കീടനാശിനികൾക്കും നൂതന കൃഷി രീതികൾക്കും അവിടെ പ്രവേശനമില്ല. പ്രകൃതി
തരുന്നത് മാത്രം സ്വീകരിക്കുന്ന അപൂർവയിനം മനുഷ്യർ.
ചാറ്റൽമഴ ശക്തമായപ്പോൾ അസംബ്ലി ഗ്രൗണ്ടിൽ നിന്നും ക്ലാസ്സിലേക്ക് പോകുന്ന തിരക്കിനിടയിലും ഒന്നാംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി മഴയിൽ നനഞ്ഞു ഒലിച്ചുപോകുന്ന ഒരു കട്ടുറുമ്പിനെ ഇലയിൽ കോരിയെടുത്ത് രക്ഷപ്പെടുത്തിയ പ്രവർത്തി, സത്യത്തിൽ കണ്ണുതുറപ്പിച്ചു...
ഭൂട്ടാനിൽ കുട്ടികളുടെ ഗുരുവന്ദനം എടുത്തു പറയേണ്ട ഒരു രീതി തന്നെയാണ്.
ഏതൊരു അധ്യാപകനെയും, ഏതു സ്ഥലത്ത് വെച്ച് കണ്ടാലും, അത് ഏതൊരു നേരത്താണെങ്കിലും വലതുകൈ ഹൃദയത്തോടു ചേർത്തുപിടിച്ചു, കണ്ണുകൾ അടച്ച്, ഒരു ചെറുപുഞ്ചിരിയോടെ, തല കഴുത്ത് വരെ കുനിച്ചു, മുട്ടു വളയാതെ, മുതുകു വളച്ചു, വഴിമാറി ഒതുങ്ങി നിൽക്കും. അധ്യാപകർ നടന്നുനീങ്ങി കഴിഞ്ഞേ അവർ നടത്തം തുടരുകയുള്ളൂ.
ഒരു ദിവസം എന്റെ പ്രിയ വിദ്യാർഥിനി "പുർപ ദേമാ " എന്ന കുട്ടിയോട് എന്താണ് അധ്യാപകരെ വന്ദിക്കുന്ന നേരത്ത് നിങ്ങൾ മന്ത്രിക്കുന്നത് എന്ന് ചോദിച്ചു, അവളുടെ മറുപടി " ഈ പ്രകൃതിയിൽ അലിയാൻ എന്നെ അനുഗ്രഹിക്കണം ഗുരോ.... " എന്നായിരുന്നു. ഗുരു വന്ദനം എന്താണെന്നും എങ്ങിനെയാണെന്നും അനുഭവിച്ചറിഞ്ഞ ധന്യമുഹൂർത്തം........
മുതിർന്ന ഓഫീസർമാരും, മന്ത്രിസഭയിലുള്ളവരും പൊതുവേദികളിൽ ആഗതരാകുമ്പോൾ സ്ത്രീകളും പുരുഷന്മാരും വളരെ ബഹുമാനത്തോടെ വന്ദനം നടത്തുന്നത് സത്യത്തിൽ അത്ഭുതം ഉളവാക്കുന്ന ഒരു കാഴ്ചയാണ്. കൈത്തറിയിൽ നെയ്തെടുത്ത ക്രീം നിറത്തിൽ ഉള്ള ഒരു ഒരുഷാൾ, മേൽമുണ്ട് ആയി ഇട്ട് അതിന്റെ ഒരു അറ്റം ഇരുകയ്യിലും വിടർത്തി പിടിച്ച് തല കുമ്പിട്ടു വന്ദിക്കുന്ന രീതി
ബഹുമാനം ഉളവാക്കുന്നതു തന്നെ. ....... ഇവിടെയൊക്കെ അല്ലേ "ഡൌൺ ടു ഏർത് " എന്നൊക്കെ പ്രയോഗിക്കേണ്ടത്....
മാതാ പിതാ ഗുരു ദൈവം എന്നത് ഇവരിൽ നിന്നും ആവാഹിക്കണം... ഗുരുവന്ദനം ഹൃദയം കൊണ്ടു ചെയ്യുന്ന മനുഷ്യർ.......
12: രാധിയിലെ ജനജീവിതം....
No comments:
Post a Comment