Pages

Sunday, January 19, 2020

13:ജോൺലയും, ഡൂംസിയും.






രാധി ഗ്രാമത്തിന്റെ തെക്കേ ദിശയിൽ ഒരു കുഞ്ഞു താഴ്വരയുണ്ട്. ജോൺലെഗ്രാമം. മരപ്പണി കാരുടെ താവളമാണത്. അഗ്രഗണ്യരായ കൊത്തു പണിക്കാരാരാണ് ജോൺലെ ഗ്രാമക്കാർ. ജോൺലെ താഴ്‌വരയിലെ മരങ്ങൾ മരപ്പണിക്ക് വിശേഷപ്പെട്ടതാണ്. ചില അനുവദനീയ മേഖലയിൽനിന്ന് മാത്രമേ മരം മുറിക്കാൻ അനുവാദമുള്ളൂ. ആവശ്യം രേഖപ്പെടുത്തി പഞ്ചായത്തിൽ ബോധിപ്പിക്കണം. ഒരു മരം മുറിച്ചാൽ 10 മരം നടുന്നവരാണ് ഭൂട്ടാനികൾ. ജോണലക്കാർ കാടുകൾ തന്നെ വച്ചുപിടിപ്പിക്കുന്ന വരാണ്. ഭൂമിയേയും ജനങ്ങളെയും ഇത്രയും സംരക്ഷിക്കുന്ന മറ്റൊരു ഗ്രാമം ഭൂമിയിൽ ഉണ്ടാകുമോ എന്ന് സംശയം. 

എപ്പോഴും ഈർപ്പമുള്ള പ്രദേശമായതിനാൽ ഈ മേഖലയിൽ ധാരാളം പോഷക കൂണുകൾ കാണാം. ഇടിമിന്നലുകളുടെ രാജ്യം എന്നാണല്ലോ ഭൂട്ടാന്റെ  മറ്റൊരു പേര്. രാത്രിയിൽ ഇടിമിന്നിയാൽ ജോൺലയിലെ മണ്ണിനടിയിൽ ധാരാളം കൂൺകൾ പൊട്ടിമുളച്ചു പുലരുമ്പോഴേക്കും കുട നിവർത്തും. ഈ ഗ്രാമത്തിലെ കുട്ടികൾ സ്കൂളിലേക്ക് വരുന്ന വഴി ഇത്തരം പോഷകഗുണങ്ങൾ ശേഖരിച്ചു രാധിയിലെ കടകളിൽ വില്പനക്കെത്തിക്കും. കൂണു കളും ഉപ്പിട്ട് വേവിച്ച് ബട്ടറും ഇലകളും വിതറി സൂപ്പ്  ആക്കി കഴിക്കാനാണ് രാധിക്കാർ ക്കിഷ്ടം. ജോൺല ഗ്രാമത്തിനു ഒരു പത്തേക്കർ വിസ്തൃതി ഉള്ളൂ. അതുകഴിഞ്ഞാൽ വടക്ക് ദിശ മുഴുവനും മുളംകാട് ആണ്. ഗ്രാമത്തിലെ വീടുകളുടെ പൂമുഖം മുള കെട്ടി ഭംഗിയായിരിക്കും. മുളംതണ്ട് അവരുടെ പ്രധാന ഭക്ഷ്യ വിഭവമാണ്. മുളങ്കാടുകൾക്കിടയിലൂടെ നടക്കുമ്പോൾ മാത്രം കിട്ടുന്ന മർമര  ശബ്ദവും, പച്ചനിറത്തിന്റെ വിവിധഭാവങ്ങളും വിവരണാതീതമാണ് . ഈ വനങ്ങൾ ദൂരെ നിന്നു നോക്കിയാൽ കരിമ്പച്ച പുതപ്പു പോലെ തോന്നും.




 ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അശരണ കേന്ദ്രം അവിടെയുണ്ട്. നോക്കാൻ ആരും ഇല്ലാത്ത ഒരുപാട് അപ്പൂപ്പന്മാരും അമ്മൂമ്മമാരും അവിടെ താമസിക്കുന്നു. അവിടവിടെയായി ഒറ്റപ്പെട്ടു താമസിച്ചിരുന്ന ഓരോരുത്തരെ ഒരുമിച്ച് ഒരു വീട്ടിൽ ആക്കി, അവർക്ക് വേണ്ട ഭക്ഷണം, മരുന്ന്, ചികിത്സാ എല്ലാം ഗവൺമെന്റ് വക... ഒറ്റപ്പെടൽ തോന്നുന്ന ആർക്കും അവിടെ ചെന്ന് കൂട്ടത്തിൽ ചേരാം. സ്വന്തം വീടുപോലെ കഴിയാം. 


 രാധി ഗ്രാമത്തിന്റെ മുകൾ തട്ടിലേക്ക് പോകുന്തോറും ജനവാസം തീരെ കുറവാണ്. ഉയരം കൂടുന്നത് അനുസരിച്ച് ജനവാസം കുറഞ്ഞുവരുന്നു. ട്രെഷികം ജില്ലയിലെ ഉയരത്തിലുള്ള മറ്റൊരു ഗ്രാമമാണ് ഡൂംസി. സമുദ്രനിരപ്പിൽ നിന്നും 3500 ഓളം ഉയരത്തിലാണ് ഈ ഗ്രാമം. ഇതിനു മുകളിൽ അവസാന ഗ്രാമമായ "മെരക് ". അത് ഒരു ഒന്നൊന്നര സ്ഥലം തന്നെ. കണ്ടുതന്നെ അറിയണം.
 ഡൂംസിയുടെ  മുകളിൽ നിന്ന് നോക്കിയാൽ ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തികൾ കാണാം. 
 ഒരുപാട് വർഷങ്ങളായി ഡൂംസി  സ്കൂളിൽ ജോലിചെയ്യുന്ന മലയാളിയായ ഒരു മേഴ്സി ടീച്ചർ ഉണ്ട്. അവരോടൊത്ത് ചിലവഴിച്ച ഒരു ദിവസം ജീവിതത്തിലെ പല ചിന്തകളും മാറ്റിമറിച്ചവയാണ്. ഫുൾസ്ലീവും ഉം ഹൈനെക്കും, വച്ച് ചുരിദാർ ആണ് അവരുടെ ഡ്രസ്സ് കോഡ്. ഇതു മാത്രമേ അവരെ ഒരു കോട്ടയംകാരി ആയി തിരിച്ചറിയാൻ സാധിക്കൂ. തലമുടി ബോയ് കട്ട് ചെയ്ത് നന്നായി ചീകി വയ്ക്കും. ഏകദേശം ഒരു 50 വയസ്സ് തോന്നിക്കും. ചിന്തകൊണ്ടും, പ്രവർത്തി കൊണ്ടും, കർമ്മം കൊണ്ടും, ഭക്ഷണ രീതി കൊണ്ടും, ഒരു തനി ഭൂട്ടാനിയായി അവർ മാറിയിരിക്കുന്നു. ഒറ്റയ്ക്കുള്ള ഒരു ആത്മീയ ജീവിതമാണ് അവരുടേത്. അവർ ആ ജീവിതം വായന കൊണ്ടും, പ്രാർത്ഥന കൊണ്ടും, സാമൂഹ്യസേവനം കൊണ്ടും, അതിലുപരി അധ്യാപനത്തിലെ പവിത്രത കൊണ്ടും സമ്പന്നമാക്കിയി രിക്കുന്നു. വളരെ കുറച്ചു മാത്രമേ സംസാരിക്കൂ. അവരുടെ ജീവിത രീതിയും, ഭക്ഷണരീതിയും എല്ലാം ഡൂംസി ഗ്രാമവാസികളുടെ പോലെയാണ്. പർവ്വത മുകളിൽ സ്ഥിര താമസമാണ്. താഴ്വര ഗ്രാമങ്ങളിലേക്ക് ഒരു ട്രാൻസ്ഫറിനു പോലും ശ്രമിക്കാത്തത് എന്തേ എന്ന് ചോദിച്ചപ്പോൾ ജീവിതം ധന്യമാണ് എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു നേരത്തെ ചിരി മാത്രം മറുപടി. യേശുദേവനെ സ്തുതിച്ചു, കുരിശിന്റെ വഴിയും,  കൊന്തയും ജപിച്ച് ഹിമാലയത്തിൽ കഴിയുന്ന ഏകാകിനിയായ് സന്യാസിനി. 
 എങ്കിലും വർഷത്തിലൊരിക്കൽ കേരളത്തിലെത്തി ബന്ധുക്കളെയെ ല്ലാം കണ്ട് മടങ്ങുന്ന ഒരു പ്രത്യേക വ്യക്തിത്വം. രണ്ടു നാട്ടിലെയും നല്ലത് മാത്രമേ അവർ പറയൂ. ജീവിക്കുന്ന നന്മ നിറഞ്ഞ മറിയ ങ്ങൾ ഇവരൊക്കെ അല്ലേ. മേഴ്സി എന്ന പേരുപോലെ തന്നെ കരുണയുള്ള മുഖവും ദയയുള്ള മനസ്സും. ഇന്നും ഡൂംസിയിൽ  അവരുണ്ട്. 

 ഡൂംസി  സ്കൂളിൽതന്നെ ജോലിചെയ്യുന്ന കണ്ണൂരുകാരൻ ആയ മോഹനൻ സാറും കുടുംബവും  നാലഞ്ച് മാസത്തിലൊരിക്കൽ മലയിറങ്ങി ട്രാഷിഗാമിൽ പോകുമ്പോൾ രാധിയിൽ വരാറുണ്ട്. രാധി ഗ്രാമത്തെകാൾ സൗകര്യങ്ങൾ വളരെ കുറവാണ് ഡൂംസി ഗ്രാമത്തിൽ. ദൂരവും ഉയരവും തണുപ്പും കൂടുന്തോറും ജീവിതം കൂടുതൽ ലളിതമാകുന്ന രീതി. 
 ഒരിക്കൽ ദിശമാറി അരുണാചൽ പ്രദേശിൽ നിന്നും വന്ന ഹെലികോപ്റ്റർ ഡൂംസി കാടുകളിൽ വീണു. അതിൽ അരുണാചൽ മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഒരു പാട് ദിവസത്തെ അന്വേഷണ ഫലമായി ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ ഡൂംസി താഴ്വരയിൽ താവളമടിച്ചു തിരഞ്ഞതും, ഹെലികോപ്റ്റർന്റെ  അവശിഷ്ടങ്ങൾ കിട്ടിയതും ഇന്നലത്തെ പോലെ ഓർമ്മയുണ്ട്. അക്കൂട്ടത്തിലെ മലയാളി സൈനികൻ ഡൂംസി യിലും മലയാളികളെ കണ്ട് അത്ഭുതപ്പെട്ടത്രേ. 
 
 ഒരുതവണ മോഹനൻ സാറും ശ്രീജ ചേച്ചിയും മലയിറങ്ങി വന്നപ്പോൾ, അവരുടെ മക്കൾക്കായി വില്ലേജ് റൈസ് കൊണ്ടു ഇഡ്ഡലിയും പൊടി സാമ്പാറും, 
ഉച്ചയൂണിന് അതേ വില്ലേജ് റൈസ് കൊണ്ട് മലബാറി നെയ്ച്ചോറും, സോയാബീൻ ഫ്രൈയും നൽകിയപ്പോൾ നമ്മുടെ നാട്ടിലെ ഭക്ഷണ കൂട്ടുകളുടെ രുചി ലോകത്തെവിടെയും ലഭിക്കില്ല എന്ന് അവർ പറഞ്ഞു. നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന ഏതൊരു മലയാളിക്കും പ്രത്യേകിച്ച് ഗൃഹാതുരത കൂടുതലുള്ളവർക്ക് നഷ്ടമാകുന്നത് നാവിന്റെ രുചി തന്നെ എന്നതിന് സംശയമില്ല.  
 പല നിറത്തിലും വലിപ്പത്തിലുമുള്ള ഡാലിയ പൂക്കളും, വലിപ്പമേറിയ റോസാപ്പൂക്കളും ഡൂംസിൽ ധാരാളമുണ്ട്. പച്ചക്കറികളുടെ വൈവിധ്യമാർന്ന ഇനങ്ങൾ, പഴങ്ങളുടെ ഗുണ സമ്പൂർണ്ണത, ഹിമാലയ ചോലയിൽ നിന്നുള്ള ശുദ്ധജലം എല്ലാംകൊണ്ടും കുളിരുള്ള ഒരു യാത്രയാണ്  ഡൂംസി സമ്മാനിക്കുക.

 തുടരും: 14:   അൽഭുതങ്ങളുടെ "മെരക് "
 

Saturday, January 18, 2020

തുടരുന്നു.. 12: രാധിയിലെ ജനജീവിതം





 രാധി എന്ന  ഗ്രാമത്തിന്റെ തലസ്ഥാനം, രാധി മിഡിൽ സെക്കൻഡറി സ്കൂളും, അതിനെ ചുറ്റിപ്പറ്റിയുള്ള നിയമങ്ങളുമാണ്. ഗ്രാമത്തിലെ ദിനചര്യകൾ പോലും സ്കൂൾ സമയത്തിനനുസരിച്ച് ക്രമീകരിച്ചവ. രാധിയിലെ ഒരു വീടും താഴിട്ടുപൂട്ടി കണ്ടിട്ടില്ല. വാതിലുകളും ജനലുകളും ആരും കൊട്ടിയടക്കാറില്ല. ഒരു വീടിന് പോലും മതിലുകളും വേലിക്കെട്ടുകളും കണ്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്കും, കൃഷിഭൂമി ഇല്ലാത്തവർക്കും വിശാലമായ മല വെട്ടിയൊതുക്കി സ്വന്തമാക്കാൻ അധികാരമുണ്ട്. പക്ഷേ എല്ലാറ്റിനും ഒരു പരിധിയും, കർശനമായ നിയമവും ഉണ്ട്. പരിസ്ഥിതി നിയമങ്ങൾ എഴുതി വയ്ക്കാതെ തന്നെ എല്ലാവരും പാലിക്കുന്നു. 


 ശനിയും ഞായറും ഭൂട്ടാനി കൾക്ക് വിനോദത്തിന്റെയും, വൃത്തിയാക്കലിന്റെയും  ദിനങ്ങളാണ്. വീടുകൾ വൃത്തിയാക്കലും പൂജകളും ശനിയാഴ്ചകളിൽ പതിവാണ്. ഈ ദിവസങ്ങളിലെ പതിവുകാഴ്ചകൾ നല്ല രസം ഉള്ളവയാണ്. എല്ലാ വീടിനു മുന്നിലും ബ്ലാന്കെറ്റ്കളും, ക്യുഎൻലിറ്റികളും, സ്വെറ്ററുകളും എന്നു വേണ്ട കുക്കിംഗ് പോട്ടുകളും, പാത്രങ്ങളും വരെ കഴുകി ഉണക്കുന്നത് കാണാം. കട്ടി പുതപ്പിന്റെ  കനമുള്ള ഗോകളും, കിറകളും കഴുകി ഉണക്കുന്നത് അന്നുതന്നെ. 
 നമ്മുടെ നാട്ടിലെ പോലെ നിത്യവും രാവിലെ കുളിച്ചു കുറി തൊട്ട്, തുണിയെല്ലാം നനച്ച് കഴുകി, ജോലി കഴിഞ്ഞു വന്ന് വീണ്ടും കുളിക്കുന്ന ശീലം ഒന്നും അവടെ നടക്കില്ല. തണുപ്പ് തന്നെ കാരണം. മൂന്ന് ദിവസം ഒരേ വസ്ത്രം ധരിച്ചാലും മുഷിവ് തോന്നുകയില്ല. കുട്ടികളെ ന്നല്ല, മുതിർന്നവരും, ആഴ്ചയിലൊരിക്കലെ വിശദമായി കുളിക്കുക യുള്ളൂ. അത് ഒരു ഒന്നൊന്നര കുളി തന്നെ. പുറത്ത് അടുപ്പുകൂട്ടി, വലിയ ഒരു ചെരുവത്തിൽ വെള്ളം ചൂടാക്കി, വിശാലമായി കുളിച്ചു,  പലതരം സൗന്ദര്യക്കൂട്ടുകൾ പുരട്ടി, സുഗന്ധ ലേപനങ്ങൾ പൂശി, ഉച്ചഭക്ഷണവും കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങും. ശനിയാഴ്ച ഉച്ചമുതൽ, ഞായറാഴ്ച രാവേറും  വരെ കളിചിരികളുടെയും വിനോദങ്ങളുടെയും തിരക്കുകൾ കേൾക്കാം... 



 തലമുടിയിൽ പരീക്ഷണം നടത്താൻകേമന്മാർആണ് ഭൂട്ടാനിലെ പുതിയ തലമുറ. പലതരം  മുടിവെട്ടാണ് ഓരോ  തവണയും പരീക്ഷിക്കുക. മുടിവെട്ടാൻ ബാർബർഷോപ്പ് എന്ന രീതി ഭൂട്ടാനിലെ ഗ്രാമങ്ങളിൽ ഒന്നുമില്ല. എല്ലാവരും പരസ്പരം മുടി വെട്ടും. ചെറിയ കുട്ടികളുടെ മുടി രക്ഷിതാക്കൾ വെട്ടും. കുറച്ചു വലുതായാൽ സുഹൃത്തുക്കൾക്കാണ് ഇതിനുള്ള അധികാരം. ഇന്ത്യയിൽ നിന്ന് വന്ന അധ്യാപ കർക്ക് ഇതൊന്നും  ശീലം ഇല്ലാത്ത   തിനാൽ മുടി വെട്ടൽ ഒരു ചടങ്ങു തന്നെയാണ്. സഹപ്രവർത്തകരോട് പറയാനുള്ള മടി കാരണം, വലിയ ക്ലാസ്സുകളിലെ കുട്ടികളിൽ, മിടുക്കനായ മുടി വെട്ടുകാരനെ മുൻകൂട്ടി  ബുക്ക് ചെയ്യും. അവനാണെങ്കിൽ അത് വലിയ ഒരു അംഗീകാരമാ    യി, നാലാളോട് പറഞ്ഞു, സഹായത്തിനു ഒരു കൂട്ടുകാരെനെയും കൂട്ടി, നേരം വെളുക്കുമ്പോഴേക്കും ഹാജരാകും. മു  ടി  ചീകുന്ന ലാഘവത്തിൽ മുടി വെട്ടും കഴിഞ്ഞു പുഞ്ചിരിച്ചു നിൽക്കും. നന്ദി സൂചകമായി പണം എന്തെങ്കിലും നൽകിയാൽ വാങ്ങിക്കാതെ ഒരു കപ്പ് ചായ മാത്രം വാങ്ങി കുടിച്ചു സ്‌ഥലം വിടും. എന്നിട്ട് ക്ലാസ്സിലെ കുട്ടികളോട് പറയും... സാറിന്റെ ഹെയർ സ്റ്റൈൽ എങ്ങനെയുണ്ട്, ഞാനാണ് സ്ഥിരംം ഹെയർ സ്റ്റൈലിസ്റ്റ്് എന്നൊക്കെ്. അവർക്ക്  അ  തൊക്കെ വലിയ അംഗീകാരമാണ്.  അധ്യാപകരുടെ കൈയും, കാലും, തരം കിട്ടിയാൽ തലയും  വെട്ടുന്ന  നമ്മു ടെ  നാടിന്റെ അവസ്ഥയിൽ, അധ്യാപകരുടെ തലമുടി വെട്ടി കൊടുക്കുന്ന കുട്ടികൾ എനിക്കത്ഭുതമായി. 

മിക്ക ശനിയാഴ്ച കളിലും ഗൃഹനാഥൻമാർ 
ഒത്തു കൂടി പഞ്ചായത്ത്‌ഹൌസിൽ നാട്ടുകൂട്ടം.  ഇതിനകത്താണ്ഗൗരവമുള്ള എന്തെങ്കിലും  ഉണ്ടെങ്കിൽ  ചർച്ചക്കിടുക  . 


ശനിയാഴ്ചകളിൽ രാവിലെ തന്നെ ഏതെങ്കിലും ഒരു വണ്ടി ജില്ലാ ആസ്ഥാനമായ ട്രാഷിഗാമിലേക്കു  പുറപ്പെടും.ഓഫീ സ് കാര്യങ്ങൾക്കോ, ആശുപത്രിയിൽ പോകേണ്ട വർ   ക്കോ,  സാധന സാമഗ്രികൾ  വാങ്ങിക്കേണ്ട വർക്കോ അതിൽ കയറാം . ഒരു പരിധി വരെ ആളുകളെ കുത്തി കയറ്റി പോകുന്ന ശനിയാഴ്ച വണ്ടി നല്ല ഒരു  ആശ്വാസമാണ്.. ജില്ലാ ആസ്ഥാനത്തെ മാർക്കറ്റുകൾ ശനിയും ഞായറും സജീവമാണ്. അതിനാൽ തന്നെ അവിടെയുള്ള മിക്ക ഇന്ത്യക്കാരെയും അവധി ദിവസങ്ങളിൽ  ട്രെഷികം ചന്തയിലും, റെസ്റ്റാറാന്റെലും, ബുദ്ധ അമ്പലങ്ങളിലും കാണാം  ഇന്ത്യക്കാരെ കാണുന്നതിനും, കൊച്ചുവർത്തമാനം പറയുന്നതിനു വേണ്ടി  മലയിറങ്ങി പോയ എത്രയോ ശനിയാഴ്ചകൾ.  
    ഇരുപതും, മുപ്പതും വർഷങ്ങളായി രാധി എന്ന ഇട്ടാവട്ടത്തിൽ കഴിയുന്ന ജനങ്ങൾ ഉണ്ട്. ഉടുക്കാനുള്ള വസ്ത്രവും, കഴിക്കുവാനുള്ള ഭക്ഷ്യവിഭവങ്ങളും സ്വയം ഉണ്ടാക്കുന്ന അവർ അതിൽ സന്തുഷ്ടരാണ്.

 സ്ത്രീകൾ പലഹാരം പണികളും, നെയ്ത്തിന്ങ്ങളുടെ കച്ചവടവും, എല്ലാം ചെയ്യുന്നത് വാരാന്ത്യത്തിൽ ഏതെങ്കിലുമൊരു അങ്കണത്തിൽ ഒത്തുകൂടി ആവും. ജില്ലാ ആസ്ഥാനത്ത് പോയവരും ഉച്ചയോടുകൂടി തിരിച്ചെത്തും. ഉച്ചഭക്ഷണം കഴിഞ്ഞാൽ നാട്ടുകാരും, അധ്യാപകരും, കുട്ടികളും പല പല വിഭാഗങ്ങളായി പലതരം കളികളിൽ ഏർപ്പെടും.ഭൂട്ടാനി കളുടെ പ്രധാന വിനോദം "കുറു  മാച്ച് "ആണ് . ചെറിയ അമ്പുകൾ ലക്ഷ്യസ്ഥാനത്തേക്ക് എയ്ത് പോയിന്റ് കൾ നേടുന്ന കളി. എത്രനേരം കളിച്ചാലും ഒരു ഭൂട്ടാൻ നിക്കും മടുക്കാത്ത ദേശീയ വിനോദം.

 ട്രക്കിങ് എന്നും പറഞ്ഞു കാടും മലയും കയറുന്നത് ഭൂട്ടാനിലെ കൗമാരക്കാരു   ടെ പ്രധാന സമയം പോക്ക് ആണ്.  
 ഭൂട്ടാനികൾക്ക് ഇതെല്ലാം ഒരു ശീലമാണ്.. എത്ര നടന്നാലും തളരാത്ത വരാണ് ഇവർ.. 

 ശനിയാഴ്ച രാത്രികളിൽ ഗ്രാമത്തിലെ ഏതെങ്കിലും ഒരു വീട്ടിൽ പൂജകൾ നടക്കും. അതിനായി മലയിറങ്ങി വരുന്ന ലാമ സന്യാസികൾ ധാരാളമുണ്ട്. പ്രേതം ഭൂതാ ദി കളെയും, ദുഷ്ട ആത്മാക്കളെയും, അവർ ഇന്നും വിശ്വസിക്കുന്നു. ദേഹത്ത് ഒരു ചൊറി വന്നാൽ പോലും പിശാചിന്റെ കോപം ആണെന്ന് കരുതി പൂജ ചെയ്യും.. നമ്മുടെ നാട്ടിലെ പോലെ ചിലവേറിയ തൊന്നുമല്ല ഇവിടുത്തെ പൂജകൾ. കാരണവന്മാർക്ക് കള്ളും തവിടും കൊടുക്കുന്ന പോലെ," അറ  "എന്ന ലഹരി പാനീയവും, കുറച്ച് ഉണക്ക മാംസവും നേദി ച്ചാൽ മതി. നേദിച്ച ഭക്ഷണം ലാമമാർ കഴിച്ച് ദോഷം എല്ലാം പ റന്നു പോയെന്ന് വിശ്വസിക്കാൻ ആണ് അവർക്കിഷ്ടം.


 ഞായറാഴ്ചകളിൽ അപൂർവ്വം ചില കച്ചവടക്കാരും, ടൂറിസ്റ്റുകളും വന്നാൽ അതിന്റെ ഓളം രാധിക ഗ്രാമം മുഴുവനും അറിയാം. എല്ലാദിവസവും എല്ലാവർക്കും എല്ലാവരെയും കാണണം. എന്തെങ്കിലും അസുഖം കാരണം പുറത്തിറങ്ങാതിരുന്നാൽ എല്ലാവരും അന്വേഷിചെത്തും. മലയാളി അധ്യാപകരോട് അവർക്ക് പ്രത്യേക സ്നേഹം ആണ്. വിദ്യാർത്ഥികളുടെ വീടിനു മുന്നിലൂടെ നടന്നു പോകുമ്പോൾ, കൈപിടിച്ച് അകത്ത് കയറ്റി ഒരു കപ്പ് ചായ കുടിപ്പിച്ചെ വിടൂ.. ഇപ്പോൾ വരുന്നില്ല പിന്നെ വരാം എന്നു പറഞ്ഞാൽ പരിഭവം കാണിക്കും

 ഒഴിവു നേരങ്ങളിൽ നെയ്‌തി നു പുറമേ പലതരം കമ്പിളി നൂൽ വേലകൾ ചെയ്യുന്നത് ഭൂട്ടാനി 
 എന്തെങ്കിലും ചെറിയ തമാശകൾ കേട്ടാൽ പോലും പൊട്ടിച്ചിരിക്കുന്ന വരാണ് ഇവിടത്തെ ആളുകൾ. അതിനാൽ തന്നെ ചിരിച്ച് ചിരിച്ച് അവരുടെ കവിളുകൾ ചുവന്നുതുടുത്തുരിക്കും.
 ആഭരണങ്ങൾ ഒന്നും അവർ ഉപയോഗിക്കാറില്ല. സ്വർണ്ണവും വെള്ളിയും അവർ കണ്ടിട്ടേയില്ല. പുതുതലമുറ മാത്രം ഇപ്പോൾ കാതുകുത്താൻ തുടങ്ങുന്നു. സമയം അറിയാൻ ഒരു വാച്ചു പോലും കെട്ടുന്ന ശീലം അവർക്കില്ല. 

നമ്മുടെ നാട്ടിലെ പോലെ പരാതിയും പരിഭവവും പറഞ്ഞ, വിയർത്ത് കുളിച്ച് ക്ഷീണിച്ച, സ്വന്തം കാര്യം പോലും നോക്കാതെ,  നിന്ന് തിരിയാൻ പോലും നേരമില്ലാത്ത സ്ത്രീകൾ അവിടെയില്ല. എപ്പോഴും സന്തോഷം ഉള്ളവരാണ് ഭൂട്ടാനി ലെ ജനങ്ങൾ മുഴുവനും. ഗ്രാമങ്ങളിൽ അതൊരു ഇത്തിരി കൂടുതലുമാണ്. വിഭവങ്ങളും ആചാരങ്ങളും കുറവായതിനാൽ വീട്ടുജോലികളും കുറവാണ്. തണുപ്പ് രാജ്യം ആയതിനാൽ ചൂടുള്ള ഭക്ഷണം മാത്രമേ അവർ കഴിക്കൂ. വിശക്കാൻ തുടങ്ങുമ്പോൾ മാത്രമേ അരി ഇടൂ. ഇലക്ട്രിക് കുക്കറിൽ അരി വേവാൻ 10 മിനിറ്റും, ഇലക്ട്രിക് ചീനച്ചട്ടിയിൽ കറി യാവാൻ 5 മിനിറ്റ്. 15 മിനിറ്റ് കൊണ്ട് ഭക്ഷണം റെഡി. ഭക്ഷണമുണ്ടാക്കലും വിളമ്പൽ ഉം പാത്രം കഴുകലും എല്ലാം ആണും പെണ്ണും ഒരുമിച്ചാണ് ചെയ്യുക.
 വൈകുന്നേരങ്ങളിൽ പച്ചവിരിച്ച പുൽത്തകിടിയിൽ കൂട്ടമായിരുന്നു തമാശകൾ പറഞ്ഞ്് പൊട്ടിച്ചിരിക്കുന്ന ഭൂട്ടാനി  പെണ്ണുങ്ങളോട് സത്യത്തിൽ അസൂയ തോന്നും. എത്ര മനസ്സുതുറന്നാണ് അവർ ഇടപഴകുന്നത്. നമ്മളെ അവരിലൊരാളായി കരുതും. കൂട്ടുകൂടാൻ ചെന്നില്ലെങ്കിിൽ അവർക്ക്് വിഷമം  ആകും.

 താഴ്വര പട്ടണത്തിലോ, ദൂരെയുള്ള തലസ്ഥാന നഗരത്തിലോ, പോയി തിരിച്ചു വരുന്നവർക്ക് ഗംഭീരസ്വീ കരണമാണ്. വരുന്നയാൾ എല്ലാവർക്കുമായി എന്തെങ്കിലുമൊക്കെ കരുതിയിരിക്കും.  "ബോർ അടിക്കുക "എന്ന വാക്ക് ഒരു ഭുട്ടാ നിയും ഒരിക്കൽപോലും പറയുന്നതായി കേട്ടില്ല. എപ്പോഴും പുഞ്ചിരിച്ചു, സമാധാനത്തോടെ, യാതൊന്നിനെ കുറിച്ചും ആകാംക്ഷ ഇല്ലാതെ, ഉൽക്കണ്ഠ പെടാതെ ഹരിത ഭൂമിയിൽ ഹരിതാഭരായി ജീവിക്കുന്നവരാണ് രാധി യിലെ മുഖങ്ങൾ എല്ലാം.
 

തിരികെ.....

പുലരുവോളം പെയ്ത മഴയിൽ മണ്ണും മനസ്സും നനഞ്ഞു കുതിർന്നിരിക്കുകയാണ്....  ഈ വേനലിൽ അവസാന ചുട്ടുപൊള്ളലും കഴിഞ്ഞെന്നു തോന്നുന്നു...നല്ല കാറ്റും ഇട...