭിച്ചത് അവിടെ നിന്നാണ്.
ഒരുതരത്തിലും പൊരുത്തപ്പെടാത്ത വ്യക്തികളുമായി പൊരുത്തപ്പെട്ടുപോകാൻ സാധിച്ചതും അവിടെനിന്നാണ്.
അവിടെ ജീവിച്ച ആറു വർഷത്തെ ഓർമ്മകൾ, അനുഭവങ്ങൾ തന്നെയാണ്.
രാവിലെ 5 മണിക്ക് പള്ളിമണിമുട്ടും... മഠത്തിലെ ഓരോ കുഞ്ഞു കുഞ്ഞു ജനാലക്കകത്തും വെളിച്ചം തെളിയുന്നത് നോക്കി ഞാൻ കണ്ണ് തുറക്കും. ഒരു അഞ്ചാം ക്ലാസ്സ്‌കാരിയുടെ മനസ്സിലെ അപൂർണ്ണമായ ചിത്രങ്ങൾ.....
പാത്രങ്ങളുടെയും, ചിരവകളുടെയും ശബ്ദം,
വളരെ പതുക്കെ പരസ്പരം ഗുഡ്മോർണിംഗ് പറഞ്ഞു വരാന്തയിലൂടെ പോകുന്ന മുതിർന്ന കുട്ടികൾ, ഉണരാത്തവരെ തൊട്ടുണർത്തുന്ന കൂട്ടുകാർ, പല്ലുതേക്കാനുള്ള വെള്ളം തലേന്ന് തന്നെ പിടിച്ചു വെക്കും. രാവിലത്തെ തിക്കും തിരക്കും ഒഴിവാക്കൽ മാത്രം അല്ല അതെന്നു ഇന്ന് മനസിലാക്കുന്നു.
minimilisam അതെന്റെ എല്ലാ അർത്ഥത്തിലും ശീലിച്ച വർഷങ്ങൾ.
ആവശ്യത്തിന് ബാത്റൂമുകളും, ടോയ്ലറ്റുകളും, പൈപ്പുകളും ഉണ്ടായിരുന്നെങ്കിലും അര ബക്കറ്റിൽ കൂടുതൽ വെള്ളം പല്ലു തേയ്ക്കാനോ, രണ്ടു ബക്കറ്റിൽ കൂടുതൽ വെള്ളം കുളിക്കാനോ ഞങ്ങൾ ആരും എടുത്തിരുന്നില്ല. അത് അവിടുത്തെ നിയമമൊന്നും ആയിരുന്നില്ല, പക്ഷേ മുതിർന്ന ചേച്ചിമാരും, സിസ്റ്റർമാരും ചെയ്തിരുന്ന അതേ രീതി പിന്തുടർന്നിരുന്നു എന്ന് മാത്രം. അത്യാവശ്യം വസ്ത്രങ്ങൾ ഒഴികെ, ബാക്കി മുഷിയുന്ന തുണികളെല്ലാം സൂക്ഷിക്കാനായി ഓരോരുത്തർക്കും ടോബി ബാഗ് ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം സഹായികളായ ചേച്ചിമാർ വന്നു ഓരോരുത്തരുടെയും എണ്ണങ്ങൾ തിട്ടപ്പെടുത്തി , അലക്കുകാർക്ക് എണ്ണി കൊടുക്കും. അവരത് പുഴയിൽ കൊണ്ടുപോയി, അലക്കി ഉണക്കി തേച്ച്, പിറ്റത്തെ ആഴ്ച കൊണ്ടുവന്ന് തരും. ഓരോ വസ്ത്രങ്ങളിലും നമ്മുടെ പേര് നമ്മൾ തന്നെ സൂചിയും നൂലും കൊണ്ട് ചെറിയ അക്ഷരത്തിൽ തുന്നിചേർക്കും. ചെറിയൊരു തുക കൊടുത്താലും വളരെ വൃത്തിയിൽ ഓരോ കുട്ടിയും വസ്ത്രം ധരിക്കണമെന്ന് കോൺവെന്റിന്റെ നിയമങ്ങളിൽ നിർബന്ധമാണ്.
അലക്കി കൊണ്ടുവന്ന വസ്ത്രങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി വാങ്ങുന്നതിനും,മുഷിഞ്ഞ വസ്ത്രങ്ങൾ തരംതിരിച്ച് നൽകുന്നതിനും, വളരെ ചെറിയ പ്രായത്തിലെ ഞങ്ങൾ ഓരോരുത്തരും കണ്ടുപഠിച്ചിരുന്നു.
ഉണർന്നാൽ ഉടനെ ശരീരം ശുദ്ധി വരുത്തി, രാത്രി വസ്ത്രങ്ങൾ മാറ്റി, മനസ്സ് ശുദ്ധമാക്കി, സമൂഹ പ്രാർത്ഥനയിൽ പങ്കെടുത്തു, വ്യക്തിപരമായി മറ്റു പ്രാർത്ഥനകളും നിസ്കാരങ്ങളും ഉണ്ടെങ്കിൽ അതിനു മാറ്റിവെച്ച മുറിയിൽ പോയി, പ്രാർത്ഥന കഴിഞ്ഞ്, നേരം വെളുക്കുമ്പോഴേക്കും, സമോവർ നിറയെ നല്ല ചൂടുള്ള കോഫിയും, മുഖം നിറയെ പുഞ്ചിരിയുമായി ക്ലമന്റ് മേരി സിസ്റ്റർ ഗുഡ്മോണിങ് പറഞ്ഞ് മെസ്സ് ഹാളിൽ നിൽക്കണ ഉണ്ടാവും. കാപ്പി കുടിക്കാൻ എത്താത്ത വരെ ഉറക്കെ വിളിച്ചും, നിർബന്ധിച്ചും, കാപ്പി കുടിപ്പിക്കാൻ ആയി കൊച്ചന്ന ചേച്ചിയും, എന്നും രാവിലെ എന്തെങ്കിലുമൊക്കെ കാര്യത്തിന്, പിറുപിറുമെന്ന് വർത്തമാനം പറഞ്ഞ്, ഞങ്ങൾ ഓരോരുത്തരെയും, പേരെടുത്തു വിളിച്ചു, നല്ലതും ചീത്തയും വിളിച്ചുപറഞ്ഞു , ചിരിപ്പിച്ചും കുറുമ്പുകുത്തിയും, ഭക്ഷണം കഴിപ്പിച്ചും, തലതോർത്തിതന്ന് , മുടിയൊക്കെ നേരെയാക്കി തന്നു, ഉടുപ്പൊക്കെ ശരിക്ക് ഇടാൻ പറഞ്ഞു, പഠിക്കുന്ന നേരത്ത് പഠിക്കുന്നില്ലേ എന്ന് നോക്കി, വീട്ടുകാർ കാണാൻ വരുമ്പോൾ, ഞങ്ങൾ അറിയാതെ ഞങ്ങളുടെ ഇഷ്ടങ്ങൾ കൂടുതൽ അറിഞ്ഞ ഒരാൾ..... പഠനകാലം കഴിഞ്ഞ്, എല്ലാ മാസവും കാണാൻ വരാമെന്ന് ഉറപ്പുനൽകിയെങ്കിലും, വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ അത് പാലിക്കാൻ കഴിഞ്ഞുള്ളൂ, കാണുമ്പോൾ അതിന്റെ പരിഭവം മുഴുവൻ പറഞ്ഞു തീർക്കും, പോരുമ്പോൾ കെട്ടിപ്പിടിക്കും, സ്നേഹം കൊണ്ട് എന്തെങ്കിലും കൊണ്ട് ചെന്നാൽ എന്തിനാ മോളെ ഇതൊക്കെ എന്ന് ചോദിച്ചു, എനിക്ക് തിരിച്ചു തരാൻ പ്രാർത്ഥന മാത്രമേയുള്ളൂ എന്ന് പറഞ്ഞ്, പിന്നെ പിന്നെ ശബ്ദം ഇടറി, കണ്ണുകൾ പതറി, സംസാരം നിർത്തി, കണ്ണുകൾ അടച്ച്, മാലാഖയെ പോലെ , ഇല്ലെന്ന് അറിയുമെങ്കിലും, അവിടെ എവിടെയോ ഉണ്ടെന്നു കരുതി ഇപ്പോഴും വന്നു പോകുന്ന ഞാനും എന്നെപ്പോലെ ചിലരും...
കോൺവെന്റ് കാലഘട്ടത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് മോനിഷ തന്നെ. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസ് വരെ ഞങ്ങൾ ഒരേ ഡിവിഷനിൽ ആണ് പഠിച്ചത്. പഠനത്തിൽ മിടുമിടുക്കി ആയിരുന്നവൾ. പഠന സമയത്ത്, പരീക്ഷാകാലങ്ങളിൽ ഞാൻ പഠിക്കുന്നില്ലേ എന്ന് ഉറപ്പുവരുത്തൽ അവളിലൂടെയാണ് വീട്ടുകാരും സിസ്റ്റർമാരും ചോദിച്ചറിഞ്ഞിരുന്നത്. എനിക്ക് മാർക്ക് കുറഞ്ഞ വിഷയങ്ങൾ എന്നെ നിർബന്ധിച്ച് ഒപ്പമിരുത്തി പഠിപ്പിച്ചു തന്നിരുന്നു.
രാവിലെ ഉണരുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ എല്ലാ കാര്യങ്ങളും ഞങ്ങൾ ഒരുമിച്ചാണ് ചെയ്തിരുന്നത്. പരസ്പരമുള്ള കരുതലും കാത്തുനിൽക്കലും സ്നേഹവും ഇന്നും തുടരാൻ കഴിയുന്നു.
30 വർഷത്തെ ഇഴയടു പ്പമുള്ള സൗഹൃദം.
ജൂണിലെ മഴയിൽ തണുത്തുവിറച്ച് എണീക്കുന്നതും, എല്ലാ കാര്യങ്ങളും ചിട്ടയോടെ ചെയ്യുന്നതും, യൂണിഫോം ഒക്കെ ഇട്ട് ഒരുങ്ങുന്നതും, പരസ്പരം നോട്ടങ്ങളിലൂടെ സംസാരിക്കുന്നതും, മിതമായ സംസാരവും അച്ചടക്കവും, ഭക്ഷണത്തിന്റെ ചിട്ടകളും, അസുഖങ്ങൾ വന്നാൽ കൂട്ടിരിക്കുന്നതും, പിറന്നാളുകളിൽ പരസ്പരം ആശംസിക്കുന്നതും, മനസ്സ് വിങ്ങുമ്പോൾ പരസ്പരം ആശ്വസിപ്പിക്കുന്നതും, വിജയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, പരാജയങ്ങളിൽ ചേർത്തുനിർത്തുന്നതും
ഇന്നും കണ്ടു മറക്കാത്ത സ്വപ്നം പോലെ മനസ്സിലുണ്ട്.... പറഞ്ഞൽ തീരാത്ത കടൽ പോലെയുള്ള അനുഭവങ്ങൾ....
No comments:
Post a Comment