Pages

Friday, April 24, 2020

17: പ്രകൃതിയുടെ വികൃതി


വീതികുറഞ്ഞ നടപ്പാതയിലൂടെ തിരിച്ച് മലയിറങ്ങാൻ തുടങ്ങി... ഏകദേശം ഒരു കിലോമീറ്ററോളം നല്ല സുഖമായി ഇറങ്ങാൻ പറ്റി. അന്തരീക്ഷം ഇരുണ്ടു, പെട്ടെന്നുണ്ടായ ഒരു കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് മുന്നിൽ കാണുന്ന വഴികളെല്ലാം ചളിപിളിയായി.. കുറച്ചു നേരം അന്തം വിട്ടു നിന്നെങ്കിലും, കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറുകൾ എല്ലാം തലയിലിട്ട് കുറച്ചു നേരം നടന്നു. ചന്നം പിന്നം മഴത്തുള്ളികൾ ഭൂട്ടാനിൽ എപ്പോഴും പ്രതീക്ഷിക്കാം. അതിനാൽ തന്നെ കയ്യിലുണ്ടായിരുന്ന ഭീമൻ കാലൻ കുട കുട്ടിയെ മഴനനയാതെ രക്ഷിച്ചു. സ്വയം വഴുക്കി പോകുന്ന കാലുകളുമായി അമ്മയെ വീഴ്ത്താതെ കൈപിടിച്ചു. പക്ഷേ ഒരടി പോലും മുന്നോട്ടു വയ്ക്കാൻ കഴിയാതെ മഴ കനത്തു. കാടിനു നടുവിൽ അകപ്പെട്ടു. ഫോറസ്റ്റർ മാരുടേത് എന്ന് തോന്നുന്ന ഒരു ഏറുമാടം മരങ്ങൾക്കിടയിൽ കണ്ടു. തൽക്കാല ആശ്വാസത്തിനായി അവിടെ കയറിക്കൂടി. ഈ കനത്തമഴയിലും ആഘോഷപരിപാടികൾ തകൃതിയായി നടക്കുന്നു.... കാഹളനാദത്തിന്റെ അലയൊലി ഇപ്പോഴും കേൾക്കാൻ ഉണ്ട്. ഒരുമണിക്കൂറോളം പെയ്യുന്ന മഴയും നോക്കി, എന്തോ.... ഏതോ... എങ്ങിനെയോ.... എന്ന മട്ടിൽ നിന്നു...... മഴ ഒന്ന് ശമിച്ചപ്പോൾ മൂടൽമഞ്ഞ് വന്ന് മൂടി. വീണ്ടും നടത്തം തുടങ്ങി. 
             
പക്ഷേ പോകുന്ന വഴികൾക്ക് ഒരു വല്ലാത്ത അപരിചിതത്വം. കയറുമ്പോൾ കണ്ട വഴികൾ അല്ലല്ലോ ഇത് എന്ന ആശങ്കയിൽ പരസ്പരം നോക്കി. പക്ഷേ ദിശ മാറിയിട്ടില്ലതാനും. കുറച്ചു ദൂരം മുന്നോട്ടു പോയി. ഭൂട്ടാനിലെ വഴികളെല്ലാം ഇങ്ങനെതന്നെയാണ്
ഒരു മഴ വന്നാൽ മാറിമറിയുന്നവ.. കാര്യം പിടി കിട്ടി. മുന്നോട്ടുള്ള വഴിയിൽ ഏകദേശം ഒരു നാല് അഞ്ചേക്കറോളം സ്ഥലം ഒന്നിച്ച് മലയിടിഞ്ഞു പോയിരിക്കുന്നു. മണ്ണൊലിച്ച് വഴികളെല്ലാം മായ്ക്കപ്പെട്ടിരിക്കുന്നു. ഏകദേശം ദിശ നോക്കി നടന്നെങ്കിലും വഴി ഒരുപാട് ദൂരം പിന്നിലായി. കാൽ പാദം മൂടുന്ന കുഴഞ്ഞമണ്ണിലൂടെ കാൽ എടുത്തു വെച്ച് നടക്കുക പ്രയാസമായി. ചെരുപ്പുകൾ എല്ലാം അഴിച്ചു സഞ്ചിയിലാക്കി. കയ്യിൽ കിട്ടിയ വടികുത്തി എങ്ങിനെയൊക്കെയോ മുന്നോട്ടുനീങ്ങി. ഇലപൊഴിഞ്ഞ വഴികളെല്ലാം മഴയിൽ കുതിർന്നിരിക്കുന്നു . വഴുക്കിവീഴാൻ പലതവണ പോയെങ്കിലും അടി തെറ്റാതെ കുറേ നേരം നടന്നു. മറ്റുള്ളവരുടെ സഹായത്തോടെ ആണെങ്കിലും സുഖമായി കയറിയ മല ഇത്രയും ബുദ്ധിമുട്ട്ഇറങ്ങേണ്ടിവന്നപ്പോൾ സത്യത്തിൽ സങ്കടം വന്നു. യാത്രയ്ക്ക് മുൻകൈയെടുത്തത് ഞാൻ ആണല്ലോ എന്ന കുറ്റബോധവും. സന്തോഷത്തോടെ തുടങ്ങിയ ഈ യാത്ര അമ്മയുടെ ഒരു വീഴ്ചയോടെ  സങ്കടത്തിലായി. പാവം അമ്മ ഒരു വലിയ ചെ രുവിൽനിന്ന് കാൽ വഴുക്കി വീണു. ഇരിക്കകു ത്തു  വീണതിനാൽ എണീക്കാൻ കുറച്ചു നേരം എടുത്തു. മകനെയും എടുത്തു കൊണ്ടുള്ള യാത്ര മാഷിനും ബുദ്ധിമുട്ടുള്ളതായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാൾ പൊക്കത്തിൽ ഒരു കിടങ്ങ്. എനിക്കും അമ്മയ്ക്കും അത് ചാടാൻ കഴിയില്ലെന്ന് ഉറപ്പായി. മകനെ എന്റെ കയ്യിൽ തന്ന് മാഷ് ആദ്യം ചാടി, പിന്നെ മകനെ കൊടുത്തു. അവനെ നിലത്തു നിർത്തി എന്നെയും അമ്മയെയും ചാടുവാൻ  സഹായിച്ചു. സത്യത്തിൽ അമ്മയെ എടുത്തു വയ്ക്കേണ്ടി വന്നു. അങ്ങനെ കിടങ്ങു  എല്ലാം ചാടി മറിഞ്ഞ് താഴെ ഒരു പരിചയവുമില്ലാത്ത ചോള പാട്ടത്തിനടുത്തു എത്തി പെട്ടു.
 (വീണതിന്റെ വേദന പൂർണ്ണമായും സുഖം ആവാൻ അമ്മ ഏകദേശം ഒരുമാസം എടുത്തു. )

 
ചോളകം പാടത്തിൻ അരികിൽ കണ്ട ഒരു തൊഴുത്തിൽ കുറച്ചുനേരം വിശ്രമിച്ചു. കയ്യിൽ കരുതിയ വെള്ളവും ഭക്ഷണവും എല്ലാം തീർന്നു. കാട്ടുചോലയിൽ നിന്നും നല്ല പളുങ്കു വെള്ളം ശേഖരിച്ചു. എന്തെങ്കിലും ഒരു വഴി കാണും എന്ന പ്രതീക്ഷയിൽ കുറച്ചുനേരം വിശ്രമിച്ചു. സ്ഥലത്തെ പറ്റി യാതൊരു ഐഡിയയും ഇല്ല. എവിടെയെത്തി എന്ന്,  ഇനി എത്ര ദൂരം പോകണം എന്ന് അറിയില്ല. ഏതെങ്കിലും ഒരു വണ്ടി വരുമെന്ന പ്രതീക്ഷയും ഇല്ല. 
 സാഹചര്യങ്ങളാണ് മനുഷ്യനെ നാശം ആക്കുന്നത്, വെറുതെയിരിക്കുമ്പോൾ വിറങ്ങലിച്ചു എന്നപോലെ.....മൂത്തു  വിളഞ്ഞ് ചോളക കുലകൾ കണ്ടപ്പോൾ അതിൽനിന്നൊരു പത്തെണ്ണം പൊട്ടിച്ചോട്ടെ....ഇന്നത്തെ വിഷമം മാറ്റാം....
എന്ന് മാഷോട് ചോദിച്ചു? കണ്ണു പൊട്ടുന്ന നോട്ടവും, ചെകിട്പൊട്ടുന്ന ചീത്തയും കേട്ടു. ഓ സദാചാരക്കാരൻ... പക്ഷേ അദ്ദേഹം പറഞ്ഞത് 100% ശരിയായിരുന്നു. ഇത് കേരളമല്ല... ഭൂട്ടാൻ ആണ്..... ഇവിടെ ഒരാളും മോഷ്ടിക്കില്ല, പാവം പിടിച്ച ഏതെങ്കിലും ഒരു കർഷകന്റെ ആ വർഷത്തെ ആദായം ആകും അത്. മനസ്സ് പോലും മത്തായി പോകുന്ന ചിന്തകൾ.... റോഡിനോട് ചേർന്ന് ഒറ്റമുറി വീടുണ്ട്. പക്ഷേ ആരെയും കാണുന്നില്ല. അതിലെ താമസക്കാർ ചിലപ്പോൾ ലാമയെ കാണാൻ പോയതായിരിക്കും. വീടിനു താഴെ വിശാലമായ താഴ്വര. അവിടെ നിറയെ മിഥുൻ ഇനത്തിൽപെട്ട പശുക്കളും, തുള്ളിച്ചാടി നടക്കുന്ന കുതിരകളും മേയുന്നു. ഇവരുടെ കാവൽക്കാരനായി ഒരു ബടാക്കൻ വേട്ട നായയും. കാഴ്ചയിൽ വ്യത്യസ്തരായി തോന്നിയ ഞങ്ങളെ ഇടയ്ക്കിടെ വന്ന് ഒന്ന് ചുറ്റി നടക്കുന്നുണ്ട് കക്ഷി. സമയം കുറെ കടന്നു പോയി. നടന്നാൽ എത്താവുന്ന ദൂരം അല്ല. എന്തെങ്കിലും വഴിയുണ്ടാകും എന്ന് പ്രതീക്ഷയിൽ കുറച്ചുനേരം കൂടെ ഇരുന്നു. ദൂരെ നിന്ന് ഒരു വാഹനത്തിന്റെ ശബ്ദം കേൾക്കാൻ ഉണ്ട്. മിലിറ്ററി റോഡ് സർവീസിന്റെ ഒരു  ട്രക്ക് ആയിരുന്നു അത്. കൈകാണിച്ചപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലായി. ഒരു ഭൂട്ടാനി ഡ്രൈവറും, പുറകിൽ ആസാമി പണിക്കാരും ഉണ്ടായിരുന്നു. കയറിക്കോളും രാധി യിൽ  ഇറക്കാമെന്ന് അവരുടെ ഭാഷയിൽ പറഞ്ഞു. അമ്മയും കുട്ടിയും ഒക്കെയായി എങ്ങനെയൊക്കെയോ ട്രക്കിൽ കയറിപ്പറ്റി. രണ്ടുമൂന്നു കിലോമീറ്ററോളം മുന്നോട്ട് പോന്നപ്പോഴാണ് രാധി യിൽ  നിന്ന് വന്ന വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലം കണ്ടത്. അപ്പോഴാണ് ഞങ്ങൾക്ക് ദിക്ക് തെറ്റിയ  വിവരം പോലും മനസ്സിലായത്. കണ്ടാൽ എല്ലാ സ്ഥലങ്ങളും ഒരുപോലെ ഇരിക്കും. കാടും മേടും എല്ലാം ഒരുപോലെ.. രാവേറെ നീളുന്ന പ്രാർത്ഥനാ ചടങ്ങുകൾ എല്ലാം കഴിഞ്ഞു, സ്കൂൾ കെട്ടിടത്തിൽ വന്നു കിടന്ന് നേരം പുലർന്നേ ഇനി മറ്റുള്ളവർ  വരു. അതുവരെ അവരുടെ വാഹനങ്ങൾ അവിടെ കിടക്കും. വണ്ടി ലോക്ക് ചെയ്യുക പോലുമില്ല. ഇത്രയും മനസ്സുകൊണ്ട് ധൈര്യവും മനസ്സമാധാനവും ഉള്ള മനുഷ്യർ. അങ്ങനെ സിമന്റ് എടുക്കാൻ ബോർഡർലേക്ക് പോകുന്ന ട്രക്കിൽ കയറി രാധയിൽ എത്തി. 


( ഇത്തരം വണ്ടിയിൽ ആസാം ബോർഡർലേക്ക് പോകുന്ന പണിക്കാരാണ് ഞങ്ങൾക്ക്  ഭൂട്ടാനിൽ ലഭ്യമാകാത്ത  ഇന്ത്യൻ പലചരക്കു സാധനങ്ങൾ, ഉഴുന്ന്, ഉലുവ, മസാലപ്പൊടികൾ, പപ്പടം, ബോയിൽഡ് റൈസ്, എന്നിവയൊക്കെ എത്തിച്ച തന്നിരുന്നത്. ആ വണ്ടി താഴ്വരയിൽ എത്താൻ രണ്ടു ദിവസം എടുക്കും.) 

ഒരുവിധത്തിൽ രാധിയിൽ എത്തിയപ്പോഴേയ്ക്കും സമയം നാലുമണി കഴിഞ്ഞിരുന്നു. എല്ലാ വീടുകളും അടവാണ്. എല്ലാവരും ലാമയുടെ ശക്തിയിൽ ലയിച്ച് ഇരിക്കുകയാവും. വീട്ടിലെത്തി, ചളിയിൽ കുതിർന്ന വസ്ത്രങ്ങളും ബാഗുകളും എല്ലാം കഴുകിയിട്ടു, കുക്കറിൽ കുറച്ച് കഞ്ഞിവെച്ച് കുടിച്ച് ക്ഷീണം മാറാൻ പൂർണവിശ്രമം തന്നെ വേണ്ടിവന്നു. രാവേറെ വൈകിയപ്പോൾ ഉണർന്നു പുറത്തേക്ക് നോക്കി, എങ്ങും മൂകതയാണ്. ഒരു വീട്ടിലും ആളനക്കം ഇല്ല. കുന്നിൻമുകളിൽ അവിടവിടെയായി നക്ഷത്രങ്ങൾ മിന്നുന്ന പോലെ വിളക്കുകൾ കാണാം. പിറ്റേ ദിവസം ഉച്ചയോടെയാണ് പോയവരെല്ലാം ആടിപ്പാടി വീട് അണഞ്ഞത്. 
 ആഘോഷപരിപാടികൾക്ക് ഇടയിൽ ധൃതിപിടിച്ച് പോന്നതിന് പ്രിൻസിപ്പൽ അടക്കമുള്ള സഹപ്രവർത്തകർ പരിഭവം പറഞ്ഞു. വന്ന് വഴിയിലെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ കർമ്മ സാർ കൊണ്ടുവിടും ആയിരുന്നില്ലേ  എന്ന് പറഞ്ഞു. ആഘോഷങ്ങൾക്കിടയിൽ പങ്കെടുക്കുന്നവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി, അവർക്ക് അതൊക്കെ വലിയ വിശ്വാസമാണ്, നമുക്ക് അതൊരു നേരംപോക്കും. പക്ഷേ ഇതൊരു വല്ലാത്ത നേരമ്പോക്കായി എന്ന് മാഷ് പറഞ്ഞു. 
 പിറ്റേ ദിവസം സ്കൂളിൽ ഇത് വലിയ ചർച്ചയായി. സഹപ്രവർത്തകരിൽ പലരും ഞങ്ങൾ പോന്നത് അറിഞ്ഞപ്പോൾ വിമർശിച്ചു. ഒറ്റയ്ക്കു പോന്നതിനെ ചൊല്ലി ശകാരിച്ചു. ഒരു കൂട്ടം ആയി മാത്രമേ ഇത്തരം സ്ഥലങ്ങളിലൂടെ ഇവിടെത്തുകാർ സഞ്ചരിക്കൂ. കാരണം കാട്ടുമൃഗങ്ങൾ ആയ പുലി,  കരടി, ചെന്നായ ഇവയൊക്കെ വിഹരിക്കുന്ന സ്ഥലമാണത്. ഇത്തരം  മേഖലകളിൽനിന്ന് വഴിമാറി സഞ്ചരിക്കുവാനുള്ള ബോർഡ് അവരുടെ ഭാഷയായ സോങ്ങായ്യിൽ അവിടെ എഴുതി വച്ചിട്ടുണ്ട്. അതുണ്ടോ  നമുക്ക് വായിച്ചാൽ മനസ്സിലാകുന്നു. 

ഇനി ജീവിതത്തിൽ ഒരിക്കലും  സാഹസിക യാത്രക്ക് മുതിരില്ല എന്ന് രാധി സ്കൂളിലെ സ്റ്റാഫ് റൂമിൽ വെച്ച് പ്രതിജ്ഞ ചെയ്തു. 
 എന്തിരുന്നാലും വളരെ വലിയ മറ്റൊരു പാഠം യാത്രയിൽ നിന്നും പഠിച്ചു... ഭൂട്ടാനിലെ കർഷക ഗ്രാമത്തിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ കലർപ്പില്ലാത്ത സ്നേഹം, കരുതൽ, സഹായമനസ്കത, എല്ലാറ്റിനും ഉപരി ഏതു സാഹചര്യത്തിലും ഉള്ള അവരുടെ കൂട്ടായ്മ.... എത്ര സന്തോഷത്തിലാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും കടന്നു പോകുന്നത്, സത്യത്തിൽ സ്വർഗ്ഗതുല്യമായ ജീവിതം ഇതൊക്കെയല്ലേ എന്ന് തോന്നി പോയി ...... 


 തുടരും.....

18: രാധിയിലെഅയൽക്കാർ. 

No comments:

Post a Comment

ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......