Pages

Saturday, June 6, 2020

തുടരുന്നു....( 20) ബന്ധങ്ങൾ ഇവിടെ ബന്ധനങ്ങൾ അല്ല!!



 ഒരു ദിവസം വൈകുന്നേരം രാധിഗ്രാമത്തിൽ ഒരു സ്കൂൾ ബസ് വന്നു നിന്നു. തൊട്ടടുത്ത ജില്ലയായ മോംഗറിലെ സ്കൂൾ  കുട്ടികൾ ഡൂംസി സ്കൂളിൽ നിന്നും ഒരാഴ്ചത്തെ ക്യാമ്പ് കഴിഞ്ഞ് തിരിച്ചു പോവുകയാണ്. നേരമിരുട്ടിയാൽ രാജ്യത്തിനകത്തു തന്നെ യാത്ര നിഷിദ്ധമാണ്. അതിനാൽ അന്നുരാത്രി രാധി സ്കൂളിൽ താമസിച്ച് പിറ്റേദിവസം പുലർച്ചെ യാത്ര തുടരാൻ ആണ് പരിപാടി. സ്കൂളിന്റെ അതിഥികൾ ആണെങ്കിലും ഗ്രാമവാസികൾ അതിഥി സൽക്കാരം അങ്ങേറ്റെടുക്കും. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം താമസസൗകര്യവും, സ്കൂളിന്റെ അടുക്കളയിൽ തന്നെ ഭക്ഷണവും എല്ലാ മിനിറ്റുകൾ കൊണ്ട് റെഡിയാകും. അരിയും പച്ചക്കറികളും എപ്പോഴും സ്കൂളിൽ ഉണ്ടാകും. 


.....ഡൂംസിയിൽ നിന്നും   വന്നവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരായ അധ്യാപക ദമ്പതികളും ഉണ്ടായിരുന്നു. രാധി ഗ്രാമം മുഴുവൻ നടന്നു കാണുവാനായി ഞാനാണ് അവർക്ക് തുണ പോയത്. ആ സായാഹ്നത്തിലാണ് അപൂർവ്വമായ അവരുടെ പ്രണയകഥ പങ്കുവെച്ചത്... 

 ഏഴ് വർഷമായി അവർ മോഗറിൽ താമസം തുടങ്ങിയിട്ട്. ഭൂട്ടാനികളെ പോലെ സന്തുഷ്ടമാണ് അവരുടെ മുഖം. രണ്ടുപേരും ഇന്ത്യയിലെ രണ്ടു സംസ്ഥാനക്കാർ. ഭർത്താവ് തമിഴ്നാട്ടിലെ ബ്രാഹ്മണ കുടുംബം. ഭാര്യ മൈസൂരിലെ മുസ്ലിം സമുദായം. രണ്ടുപേരും ബാംഗ്ലൂരിൽ നിന്നും പഠനം പൂർത്തിയാക്കിയ സുഹൃത്തുക്കൾ. സ്വാഭാവികമായ പ്രണയം, വിവാഹത്തിൽ കലാശിക്കുവാൻ ഇരു വീട്ടുകാർക്കും പൂർണ്ണ എതിർപ്പ്. അവർക്ക് ആകട്ടെ വീട്ടുകാരുടെ സ്നേഹവും, സമുദായ ത്തോടും നാട്ടുകാരോടും ഉള്ള ബന്ധവും മുറിച്ചുകളയാൻ പ്രയാസം. എതിർപ്പ് അവഗണിച്ച് വിവാഹം നടന്നാൽ അന്ധവിശ്വാസികളായ ഇരു കുടുംബവും സമുദായത്തിൽ ഒറ്റപ്പെടും. എന്നാൽ ഇതല്ലാതെ മറ്റൊരു ബന്ധം വിഷ്ണുവിനും നൈല ക്കും ചിന്തിക്കാൻ പോലും സാധ്യമല്ല. 
 രണ്ടു വീട്ടിലും സഹോദരങ്ങളുടെ വിദ്യാഭ്യാസം, വിവാഹം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം ഒരുപോലെ. ഒരുപാട് ആലോചനയ്ക്ക് ശേഷം രണ്ടുപേരും ഒരു തീരുമാനം എടുത്തു. വീട്ടുകാരുടെ സമ്മർദ്ദത്താൽ ഉള്ള വിവാഹം  വേണ്ട എന്ന ഉറച്ച തീരുമാനം. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റുവാനായി വിദേശത്ത് ജോലിക്ക് പോകുന്നു. അങ്ങനെ ഒരേ ഇന്റർവ്യൂ പാസായി, ഒരേ തീവണ്ടിയിൽ കയറി, തിമ്പുവിലെത്തി, അവിടുന്ന് ഭൂട്ടാൻ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് റിക്രൂട്ട് മെന്റ് വഴി, മോംഗറിൽ എത്തി.
ഒരേ സ്കൂളിൽ അധ്യാപനവും, ഒരേ കോർട്ടേസിൽ താമസവും. 
 രണ്ടുപേർക്കും സ്വന്തം വീടും നാടും ആയി നല്ല അടുപ്പം...................... അവർ തമ്മിലും............ 

ഇരു വീടുകളും രണ്ടു സംസ്ഥാനത്ത് ആയതിനാൽ ഇതുവരെ കൂടിക്കാഴ്ച ഉണ്ടായിട്ടില്ലത്രെ. വർഷത്തിലെ പതിനൊന്നു മാസവും അവർ ഒരുമിച്ച് ജീവിക്കും. ഒരു മാസത്തോളം കിട്ടുന്ന മഞ്ഞുകാലത്തെ അവധിക്ക് സ്വന്തം വീടുകളിലും. എല്ലാമാസവും ശമ്പളത്തിന് പാതി വീടുകളിലേക്ക്‌ അയക്കും. ഒരാളുടെ ശമ്പളത്തിന്റെ  പാതി ചിലവാക്കും. മറ്റേ പാതി  അത്യാവശ്യങ്ങൾക്ക് മാത്രം ആയി  കരുതി വയ്ക്കും. ഹയർസെക്കൻഡറി അധ്യാപകരായ അവരുടെ ശമ്പളത്തിന്റെ 10% കൊണ്ട് ഭൂട്ടാനിൽ സുഖസുന്ദരമായ ജീവിക്കാം. 

 അവധിക്കാലം ആയാൽ  ഇവർ ഒരേ ട്രെയിനിൽ നാട്ടിലേക്ക് പുറപ്പെട്ട്, 
ഇരു സംസ്ഥാനങ്ങളിലായി ഇറങ്ങും. വീട്ടുകാരും ഒത്ത  അവധി കാലം ആഘോഷിക്കും. സത്യത്തിൽ രണ്ടു പേർക്കും വീട്ടുകാരെ പറ്റിക്കുന്നതിൽ സങ്കടമുണ്ട്.... പക്ഷേ.. കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടോ..... 
 പതുക്കെ പതുക്കെ സഹോദരങ്ങളോട്  വിവരം പറഞ്ഞ്.... മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി..... ഭൂട്ടാനിലോ, ഇന്ത്യയിലെ ഏതെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലോ സ്ഥിരതാമസം  ആക്കുവാൻ ആണ് അവരുടെ തീരുമാനം. ഇന്ത്യൻ ബോർഡറിൽ സ്ഥലം വാങ്ങി വീട് വച്ച് കാലത്ത് ഭൂട്ടാൻലേക്ക് ജോലിക്ക് വന്നു, വൈകീട്ട് ഇന്ത്യയിലേക്ക് തിരിച്ചു പോകുന്ന ഒരുപാട് ഇന്ത്യക്കാർ ഉണ്ടത്രേ.... 

 പരസ്പരം ഇഷ്ടപ്പെട്ടവർ മറ്റുള്ളവർക്കുവേണ്ടി വേർപിരിഞ്ഞ, ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീർക്കുന്നതിനേക്കാൾ എത്രയോ ഭേദം അല്ലേ ആരെയും ദ്രോഹിക്കാതെ ഈ ജീവിതം.... 
 ഒരു രേഖയിലും അവർ വിവാഹിതരല്ല.... ആത്മാർത്ഥമായ സുഹൃത്തുക്കൾ മാത്രം. സ്വന്തം കുഞ്ഞു വേണമെന്ന് സ്വാർത്ഥത പോലും അവർക്കില്ല.... 
 നീർകുമിള പോലെ ക്ഷണികമായ ഈ ജീവിതത്തിൽ... ആരെങ്കിലുമൊരാൾ അവിചാരിതമായി നഷ്ടപ്പെട്ടാൽ... ഓർമ്മകൾ മാത്രം മതിയത്രെ ശിഷ്ടകാലം മറ്റേയാൾക്ക് ജീവിക്കുവാൻ... ആ മനസ്സാക്ഷി കരാറിലാണ് അവർ ഒപ്പ് വെച്ചിരിക്കുന്നത്. 
 വളരെ ക്രിയാത്മകമായി ജീവിതത്തെ കാണുവാനും, ഈ ഹൃദയബന്ധം തുടരുവാനും സാധ്യമാകുന്നത് ഭൂട്ടാനിൽ ആയതുകൊണ്ട് മാത്രമാണ് എന്നവർ വിശ്വസിക്കുന്നു..... ഈ രാജ്യത്ത് ആർക്കും ഇഷ്ടമുള്ള ഇണയോട് കൂടെ ആരുടെയും അനുവാദം ഇല്ലാതെ താമസിക്കാം. കൂടെയുള്ള ആളുടെ സമ്മതം മാത്രം മതി.  
....ഇവിടെ ബന്ധങ്ങൾ ഒരിക്കലും ബന്ധനങ്ങൾ ആകില്ല..... 
തുടരും........
(21) സ്കൂൾ കാവൽക്കാരൻ..... 

2 comments:

ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......