രാധി ഗ്രാമത്തിന്റെ തെക്കേ ദിശയിൽ ഒരു കുഞ്ഞു താഴ്വരയുണ്ട്. ജോൺലെഗ്രാമം. മരപ്പണി കാരുടെ താവളമാണത്. അഗ്രഗണ്യരായ കൊത്തു പണിക്കാരാരാണ് ജോൺലെ ഗ്രാമക്കാർ. ജോൺലെ താഴ്‌വരയിലെ മരങ്ങൾ മരപ്പണിക്ക് വിശേഷപ്പെട്ടതാണ്. ചില അനുവദനീയ മേഖലയിൽനിന്ന് മാത്രമേ മരം മുറിക്കാൻ അനുവാദമുള്ളൂ. ആവശ്യം രേഖപ്പെടുത്തി പഞ്ചായത്തിൽ ബോധിപ്പിക്കണം. ഒരു മരം മുറിച്ചാൽ 10 മരം നടുന്നവരാണ് ഭൂട്ടാനികൾ. ജോണലക്കാർ കാടുകൾ തന്നെ വച്ചുപിടിപ്പിക്കുന്ന വരാണ്. ഭൂമിയേയും ജനങ്ങളെയും ഇത്രയും സംരക്ഷിക്കുന്ന മറ്റൊരു ഗ്രാമം ഭൂമിയിൽ ഉണ്ടാകുമോ എന്ന് സംശയം.
എപ്പോഴും ഈർപ്പമുള്ള പ്രദേശമായതിനാൽ ഈ മേഖലയിൽ ധാരാളം പോഷക കൂണുകൾ കാണാം. ഇടിമിന്നലുകളുടെ രാജ്യം എന്നാണല്ലോ ഭൂട്ടാന്റെ മറ്റൊരു പേര്. രാത്രിയിൽ ഇടിമിന്നിയാൽ ജോൺലയിലെ മണ്ണിനടിയിൽ ധാരാളം കൂൺകൾ പൊട്ടിമുളച്ചു പുലരുമ്പോഴേക്കും കുട നിവർത്തും. ഈ ഗ്രാമത്തിലെ കുട്ടികൾ സ്കൂളിലേക്ക് വരുന്ന വഴി ഇത്തരം പോഷകഗുണങ്ങൾ ശേഖരിച്ചു രാധിയിലെ കടകളിൽ വില്പനക്കെത്തിക്കും. കൂണു കളും ഉപ്പിട്ട് വേവിച്ച് ബട്ടറും ഇലകളും വിതറി സൂപ്പ് ആക്കി കഴിക്കാനാണ് രാധിക്കാർ ക്കിഷ്ടം. ജോൺല ഗ്രാമത്തിനു ഒരു പത്തേക്കർ വിസ്തൃതി ഉള്ളൂ. അതുകഴിഞ്ഞാൽ വടക്ക് ദിശ മുഴുവനും മുളംകാട് ആണ്. ഗ്രാമത്തിലെ വീടുകളുടെ പൂമുഖം മുള കെട്ടി ഭംഗിയായിരിക്കും. മുളംതണ്ട് അവരുടെ പ്രധാന ഭക്ഷ്യ വിഭവമാണ്. മുളങ്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ മാത്രം കിട്ടുന്ന മർമര ശബ്ദവും, പച്ചനിറത്തിന്റെ വിവിധഭാവങ്ങളും വിവരണാതീതമാണ് . ഈ വനങ്ങൾ ദൂരെ നിന്നു നോക്കിയാൽ കരിമ്പച്ച പുതപ്പു പോലെ തോന്നും.
ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അശരണ കേന്ദ്രം അവിടെയുണ്ട്. നോക്കാൻ ആരും ഇല്ലാത്ത ഒരുപാട് അപ്പൂപ്പന്മാരും അമ്മൂമ്മമാരും അവിടെ താമസിക്കുന്നു. അവിടവിടെയായി ഒറ്റപ്പെട്ടു താമസിച്ചിരുന്ന ഓരോരുത്തരെ ഒരുമിച്ച് ഒരു വീട്ടിൽ ആക്കി, അവർക്ക് വേണ്ട ഭക്ഷണം, മരുന്ന്, ചികിത്സാ എല്ലാം ഗവൺമെന്റ് വക... ഒറ്റപ്പെടൽ തോന്നുന്ന ആർക്കും അവിടെ ചെന്ന് കൂട്ടത്തിൽ ചേരാം. സ്വന്തം വീടുപോലെ കഴിയാം.
രാധി ഗ്രാമത്തിന്റെ മുകൾ തട്ടിലേക്ക് പോകുന്തോറും ജനവാസം തീരെ കുറവാണ്. ഉയരം കൂടുന്നത് അനുസരിച്ച് ജനവാസം കുറഞ്ഞുവരുന്നു. ട്രെഷികം ജില്ലയിലെ ഉയരത്തിലുള്ള മറ്റൊരു ഗ്രാമമാണ് ഡൂംസി. സമുദ്രനിരപ്പിൽ നിന്നും 3500 ഓളം ഉയരത്തിലാണ് ഈ ഗ്രാമം. ഇതിനു മുകളിൽ അവസാന ഗ്രാമമായ "മെരക് ". അത് ഒരു ഒന്നൊന്നര സ്ഥലം തന്നെ. കണ്ടുതന്നെ അറിയണം.
ഡൂംസിയുടെ മുകളിൽ നിന്ന് നോക്കിയാൽ ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തികൾ കാണാം.
ഒരുപാട് വർഷങ്ങളായി ഡൂംസി സ്കൂളിൽ ജോലിചെയ്യുന്ന മലയാളിയായ ഒരു മേഴ്സി ടീച്ചർ ഉണ്ട്. അവരോടൊത്ത് ചിലവഴിച്ച ഒരു ദിവസം ജീവിതത്തിലെ പല ചിന്തകളും മാറ്റിമറിച്ചവയാണ്. ഫുൾസ്ലീവും ഉം ഹൈനെക്കും, വച്ച് ചുരിദാർ ആണ് അവരുടെ ഡ്രസ്സ് കോഡ്. ഇതു മാത്രമേ അവരെ ഒരു കോട്ടയംകാരി ആയി തിരിച്ചറിയാൻ സാധിക്കൂ. തലമുടി ബോയ് കട്ട് ചെയ്ത് നന്നായി ചീകി വയ്ക്കും. ഏകദേശം ഒരു 50 വയസ്സ് തോന്നിക്കും. ചിന്തകൊണ്ടും, പ്രവർത്തി കൊണ്ടും, കർമ്മം കൊണ്ടും, ഭക്ഷണ രീതി കൊണ്ടും, ഒരു തനി ഭൂട്ടാനിയായി അവർ മാറിയിരിക്കുന്നു. ഒറ്റയ്ക്കുള്ള ഒരു ആത്മീയ ജീവിതമാണ് അവരുടേത്. അവർ ആ ജീവിതം വായന കൊണ്ടും, പ്രാർത്ഥന കൊണ്ടും, സാമൂഹ്യസേവനം കൊണ്ടും, അതിലുപരി അധ്യാപനത്തിലെ പവിത്രത കൊണ്ടും സമ്പന്നമാക്കിയി രിക്കുന്നു. വളരെ കുറച്ചു മാത്രമേ സംസാരിക്കൂ. അവരുടെ ജീവിത രീതിയും, ഭക്ഷണരീതിയും എല്ലാം ഡൂംസി ഗ്രാമവാസികളുടെ പോലെയാണ്. പർവ്വത മുകളിൽ സ്ഥിര താമസമാണ്. താഴ്വര ഗ്രാമങ്ങളിലേക്ക് ഒരു ട്രാൻസ്ഫറിനു പോലും ശ്രമിക്കാത്തത് എന്തേ എന്ന് ചോദിച്ചപ്പോൾ ജീവിതം ധന്യമാണ് എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു നേരത്തെ ചിരി മാത്രം മറുപടി. യേശുദേവനെ സ്തുതിച്ചു, കുരിശിന്റെ വഴിയും, കൊന്തയും ജപിച്ച് ഹിമാലയത്തിൽ കഴിയുന്ന ഏകാകിനിയായ് സന്യാസിനി.
എങ്കിലും വർഷത്തിലൊരിക്കൽ കേരളത്തിലെത്തി ബന്ധുക്കളെയെ ല്ലാം കണ്ട് മടങ്ങുന്ന ഒരു പ്രത്യേക വ്യക്തിത്വം. രണ്ടു നാട്ടിലെയും നല്ലത് മാത്രമേ അവർ പറയൂ. ജീവിക്കുന്ന നന്മ നിറഞ്ഞ മറിയ ങ്ങൾ ഇവരൊക്കെ അല്ലേ. മേഴ്സി എന്ന പേരുപോലെ തന്നെ കരുണയുള്ള മുഖവും ദയയുള്ള മനസ്സും. ഇന്നും ഡൂംസിയിൽ അവരുണ്ട്.
ഡൂംസി സ്കൂളിൽതന്നെ ജോലിചെയ്യുന്ന കണ്ണൂരുകാരൻ ആയ മോഹനൻ സാറും കുടുംബവും നാലഞ്ച് മാസത്തിലൊരിക്കൽ മലയിറങ്ങി ട്രാഷിഗാമിൽ പോകുമ്പോൾ രാധിയിൽ വരാറുണ്ട്. രാധി ഗ്രാമത്തെകാൾ സൗകര്യങ്ങൾ വളരെ കുറവാണ് ഡൂംസി ഗ്രാമത്തിൽ. ദൂരവും ഉയരവും തണുപ്പും കൂടുന്തോറും ജീവിതം കൂടുതൽ ലളിതമാകുന്ന രീതി.
ഒരിക്കൽ ദിശമാറി അരുണാചൽ പ്രദേശിൽ നിന്നും വന്ന ഹെലികോപ്റ്റർ ഡൂംസി കാടുകളിൽ വീണു. അതിൽ അരുണാചൽ മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഒരു പാട് ദിവസത്തെ അന്വേഷണ ഫലമായി ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ ഡൂംസി താഴ്വരയിൽ താവളമടിച്ചു തിരഞ്ഞതും, ഹെലികോപ്റ്റർന്റെ അവശിഷ്ടങ്ങൾ കിട്ടിയതും ഇന്നലത്തെ പോലെ ഓർമ്മയുണ്ട്. അക്കൂട്ടത്തിലെ മലയാളി സൈനികൻ ഡൂംസി യിലും മലയാളികളെ കണ്ട് അത്ഭുതപ്പെട്ടത്രേ.
ഒരുതവണ മോഹനൻ സാറും ശ്രീജ ചേച്ചിയും മലയിറങ്ങി വന്നപ്പോൾ, അവരുടെ മക്കൾക്കായി വില്ലേജ് റൈസ് കൊണ്ടു ഇഡ്ഡലിയും പൊടി സാമ്പാറും,
ഉച്ചയൂണിന് അതേ വില്ലേജ് റൈസ് കൊണ്ട് മലബാറി നെയ്ച്ചോറും, സോയാബീൻ ഫ്രൈയും നൽകിയപ്പോൾ നമ്മുടെ നാട്ടിലെ ഭക്ഷണ കൂട്ടുകളുടെ രുചി ലോകത്തെവിടെയും ലഭിക്കില്ല എന്ന് അവർ പറഞ്ഞു. നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന ഏതൊരു മലയാളിക്കും പ്രത്യേകിച്ച് ഗൃഹാതുരത കൂടുതലുള്ളവർക്ക് നഷ്ടമാകുന്നത് നാവിന്റെ രുചി തന്നെ എന്നതിന് സംശയമില്ല.
പല നിറത്തിലും വലിപ്പത്തിലുമുള്ള ഡാലിയ പൂക്കളും, വലിപ്പമേറിയ റോസാപ്പൂക്കളും ഡൂംസിൽ ധാരാളമുണ്ട്. പച്ചക്കറികളുടെ വൈവിധ്യമാർന്ന ഇനങ്ങൾ, പഴങ്ങളുടെ ഗുണ സമ്പൂർണ്ണത, ഹിമാലയ ചോലയിൽ നിന്നുള്ള ശുദ്ധജലം എല്ലാംകൊണ്ടും കുളിരുള്ള ഒരു യാത്രയാണ് ഡൂംസി സമ്മാനിക്കുക.
തുടരും: 14: അൽഭുതങ്ങളുടെ "മെരക് "
No comments:
Post a Comment