ഭൂട്ടാനിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി എന്ന് എനിക്ക്തോന്നിയത്ഫോറസ്റ്റർമാരുടെ ജോലിയാണ്. അനന്തമായവനങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ ഒരു മാസത്തോളം കഴിഞ്ഞേ കാടിറങ്ങു. കൊടുംതണുപ്പിനെയും, വന്യമൃഗങ്ങളെയും പ്രതിരോധിച്ച്, കാട്ടിലെ ഏറുമാടത്തിൽ ഒറ്റയ്ക്ക് ഭക്ഷണം പാകം ചെയ്തു ഏകനായി താമസിക്കണം.
കാടിനു നടുവിലായി, ഏതെങ്കിലും കാട്ടുചോല അരികിലാണ് ഏറുമാടം കെട്ടി ഉണ്ടാക്കുക. ഗവൺമെന്റ് വക ആയതു കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം അതിലുണ്ടാകും. ഏതു കാട്ടിൽ ആയാലും വൈദ്യുതി ഉണ്ടാക്കാൻ ഉള്ള ചെപ്പടിവിദ്യകൾ ഒക്കെ ആ നാട്ടിൽ ഉണ്ട്. 30 ദിവസം പണിയെടുത്താൽ അത്രയും ദിവസം തന്നെ വിശ്രമം. കാടിറങ്ങി അവർ വരുന്നതും കാത്തു, ആ കാടിന്റെ അടുത്തുള്ള ഏതെങ്കിലും ഒരു ഗ്രാമത്തിൽ തന്നെ അവരുടെ കുടുംബം താമസം ഉണ്ടാവും. എല്ലാ നാട്ടിലേയും സർക്കാർ ഉദ്യോഗസ്ഥന്മാരെ പോലെ കൃത്യമായ ഇടവേളകളിൽ സ്ഥലംമാറ്റം കിട്ടുന്ന നാടോടികൾ ആണ് ഇവിടത്തെ ഫോറസ്റ്റർ മാർ. ഏതു കാട്ടിലാണോ ജോലി അതിനു തൊട്ടടുത്തുള്ള ഗ്രാമത്തിൽ കുടുംബം വാടകയ്ക്ക് താമസിക്കും, ചിലയിടങ്ങളിൽ കോട്ടേഴ്സകളും ഉണ്ട്. മാസത്തിൽ നല്ലൊരു തുക ശമ്പളം ആയും, അലവൻസ് യും, ബോണസ് ആയും, ഇവർക്ക് ലഭിക്കും.
ഓരോ തവണ കാടിറങ്ങി വരുമ്പോഴും, അവിശ്വസനീയമായ എന്തെങ്കിലും ഒരു സംഭവകഥ പറയാനുണ്ടാവും ഓരോ ഫോറസ്റ്റർ മാർക്കും.
ഇത് കേൾക്കാനായി മുതിർന്നവരും കുട്ടികളും കൂട്ടംകൂടി ഇരിക്കും. നമ്മുടെ നാട്ടിലെ പഴയ പട്ടാളക്കാർ ലീവിന് വന്ന പോലെ. ഇന്നത്തെ പട്ടാളക്കാർ അത്തരം കഥകൾ ഒന്നും നമ്മളോട് പങ്കു വയ്ക്കാറില്ല, കാരണം സോഷ്യൽ മീഡിയയുടെ
അതിപ്രസരം കൊണ്ട് അവർ അറിയാത്ത കാര്യങ്ങൾ പോലും നമ്മൾ അറിയാറുണ്ട്.
ഈ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ലാണ്. കാരണം നാടിന്റെ പത്തിരട്ടി ഉള്ള കാട് അഥവാ വനസമ്പത്ത് സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്. ഭൂട്ടാനികൾ അത് വളരെ ആസ്വദിച്ചു ചെയ്യുന്നു.
ഞാൻ താമസിച്ചിരുന്ന വീടിനു തൊട്ടു താഴെ തട്ടിൽ ഒരു വിഭാര്യനായ ഫോറസ്റ്റ്റും, പൂച്ചക്കുട്ടി കളുടെ മുഖച്ഛായയുള്ള മൂന്ന് ആൺകുട്ടികളും താമസിച്ചിരുന്നു. പത്തും, എട്ടും, നാലുംവയസ്സുള്ള അവർ മൂന്ന് പേരും വീട്ടുജോലികൾ പങ്കിട്ട് ചെയ്യും. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ പണികൾ അവർ തന്നെ ചെയ്യും. ഈ കുട്ടികളുടെ അമ്മ മറ്റൊരാളുടെ കൂടെ താമസം തുടങ്ങിയിട്ട് ഒരുവർഷമായിത്രേ . ഫോറസ്റ്ററോടുള്ള ഉള്ള സൗന്ദര്യപിണക്കം വെറുപ്പ് ലേക്കും, ആവെറുപ്പ് വഴക്കിലേക്കും നീണ്ട കാരണം അയാളിൽ ഉണ്ടായ മൂന്ന് സുന്ദരകുട്ടൻമാരെയും നിഷ്കരുണം ഉപേക്ഷിച്ച് അവൾ അമ്മമാർക്ക് ഒരു അപമാനമായി.
അച്ഛന്റെ അസാന്നിധ്യത്തിലും, നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും നോട്ടത്താൽ ഈ കുട്ടികൾ മുന്നോട്ടു പോയി. പക്ഷേ ഒരു മാസത്തോളം കാട്ടിൽ താമസിക്കുന്ന അച്ഛൻ തിരിച്ചു വരുമ്പോഴേക്കും മൂന്നിൽ ഒരാൾക്കെങ്കിലും എന്തെങ്കിലും അസുഖം വരും. മക്കളെ സ്നേഹിച്ചും, പരിചരിച്ചും സുഖം ആകുമ്പോഴേക്കും അയാൾ വീണ്ടും കാടുകയറും. കുടുംബത്തേക്കാൾ പ്രാധാന്യം രാജ്യത്തിനു നൽകുന്ന മനുഷ്യരാണ് ഇവിടെ...
ചെറു പ്രായമുള്ള കുഞ്ഞു മക്കളെ ഒരു നേരം പോലും വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ ധൈര്യം ഇല്ലാത്തവരാണ് നമ്മൾ. കാരണം കാലമത്രയും മോശമാണ്, മനുഷ്യരിൽ ചിലർ നീചരും.
എന്നാൽ വിശ്വസിക്കാവുന്ന അയൽവാസികളും, സത്യമുള്ള നാട്ടുകാരും ഉണ്ടെങ്കിൽ നമുക്ക് ഒന്നിനേയും പേടിക്കണ്ട. ആ സമാധാനത്തിൽ ആണ്ഫോറസ്റ്റ്റായ അച്ഛൻ കാടു കയറുന്നത്.
ഒരു ഒഴിവു ദിനത്തിൽ ഈ കുട്ടികൾക്ക് നൽകാനായി ഞാൻ ഇത്തിരി മധുരം ഉണ്ടാക്കി. എന്തിനും ഏതിനും എന്റെ കൂടെ വരാറുള്ള പുർപ കുട്ടിയെയും കൂട്ടി ഇവരുടെ വീട്ടിലെത്തി. മൂത്തവനായ ജിഗ്‌മേ യുടെ ക്ലാസ് ടീച്ചർ ആണ് ഞാൻ. പുർപ സഹപാഠിയും. ആ സ്വാതന്ത്ര്യം വെച്ച് വീടിനകത്തു ചെന്ന്, അവരുടെ ദിനചര്യകളും ചിട്ടകളും ഒക്കെ നിരീക്ഷിച്ചു. വളരെ വിനയവും ഒതുക്കവുമുള
കുട്ടികളാണെങ്കിലും അച്ഛൻ വരുമ്പോൾ അവർ നല്ല വികൃതികൾ ആണെന്ന് പറയും.
ആ 10 വയസ്സുകാരൻ രാവിലെ നേരത്തെ ഉണർന്നു, ഒരു പാത്രം നിറയെ ചോറും, മറ്റൊരു പാത്രത്തിൽ പച്ചിലക്കറികളും ഉണ്ടാക്കും .
നമ്മുടെ നാട്ടിലെ പോലെ സങ്കീർണമായതോ, വിഭിന്നമായതോ അല്ല ഇവിടുത്തെ കറികൾ. ഏതുതരം പച്ചക്കറികളും കഴുകി നുറുക്കി ഒപ്പം വെള്ളം വെച്ച്, പാകത്തിന് ഉപ്പും ബട്ടറും ഇട്ടാൽ അവിടെ കറിയായി. മൂന്നുനേരവും അനിയന്മാർക്ക് വിളമ്പി കൊടുത്തേ മൂത്തവൻ ഭക്ഷണം കഴിക്കൂ. കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതും, പണം സൂക്ഷിക്കുന്നതും, എല്ലാം മൂത്തവൻ ആണ്. അടുത്തുള്ള വീടുകളിൽ പ്രത്യേകമായ എന്ത് ഉണ്ടാക്കിയാലും അവരെല്ലാം ഈ മക്കൾക്ക് വിളിച്ചു കൊടുക്കുന്നത് കാണാം. എനിക്കും അതൊരു ശീലമായി. രണ്ടാമന്റെ ജോലി വീട് വൃത്തിയാക്കലും, പാത്രം കഴുകി വെക്കലും ഒക്കെയാണ്. മൂന്നാമൻ ഇതെല്ലാം അനുസരിച്ചും കേട്ടും കുറുമ്പുകാട്ടി നടക്കും. രാത്രിയിൽ ഈ കുട്ടികൾ ഉറങ്ങാൻ പോയാലേ അടുത്തുള്ള വീട്ടുകാർ വാതിൽ അടക്കൂ. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ ആരെങ്കിലും എപ്പോഴും ഇവിടെ ശ്രദ്ധിക്കുന്നുണ്ടാകും. പൂജകൾക്കും, ഉത്സവങ്ങൾക്കും എല്ലാം ഈ കുട്ടികൾ അയൽക്കാരുടെ കൂടെ പോകുന്നത് കാണാം.
ഏറ്റവും ചെറിയ കുട്ടി, ചിലപ്പോൾ കളിച്ചു കളിച്ചു ഏതെങ്കിലും വീട്ടിൽ കിടന്നുറങ്ങും, മൂത്തവൻ മാർ അവനെ താങ്ങിയെടുത്ത് കൊണ്ടുപോയി കിടത്തുന്നത് കാണാം.
തുണി അലക്കാനും, ഉണക്കാൻ ഒന്നും അവരെ ആരും പഠിപ്പിക്കേണ്ട. ശനിയാഴ്ചകളിൽ ഉള്ള ചെക്കൻമാരുടെ വിശദമായ അലക്ക് .... കണ്ടു നിന്നു പോകും. ഇളയവൻ മാരെ ചൂടുവെള്ളത്തിൽ തേച്ചു ഉരച്ചു കുളിപ്പിക്കുന്നതും മൂത്തവനാണ്. ബാല്യം പിന്നിടാത്ത മൂന്ന് ആൺകുട്ടികൾ ഒറ്റയ്ക്ക് ഒരു വീട് കൊണ്ട് നടത്തുന്നത് കണ്ടു
അത്ഭുതം തോന്നി.
സാഹചര്യങ്ങളാണ് മനുഷ്യനെ വകതിരിവുള്ള വനും, അനുഭവ സമ്പത്ത് ഉള്ളവനും ആക്കുന്നത്.
എല്ലാ അടുക്കള ഉപകരണങ്ങളും ഭൂട്ടാനിൽ വൈദ്യുതിയിലാണ് പ്രവർത്തിക്കുക. ഇലക്ട്രിക് റൈസ് കുക്കർ, ഇലക്ട്രിക് കറി പോട്ട് ഇത് രണ്ടും ഉണ്ടെങ്കിൽ അടുക്കളയിൽ എല്ലാമായി. ഇതിനകത്ത് തന്നെയുള്ള ഒരു സ്റ്റീൽ പാത്രത്തിൽ സാധനം വെച്ച് ബട്ടണമർത്തി ടൈമർ വെച്ചാൽ ഭക്ഷണം റെഡി. ഏത് ഉൾഗ്രാമത്തിലും വൈദ്യുതിയും, വെള്ളവും സുലഭമാണ്. കാരണം ഇടതടവില്ലാതെ ഒഴുകുന്ന ഹിമാലയൻ അരുവികളും.
ഒരു ദിവസം പ്രഭാതത്തിൽ കാടിറങ്ങി വന്ന ഫോറസ്റ്റ്രറുടെ കൂടെ പത്താംക്ലാസുകാരിയായ പേമ എന്ന പെൺകുട്ടി കൂടെ ഉണ്ടായിരുന്നു.
മൈതാനത്തു കളിച്ചുകണ്ടിരിക്കുകയായിരുന്ന പുർപ സന്തോഷത്തോടെ ഓടി വരുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി. നമ്മുടെ നാട്ടിലെ പോലെ ഒരു 35 വയസ്സുകാരന്റെ കൂടെ 15 വയസ്സുകാരി ഇറങ്ങി വന്നാലുള്ള അവസ്ഥയൊന്നുമല്ല അവിടെ കണ്ടത്. എല്ലാവരും വളരെ സന്തോഷത്തോടെ പുതിയ പെണ്ണിനെ സ്വീകരിക്കുന്നു. അയാളുടെ മുഖം ആണെങ്കിലോ വളരെ സംതൃപ്തവും.
" ഫോറസ്റ്റർ ജോലിചെയ്യുന്ന കാടിനു അപ്പുറത്തെ ഒരു ഗ്രാമത്തിലാണ് പേമ യുടെ വീട്. മൂന്നു കുഞ്ഞു മക്കളെയും ഇട്ട് ജോലിക്ക് വന്നു വിഷമിച്ചിരിക്കുന്ന അയാളുടെ കഥ കേട്ടപ്പോൾ, മറ്റൊന്നും ആലോചിക്കാതെ, ഇറങ്ങിപ്പോന്നതാണ് അവൾ, പൊട്ടിച്ചിരിച്ചുകൊണ്ട് അവളെന്നോട് പറഞ്ഞു ഞാൻ പത്താം ക്ലാസിലെ പരീക്ഷ എഴുതാനുള്ള കുട്ടിയാണ് എന്ന് കൂടെ മറന്നുപോയി, അത് കേട്ട് ജിഗ്മേ പറഞ്ഞു, അതിനെന്താ അമ്മേ നമുക്ക് ഇവിടുത്തെ സ്കൂളിൽ പരീക്ഷ എഴുതാമല്ലോ. രജിസ്ട്രേഷൻ സമയം കഴിയാത്തതുകൊണ്ട് പേമ ആ വർഷം തന്നെ രാധി സ്കൂളിൽ നിന്നും പത്താംക്ലാസ് പാസായി.
പിന്നീട് മക്കളുടെ കാര്യങ്ങൾ എല്ലാം അവൾ ഏറ്റെടുത്തു, ആ കുട്ടികളുടെ കൂടെയിരുന്ന് കളിച്ചും, പഠിച്ചും, അവരെ പഠിപ്പിച്ചും, വീട്ടിലെ പണികളെല്ലാം അവൾ ഉത്സാഹത്തോടെ ചെയ്യുന്നത് കാണാം. മികച്ച ഒരു നെയ്ത്തുകാരി ആയതിനാൽ ഇനി തുടർ പഠിക്കുന്നില്ല എന്ന് അവൾ തന്നെ തീരുമാനിച്ചു. കുടുംബം നല്ല പോലെ നോക്കി അവൾ ഗ്രാമത്തിന്റെ പ്രിയപ്പെട്ടവളായി....
ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ഫോറസ്റ്റ്റുടെ വീടിനുമുന്നിൽ ഒരു ബഹളം കേൾക്കാനുണ്ട്.
ഒരു പരിഷ്കാരിയായ സ്ത്രീ, പേമയോടു എന്തൊക്കെയോ നാട്ടുഭാഷയിൽ പറഞ്ഞ്, വെല്ലുവിളിച്ച് നിൽക്കുകയാണ്.
പേമ ആണെങ്കിലോ അവരോട് കലിതുള്ളി നിൽക്കുന്നു.
ബഹളം കഴിഞ്ഞപ്പോൾ
എല്ലാവരും പിരിഞ്ഞു പോയി. പോകുന്നവരെല്ലാം പേമ യോട് അഭിനന്ദനം പോലെ എന്തൊക്കെയോ വാക്കുകൾ ഉരുവിടുന്നുണ്ട്.
വൈകുന്നേരം സ്ത്രീകളെല്ലാം പുൽത്തകിടിയിൽ ഒത്തുകൂടി ഇരിക്കുന്നത് കണ്ടു. വിട്ടുനിന്ന എന്നെ യും കർമയുടെ ഭാര്യ പിടിച്ചിരുത്തി. വളരെ സന്തോഷത്തോടെ പുറപ്പായുടെ അമ്മ എല്ലാവർക്കും ജ്യൂസ് വിതരണം ചെയ്യുന്നു.
പൊട്ടിച്ചിരിക്കുന്നു, ഒന്നും മനസിലാവാതെ ഞാനും.
" ഫോറസ്റ്ററുടെ
ആദ്യഭാര്യ ചെറിയ കുട്ടിയെ തരുമോ എന്ന ചോദ്യവുമായി ഫോറസ്റ്റർ ഇല്ലാത്ത നേരം നോക്കി രാധിയിൽ വന്നതാണ്ത്രേ.
അയൽവാസികൾ എല്ലാം കൂടെയുള്ള ബലത്തിൽ പേമ പുറത്തു വന്നു പറഞ്ഞു " നിന്റെ ഭർത്താവിനെ കണ്ടല്ല, എന്റെ അനിയന്മാരുടെ പ്രായമുള്ള ഈ മൂന്നു മക്കളെ കണ്ടാണ് ഞാൻ എന്റെ ജീവിതത്തിന്റെ ഗതി തന്നെ ഇങ്ങനെ മാറ്റിയെഴുതിയത്. ഇനി ഇവരുടെ അച്ഛൻ സമ്മതിച്ചാലും ഇവരിൽ ഒരാളെ പോലും നിങ്ങൾക്ക് തരില്ല.... ഞാൻ തന്നെ വളർത്തിവലുതാക്കും. പ്രായപൂർത്തിയായാൽ അവർക്ക് ഇഷ്ടമാണെങ്കിൽ അവർ നിങ്ങളെ തേടി വരും. ചെറിയ വഴക്കുകളുടെ പേരിൽ ഒഴിവാക്കാനുള്ള തല്ല നൊന്തു പ്രസവിച്ച മക്കൾ, ഇവർ ഇനിയൊരിക്കലും അമ്മ ഇല്ലാത്തവർ അല്ല. ഇനി ഇതും പറഞ്ഞ് ഇങ്ങോട്ട് വരരുത്." ഇതോടുകൂടി പേമ രാധി ഗ്രാമത്തിലെ തന്റെടവും
ധൈര്യവും ഉള്ള പെണ്ണായി മാറി. എനിക്കും അവളോട് ആരാധന തോന്നി. 16 വയസ്സിൽ ഇത്ര ധൈര്യവും പക്വതയും ഒന്നും സങ്കൽപിക്കാൻ പോലുമാകില്ല.
അടുത്തു. ലീവിൽ ആയ ഫോറസ്റ്ററും, പേമയും കൂടെ ഇടക്ക് ഹെൽത്ത് സെൻട്രലിൽ പോയി വരുന്നത് കാണാം. ഗർഭിണികൾക്ക് മാസത്തിലൊരിക്കൽ ക്ലാസ്സ് എടുക്കുന്നതിന് മാത്രമേ ഡോക്ടർ വരൂ. ബാക്കി കാര്യങ്ങളെല്ലാം നഴ്സ് ചെയ്തു കൊടുക്കണം. ഭർത്താക്കന്മാർ നിർബന്ധമായും അതിൽ പങ്കെടുക്കണം. പ്രസവത്തിനായി ആശുപത്രിയെ സമീപിക്കുന്ന പതിവ് അവിടെയില്ല. വീടുകൾ തന്നെ അതിനു തയ്യാറാക്കണം. പ്രസവം എടുക്കുന്നത് വീട്ടിലെ പുരുഷന്മാരും. ഒരു പുതിയ ബ്ലേഡ് മാത്രമേ അതിനായി ഒരുക്കി വയ്ക്കേണ്ടതുള്ളു എന്നറിഞ്ഞപ്പോൾ നമ്മുടെ നാട്ടിലെ പ്രസവാനന്തര ബില്ലുകൾ ഞാനോർത്തുപോയി.
ഗർഭിണിയെ എങ്ങനെ ശുശ്രൂഷിക്കണം എന്നതും, കുഞ്ഞിനെ എങ്ങനെ എടുക്കണം എന്നതും, പ്രസവാനന്തര ശുശ്രൂഷകളും, എല്ലാം പുരുഷന്മാർക്കാണ് അവിടെ ക്ലാസ് കൊടുക്കുക. അത് അവരുടെ കടമ കൂടിയാണ്. ഒരാൾ പോലും അതിൽ നിന്ന് വിട്ടുനിൽക്കുന്നത് കണ്ടില്ല.
ഒരു ദിവസം പേമ , പതിവിനു വിപരീതമായി നിറവയറും വച്ചു കുറേ പണികൾ ചെയ്യുന്നത് കണ്ടു.
വീട് വൃത്തിയാക്കലും, അലക്കലും, മക്കളെ കുളിപ്പിക്കലും, എല്ലാം കഴുകി ഉണക്കലും, ഇന്ന് നല്ല ബിസി ആണല്ലോ എന്ന് ചോദിച്ചപ്പോൾ, വൈകുന്നേരം ഭവനത്തിൽ ഒരു പൂജയുണ്ട് എന്നും, പ്രസവത്തിന് ഒരാഴ്ച കൂടി ബാക്കിയുള്ളൂ എന്നും അവൾ പറഞ്ഞു. മൂന്ന് മക്കളും അവളുടെ കൈകൾ ആയി കൂടെയുണ്ട്. രാത്രിയിൽ പൂജയുടെ വിഭവങ്ങൾ തരാനായി മരഗോവണി കയറി വന്നപ്പോൾ അവൾക്ക് തീരെ വയ്യ എന്ന് തോന്നി, പൂജ എല്ലാം ശുഭമായി എന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോയി.
പിറ്റേ ദിവസം അതിരാവിലെ രാധി ഉണർന്നത് ഒരു പുതുജീവന്റെ കരച്ചിൽ കേട്ടാണ്. മര ഗോവണി ഓടിയിറങ്ങി താഴെ ചെന്നപ്പോൾ കണ്ടത്, ഒഴിഞ്ഞ വയറുമായി വാതിൽ തുറന്നു വരുന്ന പേമയെ ആണ്.
നാലാമത്തെ ആൺകുട്ടി യെയും എടുത്തു സന്തോഷവാനായി ഫോറസ്റ്ററും. കുഞ്ഞനുജൻ വന്ന സന്തോഷത്തിൽ ഗ്രാമം മുഴുവൻ മധുര വിതരണത്തിനായി തയ്യാറെടുക്കുന്ന മൂന്ന് ഏട്ടന്മാരും. കണ്ണിനു കുളിരുള്ള കാഴ്ചയായി
ഇന്നും മനസ്സിൽ അതുണ്ട്.
ഇന്നും മനസ്സിൽ അതുണ്ട്.
ഇളയ അമ്മയ്ക്ക് പ്രസവ ശുശ്രൂഷ നൽകാൻ മത്സരിക്കുന്ന മക്കൾ, പാചകം, കുഞ്ഞിനെ നോക്കൽ, വീട് വൃത്തിയാക്കൽ, സാധനം വാങ്ങൽ തുടങ്ങി, എല്ലാ കാര്യങ്ങളിലും ഇളയമ്മയെ അവർ സഹായിക്കും. ഇതെല്ലാം അവരുടെ കടമയാണ് എന്ന് കരുതുന്നവർ. പേമയും നാല് ആൺമക്കളും കൂടെ ഒരുമിച്ച് നടക്കാനിറങ്ങുന്ന കാഴ്ച അതിമനോഹരമാണ്. കളിച്ചും ചിരിച്ചും വികൃതി കാട്ടിയും.
മൂന്നു മാസത്തോളം കുഞ്ഞിനെ നെഞ്ചത്ത് കെട്ടിയാണ് അവർ നടക്കുക. അതിനുശേഷം മൂന്നു വയസ്സു വരെ മുതുകത്തു കെട്ടി നടക്കും. നമ്മുടെ നാട്ടിലെ പോലെ ഒക്കത്ത് വയ്ക്കുന്ന ശീലം അവർക്കില്ല. തണുപ്പ് രാജ്യം ആയതിനാൽ ഇളം ചൂടു കിട്ടാനായി കുഞ്ഞിനെ അമ്മയുടെ ദേഹത്ത് കെട്ടിയാണ് അവർ നടക്കുക. ഇതിനായി പ്രത്യേകം നെയ്തെടുക്കുന്ന ബലമുള്ള ഷാളുകൾ ഉണ്ട്. കുഞ്ഞിനെ മുതുകിൽ കെട്ടി, വീടുപണി മുഴുവൻ ചെയ്യും, എത്ര ദൂരം വേണമെങ്കിലും നടക്കും.
എന്നെയും അങ്ങനെ ശീലിക്കാൻ ആയി അവർ പഠിപ്പിച്ചു.
പുർപ്പയാണ് അപ്പുവിനെ എങ്ങനെ മുതുകിൽ കെട്ടി നടക്കാം എന്ന് എന്നെ പഠിപ്പിച്ചത്. ടൈ കെട്ടുന്നതിനേക്കാൾ നിയമങ്ങളാണ് കുഞ്ഞിനെ മുതുകിൽ കെട്ടാൻ പഠിക്കുമ്പോൾ.
പക്ഷെ ശീലമായാൽ അതൊരു ഭാരമായി നമുക്കു തോന്നില്ല. രണ്ടു കൈകളും ഫ്രീ ആയതിനാൽ എന്തു പണി വേണമെങ്കിലും എടുക്കാം.
അതുപോലെതന്നെ ഭൂട്ടാനിൽ എവിടെയിരുന്നും അമ്മമാർ കുഞ്ഞുങ്ങൾക്ക് പാലൂട്ടും. ഷോപ്പുകളിൽ ആയാലും, ഹോസ്പിറ്റലുകളിൽ ആയാലും, റോഡിൽ ആയാലും, പണി സ്ഥലത്തായാലും, യാതൊരു മറയുമില്ലാതെ കുഞ്ഞുങ്ങളെ പാലൂട്ടുന്നതു കാണും. ഒരാളും അവരെ അസ്വസ്ഥമാക്കുന്ന വിധത്തിൽ നോക്കില്ല. അപരിചിതരായ ആര് അടുത്തു കൂടെ പോയാലും കുഞ്ഞിന്റെ വിശപ്പു മാറാതെ അമ്മ അവരെ ശ്രദ്ധിക്കില്ല. ഇതെല്ലാം എനിക്കൊരു കൗതുകമായിരുന്നു.
വലിയ ഒരു പാഠം പഠിച്ചു. മനുഷ്യ ബന്ധങ്ങൾക്ക് ബന്ധനങ്ങളുടെയും തടവറകളുടെയും വില നൽകുന്ന ഇന്നത്തെ കാലത്ത് ഇതൊരു സമർപ്പണമാണ്.
മനസ്സിൽ തോന്നിയ അലിവിന്റെ സമർപ്പണം.
പുരുഷ മേൽക്കോയ്മ ആ നാട്ടിൽ ഇല്ല. എന്നാൽ സ്ത്രീ സംവരണവും ഇല്ല. അതിനാൽ തന്നെ തുല്യ സ്ഥാനം, തുല്യപരിഗണന, പരസ്പര ബഹുമാനം, മാത്രം.
ഭൂട്ടാനിലെ ഗ്രാമീണർ കേട്ടിട്ടില്ലാത്ത പദങ്ങളാണ്നമുക്ക് സുപരിചിതമായ
gender differences,
gender equality, gender inequality... ഇതെല്ലാം പഠിച്ച്, ഇതിൽ ഗവേഷണവും നടത്തുന്ന, നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ ചിന്തകർ ഈ രാജ്യത്ത് വന്നുപെട്ടാൽ ചിലപ്പോൾ നാണം കെടും. തീർച്ച......
തുടരും........
(25) രാധിയിലെ ഇന്ത്യക്കാർ.......