Pages

Sunday, April 12, 2020

15:രാധിയുടെ മുതുമുത്തച്ഛൻ.


  • ഗ്രാമ മധ്യത്തിൽ മൂന്നു തട്ടുകളുള്ള ഒരു മരവീട് ഉണ്ട്. രാധിയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്റെ കൊട്ടാരമാണ് അത്. മുതിർന്നവർ ഗപ്പ് അങ്കിൾ എന്നും, കുട്ടികൾ ഗപ്പ് ഗ്രാൻഡ്പ്പാ എന്നും അദ്ദേഹത്തെ വിളിക്കുന്നത് കേൾക്കാം.
ഏകദേശം 100 വയസ്സ് കഴിഞ്ഞിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ചുക്കിച്ചുളിഞ്ഞ ചർമം മാത്രമേ പ്രായമായെന്ന് തോന്നിപ്പിക്കു. പ്രായാധിക്യത്തിന്റെ യാതൊരു ക്ഷീണവും ഇല്ലാത്ത ചുറുചുറുക്കുള്ള വൃദ്ധൻ.
രാധിഗ്രാമത്തിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആണ് അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ടിനെ "ഗപ്പ് "എന്നാണ് ഭൂട്ടാനിൽ വിളിക്കുക. സ്ഥാന പേരാണത്.
                     എല്ലാ സൗകര്യങ്ങളുമുള്ള മൂന്നുനില മരവീട്. ആ വീട്ടിൽ ആർക്കും എപ്പോഴും കയറിച്ചെല്ലാം. റോഡിലേക്കുള്ള തുറന്ന് ഒരു മുറി കടമുറിയാണ്. മരുന്ന് മുതൽ മദ്യം വരെ എല്ലാം കിട്ടും. തൊട്ടടുത്തുള്ള മുറി വലിയ പ്രാർത്ഥന ചക്രം ഒക്കെ വച്ച് റിലാക്സ് റൂമാണ്. അതിന്റെ ഒരു അരികിൽ ചില്ലു കൂട്ടിനകത്ത് ഒരു ചെറിയ ടിവി എപ്പോഴും ഓൺ ആയിരിക്കും. റോഡിന് അഭിമുഖമായാണ് അതിന്റെ സ്ഥാനം. അതിനാൽ തന്നെ അതിന്റെ പ്രേക്ഷകർ റോഡിൽ കളിക്കുന്ന കുട്ടികളും, റോഡിലൂടെ നടന്നു പോകുന്നവരും ആണ്. എപ്പോഴും ബുദ്ധചരിതം പറയുന്ന ഒരു നേപ്പാളി ചാനൽ മാത്രം അതിൽ കിട്ടും. ഭൂട്ടാനിലെ ടെലിവിഷൻ മേഖലയും, ചലച്ചിത്രമേഖലയും ഇന്നും ശൈശവത്തിൽ ആണ്. നാടകങ്ങളും പാട്ടും ഡാൻസും തകൃതിയാണ് അവിടെ. 
              ഗപ്പിന്റെ വീടിനകത്ത് കടന്നാൽ കാണുന്ന രണ്ടു മുറി ഹോട്ടലാണ്. ഒരു ഡൈനിങ് ഏരിയ യും വിസിറ്റിംഗ് ഏരിയയും. 10 ആളുടെ വിരുന്നു മുതൽ 100 ആളുടെ വിരുന്നു വരെ ആ ഇട്ട വട്ട  സ്ഥലത്ത് നടത്തും. പാർട്ടി നടത്താൻ ഹോട്ടൽ വേണ്ടവർ തലേദിവസം ബുക്ക് ചെയ്താൽ മാത്രം മതി. ഭക്ഷണം, ജ്യൂസുകൾ, പഴങ്ങൾ, സമ്മാനങ്ങൾ, പാട്ട്, ഡാൻസ്,  ലഹരി എല്ലാം മിതമായ നിരക്കിൽ ലഭിക്കും. ബിയറും ഗ്രേപ്പ് വൈൻ ഉം കൂടാതെ നാടൻ ഇനമായ "ആറ" യാണ് അവിടെ പ്രധാനം. മൂത്ത ചോളകം വേവിച്ചുവറ്റിക്കുന്ന അറ എന്നത് നല്ല സ്വയമ്പൻ  ലഹരി ആണത്രേ. നല്ല ഒരു ആരോഗ്യ പാനീയവും സൗന്ദര്യ പാനീയവും കൂടിയാണിത്. ഭൂട്ടാനിലെ വീട്ടമ്മമാർ തണുപ്പ് കൂടുമ്പോൾ ഇച്ചിരി മിനുങ്ങുന്ന കൂട്ടത്തിലാണ്. പാർട്ടികളിൽ വൈൻ കുടിക്കുന്നതും അവർക്ക് ശീലമാണ്.
                   ടൂറിസ്റ്റുകൾക്ക് എന്നല്ല പുറമേ നിന്നു വന്ന ആർക്കും ഗപ്പിന്റെ വീട്ടിൽ തങ്ങാം. മൂന്നാം നിലയായ റൂഫിൽ ഉള്ള ഒരു വിശാലമായ ഹാൾ ഡൊമെറ്ററി ആണ്. ഏറ്റവും താഴനില റോഡിലേക്ക് കാണില്ല. കുന്നിന്റെ ചെരിവിൽ ഭൂമിയെ ഉടക്കാതെയാണ് അവിടെ ഭവനനിർമ്മാണം. അതിനാൽ തന്നെ ഒരു വീടിന്റെ അകത്തളങ്ങൾ ഉയർന്നും,  താഴ്ന്നും, ഇറങ്ങിയും,  ചെരിഞ്ഞും എല്ലാം ഇരിക്കും. ചെങ്കുത്തായ വഴിയിലൂടെ ഇറങ്ങി താഴെ എത്തിയാൽ കാണുക വിശാലമായ അടുക്കള, കിടപ്പുമുറികൾ. പുറകു വശത്തായി പശുവിന്റെ ആല, കോഴിയുടെയും താറാവിന്റെയും കൂടുകൾ. അവിടുന്നങ്ങോട്ട് ഏക്കറുകണക്കിന് നെൽപ്പാടങ്ങളും പഴത്തോട്ടങ്ങളും. രാധിയിലെ ഏറ്റവും പ്രൗഢമായ കുടുംബം ഗപ്പിന്റെതാണ്. വീട്ടിൽ നിറയെ ആളുകൾ. പക്ഷേ ഗപ്പ് വിവാഹിതനല്ല. ജീവിതത്തിന്റെ മുക്കാൽഭാഗവും സാമൂഹിക പ്രവർത്തനത്തിനായി മാറ്റി വെച്ച വ്യക്തി. കൊടും കാടായിരുന്ന രാധിയെ നാടാക്കി മാറ്റിയ മഹാനാണ് അദ്ദേഹം. ഭൂട്ടാനിലെ എല്ലാ ജില്ലകളിലും , കൂടാതെ നേപ്പാൾ, ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിലും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. നടന്നെത്താൻ പറ്റുന്ന സ്ഥലങ്ങളിലൊക്കെ അദ്ദേഹം നടന്നു തന്നെ എത്തിയിട്ടുണ്ട്. നല്ല ശൈലിയിലുള്ള ഇംഗ്ലീഷ് സംസാരിക്കാൻ അപൂർവമായി രാധിയിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകളാണ് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. രാധികാണാൻ അധികവും വരാറുള്ളത് ജപ്പാൻകാരാണ്. 

ഒരുപാട് കൃഷി സ്വന്തമായുള്ള ഏകനായ ഗപ്പ്, അനാഥരായ രണ്ടു പെൺമക്കളെ ദത്തെടുത്തു. രണ്ട് വ്യത്യസ്ത ദുരന്ത താൽ അനാഥരായ അവർ രണ്ടുപേരും വളർത്തച്ഛന്റെ വീട്ടിൽ സുരക്ഷിതരായിരുന്നു. അൻപതും അറുപതും വയസ്സ് എത്തിനിൽക്കുന്ന അവർ ഭർത്താക്കന്മാരും,  മക്കളും,  മരുമക്കളും, പേരക്കുട്ടികളും ആയി എല്ലാ ജോലികളും പങ്കിട്ടെടുത്തു രക്തബന്ധത്തെക്കാൾ ഇഴയടുപ്പമുള്ള ഹൃദയ ബന്ധത്താൽ പത്തിരുപത് പേരടങ്ങിയ കൂട്ടുകുടുംബം ആയി കഴിയുന്നു. ആ കുടുംബത്തിന്റെ ദൈവമാണ് ഗപ്പ് അങ്കിൾ.

ഗസ്റ്റ്‌ ഹൌസ്, ഹോട്ടൽ, പാൽ കച്ചവടം, പച്ചക്കറി കട, പലചരക്കു, വൈൻ ഷോപ്പ്, അങ്ങനെ പല മുഖങ്ങളുള്ള ആ കെട്ടിടത്തിനു മുന്നിലെ പൂമുഖം ആണ് ആ വൃദ്ധനെ താവളം. ദിനചര്യ കൊണ്ട് ഗപ്പ് അങ്കിൾ വ്യത്യസ്തരിൽ  വ്യത്യസ്തനാണ്.
 
പുലർകാലെ ഉണരുന്ന അയാൾ സ്വെറ്ററും തൊപ്പിയും ധരിച്ചു ഒരു 
     തുണിസഞ്ചിയും തൂക്കി  നടന്നു പോവും. ദൂരെയുള്ള തോട്ടത്തിൽ പോയി മൂപ്പർക്കും കുടുംബത്തിനും അന്ന് കഴിക്കുവാനുള്ള പഴങ്ങളും പച്ചക്കറികളും ശേഖരിച്ചു എട്ടുമണിയോടെ തിരിച്ചെത്തും. ഈ സമയം അദ്ദേഹത്തിന്റെ മുന്നിലൂടെ ന ടന്നുപോകുന്ന ഓരോ സ്കൂൾ കുട്ടികളെയും തലയിൽ കൈവച്ച് അനുഗ്രഹിക്കും. മുതിർന്ന ആളുകളും അദ്ദേഹത്തിന്റെ മുന്നിൽ തലകുമ്പിട്ട് അനുഗ്രഹം വാങ്ങി പോകും. 
 പ്രഭാതഭക്ഷണം തേന്മ എന്ന ചോളക അവിൽ ഇട്ട് കുതിർത്ത ഒരു കപ്പ്‌ പാൽ. അതിനുശേഷം വീടിനടുത്തുള്ള തോട്ടത്തിൽ കയറി വിൽപ്പനയ്ക്കുള്ള പച്ചക്കറികൾ പറിച്ചു വരും. കോഴികൂട്ടിൽ നിന്ന് മുട്ടകൾ ശേഖരിച്ച് കടയിൽ വില്പനയ്ക്ക് വെക്കും. മരുമകനാണ് കച്ചവടത്തിന് കാര്യങ്ങളൊക്കെ നോക്കുക. ഒരു മരുമകന് കൃഷിപ്പണിയുടെ മേൽനോട്ടവും. പെൺമക്കൾ എല്ലായിടത്തും സഹായത്തിനു  ഉണ്ടാകും. 
 
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അദ്ദേഹത്തിന് ഒരു വിശാലമായ കുളിയുണ്ട്. ഒരു വമ്പൻ കുളി തന്നെ. കുളിക്കുന്നതിന് തലേദിവസം വൈകുന്നേരം തന്നെ ഒരു വട്ടി നിറയെ ഔഷധസസ്യങ്ങളുടെ ഇലകളും, ഔഷധ മരങ്ങളുടെ തോലും വേരും എല്ലാം ശേഖരിച്ചു വെക്കും. അതിരാവിലെ  കല്ലുകളും കൂട്ടി ഇതിട്ടു തിളപ്പിച്ച വെള്ളം ഇലകളോടുകൂടി തന്നെ ഒരു മര  പാത്തിയിൽ നിറച്ച് രണ്ടു മൂന്നു മണിക്കൂറോളം ഇതിൽ മുങ്ങി കിടക്കും. ഇലയുടെ ആധിക്യം കൊണ്ട് ശരീരം കാണില്ല. തല മാത്രം പുറത്തേക്ക് വെച്ച് വീട്ടുകാരെയും നാട്ടുകാരെയും നിരീക്ഷിച്ച്നാമം  ജപിച്ചു അങ്ങനെ കിടക്കും. നല്ലവണ്ണം വെയിൽകാഞ്ഞുള്ള ഹെർബൽ ബാത്ത്. 12 മണിയോടെ കുളികഴിഞ്ഞ് ഇറങ്ങുന്ന മുത്തച്ഛനു കഴിക്കുവാനായി എല്ലാത്തരം പച്ചക്കറികളും ഒരുമിച്ച് വേവിച്ച ബട്ടർ ഇട്ട് പോഷക കറിയും, അത്രതന്നെ നാടൻ അരിയുടെ ചോറും. 
             ഉച്ചയ്ക്ക് ഒരു നേരം മാത്രം ആഹാരം കഴിച്ച്  ഇരുട്ടുന്നതിനു മുന്നേ കുറച്ചു പഴങ്ങളും കഴിച്ചു, ഗ്രാമത്തിലൂടെ നടന്നു എല്ലാവരുടെയും അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു നടന്നുപോകുന്ന ആ മുത്തച്ഛൻ രാധിയിലെ രാജാവ് തന്നെയാണ്. 

 വർഷ ദളങ്ങൾ  പൊഴിഞ്ഞു...... എങ്കിലും ഇന്നും മന്ത്രോച്ചാരണം ചെയ്തുകൊണ്ട് പ്രാർത്ഥന ചക്രം തിരിച്ച് ഗപ്പ്അങ്കിൾ രാധിയിൽ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അദ്ദേഹം വിശ്രമിക്കാറു ള്ള മുളകമ്പു കെട്ടിയ ചാരുപടിയുടെ വലതു ഭാഗത്തു പൂച്ചട്ടി കവിഞ്ഞു പൂത്തു കിടക്കുന്ന ചുവന്ന നിശാഗന്ധി പൂവ്  ഇപ്പോഴും ഇളങ്കാറ്റ് അടിക്കുമ്പോൾ ചാഞ്ചാടുന്നുണ്ടാവും. അത് നോക്കി സംതൃപ്തനായി അദ്ദേഹവും..... 

തുടരും....... 

16)ലാമയെ കാണാൻ..... 
.

No comments:

Post a Comment

ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......