🌈ചില സ്വപ്നങ്ങളെ ഇടയ്ക്കൊക്കെ പൊടിതട്ടി എടുക്കണം ...
കണ്ടു മറന്ന സ്വപ്നങ്ങളും, വീണ്ടും വീണ്ടും ഓർക്കുന്ന സ്വപ്നങ്ങളും നമുക്ക് ഉണ്ടാകും. ഒരുപാട് വളവുകൾ തിരിഞ്ഞ്, കയറി കയറി, കാടുകളും കൊക്കകളും കടന്ന് അനന്തമായ പച്ചപ്പിലേക്ക് എത്തുന്ന ഒരു യാത്ര.. പലപ്പോഴും അവ്യക്തമായ സ്വപ്നത്തിൽ നിന്നെന്ന പോലെ തെന്നി നീങ്ങി പോവാറുണ്ട്....
എന്നോ കണ്ടു മറന്ന സ്വപ്നം പോലെ.... സ്വപ്നം പോലെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ... കാലം മായിക്കുന്ന ഓർമ്മകളെ, കാലം തെറ്റി വായിക്കുമ്പോൾ അവ്യക്തതയും കാഴ്ചമങ്ങലും സ്വാഭാവികം .
മനസ്സിലെ അപൂർണമായ ചിത്രങ്ങളെ മുഴുവനായും അപ്രത്യക്ഷമാകുന്നതിനു മുന്നേ അക്ഷരങ്ങളിൽ ആവാഹിക്കാൻ ആയാൽ, കണ്ടു മറക്കാത്ത സ്വപ്നം പോലെ... ഇതും ഇടയ്ക്കിടെ മനസ്സിൽ തെളിഞ്ഞാലോ.
നവംബർ മാസത്തിന്റെ തുടക്കത്തിലാണ് സ്കൂൾ വിനോദയാത്രകളുടെയും, ഹോസ്റ്റൽ വിനോദയാത്രകളുടെയും തീയതികൾ കൂട്ടിക്കിഴിക്കുക. സ്കൂൾ വിനോദയാത്രകൾ അന്ന് പത്താം ക്ലാസുകാർക്ക് മാത്രമേയുള്ളൂ.
ചെറിയ ക്ലാസിലെ കുട്ടികൾക്ക് ഒരു ദിവസത്തെ പഠനയാത്രയിൽ ഒതുക്കും.
എങ്കിലും എൽ എസ് എൻ ബോർഡിങ് ഹൗസിൽ നിന്ന് എല്ലാവർഷവും നവംബർ മാസം, കേരളത്തിലെ 14 ജില്ലകളിൽ ഒന്നോ രണ്ടോ ദിക്കിലേക്ക് ഒരു പിക്നിക്
നിർബന്ധമാണ്. അതിൽ ബോർഡിങ് ഹൗസിൽ താമസിക്കുന്ന എല്ലാ കുട്ടികളും, അവരെ നോക്കുന്ന ആയ ചേച്ചിമാരും, ചുമതലയുള്ള സിസ്റ്റർമാരും നിർബന്ധമായും ഉൾപ്പെട്ടിരിക്കും. ഒന്നോ രണ്ടോ ദിവസത്തെ പിക്നിക്കാണ് പതിവ്.
30 വർഷം മുന്നത്തെ യാത്രകൾ... അന്ന് ക്യാമറയോ, മൊബൈലോ ഒന്നും ആർക്കും ഇല്ല.
കണ്ണിലൂടെ മനസ്സിൽ പതിഞ്ഞ കാഴ്ചകൾ.
ഇന്നത്തെപ്പോലെ ഹോട്ടലുകളിൽ ഒന്നുമല്ല അന്ന് താമസവും ഭക്ഷണവും .
പോകുന്ന സ്ഥലത്തെ സൗകര്യമുള്ള മറ്റൊരു കോൺവെന്റിൽ ഭക്ഷണം കഴിക്കാനും, വിശ്രമിക്കാനും ഒക്കെയുള്ള സൗകര്യം മുൻകൂട്ടി ചെയ്തിട്ടുണ്ടാവും.
ചെറിയ കുട്ടികൾ ആണെങ്കിലും വീട്ടുകാരിൽ നിന്ന് അനുവാദം വാങ്ങി, പുത്തൻ ഉടുപ്പൊക്കെ റെഡിയാക്കി, നല്ല ഒരുക്കങ്ങളുടെയാണ് യാത്ര....
കോൺവെന്റിലെ എന്റെ ആദ്യത്തെ പിക്നിക്ക് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വയനാട്ടിലേക്ക് ആയിരുന്നു. തണുപ്പുള്ള സ്ഥലത്തേക്ക് ആയതിനാൽ ഓരോരുത്തരും കുഞ്ഞു ബാഗിൽ ഒരു ജോഡി ഡ്രസ്സും, സ്വേറ്ററും, സ്കാർഫും, സോക്സും,
പുലർച്ചെ പോകുമ്പോൾ ധരിക്കാനുള്ള വസ്ത്രവും ഷൂസും എല്ലാം ഒരുക്കി വെച്ചാണ് അന്ന് കിടന്നത്.
സിസ്റ്റർമാർ എല്ലാവരും എല്ലാം എടുത്തു വെച്ചില്ലേ എന്ന് ഉറപ്പുവരുത്തിയിരുന്നു.
എല്ലാവർക്കും കുടിക്കാനുള്ള വെള്ളപാത്രം,ബിസ്ക്കറ്റ്, ബ്രഡ്, പഴം എല്ലാം കാർട്ടൻലാക്കി രാത്രി തന്നെ മെയിൻ ഡോറിന് അരികിൽ കൊണ്ടുവച്ചിരുന്നു.
എനിക്കും മോനിഷക്കും അന്നു ഉറക്കം വന്നില്ല.
ഞങ്ങൾ അടുത്തടുത്ത് കിടന്നു, വേഗം രാവിലെ ആയാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞത് ഓർമ്മയുണ്ട്. രണ്ടുപേരും വീട്ടുകാരോട് പറഞ്ഞു ഇളം റോസ് നിറത്തിലുള്ള കോട്ടൻ ഉടുപ്പുകൾ ആയിരുന്നു എടുത്തു വച്ചിരുന്നത്. ദൂരയാത്രയുടെ ശർദ്ദിക്കുമോ എന്നൊക്കെയുള്ള ഭയം ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു. ഇതൊക്കെ കേട്ടുകൊണ്ട് തൊട്ടപ്പുറത്ത് കിടന്നിരുന്ന കൊച്ചന്ന ചേച്ചി... ഉറങ്ങാത്തതിനു വഴക്കു പറഞ്ഞത് ഇന്നും ഓർക്കുന്നു. നാളെ യാത്ര ചെയ്യുമ്പോൾ ക്ഷീണം ഉണ്ടാവാതിരിക്കാൻ വേഗം ഉറങ്ങിക്കോളൂ എന്നൊക്കെ പറഞ്ഞ്, രാത്രിയിൽ എപ്പോഴോ ഉറങ്ങിപ്പോയി.
പുലരുന്നതിനു മുന്നേ കൊച്ചന്ന ചേച്ചി എണീപ്പിച്ചു... പെട്ടെന്ന് ഒരുങ്ങാൻ പറഞ്ഞു.
എല്ലാവരും നല്ല ഉത്സാഹത്തിൽ ആയിരുന്നു...
മൂന്നര മണിയോടുകൂടി എല്ലാവരും പുറപ്പെട്ടു പള്ളിയിൽ പോയി പ്രാർത്ഥിച്ചു. നാലുമണിയോടെ പ്രാർത്ഥനാ ഗാനങ്ങളോട് കൂടി ബസ് പുറപ്പെട്ടു.
ഞാനും മോനിഷയും കൊച്ചന്ന ചേച്ചിയും അടുത്തടുത്താണ് ഇരുന്നത്. പാട്ടുപാടിയും കാഴ്ചകൾ കണ്ടും നേരം പുലർന്നു. ഇരുട്ടിൽ ആണെങ്കിലും പോകുന്ന വഴി എന്റെ തറവാട് വീട് മോനിഷയ്ക്ക് കാണിച്ചുകൊടുത്തത് ഞാൻ ഇന്നും ഓർക്കുന്നു.
ആറുമണിയോടുകൂടി ഞങ്ങൾ മലപ്പുറം മഞ്ചേരിക്ക് എടുത്ത് പൂക്കോട്ടൂർ എത്തി. അവിടെയാണ് പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. അത് ഇത്രയും ഓർമ്മയുണ്ടാകാൻ കാരണം. എന്റെ തൊട്ടു സീനിയർ ബാച്ചിലെ ഹിത ചേച്ചിയുടെ വീട് ആയിരുന്നു അവിടെ. മഞ്ചേരി കോടതിയിലെ വക്കീൽ കുടുംബമാണ് അന്നും ഇന്നും അവരെല്ലാം.
ഹിതയും നിഷയും സഹോദരിമാരാണ്. അവിടെനിന്ന് പ്രഭാത ഭക്ഷണം കഴിക്കാമെന്ന് അവരുടെ അച്ഛൻ കോൺവെന്റിലേക്ക് രണ്ടുദിവസം മുന്നേ വിളിച്ചു പറഞ്ഞതാണ്.
ഞങ്ങളെല്ലാവരും കയറി ചെന്നപ്പോൾ അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയും ഏട്ടന്മാരും ചേർന്ന് വലിയൊരു കുടുംബമാണ് ഞങ്ങളെ സ്വീകരിച്ചത്. രണ്ടു വീടുകളിലുമായി എല്ലാവർക്കും ഇരിക്കാനും ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ അവർ ചെയ്തിരുന്നു.
മലപ്പുറം സ്പെഷ്യൽ കൈപ്പത്തിരിയും, വറുത്തരച്ച ചിക്കൻ കറിയും, നവരത്ന കുറുമയും ചേർത്ത് അപാര കോമ്പിനേഷൻ അന്നാണ് ആദ്യമായി രുചിക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവിട്ട് വീണ്ടും വരാമെന്ന് യാത്ര പറഞ്ഞു, യാത്ര യാത്ര തുടർന്നു.
ഒരു കുഞ്ഞു ഉറക്കം കഴിഞ്ഞു ഉണർന്നപ്പോഴേക്കും താമരശ്ശേരി ചുരം കടന്നു ബസ്സിങ്ങനെ കുത്തനെ കുത്തനെ കയറിപ്പോകുന്നു. വളവും തിരുവും, കഴിഞ്ഞ് , കാടും കൊക്കയും കടന്ന്, ബത്തേരിയിലെ ഏതോ ഒരു കോൺവെന്റിൽ ഉച്ചയോടു കൂടി ഞങ്ങൾ എത്തി. പേരൊന്നും ഓർമ്മയില്ലെങ്കിലും കണ്ടു മറന്ന സ്വപ്നങ്ങൾ പോലെ മനസ്സിൽ കോറിയിട്ട് ആ ചിത്രം.. ഇന്നും തെളിമയുള്ളതാണ്.
കൂറ്റൻ കരിങ്കൽ ഭിത്തികളാൽ ചുറ്റപ്പെട്ട കോൺവെന്റ് പള്ളിയും, സ്കൂളും, വിശാലമായ പൂന്തോട്ടവും, പച്ചപ്പും എല്ലാം മനസ്സിലേക്ക് ആവാഹിച്ചു.
ബസ്സിൽ നിന്നിറങ്ങിയപ്പോൾ ഞങ്ങൾക്ക് നേരിയ തണുപ്പ് അനുഭവപ്പെട്ടു.
എല്ലാവരും ഉച്ചഭക്ഷണത്തിനായി വരിവരിയായി നിന്ന ഒരു വരാന്ത ഇന്നും ഓർക്കുന്നു.
ഓരോ പ്ലേറ്റ് എടുത്ത് ഇന്നത്തെ ബുഫേ രീതിയിൽ ഇഷ്ടമുള്ള വിഭവങ്ങൾ വിളമ്പിയെടുക്കാൻ തരത്തിൽ ഒരുക്കി വെച്ചിരിക്കുന്നു.
ചൂടുള്ള ചോറും, നല്ല പുളിയുള്ള മോർ കുളമ്പും,
കപ്പളങ്ങാ തോരനും, നാടൻ പോർക്ക് വരട്ടിയതും, ഇടിയിറച്ചിയും, മുളന്തണ്ടിന്റെ അച്ചാറും കൂട്ടി നല്ല സ്വയമ്പൻ വയനാടൻ ഊണ്.
ഊണ് കഴിഞ്ഞു ഉടനെ വിശ്രമിക്കാൻ ഒന്നും നേരമില്ല എന്ന് പറഞ്ഞ്, ആതിഥേരായ മഠത്തിലെ കന്യാസ്ത്രീകളും, ഒരു പള്ളിലച്ഛനും കൂടെ ഞങ്ങളെ ട്രക്കിങ്ങിനു കൊണ്ടുപോയി. അട്ട കടിക്കും എന്ന മുന്നറിയിപ്പാണ് ആദ്യം കിട്ടിയത്. എന്താണെന്ന് അറിയാതെ ഞാനും മോനിഷയും മുഖത്തോട് മുഖം നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ കാലിൽ നിന്ന് ചോരഒലിക്കാൻ തുടങ്ങിയപ്പോഴാണ് അട്ട എന്താണെന്ന് ശരിക്കും മനസ്സിലായത്.
ഇരുളുന്നതിനു മുന്നേ കാട് കണ്ടു, കുഞ്ഞരുവികളും വെള്ളച്ചാട്ടവും കണ്ട്
പൂക്കോട് തടാകം കണ്ട്,
രാത്രി തിരിച്ച് ആ മഠത്തിൽ തന്നെ വന്ന് അത്താഴം കഴിഞ്ഞ്, ക്ലാസ് മുറികളിലെ ബെഞ്ചുകൾ കൂട്ടിയിട്ട് ഷീറ്റ് വിരിച്ച് കിടന്നുറങ്ങിയത് ഒരു നേർത്ത ഓർമ്മ.
പിറ്റേന്ന്പ്രഭാതം കണ്ണുതുറന്നത് പുഞ്ചിരിയുള്ള പൂക്കളിലേക്കായിരുന്നു.
അറിയാവുന്ന എല്ലാ നിറത്തിലും ഉള്ള ഡാലിയ പൂക്കൾ, വലിപ്പമുള്ള ജമ്മന്തി പൂക്കൾ, വിവിധതരം റോസുകൾ, വിരിഞ്ഞങ്ങനെ സുഗന്ധം പരത്തി നിൽക്കുന്നു.
ഇന്നത്തെപ്പോലെ ഫോണും ക്യാമറയും ഒന്നുമില്ലാത്തതിനാൽ, ആ യാത്രയും യാത്രയിലെ ഓർമ്മകളും മനസ്സിലേക്കാണ് പതിഞ്ഞത്.
നേർത്ത തണുപ്പിനെ ചെറുക്കാൻ സ്വേറ്ററും, സോക്സും ഒക്കെ ഉണ്ടായിരുന്നെങ്കിലും. അതിരാവിലത്തെ തണുപ്പ് അസഹ്യമായി തോന്നി.
നല്ല കരുപ്പെട്ടിയുള്ള കട്ടൻ കാപ്പി കുടിച്ച് അവിടേക്ക് ഓടി നടന്നു കണ്ടതും, പല ചെടികളുടെയും തണ്ടും വിത്തും ശേഖരിക്കുന്ന ആയ ചേച്ചിമാരോടൊപ്പം കൂടിയതും, തണുക്കുന്നു സിസ്റ്ററെ എന്നു പറഞ്ഞപ്പോൾ സിസ്റ്റർ ക്‌ളാമന്റ് മേരി കെട്ടിപിടിച്ചതും, കൊച്ചന്ന ചേച്ചിടെ സാരിതുമ്പു പിടിച്ചു അവിടുത്തെ തൊഴുത്തും, തൊടിയും എല്ലാം ചുറ്റി കണ്ടതും. ഇന്ന് ഓർക്കുന്നു.
അന്നത്തെ വീടുകളെപ്പോലെ തന്നെ എല്ലാ കോൺവെന്റ്കളിലും പശുവും തൊഴുത്തും,പന്നികളുടെ ആലകളും, കോഴികൂടും എല്ലാം നിറഞ്ഞിരുന്ന കാലം. അന്നൊക്കെ മൂന്ന് നേരത്തെ വിശപ്പകറ്റാൻ മാത്രം ജോലിക്ക് നിന്നിരുന്ന ഒരുപാട് സഹായികൾ.
പേരറിയാത്ത പഴങ്ങൾ നിറഞ്ഞ തോട്ടവും, ശീതകാല പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്ന പറമ്പും ബത്തേരിയിലെ ആ മഠത്തിലെ മനോഹരമായ കാഴ്ചയായിരുന്നു.
പ്രഭാത ഭക്ഷണത്തിന് അവർ നൽകിയ പാലപ്പവും കടച്ചക്ക സ്റ്റു വും, കഴിച്ച് അവരോടൊക്കെ യാത്രപറഞ്ഞ് , പോരുന്ന വഴിക്ക് എന്തൊക്കെയോ കാഴ്ചകൾ കണ്ടു, ചുരം ഇറങ്ങി, കോഴിക്കോട് ബീച്ചുംകണ്ട്, കോഴിക്കോട് പ്രൊവിഡൻസ് കോൺവെന്റിൽ നിന്നും അത്താഴവും കഴിച്ചു. രാത്രിയോടെ ഞങ്ങൾ ഒറ്റപ്പാലത്തു ബോർഡിങ്ൽ
തിരിച്ചെത്തി.
.....വന്നതും വസ്ത്രം മാറി, പ്രാർത്ഥിച്ചു..കിടന്നുറങ്ങി...
ആ ഉറക്കത്തിൽ എപ്പോഴോ കണ്ട സ്വപ്നം പോലെ ഇന്നും വയനാടൻ സുന്ദരി...
പച്ചപ്പോടെ,നിറവോടെ.
30 വർഷങ്ങൾക്കിപ്പറവും പിന്നീട് ഒരു വയനാടൻ യാത്ര ഉണ്ടായിട്ടില്ല.... ആദ്യ യാത്രയുടെ സൗന്ദര്യം അതിനൊട്ടു ഉണ്ടാവുകയുമില്ല.