അറിവിന്റെ ആഘോഷമാകണം ജീവിതം എന്ന് ഓർമ്മപ്പെടുത്തുന്നു ഓരോ വിദ്യാരംഭവും. അറിഞ്ഞവന്റെ ജീവിതത്തിൽ ഒരു കാഞ്ഞിരവും കയ്ക്കുന്നില്ല, ഒരു മുറിവും വേദനയുണ്ടാക്കുന്നില്ല.............ക്ഷരം അഥവാ നാശം ഇല്ലാത്തവയാണ് അക്ഷരങ്ങൾ.
വാക്കുകളുടെ ശുദ്ധി പൊന്നുപോലെ തിളങ്ങാൻ നാവിൽ പൊന്നുകൊണ്ട് എഴുതി തുടക്കം.അറിവ് അന്നമാകണമെന്ന് വിശ്വാസമാണ് അരിയിൽ എഴുതിക്കുന്നതിന് പിന്നിൽ. നിലനിൽപ്പിനാധാരമായ മണ്ണിന്റെ പ്രാധാന്യം കുറിക്കുന്ന മണലിൽ എഴുതി തെളിയണം ഓരോ അക്ഷരങ്ങളും.
കന്നി മാസത്തിലെ ശരത് നവരാത്രിയോടുകൂടി തുടങ്ങുന്നതായിരുന്നു കുട്ടിക്കാലത്തെ ഓരോ നോമ്പ് കാലവും .
തികഞ്ഞ സ്വാതിക ജീവിതം ആചരിച്ചിരുന്ന മുത്തശ്ശൻ അധ്യാപകനായ കാലം മുതൽ 60 വർഷത്തിലേറെയായി ഗ്രാമത്തിലെ പാരമ്പര്യ എഴുത്താശാനായിരുന്നു. കാവും പൂജയും വ്രതവും ചിട്ടകളും എന്നും കൂടെ കൂട്ടിയിരുന്ന ഒരാൾ.
നവരാത്രിയുടെ 9 ദിനങ്ങളോടെ തുടങ്ങുന്ന ചിട്ടകൾ ....മണ്ഡലകാല അവസാനത്തോടുകൂടി കാവിലെ അഖണ്ഡ നാമജപവും കഴിഞ്ഞ് സമീപത്തുള്ള എല്ലാവരുടെയും കെട്ടുനിറ യും പൂർത്തിയാക്കി , നാൽപ്പതിലധികം വർഷത്തോളം ഗുരുസ്വാമിയായ മുത്തശ്ശൻ ശബരി മലയ്ക്കു പോയി വന്ന് മാല അഴിച്ചു വെക്കുന്നതോടെയാണ് അവസാനിക്കാറ്.
കുട്ടിക്കാലം മുഴുവൻ മുത്തശ്ശന്റെ കൂടെ കുളത്തിലും പുഴയിലും ഒക്കെ പോയി കുളിക്കാനും, നോമ്പു നോറ്റ് വ്രതം എടുക്കാനും, ക്ഷേത്രദർശനത്തിനും, കാവിലെ പൂജകൾക്കും, പൂവൊരുക്കാനും ഒക്കെ പിന്നാലെ കൂടിയിരുന്നു ഞാനും അനിയത്തിയും.
അതിനാൽ തന്നെഇന്നും ഓരോ പ്രധാന ദിവസങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും പഴയ ഓർമ്മകളോടുകൂടി തന്നെയാണ്.
അതിരാവിലെ കുളിച്ച് കാവിൽ പോയി തൊഴുത് ആഹാരം കഴിച്ചിരുന്നത് മുതൽ സ്കൂൾ വിട്ട് വന്നു വൈകുന്നേരങ്ങളിലെ ദീപാരാധനയും,
ജപങ്ങളും, അഷ്ടമിക്ക് പൂജയ്ക്കായി പുസ്തകം കെട്ടിപ്പൊതിഞ്ഞ് ഒരുക്കുന്നതും, അതെടുത്ത് തൊടിയിലൂടെ കാവിലേക്ക് ഓടുന്നതും, പൂജിക്കുമ്പോൾ പൂക്കൾ വീഴാനായി നമ്മുടെ കെട്ട് മുകളിൽ തന്നെയല്ലേ എന്ന് ഉറപ്പുവരുത്തുന്നതും, മുത്തശ്ശൻ പൂജിക്കുന്നിടത്തൊക്കെ പരികർമിയായി കൂടെ കൂടിയിരുന്നതും, കെട്ടിടങ്ങളുടെയും മില്ലിന്റെയും പൂജയ്ക്ക് പ്രസാദക്കൂട്ട് ഒരുക്കിയിരുന്നതും, ഒരുക്കത്തിൽനിടയിൽ കയ്യറിയാതെ ഓരോ കഷ്ണം കരിമ്പും ഒപ്പം അവിലും മലരും ശർക്കരയും വായിലിടാൻ തോന്നിയിരുന്നെങ്കിലും ,എല്ലാം ദേവിക്ക് സമർപ്പിച്ചേ കഴിക്കാൻ പാടു എന്ന് മുത്തശ്ശൻ പറഞ്ഞിരുന്നതും ഇന്നും ഓർക്കുന്നു.
വിജയദശമിക്ക് എല്ലാ വർഷവും എന്റെ അമ്മയുടെ സ്വർണ്ണ മോതിരം കൊണ്ട് നൂറു കണക്കിന് കുട്ടികളുടെ നാവിൽ മുത്തശ്ശൻ എഴുതുന്നത് നോക്കി..നോക്കി നിന്ന്കൗ തുകം കൊണ്ടിരുന്ന കാലം....അവരോടൊപ്പം ഹരിശ്രീ നമ്മുടെ നാവിലും ഉച്ഛരിച്ചിരുന്നത്....
എഴുത്തിനു വെക്കല് കഴിഞ്ഞ്, വെറും വയറ്റിൽപ്രസാദം കഴിക്കുമ്പോൾ അതിന് കിട്ടുന്ന സ്വാദ് പിന്നീട് ഒരിക്കലും കരിമ്പ് ഒറ്റയ്ക്ക്കഴിക്കുമ്പോൾ കിട്ടിയിട്ടില്ല.
ഓരോ പുസ്തകപ്പൊതിയുടെയും അവകാശിയെ പേര് വിളിച്ച്,അനുഗ്രഹിച്ചു
മുത്തശ്ശൻ തരുമ്പോൾ , കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ആ പുസ്തകപ്പൊതി ഏറ്റു വാങ്ങുമ്പോൾ കിട്ടിയിരുന്ന ഒരു ആശ്വാസം .
പൂജ കഴിഞ്ഞു അമ്പലത്തിൽ നിന്ന് വന്നു കഴിഞ്ഞാലും,എല്ലാ പുസ്തകത്തിലെയും ഓരോ പേജ് വായിച്ചു കഴിഞ്ഞ് മാത്രമേ ആഹാരം പോലും കഴിച്ചിരുന്നുള്ളൂ.
അപ്പോഴേക്കും വലിയ ഒരു പൊതി പ്രസാദവുമായി മില്ലിൽ നിന്നും സഹായികൾ ആരെങ്കിലും വന്നിരിക്കും. ഉച്ചയാവുമ്പോഴേക്കും അവിലും മലരും കരിമ്പും അപ്പവും ലഡുവും നെയ്പായസവും കഴിച്ച് വയറു നിറഞ്ഞിരിക്കും.. ഒപ്പം മനസ്സും..... മുത്തശ്ശന് ശേഷം ചിട്ടതെറ്റിക്കാതെ ബാബു മാമ ഇന്നും ആ കർമ്മങ്ങൾ തുടരുന്നു...
നവരാത്രിയുടെ 9 നാളുകൾ തുടക്കവും ഐതിഹ്യവും ദേവിയുടെ 9 രൂപ ഭാവങ്ങളും യാദവിന് പറഞ്ഞുകൊടുത്തുകൊണ്ടാണ് ഇപ്രാവശ്യത്തെ നവരാത്രി ആരംഭം. ആദ്യത്തെ മൂന്നുദിവസം പാർവതി ഭാവത്തിലും, അടുത്ത മൂന്നുദിവസം ലക്ഷ്മി ഭാവത്തിലും അവസാനത്തെ മൂന്നുദിവസം സരസ്വതി ഭാവത്തിലും പൂജ നടത്തുന്നതിന്റെ കാര്യകാരണങ്ങളും, ദുർഗാഷ്ടമി നാളിൽ ദുർഗയായും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മിയായും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കുന്നതിനെക്കുറിച്ചും, അവനു മനസ്സിലാക്കുന്ന കുഞ്ഞു സ്തോത്രങ്ങളുടെ അർത്ഥങ്ങളും കളി പോലെ....കഥ പോലെ പറഞ്ഞു കൊടുത്തു.
അപ്പോഴാണ് തുഞ്ചന്റെ കിളിയെ കുറിച്ചും, കുട്ടികളുടെ രാമായണത്തെക്കുറിച്ചും ചില ലേഖനങ്ങളിൽ സൂചിപ്പിച്ച കാര്യങ്ങൾ കൂടെ പറയുന്നതിനിടയിൽ "തുഞ്ചൻപറമ്പ് " കഥയിലെ കഥാപാത്രമായി.
കുട്ടി മനസ്സിന് ദഹിക്കുന്ന കുറുക്കത്തിൽ പാകപ്പെടുത്തി കൊടുത്തെങ്കിലും ചില അപൂർണ്ണതകളും സംശയങ്ങളും അവൻ ചോദിച്ചു കൊണ്ടേയിരുന്നു.
അപ്പോഴാണ് പ്രശസ്ത സാഹിത്യകാരിയും , ജനത ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപികയുമായ രാധാമണി ടീച്ചറുടെ മെസ്സേജുകളിൽ തുഞ്ചൻപറമ്പിലെ ആഘോഷങ്ങളുടെ നീണ്ട പട്ടിക ശ്രദ്ധയിൽപ്പെട്ടത്.
പെട്ടെന്ന് തന്നെ സുഹൃത്തായ നസീനയുടെ സഹായത്തോടെ പോവാനുള്ള വഴികളൊക്കെ എളുപ്പമാക്കി.
തുഞ്ചൻ പറമ്പ് പുറത്തിറക്കിയ അക്ഷരമാല പുസ്തകം മകന് വേണ്ടി ഏൽപ്പിക്കാനാണ് രാധാമണി ടീച്ചറെ വിളിച്ചത്. ടീച്ചർ അപ്പോൾ വീട്ടിലേക്ക് ക്ഷണിച്ചു.
തുഞ്ചൻ പറമ്പിൽ നിന്നും പ്രസിദ്ധീകരിച്ച അക്ഷരമാല പുസ്തകം ടീച്ചറുടെ കയ്യിൽ നിന്നു അനുഗ്രഹത്തോടെ വാങ്ങിക്കുവാനും സാധിച്ചു. ടീച്ചറുടെ പ്രാർത്ഥനയിലും പൂജയിലും പങ്കാളിയാവാൻ കഴിഞ്ഞതും നവമി നാളിലെ പുണ്യമായി.
അവിചാരിതമായി ബസ് യാത്രക്കിടയിലാണ് ടീച്ചറെ പരിചയപ്പെടുന്നത്. എന്നും ഒരേ ബസ്സിൽ ഒരേസമയം യാത്ര ചെയ്യുന്ന സുഹൃത്തുക്കളായി ഞങ്ങൾ മാറി. എഴുത്തും സാഹിത്യവും ഭക്തിക്കും അപ്പുറം ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിന്റെ പൂർവ വിദ്യാർത്ഥിനികൾ ആയതിൽ അഭിമാനിക്കുന്നവരാണു ഞങ്ങൾ ഇരുവരും. ട്രെയിനിങ് കോളേജിലെ കുട്ടികളുടെ ടീച്ചിംഗ് പ്രാക്ടീസ് സമയത്ത് നടുവട്ടം ജനതയിലേക്കുള്ള യാത്രകളും ഞങ്ങളിലെ അടുപ്പം കൂട്ടി.
തിരൂര് പൂർണ്ണമായും തുഞ്ചത്ത് ഉത്സവത്തിനായി അണിഞ്ഞൊരുങ്ങിയിരുന്നു. താലങ്ങളിൽ അരിയും അക്ഷരവും നിറച്ച് പുതുമുഖങ്ങളെ വരവേൽക്കുകയാണ് ഭാഷാ പിതാവിന്റെ സന്നിധി.
"തത്രകാമക്രോധ ലോഭമോഹാദികൾ ശത്രുക്കളാകുന്നതെന്നുമറിക നീ."..എന്ന് നിരന്തരം നമ്മെ ഓർമിപ്പിക്കുന്നു എഴുത്തച്ഛൻ. അജ്ഞാനത്തിന്റെ അന്ധകാരത്തിൽ ജ്ഞാനത്തിന്റെ വെളിച്ചം കൊണ്ട് തടയുന്നവനാണ് ഗുരു .
എഴുത്തച്ഛൻ എന്ന മലയാളത്തിനു മാത്രം അനുഭവിക്കാൻ കഴിയുന്ന മഹത്തായ പദത്തിനുള്ളിൽ തുഞ്ചത്ത് എഴുത്തച്ഛൻ മാത്രമല്ല നമുക്ക് എഴുത്തു പകർന്നു തന്ന ഗുരു പരമ്പരകൾ എല്ലാം ഉണ്ട്.
മ്യൂസിയത്തിൽ നിന്ന് ആയിരുന്നു കാഴ്ചയുടെ തുടക്കം. വിഷ്വൽ ക്ലിപ്പിങ്ങുകളിലൂടെയും, ശബ്ദ ട്രാക്കുകളിലൂടെയും, ഫോട്ടോകളിലൂടെയും ഭാഷയുടെ ചരിത്രം വിവരിക്കുന്നത് കുട്ടികൾക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. ചിത്രങ്ങളും ബോർഡുകളും വായിച്ചും കണ്ടും മലയാള സാഹിത്യ പൈതൃകത്തിന്റെ ഗതിവിഗതി കളിലൂടെ സഞ്ചരിക്കാൻ ആകും.
ഏഴു മുറികളിൽ ആയാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. കേരളചരിത്രതീതകാലം, നാടോടി പാട്ടുകൾ, കുത്തും കൂടിയാട്ടവും, വഞ്ചിപ്പാട്ടും തുള്ളലും കുഞ്ചൻ നമ്പ്യാരും, സംഗീത ഉപകരണങ്ങൾ, സാംസ്കാരിക മുദ്രകൾ, മലയാള കവിതയുടെ വിവിധ ഘട്ടങ്ങൾ, നിരൂപണം സാഹിത്യം.... ഏറെ വിജ്ഞാനപ്രദമായ കലവറ.
കഴിഞ്ഞ 9 ദിവസങ്ങളിലായി തുഞ്ചത്ത് ഉത്സവത്തിൽ അരങ്ങിൽ വന്നവർ നൽകിയ അക്ഷര സംഭാവനകൾ കേട്ടറിഞ്ഞ കണ്ടറിഞ്ഞ വഴികളിലൂടെ നടന്നു.
എം ടി വാസുദേവൻ നായർ അടക്കമുള്ള മലയാളത്തിന്റെ പ്രശസ്തരായ സാഹിത്യഗുരു നിരയുടെ സാന്നിധ്യമുണ്ടീ മണ്ണിലിന്നു.
അതിഥികൾക്കായി വിശ്രമന്ദിരങ്ങൾ ഒരുക്കുന്നതിനിടയിലും , സന്ദർശകർക്കായി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു സംഘാടകർ.
ഡോ. കെ. ശ്രീകുമാർ സാറിനെ കാണുവാനും പരിചയപ്പെടുവാനും രാധാമണി ടീച്ചറുടെ സൗഹൃദം കൊണ്ട് സാധിച്ചു. തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ കോർഡിനേറ്റർ എന്നതിലുപരി
അദ്ദേഹം പ്രശസ്തനായ ബാലസാഹിത്യകാരനും, ലേഖകനും, ഗവേഷകനും ആണ്.
എഴുത്തുകളരിയും പരിസരവും മനോഹരമാണ്.
സരസ്വതി മണ്ഡപവും തുഞ്ചൻ സ്മാരക മണ്ഡപവും വളരെ മെച്ചപ്പെട്ട രീതിയിൽ പുനർനിർമ്മാണം നടത്തിയിരിക്കുന്നു.
കയ്കാത്ത
കാഞ്ഞിരമരത്തിന് ചുവട്ടിലെ മണൽതരിയിൽ എന്നും മധുരിക്കും ഹരിശ്രീ കുറിച്ചു.
ശില്പ മന്ദിരത്തിന് അകത്ത് എഴുത്താണിയും എഴുത്തോലയും ആയി കഥ പറഞ്ഞൊരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു. തുഞ്ചന്റെ പാട്ടിലെ തത്ത....എന്താണ് ആ ഐതിഹ്യം.
"കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണശൈലിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി, ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്നരീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടുപ്രസ്ഥാനമെന്നപേരിലാണ് ഇതറിയപ്പെടുന്നത്.
അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽതാനും വന്ദിച്ചു, വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങുകയാണ്.
മഹാഭാരതം കിളിപ്പാട്ട്
ശ്രീമയമായ രൂപംതേടും പൈങ്കിളിപ്പെണ്ണേ
സീമയില്ലാതസുഖം നല്കണമെനിക്കുനീ
ഈ രീതിയിൽ തത്തയെക്കൊണ്ടു പാടിക്കുന്നതായിട്ടാണ്കിളിപ്പാട്ടുകളിൽകാണുന്നത്.
കണ്ടതും,കേട്ടതും, പറഞ്ഞതുമായ കാര്യങ്ങൾ കളികളും കഥകളുമായി കുട്ടിക്ക് എത്രണ്ടു മനസ്സിലായി എന്നൊന്നും എനിക്കറിയില്ല. കവിതയോ കവികളോ എന്തെന്നറിയാതെ കുസൃതികൾ കാട്ടി ഓടി നടക്കുകയായിരുന്നു അവൻ.
മലയാളഭാഷതൻ പുണ്യമാണിത്.. അറിവിന്റെ ആകാശത്തേക്കുള്ള അക്ഷരപ്പടി.
"ചൊല്ലി പഠിക്കണം മായാതെ തെളിമയിൽ ഒരു കുഞ്ഞുനാളമായി ഉള്ളിൽ കരുതണം എന്നുമീ നാമം പവിത്രനാമം....
ഹരിശ്രീ ഗണപതയെ നമഃ.
തിരിച്ചുപോരുമ്പോൾ മനസ്സുനിറയെ തൃപ്തിയും കൈ നിറയെ അക്ഷര സമ്മാനങ്ങളും ആയിരുന്നു.
അക്ഷരം
തൊട്ടു തുടങ്ങാം.... അറിവിന്റെ ആകാശം സ്വന്തമാക്കാം..... വിജയദശമി നാളിൽ പുസ്തകപൂജയും, ക്ഷേത്രസന്ദർശനവും കഴിഞ്ഞു ചിത്രരചനക്കും തുടക്കം കുറിച്ചു....
💝
No comments:
Post a Comment