Pages

Wednesday, October 16, 2019

തുടരുന്നു... 6: ലക്ഷ്യസ്ഥാനം: രാധി...






റേഞ്ചോണിൽ നിന്ന് കൃത്യം അഞ്ചു കിലോമീറ്റർ യാത്ര ചെയ്താൽ രാധി എന്ന ഗ്രാമത്തിൽ എത്താം.. തട്ടുതട്ടായ  കൃഷി സ്ഥലങ്ങൾ, നെല്ല്, ചോളം, ഗോതമ്പ്, എന്നിവ വിളഞ്ഞു നിൽക്കുന്നു.. ഓറഞ്ചും മാതളവും നിറഞ്ഞ പഴത്തോട്ടംങ്ങൾ. "മിഥുൻ "എന്ന ഇനത്തിൽ പെട്ട വലിയ ഇനം പശുക്കൾ, യാക്ക് എന്ന ഹിമാലയൻ പശു, കുതിരകൾ, കഴുതകൾ, പന്നികൾ, പിന്നെ എണ്ണിയാൽ തീരാത്ത നായ കുട്ടികളും, പൂച്ച കുട്ടികളും. എവിടെ നോക്കിയാലും കോഴികൾ, താറാവുകൾ, പ്രാവുകൾ പിന്നെ പേരറിയാത്ത സുന്ദരി കുരുവികളും. രാധി ഗ്രാമം എത്തുന്നതിന് തൊട്ടുമൻപുള്ള മുളങ്കാട്ടിൽ പുള്ളി മാനുകളെ കാണാം. വലിയ ഒരു ചോലയുടെ കുറുകെയുള്ള പാലം കടന്നാൽ"രാധി മിഡിൽ സെക്കൻഡറി സ്കൂൾ" എന്ന കമാനാകൃതിയിലുള്ള വലിയ ബോർഡ് കാണാം... സൂര്യനസ്തമിച്ച ത്രിസന്ധ്യ നേരത്ത് ആണ് രാധിയിൽ എത്തുന്നത്.. രാവിനെ പുണരാൻ തുടങ്ങുന്ന രാധി യുടെ ശീതളിമയിൽ ഊഷ്മളമായ തുടക്കം. 
     ഭൂട്ടാനിലെ  ഗ്രാമങ്ങൾക്ക് എന്നല്ല ഹിമാലയൻ ഹിമ സാനുക്കളിലെ എല്ലാ താഴ്വര ഗ്രാമങ്ങൾക്കും ഒരേ മുഖച്ഛായ ആണ്. ( മനുഷ്യരുടെ മുഖച്ഛായ യും ഏതാണ്ട് ഒരുപോലെ തന്നെ തോന്നും, പ്രത്യേകിച്ചും ആ ഇടുങ്ങിയ കണ്ണുകൾ)രാധി ഗ്രാമം ഏകദേശം ഒരു കിലോമീറ്ററോളം ചുറ്റളവിൽ രണ്ടുമൂന്നു തട്ടിലായി കിടക്കുന്ന ഭൂപ്രദേശമാണ്.. സമുദ്രനിരപ്പിൽ നിന്ന് എത്രയോ ഉയരത്തിൽ..... വിരലിലെണ്ണാവുന്ന വളരെ കുറച്ചു വീടുകളെ രാധിയിൽ ഉള്ളു. കുറെ  കൃഷിസ്ഥലങ്ങളും,  ഭൂവുടമകളുടെ ഭവനങ്ങളും, വാടകയ്ക്ക് കൊടുക്കുന്ന കുറച്ചു വീടുകളും, ഒരു പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെന്റർ, ഒരു ഹോംസ്റ്റേ, ഒരു പഞ്ചായത്ത് ഹാൾ, എല്ലാറ്റിനും കേന്ദ്രബിന്ദുവായി രാധി മിഡിൽ  സെക്കൻഡറി സ്കൂളും, ഏർലി  ചൈൽഡ് കെയർ സെന്റർ അഥവാ ബാലവാടിയും, താഴെതട്ടിൽ ആയി സ്കൂൾ ക്വാർട്ടേഴ്സുകളും, ഏറ്റവും താഴെ തട്ടിൽ സ്കൂൾ ഗ്രൗണ്ട്, ഇതെല്ലാം അടങ്ങിയതാണ് രാധി ഗ്രാമം.. 


 നമ്മുടെെെ നാട്ടിലെ പൊങ്ങച്ച കോട്ടകൾ അല്ല  ഇവിടുത്തെ വീടുകൾ.  ഒന്നു രണ്ടു നിലകളിലായിി പണിത, മൂന്നുനാല് കുടുംബങ്ങൾക്ക് ഒരേസമയംം താമസിക്കാവുന്ന മര വീടുകൾ.ചുമരും,  നിലവും, മുകൾ തട്ടും എല്ലാം മരപ്പലക പാകിയവ. റൂഫിന് മുകളിലായി തകര ഷീറ്റ് വച്ചിരിക്കും.  എല്ലാ കാര്യങ്ങളിലും പാരമ്പര്യത്തെ   പിടിക്കുന്നവരാണ് ഭൂട്ടാനികൾ. വീടുകൾ പരമ്പരാഗതരീതിയിൽ   മരം കൊണ്ടു തന്നെ  തന്നെ പണിയണം എന്നതും, വീടിനകത്ത് കിഴക്ക് ഭാഗത്തു തന്നെ മര കൂടുകളിൽ കള്ളികളായി മ്യൂറൽ ചിത്രപണികളോട് കൂടിയ പൂജഏരിയ വേണം എന്നുള്ളതും അവർക്ക് നിർബന്ധമുള്ള കാര്യമാണ്‌.





ഹിമവൽ താഴ്വരയുടെ പശ്ചാത്തലത്തിൽ പൗരാണിക ഭാവമുള്ള ഇത്തരം ഭവനങ്ങൾ നിരന്നു നിരന്നുനിൽക്കുന്നത് തന്നെ പ്രൗഢമായ ഒരു കാഴ്ചയാണ്. മഞ്ഞും മഴയും കൊള്ളാതെ ഉറങ്ങുവാൻ മാത്രമാണ് അവർക്ക് വീടുകൾ. വീടിനകത്ത് പകൽ സമയം വാതിടച്ചിരിക്കുന്ന സ്വഭാവം അവർക്കില്ല. എപ്പോഴും തുറന്നു കിടക്കുന്ന ഉമ്മറവാതിൽ. ഒരു പൂമുഖവും, കിടപ്പുമുറിയുംം, പ്രാർത്ഥന ഏരിയയും, ചെറിയ ഒരു അടുക്കളയും ഇത്രയുമേ ഒരു ചെറിയ കുടുംബം ഉപയോഗിക്കൂ. വീടിന്റെ മറ്റു ഭാഗങ്ങൾ വേറെ  ഒന്നു രണ്ടുുകുടുംബങ്ങള്ക്കു കൂടി താമസിക്കാൻ നൽകും.. അത്തരത്തിലുള്ള ഒരു മര വീടിന് മുന്നിൽ കാർ നിർത്തുകയും, സാധനസാമഗ്രികൾ എല്ലാം അവിടെ കൂട്ടം കൂടി നിന്നിരുന്ന കുട്ടികൾ  എടുത്ത് അകത്ത് വെക്കുകയുംം ചെയ്തു. കൂടെ വന്നയാൾ   നാളെ കാണാം എന്നും, എന്താവശ്യമുണ്ടെങ്കിലും അയൽപക്കത്തു താമസിക്കുന്ന  മറ്റൊരു മലയാളി അധ്യാപകനോട് പറഞ്ഞാൽ മതി എന്നും പറഞ്ഞ് മുന്നിൽ കണ്ട് വഴിയിലൂടെ കാറോടിച്ചുപോയി. സ്കൂൾ അധ്യാപകർക്കുള്ള കോട്ടേഴ്സ്കളിൽ ഭൂട്ടാൻ അധ്യാപകർ തന്നെ വർഷങ്ങളായി താമസിക്കുന്നത് കാരണം, സ്കൂളിനു തൊട്ടടുത്തുള്ള മര വീട്ടിലാണ് താമസം ശരിയാക്കിയിരുന്നത്. ഇരുനില കെട്ടിടത്തിന്റെ മുകൾ നില ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്  . രാവേറെ ആയതുകൊണ്ടും യാത്രയുടെ ആലസ്യം കൊണ്ടും ഒരു മുറി മാത്രം വാസയോഗ്യം ആക്കി കിടന്നുറങ്ങി.......

 രാവിന്റെ  കരിമ്പടം അഴിച്ച് പുലരിയിലേക്ക് കണ്ണുതുറന്നപ്പോൾ കണ്ട കാഴ്ച ഒരു സ്വപ്നത്തേക്കാൾ മനോഹരമായിരുന്നു...... വാക്കുകളാൽ എഴുതി ഫലിപ്പിക്കാൻ കഴിയാത്ത നയന വിസ്മയ കാഴ്ച. മുകൾനലയിലെ പൂമുഖത്തു  നിന്നും നോക്കിയാൽ കാണുന്നത്, മാനം മുട്ടി നിൽക്കുന്ന ഹിമാലയ പർവത ശിഖരങ്ങളും, പുൽമേടുകളും, താഴ്വരകളും, ഇവയ്ക്ക് ഇടയിലൂടെ ഒഴുകുന്ന പാലരുവികളും, വളഞ്ഞു  പുളഞ്ഞു പോകുന്ന മലയോര പാതകളും പ്രകൃതിരമണീയ മുഹൂർത്തത്തിന്റെ മൂർത്തീഭാവം...

രാധിയിലെ ആദ്യ ദിനം.... പ്രഭാത ഭക്ഷണം തയ്യാറാക്കൽ ആയിരുന്നു ആദ്യകടമ്പ. നാട്ടിൽനിന്ന് കയ്യിൽ കരുതിയ അവിൽ ഉപ്പുമാവ് ആയി. അധികം ബുദ്ധിമുട്ടാതെ തന്നെ വെള്ളവും, വൈദ്യുതിയും, ഗ്യാസ് സിലിണ്ടറും എല്ലാം മണിക്കൂറുകൾക്കുള്ളിൽ സ്കൂൾ അധികൃതർ തന്നെ ശരിയാക്കി തന്നു.
 കൃത്യനിഷ്ഠ ഇവിടെ കണിശം ആണ്. ഒരാളും അത് പാലിക്കാതെ ഇരിക്കില്ല. സർക്കാർ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൃത്യനിഷ്ഠയും, ചിട്ടയും, ഓഫീസുകളുടെ ശുചിത്വവും അതിലുപരി പെരുമാറ്റ രീതിയും കണ്ടു പഠിക്കുക തന്നെ വേണം... അതിനാൽ തന്നെ കൃത്യം 8 മണിക്ക് സ്കൂൾ ഓഫീസിൽ റിപ്പോർട്ട് ചെയ്തു.... വിദ്യാലയവും, പരിസരവും, വിദ്യാർത്ഥികളും, സഹപ്രവർത്തകരും, എല്ലാം അപരിചിതത്വത്തി ന്റെ  കനപെട്ടിയിൽ കിടന്ന് അസ്വസ്ഥമായ ഏതാനും മിനിറ്റുകൾ.... ഒഫീഷ്യൽ ആയ രേഖകൾ എല്ലാം അടങ്ങിയ ഫയൽ കൈമാറിയാൽ നമുക്ക്  ജോലി തുടങ്ങാം.. ആ ചടങ്ങ് കഴിയുന്നതുവരെ ഒരു ചങ്കിടിപ്പ്... ഇത്രയും ദൂരം വന്നിട്ട് തടസ്സം വല്ലതും വന്നാൽ, തിരിച്ച് നാട്ടിൽ എത്താൻ ഇമ്മിണി വല്യ വഴി തന്നെയുണ്ടല്ലോ.... നമ്മുടെ നാട്ടിലെ സർക്കാർ ഓഫീസുകളിലെ പോലെ കൈവശമില്ലാത്ത എന്തെങ്കിലും രേഖകൾ ചോദിക്കുമോ എന്ന് ഭയപ്പെട്ടു.

 മനസ്സിൽ ആത്മവിശ്വാസവും മുഖത്ത് പുഞ്ചിരിയുംനിറച്ച് പ്രധാന അധ്യാപകന്റെ ക്യാബിനിലേക്കു കയറി. വലിയ വായിൽ  സുപ്രഭാതം പറഞ്ഞു സ്വാഗതമോതിയത് തലേദിവസം ടാക്സി ഡ്രൈവർ എന്നു കരുതിയ കുറുകിയ മനുഷ്യൻ ആണ്... അദ്ദേഹം രാധി സ്കൂളിലെ പ്രധാനാധ്യാപകനായ ഷ്‌റിങ് സംദൃപ്  സർ ആയിരുന്നു. (പഴയ മോഹൻലാൽ സിനിമകളിലെ ദാസനും വിജയനും പറ്റിയ അതേ അബദ്ധം) എന്നോർത്തു  സുപ്രഭാതം പറഞ്ഞു.. 

പൊതുവേ നിഷ്കളങ്കരും, ജാഡകളോ  പുറംമോടികളോ കാണിക്കാത്തവരാണ് ഭൂട്ടാനികൾ... സംസാരത്തിനിടയിൽ ഒരിക്കൽപോലും അദ്ദേഹം പ്രിൻസിപ്പൽ ആണ് എന്ന് പറഞ്ഞതായി ഓർക്കുന്നില്ല.. രാധിയിൽ നിന്നും നിങ്ങളെ കൊണ്ടുപോകാൻ വന്നതാണ് എന്നും, യാത്രാ ചെലവ് സ്കൂൾ കണക്കിൽ എഴുതാം എന്നേ പറഞ്ഞുള്ളൂ.. 
 സ്കൂളിന്കത്ത് കർക്കശക്കാരനായ ഒരു പ്രിൻസിപ്പലും, പുറത്ത് രസികനായ ഒരു സുഹൃത്തും ആയിരുന്നു അദ്ദേഹം... 

(pricipal -Tsring samdrup-ഷ്‌റിങ് സംദൃപ് )





സൗഹൃദപരമായ അന്തരീക്ഷത്തിൽ നിയമന നടപടികളെല്ലാം  പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു.... 
 ഒരു പുതിയ വ്യക്തി അത് വിദ്യാർത്ഥി ആയാലും അധ്യാപകൻ ആയാലും ആദ്യദിനത്തിൽ സ്കൂൾ അസംബ്ലിയിൽ തന്നെ സ്വയംപരിചയപ്പെടുത്തുകയും, മറ്റുള്ളവർക്ക്  ഹസ്തദാനം നൽകി പരിചയപ്പെടുകയും വേണം.. നമുക്ക് വേണ്ട എല്ലാ സഹായവും പരിഗണനയും എല്ലാവരും നൽകും.. നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ അഭിനന്ദിക്കുകയും തെറ്റുകൾ തിരുത്തി കാണിച്ച് ജോലിയിൽ സംതൃപ്തി നേടാൻ ഓരോ വ്യക്തിയും സഹകരിക്കും.. രാവിലെത്തെ അസംബ്ലിയും,  സ്റ്റാഫ് മീറ്റിംഗ്ഉം  കഴിഞ്ഞ് ഒരു യന്ത്രം പോലെ പ്രവർത്തിച്ച ഏതാനും മണിക്കൂറുകൾ.... അപരിചിതത്വത്തിന്റെയും ഭാഷയുടെയും , സംസ്കാരത്തിന്റെയും, വിഭിന്നമറമാഞ്ഞ് ഒരു സൗഹൃദവലയം തീർക്കാൻ, ഒരു രാവും പകലും മതിയായി . ഒരൊറ്റദിവസം കൊണ്ട് ആ കുഞ്ഞു ഗ്രാമം മുഴുവൻ പരിചിത മുഖം ആയി...


 തുടരും.......
 വിദ്യാലയം ഒരു ദേവാലയം....

No comments:

Post a Comment

ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......