....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ.... എലിയും പൂച്ചയും, പല്ലിയും, എട്ടുകാലിയും സമൃദ്ധമായി വാഴുന്നിടം. മഴപെയ്താൽ അടുക്കള വെള്ളച്ചാലാകുന്നിടം... പൊടിയും, കാറ്റും ഒരുമിച്ചു ഇരച്ചെത്തുന്ന ജനാലകളും, ചവിട്ടി അടച്ചു, വലിച്ചു തുറക്കുമ്പോൾ കൈകൾ മുറിയുന്ന വാതിലുകളും, ഉപയോഗിക്കാതെ അടച്ചിട്ട കുറെ മുറികളും ആയി ഒരിടം. തപ്പിയും തടഞ്ഞും, തട്ടി വീണുമുള്ള ആദ്യദിനങ്ങൾ....... ഇന്നും ഓർക്കുമ്പോൾ തേങ്ങൽ.
മണിക്കൂറുകൾ ദൈർഘ്യമുള്ള ഒരു ദിവസത്തിന്റെ അവസാനം അപൂർവമായി ഏതാനും സെക്കൻഡുകൾ മാത്രം സംസാരിക്കുന്ന ആൾ കൂടെ.... അതും അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന കാച്ചി കുറുക്കിയ പരുക്കൻ വാക്കുകൾ. വർഷങ്ങളായി ഉള്ള ശീലം അതെങ്ങനെ ഒരാളിൽ പെട്ടന്ന്മാറ്റങ്ങൾ ഉണ്ടാക്കും....
കൂട്ടങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാൾ... പ്രത്യേകിച്ച് ഏതുതരം സൗഹൃദവും, ഏതു പ്രായത്തിലുള്ളവരുമായും , വലിപ്പ ചെറുപ്പമില്ലാതെ, വാതോരാതെ സംസാരിച്ചു, തമാശകളും, പൊട്ടിച്ചിരികളും, കുസൃതികളും കളിയാക്കലുകളും ആസ്വദിച്ച്, മനസ്സ് പൂർണ്ണമായും മറ്റൊരു ലോകത്ത് എത്തിച്ചിരുന്ന ഒരാൾ. മനസ്സിൽ ഇഷ്ടപ്പെട്ട സൗഹൃദത്തിന്റെ നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാറുള്ള ഒരാൾ.
കാണുന്നവരും, പരിചയപ്പെടുന്നവരും, സംസാരിക്കുന്നവരും, ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു, എങ്ങനെ എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ പുഞ്ചിരിച്ച് ഇരിക്കാൻ പറ്റുന്നു, എത്ര സംസാരിച്ചാലും മടുക്കാത്തത്എന്താണ്, എവിടുന്നാ... ഈ തമാശകളൊക്കെ,
കുറെ കാലത്തിനു ശേഷം കുറെ ചിരിച്ചു..ട്ടോ. ഇങ്ങനെയുള്ള
ഒരു പ്രത്യേക സാഹചര്യത്തിൽ പൊരുത്തപ്പെടുന്നത്, തിരിച്ചറിയുന്നത്, അബദ്ധങ്ങൾ തിരുത്തുന്നത്, അലൈവ് ആയിരിക്കുവാൻ ഉള്ള വഴികൾ കൂടെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ഒരുവൾ പ്രഖ്യാപിക്കുമ്പോൾ അതെന്തായാലും ചുറ്റുപാടുകളിൽ പോലും പ്രതിഫലിക്കും.
മുഖസ്തുതികളിൽ
സംതൃപ്തമായിരുന്ന മൗനം..... ഒരു ചെറുപുഞ്ചിരി... ധാരാളം മതി ആ ദിനം ധന്യമാവാൻ.... ഓരോ ദിവസത്തെയും കുഞ്ഞു കുഞ്ഞ് സന്തോഷങ്ങൾ ചേർത്തുവച്ച് ഉണ്ടാക്കിയ സംതൃപ്തിയായിരുന്നു പിറ്റേന്നത്തെ പുലരികളുടെ ഉണർവ്.
ഒറ്റരാത്രികൊണ്ട്. ജീവിതം മാറിമറിഞ്ഞു.
പെട്ടെന്നായിരുന്നു തീരുമാനങ്ങൾ.... അതിലും പെട്ടെന്നായിരുന്നു മാറ്റങ്ങൾ.... പുറമേ ശാന്തമെങ്കിലും കലങ്ങിമറിഞ്ഞു കൊണ്ട് ഒരു മൂന്നാലു മാസം.... പൊരുത്തപ്പെടാത്ത പൊരുത്തപ്പെടലുകൾ... വർഷങ്ങളോളം ആരും കാണാതിരിക്കാൻ തുന്നികൂട്ടി ചേർത്ത് വെച്ചിരുന്ന കീറലുകളൊക്കെ നൂലുകെട്ടഴിഞ്ഞു പുറത്തുവന്നു.
ആദ്യ മാസങ്ങളിലെ അതിജീവനം പുറമേ കാണിക്കാൻ എങ്കിലും അനിവാര്യമായിരുന്നു.
പുതിയ പറിച്ചു നടലിൽ വേരു പിടിപ്പിക്കാനായുള്ള പരിശ്രമങ്ങൾ.... ആദ്യം അപരിചിതത്വത്തിന്റെ പരിചയപ്പെടലുകൾ,
സ്ഥലപരിചയവും
വ്യക്തി പരിചയവും ചടങ്ങ് പോലെ നടത്തി... പിന്നെ പിന്നെ സ്വയം ഉൾവലിഞ്ഞു....സ്വയമേ ഉമ്മറത്ത വാതിലും, പിൻവാതിലും പകലും രാത്രിയും ഒരുപോലെ താഴിട്ടു പൂട്ടിയതിനൊപ്പം മനസ്സും പൂട്ടിവെച്ചു. ആരെയും കാണാനും, പരിചയപ്പെടാനും സംസാരിക്കാനും, എല്ലാം ഒരു വിമുഖത.... അങ്ങനെ ആണ് തുടക്കം.
കഴിഞ്ഞു പോയ നാൽപതു വർഷത്തിനിടയിൽ
ആദ്യമായാണ് ഇങ്ങനെ. പല സാഹചര്യങ്ങളിലും പല പ്രതിസന്ധികളിലും പിടിവള്ളി തേടിപ്പിടിച്ചിരുന്നു. പക്ഷേ ഇവിടം അതിനും ശ്രമിച്ചില്ല. അതോ ശ്രമിച്ചത് ഒക്കെ പരാജയപ്പെട്ടു എന്ന തിരിച്ചറിവും ആവാം.
പുതിയ ശിഖരത്തിൽ ഒന്നാം ചുള്ളിക്കൊമ്പ് വെച്ച് കൂടുകൂട്ടുന്ന പക്ഷിയേ പോലെ എല്ലാം ഒന്നിൽ നിന്ന് തുടക്കം... എല്ലാ അർത്ഥത്തിലും അർത്ഥമില്ലാത്ത അവസ്ഥകൾ .
ആരെയും പഴിചാരാതെ വിധി എന്ന മഹാസാഗരം കോരി കുടിച്ചു മുന്നേറി.
ജോലിയുടെ ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ കാര്യം അറിയാതെ, തമാശയിൽ പൊതിഞ്ഞു ഇടയ്ക്കിടയ്ക്ക് കിട്ടുന്ന കളിയാക്കലുകളും പരിഹാസങ്ങളും, മനംനൊന്തെങ്കിലും സൗഹൃദത്തിന്റെ പേരിൽ ചിരിയിൽ തുടച്ചു. പതുക്കെ പതുക്കെ സ്വയം ആ വഴിയും അടച്ചു കുറ്റിയിട്ടു.
നമ്മെ ഏറെ അടുപ്പമുള്ളവരുടെ , അതിലും നന്നായി നമ്മളിലെ കഥകൾ അറിഞ്ഞവരുടെ, അനുഭവസ്ഥരുടെ സാക്ഷ്യം പറച്ചിലുകൾ
ഈ ചെവിയിൽ നിന്നും
ആ ചെവിയിൽ നിന്നും മാറിമാറി പോയപ്പോൾ പുതിയ കഥകളുടെ തുടക്കം... മനസ്സിൽ ആലോചിക്കുകപോലും ചെയ്യാത്തകുറ്റം ചാർത്തലുകൾ.... ഇതൊക്കെ പോരെ ഏതു കരിങ്കല്ലും ഒന്നുലയാൻ..
മനശക്തിയും മനസ്സമാധാനവും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്തോറും മലയ്ക്കു മുകളിൽ എത്തിച്ച ഭ്രാന്തൻ കല്ലുകൾ പോലെ താഴേക്ക് ഊർന്നുപോയ അവസ്ഥ.
സത്യത്തിൽ ആലോചിക്കുമ്പോൾ ഇന്നും അത്ഭുതമാണ്.പല രെയും പല സാഹചര്യങ്ങളിലും കൈപിടിച്ച് എണീപ്പിച്ചിട്ടുണ്ട്. ഒരുപാട് പേരെ ഇന്നും ചേർത്തുനിർത്തുന്നു. ആരും അത്രയും വേണ്ടപ്പെട്ടവരൊന്നും അല്ല. പക്ഷെ അവൾ തകർന്നു പൊട്ടിപിടഞ്ഞു ഇരിക്കാണ് ന്ന് അറിഞ്ഞ അവർക്ക് സങ്കടം ആവും കാരണം ഇന്നവർക്കൊക്കെ കര കയറാനുള്ള മാർഗ്ഗം തെളിച്ച അവൾക്ക്എ ന്തെ സ്വയം തപ്പിപിടിച്ചു നടക്കാനുള്ള വെളിച്ചം ഇല്ലാഞ്ഞുന്ന്.
ഒരുപാട് പ്രാർത്ഥിച്ചു, ചില ദിവസം മണിക്കൂർകളോളം മനഃശക്തി കിട്ടാൻ മാത്രം.
അതെ...മനസ്സ് മാത്രം പൂർണമായും കൈവിട്ടു പോകുന്നതിനു മുന്നേ സമചിത്തതയോടെഇന്നും കൂടെയുള്ളതിന് ഗുരു കാരണവന്മാരുടെ പുണ്യംന്നു വിശ്വസിക്കാം .
ന്നിട്ടും... കുറച്ചു ദിവസങ്ങൾ മനസ്സിലെ വൈകാരികമായ മാറ്റങ്ങൾ, അസഹിഷ്ണുത, നിരാശ, എല്ലാം കൈവിട്ട അവസ്ഥയിൽ പിടിച്ചുനിൽക്കാനായി ശ്രമിക്കുകയാണെന്ന് മനസ്സിലാക്കാതെ പ്രിയപ്പെട്ടവർ അത് വാശിയും വഴക്കും കുറുമ്പുമായി വിധിയെഴുതി. ചേർത്തുപിടിക്കുന്നവരുടെ മുന്നിൽ ഒന്നു പൊട്ടിക്കരയാൻ പോലും സാധിക്കാതെ വഴക്കിൽ അവസാനിച്ച വർത്തമാനങ്ങൾ.
വീണ്ടും വീണ്ടും അതോർത്ത് തേങ്ങിയ രാത്രികൾ.
മനസ്സും ശരീരവും പൂർണമായി തളർന്നപോലെ. ഒന്ന് എണീച്ചു നിൽക്കാൻ പോലും ആവാത്ത അവസ്ഥയിൽ കഴിഞ്ഞ കുറെ ദിവസങ്ങൾ...പലരും ജോലിക്ക് പോകാനുള്ള മടിയായും,അനാവശ്യ സങ്കടങ്ങൾ ആയും, ആവശ്യമില്ലാത്ത എടുത്തുചാട്ടമായും എഴുതി ഒപ്പിട്ടു തന്നു.
ഇരുന്നും കിടന്നും ചിന്തിച്ചും കടന്നുപോയ ഓരോ മാസങ്ങളും, ശരീരത്തിനു വന്ന മാറ്റങ്ങൾ, വൈകാരിക സംതൃപ്തിക്കായി വയറു നിറച്ച് മധുരം കഴിച്ചു സ്വയം പ്രതിഷേധിച്ച ദിനങ്ങൾ, കാണുന്നവരെല്ലാം വെറുതെ ഇരുന്നു തടിച്ചു വൃത്തികേട് ആയല്ലോ എന്ന വിധിയെഴുത്തുകൾ.
പല ഉപദേശകരുടെ പലതരം ഡയറ്റുകൾ കൊണ്ട് ശരീരത്തോടൊപ്പം മനസ്സും മുരടിച്ച അവസ്ഥകൾ.
അനാരോഗ്യകരമായ ഭക്ഷണ ശീലത്തിൽ നിന്നും, ചിന്തിച്ചു ചിന്തിച്ച് ഉരുണ്ടു കൂടിയ വിഷമായ ഉൽക്കണ്ഠയിൽ നിന്നും മോചനം നേടാൻ ഫോൺ ഉപയോഗം അമിതമായപ്പോൾ, ഏറ്റവും വേണ്ടപ്പെട്ടവർ കുറ്റപ്പെടുത്തി യാതൊരു പണിയോ ലക്ഷ്യബോധമോ ഇല്ലാത്തതുകൊണ്ടാണ്ന്ന്.
രാവേറെ.. ഏറെ വൈകിട്ടും ഉറങ്ങാതെ ഫോണിൽ നിന്നും പാട്ടും, ടീവീ യിലെ പഴയ സിനിമകളും കണ്ടു കണ്ട് ഉറങ്ങാതെ ഇരിക്കുന്നു എന്ന്ഏറ്റവും പ്രിയപ്പെട്ടവരുടെ പരാതി.... പക്ഷേ സത്യത്തിൽ പലപ്പോഴും
എല്ലാവരും ഉറങ്ങി ചുറ്റും പൂർണ നിശബ്ദതയിലേക്ക് പോകുമ്പോൾ ജീവിതം അവസാനിപ്പിക്കുന്നതിനെ
കുറിച്ച് പോലും ചിന്ത വന്നപ്പോൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരാത്ത രാത്രികളിൽ ആശ്രയമായത് ഓൺലൈൻ വർക്ഷോപ്പുകളും, മോക്ക്ടെസ്റ്റുകളും, ട്രാവലോഗ്കളും, കുക്കറി ഷോകളും..ആത്മീയവും, പ്രചോദനവും,തരുന്ന വീഡിയോകളും,ഇഷ്ടം തോന്നുന്ന റെക്കോർഡഡ് ശബ്ദങ്ങളും,പഴയകാല സിനിമകളും പാട്ടുകളും ആണ്.ഇതൊന്നും തീരെ ശീലമില്ലാതിരുന്ന ആൾ... പെട്ടന്ന് ഇതിനൊക്കെ അടിമപ്പെട്ടു.
"അങ്ങനെ അങ്ങനെ എന്നിലെ ഞാൻ മറ്റൊരാളായി മാറിയത് സത്യത്തിൽ ഞാൻ പോലും അറിയാതെയാണ്.
പൂർണ്ണ പക്വത എത്തേണ്ട പ്രായത്തിൽ, അപക്വമായ ചിന്തകൾ കൊണ്ട് , സ്വയം ഉരുകി തീരുന്ന എന്നെ ആ അവസ്ഥയിലേക്ക് എത്തിച്ചത് മറ്റു പലരുടെയും അപക്വമായ പ്രവർത്തികളാണ്.
ഇന്നും മനസ്സുകൊണ്ടോ വാക്കു കൊണ്ടോ, പ്രവർത്തികൊണ്ടോ ആരെയും ദ്രോഹിച്ചിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഞാൻ.
ഉള്ളിലെ സത്യം എന്നെ ഉണർത്തുകയാണ് ചെയ്തത്.
സത്യത്തിൽ എപ്പോഴാണ് ഞാൻ അതിൽ നിന്ന് ഉണർന്നത് എന്ന് എനിക്ക് തന്നെ അറിയില്ല.
ഞാൻ ആദ്യം ശ്രദ്ധിച്ചത്, നിരന്തരമായ കുറ്റപ്പെടുത്തലുകൾ എന്തിനാന്ന് ആലോചിച്ചപ്പോഴാണ്, സ്നേഹവും രുചിയും സമം ചേർത്ത് ഞാൻ ഉണ്ടാക്കിയിരുന്ന ഇഷ്ട വിഭവങ്ങൾക്ക് മൂന്നുനേരവും രുചിയില്ലെന്ന് കുറ്റം പറഞ്ഞ് മാറ്റിവയ്ക്കപ്പെട്ടു... പലപ്പോഴും ഉപ്പും, പുളിയും മുളകും ഇടാൻ മറന്നുപോയെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്.
എന്നിട്ടും നിനക്കെന്തു പറ്റി എന്ന് എന്നോട് ആരും ചോദിച്ചില്ല. ഞാനോട്ട്
പറയാനും പോയില്ല."
അവളുടെ ശബ്ദം ഇടറിയിരുന്നു... എന്നാലും അവൾ തുടർന്നു...
"എത്ര അളവ് കുറച്ചു വെച്ചാലും പിറ്റേദിവസം കാക്കയ്ക്ക് കൊടുക്കുന്ന ഭക്ഷണത്തിന് അളവ് കൂടി കൂടി വന്നു.... അപ്പോഴാണ് മനസ്സിലായത് പല ദിവസവും ഉച്ചഭക്ഷണവും, രാത്രി ഭക്ഷണവും ഞാൻ കഴിക്കാൻ മറന്നു പോയിരുന്നു എന്ന് .
നീ കഴിച്ചോ? നീ കഴിക്കുന്നില്ലേ എന്ന് ആരും ചോദിച്ചതും ഇല്ല ".
അത് പറഞ്ഞപ്പോൾ അവൾ ഒന്ന് തേങ്ങി..വീണ്ടും നിർത്താതെ പറഞ്ഞു
"നിലത്തുന്ന് കാലിൽ ചളിയാകുന്നു എന്ന് മകൻ പറഞ്ഞപ്പോഴാണ് ഒരാഴ്ചയിൽ അധികമായി വീട് വൃത്തിയാക്കിയിട്ടില്ല എന്ന് ഓർമ്മ വന്നത്.
ചൂലും മുറവും എന്നെ മറന്നിരുന്നു.
പതിവിന് വിപരീതമായി ഒരു ദിവസം ബാത്റൂമിൽ വഴുക്കി.... അപ്പോഴാണ് അടപ്പ് പൊട്ടിക്കാത്ത ബാത്റൂം ക്ലീനിങ് സാമഗ്രികൾ വിരുന്നുകാരെ പോലെ ഇരിക്കുന്നു.
എന്നും എന്റെ കൈ മാത്രം എത്തുന്നിടങ്ങൾ.ഞാൻ തൊട്ടിട്ടു ആഴ്ചകൾ ആയിരുന്നുത്ര ....
മാസങ്ങളോളം തലമുടിയിൽ എണ്ണയോ ഷാമ്പുവോ, മുഖത്ത് ഫേസ് ക്രീമോ, ഡിയോഡ്രൻഡുകളോ ഉപയോഗിക്കാതെയായി, എക്സ്പയറി ഡേറ്റ് കഴിഞ്ഞില്ലെങ്കിലും ഗുണവും മണവും ഇല്ലാതെ എന്നെപോലെ ഒരു അവസ്ഥയിൽ അവരും ...
രണ്ടു വർഷത്തോളമായി പുറമേയുള്ള ഫംഗ്ഷനുകൾക്കോ, ചടങ്ങുകൾക്കോ പോവാത്തതിനാൽ പ്രിയപ്പെട്ട ഹാൻഡ് ബാഗുകളും ചെരുപ്പുകളും
എന്റെ മനസ്സ് പോലെ പൊടി പിടിച്ചിരിക്കുന്നു.
വേനലിൽ മഴ പോലെ ഇടയ്ക്കൊന്നു കുളിർന്നത് സ്കൂളിലെയും കോളേജിലെയുമായി രണ്ട് ഗെറ്റ്റ്റുഖേതറുകളും , വർഷങ്ങൾക്കുശേഷം കണ്ട കൂട്ടുകാരും, അതിനായുള്ള യാത്രയിൽ
അപ്രതീക്ഷിതമായി പെയ്ത, അവളിലെ ആശ്വാസമഴയുമാണ്🤍.
"ഇടയ്ക്ക് വെച്ചൊന്ന് മിനിമലിസ്റ്റ് ആവാൻ നോക്കിയപ്പോൾ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രമാക്കി ഞാൻ തന്നെ എന്നെ അങ്ങ് ചുരുക്കി.
അതിനാൽ രണ്ടു വർഷത്തോളമായി മനസ്സിലെ മുഷിപ്പും മുടിയിലെ നരപ്പും പോലെ എന്നിലെ നിറം മങ്ങിയെന്നു അടുത്തറിഞ്ഞിരുന്നവർ കണ്ടപ്പോൾ പറഞ്ഞു.
രാവിലെ കുളിച്ച് വസ്ത്രം മാറാനായി അലമാര തുറന്നപ്പോൾ അതിൽ മടക്കിവെച്ച സ്ഥിരമായി ധരിക്കുന്ന വസ്ത്രങ്ങൾ ഒന്നും കാണാനില്ല...
ആ നിമിഷം ആ സത്യവും ഉൾക്കൊണ്ടു.പലപ്പോഴും ഒരാഴ്ച കഴിയും അലക്കണമെന്ന് ഓർക്കാൻ.
ഏറ്റവും സന്തോഷത്തോടെ താലോലിച്ചു, പഠിപ്പിച്ചു, കൊടുക്കേണ്ടയാളുടെ പരിചരണം പോലും പലപ്പോഴും കൃത്രിമമായി എനിക്ക് തോന്നി.... അവനെ കേട്ടിരിക്കുമ്പോഴും, തിരിച്ചു പറയാത്തതെന്തേ എന്ന് ചോദ്യം പലപ്പോഴും കേൾക്കേണ്ടിവന്നു. അപ്പോഴാണ് ഞാൻ ഒന്നും കേട്ടിട്ടില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നത്.
അങ്ങനെ പതുക്കെ പതുക്കെ അടുക്കും ചിട്ടയും വൃത്തിയും ഉള്ള ഞാൻ അതൊന്നുമല്ലാതെ ആയി.
വർഷങ്ങളായി എന്നെ ഞാനാക്കി മാറ്റിയ ശീലങ്ങൾ, എവിടെയോ പൊതിഞ്ഞു കെട്ടിപൂട്ടി വച്ചുപോയി.
സത്യത്തിൽ സത്യം ഉൾക്കൊണ്ട ആ ദിവസം ഞാൻ കുറെ കരഞ്ഞു... മതിയാവോളം.എന്നിലെ എന്നെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ആദ്യമായി ഞാൻ അറിഞ്ഞ ദിനം.
വെറുതെ കരയുന്നത് കണ്ടപ്പോൾ തലയ്ക്ക് വട്ടാണ് ന്ന്കണ്ടയാൾ പറഞ്ഞു. "അവനവന് വരുമ്പോൾ വിഷമവും മറ്റുള്ളവർക്ക് വരുമ്പോൾ മാനസികവും "
അതിനാൽ തന്നെ അതൊരു അടവാക്കി
തലവേദന എന്ന് പറഞ്ഞ് രണ്ടുദിവസം കിടന്നു.
തോരമഴപോലെ പിന്നെ ഒരു പരാതി പെയ്ത്തായിരുന്നു...
ഇതിനിടയിൽ രാവും പകലും പോലെ പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും വന്നു പോയി കൊണ്ടേയിരുന്നു.... അപൂർവ്വം ചില ദിവസങ്ങൾ പൊട്ടിത്തെറികളുടെയും കുറ്റം പറച്ചിലുകളുടെയും കുത്തൊഴുക്കായി മാറി... ചില നേരങ്ങൾ മനസ്സിന്റെ കടിഞ്ഞാൺ പൊട്ടി നിരാശയും സങ്കടവും ഒച്ചപ്പാടും ബഹളവും കരച്ചിലും ആയി പ്രതിബിംബിച്ചു.... എല്ലാവരോടും സൗമ്യമായി സ്നേഹമായും കരുതലാവും പെരുമാറിയിരുന്ന വ്യക്തിത്വം.... ഒരുപാടു പേർക്ക് പിടിച്ചു നിൽക്കാൻ പ്രചോദനമായവൾ അയാളോട്പൂർണമായും ഭ്രാന്തിയെ പോലെ പെരുമാറിയ ദിവസങ്ങൾ.... ഉള്ളു പിടഞ്ഞ് ആണെങ്കിലും അയാളെ വേദന എന്തെന്നറിയിക്കാൻ ഇടയ്ക്കിടെ പ്രതികാരാഗ്നി ആളിക്കത്തിച്ചു... പൊട്ടിത്തെറിച്ചു....
അവനവനെ വിളിച്ച മോശം വാക്കുകൾ തിരിച്ചു വിളിച്ചു...അതു കേൾക്കുമ്പോൾ അയാൾ പൊട്ടിത്തെറിക്കും.
സ്വന്തം മനസ്സിന് മുറിവേൽക്കുമ്പോൾ പിടയും. അപ്പോൾ അയാൾ മൂലം ഉണ്ടായ നീറലുകൾ എണ്ണി എണ്ണി പറഞ്ഞു ആ വേദന എന്തെന്ന് അറിയിക്കും ......
പക്ഷേ മറുപുറത്തെ നിരാശയും കരച്ചിലും തളർച്ചയും കാണുമ്പോൾ, ഊതിക്കെടുതി വീണ്ടും അയാളിലെ മുറിവുണക്കൽ... ഇടയ്ക്കിടെ ഇത് ആവർത്തിക്കുമ്പോൾ, പരസ്പരം ഉണ്ടാക്കുന്ന മുറിവുകൾ കൂടുതൽ വിങ്ങൽ ഉണ്ടാക്കി. പൂർണ്ണപരിഹാരമില്ലെങ്കിലും താൽക്കാലിക ആശ്വാസം അനിവാര്യമായി തുടങ്ങി... ഇടയ്ക്കൊക്കെ സ്വബോധം വരുമ്പോൾ ചിന്തിക്കും എന്തേ ഇങ്ങനെയൊക്കെ ആവാൻ, ഇങ്ങനെയൊന്നുമല്ലല്ലോ ആഗ്രഹിച്ചിരുന്നത്, എത്രമാത്രം സ്നേഹവും, കരുതലും, സന്തോഷവും ചാലിച്ച് കുഴച്ച് ഉണ്ടാക്കിയെടുത്ത മനസ്സായിരുന്നു എന്റെ. ചില നേരങ്ങളിൽ അതിത്രമാത്രം മലിനവും കലുഷിതവും ആവാൻ ഞാൻ ചെയ്ത തെറ്റ് എന്താണ്.... ഒരാൾ നമ്മളോട്എങ്ങനെ പെരുമാറുന്നുവോ അത് കണ്ടു കണ്ടു കേട്ട് കേട്ട് അയാളെ പോലെയായി , അതേ നാണയത്തിൽ പ്രതികാരം ചെയ്യുമ്പോൾ, അതേ വിഷമം, എന്തെന്നറിയുമല്ലോ എന്നായിരുന്നു. പക്ഷേ അനുഭവിച്ചതിന്റെ ഒരു അംശം പോലും പ്രതികാരം ചെയ്യുവാൻ പലപ്പോഴും മനസ്സ് അനുവദിക്കാറില്ല.
അനുഭവങ്ങൾ അടുക്കി വെച്ചുണ്ടാക്കിയ മനശക്തിയുടെ ചെറിയൊരു ശതമാനം പോലും, അയാളിൽ ഇല്ലെന്ന് മനസ്സിലാക്കിയ ദിവസങ്ങൾ, പൊട്ടിത്തെറികൾ കരച്ചിലായി മാറിയപ്പോൾ, പ്രതികാരത്തിനായി പൊക്കിയ കൈകൾ, സ്വാന്തനത്തിനായി താഴ്ത്തേണ്ടിവന്നു. വർഷങ്ങളോളം ഈ പ്രക്രിയ തുടർന്ന് എന്നിലെ ഞാൻ മറ്റാരോ ആയി മാറി. ഇടയ്ക്കൊക്കെ സ്വബോധം വരുമ്പോൾ ഞാൻ എന്നിലേക്ക് തന്നെ നോക്കും, ദൂരെ എവിടെയോ എനിക്ക് എന്നെ കാണാൻ സാധിക്കും. പക്ഷേ ഉള്ളു എത്ര പിടഞ്ഞാലും എന്നെ ഞാനാക്കിയവർക്ക് മുന്നിൽ ഞാനായി നിൽക്കാനുള്ള ഈശ്വരാനുഗ്രഹം ആ പ്രത്യേക നിമിഷങ്ങളിൽ എന്നിലേക്ക് എത്താറുണ്ട്.
സങ്കടം വന്നാലും, സന്തോഷംവന്നാലും വർഷങ്ങളായി ഞാൻ
ആദ്യം വിളിക്കുന്ന പല നമ്പറുകളിലൂടെയും കൈകൾ ചലിച്ചു ....
അത്രത്തോളം എന്നെ അറിയുന്ന, ഞാൻ അറിയുന്ന സൗഹൃദങ്ങൾ. ആരെയും വിളിക്കാൻ തോന്നിയില്ല... അത് അങ്ങനെയാണല്ലോ സ്വയം ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഒരു അവസ്ഥ.
അവസാനം കൈവിട്ടു പോകും എന്ന അവസ്ഥ വന്നപ്പോൾ ഒരാഴ്ചയോളം
അമ്മയുടെ അടുത്ത് പോയി നിന്നു.. പക്ഷേ ആ വിങ്ങൽ കൂടുന്നതല്ലാതെ കുറയുന്നില്ല....
ചില വ്യക്തികൾ നമുക്ക് മരുന്നാകും....ചില മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത് ആപത്താണ്. നമുക്കല്ല മരുന്നിന്. പകരംവെക്കാൻ മറ്റൊരു ഔഷധം നമുക്ക് ഉണ്ടാവുകയുമില്ല. പക്ഷേ അത്രമേൽ സ്നേഹിക്കുന്ന ആരെയും നാം വിഷമിപ്പിക്കരുത്.കാരണം അത് അത്രയും പ്രിയപ്പെട്ടതാണ്. അവർക്കല്ല നമുക്ക്. സ്നേഹം പിടിച്ചു വാങ്ങാനും , പറിച്ചെടുക്കാനും പറ്റില്ല. അതൊരു വികാരമാണ്. ഉള്ളിന്റെയുള്ളിൽ ഹൃദയത്തിനു മാത്രം ആസ്വദിക്കാൻ .
അതിനാൽ തന്നെ സ്വയം മരുന്ന്ആകേണ്ട അവസ്ഥ ചിലപ്പോഴെങ്കിലും നാം ഉൾക്കൊള്ളേണ്ടിവരും.
വല്ലാത്തൊരു അവസ്ഥ ആണത്. അതിൽനിന്ന്
പൂർണ്ണമായ മോചനം ഉടനെയുണ്ടാകില്ല.
പക്ഷേ താൽക്കാലികമായ നിലനിൽപ്പിന് പുറം മുറിവുണക്കേണ്ടതുണ്ട്.
സ്വയം ശ്രമിച്ചാലേ അത് നടക്കു.....പൂർണ്ണമായും ശ്രമിച്ചേ പറ്റൂ......ചില സത്യങ്ങൾ അപ്പോഴാണ് നാം മനസ്സിലാക്കുക. നമുക്ക് ആര് വേണമെങ്കിലും എത്രവേണമെങ്കിലും സ്നേഹിക്കാം പരിചരിക്കാം.... മറ്റൊരാളാൽ സ്നേഹിക്കപ്പെടൽ ബുദ്ധിമുട്ടാണ്.. ഇങ്ങനെയുള്ള ഘട്ടങ്ങളിലാണ് അങ്ങനെയുള്ള സ്നേഹിക്കപ്പെടലുകൾക്ക് പ്രധാനം. ആത്യാവശ്യങ്ങൾക്ക് പോലും നമ്മൾ വേണ്ടെന്നു പറയുന്നവർക്കാണ്
ആവശ്യങ്ങൾക്കായി നമ്മളെ ആശ്രയിക്കേണ്ടി വരുന്നത് എന്ന സത്യം മനസ്സിലാക്കാതെ.
ആദ്യം മനസ്സിനെ പാകപ്പെടുത്താൻ ആത്മീയ മാർഗം തന്നെ വേണ്ടിവന്നു.... കഴിയുന്നത്ര ദിവസങ്ങളിൽ കുളിയുംജപവും പ്രാർത്ഥനകളും നോമ്പുകളും ക്ഷേത്രദർശനവുമായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു.
"മുൻപെങ്ങും ഇല്ലാത്തോരാരാധനയുടെ "
എന്ന്പറഞ്ഞു വേണ്ടപ്പെട്ടവർ കളിയാക്കി.
അത് സരമാക്കിയില്ല... അവർക്കാർക്കും എന്നെ വേണ്ടെങ്കിലും എനിക്ക് അവരെ വേണമല്ലോ. അതിനായി ഞാൻ പിടിച്ചുനിന്നേ പറ്റൂ.
സ്വയം ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ ഒരു
കൗൺസിലിങ്നു വേണ്ടി ശ്രമിച്ചു.... പക്ഷെ കുറെ വായിച്ചു... കുറെ ഒക്കെ മനസ്സിനെ പിടിച്ചു നിർത്തി.
മനസ്സിലെ അശ്രദ്ധകൊണ്ട് കൈവിട്ടു പോയെന്നു കരുതിയ കൈപ്പുണ്യത്തെ ശ്രദ്ധ കൊണ്ട് തിരിച്ചുപിടിക്കാൻ ശ്രമിച്ചു...എങ്കിലും ഇടയ്ക്കിടെ പൊട്ടുന്ന മനസ്സരൊക്കൽ വളരെ ബുദ്ധിമുട്ടായിരുന്നു.
മനപ്പൂർവ്വം നിർബന്ധിച്ച് പണിയെടുപ്പിക്കുന്ന, മടിച്ചിയായ ഒരു കൊച്ചു കുട്ടിയെപോലെ ഞാൻ എന്നെ തന്നെ നിർബന്ധിച്ചു വീട്ടുജോലികൾ ചെയ്യിച്ചു. മടിയുടെ അങ്ങേയറ്റത്ത് നിന്നും വൃത്തിയുടെ ഇങ്ങേ അറ്റത്തേക്ക് തിരിച്ചു പിടിച്ച് എന്നെ കൊണ്ടുവരാൻ പലപ്പോഴും ഞാൻ കഠിനമായി പ്രയത്നിക്കേണ്ടി വന്നു.
പൊടിപിടിച്ച് ആരുടെയോ എന്ന് തോന്നിപ്പിച്ചിരുന്ന എന്റെ പുസ്തകകൂട്ടുകാരെ വീണ്ടും പൊടിതട്ടിയെടുത്തു.
കൊല്ലവും ഉള്ള ചടങ്ങ് പോലെ പഠിക്കാതെ പോയി എഴുതിയിരുന്ന അത്യാവശ്യമായ പല പരീക്ഷകൾക്കും പഠിക്കുവാനായി ഓൺലൈൻ ക്ലാസുകളിൽ ചേർന്നു. വീണ്ടും വിദ്യാർത്ഥിനിയായി. അതോടെ നേരത്തെ ഉണരാനും, ലക്ഷ്യത്തിലേക്ക് മനസ്സൊരുക്കാനും പഠിച്ചു.
Pcod, പ്രഷർ,കൂടെ കൊറോണ സമ്മാനിച്ച
ശ്വാസതടസ്സങ്ങൾ,waitgain എന്നിവയ്ക്ക് പുറമേ മൈഗ്രൈനും, കാഴ്ചക്കുറവും, പല വേദനകളും വരിവരിയായി അസംബ്ലിക്ക് വന്ന പോലെ നിന്നു. പക്ഷേ എന്റെ അനുവാദമില്ലാതെ അവരെയൊന്നും തുടരാൻ അനുവദിക്കില്ലെന്ന് കടുത്ത പ്രതിജ്ഞ എടുത്ത് ഡാൻസ് ക്ലാസിനും, യോഗ ക്ലാസിനുമൊക്കെ സജീവമായപ്പോൾ അവരൊക്കെ അസംബ്ലി പിരിച്ചുവിട്ടു.
എങ്കിലും ഇടക്കൊക്കെ വല്ലാത്ത താണുപോകുന്ന പോലെ തോന്നി.....
ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊഴിഞ്ഞു പോയി, ജടപിടിച്ചു,വെള്ളിനൂൽ കാണിച്ചു തുടങ്ങിയ തലമുടിയെ ഇടയ്ക്കൊക്കെ ഹെന്ന കൊണ്ട് കെട്ടിപ്പിടിക്കും.
ഹെഡ് മസാജും, ഫെയ്സ് മസാജും കൊണ്ട് ഇടയ്ക്ക്മനഃപൂർവം ഒരു പുനരുജ്ജീവനം ന്റെ പുറമോടിക്ക് നൽകാൻ തുടങ്ങി .
കണ്ണിലെ അന്ധതയ്ക്ക് കുളിർമയേകാൻ കാണു ന്നിടത്തൊക്കെ പച്ചപ്പ് കൊണ്ട് വച്ചു...
ഈയടുത്തകാലത്ത് എവിടെയൊക്കെയോ വായിച്ച വരികൾ ഓർമ്മകളിലൂടെ ഇഴഞ്ഞ് ഇഴഞ്ഞു പോയി.
" ഒരുവൾ അവൾക്കായി ജീവിക്കുന്നു.അവളെയോർത്ത് സന്തോഷിക്കുന്നു, അവൾക്ക് ആവശ്യമുള്ളതിലേക്ക് അവളെ നടത്തുന്നു.ഒരുവൾ അവളോട് തന്നെ സ്നേഹത്തിലാകുന്നതിന്റെ ഒന്നാമത്തെ ലക്ഷണമാണത്.
അതെന്തൊരു സമാധാനമായിരിക്കും അവളിൽ നിറയ്ക്കുന്നത്. നിറഞ്ഞു തുളുമ്പി ഇരുന്ന അവളിലെ കണ്ണുനീർത്തുള്ളിയുടെ നനവ് പോലും
വറ്റിച്ചവരുടെ മുന്നിൽ അവൾ വീണ്ടും നിറഞ്ഞു തുളുമ്പുന്നത്... ഹ! എത്ര മനോഹരമായ മുഹൂർത്തം.
എല്ലാ ഇൻ സെക്യൂരിറ്റികളെയും ഭേദിച്ച്കൊണ്ട് ഒരുവൾ അടയാളപ്പെടുത്തുക എന്നാൽ കുറെ കയ്ച്ചതിനോടുവിൽ അവളിൽ ജീവിതത്തിന്റെ മധുരം അറിഞ്ഞു തുടങ്ങി എന്നതാണ്...
ചെറുത്തുനിൽപ്പിന്റെ കൂടി ലോകത്തിലാണ് അവൾ ഉള്ളതെന്ന ബോധ്യം നിറയുമ്പോൾ ഒരുവൾ പിന്നെയും അവളെതന്നെ കൂടുതൽ ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ്.
മറ്റെന്തിനെക്കാളും നല്ലൊരു പ്രയോരിറ്റി അവൾ അവൾക്കു തന്നെ നൽകുമ്പോൾ സ്നേഹത്തിനായുള്ള അന്വേഷണങ്ങൾ പോലും കുറഞെന്നിരിക്കും... ചുരുങ്ങിയത് സ്നേഹം തേടി പോകലിൽ നിന്നും സ്വയം സ്നേഹിക്കാൻ തുടങ്ങും. സ്നേഹ നഷ്ടങ്ങളെയും കെട്ടുപാടുകളെയും ഒക്കെ ഒഴിവുകൾ വലിച്ചെറിയുന്നത് തന്നെ സ്വയം സ്വതന്ത്രമെന്ന് പ്രഖ്യാപിച്ചു തന്നെയാണ്.
ഒരുവൾ വിശാലയാകുമ്പോൾ അവളിൽ നിറയുന്ന സ്വതന്ത്രചിന്തകൾക്ക് തന്നെ അവളിൽ മാറ്റം ചെയ്യും... കാഴ്ചകൾ സ്വതന്ത്രമാകും,തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമാകും, അത്രമേൽ ഇഷ്ടപ്പെട്ടതിനോടുള്ള അഭിനിവേശവും, ആഗ്രഹവും, അടുപ്പവും, തീർത്തും സ്വതന്ത്രമാകും.
ഏതൊരു സ്ത്രീയിലും സ്വയമേയുള്ള പാകപ്പെടലുകൾക്ക് അസാധ്യ ഭംഗിയാണ്. അതായിരിക്കും അവളുടെ ചിന്തകളെ കൂടുതൽ ആകർഷണീയയാക്കുന്നതും, വാക്കുകളെ മനോഹരിയാക്കുന്നതും.
മുന്നോട്ടുള്ള യാത്രയിൽ ഒരു ഒരു കുഞ്ഞു ക്ഷതം പോലും ഏൽക്കാതിരിക്കാൻ അവൾ കൂടുതൽ ശ്രദ്ധാലുമാകുന്നു. അരക്ഷിതമായ എല്ലാത്തിൽ നിന്നും പക്വതയോടെ ഒഴിഞ്ഞുമാറുന്നു. മറ്റെല്ലാമുണ്ടെങ്കിലും
സ്വന്തം സ്ത്രീത്വത്തിന് എതിരാണെന്ന് മനസ്സിലായാൽ വാസസ്ഥലം പോലും തനിക്ക് അനുയോജ്യമല്ലെന്ന് ഒരുവൾക്ക്തിരിച്ചറിവ് ഉണ്ടാകുന്നു. പിന്നെയും മനസ്സറിഞ്ഞ് ചിരിക്കാൻ തക്കവണ്ണം പുതിയ ചിരികൾക്ക് ജന്മം കൊടുത്ത് ഒരുവൾ ഒരേ ജന്മത്തിൽ തന്നെ രണ്ടാമതും പുനർജനിക്കുന്നു... ജീവിതത്തെ അതിഥിയായിവരവേറ്റ്,
മനസ്സിലെ സാങ്കല്പിക ലോകത്തിലൂടെ യാത്രചെയ്ത്, ഇഷ്ടപ്പെട്ടവരോട് വാതോരാതെ സംസാരിച്ചു,
ഉറക്കത്തിൽ ഒക്കെയും ഇഷ്ടങ്ങളോടൊപ്പം ഉണർന്നിരുന്ന് താങ്കൾക്ക് ജീവിതത്തിലെ സന്തോഷം കൊണ്ട് ഓരോ ദിനവും ആഘോഷമായി മാറ്റുന്നു."
എപ്പോഴും നമ്മളെ കേട്ടിരിക്കാനും, കേൾക്കാൻ ആഗ്രഹിക്കുന്നതൊക്കെ പറയാനും, കുഞ്ഞു കുഞ്ഞു കുസൃതികൾ ആസ്വദിക്കാനും, നമ്മളെ കൊഞ്ചിക്കാനും, ചേർത്തു നിർത്താനും, കണ്ണ് നിറയുമ്പോൾ ഒന്ന് കണ്ണ് തുടയ്ക്കാനും, നമുക്ക് നമ്മളെ ഉള്ളൂ എന്ന സ്വബോധത്തിലേക്ക് സ്വയം എത്താൻ കഴിഞ്ഞാൽ ഇനി മറ്റൊന്നിനും നമ്മെ തോൽപ്പിക്കാൻ ആവില്ല.
പക്ഷെ....ഇപ്പോഴും ഇടയ്ക്ക് അസംബ്ലിക്ക് വന്നവരൊക്കെ വരി നിൽക്കാൻ നോക്കുമ്പോഴേക്കും,
ഒരു പെരുമഴയായി ഞാൻ എന്നിൽ തന്നെ പെയ്യും...
സ്വയം നിറയും...എന്നിട്ട്
എന്റെ നാല്
മക്കളിലേക്ക് ഒഴുകും.
നമ്മുടെയൊക്കെ ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന ഉൾക്കൊള്ളാൻ കഴിയാത്ത വേദനകളും, നിരാശകളും ആണ് പലപ്പോഴും വേറിട്ട്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഏതു പ്രതിസന്ധികളിലും ഓർക്കേണ്ടത് കാലം മായിക്കാത്ത മുറിവുകൾ ഇല്ല എന്ന സത്യം തന്നെയാണ്. മാറുന്ന കാലത്തിനൊപ്പം പൊരുത്തപ്പെട്ട് ജീവിക്കാനുള്ള കഴിവ് നമ്മൾക്ക് നൽകും.
നാം ജീവിക്കുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന തോന്നൽ നമുക്ക് തന്നെ ഉണ്ടാവണം. അതേസമയം ജീവനുള്ള ആളാണെന്ന് മറ്റുള്ളവർക്ക് തോന്നുകയും വേണം.
അതിന് ജീവിച്ചിരിക്കുന്നതിന്റെ ആനന്ദം, അഥവാ തേജസ്സ് നമ്മുടെ ചിന്തയിലും വാക്കിലും പ്രവർത്തിയിലും അലിയിച്ചു ചേർക്കണം. സ്വയം ശ്രമിച്ചാലേ അതെല്ലാം സാധ്യമാകൂ.
കഴിഞ്ഞ കുറേ വർഷങ്ങളായി എനിക്ക് അർഹതയില്ലെന്ന് കരുതി മാറ്റിവെച്ച പലതും എന്നിലേക്ക് ആകർഷിച്ചു കൊണ്ടുവന്നു തുടങ്ങി.
പ്രപഞ്ചം എനിക്ക് നൽകിയ എല്ലാ സൗഭാഗ്യങ്ങൾക്കും തീർത്തും നന്ദിയുള്ളവൾ.
ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും മികച്ച അധ്യായങ്ങളായി മാറ്റിയവൾ.
ഇനി വരാനിരിക്കുന്ന അധ്യായങ്ങളെല്ലാം പ്രപഞ്ചത്തിനായി വിട്ടു നൽകി പുഞ്ചിരിയോടെ സ്വീകരിക്കുന്നു.....
ഈ നിമിഷം....
ഞാൻ വീണ്ടും പുനർജീവിച്ചിരിക്കുന്നു,
.....ഇന്ന് മുതൽ.....
.... നല്ലൊരു നാളെക്കായി...
...ഇന്നലെയുടെ ഞാൻ....
ഒറ്റയ്ക്ക് ഒരു പെരുമഴയത്ത്.....
...ആ മഴയത്ത് അവൾ നിൽക്കുന്നത് ഞാനും നോക്കി നിന്നു.... ഇനിയും എത്രയോ പെരുമഴകൾ വരാനുണ്ടെന്ന് എനിക്കറിയാം.... അതിലുപരി അവൾക്കും.
No comments:
Post a Comment