സത്യം പറഞ്ഞാൽ എന്താണ് അകഭംഗി?
പുറമേക്കുള്ള കാഴ്ചക്കപ്പുറം ഒരു വ്യക്തിയിൽ അധിഷ്ഠിതമായ മനമ ഴകിന്റെ പ്രതിഫലനമാണ് അകഭംഗി എന്ന് ഒറ്റവാക്കിൽ പറയാം.
പക്ഷേ പുറംമോടികൾ മി നുക്കുന്നതിന്റെ നൂറിൽ ഒരംശം പോലും അകം മിനുക്കാൻ നാം ആരും മെനക്കെടാറില്ല.
എന്നാൽ ഇന്നിന്റെ കാലത്ത്, സ്വപ്നങ്ങളൊക്കെയും പ്രതീക്ഷകളും, പ്രതീക്ഷകൾ ഒക്കെയും നിരാശകളും,
നിരാശകൾ ഒക്കെയും, ജീവിതയാഥാർത്ഥ്യങ്ങളും, ജീവിതയാഥാർത്ഥ്യങ്ങൾ ഒക്കെയും, പൊള്ളുന്ന അനുഭവങ്ങളും, ഈ അനുഭവങ്ങളിൽ നിന്നും പഠിക്കുന്ന പാഠങ്ങളൊക്കെയും, ആർജിക്കുന്ന കരുത്തായി, താങ്ങായി, തണലായി, വഴികാട്ടിയായി മാറുമ്പോൾ നാം അറിയാതെ നമ്മിൽ തന്നെ ഉണ്ടാകുന്നൊരു മനമഴകുണ്ട്.
നാം നമ്മെ തന്നെ മനസ്സിലാക്കുന്ന, നാം നമുക്ക് തന്നെ സന്തോഷവും, സംതൃപ്തിയും നൽകുന്ന, നമ്മിൽ നിന്നും നമ്മെ വിട്ടുപോകാതെ, അറ്റുപോകാതെ ചേർത്ത് പിടിക്കുന്ന ഒരു കാലം.... നമ്മിലെ നമ്മെ ഒരുപാട് സ്നേഹിക്കുന്ന നാം നാം ആയി മാറുന്നകാലം.
ഒരു ദിവസം കൊണ്ടോ, മാസം കൊണ്ടോ ഉണ്ടാകുന്നതല്ലിത്..... അതിനു മരുന്നെന്നോണം അവഗണനയും, പരിഹാസവും, പുച്ഛവും, അടിച്ചമർത്തലും, കീഴ്പെടുത്തലും, ഭയവും, അറപ്പും, വെറുപ്പും എല്ലാം തുല്യഅളവിൽ, മെമ്പൊടി ആയി ചേർത്ത്
ആത്മഹത്യ മുനമ്പ് വരെ നാം എത്തണം.... ന്നിട്ടോ.... അവിടെ നിന്നൊരു ഉൾവിളി കേൾക്കണം... പിന്നെ ഒരാർത്തിയാണ്..... അത്രേം കാലം സഹിച്ചതിനൊക്കെ പകരം നമ്മളെ നമ്മിൽ തന്നെ ആവാഹിക്കാൻ... ആ ഒരൊറ്റ നിമിഷത്തിലേക്ക് എത്താൻ ഒരുപാട് സഞ്ചരിക്കണം.... അതെ ഉലകം മുഴുവൻ ചുറ്റി വരാൻ എടുക്കുന്നതിന്റെ , പതിന്മടങ്ങ് ശ്രമം വേണം നമ്മിൽ തന്നെ ഉള്ള അകമറിയാൻ.... അനുഭവങ്ങളുടെ തീവ്രതയ അനുസരിച്ചാണ് അതിലേക്കുള്ള ദൂരം..... 50ലും 60ലും എത്തുമ്പോൾ ഉണ്ടാകുന്ന ഒരുതരം ആത്മധൈര്യം 30ുകളുടെ മധ്യത്തിലോ, 40ുകളുടെ തുടക്കത്തിലോ ഏറ്റുവാങ്ങേണ്ടിവരുന്നവർ തീർത്തും അനുഗ്രഹീതർ തന്നെ. അനുഭവത്തിന്റെ ആഴത്തിൽ, മുങ്ങിപ്പോയി, നീന്തൽ അറിയാതെ കൈകാലിട്ടടിച്ച്, അകത്തെ ഊർജ്ജം ഉപയോഗിച്ച്, മുകളിലേക്ക് പൊന്തിവന്ന്, പലതവണ ഒരു കച്ചി ച്ചിത്തുരുമ്പിനായി തപ്പിപ്പിടിച്ച് , നിരാശയുടെ അവസാന ശ്വാസത്തിൽ നിൽക്കുമ്പോൾ, അദൃശ്യമായി മാറുന്ന ദൈവ കരങ്ങൾ പോലെ നമ്മുടെ കൈകൾ... തുഴയാനറിയാതെ തുഴഞ്ഞു നോക്കിയപ്പോൾ കരക്കെത്തി പിടിച്ച നമ്മെ അങ്ങേയറ്റം ചേർത്തു പിടിക്കാൻ നമ്മളെങ്കിലും വേണ്ടേ..... അന്നുമുതലാണ് അകത്തേക്ക് നോക്കാൻ തുടങ്ങിയത്...... ആനച്ചന്തം പോലെ ഒറ്റനോക്കിന് ഗാംഭീര്യമുണ്ടെങ്കിലും, പലതും തേച്ചു മിനുക്കി എടുക്കാനും, തുന്നിച്ചേർത്തുപിടിപ്പിക്കാനും, മൊത്തത്തിൽ അകമഴക് ഒന്ന് കൂട്ടണമെന്നു തോന്നിയിടത്തു നിന്നാണ് ഇന്നലെയുടെ മറവിൽ നിന്നും ഇന്നിലെ മാറ്റത്തിലേക്കുള്ള തുടക്കം. ഒന്നര പതിറ്റാണ്ടിന്റെ അഴുക്കും പൊടിയും പരിക്കും നേരെയാക്കി എടുക്കാൻ ഇനിയും സമയമെടുക്കും. എങ്കിലും പുറത്തുനിന്നും അകത്തേക്ക് ഉള്ള ഈ യാത്ര അതിമനോഹരമാണ്....... അനുഭവിക്കുമ്പോൾ ഇതിനു ചന്തം കൂടി വരുന്നു... മധുര പതിനേഴിലെ പ്രണയം പോലെ സുന്ദരം.
ജീവിതത്തെ സമ്പൂർണ്ണമാക്കുന്ന അഗാധമായ എല്ലാ വികാരങ്ങൾക്കും രൂപം നൽകുന്നതാണ് കൃത്യത. യാതൊന്നും വളരെയകലെയാകയില്ലെന്നും, വേണ്ടതിലധികം ചെയ്തിട്ടില്ലെന്നും, വളരെ കഷ്ടപ്പെടുത്തിയിട്ടില്ലെന്നും കൃത്യത ഉറപ്പുവരുത്തുന്നു. ഇതൊരു സൗമ്യമായ നിയന്ത്രണമാണ്. ശരിയായ സ്ഥാനത്ത് തക്ക സമയത്ത് ഉണ്ടായിരിക്കുക എന്നതാണ് കൃത്യത. അതായത് നിശബ്ദതയുടെ അവസ്ഥയിൽ നിന്നും ശബ്ദത്തിന്റെ അവസ്ഥയിലേക്ക് ശരിയായ സമയത്ത് നീങ്ങുക. പങ്കാളിത്തത്തിൽ നിന്നും പിൻവാങ്ങലിലേക്കും, കർമ്മത്തിൽ നിന്ന് കളിയിലേക്കും, ചിരിയിൽ നിന്ന് ചിന്തയിലേക്കും, നിറക്കൂട്ടിൽ നിന്ന് ലാളിത്യത്തിലേക്ക് ശരിക്കും കൃത്യസമയത്തുള്ള ചലനമാണിത്. കൃത്യത ഒരു വസ്തുവിൽ നിന്ന് മറ്റൊന്നിലേക്കുള്ളപരിവർത്തനത്തിന്റെ ഏറ്റവും സൂക്ഷ്മമായ ബിന്ദുവാണ്.
ഭൗതിക ലോകത്തിൽ ആത്മീയമായി എങ്ങനെ ജീവിക്കാം എന്നും, മനസ്സും വിഷയവും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെ ശ്രദ്ധേയവും, യാഥാർത്ഥ്യവും ആക്കാം എന്നുമുള്ള അറിവിൽ കൂടി കൃത്യത ഉണ്ടാകുന്നു. കൃത്യതയുള്ളവർക്ക് ആരോഗ്യം എങ്ങനെ നിലനിർത്തണമെന്ന് അറിയാം. കാരണം അവർ സ്വയം വളരെ അകലേക്ക് പോകുന്നില്ല ബലഹീനതയെ എങ്ങനെ ഒഴിവാക്കാം എന്നും അവർക്കറിയാം . ശരീരമാകുന്ന യന്ത്രത്തിന്റെ മേൽ ചിന്തയുടെ ഏറ്റവും സൂക്ഷ്മമായ ഫലപ്രാപ്തി എന്താണെന്ന് അവർ മനസ്സിലാക്കുന്നു. എപ്പോഴും കൃത്യതയുള്ളവരാവാൻ സ്വയം ശഠിക്കുക.
നിശബ്ദമായ സന്മനോഭാവമാണ് ഔദാര്യം. സൂര്യൻ ഉറച്ച പ്രദേശത്തു പതിച്ച് തറയെ മൃദുവാക്കുകയും മഞ്ഞിനെ ഉരുക്കുകയും ചെയ്യുന്നതുപോലെയാണിത്. ഔദാര്യമുള്ളവനാകുക തന്നെയാണ് നമ്മൾ മറ്റൊരാൾക്ക് ചെയ്യുന്ന ഏറ്റവും വലിയ സഹായം എന്തെന്നാൽ സൂര്യപ്രകാശം പോലെ തന്നെ ഔദാര്യത്തിന് ആകൃതിയില്ല.പക്ഷേ അതിന് മനുഷ്യമനസ്സിലെ വേദനയുടെ നിശബ്ദമായ കോണുകളിൽ അരിച്ചിറങ്ങി ഭാരം കുറയ്ക്കാൻ സാധിക്കുന്നു. നാം മറ്റുള്ളവരിൽ നിന്നും ഔദാര്യം ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടെ, നമ്മുടെ ഔദാര്യംഅർഹതപ്പെട്ടവർക്ക് അനുവദിക്കുക.
നമ്മൾക്കു വേണ്ടി മാത്രമല്ല മറ്റെല്ലാറ്റിനും വേണ്ടി ജീവിതത്തിന്റെ മുഴുവൻ ചലനവും നന്മയിലേക്കാണ് എന്ന് ഉള്ളില്‍ നമുക്ക് അറിവുണ്ടാകണം. എല്ലാ കുന്നുകൾക്കും ഒരു താഴ്വരയുണ്ട്. ഓരോ വർഷക്കാലത്തിനും ഒരു വേനൽക്കാലവും ഉണ്ട്.നമ്മൾ അതിനെ അതിജീവിക്കണം. അല്ലെങ്കിൽ നമ്മിലെ പ്രസന്നത നിരാശയെ അഭിമുഖീകരിക്കുമ്പോൾ ഉള്ള ധൈര്യം മാത്രമായി തീരുന്നു.
ആത്മാവിന് വിശുദ്ധി ഉണ്ടാവണം. വിശുദ്ധമായതിനെ കളങ്കപ്പെടുത്താൻ ആർക്കും സാധിക്കില്ല.
തനിക്ക് ഒളിച്ചുവെക്കാൻ ഒന്നും തന്നെയില്ലെന്ന് അറിവുള്ളതുകൊണ്ട് തുളഞ്ഞു കയറുന്ന ദൃഷ്ടിയെ അംഗീകരിക്കുകയെന്നാണ് ഇതിനർത്ഥം. സന്തോഷം നിറഞ്ഞ ഹൃദയം നിരന്തരമായ പരിശോധന ഇവയിലൂടെ മാത്രമേ ഇത് കൈവരും.
മനസ്സിന്റെ സന്തോഷത്തിന് ആധാരം നൈർമല്യം ആണ്. നിശബ്ദമായും എന്നാൽ ജാഗ്രതയോടും കൂടി സമയത്തിനനുസരിച്ച് വഴങ്ങുന്ന അവസ്ഥയാണിത്. ചിലപ്പോഴൊക്കെ മനപ്പൂർവ്വം... കണ്ണുകൾ കാണപ്പെടാത്തതിനെ കാണുകയും, കാതുകൾ കേൾക്കപ്പെടാത്തതിനെ കേൾക്കുകയും ചെയ്യുമ്പോൾ ആണ് ആത്മാവിന് സന്തോഷം ഉണ്ടാകുന്നത്. ബോധപൂർവ്വം നമ്മുടെ സന്തോഷം നാം നമുക്കു തന്നെ നൽകണം.
പുറമേ നിന്ന് മനസ്സിൽ കയറിക്കൂടി നിഗൂഢമായി പ്രതികരിക്കുന്നതെല്ലാം ആത്മാവിന്റെ മാലിന്യമാണ്. ഈ വെല്ലുവിളിയോട് ജാഗ്രത പുലർത്തുക ഇതാണ് ജീവിതം എന്ന് പറയപ്പെടുന്നത്.
തെറ്റിൽ നിന്നും ശരിയെ അരിച്ചെടുക്കണം. ഉള്ളിന്റെയുള്ളിൽ നിന്നും പ്രതികരിച്ച് പൊരുത്തമില്ലാത്തവയിൽ നിന്നും മോചനം നേടി, നേരെ മുന്നോട്ട്...
ലക്ഷ്യത്തിലേക്ക് നീങ്ങി പൂർണമായി ഞാൻ ആരാണ് എന്ന അവസ്ഥ നിലനിർത്തുകയാണ് വിശുദ്ധി. ആരെങ്കിലും സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ ശ്രദ്ധിക്കപ്പെടുന്നത്
കണക്കിലെടുക്കാതെ വിശ്വസ്തതയോടെ കൂടി കഠിനപ്രയത്നം ചെയ്യുന്നതു മാത്രമേ കാണപ്പെടുകയുള്ളൂ.
എന്തെന്നാൽസമ്പൂർണ്ണത അങ്ങ് അകലെയുണ്ടെന്ന് അതിനറിയാം.കുറച്ച് അകലെയാണെങ്കിലും അത് അവിടെയുണ്ട്.
ഒരാൾക്ക് സന്തുഷ്ടത ഉണ്ടാകണമെങ്കിൽ അഗാധമായ ഗ്രഹണ ശക്തി ആവശ്യമാണ്. മനസ്സിന്റെ ചലനത്തെ സാവധാനം മുൻകൂട്ടി കാണുകയും അറിയുകയും വേണം. മറ്റെല്ലാത്തിനും അപ്പുറത്തുള്ള ലക്ഷ്യത്തിന്റെ ആകർഷണത്തെക്കുറിച്ച് ബോധം ഉണ്ടാകേണ്ടതും ആവശ്യമാണ്. സന്തുഷ്ടത എന്ന ജീവിതത്തെ കുറിച്ചുള്ള പഠനമാണ്. അല്ലാതെ ജീവിതത്തെ സൗമ്യമായി അംഗീകരിക്കുകയല്ല. അധികം ചിന്തിക്കരുതെന്ന് ആളുകൾ പറയാറുണ്ട് എന്നാൽ സന്തുഷ്ടത ഉണ്ടാക്കണമെങ്കിൽ അഗാധമായി ചിന്തിക്കുന്നതിലും
വളരെ ശ്രദ്ധാപൂർവ്വം നിരാകരിക്കുന്നതിലും വളരെ ശാന്തമായി പ്രതികരിക്കുന്നതിലും സമയമനുസരിച്ച് നീങ്ങുന്നതിലും ആസ്വാദനം കണ്ടെത്തണം. ഇതിനെല്ലാം ഉപരി ഉപബോധ മനസ്സിലെ അപരിചിതമായ വിജ്ഞാനങ്ങളും അഘാതങ്ങളും കടന്നുപോകാൻ ശക്തിയും ബുദ്ധിയും പ്രയോഗിക്കേണ്ടതായി വരും. എണീക്കാൻ ആവാത്ത വിധം തളരാൻ പാടില്ല. എന്നാൽ ശുഭാപ്തി വിശ്വാസത്തിന് ഒപ്പം തന്നെ, നിരാശയെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പും സമതുലനത്തിൽ ആയിരിക്കണം.
ഏറ്റവും കുറച്ച് അംഗീകരിക്കപ്പെട്ടിട്ടുള്ളതും എന്നാൽ ഏറ്റവും വിലയേറിയതുമായ മാനുഷിക ഗുണങ്ങളിൽ ഒന്നാണ് സഹകരണം.
പതിവായി മഴ പെയ്യാറുള്ള തുറസായ സ്ഥലത്ത് ഒരു പരിപാടി നടക്കുമ്പോൾ പ്രകാശിക്കുന്ന സൂര്യനുമായി ഈ ഗുണമുള്ള ആളിനെ സാദൃശ്യപ്പെടുത്താം. ആ പരിപാടിയെ എല്ലാവരും പ്രശംസിക്കും. പക്ഷേ സൂര്യനെ അതിനുശേഷം മറക്കുന്നു. കാലാവസ്ഥയുടെ ഗുണമേന്മയല്ല സൂര്യപ്രകാശം പോലെ എത്രമാത്രം അനിവാര്യവും പക്ഷേ അംഗീകരിക്കപ്പെടാത്തതും ആണ് സഹകരണം എന്ന് തെളിയിക്കപ്പെടുന്നത് കൊണ്ടാണ് ഈ സാദൃശ്യം ഇവിടെ പ്രയോഗിച്ചത്. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ പരിപാടി നിഷ്പ്രഭമാകുമായിരുന്നു. ജീവിതത്തിൽ തഴയപ്പെട്ട സൂര്യൻ ആയി ഒരുപാട് തവണ അവഗണിക്കപ്പെട്ടിട്ടുണ്ടെങ്കിൽ , കാലം കാർമേഘം പോലെ വന്നു മൂടുമ്പോൾ സൂര്യനെ തേടും അവരൊക്കെ. അത് പ്രപഞ്ച സത്യമാണ്.
വിജയം കൈവരിക്കുന്നതിന് വേണ്ടതെന്താണെന്ന് നിശബ്ദമായി ശ്രദ്ധിക്കുക, അത് തക്ക സമയത്ത് വേണ്ട സ്ഥലത്ത് എത്തിച്ചു കൊടുത്തിട്ട് ഉടൻ പിൻവാങ്ങുക എന്നതാണ് സഹകരിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സേവനം ചെയ്യുകയും അതിനുശേഷം അതിന്റെ വിജയം സമാപ്തിയിൽ തന്റെ പേര് വെളിപ്പെടുത്തുകയും ചെയ്യുന്നവർ സഹകാരികൾ അല്ല. കൃത്യമായും പ്രത്യക്ഷത്തിൽ വരാതെയും കർമ്മം ചെയ്തിട്ട് കർമ്മഫലത്തിനു വേണ്ടി കാത്തുനിൽക്കാതെ പോവുകയാണ് സഹകരണത്തിന് വേണ്ടത്. ഓരോരുത്തരും ഒരു പരിധിവരെ ഈ ഗുണം പ്രകടമാക്കുന്നുണ്ട് അധികമാളുകളും അവർക്ക് താല്പര്യം ഉള്ള കാര്യങ്ങളിൽ സഹകരിക്കും. ഈ ഗുണം സദാസമയം ഉണ്ടായിരിക്കുക എന്നാലർത്ഥം നിങ്ങളുടെ സഹകരണം ആവശ്യമുള്ളതെടുത്ത് നിരന്തരമായി നൽകിക്കൊണ്ടിരിക്കുക എന്നതാണ്. ചിലപ്പോൾ ചെയ്യത്തക്കതായി ഒന്നും കണ്ടില്ലെങ്കിലും ശാന്തമായ മനസ്സുകളുടെ പിന്തുണ ഈ ലോകത്തിന് ആവശ്യമാണ് .
മറ്റൊരു മനുഷ്യമനസിന്റെ ഉന്നതിക്കുവേണ്ടി ഒരു ചിന്തയുണ്ടാകുകയോ, ഒരു വാക്കു പറയുകയോ, ഒരു കർമ്മം ചെയ്യുകയോ ആണ് വേണ്ടത്. ഒരു നോട്ടം കൊണ്ടുപോലും നിങ്ങളുടെ പരിഗണന ആഗ്രഹിക്കുന്നവർ ചുറ്റിലും ഉണ്ടെന്ന് ഓർമ്മ നമ്മെ അതിലേക്ക് നയിക്കും.
നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ മാത്രമേ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അർത്ഥവത്താകു.
ഓരോ നിമിഷത്തിലും ഉൾക്കൊണ്ടിരിക്കുന്ന ജ്ഞാനത്തിന്റെ ഉറപ്പുള്ള കാതൽ സ്പർശിക്കുന്നതിന് നമ്മൾ അന്വേഷിച്ചാൽ മാത്രം മതി. എന്നിട്ടും നിശ്ചയദാർഢ്യം തകരുകയാണെങ്കിൽ, അൽപനിമിഷം നിശബ്ദരായിരിക്കുക, വീണ്ടും വീണ്ടും കർമ്മത്തിൽ മുഴുകുക.
അച്ചടക്കം ഉള്ളിൽ നിന്ന് ഉണ്ടാകേണ്ടതാണ്. അടിച്ചേൽപ്പിക്കപ്പെടുകയോ, പ്രകടനത്തിനു വേണ്ടി ഉണ്ടെന്ന് ഭാവിക്കുകയോ ചെയ്താൽ മുഖംമൂടി പോലെയാണിത്. കാണത്തക്ക രീതിയിൽ പുറമേ ധരിക്കുന്നുവെങ്കിലും ഉള്ളിൽ ചൂട് അനുഭവപ്പെട്ടാൽ നമ്മൾ അത് ഊരി മാറ്റുന്നു. നമ്മുടെ സ്വന്തം പ്രശ്നങ്ങളുടെ സ്വകാര്യതയിൽ അതൊരു ഭാരമാവുകയും അതിൽ നിന്ന് മോചനം കിട്ടാൻ നാം ആഗ്രഹിക്കുകയും ചെയ്യുന്നു. സ്വയം ബഹുമാനത്തിൽ നിന്നും ഉണ്ടാകേണ്ടതാണ് അച്ചടക്കം. തീർത്തും വ്യക്തി അധിഷ്ഠിതം.
അകവും പുറവും അച്ചടക്കം പാലിക്കുക, അടുക്കും ചിട്ടയും ഉള്ള ഒരു ജീവിതമാതൃക അവലംബിക്കുക എന്നത് സ്വാഭാവികമാണ്. പ്രകൃതിക്ക് ഒരു വ്യവസ്ഥയുണ്ട്.
ഒരുപക്ഷേ നാം മനസ്സിലാക്കിയില്ലെങ്കിലും ദുഃഖത്തിനും സന്തോഷത്തിനും അതിന്റേതായ നിത്യ സമയമുണ്ട് ക്രമരഹിതമായി ഒന്നും തന്നെയില്ല. മരണം പോലും ഒരു വ്യവസ്ഥയുടെ ദയയിലാണ് നമ്മെ സമീപിക്കുക.
അച്ചടക്കം ആത്മാവിന്റെ അർപ്പണത്തിൽ നിന്നുണ്ടാകുന്നതാണെങ്കിൽ അത് നിരന്തരമായ സംരക്ഷണം നൽകുന്നു.
വിട്ടുവീഴ്ചകളും, ഒഴിഞ്ഞുമാറലുകളും അനിവാര്യമായതിൽ മാത്രം ഉപയോഗിക്കേണ്ടതാണ്.
ആത്മീയമായ നോട്ടം ഉള്ളിലേക്ക് ഉണ്ടായാൽ, അകക്കണ്ണിൽ നാം അറിയണം...പ്രശ്നങ്ങളെ എല്ലാം പുതിയ പാഠങ്ങൾ ആക്കണം. അതിൽനിന്ന് വേണം സ്വന്തം ശക്തിയെ കുറിച്ചുള്ള അറിവും, അഭയം നൽകാനുള്ള കഴിവും തിരിച്ചറിയാൻ.പുനർനിർമ്മാണത്തിനു വേണ്ട ശ്രദ്ധയുടെയും സരളതയുടെയും ആധാരമാണ് വിനയം. ഇതിൽ സാമർത്ഥ്യം പ്രതീക്ഷിക്കാത്തതുകൊണ്ട് മറ്റുള്ളവർ എന്തു പറയും ചിന്തിക്കും എന്ന ഭീഷണിയില്ലാതെ സ്വാഭാവികമായി സഫലത ഉണ്ടാകുന്നു.
വിനയന്വിതരുമായുള്ള സമ്പർക്കം അഭിലഷണീയമാണ്. കാരണം അവരുടെ സാന്നിധ്യത്തിൽ ഒരാൾ തന്റെ ഏറ്റവും നല്ല അവസ്ഥയിൽ ആയിരിക്കും. കൂടാതെ അവർ സ്വഭിമാനമുള്ളവർ ആയതുകൊണ്ട് ചെയ്യുന്ന ഒരു കർമ്മവും അവരെ തരംതാഴ്ത്തുന്നില്ല.
ഓരോ സൃഷ്ടിപരമായ കർമ്മത്തിന്റെയും പിന്നിൽ വിനയം അത്യാവശ്യമാണ്.
സൗന്ദര്യവും ലാളിത്യവും കൂട്ടിമുട്ടുന്നിടത്തു ഇടയ്ക്ക് വന്നു പോകുന്നതാണ് അന്തർമുഖത. അന്തസ്സുറ്റ ജീവിതത്തിനു വേണ്ട ഗുണങ്ങൾ ആയ സ്നേഹവും ഊഷ്മളതയും പുറമെയും, ജ്ഞാനവും ധാരണയും ഉള്ളിലും ഉണ്ടാകുമ്പോഴാണ് ഇതുണ്ടാകുന്നത്. പുറമേക്ക് കുറച്ചു പേരുമായുള്ള ബന്ധവും, ഉള്ളിൽ ലോകവുമായുള്ള ബന്ധത്തെ തീവ്രമാക്കാൻ വേണ്ടതത്രയും ഉണ്ടാകുമ്പോഴാണ് ചെറിയ രീതിയിൽ അന്തർമുഖത കൈവരുന്നത്. പുറമേ വർത്തമാനകാലത്തെ കുറിച്ചുള്ള ഉത്കണ്ഠയും, അകമേ ഭാവിയെ കുറിച്ചുള്ള അവബോധവും ഒരുമിച്ചു ഉണ്ടാകുമ്പോൾ വിഭജനം പോലെ കടന്നുവരുന്നു അന്തർമുഖത.
ശാന്തതയോടെ സംസാരിക്കുവാനും, വിനയത്തോടെ നടക്കുവാനും, സ്നേഹത്തോടെ കർമ്മം ചെയ്യുവാനും ഇതിന് കഴിയും. സ്വകാര്യതയും, വ്യക്തിത്വവും, സംരക്ഷണവും, ജാഗ്രതയും, കടന്നുപോകുന്ന ഒരു സമയം ഉണ്ടാകും.
സാധാരണ കർമ്മങ്ങളുടെ വിരസതയെ പെട്ടെന്ന് തട്ടി നീക്കിയിട്ട് പുറമേ കാണപ്പെടുന്നതിനോട് പ്രതികരിക്കുന്നതിന് പകരം നമ്മൾ ഉള്ളിൽ നിന്ന് പ്രകടിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ലാഘവത്വം ഉണ്ടാകുന്നത്.
അതായത് തണുത്ത നീരുറവയ്ക്കുള്ളിൽ വെള്ളം തൊടുന്ന പോലെയുള്ള അവസ്ഥ. നമ്മുടെ അകം നാം അറിയുന്ന അവസ്ഥ. സ്വയം ശ്രേഷ്ഠമാക്കുന്ന ഒരു സ്പർശനം പോലെ. നമ്മൾ നേടിയെടുത്ത സൗമ്യതയെ മനസ്സിന്റെ സൗന്ദര്യവും ഹൃദയത്തിലെ സന്തോഷവും ചേർന്ന് സംരക്ഷിക്കുന്ന അവസ്ഥ.
കാരുണ്യം ഒരാൾക്ക് മറ്റൊരാളോട് തോന്നേണ്ട പരിഗണന കൂടിയാണ്.
പ്രകടനത്തിനു പിന്നിലെ ആവശ്യകതയെയും, ദേഷ്യത്തിനു പുറകിലുള്ള ദുഃഖത്തെയും, വിരസതയ്ക്ക് പുറകിലുള്ള ഭയത്തെയും മറുപുറത്തുനിന്നു തന്നെ കണ്ടുകൊണ്ട് പെരുമാറുന്ന ഗുണമാണ് കാരുണ്യം. ജീവിതത്തിന്റെ താളം തെറ്റുകളിൽ പൊട്ടിത്തെറിച്ചു കൊണ്ട്, പലതും പിച്ചിച്ചീന്തി കൊണ്ട് സ്വയം നശിച്ച്, മറ്റുള്ളവരെ കൂടെ നിരാശയിലേക്ക് തള്ളിവിടുന്ന ഭയാനകമായ ഈ അവസ്ഥയിൽ ഒരു കരതലം പോലെയാണ് കാരുണ്യം വർത്തിക്കുന്നത്. ഒരാൾക്ക് മറ്റൊരാളോട് കരുണയുണ്ടാകുക എന്നാൽ അയാളിലും നിങ്ങളിലുമുള്ള ദുർബലതകൾ മനസ്സിലാക്കി, പഠിച്ചതും ഉൾക്കൊണ്ടതുമായ ജ്ഞാനത്തിൽ കൂടി അവയെ നികത്തുകയാണ്. അങ്ങനെ അവ ശക്തിപ്പെടുകയും
നമ്മുടെ പക്വതയ്ക്കും ശാന്തതയ്ക്കും തുല്യമായ തലത്തിൽ എത്തുകയും ചെയ്യുന്നു.സാധാരണ കാരുണ്യം തേടുന്നത് പ്രത്യക്ഷവും ഭൗതികവുമായക്കു വേണ്ടിയാണ്. എന്നാൽ മനസ്സിന്റെ ആവശ്യങ്ങൾ കൂടുതൽ ദുർഘടവും അവകാശമാർന്നതും, ജീവനെത്തന്നെ പിടിച്ചുനിർത്തുന്നതും എന്നാൽ തൽക്കാലികവും അസത്യവുമായവയെ കൊണ്ടു നേടാൻ പറ്റാത്തതുമാണ് എന്നറിയുന്നതാണ് കാരുണ്യം.
പോരായ്മയുള്ള മനസ്സിന് അതിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഒരു ചിട്ട വേണമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയാണ് കാരുണ്യം. അതുകൊണ്ട് സത്യമായ കാരുണ്യം എന്നാൽ സൗമ്യത അല്ലെങ്കിൽ ആർദ്രത മാത്രമല്ല ഈശ്വരന്റെ സാന്നിധ്യം വഹിക്കുന്ന വ്യക്തമായ കാൽവെപ്പുകളുടെ ഒരു ആത്മീയ വ്യവസ്ഥയുമാണ്.
പുറമേയുള്ള ആകർഷണത്തിനു പകരം അകമേയുള്ള ശക്തി വീണ്ടെടുക്കാൻ കാരുണ്യം പ്രേരിപ്പിക്കും. അതുകൊണ്ട് മറ്റുള്ളവർ നമ്മളെ വേദനിപ്പിക്കുമ്പോൾ അവരെ പഴിക്കുന്നത് തെറ്റാണ് എന്ന ബോധം നമുക്ക് സ്വയം ഉണ്ടാകണം. എന്തെന്നാൽ കുറ്റപ്പെടുത്തുന്നവർ പുറമേയുള്ളത് മാത്രമല്ലാതെ അതിനും പുറകിലുള്ള വസ്തുത കാണുന്നില്ല. ശരിയായ കാരണം ഉൾക്കൊള്ളുന്ന ഉള്ളിന്റെയുള്ളിലേക്ക് നയിക്കുന്നത് എന്താണ് എന്ന് മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതാണ് കാരുണ്യം.
മനസ്സിലെ പോരാട്ടം സ്വയം തങ്ങളിലേക്ക് തന്നെ തിരമാലകളെപ്പോലെ തിരിയുമ്പോൾ ശക്തികൊണ്ട്
പിൻവാങ്ങുന്നതാണ് അനുസരണ. ഇത് ബലപ്രയോഗം അല്ല ശബ്ദത്തെ സൗമ്യമാക്കുകയും പ്രശ്നത്തെ നിശബ്ദമാക്കി മാറ്റുകയും ചെയ്യുന്ന സ്വാഭാവിക താളലയത്തിന്റെ സൃഷ്ടിയാണിത്.
അനുസരണയിലേക്കുള്ള ചുവടുകൾ നൃത്തത്തിലെ പാദചലനമാണ്. അതായത് ആദ്യത്തെ ചുവടുവെപ്പ് താനേ പരിശീലിക്കുന്നു.ഓരോ ചുവട് വീണ്ടും വീണ്ടും പലപ്രാവശ്യം ചെയ്യുമ്പോഴുള്ള സ്ഥിരമായ ശ്രദ്ധയാണിത്. ഇതുതന്നെയാണ് മനസ്സിന്റെ അനുസരണം വിഷമിപ്പിക്കുന്ന ചിന്തകളുടെ ക്രമാനുഗതമായ മുന്നേറ്റവും പിൻവാങ്ങലും നടക്കുന്നു.
നമ്മൾ ചിന്തിക്കാൻ തുടങ്ങുന്നു, അത് ദീർഘിക്കുന്നു. പിന്നെ മൃദുവായ സൂക്ഷ്മതയോടെ വേദനയുളവാകുന്നതിനു മുൻപ്
ചിന്ത പിൻവലിക്കുന്നു.
ഒരു മികച്ച നർത്തകി ആകാൻ ശ്രദ്ധയും ത്യാഗവും പോലെ ധൈര്യവും ആവശ്യമാണ്. അതുപോലെതന്നെയാണ് ജീവിതത്തിലും.
സ്വയം മാറുന്നതിന് മറ്റൊരാളുടെ മാറ്റം കൂടെ അനിവാര്യമാകുമ്പോൾ, അതിലേക്കുള്ള ചുവടുവെപ്പിന്റെ തുടക്കംഅനുസരണയിൽ നിന്നാണ്. ശരിയെ ശരിയെന്നും, തെറ്റിനെ തെറ്റന്നും പറഞ്ഞുകൊണ്ട് തന്നെ അനുസരിക്കണം. ഇരുട്ടിനെ ഇരുട്ടായും വെളിച്ചത്തിനെ വെളിച്ചമായും കാണാൻ പഠിപ്പിക്കണം.
അതിനെല്ലാം ക്ഷമ അത്യാവശ്യമാണ്. ആത്മീയ ചായ്വുള്ള മനുഷ്യരുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന് പ്രതിബന്ധങ്ങളെ ഉന്മൂലനം ചെയ്യുക എന്നതാണ്. മൃദുലവും എന്നാൽ വഴങ്ങാത്തതും വികാരത്തെയും പ്രകടനത്തെയും വേർതിരിക്കുന്നതുമായ പ്രതിബന്ധത്തിന്റെ സൃഷ്ടി കൂടിയാണ് ക്ഷമ. സ്വമേധയാ സംഭവിക്കുന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ മാത്രമാണ് ജീവിതം. അതിനാൽ സംഭവങ്ങളെ തടയാനായില്ലെങ്കിലും അത് നേരിടാനുള്ള ക്ഷമയാണ് ആർജിക്കേണ്ടത്. ക്ഷമയാകുന്ന ഭിത്തി എപ്പോഴും വികാരങ്ങൾക്ക്പുറം തിരിഞ്ഞു നിന്നിട്ട് ലളിതമായി ഭാവിയെ അഭിമുഖീകരിക്കുന്നു. വിവേക ശൂന്യതക്ക്പ്ര തികൂലമായ അത്ഭുത നടപടിയാണ് ക്ഷമ. പ്രോത്സാഹനത്തിനുള്ള ഉപാധി കൂടിയാണ് ക്ഷമ. ക്ഷമയുടെ ഭിത്തി തകർക്കപ്പെടുന്ന പല കൊടുങ്കാറ്റുകളും ഉണ്ടാകും. ആത്മീയാംശമുള്ളവരിൽ ഇതൊരു പരീക്ഷണമായി കണ്ടു കൊണ്ട് വീണ്ടും ക്ഷമയുടെ ഭിത്തി തകർക്കപ്പെടാത്ത വിധം കെട്ടി ഉറപ്പിക്കേണ്ടതുണ്ട്. അതിന് ആത്മവിശ്വാസം അത്യാവശ്യമാണ്.
അജ്ഞതയുടേതായ ഇടവേളയിൽ സന്തോഷമായും ശാന്തമായും ഇരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് ആത്മവിശ്വാസമാണ്. ആത്മവിശ്വാസം മൃദുവായി പ്രവർത്തിക്കുന്നു. പലരും നമ്മളെ വിമർശിക്കുകയും കളിയാക്കുകയും ചെയ്തുകൊണ്ട്,തകർക്കാനായി ശ്രമിക്കും. അപ്പോൾ അങ്ങനെയുള്ള അരക്ഷിതത്വ നിമിഷങ്ങളിൽ ആരോടെങ്കിലും ഒക്കെ സംസാരിക്കാൻ തോന്നും. പക്ഷേ എല്ലാവരും നമുക്ക് വേണ്ടി ചെവികൾ തുറക്കുന്നില്ലല്ലോ. ഉണ്ടെങ്കിൽ തന്നെ ഒരു വിമർശനാത്മക അവസ്ഥയിലൂടെ കേട്ട്, പലപ്പോഴും അവരുടെ സമയം കൊല്ലികളായി നാം മാറുന്നു. പലരും പല വിധത്തിലാണ് ഇതിനെ കൈകാര്യം ചെയ്യുക. ചില വാക്കുകളിൽ, സ്വരവിന്ന്യാസങ്ങളിൽ മറ്റുള്ളവരുടെ മടുപ്പ്, അതല്ലെങ്കിൽ വെറുപ്പ്, മനസ്സിലാക്കാൻ ശ്രമിച്ചാൽ എന്നോട് തന്നെ സംസാരിക്കുന്നതാണ് സുരക്ഷിതം എന്ന് തോന്നിപ്പോകും.ഔദാര്യം പോലെയുള്ള സൗഹൃദം, അർഹിക്കപ്പെടാത്ത സൗഹൃദം, ഇതൊന്നും ആവശ്യത്തിൽ കൂടുതൽ ഉപയോഗിക്കരുത്. അവർ നമുക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അവർ അറിയുന്നില്ലല്ലോ. അതിനാൽ ആശ്വാസം വെറുപ്പിലേക്ക് വഴിമാറാതെ സ്വയം പിൻവാങ്ങുക.നാം മറ്റൊരാൾക്ക് നൽകുന്ന സ്നേഹം സ്വയം നൽകിയാൽ തിരിച്ച് സ്നേഹം മാത്രമല്ല, ശാന്തിയും വിശുദ്ധിയും വിശ്വസ്തതയും ഉള്ളിന്റെയുള്ളിൽ നിന്ന് നമുക്കുതന്നെ സ്വയം ബോധ്യപ്പെടും.
ആവശ്യമില്ലാത്ത ബഹളങ്ങളിൽ നിന്ന് സ്വയം മോചിതനാകാൻ സ്വയം പഠിപ്പിക്കുകയും, ഉള്ളിലെ ഏകാന്തതയോടുള്ള സ്നേഹം പുഷ്ടിപ്പെടുത്തുകയും ചെയ്യുമ്പോൾ, രണ്ടു കാര്യങ്ങൾ സംഭവിക്കുന്നു.
ഒന്നാമത് നമ്മുടെ ജീവിത രീതി നമ്മുടെ ചുറ്റുമുള്ളവർക്ക് സുഖത്തിന്റെ ഉറവിടമാകത്തക്കവണ്ണം സഹജമായി ലാളിത്യമായി തോന്നിപ്പിക്കുന്നു. രണ്ടാമതായി നാം ആർജിക്കുന്ന ആ ലാളിത്യത്തിൽ നിന്നും നമ്മുടെ തന്നെ നിരീക്ഷണ പാടവം ഉയരുന്നു. യഥാർത്ഥത്തിൽ ഇത് നഷ്ടപ്പെട്ട കാഴ്ച ശക്തി തിരിച്ഛ് ലഭിക്കുന്നത് പോലെയാണ്. നമ്മൾ എന്തിനെയെല്ലാമോ ത്യജിച്ചു എന്ന് കൂടെ കൂടെ ഒരു വെല്ലുവിളിയായി പലരും നമ്മളോട് ചോദിക്കും. പക്ഷേ നിഷേധാത്മകമായുള്ളതു മാത്രമേ ത്യജിച്ചിട്ടുള്ളൂ എന്ന് സ്വയം തോന്നും. കാരണം.കഴിഞ്ഞകാലങ്ങളിൽ ശേഖരിച്ച അനുഭവങ്ങളുടെ സമ്പത്ത് തിരസ്കരിച്ചിട്ടില്ല. അതിൽ നിന്നുണ്ടായ വേദന മാത്രമേ നിരാകരിച്ചിട്ടുള്ളൂ. ആവശ്യമില്ലാത്ത വേദനഎന്തിനു മാറാപ്പായി ചുമക്കണം. സൂചിമുന പോലെ തുളച്ചു കയറിയ നോട്ടങ്ങളും, കാരമുള്ള പോലത്തെ മോശപ്പെട്ട സ്പർശനങ്ങളും അതിനോടനുബന്ധിച്ചുണ്ടായ വാഗ്വാദങ്ങളും, തുടർന്നുണ്ടായ നാടകീയ മുഹൂർത്തങ്ങളും
ത്യജിച്ചു എങ്കിൽ, മനസ്സ് അതിനോട് പൊറുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്ക് കൂടുതൽ ലളിതം ആകാൻ കഴിയൂ.
ആപൽക്കരമായ സംഭവത്തിനിടയ്ക്ക് സമചിത്തത പാലിക്കുക എന്നതാണ് സ്ഥിരത. പ്രകാശത്തിലേക്കുള്ള മൃദുലവും എന്നാൽ ശക്തിയേറിയതുമായ ഒരു ഉയർച്ചയാണിത്. അതായത് എല്ലാ കാര്യങ്ങളും സ്വയം മനസ്സിലാക്കിഅടുക്കി ശേഖരിച്ചു വയ്ക്കപ്പെടുന്നു. സംശയത്തോടെ വലിച്ചെടുക്കത്തക്കവണ്ണം ഒന്നും തന്നെ അവഗണനയോടെ ശേഖരിക്കരുത്. ഒരിടത്ത് പിടിച്ചു നിൽക്കാനായി അധിക്ഷേപം സഹിക്കേണ്ടതില്ല. നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുകയും, ചെയ്യുകയും, ഒരുപക്ഷേ അവസാനത്തെ പിടിവള്ളിയിൽപിടിച്ചു നിൽക്കുമ്പോൾ, ആരെങ്കിലും നമ്മളെ തള്ളിനീക്കുകയാണെങ്കിൽ സമനില തെറ്റി വീഴും. ആ വീഴ്ചയിൽ നമ്മുടെ ഹൃദയം തകർന്നുപോകും. എന്നാൽ അവിടെ നിന്ന് എഴുന്നേൽക്കാൻ നമ്മുടെ കാലുകൾക്ക് ശക്തി ലഭിക്കും. കാലുകൾ ചിറകുകൾ ആയി മാറും. വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ തള്ളിനീക്കിയവർക്ക് ലഭിക്കുന്ന പ്രശംസയേക്കാൾ വലുതായിരിക്കും സ്വതന്ത്രരായി പറന്നുയരുമ്പോൾ ലഭിക്കുന്ന ആശ്വാസം.
എല്ലാറ്റിലുമുപരി ജീവിതം ഉയർച്ചയും താഴ്ചയും നിറഞ്ഞതാണ് അതിനാൽ നമ്മൾ സമചിത്തതയോടെ ജീവിക്കണമെന്ന് അറിവിൽ നിന്നാണ് സ്ഥിരതയുണ്ടാകുന്നത്.
സമർപ്പണം എന്നാൽ ഒരിക്കലും പിന്തിരിഞ്ഞു നോക്കാതെ ഇരിക്കുക എന്നതാണ്. പുറകിലുള്ളത് എല്ലാം കഴിഞ്ഞുപോയവയും. മുൻപിലുള്ളതെല്ലാം എത്തിച്ചേരാനുള്ളവയുമാണ്. പുറകിലേക്ക് തിരിഞ്ഞാൽ മുന്നോട്ടുള്ള ഉടയാത്ത പടികൾ പിഴ വരുത്തുന്നതോ വ്യവസ്ഥപ്പെടുത്താത്തതൊ ആവാം. വളരെ ശ്രദ്ധയോടെ തൃപ്തികരമായ ഉറപ്പിച്ചിട്ടുള്ള മുന്നോട്ടുള്ള പടികൾ ആത്മവിശ്വാസത്തോടെ കയറുന്നതിന് സ്വയം സമർപ്പണം ആവശ്യമാണ്. യാത്രയിൽ എല്ലാ സങ്കീർണതകളും നാം അഭിമുഖീകരിക്കേണ്ടത് ഉണ്ടാകും. പണത്തിന്റെ ബുദ്ധിമുട്ട്, മിതമായ ധനവിനിമയം, ഭൂമിയോളം ക്ഷമ, താങ്ങാനുള്ള ചുമലുകൾ ഇല്ലായ്ക, പൊട്ടിച്ചിരികൾക്ക് പകരം ഏകാന്തമായ പകലുകൾ.പൊട്ടിത്തെറിക്കുന്ന സന്ധ്യകൾ തേങ്ങുന്ന രാവുകൾ,തോളിൽ തട്ടി ആശ്വസിപ്പിക്കാത്ത സൗഹൃദങ്ങൾ, പാതി മുറിഞ്ഞ സംഭാഷണങ്ങൾ, നമ്മുടെ ശബ്ദം പോലും കേൾക്കാൻ ഇഷ്ടപ്പെടാത്ത നിമിഷങ്ങൾ. മനസ്സിലുള്ളതെല്ലാം അടക്കിപ്പിടിച്ച് , തുടർകഥ ആയി മാറുന്ന പേടിപ്പിക്കുന്ന നിശബ്ദത.
എന്നാൽ സമർപ്പണത്തിലെ അവസാന അവസ്ഥ പറന്നുയരുകയാണ്. ബന്ധനത്തിന്റെ കേട്ടുപാടിൽ നിന്നും പൂർണ്ണമായി ഉയർത്തി അകലേക്ക് മാറ്റുന്ന ചിന്തകൾ. സത്യനിറഞ്ഞ ചിന്തകൾ ആയതുകൊണ്ട് അവ സ്വാഭാവികമായി മുകളിലേക്ക് ഉയർത്തപ്പെടുന്നു. ചിന്തകൾ ഇപ്രകാരം വ്യക്തമാകുമ്പോൾ യാത്രയുടെ രീതി മാറുന്നു. വിഷമതകളെ തമാശയായി കണ്ട് പിന്തുണച്ചു കൊണ്ടും,പിന്താങ്ങപ്പെട്ടു കൊണ്ടും, ശബ്ദം ഉണ്ടാക്കിക്കൊണ്ടും, സംഘമായി നീങ്ങുന്ന കൂട്ടുകാരിൽ നിന്നും വേർപെട്ട് മുകളിലേക്ക് പുറപ്പെടുന്നു. തികച്ചും വ്യത്യസ്തമായ ഒരു പ്രകടന മാധ്യമം ആണിത്. ഏകാന്തതയുടെ ഒരു ബിന്ദുവിലേക്ക്. പക്ഷേ ഏറ്റവും സൂക്ഷ്മമായ സൗഹൃദവും സഹായവും നൽകപ്പെടാൻ സാധ്യതയുള്ള സ്ഥലത്തേക്കാണ് പുറപ്പെടുന്നത് ഏറ്റവും ഉന്നതമായ സമർപ്പണം സ്വയം ഒരു മാലാഖ ആവുകയാണ്. സ്വയം സംരക്ഷിക്കുന്ന കാവൽ മാലാഖ. ആ ഒരു അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ അക്ഷീണത കൈവരും. ഇതിനു ആത്മാവുമായിട്ടാണ് ബന്ധമുള്ളത്. ജീവിതത്തിന്റെ ധർമ്മമോ, സ്പുടതയോ,തുടരെയുള്ള വ്യതിയാനങ്ങളോ സൗന്ദര്യമോ എടുത്തുമാറ്റാൻ ഒന്നിനെയും അനുവദിക്കുന്നതുമില്ല. എല്ലാത്തിനും ഉപരി സ്നേഹത്തെ ഒരിക്കലും നശിപ്പിക്കരുത് എന്നാണ് അക്ഷീനതയുടെ അർത്ഥം.
ഒരാൾ ക്ഷമിച്ചില്ലെങ്കിലും അയാളോട് ക്ഷമിക്കാനും, ഒരാൾ പുഞ്ചിരിച്ചില്ലെങ്കിൽ അയാളോട് പുഞ്ചിരിക്കാനും, നാം എന്താണോ മറ്റുള്ളവരിൽ നിന്ന് ആഗ്രഹിക്കുന്നത് അതുപോലെ മറ്റുള്ളവരോട് പെരുമാറാനും സ്വയം ഒരു ബോധ്യം ഉണ്ടാകും.
അത് തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷയിൽ മാത്രമാണ് നിരാശ വരുന്നത് എന്ന തത്വം ഉൾക്കൊണ്ട്.
അക്ഷീണതക്ക്ആ ത്മവിശ്വാസം ആവശ്യമാണ്. കഴിഞ്ഞ കാലത്തേക്കുള്ള പിൻവാങ്ങലോ, ഭാവിയിലേക്കുള്ള ഉൾക്കടമായ അഭിനിവേശമോ ഇല്ലാത്ത രീതിയിൽ ജീവിതത്തോട് സ്നേഹം വേണം. ഇവിടെയാണ് സുന്ദരവും സമാഹരണയോഗ്യവുമായ ഊർജ്ജം വേണ്ടത്. ചിലതിനെയൊക്കെ ലാഘവത്തോടെ പിൻവാങ്ങുന്നതിനും, ചിലതിനെയൊക്കെ മനോ നിയന്ത്രണത്തിൽ കേന്ദ്രീകരിക്കുന്നതിനും സ്വയം അറിവ് നല്ലതാണ്.
നമ്മെ ക്ഷീണത്തിൽ ആക്കുന്ന സങ്കുചിതത്വം വ്യാകുലത ഇവയെ ഉപേക്ഷിച്ച് ശരീരത്തെ ഊർജ്ജത്തോടെ ഇരിക്കാൻ പ്രേരിപ്പിക്കുന്ന ശുദ്ധമായ വായുവാണ് പ്രാഥമിക ഔഷധം. അതിനായി ശ്വസനക്രിയ ക്രമപ്പെടുത്തുകയും, ആഹാരരീതി ചിട്ടപ്പെടുത്തുകയും, മനസ്സും ശരീരവും ഒരുപോലെ അടക്കവും ഒതുക്കവും ഉള്ളതാകുകയും. യാതൊരു പ്രലോഭനങ്ങളിലും ഉൾപ്പെടാതിരിക്കുകയും. നല്ലതു കൊള്ളുകയും, മോശപ്പെട്ടവ തള്ളുകയും ചെയ്യേണ്ടതുണ്ട്.
മിതമായ ജീവിതശൈലി കൈവരിക്കേണ്ടത് ഇന്നത്തെ കാലത്ത് അതിപ്രധാനമാണ്. മറ്റുള്ളവരെ അല്ല...
സ്വയം ആണ് ബോധ്യപ്പെടുത്തേണ്ടത് എന്ന ബോധം ഉണ്ടായാൽ ഇതിനെല്ലാം ഉത്തരം കിട്ടും.
പലതും പൊറുക്കാനും സഹിക്കാനും ഉള്ള ശക്തിയാർജിക്കണം. സഹനശക്തിയുള്ള ഒരാളെ ഏതു പരിതസ്ഥിതിയുടെ പോക്കറ്റിലും ഇടാൻ കഴിയുന്നു,അയാൾക്ക് തമാശയും വിനോദവും അവതരിപ്പിക്കാൻ കഴിയുന്നു, തമാശ വരെ കാര്യങ്ങളിൽ നിന്നും ഉണ്ടാകുന്നു,പീഡനമോ നിരാശയോ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഇത് പ്രകടമാകാം. സഹനശക്തിയുടെ തമാശ സമ്പൂർണ്ണ ശുഭാപ്തി വിശ്വാസത്തിൽ നിന്നും ഉണ്ടാകുന്നു.
ആദ്യം നിശബ്ദതയെ സ്നേഹിക്കണം വീണ്ടും വീണ്ടും ഉള്ളിന്റെയുള്ളിൽ നിശബ്ദമായ യാത്ര ആവർത്തിച്ചു കൊണ്ടേയിരിക്കണം.
എപ്പോഴും കർമ്മനിരതരായിരിക്കുക. സ്വയം പ്രവർത്തിക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി അവർണ്ണനാതീതമാണ്.
ഉള്ളിന്റെയുള്ളിൽ അനുഭവത്തിന്റെ സംഗീത ചിത്രമുള്ള മനുഷ്യരായി അധികസമയം പൂട്ടിക്കിടക്കുന്ന പ്രത്യേക വാസനകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന മനുഷ്യരായി മറ്റുള്ളവരെ സ്നേഹിക്കണം. മനുഷ്യരുടെ കണ്ണുകൾ നോക്കി അവരുടെ വിശേഷതകൾ കണ്ടിട്ട് നമ്മുടെ വിശേഷതകളോടുകൂടി അവരുമായി കൂടിക്കാഴ്ച നടത്തിയാൽ സഹനശക്തി സഹജമായി ഉണ്ടാകുന്നു.ജീവിതത്തെ ഉന്നതമാക്കുന്നതിന് വേണ്ടിയുള്ള ഗുണങ്ങളോട് നിങ്ങൾക്കുള്ള ബഹുമാനത്തിന്റെ പ്രകടനം ആണിത്. സഹനശക്തി ഇല്ലെങ്കിൽ ഓരോ കാര്യവും സാധാരണമാകുന്നു.. സത്യത എപ്പോഴും കൂടെ കൊണ്ട് നടക്കണം. സ്നേഹിതർക്കിടയിൽ ഉള്ള വിശ്വസ്തത ഈശ്വര ബന്ധത്തിലേക്കുള്ള ഒരു കവാടം കൂടിയാണ്.
ആപത്തിനെ കുറിച്ചുള്ള അറിവാണ് ജ്ഞാനം. പക്ഷേ ഒരിക്കലും അത് ഭയമാകുന്നില്ല. കാരണം മാർഗ്ഗമധ്യേ വളരെ അകലെ ഒരു വളവ്, ആഴത്തിലേക്കുള്ള വീഴ്ച, ഇതൊക്കെ മനസ്സിലാക്കി വയ്ക്കുവാൻ ഉള്ള തിരിച്ചറിവാണ്ജ്ഞാനം.
ഇത്അനുഭവത്തിന്റെ സമൃദ്ധിയാണ് .
ധൈര്യം ലക്ഷ്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. ഇടയ്ക്കുള്ള ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. ഓരോ ചലനത്തിനും പുറകിൽ തീരുമാനിക്കപ്പെട്ട ഇച്ഛാശക്തിയുണ്ട്. അതുകൊണ്ട് തോൽവി വളരെ വളരെ അകലെയാണ്. തികച്ചും കാണാൻ സാധിച്ചില്ലെങ്കിലും മനസ്സിന്റെ ഉള്ളിൽ നമുക്ക് അറിവ് ഉണ്ടാകുകയും, ആ അറിവ് നമ്മൾ പിന്മാറാതിരിക്ക വിധത്തിൽ കാണാനുതകുന്ന ഒരു പ്രകാശമാവുകയും ചെയ്യുമ്പോഴാണ് ധൈര്യം ഉണ്ടാകുന്നത്. ധൈര്യം ജീവിതത്തോടൊപ്പം വളരുന്ന ഒന്നാണ്. എന്നാലും എല്ലായിപ്പോഴും ജാഗ്രത ഉണ്ടായിരിക്കണം.
മനസ്സിന്റെ ധൈര്യം തിരികെ ലഭിക്കണമെങ്കിൽ നമ്മളിൽ നിന്ന് നഷ്ട പോയിട്ടുണ്ടോ എന്ന് നമ്മൾ സംശയിച്ച ഈശ്വരനോടുള്ള അടുപ്പം തിരികെ കൊണ്ടുവരണം. ഈശ്വരൻ നമ്മുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ നമ്മുടെ കൂടെ സൂര്യരശ്മി കടക്കുന്നതുപോലെയുള്ള അനുഭവമാണ്. പ്രകാശം കടന്നു വരുമ്പോൾ അതിന്റെ മുഖ്യപ്രവണത ഭംഗിയും, മൂല്യവും പുനസ്ഥാപിക്കുക എന്നാണ്. പ്രകാശത്തെ ക്ഷണിക്കുകയാണ് ധ്യാനം.ഇത് മറ്റെല്ലാത്തിനെയും പുറന്തള്ളി ഏകനായി ഇരിക്കുക എന്നതിൽ അല്ല... മറിച്ച് എല്ലാം ഉൾക്കൊള്ളുകൊണ്ട് ജീവിതത്തിന്റെ എല്ലാ തിരക്കുകളും ആസ്വദിച്ചു കൊണ്ടുതന്നെ അല്പസമയം ഏകനായി ഇരിക്കുക എന്നതാണ്.. എങ്കിലും അവിടെ നാം ഒറ്റയ്ക്കല്ല... എല്ലാം കേട്ടിരിക്കാൻ ഈശ്വരനും, നമ്മളിലെ നാമും ഓരോ നിമിഷത്തിലും ഉണ്ടെന്ന തിരിച്ചറിവിലേക്കാണ് നമ്മെ എത്തിക്കുന്നത്.
മറ്റുള്ളവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതുപോലെ സ്വയം ബഹുമാനിക്കുകയും ആദരിക്കുകയും വേണം. സ്വസ്നേഹം എപ്പോഴും ഉണ്ടാകുന്നുവോ അപ്പോഴാണ് നാം നമ്മെ അറിയുന്നത്. ബഹുമാനിക്കുക എന്നാൽ ശ്രദ്ധിക്കുകയും ശക്തി കൊടുക്കുകയും ആണ്. അതായത് നാം ഓരോരുത്തരും പ്രത്യേകതയുള്ളവർ ആയതിനാൽ ഓരോരുത്തർക്കും മഹിമയുണ്ടെന്നുള്ള ബോധത്തിൽ അധിഷ്ഠിതമായ ഒരു ബഹുമാനമാണ് നമുക്ക് നമ്മോട് വേണ്ടത്. എവിടെ ബഹുമാനമുണ്ടോ അവിടെ കഴിവുകൾ നിരന്തരമായി പരിവർത്തനപ്പെടുന്നു എന്ന് അറിവുണ്ട്. ബഹുമാനം വളരെ ശീതളമാണ്കാരണം അത് സ്ഥാനത്തെ വിലമതിക്കുന്നു.
മനുഷ്യരെ ബഹുമാനിക്കുന്നത് പോലെ വസ്തുക്കളെ ബഹുമാനിക്കുന്നതും ഫലപ്രദമാണ്. ശരീരത്തെ അതിന്റെ എല്ലാ ശക്തികളോടും ബലഹീനതകളോടും കൂടി ബഹുമാനിക്കുന്നതിൽ നിന്നാണ് പദാർത്ഥങ്ങളെ ബഹുമാനിക്കുന്നതിന്റെ ആരംഭം കുറിക്കുന്നത്. സൗന്ദര്യത്തെ പ്രകീർത്തിക്കുകയോ, വൈരൂപ്യത്തെ അവഹേളിക്കുകയോ ചെയ്യാതെയും, ആരോഗ്യത്തെ പ്രദർശിപ്പിക്കുകയോ, വേദന അനുഭവിക്കുകയോ ചെയ്യാതെയും ഒരേ സന്തുലിതാവസ്ഥയിലുള്ള സമീപനമാണ് ബഹുമാനം. എവിടെ ബഹുമാനം നൽകുന്നുവോ അത് ജീവിതത്തിൽ കൂടി ഒരു നേർവഴി നിർമ്മിക്കുന്നത് പോലെയാണത്. നമ്മൾ നൽകിയ ബഹുമാനം നമ്മളിലേക്ക് തന്നെ തിരിച്ചെത്തും എന്നതും ഒരു പ്രപഞ്ച സത്യമാണ്.
താമരയുടെ കഥ അതിനു ഉദാഹരണമാണ്.
താമര പുഷ്പം ചെളിയെ മറ്റൊന്നാക്കി മാറ്റുന്നില്ല. ചെളി ചെളി തന്നെയാണ്. എന്നാലും താമരയുടെ വളർച്ചയെ സഹായിക്കാൻ ആവശ്യമായ പോഷകങ്ങൾ ചെളിയിലുണ്ട്. നമ്മുടെ കാര്യവും ഇങ്ങനെ തന്നെയാണ് നമുക്ക് ഇഷ്ടപ്പെടാത്ത ഒരു പരിതസ്ഥിതിയിലാണ് അതായത് ചെളിയിലാണ് നാം പലപ്പോഴും. എന്നാലും അതിനെ ഇളക്കി വികൃതമാക്കാതെ അംഗീകരിക്കാൻ മാത്രം കഴിഞ്ഞാൽ അത് നമുക്ക് ഏറെക്കുറെ ഏറ്റവും സുരക്ഷിതമായ സ്ഥാനമായിരിക്കും അത് നമ്മെ വളർത്തും. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമുക്ക് ഒരാളിൽ നിന്നോ , ഒരുകൂട്ടമാളുകളിൽ നിന്നോ മോചനം വേണം. ഏകാന്തത വേണം. പക്ഷേ ആ ബന്ധങ്ങൾ നമ്മെ അകപ്പെടുത്തിയിരിക്കുന്നു. കാരണം നമ്മുടെ മേൽവിലാസം അതാണ്.
അത്ഇ ല്ലാതെ നാം പൂർണ്ണമാവുകയില്ല. എന്നാൽ വ്യക്തിത്വത്തിന്റെ ഒരു നിസ്സാര വസ്തുതയിലേക്ക് മാത്രം നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് ബാക്കിഭാഗം നാം പൂർണ്ണമായും അവഗണിക്കുകയാണെന്ന് തിരിച്ചറിയുകയും, ഒരു വ്യക്തിയുടെ സാമീപ്യം കൊണ്ടുള്ള പരിപോഷണം മനസ്സിലാക്കുകയും ചെയ്യുകയാണെങ്കിൽ നമ്മളോട് ഇപ്പോൾ ഏറ്റവും അടുപ്പമുള്ള ആ വ്യക്തി മിക്കവാറും നമുക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല അധ്യാപകൻ ആയിരിക്കും. കാരണം ജീവിതത്തിലെ പ്രധാനപ്പെട്ട അധ്യായങ്ങളെല്ലാം നമ്മെ പഠിപ്പിച്ചത് ആ വ്യക്തി കാരണം ഉണ്ടായ അനുഭവങ്ങളിൽ കൂടെയാണ്. അതിനാൽ തന്നെ നമ്മെ തോൽക്കാതെ ജയിപ്പിച്ച ആ പാഠങ്ങൾ നാം കൂടെ കൂട്ടിയേ തീരൂ.
കാരണം എല്ലാ ഗുണങ്ങളോടും കൂടി സ്വീകരിക്കുക എളുപ്പമാണ്. എല്ലാ ദോഷങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് ചേർത്തു പിടിക്കുക വളരെ ദുഷ്കരവും എന്നാൽ മഹത്തരവും ആണ്.
അവസാനമായി ജീവിതത്തിന്റെ മധുരത നാം അറിഞ്ഞിരിക്കണം. ഇന്ദ്രിയങ്ങളുടെ മേലുള്ള പരമാധികാരമാണ് മധുരത. അതായത് വസ്തുക്കളുടെ പിന്നിലുള്ള വസ്തുതകൾ മാത്രം കാണുന്ന കണ്ണുകൾ, കാര്യമാത്ര പ്രസക്തമായവ മാത്രം സംസാരിക്കുന്ന നാവുകൾ .... നന്മ കേൾക്കാനും,നേരറിയാനുമുള്ളചെവികൾ. ജീവിതത്തിന്റെ സത്തയ്ക്കുള്ള നീണ്ട യാത്രയുടെ അനുഭവങ്ങളിലൂടെയാണ് മധുരത കൈവരുന്നത്. വാക്കുകളുടെ സ്വഭാവത്തിൽ നിന്ന് അകന്ന് യഥാർത്ഥത്തിൽ എന്ത് സംഭവിക്കുന്നു എന്ന് കാണാൻ സാധ്യമാക്കുന്ന സത്യതയുടെ രേഖയിൽ കൂടെ ജീവിതം നയിക്കുകയാണ് മധുരത. ഇത് വസ്തുക്കളിലെ നന്മ മാത്രം ഗൗനിക്കുന്നു. കാരണം ഓരോ വസ്തുവിലും എവിടെയോ നന്മയുണ്ട് എന്ന ദൃഢവിശ്വാസം അതിന്റെ ഉള്ളിന്റെയുള്ളിൽ ഉണ്ട്. അത് കണ്ടുപിടിക്കാനുള്ള ക്ഷമ നമ്മിൽ ഉണ്ടായാൽ മാത്രം മതി. സത്യമായ മധുരത സത്യം കൊണ്ടു മാത്രമേ പോഷിക്കപ്പെടുകയുള്ളൂ. യഥാർത്ഥത്തിൽ മാധുര്യമുള്ളതെന്ത്? അതൊരിക്കലും കാലത്തിനിരയാവുകയില്ല. അനശ്വരതയെ ബന്ധിച്ചു ജീവിതം നയിക്കാനായി സ്വയം ശ്രമിക്കുക. നമ്മുടെ ജീവിതമാകുന്ന രാജ്യത്തെ രാജാവും, റാണിയും നാം തന്നെയായി മാറുക. സ്വയം സ്നേഹിക്കുക.
കഴിഞ്ഞുപോയ 365 ദിവസങ്ങളിലായി വായിച്ചതും കേട്ടതും കണ്ടതുമായ വിചാരങ്ങളിൽ നിന്നും എഴുതിക്കൂട്ടിയവ മാത്രമല്ല ഇത്... ആത്മീയ യാത്രയുടെ ആഴങ്ങളിലേക്ക് പോകുവാൻ ആഗ്രഹമില്ലെങ്കിലും, ആത്മശാന്തിയുടെ നിലനിൽപ്പ് നമ്മിൽ തന്നെ തുലനാവസ്ഥയിൽ നിൽക്കണമെന്ന ആഗ്രഹവും,കഠിനമായ പ്രയത്നം കൊണ്ട് മനസ്സിന്റെ തുലനാവസ്ഥ നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമവും മാത്രമാണ് ഈ വരികളിലൂടെ കാണുക.
സുഖ സന്തോഷങ്ങളുടെ വാതിലുകൾ അടയുമ്പോൾ,മനശാന്തിയുടെ ജനലുകൾ സ്വയം തുറക്കുക എന്ന സത്യം.
കരുത്ത് അകത്തെ കാതലാണ്, തീക്ഷണമായ അനുഭവങ്ങളുടെ കരുത്തേറ്റ കാതലിനെ മറ്റൊരാൾക്കും കൊത്തിക്കീറാനാവില്ല.
അനുഭവസ്ഥർ പറയുന്നത്
വിശാലമായ ആകാശത്തേക്ക് ചില്ലകൾ വിരിക്കാൻ ഒരുങ്ങുന്ന കരുത്തുറ്റ പുളിയുടെയോ കാഞ്ഞിരത്തിന്റെയോ അകകാതലുള്ള തടിയെ ഒരു കൊടുങ്കാറ്റിനും തകർക്കാനാവില്ല... ഏതു മലവെള്ളപ്പാച്ചിലിനും വഴങ്ങിക്കൊടുക്കാൻ തയ്യാറാവാത്തത്ര ആഴത്തിൽ അതിന്റെ വേരുകൾ ഭൂമിയെ വരിഞ്ഞിരിക്കും .... അങ്ങനെയും ചില പെൺ ജന്മങ്ങൾ ഉണ്ട്.
പുറമേക്ക് മർത്യ ദൗർബല്യത്തെ പുണരുമ്പോഴും, അകമേ
ഉള്ളറകളിൽ അവൾ സ്വയം ഒരു പുലരിയായി ഉണർന്നുകൊണ്ടിരിക്കും. ഒരാൾക്കും അളക്കാൻ ആവാത്തത്ര വെണ്മയോടെ.....അത് തന്നെയാണ് അകമഴക് അഥവാ മനമഴക് 🤍