രാധി വിദ്യാലയത്തിന് ഒരു കാവൽക്കാരൻ ഉണ്ട്. "കെയർടേക്കർ" എന്നാണ് അവിടെ അദ്ദേഹത്തെ സംബോധന ചെയ്യുക.
സ്കൂളിലെ അടുക്കള കെട്ടിടത്തിന് താഴെ ഒരു ചായ്പ്പിൽ ആണ് അയാളും കുടുംബവും താമസിച്ചിരുന്നത്. രാധി യിൽ ഞാൻ കണ്ട മുഖങ്ങളിൽ ഏറ്റവും ദയനീയമായ ഒരു മുഖമായിരുന്നു കെയർടേക്കറുടെത്. സ്കൂൾ ജോലിക്കാരൻ ആണെങ്കിലും ഒരാളുടെയും മുഖത്തു പോലും നോക്കാതെ കഴുതയെപ്പോലെ പണിയെടുക്കുന്ന ഒരു പച്ച പാവം.
ഒട്ടും വൃത്തിയായി വസ്ത്രധാരണം ചെയ്യാതെയാണ് അയാളും കുടുംബവും നടക്കുക. അഴുക്കു പുരണ്ട വസ്ത്രങ്ങളും, ജടപിടിച്ച മുടിയും, കഴുകാത്ത മുഖവുമായി അയാളുടെ നാലു മക്കളും ഓടിച്ചാടി നടക്കുന്നത് കാണാം. അധികം ആരോടും ഇടപഴകാതേ, ആര് എന്ത് ചോദിച്ചാലും ഒരു വികാരവും പ്രകടമാക്കാതെ, ഒന്നിനോടും താല്പര്യം കാണിക്കാത്ത ഒരാൾ.
ഒട്ടും വൃത്തിയായി വസ്ത്രധാരണം ചെയ്യാതെയാണ് അയാളും കുടുംബവും നടക്കുക. അഴുക്കു പുരണ്ട വസ്ത്രങ്ങളും, ജടപിടിച്ച മുടിയും, കഴുകാത്ത മുഖവുമായി അയാളുടെ നാലു മക്കളും ഓടിച്ചാടി നടക്കുന്നത് കാണാം. അധികം ആരോടും ഇടപഴകാതേ, ആര് എന്ത് ചോദിച്ചാലും ഒരു വികാരവും പ്രകടമാക്കാതെ, ഒന്നിനോടും താല്പര്യം കാണിക്കാത്ത ഒരാൾ.
.... എങ്കിലും സ്കൂളിലെ മറ്റ് അംഗങ്ങളെ പോലെ അയാളെയും എല്ലാകാര്യത്തിനും എല്ലാവരും മാനിച്ചിരുന്നു.
എവിടെയും കാണാത്ത അപൂർവ ഇനം പച്ചക്കറികളും ഇലച്ചെടികളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്കൂളിന് താഴ്വാരത്തിലെ മുളം കാടുകൾക്കിടയിൽ അയാൾ നട്ടുനനച്ചിരുന്നു.
ഒരു ദിവസം സായാഹ്നത്തിൽ ഞാനും എന്റെ വിദ്യാർത്ഥി സുഹൃത്ത് പുർപയും കൂടി അവരുടെ ചായ്പ്പിൽ എത്തി. വെറുതെ ഒന്നു കാണാൻ. അയാളുടെ മൂത്തകുട്ടി പുർപ്പായുടെ സുഹൃത്തും, എന്റെ വിദ്യാർഥിനിയും കൂടിയായിരുന്നു. അവളെ കാണാൻ എന്ന മട്ടിലാണ് ചെന്നത്.
ഒരു ഒറ്റ മുറിയിൽ തന്നെ ഇരുത്തവും കിടത്തവും പാചകവും നടത്തി ആറംഗ കുടുംബം കഴിയുന്നു. സന്തോഷം ആണ് അവരുടെ ജീവിതം. എങ്കിലും ആ സന്തുഷ്ടി പ്രകടിപ്പിക്കാൻ പോലുമാകാത അത്രയും പാവമായ അച്ഛനും അമ്മയും മക്കളും.
കെയർ ടേക്റുടെ ഭാര്യ എല്ലാവർക്കും വലിയ സഹായിയാണ്. ആര് എന്ത് പണി ചെയ്യുന്നത് കണ്ടാലും പറയാതെ തന്നെ അവരെ വന്ന് സഹായിക്കും. എന്തെങ്കിലും വിശേഷമൊ, പൂജയോ ഉണ്ടെങ്കിൽ അവരവിടെ അറിഞ്ഞ് എത്തും. പക്ഷേ അധികം ഒന്നും അവരും സംസാരിക്കില്ല. മുഖത്തേക്ക് നോക്കി ചിരിക്കും.
ഇവിടെ എല്ലാം ഒന്നു കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ, അയമ്മ എന്നെയും പുറപ്പായെയും കൂട്ടി മുളം കാടിന് ഇടയിലൂടെ അവരുടെ കൃഷി സ്ഥലത്തെത്തി. കെയർടേക്കറും മക്കളും അവിടെ പണി തിരക്കിലാണ്.
അപൂർവ തരം വിളവുകൾ പോലും ഈ മഞ്ഞുമലയിൽ വിളയിച്ചെടുക്കുന്നതിൽ തന്റെ ഭർത്താവ് മിടുക്കനാണ് എന്ന് അവരുടെ ഭാര്യ ഷാഷോപ്പ് ഭാഷയിൽ പറഞ്ഞത്പുർപ എനിക്ക് തർജ്ജമ ചെയ്തു തന്നു.
ഒന്നു കണ്ണോടിച്ചപ്പോൾ സംഗതി ശരി തന്നെ. ശൈത്യ മേഖലയിൽ അധികം കാണാത്ത മുരിങ്ങയില, വെണ്ടയ്ക്ക, ഒക്കെ നന്നായി വിളഞ്ഞു നിൽക്കുന്നു. ചോദിക്കാതെതന്നെ അവർ അതെല്ലാം എനിക്കായി പറിച്ചെടുക്കാൻ തുടങ്ങി.
അപ്പോഴാണ് പുർപ്പാ നുള്ളിയെടുത്ത ഒരു ഇലയുടെ മണം കാറ്റിൽ തട്ടി ഗൃഹാതുരത്വം ഉണർത്തിയത്. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് നമ്മുടെ നാട്ടിലെ രാജാവായ കപ്പയാണ്. രണ്ടുമൂന്ന് മൂട് കപ്പാ ബംഗാളി പണിക്കാർ ആരോ കൊടുത്ത കമ്പിൽ നിന്നും അയാൾ ഉണ്ടാക്കിയെടുത്തതാണ്. ഉഷ്ണമേഖലയിൽ വിളയുന്ന സാധനങ്ങൾ, ശൈത്യ മേഖലയിൽ വിളയിച്ചെടുക്കാൻ അയാൾ എന്തൊക്കെയോ സൂത്രപ്പണികൾ ചെയ്യുന്നുണ്ട്. വാ തുറന്ന് സംസാരിക്കാത്തത് കൊണ്ട് ആർക്കും ഒന്നും അറിയില്ല.
രാധി സ്കൂളിലെ കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത് സസ്യശാസ്ത്ര അദ്ധ്യാപകൻ റിൻചെൻ സർ ആണ്. അദ്ദേഹത്തോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ, അദ്ദേഹം വേണ്ട പരിഗണന നൽകി.
കൃഷി തോട്ടത്തിലൂടെ നടന്നു ഒരുപാട് കാണാത്ത കാഴ്ചകൾ കണ്ടു. കൈനിറയെ പഴങ്ങളും പച്ചക്കറികളും കിട്ടി. നന്ദി വാക്കിനു പകരം പുർപ്പായുടെ തർജ്ജമ യിലൂടെ ചില കാര്യങ്ങൾ സൂചിപ്പിച്ചു.....
നമ്മുടെ നാട്ടിലെ കപ്പ നടുന്ന രീതികളെക്കുറച്ചും, മറ്റുള്ള പൊടിക്കൈകളും അറിയുന്ന പോലെ പറഞ്ഞു കൊടുത്തു.
മറ്റുള്ളവരെ പോലെ നിങ്ങളുടെ കുടുംബവും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും, എല്ലാവരോടും സംതൃപ്തമായ മുഖം കാണിക്കണം എന്നും അയാളുടെ ഭാര്യയെ ബോധിപ്പിച്ചു.
ഭാര്യയോടും മക്കളോടും യാത്രപറഞ്ഞു പടികൾ കയറി സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ നിന്ന് താഴ്വാരത്തിലേക്ക് ഒഴുകുന്ന രഞ്ജുയൂൺ പുഴയുടെ ഭംഗി കണ്ടു നിൽക്കുമ്പോൾ... കെയർടേക്കർ അടുത്ത് വന്ന് പുഞ്ചിരിച്ചു... ഒരു കെട്ട് മല്ലിയിലയും, പുതിനയും,സെലറിയും, സാക്കും, ഒരു ബൊക്കെ പോലെ എന്റെ നേർക്ക് നീട്ടി.... സ്കൂളിന്റെ നെൽവയലിലേക്ക് നടന്നുപോയി.
ഒരാഴ്ചത്തെ ഇടവേളക്കുശേഷം സ്കൂളിലെ മുതിർന്ന ഇംഗ്ലീഷ് അധ്യാപികയും, നേപ്പാൾ വംശജയുമായ ഹേമതഷേ മാഡം പറഞ്ഞു. " നിരന്തരമായ അസുഖങ്ങൾ കാരണം കെയർടേക്കറും, കുടുംബവും, ഒരു ലാമയെ കണ്ടു എന്ന് തോന്നുന്നു എന്നും, അയാൾ പറഞ്ഞത് കൊണ്ടാവാം ചായിപ്പും പരിസരവും വൃത്തിയാക്കി, അഴുക്കുള്ള വസ്ത്രങ്ങളെല്ലാം കഴുകിയുണക്കി, കുട്ടികളെ കുളിപ്പിച്ച് ഒരുക്കി, എല്ലാവരോടും പുഞ്ചിരിച്ചു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. ഒറ്റപ്പെട്ട മൂഢതയിൽ ജീവിച്ച ആ കുടുംബം ചിരിച്ച മുഖവും വൃത്തിയുള്ള ശീലങ്ങളും കൊണ്ട് എല്ലാവർക്കും സമ്മതരായി.
സ്കൂൾ വിട്ട് ഒരു ദിവസം വീട്ടിലേക്ക് പോകുമ്പോൾ, എന്റെ പ്രിയ വിദ്യാർത്ഥിനി പുർപ്പയോട് സ്റ്റാഫ് റൂമിൽ നിന്ന് കേട്ട പിന്നാമ്പുറ കഥ ഞാൻ പറഞ്ഞു... ഞാനും അവളും ഒരുമിച്ച് ചിരിച്ചു.
അതിനുശേഷം പലപ്പോഴും തോട്ടത്തിൽ നിന്ന് ലഭിക്കുന്ന കപ്പയും, മത്തനും, ചീര ഇനങ്ങളുമായി പുഞ്ചിരിയോടെ കെയർ ടേക്കർ എന്നെയും പുർപ്പയേയും കാത്തു നിൽക്കാറുണ്ട്.........
തുടരും....(22)
"ചുർ " കിട്ടിയ കഥ.......
🙃🙂
ReplyDelete