Pages

Monday, April 27, 2020

തുടരുന്നു...18:രാധിയിലെ അയൽക്കാർ....



നെയ്ത്തു വടിയുടെ കടകട ശബ്ദം കേട്ടാണ് അടുത്തുള്ള ഒരു വീടിന്റെ പൂമുഖത്തേക്ക് നോക്കിയത്... ഒരേ മുഖമുള്ള രണ്ട് ഇരട്ട കുട്ടികൾ.... എപ്പോഴും വികൃതി കാണിക്കുന്ന ആ കുട്ടികൾ ഇന്ന് വഴക്ക് കൂടുന്നത് കാലു നീളമുള്ള പാവ കുട്ടിക്ക് വേണ്ടിയാണ്. ആ പാവയെ വലിച്ചു കീറുന്നത് വരെ നീളും അവരുടെ വഴക്ക്. വെളുത്തു തുടുത്ത മുഖമുള്ള ആ ഇരട്ട കുട്ടികൾ ഏതുസമയവും ഒരുപോലെ വസ്ത്രം ധരിക്കുകയും, ഒരേ പ്രവൃത്തി തന്നെ ചെയ്യുകയും, നോക്കി നിൽക്കുന്നത് തന്നെ കൗതുകം തോന്നുന്നതാണ്. ഒരേ ചെയ്തികളാണ് അവരുടേത് എന്ന് അവരുടെ പെറ്റമ്മയ്ക്ക് പോലും ആശ്ചര്യമാണ്. നെയ്ത്ത് ജോലികളിൽ സദാ മുഴകിയിരിക്കുന്ന ഇരട്ട കുട്ടികളുടെ അമ്മയാണ് രാധിയിലെ മികച്ച നെയ്ത്തുകാരി. ഈ കുട്ടികളുടെ അച്ഛൻ രാധി സ്കൂളിലെ ഭാഷാ അധ്യാപകനാണ്. വളരെ സാത്വികനായ ഒരു മനുഷ്യൻ.

ഇവരുടെ വീടിന്റെ താഴത്ത് ആണ് സ്കൂളിലെ ക്ലാർക്ക് കുടുംബസമേതം താമസിക്കുന്നത്. രാധിയിലെ ഏറ്റവും വലിയ പ്രാരാബ്ധക്കാരനായ അവന് 21 വയസ്സ് ഉള്ളൂ.. 25 വയസ്സുള്ള അവന്റെ ഭാര്യയും രണ്ടു വയസ്സുള്ള മകളും മാത്രമല്ല... ദൂരെയുള്ള ഗ്രാമത്തിൽ നിന്നും കൊണ്ടുവന്ന അവന്റെ രണ്ട് അനിയത്തിമാരും, ഭാര്യയുടെ 3 അനിയത്തിമാരും അവരുടെ കൂടെയുണ്ട്. സഹോദരൻ ജോലി ചെയ്യുന്ന സ്കൂളിൽ തന്നെ പഠിക്കാൻ സാധിക്കുന്നത് ആ അനിയത്തി കുട്ടികൾ അഭിമാനമായി കരുതുന്നു. വീട്ടിലുള്ള ഏഴു പെൺപ്രജകളെയും കൊണ്ട് ആ പയ്യൻ ചക്രശ്വാസം വലിക്കുകയാണ് എന്നത് എന്റെ മാത്രം നിഗമനം ആയിരുന്നു. ഉള്ളതുകൊണ്ട് ഓണം പോലെയാണ് അവിടെ. പരാതിയും പരിഭവവും ഇല്ല. ഇത്രയും പേരുടെ താമസം, ഭക്ഷണം, വസ്ത്രം, പഠനം, ചികിത്സ, ദൈനംദിന ചെലവുകൾ എല്ലാം അവൻ ഉത്തരവാദിത്വത്തോടെ നിറവേറ്റും. അദ്ദേഹത്തിന്റെ ഭാര്യ നല്ല നെയ്ത്തുകാരി ആണ്. ക്രോഷിയോ വർക്കിൽ കൈകൾ കൊണ്ട് മാജിക് കാണിക്കുന്ന അവളോട് ക്നിറ്റിംഗ്ന്ന്റെ ബാലപാഠം മാത്രമറിയുന്ന എനിക്ക് അല്പം അസൂയ തോന്നിയിട്ടുണ്ട്.


വീടിന്റെ ബാൽക്കണിയിൽ നിന്നു നോക്കിയാൽ ഇടതു ഭാഗത്തു കാണുന്ന രണ്ടുനിലമരവീട്ടിൽ രാധി യിലെ പ്രധാന കോൺട്രാക്ടർ ആയ ഒരു അങ്കിളും, ഷോപ്പ് കീപ്പർ ആയ അവരുടെ ഭാര്യ താഷി ആന്റിയും അവരുടെ രണ്ടാണ്മക്കളും മരുമക്കളും പേരക്കുട്ടികളും എങ്ങനെ എല്ലാവരുമുണ്ട്. മൂത്തമകൻ കോൺട്രാക്ട് തന്നെയാണ്. ധാരാളം മുടിയുള്ള മൂത്ത മരുമകൾ ആണ് കടയെല്ലാം കൊണ്ടുനടത്തുന്നത്. എൻജിനീയറിങ് വിദ്യാർത്ഥിയായ അവരുടെ ഇളയ മകൻ നേപ്പാളിൽ പഠിക്കുകയാണ്. രാധി സ്കൂളിലെ ലൈബ്രറിയൻ പെണ്ണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഭർത്താവ് പഠിക്കുന്നു, ഭാര്യ ജോലി ചെയ്യുന്നു.

       ഒരുപാടു നീളൻ മുടിയുള്ള അതിസുന്ദരിയായ മൂത്ത മരുമകൾ ആണ് കട യെല്ലാം കൊണ്ടുനടത്തു ന്നത്. അവരുടെ ഉമ്മറത്ത് എപ്പോഴും ഒരു വലിയ വെളുത്ത പശു ഉണ്ടാകും. ധാരാളം പാൽ തരുന്ന പശു അതേ ചായയിൽ തന്നെ ഒരു പശുക്കുട്ടിയെ പ്രസവിച്ചു... പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ പശുക്കുട്ടി ചത്തു. അപ്പോഴാണ് വിചിത്രമായ ഒരു കാഴ്ച ഞാൻ കണ്ടത്... കുട്ടിയെ കാണാതെ പാൽ ചുരത്താൻ തയ്യാറല്ലാത്ത ആ പശുവിനെ പറ്റിക്കാൻ അങ്കിളും ആന്റിയും കൂടി ചത്തപശുകുട്ടിയുടെ പുറം തോൽ യാതൊരു കേടുപാടും കൂടാതെ ഉരിഞ്ഞു എടുത്ത് സ്റ്റഫ് ചെയ്തു അടുത്തുള്ള മരത്തിലെ ഏറുമാടത്തിൽ കയറ്റിയിരുത്തി. പാവം പശു സ്വന്തം കിടാവിനെ നോക്കി കരയുകയും, പാൽ ചുരത്തുകയും ചെയ്തു. തള്ള പശു അടുത്ത് കിടാവിനെ പ്രസവിക്കുന്നതു  വരെ ഡമ്മി പശുക്കുട്ടി മരക്കൊമ്പിൽ തന്നെയിരുന്നു.... 
ചിക്കി സർ &ഫാമിലി 



         .....  രാധിയിലെ ശാപം പിടിച്ച കുടുംബം എന്ന് എല്ലാവരും മുദ്ര കുത്തിയിരുന്നത്  ചിക്കി സർന്റെ കുടുംബത്തെ ആണ്. രാധി സ്കൂളിലെ കണക്കു മാഷാണ് ചിക്കി സർ. അന്ന് ഭാര്യയും രണ്ടു പെൺമക്കളും. 
മൂത്തവളായ കെൻലെ യുടെ അണ്ണാൻകുട്ടിടെ പോലുള്ള ചില കേട്ടാണ് രാവിലെ ഉണരുക. ഇടതു വശത്തെ ജനലിലൂടെ എന്റെ തലവെട്ടം കണ്ടാൽ അവൾ ചില ഇത്തിരി കൂട്ടും. എന്നിട്ട് ഇടം കണ്ണിട്ട് ഞാൻ കേൾക്കുന്നില്ലേ എന്നു നോക്കും. അവൾ 6 വയസ്സുള്ള കുട്ടിയായതിനാൽ ഇംഗ്ലീഷ് വല്ല്യ വശമില്ല. അതിനാൽ തന്നെ എന്റെ കണ്ണുകളിലെ പല ഭാവങ്ങളിലുടെ ഞാനും അവളും ജനാല വഴി സംസാരിക്കും. കെൻലെയുടെ അനിയത്തി ചിമ്പ എന്നും ജിമ്പ എന്നും അറിയപ്പെടും. വൃത്തിയില്ലാത്ത വികൃതി പെണ്ണാണവൾ. ആറും മൂന്നും വയസ്സുള്ള ഈ കുട്ടികളുടെ മുഖത്തും ദേഹത്തും എപ്പോഴും ചിരങ്ങു പോലെത്തെ മുറിവുകളാണ്. എന്തോ ശാപമാണ് അത് എന്നാണത്രേ ഏതോ ലാമ പറഞ്ഞത്. പക്ഷേ സത്യത്തിൽ മണ്ണിൽ കളിക്കുന്ന കുട്ടികൾക്ക് വരുന്ന അലർജി ആണത്. അതിനു ചികിത്സ ചെയ്യാതെ പൂജ ചെയ്യുന്ന അന്ധവിശ്വാസികൾ ആണ് അവർ. പാവത്താനായ ചികിസാർ  എന്നും മക്കൾക്ക്അസുഖമാണെന്നും പറഞ്ഞ ദുഃഖിച്ചു ഇ രിക്കുന്നത് കാണാം.
             
ചിക്കിയുടെ ഭാര്യ ദാഷിഡെമയുടെ ജീവിതം രണ്ടു മുഖം ഉള്ളതാണ്.ആദ്യം ഭൂട്ടാനിലെ സാധാരണവീട്ടമ്മയെ പോലെ അടക്കവും ഒതുക്കവും നിറഞ്ഞ, നെയ്തടക്കം വീട്ടിലെ എല്ലാ കാര്യവുംനോക്കുന്ന ഇത്തിരി ഗൗരവത്തോടെ തന്നെ ജീവിതത്തെ കാണുന്ന, ഒരുപാട് മുടിയുള്ള അതി സുന്ദരിയായ ഒരു യുവതി.
  അതെന്റെ  കേട്ടറിവു മാത്രം.
           എന്നാൽ ഞാൻ കണ്ടറിഞ്ഞ രണ്ടാമത്തെ മുഖഭാവം അവർ പോലുമറിയാതെ അവരിലേക്ക് വന്നതാണ്. ചെറിയ കുട്ടി ചിമ്പക്ക്  പേരിടാൻ ആയി റാഞ്ചോണിൽ  ഒരു ലാമയെ കണ്ട് മടങ്ങുമ്പോൾ സഞ്ചരിച്ച കാറിന്റെ ബ്രേക്ക് പൊട്ടി മരത്തിലിടിച്ച് ഡോർ തുറന്ന് ദാഷിദേമാ കൊക്കയിലേക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവർ ഒരു വലിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി. മുറിവ് എല്ലാം ഉണങ്ങി, സംസാരം എല്ലാം ശരിയായി, എന്ന് കരുതിയപ്പോൾ മുതൽ അവർ മാനസികനില തെറ്റിയ പോലെ പെരുമാറി തുടങ്ങി. നീണ്ട ചികിത്സയ്ക്കു ശേഷം അവരെ ജീവനോടെ തിരിച്ചു കിട്ടിയെങ്കിലും സ്വഭാവം കൊണ്ട് മറ്റൊരു വ്യക്തിയായി അവർ മാറിയിരുന്നു. ചിട്ടയായ ശീലങ്ങൾക്ക് പകരം കുത്തഴിഞ്ഞ ജീവിതം നയിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിയെ പോലെ. വസ്ത്രധാരണരീതി പോലും മാറ്റി, വീട്ടു ജോലികൾ എല്ലാം ക്രമം തെറ്റിച്ച്, മക്കളെ നേരെ നോക്കാതെ ഗ്രാമം മുഴുവൻ വർത്തമാനം പറഞ്ഞു പൊട്ടിച്ചിരിച്ച് നടക്കും. ഒരു ഉത്തമ സ്ത്രീക്ക് വേണ്ടത് അല്ലാത്ത ശീലങ്ങൾ എല്ലാം അവരെ ആവാഹിച്ചത് കണ്ട്, ഇതെല്ലാം എന്തോ ഗുരുതര ശാപമാണെന്ന് വിശ്വസിച്ച് ഭാര്യയേയും മക്കളേയും പൊന്നുപോലെ നോക്കുന്ന ഒരു പാവം ഭർത്താവ്. തന്റെനീണ്ട പ്രാർത്ഥനകളുടെ  ഫലമായി നല്ല ദിവസങ്ങൾ കടന്നു വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ചിക്കി  സാർ.
         ഇതുകൂടാതെ വളരെ രസകരമായ ഒരു കഥാപാത്രം കൂടി ആ ഭവനത്തിൽ ഉണ്ട്. ചിക്കി  സാറിന്റെ അളിയനും രാധി സ്കൂളിലെ വിദ്യാർത്ഥിയുമായ കിൻലെ എന്നാ സൂത്രക്കാരൻ ആയ ചെറുക്കൻ. മധുര പതിനാറുകാരനായ അവൻ, അവന്റെ പ്രായത്തിനു ചേർന്ന നോട്ടവും, കുസൃതികളും ആയി സ്കൂളിലെ പെൺകുട്ടികളുടെ ഹീറോ ആണ്. അതുകൊണ്ടുതന്നെ ചിക്കി സർ നു   അവൻ ഒരു തലവേദനയാണ്. ഫാഷനബിൾ ആയ വസ്ത്രധാരണവും, വ്യത്യസ്തങ്ങളായ ഹെയർ സ്റ്റൈലും കൊണ്ട് സ്കൂളിലെ സ്റ്റൈൽമന്നൻ അവൻ തന്നെ എന്നെ എല്ലാവരും പറയും. അതിൽ ഇത്തിരി ഗാമയും അവനുണ്ട്. "സിനിമ "എന്ന മൂന്ന് അക്ഷരത്തിന് യാതൊരു പ്രസക്തിയും ഇല്ലാത്ത ഭൂട്ടാനിൽനിന്നും, പഠനം കഴിഞ്ഞാൽ നേപ്പാളിലേക്ക് പാലായനം ചെയ്തത് സിനിമയിൽ തിളങ്ങാൻ ആണ് അവന്റെ മോഹം എന്ന് ഒരുതവണ പറയുകയുണ്ടായി. തികഞ്ഞ അന്ധവിശ്വാസിയായ തന്റെ അളിയൻ ഇത് ഒരു കാരണവശാലും അറിയരുതെന്നും ചട്ടംകട്ടി. ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ പെങ്ങൾക്ക് വല്ലായ്മ കൂടുമ്പോൾ, ക്ഷീണം അധികമാകുമ്പോൾ, ആ വീട്ടിലെ എല്ലാ ജോലിയും അവൻ ഒറ്റയ്ക്ക് ചെയ്യും. മരുമക്കളെ പൊന്നുപോലെ നോക്കും.കെൻലെ ക്കും, ചിമ്പാക്കും നല്ലൊരു കുഞ്ഞമ്മാവൻ തന്നെ. 


വർഷങ്ങൾ പിന്നോട്ട് പോയി., ഇന്ന് ചിക്കി സർ ജില്ലാആസ്ഥാനത്തിലെ മറ്റൊരു സ്കൂളിൽ പ്രിൻസിപ്പലാണ്‌. ഭാര്യ പൂർണ്ണമായുംസുഖ പ്പെട്ടിരിക്കുന്നു. കെൻലി യും ചിമ്പയും  കൂടാതെ മൂന്നാമതൊരു പുതുമുഖം കൂടി കുടുംബ ചിത്രത്തിൽ കാണാനുണ്ട്. മാത്തമാറ്റിക്സ് ആണ് വിഷയമെങ്കിലും ഇൻഫോർമേഷൻ ടെക്നോളജിയിലും അഗ്രഗണ്യനായിരുന്നുചിക്കി സർ. നല്ല ഒരു കർഷകനും, അമ്പെയ്ത്തു കാരനും,  മത പണ്ഡിതനും കൂടിയാണ് അദ്ദേഹം.

പുറമേക്ക് അല്പം പ്രാകൃതമെന്ന് തോന്നിയാലും.......
 സൂക്ഷ്മനിരീക്ഷണത്തി ൽ നിന്ന്ഭൂട്ടാൻ  ഗ്രാമങ്ങളിലെ കുഞ്ഞുകുഞ്ഞു ബന്ധങ്ങൾ കാണാനാവാത്ത ഇഴയടുപ്പം കൊണ്ടാണ് തുന്നിക്കൂട്ടിയിരിക്കുന്നതെന്ന്  എനിക്കു ബോധ്യപ്പെട്ടു.

തുടരും............ 

18:മാനസ സുഹൃത്തു :👭

Friday, April 24, 2020

17: പ്രകൃതിയുടെ വികൃതി


വീതികുറഞ്ഞ നടപ്പാതയിലൂടെ തിരിച്ച് മലയിറങ്ങാൻ തുടങ്ങി... ഏകദേശം ഒരു കിലോമീറ്ററോളം നല്ല സുഖമായി ഇറങ്ങാൻ പറ്റി. അന്തരീക്ഷം ഇരുണ്ടു, പെട്ടെന്നുണ്ടായ ഒരു കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് മുന്നിൽ കാണുന്ന വഴികളെല്ലാം ചളിപിളിയായി.. കുറച്ചു നേരം അന്തം വിട്ടു നിന്നെങ്കിലും, കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറുകൾ എല്ലാം തലയിലിട്ട് കുറച്ചു നേരം നടന്നു. ചന്നം പിന്നം മഴത്തുള്ളികൾ ഭൂട്ടാനിൽ എപ്പോഴും പ്രതീക്ഷിക്കാം. അതിനാൽ തന്നെ കയ്യിലുണ്ടായിരുന്ന ഭീമൻ കാലൻ കുട കുട്ടിയെ മഴനനയാതെ രക്ഷിച്ചു. സ്വയം വഴുക്കി പോകുന്ന കാലുകളുമായി അമ്മയെ വീഴ്ത്താതെ കൈപിടിച്ചു. പക്ഷേ ഒരടി പോലും മുന്നോട്ടു വയ്ക്കാൻ കഴിയാതെ മഴ കനത്തു. കാടിനു നടുവിൽ അകപ്പെട്ടു. ഫോറസ്റ്റർ മാരുടേത് എന്ന് തോന്നുന്ന ഒരു ഏറുമാടം മരങ്ങൾക്കിടയിൽ കണ്ടു. തൽക്കാല ആശ്വാസത്തിനായി അവിടെ കയറിക്കൂടി. ഈ കനത്തമഴയിലും ആഘോഷപരിപാടികൾ തകൃതിയായി നടക്കുന്നു.... കാഹളനാദത്തിന്റെ അലയൊലി ഇപ്പോഴും കേൾക്കാൻ ഉണ്ട്. ഒരുമണിക്കൂറോളം പെയ്യുന്ന മഴയും നോക്കി, എന്തോ.... ഏതോ... എങ്ങിനെയോ.... എന്ന മട്ടിൽ നിന്നു...... മഴ ഒന്ന് ശമിച്ചപ്പോൾ മൂടൽമഞ്ഞ് വന്ന് മൂടി. വീണ്ടും നടത്തം തുടങ്ങി. 
             
പക്ഷേ പോകുന്ന വഴികൾക്ക് ഒരു വല്ലാത്ത അപരിചിതത്വം. കയറുമ്പോൾ കണ്ട വഴികൾ അല്ലല്ലോ ഇത് എന്ന ആശങ്കയിൽ പരസ്പരം നോക്കി. പക്ഷേ ദിശ മാറിയിട്ടില്ലതാനും. കുറച്ചു ദൂരം മുന്നോട്ടു പോയി. ഭൂട്ടാനിലെ വഴികളെല്ലാം ഇങ്ങനെതന്നെയാണ്
ഒരു മഴ വന്നാൽ മാറിമറിയുന്നവ.. കാര്യം പിടി കിട്ടി. മുന്നോട്ടുള്ള വഴിയിൽ ഏകദേശം ഒരു നാല് അഞ്ചേക്കറോളം സ്ഥലം ഒന്നിച്ച് മലയിടിഞ്ഞു പോയിരിക്കുന്നു. മണ്ണൊലിച്ച് വഴികളെല്ലാം മായ്ക്കപ്പെട്ടിരിക്കുന്നു. ഏകദേശം ദിശ നോക്കി നടന്നെങ്കിലും വഴി ഒരുപാട് ദൂരം പിന്നിലായി. കാൽ പാദം മൂടുന്ന കുഴഞ്ഞമണ്ണിലൂടെ കാൽ എടുത്തു വെച്ച് നടക്കുക പ്രയാസമായി. ചെരുപ്പുകൾ എല്ലാം അഴിച്ചു സഞ്ചിയിലാക്കി. കയ്യിൽ കിട്ടിയ വടികുത്തി എങ്ങിനെയൊക്കെയോ മുന്നോട്ടുനീങ്ങി. ഇലപൊഴിഞ്ഞ വഴികളെല്ലാം മഴയിൽ കുതിർന്നിരിക്കുന്നു . വഴുക്കിവീഴാൻ പലതവണ പോയെങ്കിലും അടി തെറ്റാതെ കുറേ നേരം നടന്നു. മറ്റുള്ളവരുടെ സഹായത്തോടെ ആണെങ്കിലും സുഖമായി കയറിയ മല ഇത്രയും ബുദ്ധിമുട്ട്ഇറങ്ങേണ്ടിവന്നപ്പോൾ സത്യത്തിൽ സങ്കടം വന്നു. യാത്രയ്ക്ക് മുൻകൈയെടുത്തത് ഞാൻ ആണല്ലോ എന്ന കുറ്റബോധവും. സന്തോഷത്തോടെ തുടങ്ങിയ ഈ യാത്ര അമ്മയുടെ ഒരു വീഴ്ചയോടെ  സങ്കടത്തിലായി. പാവം അമ്മ ഒരു വലിയ ചെ രുവിൽനിന്ന് കാൽ വഴുക്കി വീണു. ഇരിക്കകു ത്തു  വീണതിനാൽ എണീക്കാൻ കുറച്ചു നേരം എടുത്തു. മകനെയും എടുത്തു കൊണ്ടുള്ള യാത്ര മാഷിനും ബുദ്ധിമുട്ടുള്ളതായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാൾ പൊക്കത്തിൽ ഒരു കിടങ്ങ്. എനിക്കും അമ്മയ്ക്കും അത് ചാടാൻ കഴിയില്ലെന്ന് ഉറപ്പായി. മകനെ എന്റെ കയ്യിൽ തന്ന് മാഷ് ആദ്യം ചാടി, പിന്നെ മകനെ കൊടുത്തു. അവനെ നിലത്തു നിർത്തി എന്നെയും അമ്മയെയും ചാടുവാൻ  സഹായിച്ചു. സത്യത്തിൽ അമ്മയെ എടുത്തു വയ്ക്കേണ്ടി വന്നു. അങ്ങനെ കിടങ്ങു  എല്ലാം ചാടി മറിഞ്ഞ് താഴെ ഒരു പരിചയവുമില്ലാത്ത ചോള പാട്ടത്തിനടുത്തു എത്തി പെട്ടു.
 (വീണതിന്റെ വേദന പൂർണ്ണമായും സുഖം ആവാൻ അമ്മ ഏകദേശം ഒരുമാസം എടുത്തു. )

 
ചോളകം പാടത്തിൻ അരികിൽ കണ്ട ഒരു തൊഴുത്തിൽ കുറച്ചുനേരം വിശ്രമിച്ചു. കയ്യിൽ കരുതിയ വെള്ളവും ഭക്ഷണവും എല്ലാം തീർന്നു. കാട്ടുചോലയിൽ നിന്നും നല്ല പളുങ്കു വെള്ളം ശേഖരിച്ചു. എന്തെങ്കിലും ഒരു വഴി കാണും എന്ന പ്രതീക്ഷയിൽ കുറച്ചുനേരം വിശ്രമിച്ചു. സ്ഥലത്തെ പറ്റി യാതൊരു ഐഡിയയും ഇല്ല. എവിടെയെത്തി എന്ന്,  ഇനി എത്ര ദൂരം പോകണം എന്ന് അറിയില്ല. ഏതെങ്കിലും ഒരു വണ്ടി വരുമെന്ന പ്രതീക്ഷയും ഇല്ല. 
 സാഹചര്യങ്ങളാണ് മനുഷ്യനെ നാശം ആക്കുന്നത്, വെറുതെയിരിക്കുമ്പോൾ വിറങ്ങലിച്ചു എന്നപോലെ.....മൂത്തു  വിളഞ്ഞ് ചോളക കുലകൾ കണ്ടപ്പോൾ അതിൽനിന്നൊരു പത്തെണ്ണം പൊട്ടിച്ചോട്ടെ....ഇന്നത്തെ വിഷമം മാറ്റാം....
എന്ന് മാഷോട് ചോദിച്ചു? കണ്ണു പൊട്ടുന്ന നോട്ടവും, ചെകിട്പൊട്ടുന്ന ചീത്തയും കേട്ടു. ഓ സദാചാരക്കാരൻ... പക്ഷേ അദ്ദേഹം പറഞ്ഞത് 100% ശരിയായിരുന്നു. ഇത് കേരളമല്ല... ഭൂട്ടാൻ ആണ്..... ഇവിടെ ഒരാളും മോഷ്ടിക്കില്ല, പാവം പിടിച്ച ഏതെങ്കിലും ഒരു കർഷകന്റെ ആ വർഷത്തെ ആദായം ആകും അത്. മനസ്സ് പോലും മത്തായി പോകുന്ന ചിന്തകൾ.... റോഡിനോട് ചേർന്ന് ഒറ്റമുറി വീടുണ്ട്. പക്ഷേ ആരെയും കാണുന്നില്ല. അതിലെ താമസക്കാർ ചിലപ്പോൾ ലാമയെ കാണാൻ പോയതായിരിക്കും. വീടിനു താഴെ വിശാലമായ താഴ്വര. അവിടെ നിറയെ മിഥുൻ ഇനത്തിൽപെട്ട പശുക്കളും, തുള്ളിച്ചാടി നടക്കുന്ന കുതിരകളും മേയുന്നു. ഇവരുടെ കാവൽക്കാരനായി ഒരു ബടാക്കൻ വേട്ട നായയും. കാഴ്ചയിൽ വ്യത്യസ്തരായി തോന്നിയ ഞങ്ങളെ ഇടയ്ക്കിടെ വന്ന് ഒന്ന് ചുറ്റി നടക്കുന്നുണ്ട് കക്ഷി. സമയം കുറെ കടന്നു പോയി. നടന്നാൽ എത്താവുന്ന ദൂരം അല്ല. എന്തെങ്കിലും വഴിയുണ്ടാകും എന്ന് പ്രതീക്ഷയിൽ കുറച്ചുനേരം കൂടെ ഇരുന്നു. ദൂരെ നിന്ന് ഒരു വാഹനത്തിന്റെ ശബ്ദം കേൾക്കാൻ ഉണ്ട്. മിലിറ്ററി റോഡ് സർവീസിന്റെ ഒരു  ട്രക്ക് ആയിരുന്നു അത്. കൈകാണിച്ചപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലായി. ഒരു ഭൂട്ടാനി ഡ്രൈവറും, പുറകിൽ ആസാമി പണിക്കാരും ഉണ്ടായിരുന്നു. കയറിക്കോളും രാധി യിൽ  ഇറക്കാമെന്ന് അവരുടെ ഭാഷയിൽ പറഞ്ഞു. അമ്മയും കുട്ടിയും ഒക്കെയായി എങ്ങനെയൊക്കെയോ ട്രക്കിൽ കയറിപ്പറ്റി. രണ്ടുമൂന്നു കിലോമീറ്ററോളം മുന്നോട്ട് പോന്നപ്പോഴാണ് രാധി യിൽ  നിന്ന് വന്ന വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലം കണ്ടത്. അപ്പോഴാണ് ഞങ്ങൾക്ക് ദിക്ക് തെറ്റിയ  വിവരം പോലും മനസ്സിലായത്. കണ്ടാൽ എല്ലാ സ്ഥലങ്ങളും ഒരുപോലെ ഇരിക്കും. കാടും മേടും എല്ലാം ഒരുപോലെ.. രാവേറെ നീളുന്ന പ്രാർത്ഥനാ ചടങ്ങുകൾ എല്ലാം കഴിഞ്ഞു, സ്കൂൾ കെട്ടിടത്തിൽ വന്നു കിടന്ന് നേരം പുലർന്നേ ഇനി മറ്റുള്ളവർ  വരു. അതുവരെ അവരുടെ വാഹനങ്ങൾ അവിടെ കിടക്കും. വണ്ടി ലോക്ക് ചെയ്യുക പോലുമില്ല. ഇത്രയും മനസ്സുകൊണ്ട് ധൈര്യവും മനസ്സമാധാനവും ഉള്ള മനുഷ്യർ. അങ്ങനെ സിമന്റ് എടുക്കാൻ ബോർഡർലേക്ക് പോകുന്ന ട്രക്കിൽ കയറി രാധയിൽ എത്തി. 


( ഇത്തരം വണ്ടിയിൽ ആസാം ബോർഡർലേക്ക് പോകുന്ന പണിക്കാരാണ് ഞങ്ങൾക്ക്  ഭൂട്ടാനിൽ ലഭ്യമാകാത്ത  ഇന്ത്യൻ പലചരക്കു സാധനങ്ങൾ, ഉഴുന്ന്, ഉലുവ, മസാലപ്പൊടികൾ, പപ്പടം, ബോയിൽഡ് റൈസ്, എന്നിവയൊക്കെ എത്തിച്ച തന്നിരുന്നത്. ആ വണ്ടി താഴ്വരയിൽ എത്താൻ രണ്ടു ദിവസം എടുക്കും.) 

ഒരുവിധത്തിൽ രാധിയിൽ എത്തിയപ്പോഴേയ്ക്കും സമയം നാലുമണി കഴിഞ്ഞിരുന്നു. എല്ലാ വീടുകളും അടവാണ്. എല്ലാവരും ലാമയുടെ ശക്തിയിൽ ലയിച്ച് ഇരിക്കുകയാവും. വീട്ടിലെത്തി, ചളിയിൽ കുതിർന്ന വസ്ത്രങ്ങളും ബാഗുകളും എല്ലാം കഴുകിയിട്ടു, കുക്കറിൽ കുറച്ച് കഞ്ഞിവെച്ച് കുടിച്ച് ക്ഷീണം മാറാൻ പൂർണവിശ്രമം തന്നെ വേണ്ടിവന്നു. രാവേറെ വൈകിയപ്പോൾ ഉണർന്നു പുറത്തേക്ക് നോക്കി, എങ്ങും മൂകതയാണ്. ഒരു വീട്ടിലും ആളനക്കം ഇല്ല. കുന്നിൻമുകളിൽ അവിടവിടെയായി നക്ഷത്രങ്ങൾ മിന്നുന്ന പോലെ വിളക്കുകൾ കാണാം. പിറ്റേ ദിവസം ഉച്ചയോടെയാണ് പോയവരെല്ലാം ആടിപ്പാടി വീട് അണഞ്ഞത്. 
 ആഘോഷപരിപാടികൾക്ക് ഇടയിൽ ധൃതിപിടിച്ച് പോന്നതിന് പ്രിൻസിപ്പൽ അടക്കമുള്ള സഹപ്രവർത്തകർ പരിഭവം പറഞ്ഞു. വന്ന് വഴിയിലെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ കർമ്മ സാർ കൊണ്ടുവിടും ആയിരുന്നില്ലേ  എന്ന് പറഞ്ഞു. ആഘോഷങ്ങൾക്കിടയിൽ പങ്കെടുക്കുന്നവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി, അവർക്ക് അതൊക്കെ വലിയ വിശ്വാസമാണ്, നമുക്ക് അതൊരു നേരംപോക്കും. പക്ഷേ ഇതൊരു വല്ലാത്ത നേരമ്പോക്കായി എന്ന് മാഷ് പറഞ്ഞു. 
 പിറ്റേ ദിവസം സ്കൂളിൽ ഇത് വലിയ ചർച്ചയായി. സഹപ്രവർത്തകരിൽ പലരും ഞങ്ങൾ പോന്നത് അറിഞ്ഞപ്പോൾ വിമർശിച്ചു. ഒറ്റയ്ക്കു പോന്നതിനെ ചൊല്ലി ശകാരിച്ചു. ഒരു കൂട്ടം ആയി മാത്രമേ ഇത്തരം സ്ഥലങ്ങളിലൂടെ ഇവിടെത്തുകാർ സഞ്ചരിക്കൂ. കാരണം കാട്ടുമൃഗങ്ങൾ ആയ പുലി,  കരടി, ചെന്നായ ഇവയൊക്കെ വിഹരിക്കുന്ന സ്ഥലമാണത്. ഇത്തരം  മേഖലകളിൽനിന്ന് വഴിമാറി സഞ്ചരിക്കുവാനുള്ള ബോർഡ് അവരുടെ ഭാഷയായ സോങ്ങായ്യിൽ അവിടെ എഴുതി വച്ചിട്ടുണ്ട്. അതുണ്ടോ  നമുക്ക് വായിച്ചാൽ മനസ്സിലാകുന്നു. 

ഇനി ജീവിതത്തിൽ ഒരിക്കലും  സാഹസിക യാത്രക്ക് മുതിരില്ല എന്ന് രാധി സ്കൂളിലെ സ്റ്റാഫ് റൂമിൽ വെച്ച് പ്രതിജ്ഞ ചെയ്തു. 
 എന്തിരുന്നാലും വളരെ വലിയ മറ്റൊരു പാഠം യാത്രയിൽ നിന്നും പഠിച്ചു... ഭൂട്ടാനിലെ കർഷക ഗ്രാമത്തിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ കലർപ്പില്ലാത്ത സ്നേഹം, കരുതൽ, സഹായമനസ്കത, എല്ലാറ്റിനും ഉപരി ഏതു സാഹചര്യത്തിലും ഉള്ള അവരുടെ കൂട്ടായ്മ.... എത്ര സന്തോഷത്തിലാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും കടന്നു പോകുന്നത്, സത്യത്തിൽ സ്വർഗ്ഗതുല്യമായ ജീവിതം ഇതൊക്കെയല്ലേ എന്ന് തോന്നി പോയി ...... 


 തുടരും.....

18: രാധിയിലെഅയൽക്കാർ. 

Thursday, April 23, 2020

16)ലാമയെ കാണാൻ.....



രാധിയിൽ നിന്നും മലഞ്ചെരുവിലൂടെ തിരിയുന്ന മറ്റൊരു റോഡ് ലിറ്റർ ഫ്രീ ഹൈസ്കൂളിലേക്ക് ഉള്ളതാണ്. ഏതാനും കിലോമീറ്ററുകൾ മാത്രമേ റോഡുഗതാഗതം ഉള്ളൂ. പിന്നീട് അഞ്ച് കിലോമീറ്ററോളം ദൂരം മരങ്ങൾ നിറഞ്ഞ ചെറു കാടുകൾക്കിടയിൽഊടെ ഉള്ള കാൽനടപ്പാത വഴി മലമുകളിൽ എത്തണം. പരമ്പരാഗത ഭൂട്ടാൻ വാസ്തു രീതിയിൽ തന്നെ നിർമ്മാണം നടത്തിയ ലിറ്റർ ഫ്രീ സ്കൂളും, ഹോസ്റ്റൽ കെട്ടിടവും, അധ്യാപകരുടെ കോർട്ടേഴ്സ്ഉം , എല്ലാം തന്നെ വാഹന സൗകര്യം ഇല്ലാത്തതിനാൽ കുതിരപ്പുറത്ത് സാധനങ്ങൾ കൊണ്ടുവന്ന് നിർമ്മിച്ചതാണ് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഈ ഇരുപതാം നൂറ്റാണ്ടിലും ഇവർ എത്രയോ പിന്നിലാണ്.
 
   
ലിറ്റർ ഫ്രീ എന്നാൽ "മാലിന്യ മുക്തമായത് "എന്നർത്ഥം. അങ്ങനെയെങ്കിൽ ഭൂട്ടാനിലെ എല്ലാ വിദ്യാലയങ്ങളും ലിറ്റർ ഫ്രീ തന്നെ. ഈ വിദ്യാലയത്തിന്റെ  തൊട്ടു പുറകുവശത്ത് ഒരു കുന്നിൻ മുകളിൽ ഒരു ലാമ വന്ന് താമസമാക്കി യിട്ടുണ്ട്. ചെറിയ ബുദ്ധ  വിഹാരങ്ങളും അവിടെയുണ്ട്. അവിടം ഇടയ്ക്കിടെ സന്ദർശിക്കുന്ന ഒരു മാന്ത്രിക ശക്തിയുള്ള ലാമ ആണത്രേ അദ്ദേഹം. ബുദ്ധന്റെ ആശയങ്ങളെ കാൾ ഒരു പടി മുന്നിലാണ് ഗ്രാമീണ വാസികളായ ഭൂട്ടാനികൾക്ക് ലാമമാരോടുള്ള അന്ധവിശ്വാസം. ലാമ മാരിൽ തന്നെ മാന്ത്രികൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ലാമ  ആ കുന്നിൻമുകളിൽ തപസ്സിൽ ആണ് എന്നും, ചില പ്രത്യേക ദിവസങ്ങളിൽ ദർശനം നൽകുമെന്നും ഗ്രാമവാസികൾ പറഞ്ഞു. 
 മാസത്തിലെ ചില ദിനങ്ങൾ "അനുഗ്രഹ ദിനം" എന്നും പറഞ്ഞ് പല വിശുദ്ധ ലാമ മാരെയും കാണാൻ പോകുന്നത് അവിടുത്തെ ഗ്രാമീണരുടെ ഒരു മിഥ്യാധാരണയാണ്. നമ്മുടെ നാട്ടിലും അങ്ങനെ ചില മനുഷ്യ ദൈവങ്ങൾ ഉണ്ടല്ലോ. ശനിയാഴ്ചകളിൽ ഇത്തരം അന്ധവിശ്വാസങ്ങളും പൂജകളും ഓരോ ഭവനത്തിലും ഇത്തിരി കൂടുതലാണ്. 
 ഒരു ബ്ലെസ്സിംഗ്ഡേ അവധി ലഭിച്ചപ്പോൾ രാധി ഗ്രാമം മുഴുവനും ലിറ്റർ ഫ്രീ സ്കൂളിനടുത്തുള്ള മാന്ത്രിക സന്യാസിയെ കാണുവാനും, അനുഗ്രഹം വാങ്ങാവാനും, ആഘോഷത്തിൽ പങ്കെടുക്കുവാനും  തീരുമാനിച്ചു. നേരം പുലർന്നപ്പോൾ മുതൽ ഓരോ സംഘങ്ങളായി കുട്ടികളും യുവാക്കളും യാത്രതുടങ്ങി. പ്രായമായവരും, നടക്കാൻ ബുദ്ധിമുട്ട് ഉള്ളവരും സ്കൂളിലെ അധ്യാപകരുടെ കാറുകളിൽ കയറി. രാധി  ഗ്രാമത്തിൽ ആകെ മൂന്നു കാറുകളെ ഉള്ളൂ. പ്രിൻസിപ്പൽ സാറിനും, ചികി സാറിനും കർമ്മ സാറിനും. എല്ലാം തട്ടുപൊളിപ്പൻ വാഹനങ്ങളാണ്. ഈ പർവ്വത റോഡിൽ ഇതുതന്നെ കൊണ്ടുനടക്കാൻ ബുദ്ധിമുട്ടാണ്. പെട്രോൾ പമ്പും വർക്ക്ഷോപ്പ് എല്ലാം 30 കിലോമീറ്ററുകൾക്കപ്പുറം ആണ്. എങ്കിലും രാധിയിലെ  അത്യാവശ്യങ്ങൾക്ക് എല്ലാം  ഈ കാറുകൾ ഉപകാരമാണ്. 
 
ലാമയെ കാണാൻ ഒന്നു പോയാലോ എന്ന ചിന്ത എന്റെ മനസ്സിൽ വന്നു. നേരമ്പോക്കിന് ഒരു ട്ര ക്കിങ്ങും ആയല്ലോ എന്ന് വിചാരിച്ചു. അതുകൊണ്ടുതന്നെ ഒരു ട്രക്കിംഗ് മൂഡിലാണ് ഒരുങ്ങിയത്. 
 കാലത്ത് നേരത്തെ ഉണർന്നു, രാവിലെത്തെക്കും ,  ഉച്ചയ്ക്കും ഉള്ള ഭക്ഷണം പൊതിഞ്ഞെടുത്തു. ഒരു ദിവസത്തെ യാത്രക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങളും തോൾ സഞ്ചിയിൽ ഇട്ടു. യാത്ര എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ചു കൊണ്ട് വീടിന് മുൻവശത്ത് നിന്നു. 

 വീടിന് തൊട്ടടുത്തുള്ള കർമ്മ സാറും ഭാര്യയും ഞങ്ങളുടെ നല്ല അയൽവാസികളാണ്. ഇരു കുടുംബങ്ങൾക്കും ഉത്തമ സുഹൃത്തുക്കൾ ആവാൻ കുറച്ചു ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. യാത്ര എങ്ങോട്ടാണ് എങ്കിലും കർമ്മസാറിന്റെ  കാറിൽ   ഞങ്ങളുടെ കുടുംബത്തിനുള്ള സ്ഥലം കരുതിയിരിക്കും. യാത്ര തുടങ്ങി.....ഇന്നത്തെ  ലക്ഷ്യസ്ഥാനത്തേക്കു  വളരെ കുറച്ചു ദൂരം മാത്രമേ റോഡുഗതാഗതം ഉള്ളൂ. വിശാലമായ ചോളക പാട ത്തിനടുത്തുള്ള മണ്ണിട്ട റോഡിൽ റോഡ്ഗതാഗതം നിന്നു. പിന്നെ കണ്ടത്കണ്ണിന്  ഹരിതാഭമായ കാഴ്ചയാണ്. ഇത്തരം കാഴ്ചകൾ ഞാൻ ചിത്രങ്ങളിലെ കണ്ടിട്ടുള്ളൂ. അതിനാൽ തന്നെ എന്റെ അത്ഭുതം !കണ്ണുകളെ വിശ്വസിപ്പിക്കാൻ പ്രയാസപ്പെട്ടു.

പച്ച പുൽമേടുകളും ചെറിയ കാടുകളും, കഴിഞ്ഞാൽ പിന്നെ കുത്തനെ ഉള്ള മലകയറ്റം ആണ്. ശബരിമലയും മലയാറ്റൂർ മലയും ഒക്കെ എത്ര എളുപ്പം കയറാം എന്നു തോന്നി. തിരിച്ചു പോയാലോ എന്ന് പോലും ചിന്തിച്ച് ഒരു നിമിഷം തരിച്ചു നിന്നു. തിരിഞ്ഞുനോക്കിയപ്പോൾ കൂടെയുള്ളവരെല്ലാം ഓടിച്ചാടി മല കയറുന്നു...മൂന്നുവയസ്സുള്ള മകനെ എടുക്കാൻ വിദ്യാർഥികൾ മത്സരിച്ചു. ബാഗു പിടിക്കാനും, കൈപിടിച്ചു കയറ്റാൻ ഒക്കെ, ഭൂട്ടാപെണ്ണുങ്ങൾ മത്സരിക്കുന്നു. 55വയസ്സുള്ള അമ്മയെ കൂടെ കൂട്ടിയത്,  അമ്മയ്ക്ക് ഇതൊക്കെ ഇഷ്ടമാണല്ലോ എന്ന് കരുതിയാണ്. പക്ഷേ ഇത്ര വലിയ കയറ്റം ഒന്നും കയറാൻ അമ്മയ്ക്കും ആരോഗ്യം വിഷയം തന്നെ. ഭൂട്ടാനി  പെണ്ണുങ്ങളുടെ സഹകരണത്തോടെ ഒരുവിധത്തിൽ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ മലമുകളിലുള്ള സ്കൂളിലെത്തി. 
സ്കൂൾ അധികൃതരുടെ വക ഗംഭീര സ്വീകരണം. നമ്മുടെ നാട്ടിലെ നാരങ്ങവെള്ളം പോലെ ഭൂട്ടാനികൾ ദാഹം തീർക്കാൻ സർവ്വസാധാരണമായി കുടിക്കുന്നത് ലിച്ചി ജ്യൂസ് ആണ്. ഇളം മധുരവും റോസ് വാട്ടർന്റെ മണവുമുളള ലിച്ചി ജ്യൂസും, ഒട്ടും മധുരമില്ലാത്ത വേഫർ ബിസ്ക്കറ്റ്കളും.ഇവർ  ഇതാണ് ഏതു സ്വീകരണത്തിലും ആദ്യം നൽകുന്നത്. ക്ഷീണവും ദാഹവും മാറ്റി. കയ്യിൽ കരുതിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിയും സാമ്പാറും കഴിച്ച കുറച്ചുനേരം വിശ്രമിച്ചു. അൻപതോളം ഇഡ്ഡലി കളും, ഒരു ബോട്ടിൽ നിറയെ സാമ്പാറും കൂടെയുണ്ടായിരുന്ന അധ്യാപക സുഹൃത്തുക്കളും ആസ്വദിച്ചു കഴിച്ചു. 
     
   
 
വിശ്രമത്തിനുശേഷം കാഹളനാദം അലയടിച്ചു കേൾക്കുന്ന ആഘോഷ സ്ഥലത്തേക്ക് നീങ്ങി. പക്ഷേ എല്ലാ പ്രതീക്ഷകളും അവിടെ അസ്തമിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ ഭീതിി തോന്നുന്ന അവസ്ഥ. കാഹളനാദം അലതല്ലുന്നു, അസുരവാദ്യമായ ചെണ്ടയെ തോൽപ്പിക്കുന്ന ഒരുതരം ഡ്രംമുകൾ അടിച്ചുപൊളിക്കുന്നു. ഉച്ചത്തിലുള്ള മന്ത്രോച്ചാരണങ്ങളും, ഹോമകുണ്ഡത്തിൽ നിന്നുയരുന്ന ഭീതി ഉളവാക്കുന്ന പുകയും, അതിനു ചുറ്റും നൃത്തം ചെയ്യുന്ന പ്രേതാത്മാക്കളുടെയും, ദുഷ്ട ശക്തികളുടെയും മുഖം മൂടി വെച്ച് രൂപങ്ങൾ. ഇതെല്ലാം കൂടെ കണ്ടതോടെ മൂന്നു വയസ്സുള്ള എന്റെ മകൻ പേടിച്ച് അലറിക്കരഞ്ഞു. അമ്മയും ഏതാണ്ട് കരച്ചിലിന്റെ വക്കിൽ എത്തിയിരിക്കുന്നു. വിവരണാതീതമായ അവസ്ഥയായിരുന്നു അവിടുത്തേത്. ഹിമാലയൻ പർവത നിരകൾക്കിടയിൽനിന്ന് നമ്മുടെ നാട്ടിലെ സകല ദൈവങ്ങൾക്കും മനസ്സുകൊണ്ട് പൈസ ഉഴിഞ്ഞു വെച്ചാണ് മകന്റെ കരച്ചിൽ നിന്നത്. നാട്ടിൽ കാലു കുത്തിയാൽ ഉടൻ ഗുരുവായൂരിലെത്തി ധൈര്യം ഉണ്ടാകാൻ ആയി കുന്നികുരു കൊണ്ട് തുലാഭാരം വരെ നേർന്നു.
 സത്യത്തിൽ കൂടെ വന്നവർ എല്ലാം അതിൽ അലിഞ്ഞു ചേർന്നിരുന്നു. കേരളത്തിൽനിന്ന് ഈ മാമാങ്കം കാണാൻ കൊതിച്ചു പോയ ഞങ്ങൾ നാലുപേരും തരിച്ചുനിന്നു. ശരിക്കും  കാട്ടാള നടനം തന്നെ. കണ്ടു നിൽക്കും തോറും ഹൃദയതാളം കൂടിക്കൂടി വരുന്നത് സ്വയം അറിഞ്ഞു... മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിൽ മുഴക്കി സന്യാസികൾ. ഇവർ ക്കിടയിലൂടെ വിശുദ്ധനെ കാണുവാനും, അനുഗ്രഹം വാങ്ങിക്കുവാനും, കാണിക്ക ഇടാനും, തിരക്കുന്ന വിവിധ ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യർ...... 
                   
ആൾത്തിരക്കിൽ ഇടയിലൂടെ ആ വിശുദ്ധ മുഖം ഒന്നേ നോക്കിയുള്ളൂ..... സത്യം പറഞ്ഞാൽ അയാളുടെ മുഖം കണ്ടതോടെ യാത്രാക്ഷീണം പത്തിരട്ടി ആയി. ഒരു കള്ള സന്യാസി. കൂളിംഗ് ഗ്ലാസും, വിലകൂടിയ ഫോണ്, എല്ലാം ഉപയോഗിക്കുന്നു. കാണിക്ക കിട്ടിയ പണം മുഴുവൻ വാരികെട്ടി പുറകിലുള്ള സഹായിയെ ഏൽപ്പിക്കുന്നു..
കണ്ണു കണ്ടാൽ ഒരു കള്ള നോട്ടം. ആദ്യനോട്ടത്തിൽ തന്നെ മടുത്തു. ഭൂട്ടാനിൽ രണ്ടുതരത്തിലുള്ള സന്യാസികൾ ഉണ്ട്. ഭൂട്ടാനിലെ ചരിത്രത്തോളം വലിയ ആ കഥ പിന്നെ പറയാം. ക്ഷേത്രവും മത പഠനവുമായി സമൂഹത്തിൽ കഴിയുന്ന നേരുള്ള സന്യാസിമാർ ഒരു പുറത്ത്, എന്തൊക്കെയോ അത്ഭുത ശക്തികൾ ഉണ്ടെന്ന് സ്വയം പറഞ്ഞു, സ്വയം അപ്രത്യക്ഷമായി, കാടുകളിലും ഗുഹകളിലും കഴിയുന്ന മുഖംമൂടികൾ മറുപുറത്ത്.

 ( ഇനി ഒരു പിന്നാമ്പുറ കഥ::: സന്യാസിയെ കണ്ടു വന്ന ശേഷം,  കൂടെയുള്ള മലയാളിയായ അധ്യാപകനോട് വിശേഷങ്ങൾ പങ്കുവെച്ചു. അപ്പോഴാണ് സത്യാവസ്ഥ ചുരുളഴിയുന്നത്, ഞങ്ങൾ കണ്ടു വന്ന ആ വിശുദ്ധൻ ഒരു ഫ്രോഡ് ആണ്. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം അനുഗ്രഹ ദിനം എന്നും പറഞ്ഞ് പാവപ്പെട്ട ഗ്രാമീണരുടെ കയ്യിൽനിന്നും ധാന്യങ്ങളും, പണവും, മറ്റ് ആവശ്യ  വസ്തുക്കളും കാണിക്കയായി  സ്വീകരിക്കും. ദക്ഷിണയായി ഒരു മാസത്തെ ശമ്പളം മുഴുവനും കൊടുക്കുന്ന അന്ധവിശ്വാസികളായ ഭൂട്ടാനികൾ ഇന്നുമുണ്ട്. ഇങ്ങനെ കിട്ടുന്ന സാധനങ്ങൾ എല്ലാം ശേഖരിച്ചു വെച്ച്, ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന കുറച്ചു ശിങ്കിടി കളുടെ കൂടെ പാട്ടും കൂത്തും മേളവുമായി അടിച്ചുപൊളിക്കും. സ്വരൂപിച്ച പണവുമായി പർവ്വത മുകളിലെ ഉൾ വനങ്ങളിലേക്കു  ധ്യാനത്തിനാണ്  എന്നും പറഞ്ഞ് ഒറ്റ മുങ്ങൽ ആണത്രേ.... അടുത്തുള്ള ഏതെങ്കിലും വിദേശ രാജ്യത്തേക്ക്.  (ചൈന, നേപ്പാൾ, സിംഗപ്പൂർ,  ) പണം കഴിയുന്നതുവരെ അവിടെ സുഖവാസം..... അവിടത്തെ സ്വദേശികളെ വിവാഹം കഴിക്കാൻ അവർ മടിക്കാറില്ല..... വീണ്ടും പണത്തിന് ആവശ്യം വരുമ്പോഴേക്കും അടുത്ത അനുഗ്രഹ ദിനം വന്നിരിക്കും, ആർക്ക്? വിശുദ്ധന്!...... )
 ഈ കഥ പറഞ്ഞു തന്ന സഹപ്രവർത്തകനോട് എന്തേ ഈ കാര്യം അമ്മയും കുഞ്ഞും ഒക്കെയായി ബുദ്ധിമുട്ടി പോകുന്നതിനു മുമ്പ് പറയാഞ്ഞത് എന്ന് ചോദിച്ചപ്പോൾ, മറുപടി പ്രതീക്ഷിച്ചതു തന്നെയായിരുന്നു... " നിങ്ങൾ പോയി വരട്ടെ എന്ന് കരുതി" കഷ്ടം! ഹിമാലയത്തിൽ ആയാലും, ചൊവ്വയിൽ പോയാലും മലയാളി എന്നും മലയാളി തന്നെ.... സ്വയം ആത്മഗതം ചെയ്തു.... ഘോരഘോരമായ കാഹളനാദം, ഭീതി ഉളവാക്കുന്ന നോട്ടവുമായി പ്രേത ഭൂത വേഷഭൂഷാദികൾ.... 

മലമുകളിൽ നിന്ന് വേഗം തിരിച്ച് യാത്ര തുടങ്ങി... കൂടെ പോന്നവരെല്ലാം നേരമിരുട്ടിയെ മലയിറങ്ങി പോരൂ.. കുറച്ചു പേർ  രാവേറെ കഴിഞ് ഇതിന്റെ മുഴുവൻ ചടങ്ങുകളും കഴിഞ്നാളെ നേരം പുലർന്നു പോരും.... സഹപ്രവർത്തകരോട് ധൃതിയിൽ യാത്ര പറഞ്ഞു, 
ധൃതിപിടിച്ച് പോകരുതെന്നും, താഴ്വാരത്തിൽ വാഹനങ്ങളൊന്നും ഉണ്ടാകില്ലെന്നും, താഴെയുള്ള സ്കൂളിൽ വിശ്രമിച്ചുകൊള്ളൂ  എന്നുമൊക്കെ ആ നല്ലവർ പറഞ്ഞു... പക്ഷേ നിൽക്കാൻ മകൻ സമ്മതിച്ചില്ല.... നിർത്താതെ കരയുകയായിരുന്നു..... കുട്ടിക്ക് അസുഖം എന്തെങ്കിലും വന്നാലോ എന്ന് ഭയന്ന് ഞങ്ങൾ ഒരു കുടുംബം മാത്രം ഒറ്റയ്ക്ക് തിരിച്ചുപോരാൻ ആയി ലിറ്റർ ഫ്രീ സ്കൂളിൽ കയറി. കൈവശം ബാക്കിയുണ്ടായിരുന്ന ഭക്ഷണവും കഴിച്ച് മലയിറക്കം തുടങ്ങി.... വന്ന വഴി തിരിച്ചു ഇറങ്ങാം അല്ലോ..... താഴെ താഴ്‌വരയിൽ നിന്നും അഞ്ച് കിലോമീറ്ററോളം നടക്കുന്നത് എങ്ങനെ എന്നു  മാത്രം ഒരു ചോദ്യചിഹ്നമായി കിടന്നു.... വരുന്നിടത്ത് വച്ച് കാണാം... വരുന്നിടത്ത് വച്ച് തന്നെ കണ്ടു....... വഴിയിൽ വലിയ ഒരു പരീക്ഷണം കാത്തിരിപ്പുണ്ടായിരുന്നു...

  17: പ്രകൃതിയുടെ വികൃതി...... 

ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......