Pages

Wednesday, May 6, 2026

തിരികെ.....


പുലരുവോളം പെയ്ത മഴയിൽ മണ്ണും മനസ്സും നനഞ്ഞു കുതിർന്നിരിക്കുകയാണ്.... 
ഈ വേനലിൽ അവസാന ചുട്ടുപൊള്ളലും കഴിഞ്ഞെന്നു തോന്നുന്നു...നല്ല കാറ്റും ഇടിയും മഴയും ചേർന്നൊരു സ്വപ്നസുന്ദരരാത്രിയായിരുന്നു ഇന്നലെ ......

 തൊടിയിലൂടെ പോകുന്ന മയിലും, മാവിൻ കൊമ്പിൽ നിന്ന് നീട്ടി വിളിക്കുന്ന കുയിലും, ഇന്നും എന്റെ ഓരി വെള്ള ചോറ് നീ എടുത്തുവോന്ന് ചോദിക്കുന്ന കാക്കപെണ്ണും, പാരിജാതവും,പവിഴ മല്ലിയും,ഉതിർമുല്ലയും, മന്ദാരത്തിൻ ഇതളുകളും കൊഴിഞ്ഞുവീണത് കാണാൻ വന്ന കുഞ്ഞിക്കിളികളും ചേർന്ന്.. ന്നെ ..ഉണർത്തി....
 എണീച്ച ഉടനെ കിണറ്റിലാണ് പോയി നോക്കിയത്... പാറ മൂടി വെള്ളം വന്നിരിക്കുന്നു ... ആശ്വാസം.
ഇനി അടുത്ത വേനൽ കടുക്കും വരെ വെള്ളത്തിന് ബുദ്ധിമുട്ടില്ല.


 ഇന്നലത്തെ കാറ്റിൽ ഉതിർന്ന മാങ്ങകൾ എല്ലാം പെറുക്കി തീർക്കാൻ ഇത്തിരി സമയം എടുക്കും.....

 ഉമ്മറത്തെ തിണ്ണയിലെ തണുപ്പും പുതച്ച് കുറച്ചു നേരം ഇരുന്നു.......

 40 വർഷത്തോളം പുറകിലേക്ക് പോയി മനസ്സ്..... കാളപൂട്ട് കാണാൻ അച്ഛന്റെ കൈയും പിടിച്ചു, ശ്രീധരൻ മാമയുടെ ഉമ്മറത്ത് ഇരിക്കുമ്പോൾ  സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല 40 വർഷങ്ങൾക്കിപ്പുറം കാളപൂട്ട് കണ്ടത്തിൽ എനിക്കിരിക്കാൻ തണുപ്പുള്ള ഈ ഉമ്മറവും, ചുറ്റും തെങ്ങും തോപ്പും, മധുരമൂറുന്ന മാവുകളും, നറുമണം പകർന്ന് പൂത്തു നിൽക്കുന്ന ചെടികളും നിറഞ്ഞൊരു ലോകം... ന്റെ എന്ന് പൂർണമായും ഉൾകൊള്ളാവുന്നതൊക്കെയും ഉള്ളിടം.........കാളപൂട്ടു നിർത്തിയ കൊല്ലത്തിൽ തറവാട്ടിൽ നിന്ന് മുളപ്പിച്ച് കൊണ്ടു വന്നു മുത്തശ്ശൻ വെപ്പിച്ചതാണ് ഈ വളപ്പിലെ എല്ലാ തെങ്ങും....


 35 വർഷം മുന്നേ 
ഈ വീടുപണി കഴിഞ്ഞ് ഇടവപ്പാതിയിൽ
 മഴപെയ്തു മണ്ണ് കുതിർന്നപ്പോൾ കൊട്ടത്തളത്തിലെ  വെള്ളം പോകുന്നിടത്തുള്ള തെങ്ങിൻ ചുവട് നിറയെ  പലതരം മാവിൻ തൈകളും, പ്ലാവിൻ തൈകളും  മുളച്ചുപൊന്തിയിരുന്നു.... അതിൽ ഓരോന്നും പലയിടത്തു നിന്നുമായി  അച്ഛമ്മയുടെ മുണ്ടിൻ കോന്തലയിൽ വിരുന്നു വന്നവരായിരുന്നു.

 തെങ്ങ് മാത്രം ഉണ്ടായിരുന്ന വളപ്പിൽ ഓരോ അതിരിലും  പലതരം മാവിൻ തൈകളും പ്ലാവിൻ തൈകളും കുത്തിയിടുമ്പോൾ ഓരോന്നും ഇലയുടെ നിറം നോക്കി എവിടുന്നു വന്നതാണ് എന്നച്ചമ്മ പറഞ്ഞു തന്നിരുന്നു....

 കിഴക്കേ അതിരിലെ കടുമാങ്ങയ്ക്ക് പാകമുള്ള കൊക്ക് മാങ്ങ അമ്മോടത്തി വെച്ച മാവാണ് എന്നും പറഞ്ഞ് അതിനപ്പുറവും ഇപ്പുറവുമായി മതില് കെട്ടിയ ചാച്ചൻ.

 അതിനു ചുറ്റുമായി വിരുന്നു വന്ന പല വലിപ്പം ഉള്ള മൂവാണ്ടൻ മാവുകൾ.
കടച്ചക്കെടെ ചോട്ടിലെ കറുത്ത മൂവാണ്ടൻ.....

 നടുക്കിലെ കണ്ടത്തിന്റെ നടുക്ക്  പടർന്നുപന്തലിച്ച തേരൂട്ടി മാവാണ് ഇന്നിവിടുത്തെ രാജാവ്.

 ഒറ്റക്കടിയിൽ അറിയാം അതെവിടുന്നു വന്നതാണെന്ന്..... ചാച്ചന്റെയും അച്ഛമ്മയുടെയും ഒക്കെ എലിക്കോട്ടിലെ തറവാട്ടിലെ തെക്കേ മുറ്റത്തെ  തേനിന്റെ രുചിയുള്ള, കുട്ടിക്കാലത്ത് എത്ര കിട്ടിയാലും വീണ്ടും വീണ്ടും കൊതിച്ചിരുന്ന അതേ തേരൂട്ടി മാവ്..... അതിലെ ഓരോ മാങ്ങയിലും രുചിക്കൊപ്പം ഓരോ ഓർമ്മകളും.......

 അതിനു ചുറ്റുമായി അപ്പുറത്തെ ഇപ്പുറത്തെ വളപ്പിൽ നിന്ന് വന്ന പുതിയ കുറച്ചു പുളിമാവിൻ തൈകളും ഇപ്രാവശ്യം നിറയെ പൂത്തു..
ഇന്ന്പഴുത്തിരിക്കുന്നു.

 തെക്കേ പുളിയുടെ കൂട്ടുകാരായ കൂട്ടാൻ മാങ്ങകൾ..... എല്ലാവർഷവും പിശുക്കില്ലാതെ കായ്ക്കും.....
 പടിഞ്ഞാറെ കണ്ടത്തിലെ വലിപ്പമുള്ള
 മൂവാണ്ടൻ മാങ്ങകൾ വെള്ളരിക്കാലത്തെ മൂത്തു പഴുത്തിരിക്കും...... പച്ചയുംചെനച്ചതും തുടങ്ങുമ്പോഴേ അവർക്ക് കിട്ടുന്ന കല്ലേറിന് കണക്കില്ല.... അതിരിൽ ആയതിനാൽ ഏറ്റവും കൂടുതൽ ആക്രമണം കിട്ടുന്നതും ഇവർക്ക് തന്നെ...... പാവങ്ങൾ....ന്നാലും.. മഴക്കാലം വരെ തന്നുകൊണ്ടിരിക്കും.

 പടിഞ്ഞാറോർത്ത്  വലിയ ഗേറ്റിനോട് ചാരി നിൽക്കുന്ന ചകിരി മാങ്ങ രുചിയിൽ കേമൻ ആണെങ്കിലും, കൂട്ടത്തിൽ ഇത്തിരി ഗമ ഉള്ളവനാണ്.
 അവന്റെ വലിപ്പത്തിന്റെയും രുചിയുടെയും മണത്തിന്റെയും  അഹങ്കാരം അവനെ തെല്ലൊന്നുമല്ല തല ഉയർത്തിപ്പിടിച്ചവനാക്കിയത്.
 ഒരു വർഷം മതിയാവോളം മാങ്ങ തന്നാല് പിറ്റേ വർഷം രുചിച്ചു നോക്കാൻ പോലും ഒരെണ്ണം തരില്ല.
 തന്നെന്നെ  അവനെ ഇപ്പോ ആരും ചോദിക്കാറില്ല.... 
പക്ഷേ പ്രതാപിയാണ്.... നാലെണ്ണം തികച്ച് കിട്ടിയാൽ  ഒരു ചട്ടി മാമ്പഴ പുളിശ്ശേരി.... രണ്ടെണ്ണം കഴിച്ചാൽ ഒരു നേരത്തെ ഭക്ഷണവുമായി.... ഒത്തിരി ഗമയൊക്കെ ആവാന്ന്മൂപ്പര് വിചാരിച്ചതിൽ തെറ്റൊന്നും ഇല്ല...ലെ.
ഈ മാവിൻ തൈ മാത്രം എവിടുന്ന് കിട്ടിയതാണ് എന്ന്എനിക്ക് ഓർമ്മയില്ല.....അടുത്തൊന്നും ഈ രുചിയും ഇല്ല.

 ഞാനിന്നും ഓർക്കുന്നു.... നടുക്കിലെ കണ്ടത്തിലെ തേരൂട്ടി മാവിനു തൂമ്പ്വന്നപ്പോൾ .... അത് പൊട്ടിച്ചു മണത്തു അച്ഛമ്മ എന്നോട് പറഞ്ഞു, "അച്ഛമ്മയുടെ കുട്ടിക്ക് ഏറ്റവും ഇഷ്ടള്ള മാങ്ങ, ഒരുപാട് വർഷം കഴിഞ്ഞാൽ മതിയാവോളും കിട്ടുംട്ടോ... അത് പറയുമ്പോൾ അച്ഛമ്മയുടെ  തുടുത്ത മുഖത്തെ ചുവന്ന കല്ലുള്ള മൂക്കുത്തി  വെയിലത്ത് നല്ലോണം തിളങ്ങിയിരുന്നു.... ഇന്നും ആ തിളക്കം ന്റെ കണ്ണിൽ ഉണ്ട്.

 അടുത്ത മഴക്കാലം ആവുമ്പോഴേക്കും  ഒരുപാട് മാവിൻ തൈകൾ മുളപ്പിക്കണം,
ന്റെ പുതിയ വീടിനു ചുറ്റും വെക്കണം ഇഷ്ടം ഉള്ളോർക്കൊക്കെ  കൊടുക്കണം... ഒരുപാട് വർഷം കഴിഞ്ഞാൽ ആ രുചി നുണയുമ്പോൾ ആരെങ്കിലുമൊക്കെ എന്നെയും ഓർക്കണ്ടേ......

 ഒരു മാമ്പഴകാലം കൂടെ തീരാറായി എന്ന്എന്നെ ഓർമിപ്പി ച്ചു കൊണ്ടല്ലേ പുതുമഴേ നീ എന്നിൽ നിറഞ്ഞത്......

 ഓർമ്മകളും രുചിച്ചിരുന്നാൽ പലരും വന്നു മാങ്ങയൊക്കെ പെറുക്കി പോകും..... കുറച്ച് അപ്പുറത്തേയും ഇപ്പുറത്തെയും കുട്ടികൾക്ക് മതിലിലും വയ്ക്കേണ്ട...
...മ്മടെ മക്കളോ നാലും മൂന്ന് തരം.പെറുക്കി,കഴുകി,ചെത്തി വായിൽ കൊടുത്താൽ മാത്രം മാങ്ങാ കഴിക്കുന്ന അപ്പുവും ഉണ്ണിയും,
ഓരോ തരം മാങ്ങാ കഴിക്കാൻ സമയം നോക്കുന്ന അമ്മുക്കുട്ടി.....എത്ര കഴിച്ചാലും മാങ്ങാകൊതി മാറാത്ത 
എല്ലാർക്കും പിശുക്കിയും, എണ്ണിയും, കണക്കു നോക്കി മാങ്ങ കൊടുക്കുന്ന യാദുകുട്ടൻ...അമ്മാവൻമാർക്ക് ഓരി എടുത്തുവെക്കാൻ മാങ്ങക്ക് ലോക്കർ ഉണ്ടാക്കിയ..ന്റെ അമ്മ..... ഇവർക്കിടയിൽ ഇവരൊന്നും അറിയാതെ എനിക്ക്ഇ ഷ്ടം ഉള്ളിടത്തേക്കൊക്കെ ധാരാളം മാങ്ങ എത്തിക്കുന്ന, ഓരോ മാവിന്റെയും, മാങ്ങകളുടേം യഥാർത്ഥ അവകാശിന്ന് സ്വയം പ്രഖ്യാപിച്ച ഞാനും ....... തിരികെ കിട്ടിയ തേരൂട്ടികാലത്ത്..... 🫶


 



No comments:

Post a Comment

തിരികെ.....

പുലരുവോളം പെയ്ത മഴയിൽ മണ്ണും മനസ്സും നനഞ്ഞു കുതിർന്നിരിക്കുകയാണ്....  ഈ വേനലിൽ അവസാന ചുട്ടുപൊള്ളലും കഴിഞ്ഞെന്നു തോന്നുന്നു...നല്ല കാറ്റും ഇട...