കുറച്ചുദിവസങ്ങളായി ഈ ചിത്രങ്ങൾ മനസ്സിൽ ശയിച്ചു തുടങ്ങിയിട്ട്. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച്..... വീണ്ടും....വീണ്ടും പലയിടങ്ങളിൽ നിന്നായി ഈ ചിത്രങ്ങളിലെ ദയനീയമായ കണ്ണുകൾ എന്നെ നോക്കിയതോ, അതോ ആ കണ്ണുകളിൽ ഞാൻ പലരെയും കണ്ടതോ !എന്ന് നിശ്ചയമില്ല. പലർക്കും തോന്നാത്ത ആശയം ക്യാൻവാസിൽ കൊണ്ടുവന്ന കലാകാരന് അഭിനന്ദനങ്ങൾ. ഒരേസമയം അത്ഭുതപ്പെടുത്തുകയും, അതിലുപരി ചിന്തിപ്പിക്കുകയും ചെയ്യുന്ന പച്ചയായ ജീവനുള്ള പ്രതിബിംബങ്ങൾ.
പൂപോലെ മൃദുലമായ കൈകൾ കരിങ്കൽ ചുമക്കുന്നതും, പൂക്കൊട്ട ചുമന്നു നൽക്കുന്നതും അർത്ഥവത്തായ ചിത്രീകരണം. പൊട്ടിപ്പൊളിഞ്ഞ പശ്ചാത്തലത്തിന് പകരം, പ്രൗഡ പൈതൃകത്തെ വിളിച്ചോതുന്ന ഗംഭീര കാഴ്ചകൾ. സത്യത്തിന് മുഖം മൂടി അണിയുന്നത് ഇങ്ങനെയൊക്കെയല്ലേ. ബാഹ്യ സൗന്ദര്യത്തിൽ നിന്നും ആന്തരിക
സൗഖ്യത്തെ... അളന്ന് എടുക്കുന്ന അളവുകോൽ ഒരുപക്ഷേ ഹൃദയങ്ങളെക്കാൾ കൂടുതൽ അടുത്തറിയുന്ന കണ്ണുകൾ ആയിരിക്കും. പലപ്പോഴും ജീവിതം ഒരു ഭാരമായി തോന്നുന്ന വേളയിൽ,മറ്റുള്ളവർ തലയിൽ വച്ച് തരുന്ന പൂക്കൾ.......... കരിങ്കല്ല് പോലെ കനം അനുഭവപ്പെടുന്നത് സാഹചര്യ സമ്മർദ്ദങ്ങൾ മാത്രമല്ല,വിധിയുടെ ക്രൂരതകൾ കൂടെയാണെന്ന് ഉൾക്കൊള്ളുവാനുള്ള മനസ്സാണ് പലപ്പോഴും തകർന്നു പോകുന്നത്.
അന്നത്തിന്റെ വില മനസ്സിലാക്കുന്നത് അത് കൈയെത്താദൂരത്ത് ആകുമ്പോൾ മാത്രമാണ്. ഏറ്റവും സ്വാദുള്ള ഭക്ഷണം വിശപ്പാണ് എന്ന് ഇനിയും മനസ്സിലാക്കാത്തവർ മൂല്യച്യുതി സംഭവിച്ചവർ തന്നെ.
അലുക്കും തോരണവും വെച്ച് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയങ്ങളിലെ കരിങ്കൽ പ്രതിമകൾക്ക് ദയ ഉണ്ടെങ്കിൽ വിധിയുടെ വിളയാട്ടങ്ങൾ എന്ന് പറഞ്ഞ് നമ്മെ ആരും ആശ്വസിപ്പിക്കില്ലായിരുന്നു........
വിശന്നിരിക്കുന്ന കുഞ്ഞു വയറിനെ പോറ്റുമ്പോൾ, ഭഗവാനെ ഊട്ടുന്നതിനു തുല്യമായ അനുഭൂതി ലഭിക്കണമെങ്കിൽ ഒരിക്കൽ എങ്കിലും ആ പ്രവർത്തി ചെയ്യാൻ മനസ്സിനൊപ്പം തന്നെ കരങ്ങളും വഴങ്ങണം. ഒരു തവണ അന്നം കൊടുത്താൽ ലഭിക്കുന്ന സംതൃപ്തി ഒന്നും ഇരുമ്പു ഭണ്ഡാരങ്ങളിലെ ചില്ലറ കിലുക്കങ്ങൾക്ക് നൽകാൻ ആവില്ല.
ശിവപാർവതിമാർ ക്കിടയിലെ കുഞ്ഞു ഗണപതി, ഓരോ മാതാപിതാക്കളുടെയും സമൃദ്ധിയുടേയും, ഇല്ലായ്മയുടെയും,മുഖംമൂടികൾ ഇളക്കുന്നതാണ്.
ഓരോ കുഞ്ഞും,കുഞ്ഞു ഗണപതിയെ പോലെ നിരനിരയായ് ആഗ്രഹങ്ങൾ പറയുമ്പോൾ, ചോര നീരാക്കി പണിയെടുത്ത്,
അവയെല്ലാം നിറവേറ്റി കൊടുക്കുന്ന ഈശ്വര തുല്യർ തന്നെയല്ലേ ഓരോ അച്ഛനുമമ്മയും. ഒരു കുഞ്ഞു ജനിക്കുമ്പോൾ തന്നെയാണ് ഒരു അച്ഛനും അമ്മയും പിറവികൊള്ളുന്നത്, കുഞ്ഞിന്റെ വളർച്ചയോടൊപ്പം തന്നെയാണ് അച്ഛന്റെയും അമ്മയുടെയും തളർച്ചയും തുടങ്ങുന്നത്.
കുടിക്കുന്ന ഓരോ നീരിലും,ശ്വസിക്കുന്ന ഓരോ മിടിപ്പിലും, വാക്കിലും നോക്കിലും സ്വയം കാണാതെ മക്കളെ കാണുന്ന എത്രയോ പുണ്യം. പക്ഷേ പലപ്പോഴും ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആയി മാത്രം മാറുന്ന കാഴ്ചകളും കണ്മുന്നിൽ ഉണ്ടാവാം.
ജീവിതമാകുന്ന കേളിയിൽ, ചവറ്റു കൂമ്പാരങ്ങ്ൾക്കിടയിൽ പോലും രാജാവും റാണിയും ആകുന്നത് മനസ്സിന്റെ ആഗ്രഹം കൊണ്ടു തന്നെ. നമുക്ക് യോഗ്യതയുള്ളതെല്ലാം
നമുക്ക് ആഗ്രഹിക്കാം. നമ്മളുടെ പരിധിയിൽവരുന്ന ആഗ്രഹങ്ങൾ എല്ലാം എത്തി പിടിക്കാം. പക്ഷേ.....
അയോഗ്യമായിതിനെ,
ലഭിക്കില്ലെന്ന ഉറപ്പ് ഉള്ളതിനെ, കൈയ്യെത്തും ദൂരത്ത് എത്താത്തതിനെ, മോഹിക്കുന്നത് ആഗ്രഹം അല്ല..... അതൊരു സ്വപ്നമാണ്. പക്ഷേ.....
ഒരേ സ്വപ്നം ഒരുപാട് തവണ കണ്ടാൽ അത് തന്നെ നേടണം എന്നില്ല., അത് സംഭവിച്ചിരിക്കും, അങ്ങനെയാണ് പല മനുഷ്യജന്മങ്ങളും. ഒരിക്കലും തൊടാൻ പറ്റാത്ത ആകാശത്തെ,മേഘങ്ങൾക്കിടയിലൂടെ, പറന്നു ചെന്ന്.... തൊട്ടു...എന്ന സ്വപ്നം കാണുന്നവർ.
സ്വപ്‌നം ആണെന്നറിഞ്ഞിട്ടും !
ഓരോ അച്ഛനും സ്വന്തം കുഞ്ഞ് രാജകുമാരി ആകുമ്പോൾ,തീർച്ചയായും, രാജാവിനെ പോലെ തന്നെയാവണം അച്ഛൻ മക്കൾക്കും. അമ്മയെന്നാൽ പേറ്റു നോവും അമ്മിഞ്ഞപ്പാലും മാത്രമല്ല..... ജീവിത പാതയിലെ കല്ലും മുള്ളും നീക്കി....കുഞ്ഞു കാൽവെപ്പുകൾ...... പതറാത്തഅടികൾ ആക്കി മാറ്റി... പടവുകൾ കയറ്റുന്ന...... വഴിവിളക്കു തന്നെ.
അമ്മയെന്നാൽ സത്യവും, അച്ഛൻ എന്നാൽ വിശ്വാസവും എന്നത്,,, നാം പോകുന്ന വഴികളിലും, കാണുന്ന കാഴ്ചകളിലും, അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളിഉം വ്യത്യസ്തമാകാം....... പക്ഷേ ചില നിർണായകഘട്ടങ്ങളിൽ, നാം പതറുമ്പോൾ,
അച്ഛൻ എന്ന വിശ്വാസ കരങ്ങൾ...... നമ്മെ മുറുകെ പിടിക്കും, അമ്മയെന്ന സത്യം..... ആഗ്രഹങ്ങൾ സ്വപ്നങ്ങളും,സ്വപ്നങ്ങൾ യാഥാർഥ്യങ്ങളും,ആക്കി മാറ്റാൻ പ്രചോദനമാകും.
ഓരോ ചിത്രവും കാണുന്നവന്റെ കണ്ണിൽ അല്ല..... മനസ്സിലാണ് കൊളുത്തുന്നത്.
കാഴ്ചയിലെ വൈരുധ്യം.., മനസ്സിന്റെ തോന്നൽ മാത്രമാണ്. പക്ഷേ പലപ്പോഴും ഈ ചിത്രങ്ങളിലെ പോലെ യഥാർത്ഥ കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നത് സങ്കല്പങ്ങളെക്കാൾ,
മുഖംമൂടി അണിഞ്ഞ യാഥാർത്ഥ്യങ്ങൾ ആകും നാം കണ്ടുമുട്ടുന്നവരിൽ പലരും. അതുകൊണ്ടുതന്നെ നോട്ടത്തിലെ വിലയിരുത്തൽ പലപ്പോഴും പ്രായശ്ചിത്തത്തിനു
പോലും അർഹതയില്ലാത്തത് ആകാം.....