Pages

Monday, July 6, 2020

തുടരുന്നു... 25)രാധിയിലെ ഇന്ത്യക്കാർ


 രാധിയിൽ ഒരുപാട് വർഷങ്ങളായി ജീവിക്കുന്ന ഒരു മലയാളി അദ്ധ്യാപകൻ ഉണ്ട്. കോട്ടയംകാരനായ സിബി സാർ. പഠനം കഴിഞ്ഞ് കേരളം വിട്ടതാണ്. കുറേക്കാലം നാഗാലാൻഡിലെ കോഹിമയിൽ അദ്ധ്യാപകനായിരുന്നു. പിന്നീട് ഭൂട്ടാൻ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് അധ്യാപകനായി രാധിയിൽ എത്തി. സ്കൂൾ ദിനങ്ങളിൽ  എല്ലാം സ്വയം പാകം ചെയ്തു കഴിച്ച്, അധികം ആരോടും കൂട്ടു  കൂടാതെ , സ്വന്തം ലോകത്ത് കഴിയുന്ന ശാസ്ത്ര അധ്യാപകൻ. എന്നാൽ വാരാന്ത്യങ്ങളിലും, അവധി ദിനങ്ങളിലും താഴെ പട്ടണമായ റഞ്ഞുനിലെ  മലയാളി അധ്യാപകരോടൊപ്പം അടിച്ചു പൊളിക്കുന്ന കൂട്ടുകാരൻ. 

വീടും നാടും വിട്ട് രാധിയിലെ കൊടുംതണുപ്പും, നാട്ടുലഹരിയുടെ ചൂടും, അധ്യാപനത്തിലെ മികവും, ആകർഷകമായ ശമ്പളവും കൊണ്ട്, സ്വസ്ഥവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 
 
എന്നാൽ ഒരു അവധിക്കു നാട്ടിൽ പോയപ്പോൾ, വീട്ടുകാർ പിടിച്ച് കല്യാണം കഴിപ്പിച്ചു. അതോടെ സിബിസാർ ആകെ മാറി. 
 ഉണ്ണിക്കുട്ടൻ എന്ന ഒരു മോനും കൂട്ടായി എത്തി. 
 അങ്ങനെ ഒരു അവധിക്കാലം കഴിഞ്ഞ് നാട്ടിൽ നിന്ന് പോരുമ്പോൾ സിബി സാറിന്റെ ഭാര്യയായ ജയ ചേച്ചിയും, ഒരു വയസ്സുകാരനായ ഉണ്ണി കുട്ടനും  രാധിയിൽ എത്തി. 
 നല്ല ഒരു അച്ഛനും സ്നേഹമുള്ള ഒരു ഭർത്താവുമായി വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ അദ്ദേഹം മാറി. 
 ഒരുപാട് അടുക്കും ചിട്ടയും ഉള്ള ആളാണ് ജയ ചേച്ചി. കൊമേഴ്സിൽ ബിരുദാനന്തരബിരുദം ഉള്ള അവർ ജീവിതത്തിന്റെ കണക്കുകൾ വളരെ ഭംഗിയായി കൂട്ടി. 
 ഈ കൊടും തണുപ്പിലും അഞ്ചു മണിക്ക് ഉണർന്ന് ചൂടുവെള്ളത്തിൽ കുളിച്ച്, വിളക്കുവെച്ച്, മോൻ ഉണരുമ്പോളതേക്കും വീട്ടുപണികൾ എല്ലാം ഒരുക്കും. ഒരു തികഞ്ഞ പ്രകൃതിസ്‌നേഹി  കൂടിയായ അവരുടെ കൂടെ സമയം കിട്ടുമ്പോഴെല്ലാം ചെലവഴിക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു. മക്കളെയും കൂട്ടി ഞാനും അവരും ഹിമാലയം നോക്കിയിരുന്നാണ്         സംസാരിക്കാറ്. 

ദൂരെ കുന്നിന്  മുകളിലേക്ക് റോഡ് തുരക്കുന്ന ജെസിബിയും, നേരം ഇരുട്ടുമ്പോൾ  കുന്നിൻ മുകളിൽ ആദ്യം കത്തുന്ന വിളക്ക് ഏത് ദിശയിലാണ് എന്ന് നോക്കുന്നതും ഞങ്ങൾ ആസ്വദിച്ചിരുന്നു. സിബി സാർ പറഞ്ഞു കൊടുത്ത ഭൂട്ടാനിലെ പഴങ്കഥകളും, രാധിയിലെ മനുഷ്യരുടെ ചരിത്രങ്ങളും എന്നോട് പങ്കു വെക്കുമായിരുന്നു. നാട്ടിലെ ആഘോഷങ്ങളായ ഓണവും, വിഷുവും, എല്ലാം ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചു.  രണ്ടു വീട്ടിലും ഉള്ള സാധനങ്ങൾ തട്ടിക്കൂട്ടി ഉള്ളതുകൊണ്ട് ഓണം പോലെ എന്ന ചൊല്ല് പ്രാവർത്തികമാക്കി. 
 ജയ ചേച്ചിയും ഒത്തുള്ള ഭൂട്ടാൻ യാത്രകൾ ഒക്കെയും നല്ല സ്മരണകളാണ് നൽകുന്നത്. ഇന്നും ജയചേച്ചിയുടെ  വിളികൾ എന്നെ തേടി എത്താറുണ്ട്. 


 രഞ്ഞൂനിലെ  സ്കൂളിൽനിന്ന് സ്ഥലം മാറ്റം കിട്ടി വന്ന ഒരു തമിഴ് കുടുംബവും രാധിയിൽ ഉണ്ടായിരുന്നു. ഡേവിഡ് എന്ന അതികായനായ ഒരു മനുഷ്യൻ. സ്കൂൾ ടൈം ഒഴിച്ചുള്ള നേരം എല്ലാം ചുക്കുവെള്ളം പോലെ തണ്ണി അടിക്കും. ശുദ്ധനാണ് എന്നാൽ സ്വയം പുകഴ്ത്തും. ഇരുപതോളം വർഷങ്ങളായി ഭൂട്ടാനിലെ  പല ജില്ലകളിൽ മാറിമാറി താമസം. നാട്ടിൽ പോകുന്നത് പണച്ചെലവ് ആണ് എന്ന് പറഞ്ഞ് മഞ്ഞു കാലം മുഴുവൻ ഭൂട്ടാനിൽ തന്നെ ചിലവഴിക്കും. ഇവിടെനിന്നും സമ്പാദിച്ച പണം കൊണ്ട് തമിഴ്നാട്ടിൽ കൃഷിസ്ഥലങ്ങളും വാടക വീടുകളും ഉണ്ടാക്കിയിട്ടുണ്ട്ത്രേ. അയാൾ പറയുന്നതെല്ലാം കേട്ട്, അയാൾ അല്ലാതെ മറ്റൊരു ലോകവും ഇല്ലാത്ത, സ്വസ്ഥമായി  ജീവിക്കുന്ന പൊണ്ടാട്ടിയും മക്കളും. 
അഴക് എന്ന പേരുള്ള അയാളുടെ ഭാര്യയും, കമൽ, വിമൽ എന്ന് പേരുള്ള രണ്ട് ആൺമക്കളും ചേർന്ന് സംതൃപ്ത കുടുംബം.


 കൊടും തണുപ്പുള്ള രാധിയിൽ ഒരു ഫ്രിഡ്ജ് മാത്രമേ ഉള്ളൂ. ഡേവിഡ് സാറിന്റെ ചോട്ടു കൂൾ എന്ന ഒരു കുട്ടി ഫ്രിഡ്ജ്.
 മത്സ്യം, മാംസം, മദ്യം ഇവ മൂന്നും,  മൂന്നു നേരവും ഒഴിവാക്കാൻ പറ്റാത്തതിനാൽ, ശേഖരിച്ചുവയ്ക്കാൻ ആണിത്. അദ്ദേഹത്തിന്റെ ഭാര്യ അഴകി നല്ല ഒരു പാചകക്കാരി ആണ്. നെയ്യിൽ തുളുമ്പുന്ന  മൈസൂർപാക്കും  ലഡുവും  എല്ലാം ഉണ്ടാക്കുവാൻ അവർ എന്നെ പഠിപ്പിച്ചു. തമിഴ്നാട് വിഭവങ്ങളായ രസവട യും, തൈരുവടയും, സാമ്പാർവടയും ഒക്കെ ഒന്നരാടം ഉണ്ടാക്കി, ആവിപറക്കുന്ന ഡപ്പ കളിൽ  ഞങ്ങൾക്ക്കൊടുത്ത അയക്കുന്നത് അവരുടെ ശീലമായിരുന്നു.

 ഈ രാജ്യത്ത് ഇന്ത്യൻ വിഭവങ്ങൾ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഉഴുന്ന്,  ഉലുവ, സാമ്പാർ പൊടി ഇവയെല്ലാം എത്ര സ്റ്റോക്ക് ചെയ്താലും തീർന്നു പോകും. അതിനാൽ തന്നെ തിടുക്കത്തിന് ആശ്രയിക്കാവുന്ന ഒരു കലവറ കൂടിയായിരുന്നു എനിക്ക് അഴകിയുടെ അടുക്കള.
 മാസത്തിലൊരിക്കൽ ആസാം ബോർഡിലേക്ക് പോകുന്ന സിമന്റ് ട്രക്കുകളിൽ ചാടിക്കയറി ഡേവിഡ് സാർക്കു  ഒരു യാത്രയുണ്ട്. ഈ വക സാധനങ്ങൾ എല്ലാം ചാക്ക് കണക്കിന് വാങ്ങി ശേഖരിക്കും. എന്തെങ്കിലും കാരണവശാൽ പോകാൻ സാധിച്ചില്ലെങ്കിൽ ഇങ്ങനെ പോകുന്ന ട്രക്കുകളിൽ സാധനത്തിന്റെ  സാമ്പിൾ പൊതിഞ്ഞ് പേരെഴുതി കൊടുത്തയച്ചു, അതുപോലുള്ളത്  വാങ്ങി വരാൻ പറയും. ഇതെല്ലാം കണ്ട് അത്ഭുതത്തോടെ നോക്കുന്ന എന്നോട് ശുദ്ധമായ തമിഴിൽ അദ്ദേഹം പറയും, ഭൂട്ടാനിൽ  നാവിന്റെ രുചിക്ക് ഇത്തിരി മെനക്കെടണം.

 ജീവിതത്തിന്റെ മൂല്യം  അറിഞ്ഞത് ഭൂട്ടാനിൽ നിന്നാണ് എന്നും, തന്റെ രണ്ട് ആൺമക്ക ളുടെയും  പഠനം ഇവിടെ പൂർത്തിയാക്കണമെന്നും അദ്ദേഹം പറയും. ഭാഷ, വസ്ത്രധാരണം, എല്ലാം ഭൂട്ടാനി കുട്ടികളുടെ പോലെ ആയ ആ രണ്ടു കുട്ടികളും നിറം കൊണ്ടു മാത്രമാണ് തമിഴരാണ് എന്ന് മനസ്സിലാകുക . 

മക്കളെ മനുഷ്യ ഗുണങ്ങളോടു കൂടി, മനുഷ്യത്വമുള്ള മനുഷ്യർ  ആക്കാൻ ഇത്രയും നല്ലൊരു ഇടം വേറെ ഇല്ല എന്ന് വിശ്വസിക്കുന്ന വ്യക്തി യായിരുന്നു ഡേവിഡ് സർ. 

 തുടരും...........
26) ആഘോഷങ്ങൾ.. 
........ആചാരങ്ങൾ....




3 comments:

  1. "Himalayam noki irunne samsarikkum"
    😍😍😍 Kandillengilum kandapole oru sugham♥️🙏

    ReplyDelete
  2. Kattta waiting for the next episode

    ReplyDelete

വർഷങ്ങൾക്ക് ശേഷം...

@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖       𝕊𝕙𝕠𝕣𝕒𝕟𝕦𝕣...... അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്...