Pages

Friday, January 3, 2020

10: വായന എന്ന സുകൃതം


 ആധുനിക യുഗത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ എല്ലാം തന്നെ രാധിയിലും ലഭ്യമാണ്. ഇന്റർനെറ്റ്, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയെല്ലാം ആവശ്യത്തിന്നല്ല, ആത്യാ വശ്യത്തിനുമാത്രം അവർ ഉപയോഗിക്കും. ആധുനികതയെ മാടി വിളിക്കാൻ വെഗ്രത കാണിക്കുന്ന നമ്മുടെ സമൂഹത്തിൽ ദോഷവശങ്ങൾ ആണല്ലോ എല്ലാവരും എടുത്തു കാണിക്കുന്നത്. എന്നാൽ അഡ്വാൻസ് ടെക്നോളജികൾ ഒരു കൈ അല്ല ഇരു കൈ അകലത്തിൽ നിർത്തി പൈതൃകത്തെ കൂടെ മുറുകെ പിടിക്കുന്നവരാണ് രാധി  ഗ്രാമക്കാർ..... വായന എന്ന സുകൃതം... ഇന്നും തളിരിട്ടു നിൽക്കുന്ന ഗ്രാമം. 

 ഒരു ഹൈസ്കൂൾ ലൈബ്രറി എന്നാൽ മൂന്നോ നാലോ ചില്ല്  അലമാരകളിൽ അടുക്കിവെച്ച പുസ്തകങ്ങൾ നിറഞ്ഞ ഒരു മുറി, ഏകദേശം പത്തു പേർക്ക് ഇരിക്കാവുന്ന മേശയും കസേരകളും,  ഇതാണല്ലോ ഇന്നും നമ്മുടെ നാട്ടിലെ സങ്കല്പം. എന്നാൽ രാധി സ്കൂളിലെ ലൈബ്രറി ഇരുനില കെട്ടിടം ആണ്. നമ്മുടെ നാട്ടിലെ ഇരുനില ഓഡിറ്റോറിയത്തിന്റെ അത്രയും വിശാലമായത്. 
 സ്കൂൾ കെട്ടിടങ്ങളിൽ നിന്നും അല്പം മാറി, ശാന്തമായ ഒരിടത്ത്, നാലുപുറവും വൃക്ഷ രാജാക്കന്മാരുടെ കുളിർമയിൽ, ഹരിതാഭമായ അന്തരീക്ഷത്തിൽ വായനയുടെ അനന്തതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരിടം. 

 പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞിറങ്ങിയ ഒരു ലൈബ്രേറിയന് മാത്രമേ ലൈബ്രറിയുടെ താക്കോൽ ഗവൺമെന്റ് നൽകുകയുള്ളൂ. സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാവർക്കും അയാളുടെ സാന്നിധ്യത്തിലല്ലാതെ പുസ്തകം എടുക്കാൻ പാടില്ല. നിയമങ്ങൾ കർശനം. പുസ്തകങ്ങൾ എടുത്തു കൊണ്ടു പോകുന്നവരും, റഫറൻസിനായി അവിടെ തന്നെ ഇരുന്നു നോക്കുന്നവരും സമയം അടക്കം എഴുതി ഒപ്പിട്ട് രജിസ്റ്ററുകൾ സൂക്ഷിക്കും. അധ്യയനവർഷത്തിന് അവസാനം വിശകലനം നടത്തുമ്പോൾ ക്രമക്കേട് സംഭവിച്ചാൽ മൂന്നിരട്ടിയാണ് പിഴ. അതിനാൽ തന്നെ ഒരു പിഞ്ചുകുഞ്ഞിനെ പോലെയാണ് അറിവിന്റെ ഖനി കൈകാര്യം ചെയ്യുക. 
 എഴുത്തുകാർക്ക് അതി പ്രാധാന്യം കൊടുത്തു, ഓരോ എഴുത്തുകാരന്റെയും ജീവിതചരിത്രം അടക്കമുള്ള വിവരണങ്ങൾ എഴുതി ഒട്ടിച്ചു, കഥ,  കവിത, രചനകൾ, ലേഖനം, നോവൽ, യാത്രാവിവരണം, ചരിത്രം, ശാസ്ത്രം അങ്ങനെയങ്ങനെ പല വിഭാഗങ്ങളായി തരം തിരിച്ച്, ഓരോ പ്രായം കുട്ടികൾക്കുള്ളതും എഴുതി തിട്ടപ്പെടുത്തി ക്രമീകരിച്ചിരിക്കുന്നു. വളരെ ചെറിയ ക്ലാസ് മുതൽ തന്നെ റഫറൻസിനായി ലൈബ്രറി ഉപയോഗിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുന്നു. പ്രാർത്ഥനയുടെ പരിപാവനതപോലെ തന്നെയാണ് വായനയുടെ ആഴവും അവരിൽ പ്രതിഫലിക്കുന്നത്. 

 ആഴ്ചയിലൊരു ദിവസം സമയക്രമം അനുസരിച്ച് ഓരോ ക്ലാസിലെ കുട്ടികളും, അധ്യാപകരും ഓരോ പുസ്തകം വീതം വായനക്കായി എടുത്ത്, വായിച്ച്, വിശകലനം ചെയ്തു, പുതിയ വാക്കുകളുടെ അർത്ഥം ശേഖരിച്ച്, അവ സംഭാഷണത്തിൽ ഉൾപ്പെടുത്തി, വായന കുറിപ്പ് തയ്യാറാക്കി ക്ലാസ് റെക്കോർഡിൽ വെക്കണം. 

ഒരുമിച്ച് എല്ലാ കുട്ടികളും ലൈബ്രറിയിൽ കയറി അലങ്കോലം ആക്കുന്ന രീതി അവിടെയില്ല. ഒരു ബുദ്ധമതക്ഷേത്രംപോലെ നിശബ്ദതയാണ് അവിടെ മുന്നിൽ നിൽക്കുക. 1 മുതൽ 12 വരെ ഒരേ സ്കൂളിൽ തന്നെ പഠിക്കുന്നവരാണ് മിക്ക കുട്ടികളും, അതിനാൽ തന്നെ എല്ലാ പുസ്തകവും ഒരുതവണയെങ്കിലും വായിക്കുവാനുള്ള അവസരം അവർ പാഴാക്കില്ല.

 ഓരോ ക്ലാസിലെയും പഠിക്കേണ്ട വിഷയങ്ങളുടെ അനുബന്ധമായി വരുന്നതും അറിഞ്ഞിരിക്കേണ്ടതുമായ പുസ്തകങ്ങൾ ക്ലാസ് അധ്യാപിക തിരഞ്ഞെടുത്തു ലൈബ്രേറിയന് ലിസ്റ്റ് കൊടുക്കണം. അവർ അത് അനുസരിച്ച് അത് കുട്ടികൾക്ക് കൊടുക്കുകയും, പുതിയ സ്റ്റോക്ക്  വേണമെങ്കിൽ വരുത്തുകയും വേണം. ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ എന്തെല്ലാം വായിച്ചിരിക്കണം എന്നത് അദ്ധ്യാപകർ തീരുമാനിക്കും. 

 ഒരു പ്രാർത്ഥനാലയം പോലെ വിശാലമായ പുസ്തകപ്പുര യുടെ മരപ്പലകയിൽ ചമ്രം പടിഞ്ഞിരുന്ന് ഒരിക്കലും കൈകൊണ്ട് തൊടാൻ പോലും ഭാഗ്യം ഉണ്ടാവില്ല എന്നുകരുതിയ വിശ്വവിഖ്യാത കൃതികൾ വായിക്കുമ്പോൾ ലക്ഷങ്ങളെകാൾ മൂല്യമുള്ള ഈ പുസ്തക ശേഖരം ഓരോ സ്കൂളിലെയും പുതുനാമ്പുകൾക്ക്  തളിർക്കാൻ ആയി സംഭാവന ചെയ്ത ഭൂട്ടാൻ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്നെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല....
 തിങ്കൾ മുതൽ വെള്ളിവരെ അഞ്ച് ദിവസങ്ങളിൽ നാലു മണിക്കൂർ വീതം ആകെ 20 മണിക്കൂർ മാത്രമേ ക്ലാസ് മുറിക്കകത്ത് പഠനം ഉള്ളൂ. പാഠപുസ്തക പഠനത്തെക്കാ ൾ മറ്റു മാനുഷികമൂല്യങ്ങൾ ഭൂട്ടാനികുട്ടികൾ വിദ്യാലയ അന്തരീക്ഷത്തിൽ നിന്നു തന്നെ സ്വയത്തമാക്കുന്നു. പ്രൗഢമായ ഒരു മതം അവർക്കുണ്ട്. മതപഠനം അവരെ പഠിപ്പിക്കുന്നത് മോഷ്ടിക്കരുത്, നുണപറയരുത്, ഉപദ്രവിക്കരുത്എന്നും,  തിന്മ യുള്ള ചിന്തകൾ, നന്മ യില്ലാത്ത ഹൃദയം, സഹായിക്കാത്ത ഹസ്തങ്ങൾ, നല്ലതിനെല്ലാതെ മുന്നോട്ടുവെക്കുന്ന പാദങ്ങൾ എന്നിവ വിഷമാണ് എന്നത്രേ....
 തുടരും.......
11: സംസ്കാര സമ്പന്നം...

No comments:

Post a Comment

വർഷങ്ങൾക്ക് ശേഷം...

@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖       𝕊𝕙𝕠𝕣𝕒𝕟𝕦𝕣...... അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്...