Pages

Tuesday, January 21, 2020

14: അത്ഭുതങ്ങളുടെ മേരക്ക്‌





രാധി ഗ്രാമത്തിൽനിന്ന് കിഴക്കു ദിശയിൽ സഞ്ചരിച്ചാൽ, ഉയരങ്ങളിലേക്ക് പോയാൽ നിഗൂഢമായ ഒരു സാമ്രാജ്യത്തിലെത്താം. 
ട്രെഷികം  ജില്ലയിൽ തന്നെയുള്ള മേരാക്ക് , സാ ന്കതേഗ് എന്നീ ഗ്രാമങ്ങൾ. 

ജില്ലയിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ജനവാസ കേന്ദ്രം. മെരക്കിൽ ഒരു സ്കൂൾ ഉണ്ട്. എപ്പോഴും മഞ്ഞുവീഴ്ച ആയതിനാൽ ആറു മാസം മാത്രമേ ക്ലാസ്സ് ഉണ്ടാവുകയുള്ളൂ. ഭൂട്ടാനിൽ ഇനിയും നശിച്ചു പോകാത്ത ഒരു വിഭാഗമാണ് ആദിവാസി സമൂഹം. അത് രണ്ടുതരത്തിലുണ്ട്. വനാതിർത്തി ഗ്രാമങ്ങളിൽ പുതുതലമുറയ്ക്ക് വിദ്യാഭ്യാസം നൽകി ജീവിക്കുന്നവർ, നിഗൂഢമായ വനങ്ങളിൽ പുറംലോകം എന്തെന്ന് അറിയാതെ കഴിയാൻ ഇഷ്ടപ്പെടുന്നവർ. രണ്ടു കൂട്ടരും ഭൂട്ടാന്റെ അന്തസത്ത തന്നെ.
 എല്ലാവിധ സുരക്ഷിതത്വത്തോടും  കൂടി ജീവിക്കുന്നവർ. അവരെയും അവരുടെ പൈതൃകത്തെയും ആരും നശിപ്പിക്കില്ല. നമ്മുടെ നാട്ടിലെ പോലെ, വികസനവും സംവരണവും വേണം എന്നല്ല, മറിച്ച് പൈതൃകസംസ്കാരം തുടരാൻ അനുവദിക്കണം എന്നതാണ് മെരക്കിലെയും, ശാക്തേഗ് ലെയും  ഭോക്പാ  വംശജരുടെ നിലപാട്. പുതുതലമുറപോലും കാടിറങ്ങി വരാൻ കൂട്ടാക്കാത്ത ശരിക്കും കാട്ടുജാതി മനുഷ്യർ. 



 മഞ്ഞുരുകാത്ത മേരക്ക്‌ മലകളെ കുറിച്ച്, അവിടെ വനത്തിന് അകത്തും പുറത്തും താമസിക്കുന്ന ഭോക്പാ വംശജരെ കുറിച്ചും വിശദമായ വിവരണം നൽകിയത് സഹപ്രവർത്തകനായ റിൻഞ്ജൻ സാറാണ്. ഭൂട്ടാനിലെ പുതുതലമുറയ്ക്ക് ട്രക്കിങ്ങിന് പോകാൻ ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് മേരക്ക്‌, സന്തങ് ഗ്രാമങ്ങൾ. വിദേശ സഞ്ചാരികളും അപൂർവമായി ഇവിടം സന്ദർശിക്കാറുണ്ട്. പെട്ടെന്നൊന്നും ഈ പൈതൃക ഗ്രാമങ്ങളിൽ സാധാരണക്കാർക്ക് എത്തിപ്പെടാൻ സാധ്യമല്ല. കാരണം പൈതൃകത്തെ നശിപ്പിക്കുന്ന യാതൊന്നിനും   അവിടേക്ക് പ്രവേശനം ഇല്ല.റിൻഞ്ചനും കൂട്ടുകാരും മേരാക്ക്‌ സ്കൂളിലും പരിസരങ്ങളിലും പോയി പരിചയമുള്ളവരാണ്. അവരുടെ കൂടെ താമസിച്ച് അവരെ അറിഞ്ഞവരാണ്. ഏകദേശം മുപ്പതോളം കുടുംബമേ ഈ വംശജർ ഉള്ളൂ. ഓരോ പർവ്വത മുകളിലും പ്രത്യേകം പ്രത്യേകം ഗോത്രങ്ങളായി പല ആദിവാസി സമൂഹങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. നമ്മൾക്ക് സങ്കൽപിക്കാൻ പോലും ആകാത്ത അത്ര പുറകോട്ടാണവർ. 

 ആണ്ടിൽ ആറു മാസത്തോളം അതിശൈത്യം ആണ് അവിടെ. പിന്നെയുള്ള ഒരു നാലു മാസം കനത്തമഴയും. രണ്ടു മാസം  വസന്തകാലം. ഈ മൂന്നു കാലാവസ്ഥയിലും മൂന്നുനേരവും ഇവിടുത്തെ പ്രകൃതിക്ക് വ്യത്യസ്തമായ രൂപ ഭംഗിയാണ്. മഞ്ഞുറഞ്ഞ ശൈത്യകാലം അവർ കാടിനുള്ളിൽ നിന്നും, കുടിലിനുള്ളിൽ നിന്നും പുറത്തിറങ്ങില്ല. മഞ്ഞുകാലത്തെ അവസാനത്തോടുകൂടി ചെറു കൂട്ടങ്ങളായി മലയിറങ്ങി തുടങ്ങും. സെമി നൊമാഡിക് പീപ്പിൾ ആണിവർ. പുരുഷന്മാരും പ്രായമുള്ള സ്ത്രീകളും മാത്രമേ പുറംലോകം കാണുകയുള്ളൂ. യുവതികളെയും, കുട്ടികളെയും ഒന്നും ഗോത്രത്തിൽ നിന്ന് പുറത്തു കണ്ടിട്ടില്ല. അത് അവർ വിമുഖത കാണിക്കുന്നുണ്ടോ എന്നൊരു സംശയം. കാരണം, അവർ പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പുതുതലമുറ പുറംലോകം കണ്ടാൽ വ്യതിചലിക്കുമോ എന്നവർ ഉൽക്കണ്ഠ പെടുന്നു.  


 ഒരു പരിധിയിൽ കൂടുതൽ ഈ സമൂഹം അയൽ ഗ്രാമവാസികളോടു പോലും ഇടപഴകില്ല. ഹിമാലയൻ കാടുകളിൽ നിന്നും അവർ നേരിട്ട് ശേഖരിക്കുന്ന വനവിഭവങ്ങൾ, തേൻ, മരുന്നുകൾ, അപൂർവയിനം പഴങ്ങൾ, വർണ കല്ലുകൾ എന്നിവയെല്ലാം ഇവർ ശേഖരിച്ച് വില്പനയ്ക്ക് എത്തിക്കും. ഒരുപാട് യാക്കുകളെ  ഇവർ വളർത്തുന്നുണ്ട്. വലിയ ഇനം പശുക്കൾ ആണിവ. യാക്കിന്റെ കട്ടി പാലുകൊണ്ട് ഉണ്ടാക്കുന്ന ചീസ്, നെയ്യ് എന്നിവയ്ക്കുപുറമേ, യാക്കിന്റെ രോമം പിരിച്ചു ഉണ്ടാക്കുന്ന പ്രത്യേകതരം തൊപ്പി, കാട്ടുമൃഗങ്ങളുടെ തോലുരിച്ചുണ്ടാക്കുന്ന പ്രത്യേകതരം മേൽവസ്ത്രം, ചെമ്മരിയാടിന്റെ  രോമം കൊണ്ട് ഉണ്ടാക്കുന്ന കുപ്പായങ്ങൾ, ഇങ്ങനെ അപൂർവങ്ങളായ സാധനങ്ങളെല്ലാം സ്വരുക്കൂട്ടി കുതിരപ്പുറത്തു കെട്ടി, പത്തോളം കുതിരകളും, പതിനഞ്ചോളം ആളുകളുമായി അവർ കാടിറങ്ങി വരുന്ന കാഴ്ച! ഹോ ഭയങ്കരം തന്നെ. 
 

മേരാക്കുകൾ കാടിറങ്ങുക വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം. ഒരുപാട് ദൂരെനിന്നുതന്നെ അവരുടെ വരവ് അറിയാം. "ടക് ടക് ടക് ", എന്ന കുതിരക്കുളമ്പടിയും,, "ബ്‌തും ബ്‌തും" എന്ന 
യാക്കിന്റെ വരവും കേട്ടാൽ രാധി ഗ്രാമത്തിലെ കുട്ടികൾ ഓടിയൊളിക്കും. രാജകീയം ആണ് വരവ്. മലമുകളിൽനിന്ന് കേട്ടാൽ അടുത്തെത്തി എന്ന് തോന്നിപ്പിക്കും, പക്ഷേ മണിക്കൂറുകൾ പിടിക്കും ചുരം ചുറ്റി താഴത്ത് എത്താൻ. തലവനായ ഒരു വയസ്സൻ ആവും ഏറ്റവും മുന്നിൽ. പിന്നാലെ ശിങ്കിടികളും, പ്രായമുള്ള ഒന്നോ രണ്ടോ സ്ത്രീകൾ മാത്രമേ അവരുടെ കൂട്ടത്തിൽ കാണാറുള്ളൂ. ദൃഢമായ ഒരു കുടുംബ ബന്ധം അവർക്ക് ഉണ്ടത്രേ.  
മേരക്കുകൾ ഇരുണ്ട നിറമാണ്, എന്നാൽ കറുപ്പല്ല. ചെമ്പൻ തലമുടി ജട കെട്ടി പിരിച്ചി ടും. കൂർത്ത നഖങ്ങളും, തഴമ്പുള്ള കൈകാലുകളും, ഒരു കാട്ടു മൃഗത്തിന്റെ വാല് അടക്കം തോല് ഊരി ഉണക്കി തുന്നിക്കൂട്ടിയ തോൽ കുപ്പായമാണ് മേലുടുപ്പായി ആണും, പെണ്ണും ധരിക്കുക. യാക്കിന്റെ രോമം ഉരിച്ചു കെട്ടിയുണ്ടാക്കിയ രോമം തൊപ്പി, കുറുക്കന്റെ തോൽ ഉണക്കി തുന്നി യുണ്ടാക്കിയ പാദരക്ഷ. ഇക്കൂട്ടരെ ആദ്യമായി കണ്ടാൽ പേടിയാവും. അടുത്തു വന്നാൽ ഒരുതരം മനം മടുപ്പിക്കുന്ന ഗന്ധം ആണ്.

 സാധനങ്ങൾ വിൽപ്പനക്ക് കൊടുക്കുന്നതിലും, വിലയുടെ കാര്യത്തിലും കർക്കശക്കാരാണ്  അവർ. ഒന്നാമത്തെ കുതിരയുടെ പുറത്തെ സാധനങ്ങൾ വിറ്റു കഴിഞ്ഞേ അടുത്ത കുതിരയുടെ കെട്ട് അഴിക്കൂ. എല്ലാത്തിന്റെയും  വില, വിൽക്കുന്നവർ സൂക്ഷിക്കും. ഓരോരുത്തർക്കും അത്യാവശ്യമുള്ള തുമാത്രമേ നൽകു. അപൂർവ്വമായ തല്ലേ, ഗുണം ഉള്ളതല്ലേ എന്ന് കരുതി കുറച്ച് അധികം സാധനം വാങ്ങി സൂക്ഷിക്കാം എന്ന് വിചാരിച്ചാൽ അവർ നൽകില്ല. നല്ല വില തരാം എന്നു പറഞ്ഞാൽ പോലും അവർ തരില്ല.  അടുത്ത ഗ്രാമങ്ങളിലേക്കും, എല്ലാവരിലേക്കും എത്തിക്കാനാണ് അവർ കാട് സേവിക്കുന്നത് എന്ന മനോഭാവം. അത് അവരുടെ ഭാഷയിൽ പറയും.
രാധി നിവാസികൾക്കും, മെരക് നിവാസികൾക്കും പരസ്പരം മനസ്സിലാകുന്ന  "ഷാഷോപ് " എന്ന വർത്തമാന ഭാഷ അവർക്കിടയിലുണ്ട്. ഭൂട്ടാനിലെ ഔദ്യോഗികഭാഷയായ "സോങ്ക "ക്കു മാത്രമേ എഴുത്തു ലിപി  ഉള്ളൂ. നാട്ടുഭാഷകൾ ധാരാളമുണ്ട്.

 അവർ വനത്തിൽ നിന്ന് അപൂർവ്വ സാധനങ്ങൾ ശേഖരിക്കുന്നതും, വിതരണം ചെയ്യുന്നതും എല്ലാവർക്കും വേണ്ടിയാണ് എന്നും, സാധനങ്ങൾ വളരെ മൂല്യമുള്ളതാണ്, അത് അവർക്ക് നൽകിയത് പ്രകൃതിയാണ്, ആവശ്യമുള്ളവർ അല്ലാ അത്യാവശ്യം ഉള്ളവരും ഉണ്ട്, അതുകൊണ്ട് വേണ്ടവർ മാത്രം വാങ്ങിയാൽ മതി എന്ന തത്വം.ട്രെഷികം ജില്ലയുടെ വനപാലകർ ആണിവർ, അതിനാൽ തന്നെ വനവിഭവങ്ങൾ ഡൂംസി , ജോൺലെ, രഞ്ഞൂന്, ട്രെഷികം എന്നിവിടങ്ങളിലെല്ലാം എത്തിക്കും. സാധനങ്ങൾ വിറ്റഴിയുന്നത് അനുസരിച്ച് കുതിരകളും ആളുകളും സ്വതന്ത്രരായി നടക്കും.

 രാധിയിൽ വന്നാൽ രാധി മുത്തശ്ശൻ ആയ ഒരു ഗപ്പി ന്റെ വീട്ടിലാണ്  തമ്പ് അടിക്കുക. ഗപ്പ് എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനപ്പേര് ആണത്.
 വനവിഭവങ്ങൾ വേണ്ടവർ എല്ലാം അവിടെ ചെന്ന് വാങ്ങിക്കും. പ്രസാദം പോലെ ലേശം വിതരണം ചെയ്യുമെന്ന് മാത്രം. നല്ല വിലയും നൽകണം. അവരുടെ ഭക്ഷണവും വിശ്രമവും എപ്പോഴും ആ ഭവനത്തിൽ തന്നെ. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അയൽ ഗ്രാമങ്ങളിൽ എല്ലാം പോയി സാധനങ്ങൾ വിറ്റഴിക്കും. പിന്നെ ഒരു നിമിഷത്തിൽ കൂടുതൽ അവർ നാട്ടിൽ നിൽക്കില്ല. അവരുടെ ഗോത്ര ത്തിൽ നിന്ന് പോന്നാൽ പിന്നെ ഉറക്കം പോലും വരില്ലത്രേ. നാട്ടിൽ നിന്ന് പോകുമ്പോൾ അവർ ഒന്നും കൊണ്ടുപോകാറില്ല. അവർക്ക് വേണ്ടതെല്ലാം കാട്ടിൽ സമൃദ്ധമാണ് എന്നാണ് അവരുടെ നിലപാട്.
 " ജനിച്ചുവീണ മണ്ണിൽ തന്നെ  ജീവിച്ചു മരിച്ചു മണ്ണ് ആവണം  " എന്ന പ്രകൃതി തത്വം ആത്മാവിനുള്ള അവർക്ക് ഉപജീവനത്തിനുവേണ്ടി ആണെങ്കിൽ പോലും നാടുവിട്ടു വരുന്നവരൊടൊ ക്കെ അവജ്ഞയാണ്. അവരെ നോക്കി നിൽക്കുന്നത് പോലും അവർക്ക് ഇഷ്ടമല്ല. തുറിച്ചു നോക്കും. സംസാരിച്ചു നിൽക്കുന്നതിനിടയി ൽ കുതിരയുടെ കെട്ട് എല്ലാം മുറുക്കി പെട്ടെന്ന് ഒരൊറ്റ  പോക്കാണ്. മിനിറ്റുകൾ കൊണ്ട് അവരും കുതിരകളും കാട്ടിനുള്ളിലെ  വഴിയിലേക്ക് മറയും. കുതിര കുളമ്പടി പിന്നെയും കുറെ നേരം കേൾക്കാം. കുറേ നാളത്തേക്ക് പിന്നീട് അവരെ ആരും കാണില്ല.

റിഞ്ചൻ സർ ന്റെ  വിവരണത്തിലൂടെ   മേരക്ക്‌ എന്ന ഭൂപ്രദേശവും, അവിടുത്തെ കല്ലുകൊണ്ട് ഉണ്ടാക്കിയ വീടുകളും, യാക്കിന്റെ കട്ടി 
ചീസ് പൊതിഞ്ഞു കെട്ടിയ തുകൽ പൊതികളും, മഞ്ഞു പൊതിഞ്ഞ ഹിമാലയൻ താഴ്വരകളും കാണാതെ കണ്ട ഒരു മന കാ ഴ്ചയായി..... ഇന്നും അൽഭുതങ്ങളുടെ താഴ്വര യായി ബാല്യത്തിലെന്നോ  കേട്ട കഥകളിലെ സങ്കൽപ്പ  ഗ്രാമമായി മനസ്സിൽ കോറിയിട്ട ചിത്രം പോലെ...
MERAK with out touch I feel your depth, essence,black sand,snowdrops☃️⛄️

 തുടരും.. 15: രാധി യിലെ മുത്തശ്ശൻ.

7 comments:

  1. അതി മനോഹരമായ വിവരണം

    ReplyDelete
  2. Sujitha, എഴുത്ത് നന്നായിട്ടുണ്ട്, നമുക്ക് ഇത് മാതൃഭൂമി യുടെ' യാത്ര 'മാസികയ്ക്കു അയച്ചു കൊടുക്കണം. പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്യണം.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  3. പരിഗണനക്ക് നന്ദി....

    ReplyDelete
  4. Ma'am sooperb writing. 😍👌🤩

    ReplyDelete

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...