Pages

Tuesday, October 27, 2020

എന്റെ മനസ്സിലെ ഗുരുപൂജ 🙏

എന്റെ മനസ്സിലെ ഗുരുപൂജ നിത്യവും സമർപ്പിക്കുന്ന ഒരുപാട് അധ്യാപകർ എനിക്കുണ്ട്. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നെ ചിന്തിപ്പിച്ച, ഒരു നല്ല അധ്യാപകൻ എങ്ങനെയാവണം എന്നും, എങ്ങിനെയാവരുതെന്നും, കാണിച്ചുതന്ന ഒരുപാട് അധ്യാപക സുഹൃത്തുക്കളും എനിക്കുണ്ട്. ഒരുപാട് ഇഷ്ടമുള്ള ചില വ്യക്തിത്വങ്ങളിൽ മറ്റുള്ളവർ കാണുന്ന ചെറിയ ചെറിയ കുറവുകൾ ഒരു സുഹൃത്ത് എന്ന നിലയിൽ തിരുത്തി കൊടുക്കുവാനും, സ്വയം തിരുത്തുവാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

         കഴിഞ്ഞ 15 വർഷത്തെ താൽക്കാലികമായി ഉള്ള അധ്യാപിക ജോലിയിൽ എട്ടോളം പ്രധാന അദ്ധ്യാപകരുടെ കീഴിൽ ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഓരോരുത്തരെയും വിലയിരുത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണെങ്കിലും, എന്റെ മനസ്സിന്റെ കാഴ്ചപ്പാടിലും, എനിക്ക് ശരിയെന്നു തോന്നിയ ചിന്തകളിലും ഞാൻ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്.

            അഹങ്കാരത്തോടെ മാത്രം സഹ അധ്യാപകരെ കാണുന്ന ചിലർ, ചക്ര കസേരയിൽ കറങ്ങിത്തിരിഞ്ഞു തന്റെ ജോലി ഉൾപ്പെടെ എല്ലാം മറ്റുള്ളവരുടെ  തലയിൽ ഏൽപ്പിക്കുന്ന കുഴി മടിയന്മാർ, കയ്യിലുള്ള സർട്ടിഫിക്കറ്റിൽ അല്ലാതെ തലയിൽ ഒരു വിവരവുമില്ലാത്ത വിവരദോഷികളായ ചിലർ, മാസാവസാനം ലഭിക്കുന്ന ശമ്പളത്തിന് അക്കങ്ങൾ കൂട്ടാൻ അല്ലാതെ, സ്ഥാപനത്തിന് വേണ്ടിയോ, സഹപ്രവർത്തകർക്ക് വേണ്ടിയോ, മുന്നിലുള്ള വിദ്യാർഥികൾക്ക് വേണ്ടിയോ ഒന്നും ചെയ്യാത്തവർ, ചിലരാകട്ടെ വഴിപാട് പോലെ  തന്റെ കടമകൾ തീർത്തു പോകുന്നവർ, പ്രത്യേകിച്ച് ഓളങ്ങൾ ഒന്നും വരുത്താതെ ഇത്രയൊക്കെ ആവശ്യമുള്ളൂ എന്ന നിലപാട് ഉള്ളവർ……….. ഇവരെല്ലാം എനിക്ക് നൽകിയ ഒരു വലിയ പാഠമുണ്ട്. ഒരു നല്ല അധ്യാപകനു വേണ്ട അടിസ്ഥാന ഗുണങ്ങൾ.   

    വളരെ കുറച്ചു നാളത്തെ അനുഭവം കൊണ്ട് “ഇതാണ് ഒരു നല്ല അധ്യാപകൻ “എന്ന മുഖമെഴുത്തുള്ള ഒരു വ്യക്തി. ഞാൻ നടന്നു പോകുന്ന വഴികളിൽ  ഒക്കെ എന്റെ സാന്നിധ്യം ഉണ്ടെന്ന് അറിയിക്കുന്ന വ്യക്തി. അവിചാരിതമായാണ് എനിക്ക് ഒരു ഫോൺ കോൾ വന്നത്…….. വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ  ഒരു സാമൂഹ്യപാഠം അധ്യാപികയെ തിരഞ്ഞുള്ള അന്വേഷണത്തിലാണ്……. ഭാഗ്യം പോലെ ആ വിളി എന്നിലേക്ക് എത്തിയത്. ഒരുപാട് കേട്ടറിവുള്ള അദ്ദേഹത്തിന്റെ കീഴിൽ ഒരു ദിവസമെങ്കിലും ജോലി ചെയ്യണമെന്ന് എന്റെ ആഗ്രഹം അതോടെ സാധിച്ചു. അതിനൊരു കാരണവുമുണ്ട്.

  ഇന്ത്യൻ ഗവൺമെന്റിന്റെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങുന്ന ഒരു ചിത്രം പത്രത്തിൽ കണ്ട അന്നാണ് ഞാൻ അദ്ദേഹത്തെ പറ്റി ആദ്യം അറിയുന്നത്. അതെ ഉണ്ണികൃഷ്ണൻ അരീക്കോട് എന്ന മാതൃകാ അധ്യാപകൻ.. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു വലിയ സ്ഥാപനത്തിന്റ പ്രധാനധ്യാപകൻ ആയിരുന്നു അദ്ദേഹം അപ്പോൾ.

                                    ഉണ്ണികൃഷ്ണൻ സർ ന്റെ  കീഴിൽ ഒരു മാസമെങ്കിലും ജോലി ചെയ്യുക എന്നത് പലരും ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമായിരുന്നു.. കാരണം അദ്ദേഹം വെക്കുന്ന നിബന്ധനകൾക്ക് അനുസരിച്ചുള്ള നല്ല ഒരു ഇന്റർവ്യൂ പാനലിന് ശേഷം മാത്രമേ അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ  ഗണത്തിലേക്ക് നമ്മളെ ഉൾപ്പെടുത്തു. മുഖാമുഖ സംഭാഷണവും, മോഡൽ ക്ലാസിനും ശേഷം……. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ, ഡിജിറ്റൽ ബോർഡ് ഓൺ ചെയ്തു ക്ലാസെടുക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. ഇതിനുമുമ്പു ഞാൻ ജോലി ചെയ്ത് സ്ഥാപനങ്ങളിൽ ഒന്നും ഇത്തരമൊരു സംവിധാനം ഇല്ലാത്തതിനാൽ ആദ്യം ഒന്നു പതറിയെങ്കിലും……..പതർച്ച അറിയിക്കാതെ…… പുഞ്ചിരിയോടെ….. പ്രതീക്ഷയോടെ……എല്ലാ മുഖങ്ങളിലേക്കും നോക്കി………………….

            വളരെ കർക്കശക്കാരായ  മാനേജ്മെന്റ്, വിമർശന മനോഭാവമുള്ള സീനിയർ അധ്യാപകർ, ഇവരുടെയെല്ലാം മുഖത്തേക്ക് നോക്കി, വളരെ ഗൗരവത്തിൽ മസില് പിടിച്ചിരിക്കുന്ന ആ മുഖങ്ങളിൽ ഒന്നും കാണാത്ത ഒരു പ്രതീക്ഷ, സദാ പുഞ്ചിരി തൂകുന്ന ഉണ്ണികൃഷ്ണൻ മാഷുടെ മുഖത്ത് ഞാൻ കണ്ടു. അദ്ദേഹത്തിന്റെ കീഴിൽ ഒരു ദിവസമെങ്കിലും ജോലി ചെയ്യണമെന്ന് അതിയായ ആഗ്രഹത്തോടെ ഞാൻ പറഞ്ഞു”, ഈ നിമിഷം എനിക്ക് ഇത് ഉപയോഗിക്കാൻ അറിയില്ല, പക്ഷേ ഒരു നേരത്തെ ട്രെയിനിങ് കൊണ്ട് ഉപയോഗിക്കാമെന്ന് വിശ്വാസം എനിക്കുണ്ട്, നിങ്ങളുടെ ട്രെയിനർ റെഡിയാണെങ്കിൽ ഒരു രണ്ടു മണിക്കൂർ എനിക്ക് അനുവദിക്കണം, എന്റെ കൂടെ ഇന്റർവ്യൂ ഊഴം കാത്തു പുറത്ത് നിന്നിരുന്ന പലർക്കും ഡിജിറ്റൽ ബോർഡ് ഉപയോഗിക്കാൻ അറിയാമായിരുന്നു എങ്കിലും, ഉണ്ണികൃഷ്ണൻ സാർ തന്നെ എണീറ്റ് വന്ന് ഡിജിറ്റൽ ബോർഡിന്റെ പ്രവർത്തനം എനിക്ക് കാണിച്ചു തന്നു. ഇന്റർവ്യൂ ബോർഡിന്റെ മുന്നിൽ വച്ച് തന്നെ ഞാനെടുത്ത പാഠഭാഗം നന്നായിപ്രതിഫലിപ്പിക്കാൻ എനിക്ക് സാധിച്ചു. ആ ഒരു നിമിഷത്തിൽ നിന്ന് ഞാൻ അദ്ദേഹത്തെ പഠിക്കാൻ തുടങ്ങിയത്.

നിറഞ്ഞ പുഞ്ചിരിയോടെ അല്ലാതെ ഒരു സഹപ്രവർത്തകരോടും അദ്ദേഹം സംസാരിക്കുന്നത് കണ്ടിട്ടില്ല. ഹൃദ്യമായ സ്വീകരണത്തോടെ അല്ലാതെ ഒരു വിദ്യാർഥിയുടെയും പുഞ്ചിരി അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ചെറിയ ക്ലാസ്സുകൾക്ക് അദ്ദേഹം നൽകുന്ന പരിഗണനയും, ഏറ്റവും മികച്ച അധ്യാപകരെ ചെറിയ ക്ലാസുകളിൽ നിയമിക്കാനുള്ള അദ്ദേഹത്തിന്റെ അന്വേഷണവും പലപ്പോഴും എന്നിൽ അത്ഭുതമുളവാക്കി. സ്വന്തമായി എല്ലാ സൗകര്യമുള്ള ക്യാബിൻ ഉണ്ടെങ്കിലും എപ്പോഴും സ്റ്റാഫ് റൂമുകളിലും,  ക്ലാസ് റൂമുകളിലും, ഗ്രൗണ്ടിലും ആയി വൈകുന്നേരം വരെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു വ്യക്തി. കുട്ടികൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും സമയാസമയങ്ങളിൽ അദ്ദേഹം തന്നെ കുട്ടികളിൽ എത്തിക്കും. ഓരോ അധ്യാപകനെയും അധ്യാപികയെയും വിലയിരുത്തുന്നതിന് കുട്ടികൾ നൽകുന്ന ചെറിയ നിർദ്ദേശങ്ങൾ പോലും അദ്ദേഹം പരിഗണിക്കും. മറ്റു അധ്യാപകർ ചെയ്യുന്ന എല്ലാ ജോലികളും ടേൺ അനുസരിച്ച് അദ്ദേഹവും ചെയ്യും. അസംബ്ലിയിലെ ചിന്താവിഷയങ്ങൾ പറയുന്നതിന് കുട്ടികൾക്കും അധ്യാപകർക്കും എന്നപോലെ പ്രധാനാധ്യാപകനായ അദ്ദേഹവും തന്റെ ദിവസം എത്തുമ്പോൾ പറയും. അതുപോലെതന്നെ അധ്യാപകർക്കുള്ള ബുക്ക് റിവ്യൂ വിൽ വായിച്ച പുസ്തകത്തെപ്പറ്റി അദ്ദേഹം വാചാലനാകും. ഇതിനെല്ലാം പുറമേ ക്ലാസ്സുകൾ എടുക്കുവാനും, എക്സാം ഡ്യൂട്ടി എടുക്കുവാനും, വിശേഷ ദിവസങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കുവാനും അദ്ദേഹം കാണിക്കുന്ന ഉത്സാഹം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല.

                 തികഞ്ഞ ഒരു മനുഷ്യസ്നേഹിയും, പുസ്തകങ്ങളുടെയും യാത്രകളുടെയും കൂട്ടുകാരനും, ഒരു വലിയ സൗഹൃദവലയത്തിന്റെ  ഉടമയും, പരിപൂർണ്ണനായ ഒരു കുടുംബനാഥനും ആണ് ഉണ്ണികൃഷ്ണൻ സാർ. നിറഞ്ഞ പുഞ്ചിരിയും, മാന്യമായ പെരുമാറ്റവും, മികച്ച കാഴ്ചപ്പാടും, ആത്മാർത്ഥമായ സമർപ്പണവും, തന്നെയാകാം മികച്ച അധ്യാപകനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ കൈകളിൽ എത്തിച്ചത്.. ഏതു നിമിഷവും ഏതാവശ്യത്തിനും വിളിക്കാനുള്ള ഒരു അടുപ്പം അദ്ദേഹത്തിന് എന്നോട് ഉണ്ട്. ഈ അധ്യാപക ദിനത്തിൽ മികച്ച  ഒരു അദ്ധ്യാപികയായി നീ  മാറണമെന്ന ആദ്യ  സന്ദേശവും അദ്ദേഹത്തിൽ നിന്നാണ് എത്തിയത്.. ഒരുപാട് വലിയ ഉന്നതസ്ഥാനങ്ങൾ അദ്ദേഹത്തിന്  ഉണ്ടെങ്കിലും ഏതു വിദ്യാർഥിയുടെയും വിളികൾക്ക് അദ്ദേഹം ചെവി കൊടുക്കും എന്ന് വിശ്വാസം അദ്ദേഹം വാർത്തെടുക്കുന്ന പുതുതലമുറയിൽ ഉണ്ട്.. നേരുള്ള തലമുറയെ വാർത്തെടുക്കാൻ ഉണ്ണികൃഷ്ണൻ സാർന്റെ കൈയിലുള്ള ചെപ്പടിവിദ്യ നിസ്വാർത്ഥമായ സേവനവും, ആത്മാർത്ഥമായ സമർപ്പണവുമാണ്. ആയുരാരോഗ്യ സൗഖ്യങ്ങളോടെ ഉണ്ണികൃഷ്ണൻ അരീക്കോട് എന്ന മികച്ച അധ്യാപകൻ ഒരു വിളിപ്പാടകലെ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ…….

        MR.UNNIKRISHNAN AREEKODE

                    PRINCIPAL

BENCHMARK INTERNATIONAL  SCHOOL,

                        MANJERI

unniareacode@gmail.com

                             


SUJITHA.T                                                                                  MEd 3rd sem

NSS TRAINING COLLEGE OTTAPALAM.                            

No comments:

Post a Comment

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...