Pages

Wednesday, July 8, 2020

തുടരുന്നു... 26) ആഘോഷങ്ങൾ ആചാരങ്ങൾ

 ജനനവും മരണവും വിവാഹവും ഒന്നും ആഘോഷിക്കുന്നവരല്ല
രാധിക്കാർ. എല്ലാം പൂജകളിൽ ഒതുക്കും. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ഉത്സവം എന്നത് നാടുഭരിക്കുന്ന രാജാവിന്റെ പിറന്നാളാണ്. രാജാവിന്റെ പിറന്നാൾ ദിനം പൊതു അവധിയാണ്. അതിനും ഒരു മാസം മുന്നേ തുടങ്ങും ഒരുക്കങ്ങൾ. ചർച്ചകൾ നടത്തി, കമ്മിറ്റികൾ രൂപീകരിച്ച്, വിപുലമായ ആഘോഷ പരിപാടികൾ ആണ്. ഗംഭീര പൂജയും, വിഭവസമൃദ്ധമായ വിരുന്നും, പാട്ടും,  നൃത്തവും കളികളും എല്ലാമായി ഒരു രാവും പകലും നീളുന്ന ആഘോഷം. 


 വലിപ്പച്ചെറുപ്പമില്ലാതെ ഗ്രാമം മുഴുവൻ ഒരുമിക്കും. രാധിയിലെ സ്കൂൾ മൈതാനമാണ് വേദി. തലേദിവസം തന്നെ അലങ്കാരപ്പണികൾ തുടങ്ങും. എല്ലാ വീടുകളും കെട്ടിടങ്ങളും വൃത്തിയാക്കി തോരണം തൂക്കി, പൂക്കളും,  ഇലകളും,  ഫലങ്ങളും കൊണ്ട് അലങ്കരിക്കും. ഗ്രാമത്തിലെ എല്ലാവർക്കും അന്ന് സ്കൂളിലാണ് ഭക്ഷണം. 


 അതിരാവിലെ തുടങ്ങും ചടങ്ങുകൾ. പൂക്കളും  വിളക്കുകളും കൊണ്ട് അലങ്കരിച്ച രാജാവിന്റെ യും രാജ കുടുംബത്തിന്റെയും  ചിത്രം മന്ത്രോച്ചാരണങ്ങളോടെ പൂജ ചെയ്യും. ഒരു മണിക്കൂറോളം നീണ്ട പൂജ കഴിഞ്ഞ് എല്ലാവരും പരസ്പരം ആശംസകൾ നേരും. എന്തെന്ന് അറിയുമോ? " നമ്മുടെ സ്നേഹസമ്പന്നനായ മജസ്റ്റി നീണാൾ വാഴട്ടെ"
 പിന്നീടങ്ങോട്ട് ആഘോഷങ്ങളുടെ മേളമാണ്. കൊട്ടും, കുഴൽ വിളിയും, മേളവും ഒക്കെയായി പ്രാകൃതമായ എന്തെക്കൊയോ  ചടങ്ങുകൾ.
അതിനുശേഷം ഭക്ഷണത്തിനുള്ള ഒരുക്കങ്ങളായി. സ്ത്രീകളുടെ ജോലി പച്ചക്കറികളും ഇലകളും  എല്ലാം കഴുകി വൃത്തിയാക്കി ഒരുക്കി കൊടുക്കുന്നതാണ്. 
ഓരോ  
വീട്ടമ്മയും അവരവരുടെ കുടുംബത്തിന് ഭക്ഷണം കഴിക്കുവാനുള്ള എണ്ണം പ്ലേറ്റുകളും, ബൗളുകളും, ഗ്ലാസുകളും  എല്ലാം കൊണ്ടുവരും. എന്നിട്ട് എല്ലാവരുടെയും ഒരുമിച്ച് വയ്ക്കും. പല നിറത്തിലുള്ള പത്രങ്ങളാണ്  അവർ ഉപയോഗിക്കുക. അതിനാൽ ആവശ്യം കഴിഞ്ഞാൽ അവരവരുടെ എടുത്തു കൊണ്ടു പോകുവാൻ എളുപ്പമാണ്. ഇനി അഥവാ മാറി പോയാലും ഉറക്കെ ഒന്ന് ചിരിച്ച് കിട്ടിയ പാത്രങ്ങൾ   എടുത്തുകൊണ്ടു പോകും.  

പ്രധാന   വെപ്പുകാർ പാചകത്തിന്  നേതൃത്വം നൽകും.
 ഉച്ചയോടെ ഭക്ഷണം തയ്യാറാകും. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ചേർന്ന് പാചകം ചെയ്ത സ്ഥലം എല്ലാം വൃത്തിയാക്കി. ഇത്രയും സൗകര്യങ്ങൾ ഒരുക്കി തന്ന രാജ്യത്തിനും രാജാവിനു നന്ദി പറയും.   



 അതിനുശേഷമുള്ള  ഓരി വെക്കൽ കണ്ടാൽ
തന്നെ മനം നിറയും    . എത്ര സന്തോഷത്തോടെയാണ് അവർ പങ്കുവയ്ക്കുന്നത്. കൂടിയാലും കുറഞ്ഞാലും പ്രശ്നം ഇല്ലാതെ. ഗംഭീരമായ ഒരു ഭക്ഷണ മേളയുടെ പ്രതീതിയാണ് തോന്നിയത്. ചോറും , അഞ്ചാറു തരം പച്ചക്കറി വിഭവങ്ങളും, ഉണക്ക മാംസവും, പിന്നെ പല തരം ജ്യൂസുകളും, വൈനും, അറയും, എല്ലാമായി  
മാനസ്സുതുറന്ന് വിരുന്നു സൽക്കാരം. 
അവരുടെ  മനോഭാവം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്, പിറന്നാൾ സൽക്കാരം കെങ്കേമമാക്കാൻ ഉള്ള നല്ല ഒരു ഫണ്ട് സ്കൂൾ എക്കൗണ്ടിൽ നിന്ന്്എടുക്കും.   സർക്കാരിന്റെ വക ആണല്ലോ ചെലവ്, അതിനുള്ള ഒരുക്കങ്ങൾ എല്ലാം ഒറ്റയ്ക്ക് ചെയ്തു, ജനങ്ങൾ തന്നെ പരസ്പരം പറയും, അതിഗംഭീരമായി രാജാവ് തന്ന വിരുന്ന്.   പിന്നീടങ്ങോട്ട് പാതിരാ വോളം  രാജാവിനെ പാട്ടുപാടി സ്തുതിച്ച്, നൃത്തനൃത്യങ്ങളും, ഗാനമേളകളും തന്നെ. രാധി ഗ്രാമത്തിലെെ എല്ലാ  സന്തോഷങ്ങളുടെയും ഒരു പങ്ക് ഇന്ത്യക്കാരായ ഞങ്ങൾ അധ്യാപകരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ആയിരുന്നു. . അതിഥികളായി അല്ല, മറിച്ച് ആതിഥേയരായി  തന്നെ അവർ നമ്മളെ ഉൾക്കൊള്ളിക്കും.
 ഒറ്റപ്പെടുത്താതെ, സജീവമായി പങ്കെടുപ്പിക്കാൻ ഓരോരുത്തരും ശ്രമിക്കും. 

 ശനിയാഴ്ച പൂജ കളിലും, അയൽവാസികളുടെ സന്തോഷങ്ങളിലും എല്ലാം  പങ്കെടുത്തിരുന്നതിനാൽ
രാധി ഗ്രാമത്തിൽ നിന്നും തിരിച്ചു പോരുന്നതിനു മുന്നേ സുഹൃത്തുക്കൾക്കും അയൽവാസികൾക്കും ഒരു ചെറിയ വിരുന്നു സൽക്കാരം നൽകാൻ ഞാനും തീരുമാനിച്ചു. ഇന്ത്യയെക്കാൾ കൂടുതൽ പുറം രാജ്യക്കാർക്ക് അറിയുക ഗാന്ധിജിയെ ആണ്. അതിനാൽ തന്നെ എന്റെ മകന്റെ പിറന്നാൾ ദിനം കൂടിയായ ഗാന്ധിജയന്തിയുടെ അന്ന് വിരുന്നു നൽകാനായി ഒരുക്കങ്ങൾ തുടങ്ങി.. മറ്റ് ഏതു രാജ്യത്ത് ആണെങ്കിലും ഇന്ത്യൻ വിഭവങ്ങൾ പാർസൽ ലഭിക്കും.  രാധിയിൽ ഇന്ത്യൻ വിഭവങ്ങൾ എന്നല്ല അവയൊക്കെ
ഉണ്ടാക്കുവാനുള്ള അളവ് സാധനങ്ങൾ പോലും ലഭിക്കില്ല. കയ്യിൽ കരുതി വെച്ച സാധനങ്ങൾ മുഴുവൻ എടുത്താലും ക്ഷണിച്ചവർക്ക് എല്ലാം നാടൻ സദ്യ നൽകാൻ കഴിയില്ല. അതിനാൽ തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്ക് ഉച്ചയ്ക്ക് പിറന്നാൾ സദ്യയും, മറ്റുള്ളവർക്കെല്ലാം അവരുടെ തനത് വിഭവങ്ങളോടുകൂടി രാധി മുത്തശ്ശൻ ആയ   ഗപ്പ് അങ്കിളിന്റെ റെസ്റ്റോറന്റിൽ  സൽക്കാരവും ഏർപ്പാടാക്കി. 

അതിഥികളെ സ്വീകരിക്കുന്നതിനും, പൂജ ഒരുക്കുന്നതിനും, ഭൂട്ടാനിൽ ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ട്. അതിനെന്നെ സഹായിച്ചതും,  വീടെല്ലാം അലങ്കരിച്ചതും, മകൻ പോയിരുന്ന ഡേകെയർ യിലും, സ്കൂളിലെ കുട്ടികൾക്കും എല്ലാം മധുര വിതരണത്തിനും ഒക്കെ എന്റെ പ്രിയ വിദ്യാർത്ഥിനി പുർപ്പയാണ്‌ .

 പിറന്നാൾ ആയതിനാൽ കേരളത്തിലെ പരമ്പരാഗത വസ്ത്രമായ മുണ്ടും വേഷ്ടിയും ഉടുത്താണ് അന്ന് സ്കൂളിൽ പോയത്. ഇത് എന്ത് വേഷമാണെന്ന് അധ്യാപക സുഹൃത്തുക്കളെല്ലാം അത്ഭുതത്തോടെ ചോദിച്ചു. സിന്ദൂരവും,  പൊട്ടും,  ചന്ദനക്കുറിയും ഒക്കെ തൊട്ടു നോക്കുന്നത് അവരുടെ കൗതുകമായിരുന്നു.
 
ദൂരെ കുന്നിൻചെരുവിൽ പോയി ശേഖരിച്ച് കാട്ടു വാഴയുടെ ഇലയിൽ പരത്തിയ ചക്കര അടയും, രാധിയിലേ
 ഇളം ചുവപ്പു നിറത്തിലുള്ള റൈസ് കൊണ്ട് ഉണ്ടാക്കിയ പാൽപ്പായസവും ഇന്റെർവെല്ലിനു മുന്നേ  തന്നെ സഹപ്രവർത്തകർക്കായി സ്റ്റാഫ് റൂമിൽ കൊണ്ടുപോയി കൊടുത്തു. പുതു വിഭവങ്ങൾ രുചിക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാവുന്ന ഭാവമാറ്റവും, സന്തോഷംകൊണ്ട് പുറത്തുവരുന്ന ശബ്ദങ്ങളും ഞാനിന്നുമോർക്കുന്നു.
Oh!... Laaa!... Chiiiii എന്നൊക്കെ പറയണ കേൾക്കാം.
 പിറന്നാൾ സദ്യക്കു  കരുതി വെച്ചിരുന്ന പപ്പടവും കടുമാങ്ങയും അടക്കം രാധിയിലെ  പച്ചക്കറികൾ കൊണ്ട്
 നല്ല വള്ളുവനാടൻ  സദ്യ  തന്നെ ഒരുക്കി.
 ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഉച്ചഭക്ഷണത്തിന് എത്തി. ആശംസകൾ അറിയിക്കാൻ വന്ന വിദ്യാർഥികൾക്കെല്ലാം രാധിയിൽ സുഭിക്ഷമായ
പാലു കൊണ്ട് ഉണ്ടാക്കിയ പാൽപ്പായസം നൽകി.
 
 നേരം പെട്ടന്ന്  ഇരുട്ടുന്നത് കൊണ്ടു  ആറു മണിക്ക്  തന്നെ എല്ലാവരും   
റസ്റ്റോറന്റിൽ എത്തി. 
 ഭൂട്ടാനികളുടെ  പരമ്പരാഗത വിഭവങ്ങളെല്ലാം അവിടെ ഒരുക്കിയിരുന്നു. നമ്മളാണ് ക്ഷണിച്ചത് എങ്കിലും, നമ്മളെ ക്ഷണിച്ചു കൊണ്ടുപോയി  സൽക്കാരം തരുന്നത് പോലെയാണ്  എനിക്ക് അനുഭവപ്പെട്ടത്. നമ്മുടെ നാട്ടിലെ പോലെ ഓടിവന്നു   കിട്ടിയ കസേരയിൽ ഇരുന്ന്, കിട്ടിയ ഭക്ഷണവും കഴിച്ച്, നന്ദി പറഞ്ഞു പോകുന്നവരല്ല ബൂട്ടാനികൾ . അവിടെ ഓരോ വിരുന്നും ഓരോ അനുഭവങ്ങളാണ്. 

ക്ഷണിക്കപ്പെട്ടവർ എല്ലാം വന്നു കഴിഞ്ഞു എന്ന് ഉറപ്പുവരുത്തിയ ശേഷമേ  പാർട്ടി തുടങ്ങുകയുള്ളൂ. ആദ്യം തന്നെ ലഹരിയിലാണ് തുടക്കം. അതിൽ സ്ത്രീപുരുഷഭേദം ഒന്നുമില്ല. ഓരോരുത്തരും ആസ്വദിച്ചു കുടിച്ചു, പൊട്ടിച്ചിരിച്ച്, ഒരു തിരക്കും ഇല്ലാതെ ഇരിക്കും. നമ്മുടെ നാട്ടിലെ  ട്രാഫിക് ബ്ലോക്ക്, ഒന്നും അവിടെ ഇല്ലല്ലോ. എല്ലാവരും ഒരു കണ്ണ് അകലത്തിൽ ജീവിക്കുന്നവർ.
ഒരു ഗ്രാമത്തിലുള്ളവർ ആ ഗ്രാമത്തിൽ തന്നെ ജീവിതം ജീവിച്ചു തീർക്കും.

 മദ്യം അലർജിയുള്ളവർക്കു  പലതരം ജ്യൂസ് കളുടെ മേള തന്നെയുണ്ടാകും. അതിനുശേഷം കൂട്ടത്തിലെ മുതിർന്ന ആൾ ഇനി ഭക്ഷണത്തിലേക്ക് കടക്കാം എന്ന് പറയുമ്പോഴാണ് ഓരോരുത്തരും പ്ലേറ്റുകൾ എടുക്കുക. ഓരോന്നും പതുക്കെ പതുക്കെ ആസ്വദിച്ച് കഴിക്കും. 

ഒന്നും ഒരു രസവും ഇല്ല എന്നതാണ് പരമമായ സത്യം. പക്ഷേ അവരുടെ നാവിന്റെ രുചി അതാണല്ലോ.

 അതിനുശേഷമുള്ള ചടങ്ങാണ് ചടങ്ങ്. ഭക്ഷണശാലയിൽ നിന്ന് വിരുന്ന് കഴിഞ്ഞ്, വിരുന്നിനു പങ്കെടുത്തവരെല്ലാം നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓരോ സമ്മാനപ്പൊതി പിടിച്ച് വരിവരിയായി പതുക്കെ നടന്നു.... വിരുന്നു നൽകിയ ആളിന്റെ 
വീട്ടിലേക്ക് വരും.
 സ്കൂളിലെ പ്രിൻസിപ്പൽ മുതൽ പാചകക്കാരി വരെയും, അയൽവാസികളും ഇക്കൂട്ടത്തിലുണ്ടായിരിക്കും . സാവധാനം  സ്റ്റെപ്പ് കയറി വന്നു  വീടിന്റെ പൂജാമുറിയിൽ കയറും. എന്നിട്ട് എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി പറയും. വീട്ടിലെ ദുഷ്ടശക്തികൾ അകന്നു പോകണം എന്നും, നന്മ കയറി വരണം എന്നൊക്കെ.

( നമ്മുടെ നാട്ടിലെ കർക്കിടക സംക്രാന്തിക്കുള്ള ചേട്ടാ ഭഗവതിയെ കളഞ്ഞ ശ്രീപാർവ്വതിയെ വരവേൽക്കുന്നതാണ് എനിക്കപ്പോൾ ഓർമ വന്നത്)
 
അതിനുശേഷം വീട്ടിലെ ഒത്ത നടുക്കുള്ള മുറിയിൽ കയറി ആ വീട്ടിലെ മുതിർന്ന വ്യക്തിയെ വിളിക്കും, എന്നിട്ട് അവരുടെ കയ്യിലാണ് ഓരോ സമ്മാനപ്പൊതികൾ ഏൽപ്പിക്കുക.. ഓരോരുത്തരും നൽകുന്ന സമ്മാനം നന്ദി പറഞ്ഞു വാങ്ങി പിറന്നാളുകാരനു നൽകണം. ഇത്രയും  മനോഹരമായ മറ്റൊരു പിറന്നാൾ ആഘോഷവും ഞാൻ കണ്ടിട്ടില്ല.

(സ്കൂൾ അധികൃതർ നൽകിയ സമ്മാനങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. പാർട്ടി കഴിഞ്ഞപ്പോഴാണ് ഈ സമ്മാനങ്ങൾ വാങ്ങിക്കുവാൻ മാത്രമായി രണ്ട് അധ്യാപക സുഹൃത്തുക്കളെ താഴ്വര പട്ടണത്തിൽ പറഞ്ഞയച്ചത് ആയിരുന്നു എന്ന് മനസ്സിലായത്.  സമ്മാനത്തെക്കാൾ മൂല്യം
 അവരുടെ   മനസ്സിനാണ് ഞാൻ നൽകിയത്. ഇത്രയും ചെങ്കുത്തായ മലമ്പാതകൾ ഇറങ്ങിപ്പോയി ഏറ്റവും നല്ല സമ്മാനങ്ങളാണ് അവർ വാങ്ങി വന്നത്. ഒരു മൂന്നുവയസുകാരനു  അത്യാവശ്യത്തിനു വേണ്ട എല്ലാ സാധനങ്ങളും രാധി യിലെ കടകളിൽ കിട്ടും. എന്നാൽ അവരുടെ ഗ്രാമത്തിൽ ഇന്ത്യക്കാർ നൽകിയ ആദ്യത്തെ വിരുന്ന് അതി ഗംഭീരം  ആക്കാൻ തന്നെ അവർ തീരുമാനിച്ചിരുന്നു എന്ന് പിന്നീട് പറഞ്ഞു.)

 മഞ്ഞുകാലത്ത് ധരിക്കു വാനായി വിവിധതരം കബിളി  കുപ്പായങ്ങൾ, വൂളൻ  തൊപ്പികൾ, സോക്സുകൾ, ഗ്ലൗസുകൾ, കമ്പിളിപ്പുതപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കുപുറമേ. ലിറ്റർ കണക്കിന് ജ്യൂസുകളും, പെട്ടി കണക്കിന് പഴങ്ങളും. ഇതെല്ലാം കണ്ടപ്പോൾ എന്റെ മകന്റെ കണ്ണിൽ ഉണ്ടായ അത്ഭുതം ഇന്നും ഞാൻ ഓർക്കുന്നു.
  
 അടുത്ത ചടങ്ങ് രാവേറെ നീളുന്നതാണ്. അതിഥികളും ആതിഥേയരും ചുറ്റോടു ചുറ്റും വട്ടത്തിൽ നിന്ന് പാട്ടുപാടി നൃത്തം തുടങ്ങും.  സാവധാനം തുടങ്ങുന്ന  ചുവടുകൾ സ്തുതിഗീതങ്ങളും, രാജാവിനെ നമിക്കലും, പ്രകൃതി വണക്കവും എല്ലാം കഴിഞ്ഞ് പതുക്കെ പതുക്കെ ദ്രുതഗതിയിൽ ആവും. 

വിരുന്നു നൽകിയ വ്യക്തിക്കും, അവരുടെ കുടുംബാംഗങ്ങൾക്കും നല്ലതു വരട്ടെ എന്ന് പേര് പറഞ്ഞു പാടും, നന്മകൾ ആശംസിച്ച് പാട്ട് ഇങ്ങനെ നീണ്ടു പോകും. പരമ്പരാഗത ഭൂട്ടാനി  നൃത്ത  ചുവടുകൾ വെച്ച് ഒരാൾ പാട്ട് നിർത്തി എന്ന്  വിചാരിക്കുമ്പോളെക്കും 
 അടുത്തയാൾ തുടങ്ങിയിരിക്കും. ചിരിച്ചും കളിച്ചും കളിയാക്കിയും അതങനെ നീളും. അവസാനം കൂട്ടത്തിൽ മുതിർന്നയാൾ ഇനി നിർത്താം എന്ന് പറയുന്നത് വരെ നൃത്തം ചവിട്ടി കൊണ്ടിരിക്കും. ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച്  വട്ടങ്ങൾ കൂടിക്കൂടി  വരും. ആണും പെണ്ണും ഇടകലർന്നാണ്  നിൽക്കുക . പ്രായമായവരെ  തോൽപ്പിക്കാൻ ചെറുപ്പക്കാർ വേഗം കൂട്ടും. എന്നാൽ അവർ ചടുലമായ  ചുവടുകൾ കാണിച്ച് പുതുതലമുറയെ തോൽപ്പിക്കും. ആഘോഷങ്ങൾ രാവ് ഏറെ നീളും. സത്യത്തിൽ ഇവരുടെ നാട് ഒന്നും ആഘോഷിക്കുന്നില്ല എന്നായിരുന്നു എന്റെ വിചാരം. എന്നാൽ തുടങ്ങിയാൽ നിർത്താൻ പ്രയാസം ഉള്ളതായിരുന്നു ഇവരോടൊപ്പം ചേർന്ന ഓരോ ആഘോഷങ്ങളും. രാധിയിലെ  പ്രകൃതി പോലെ മനോഹരമായവ......
 തുടരും.....27)  ജനങ്ങളുടെ രാജൻ...... മജെസ്റ്റി. 

4 comments:

  1. Celebrations onnum theere ishtamillatha enik Eth onne maathramaane avarude ishtamallathe irunnath.
    But you way of writing is sooo good.
    "Oru taste um illa avarude food but avarude naavinte ruchi athanalloo"👏👏😆😆

    ReplyDelete

ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......