നെയ്ത്തു വടിയുടെ കടകട ശബ്ദം കേട്ടാണ് അടുത്തുള്ള ഒരു വീടിന്റെ പൂമുഖത്തേക്ക് നോക്കിയത്... ഒരേ മുഖമുള്ള രണ്ട് ഇരട്ട കുട്ടികൾ.... എപ്പോഴും വികൃതി കാണിക്കുന്ന ആ കുട്ടികൾ ഇന്ന് വഴക്ക് കൂടുന്നത് കാലു നീളമുള്ള പാവ കുട്ടിക്ക് വേണ്ടിയാണ്. ആ പാവയെ വലിച്ചു കീറുന്നത് വരെ നീളും അവരുടെ വഴക്ക്. വെളുത്തു തുടുത്ത മുഖമുള്ള ആ ഇരട്ട കുട്ടികൾ ഏതുസമയവും ഒരുപോലെ വസ്ത്രം ധരിക്കുകയും, ഒരേ പ്രവൃത്തി തന്നെ ചെയ്യുകയും, നോക്കി നിൽക്കുന്നത് തന്നെ കൗതുകം തോന്നുന്നതാണ്. ഒരേ ചെയ്തികളാണ് അവരുടേത് എന്ന് അവരുടെ പെറ്റമ്മയ്ക്ക് പോലും ആശ്ചര്യമാണ്. നെയ്ത്ത് ജോലികളിൽ സദാ മുഴകിയിരിക്കുന്ന ഇരട്ട കുട്ടികളുടെ അമ്മയാണ് രാധിയിലെ മികച്ച നെയ്ത്തുകാരി. ഈ കുട്ടികളുടെ അച്ഛൻ രാധി സ്കൂളിലെ ഭാഷാ അധ്യാപകനാണ്. വളരെ സാത്വികനായ ഒരു മനുഷ്യൻ.
ഇവരുടെ വീടിന്റെ താഴത്ത് ആണ് സ്കൂളിലെ ക്ലാർക്ക് കുടുംബസമേതം താമസിക്കുന്നത്. രാധിയിലെ ഏറ്റവും വലിയ പ്രാരാബ്ധക്കാരനായ അവന് 21 വയസ്സ് ഉള്ളൂ.. 25 വയസ്സുള്ള അവന്റെ ഭാര്യയും രണ്ടു വയസ്സുള്ള മകളും മാത്രമല്ല... ദൂരെയുള്ള ഗ്രാമത്തിൽ നിന്നും കൊണ്ടുവന്ന അവന്റെ രണ്ട് അനിയത്തിമാരും, ഭാര്യയുടെ 3 അനിയത്തിമാരും അവരുടെ കൂടെയുണ്ട്. സഹോദരൻ ജോലി ചെയ്യുന്ന സ്കൂളിൽ തന്നെ പഠിക്കാൻ സാധിക്കുന്നത് ആ അനിയത്തി കുട്ടികൾ അഭിമാനമായി കരുതുന്നു. വീട്ടിലുള്ള ഏഴു പെൺപ്രജകളെയും കൊണ്ട് ആ പയ്യൻ ചക്രശ്വാസം വലിക്കുകയാണ് എന്നത് എന്റെ മാത്രം നിഗമനം ആയിരുന്നു. ഉള്ളതുകൊണ്ട് ഓണം പോലെയാണ് അവിടെ. പരാതിയും പരിഭവവും ഇല്ല. ഇത്രയും പേരുടെ താമസം, ഭക്ഷണം, വസ്ത്രം, പഠനം, ചികിത്സ, ദൈനംദിന ചെലവുകൾ എല്ലാം അവൻ ഉത്തരവാദിത്വത്തോടെ നിറവേറ്റും. അദ്ദേഹത്തിന്റെ ഭാര്യ നല്ല നെയ്ത്തുകാരി ആണ്. ക്രോഷിയോ വർക്കിൽ കൈകൾ കൊണ്ട് മാജിക് കാണിക്കുന്ന അവളോട് ക്നിറ്റിംഗ്ന്ന്റെ ബാലപാഠം മാത്രമറിയുന്ന എനിക്ക് അല്പം അസൂയ തോന്നിയിട്ടുണ്ട്.
വീടിന്റെ ബാൽക്കണിയിൽ നിന്നു നോക്കിയാൽ ഇടതു ഭാഗത്തു കാണുന്ന രണ്ടുനിലമരവീട്ടിൽ രാധി യിലെ പ്രധാന കോൺട്രാക്ടർ ആയ ഒരു അങ്കിളും, ഷോപ്പ് കീപ്പർ ആയ അവരുടെ ഭാര്യ താഷി ആന്റിയും അവരുടെ രണ്ടാണ്മക്കളും മരുമക്കളും പേരക്കുട്ടികളും എങ്ങനെ എല്ലാവരുമുണ്ട്. മൂത്തമകൻ കോൺട്രാക്ട് തന്നെയാണ്. ധാരാളം മുടിയുള്ള മൂത്ത മരുമകൾ ആണ് കടയെല്ലാം കൊണ്ടുനടത്തുന്നത്. എൻജിനീയറിങ് വിദ്യാർത്ഥിയായ അവരുടെ ഇളയ മകൻ നേപ്പാളിൽ പഠിക്കുകയാണ്. രാധി സ്കൂളിലെ ലൈബ്രറിയൻ പെണ്ണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഭർത്താവ് പഠിക്കുന്നു, ഭാര്യ ജോലി ചെയ്യുന്നു.
ഒരുപാടു നീളൻ മുടിയുള്ള അതിസുന്ദരിയായ മൂത്ത മരുമകൾ ആണ് കട യെല്ലാം കൊണ്ടുനടത്തു ന്നത്. അവരുടെ ഉമ്മറത്ത് എപ്പോഴും ഒരു വലിയ വെളുത്ത പശു ഉണ്ടാകും. ധാരാളം പാൽ തരുന്ന പശു അതേ ചായയിൽ തന്നെ ഒരു പശുക്കുട്ടിയെ പ്രസവിച്ചു... പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ പശുക്കുട്ടി ചത്തു. അപ്പോഴാണ് വിചിത്രമായ ഒരു കാഴ്ച ഞാൻ കണ്ടത്... കുട്ടിയെ കാണാതെ പാൽ ചുരത്താൻ തയ്യാറല്ലാത്ത ആ പശുവിനെ പറ്റിക്കാൻ അങ്കിളും ആന്റിയും കൂടി ചത്തപശുകുട്ടിയുടെ പുറം തോൽ യാതൊരു കേടുപാടും കൂടാതെ ഉരിഞ്ഞു എടുത്ത് സ്റ്റഫ് ചെയ്തു അടുത്തുള്ള മരത്തിലെ ഏറുമാടത്തിൽ കയറ്റിയിരുത്തി. പാവം പശു സ്വന്തം കിടാവിനെ നോക്കി കരയുകയും, പാൽ ചുരത്തുകയും ചെയ്തു. തള്ള പശു അടുത്ത് കിടാവിനെ പ്രസവിക്കുന്നതു വരെ ഡമ്മി പശുക്കുട്ടി മരക്കൊമ്പിൽ തന്നെയിരുന്നു....
ചിക്കി സർ &ഫാമിലി
..... രാധിയിലെ ശാപം പിടിച്ച കുടുംബം എന്ന് എല്ലാവരും മുദ്ര കുത്തിയിരുന്നത് ചിക്കി സർന്റെ കുടുംബത്തെ ആണ്. രാധി സ്കൂളിലെ കണക്കു മാഷാണ് ചിക്കി സർ. അന്ന് ഭാര്യയും രണ്ടു പെൺമക്കളും.
മൂത്തവളായ കെൻലെ യുടെ അണ്ണാൻകുട്ടിടെ പോലുള്ള ചില കേട്ടാണ് രാവിലെ ഉണരുക. ഇടതു വശത്തെ ജനലിലൂടെ എന്റെ തലവെട്ടം കണ്ടാൽ അവൾ ചില ഇത്തിരി കൂട്ടും. എന്നിട്ട് ഇടം കണ്ണിട്ട് ഞാൻ കേൾക്കുന്നില്ലേ എന്നു നോക്കും. അവൾ 6 വയസ്സുള്ള കുട്ടിയായതിനാൽ ഇംഗ്ലീഷ് വല്ല്യ വശമില്ല. അതിനാൽ തന്നെ എന്റെ കണ്ണുകളിലെ പല ഭാവങ്ങളിലുടെ ഞാനും അവളും ജനാല വഴി സംസാരിക്കും. കെൻലെയുടെ അനിയത്തി ചിമ്പ എന്നും ജിമ്പ എന്നും അറിയപ്പെടും. വൃത്തിയില്ലാത്ത വികൃതി പെണ്ണാണവൾ. ആറും മൂന്നും വയസ്സുള്ള ഈ കുട്ടികളുടെ മുഖത്തും ദേഹത്തും എപ്പോഴും ചിരങ്ങു പോലെത്തെ മുറിവുകളാണ്. എന്തോ ശാപമാണ് അത് എന്നാണത്രേ ഏതോ ലാമ പറഞ്ഞത്. പക്ഷേ സത്യത്തിൽ മണ്ണിൽ കളിക്കുന്ന കുട്ടികൾക്ക് വരുന്ന അലർജി ആണത്. അതിനു ചികിത്സ ചെയ്യാതെ പൂജ ചെയ്യുന്ന അന്ധവിശ്വാസികൾ ആണ് അവർ. പാവത്താനായ ചികിസാർ എന്നും മക്കൾക്ക്അസുഖമാണെന്നും പറഞ്ഞ ദുഃഖിച്ചു ഇ രിക്കുന്നത് കാണാം.
ചിക്കിയുടെ ഭാര്യ ദാഷിഡെമയുടെ ജീവിതം രണ്ടു മുഖം ഉള്ളതാണ്.ആദ്യം ഭൂട്ടാനിലെ സാധാരണവീട്ടമ്മയെ പോലെ അടക്കവും ഒതുക്കവും നിറഞ്ഞ, നെയ്തടക്കം വീട്ടിലെ എല്ലാ കാര്യവുംനോക്കുന്ന ഇത്തിരി ഗൗരവത്തോടെ തന്നെ ജീവിതത്തെ കാണുന്ന, ഒരുപാട് മുടിയുള്ള അതി സുന്ദരിയായ ഒരു യുവതി.
അതെന്റെ കേട്ടറിവു മാത്രം.
എന്നാൽ ഞാൻ കണ്ടറിഞ്ഞ രണ്ടാമത്തെ മുഖഭാവം അവർ പോലുമറിയാതെ അവരിലേക്ക് വന്നതാണ്. ചെറിയ കുട്ടി ചിമ്പക്ക് പേരിടാൻ ആയി റാഞ്ചോണിൽ ഒരു ലാമയെ കണ്ട് മടങ്ങുമ്പോൾ സഞ്ചരിച്ച കാറിന്റെ ബ്രേക്ക് പൊട്ടി മരത്തിലിടിച്ച് ഡോർ തുറന്ന് ദാഷിദേമാ കൊക്കയിലേക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവർ ഒരു വലിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി. മുറിവ് എല്ലാം ഉണങ്ങി, സംസാരം എല്ലാം ശരിയായി, എന്ന് കരുതിയപ്പോൾ മുതൽ അവർ മാനസികനില തെറ്റിയ പോലെ പെരുമാറി തുടങ്ങി. നീണ്ട ചികിത്സയ്ക്കു ശേഷം അവരെ ജീവനോടെ തിരിച്ചു കിട്ടിയെങ്കിലും സ്വഭാവം കൊണ്ട് മറ്റൊരു വ്യക്തിയായി അവർ മാറിയിരുന്നു. ചിട്ടയായ ശീലങ്ങൾക്ക് പകരം കുത്തഴിഞ്ഞ ജീവിതം നയിക്കാൻ താല്പര്യമുള്ള ഒരു വ്യക്തിയെ പോലെ. വസ്ത്രധാരണരീതി പോലും മാറ്റി, വീട്ടു ജോലികൾ എല്ലാം ക്രമം തെറ്റിച്ച്, മക്കളെ നേരെ നോക്കാതെ ഗ്രാമം മുഴുവൻ വർത്തമാനം പറഞ്ഞു പൊട്ടിച്ചിരിച്ച് നടക്കും. ഒരു ഉത്തമ സ്ത്രീക്ക് വേണ്ടത് അല്ലാത്ത ശീലങ്ങൾ എല്ലാം അവരെ ആവാഹിച്ചത് കണ്ട്, ഇതെല്ലാം എന്തോ ഗുരുതര ശാപമാണെന്ന് വിശ്വസിച്ച് ഭാര്യയേയും മക്കളേയും പൊന്നുപോലെ നോക്കുന്ന ഒരു പാവം ഭർത്താവ്. തന്റെനീണ്ട പ്രാർത്ഥനകളുടെ ഫലമായി നല്ല ദിവസങ്ങൾ കടന്നു വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ചിക്കി സാർ.
ഇതുകൂടാതെ വളരെ രസകരമായ ഒരു കഥാപാത്രം കൂടി ആ ഭവനത്തിൽ ഉണ്ട്. ചിക്കി സാറിന്റെ അളിയനും രാധി സ്കൂളിലെ വിദ്യാർത്ഥിയുമായ കിൻലെ എന്നാ സൂത്രക്കാരൻ ആയ ചെറുക്കൻ. മധുര പതിനാറുകാരനായ അവൻ, അവന്റെ പ്രായത്തിനു ചേർന്ന നോട്ടവും, കുസൃതികളും ആയി സ്കൂളിലെ പെൺകുട്ടികളുടെ ഹീറോ ആണ്. അതുകൊണ്ടുതന്നെ ചിക്കി സർ നു അവൻ ഒരു തലവേദനയാണ്. ഫാഷനബിൾ ആയ വസ്ത്രധാരണവും, വ്യത്യസ്തങ്ങളായ ഹെയർ സ്റ്റൈലും കൊണ്ട് സ്കൂളിലെ സ്റ്റൈൽമന്നൻ അവൻ തന്നെ എന്നെ എല്ലാവരും പറയും. അതിൽ ഇത്തിരി ഗാമയും അവനുണ്ട്. "സിനിമ "എന്ന മൂന്ന് അക്ഷരത്തിന് യാതൊരു പ്രസക്തിയും ഇല്ലാത്ത ഭൂട്ടാനിൽനിന്നും, പഠനം കഴിഞ്ഞാൽ നേപ്പാളിലേക്ക് പാലായനം ചെയ്തത് സിനിമയിൽ തിളങ്ങാൻ ആണ് അവന്റെ മോഹം എന്ന് ഒരുതവണ പറയുകയുണ്ടായി. തികഞ്ഞ അന്ധവിശ്വാസിയായ തന്റെ അളിയൻ ഇത് ഒരു കാരണവശാലും അറിയരുതെന്നും ചട്ടംകട്ടി. ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ പെങ്ങൾക്ക് വല്ലായ്മ കൂടുമ്പോൾ, ക്ഷീണം അധികമാകുമ്പോൾ, ആ വീട്ടിലെ എല്ലാ ജോലിയും അവൻ ഒറ്റയ്ക്ക് ചെയ്യും. മരുമക്കളെ പൊന്നുപോലെ നോക്കും.കെൻലെ ക്കും, ചിമ്പാക്കും നല്ലൊരു കുഞ്ഞമ്മാവൻ തന്നെ.
വർഷങ്ങൾ പിന്നോട്ട് പോയി., ഇന്ന് ചിക്കി സർ ജില്ലാആസ്ഥാനത്തിലെ മറ്റൊരു സ്കൂളിൽ പ്രിൻസിപ്പലാണ്. ഭാര്യ പൂർണ്ണമായുംസുഖ പ്പെട്ടിരിക്കുന്നു. കെൻലി യും ചിമ്പയും കൂടാതെ മൂന്നാമതൊരു പുതുമുഖം കൂടി കുടുംബ ചിത്രത്തിൽ കാണാനുണ്ട്. മാത്തമാറ്റിക്സ് ആണ് വിഷയമെങ്കിലും ഇൻഫോർമേഷൻ ടെക്നോളജിയിലും അഗ്രഗണ്യനായിരുന്നുചിക്കി സർ. നല്ല ഒരു കർഷകനും, അമ്പെയ്ത്തു കാരനും, മത പണ്ഡിതനും കൂടിയാണ് അദ്ദേഹം.
പുറമേക്ക് അല്പം പ്രാകൃതമെന്ന് തോന്നിയാലും.......
സൂക്ഷ്മനിരീക്ഷണത്തി ൽ നിന്ന്ഭൂട്ടാൻ ഗ്രാമങ്ങളിലെ കുഞ്ഞുകുഞ്ഞു ബന്ധങ്ങൾ കാണാനാവാത്ത ഇഴയടുപ്പം കൊണ്ടാണ് തുന്നിക്കൂട്ടിയിരിക്കുന്നതെന്ന് എനിക്കു ബോധ്യപ്പെട്ടു.
തുടരും............
18:മാനസ സുഹൃത്തു :👭
No comments:
Post a Comment