വളരെ നേരത്തെ സൂര്യനുദിക്കുന്ന നാട്. ഏകദേശം നാലു മണിക്ക് തന്നെ വെളിച്ചം പരന്നിരിക്കും. ഇടയ്ക്കിടെ വന്നു മൂടുന്ന കോടമഞ്ഞിനെ ആരും ഗൗനിക്കാറില്ല.. ഏഴുമണിക്ക് തന്നെ കുട്ടികൾ സ്കൂളിൽ എത്തിയിരിക്കും. പല തട്ടുകളിലായി നിർമ്മിച്ച സ്കൂൾ കെട്ടിടം, എത്രമാത്രം വൃത്തിയായും ചിട്ടയായും ഒരു ക്ഷേത്രം പോലെ പരിപാലിക്കുന്നതിന് അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കുട്ടികൾ അക്ഷരംപ്രതി അനുസരിക്കുന്നു.. പ്രധാന അദ്ധ്യാപകനും, പത്തോളം അധ്യാപകരും കൂടാതെ ഒരു ക്ലർക്ക്, കുക്ക്, കെയർടേക്കർ( സെക്യൂരിറ്റി) ഇത്രയും സ്റ്റാഫ് മാത്രമേ രാധി സ്കൂളിൽ ഉള്ളു. ക്ലിനിംഗിന് സെർവന്റ്സ് എന്ന ഒരു വിഭാഗം ആ നാട്ടിൽ കാണാൻ കഴിഞ്ഞില്ല. എല്ലാവരും എല്ലാ പണികളും ചെയ്യും. എല്ലാ സർക്കാർ ഓഫീസികളിലും വിദ്യാലയങ്ങളിലും ഒരേ നിയമമാണ്... നിയമലംഘനം രാജ്യദ്രോഹം ആയി അവർ കരുതുന്നു. എന്തിനേറെ പറയുന്നു, ദിനപത്രങ്ങളിൽ വരുന്ന രാജാവിന്റെ ഫോട്ടോ പോലും ഭയ ഭക്തി ബഹുമാനത്തോടെ യാണ് നോക്കുക...
എല്ലാ സ്കൂളുകളിലും പൂന്തോട്ടം, മുറ്റം, ശുചി മുറികൾ എന്നിവ ദിവസവുംം കഴുകി, നനച്ചു, വെള്ളം നിറച്ചു വെക്കേണ്ടത്ത് ഹൈസ്കൂളിലെ കുട്ടികളാണ്. ക്ലാസ്സ് മുറികളും, ടീച്ചേർസ് ക്യാബിനും വൃത്തിയാക്കി വെക്കേണ്ടത് യുപി ക്ലാസ്സിലെ കുട്ടികൾ ആണ്. നിത്യവും രാവിലെ ഏഴു മണി മുതൽ എട്ടു മണി വരെ മഴയായാലും മഞ്ഞആയാലും ഓരോ ഗ്രൂപ്പിലെ കുട്ടിയും തനിക്കു കിട്ടിയ ഡ്യൂട്ടി ചെയ്യും. ഒരു അധ്യാപകന്റെ പോലും മേൽനോട്ടം ഇല്ലാതെ, ഒരു ബെല്ലിന്റെ പോലും അകമ്പടി ഇല്ലാതെ, പരാതിയോ, പരിഭവമോ പറയാതെതന്നെ ക്‌ളീനിംഗ് എന്ന മഹത്തായ കർത്തവ്യം കഴിഞ്ഞു, സ്കൂൾ റിഫ്രഷ് റൂമിൽ കയറി ദേഹശുദ്ധി വരുത്തി, സ്കൂൾ മെസ്സിൽ നിന്നും ഒരു കപ്പ് ബ്ലാക്ക് ടീ യും, തേന്മ എന്ന ചോള കത്തിന്റെ അവിലും കഴിച്ച് കൃത്യം 8 മണിക്ക് തന്നെ് അസംബ്ലി ഗ്രൗണ്ടിൽ നിശബ്ദരായി അറ്റൻഷൻ നിൽക്കണം.
നിത്യവും ഒരു മണിക്കൂർ നീളുന്ന ചടങ്ങു തന്നെയാണ് അസംബ്ലി. പ്രാർത്ഥനയും, പ്രസംഗങ്ങളും, ചിന്തകളും നിറഞ്ഞ, പ്രൗഢമായ ഒരു മീറ്റിംഗ്. മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ, പ്രിൻസിപ്പൽ പേരെടുത്തു വിളിക്കുന്ന വിദ്യാർത്ഥികളും അധ്യാപകരും ഗ്രൗണ്ടിൽ നിന്നും സ്റ്റേജിൽ കയറി അദ്ദേഹം പ്രതിപാദിക്കുന്ന വിഷയം ഏതുമാകട്ടെ അതിനെക്കുറിച്ച് ആ വ്യക്തിക്ക് അറിയാവുന്ന കാര്യങ്ങൾ നല്ല രീതിയിൽ ബഹുമാനത്തോടെ അവതരിപ്പിക്കണം. ഒരുതരം എക്സ്സ്റ്റംബർ സ്പീച് മോഡൽ. ചെറിയ പിഴവുകൾ ക്ഷമിക്കുകയും, വലിയ പിഴവുകൾക്ക് പരിഹാരം നിർദ്ദേശിക്കുകയും, അനുബന്ധമായുള്ള ചർച്ചകൾ അവിടെവെച്ചുതന്നെ നടത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാവരും സമകാലീന വിഷയങ്ങളെക്കുറിച്ചും മതപരമായ ക്രമങ്ങളെ പറ്റിയും ഓൾ ടൈം അലെർട് ആയിരിക്കും. സഭാകമ്പം എന്ന വാക്ക് വിദ്യാലയ അങ്കണത്തിൽ നിന്നു തന്നെ അപ്രത്യക്ഷമാകുന്ന രീതി.
പല വിദേശ രാജ്യങ്ങളും ഭൂട്ടാന് വിദ്യാഭ്യാസം സ്പോൺസർ ചെയ്തിട്ടുണ്ട്. ലണ്ടൻ പബ്ളിക്കേഷൻസിന്റെ പല പാഠപുസ്തകങ്ങളും അവർ പിന്തുടരുന്നു. ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, ലോക ചരിത്രം, എന്നീ വിഷയങ്ങൾക്ക് പുറമേ മാതൃഭാഷയായ സോങ്കയും പഠിക്കേണ്ടതുണ്ട്. ഹിന്ദിയോട് കുറച്ചൊക്കെ സാമ്യമുള്ള ഭാഷയാണ് സോങ്കാ . 9 മണി മുതൽ 1 മണി വരെയുള്ള നാലു മണിക്കൂർ മാത്രമാണ് പഠനസമയം. പക്ഷേ സ്കൂൾ സമയം നാലു മണി വരെയാണ്. ഉച്ച ഭക്ഷണ ശേഷമുള്ള സമയം അവർ ജീവിത പാഠങ്ങൾ പഠിക്കുവാനായി ചിലവഴിക്കുന്നു. ഹോംവർക്ക് എന്ന ഏർപ്പാടെ ഇല്ല. എല്ലാം ക്ലാസ് വർക്ക് ആണ്. പാഠപുസ്തകങ്ങൾ ആരുടേയും സ്വന്തമല്ല. സ്കൂൾ സമയം കഴിഞ്ഞാൽ പുസ്തകങ്ങളെല്ലാം ക്ലാസ് റൂമിൽ തന്നെ അടുക്കുംചിട്ടയുമായി ഒതുക്കി വെക്കണം. കുട്ടികൾക്ക് എഴുതുവാനുള്ള നോട്ട് പുസ്തകങ്ങളും പേനകളും എല്ലാം ക്ലാസ്സ് റൂമിൽ ഉണ്ടാകും. സ്വന്തമായി ഒരു ലെക്ചർ നോട്ട് മാത്രം ബാഗിൽ ഉണ്ടാകും. വീടുകളിൽ ചെന്ന് കുട്ടികൾ ഒന്നും പഠിക്കാറില്ല. കാരണം രാധി ഒരു കാർഷിക ഗ്രാമമാണ്ആയതിനാൽ വീടുകളിൽ കൃഷിപ്പണിക്ക് സഹായിക്കേണ്ട ചുമതല കൂടി ഇവിടുത്തെ കുട്ടികൾ ക്ക് ഉണ്ട്. പത്താം ക്ലാസിലെ ബോർഡ് എക്സാമിന് ഒരു മാസം മുൻപ് തന്നെ എല്ലാ കുട്ടികളും സ്കൂളിലേക്ക് താമസം മാറ്റും. അവസാന പരീക്ഷ കഴിഞ്ഞ് പിന്നെ വീട് എത്തുകയുള്ളൂ. റസിഡൻഷ്യൽ സ്കൂൾ വേണ്ടവർക്ക് അതിനുള്ള സൗകര്യവും ഓരോ ജില്ലയിലുമുണ്ട്. സുരക്ഷിതവും സമ്പന്നവുമായ ഒരു വിദ്യാഭ്യാസ കാലം ഭൂട്ടാനിലെ ഓരോ കുട്ടിക്കും രാജ്യത്ത് ലഭ്യമാണ്.
ഭാരമില്ലാത്ത സ്കൂൾ ബാഗുകളും, നേരമ്പോക്കുകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന മുഖവുമായി, പാട്ടും പാടി സ്കൂളിലേക്ക് വരുന്ന സന്തോഷമുള്ള കുട്ടികൾ. വൈകുന്നേരമായാൽ കയ്യും വീശി, വഴിയിൽ കാണുന്ന പൂക്കളോടും കിളികളോടും സംസാരിച്ചു, കാടും മേടും കടന്ന്, കുന്നിന് മുകളിലെ മര കൂടുകളിലേക്ക് കയറുമ്പോൾ അവരുടെ മനസ്സ് മഞ്ഞുപോലെ തണുത്തതും, മേഘം പോലെ മൃദുലവും ആയിരിക്കും.
സ്കൂളിൽ തന്നെയാണ് ഉച്ച ഭക്ഷണം. പച്ചരി വറ്റിച്ച് ചോറും, "എമദാസി" എന്ന പേരിൽ പൊട്ടറ്റോയും ക്യാപ്സിക്കവും ബട്ടർ ഇട്ട് വേവിച്ച് കറിയും. സാക് എന്ന സാലഡ് ഇല ആവി കയറ്റി വേവിച്ചതും ഉണ്ടാവും. എല്ലാ കറികൾക്കും ഒരേ രുചി, ഒരേ മണം. ഉപ്പ് ഒഴികെ യാതൊന്നും രുചി ക്കായി കൂട്ടുകയില്ല. യാതൊരു വിധത്തിലുള്ള മസാലകളും അവർ ഉപയോഗിക്കില്ല. അവയെല്ലാം യഥാർത്ഥ രുചിയും, ആരോഗ്യംവും നശിപ്പിക്കും എന്നു പറയും. സീസണനുസരിച്ച് പച്ചക്കറികൾക്ക് മാത്രം വ്യത്യാസം വരും. മധുരവും നേരിയതോതിൽ മാത്രമേ ഉപയോഗിക്കുകയുള്ളൂ. ചായയിലും കാപ്പിയിലും പാലിന്റെ മധുരം മാത്രം. ബിസ്ക്കറ്റിൽ പോലും മധുരം കുറച്ചു മാത്രം. ഭൂട്ടാനിലെ താമസത്തിനിടയിൽ ഒരാൾപോലും ഷുഗർ ആണ്, പ്രഷർ ആണ്, എന്ന് പല്ലവി പറയുന്നത് കേട്ടിട്ടില്ല.
ഉച്ചഭക്ഷണം കഴിഞ്ഞാൽ ഒരുമണിക്കൂറോളം മതപഠനം ആണ്. വേദഗ്രന്ഥം കെട്ടുകൾ എടുത്തുവച്ച ഉച്ചത്തിൽ മന്ത്രോച്ചാരണം നടത്തും. അതിനുശേഷം ഇരുട്ടുവോളും സ്കൂളിന്റെ തന്നെ കൃഷിസ്ഥലത്ത് കൃഷിപണിയാണ്.
8: കർഷകശ്രീകൾ ഇവരല്ലേ...