കേട്ട കഥകളിലെ വെണ്ണക്കൽശിൽപങ്ങളോ......., കാല്പനിക കവികൾ കുറിച്ച കാവ്യ ഭാവനയോ ................നേർത്ത മുണ്ടും നേരിയതും ഉടുത്ത്, ചുരുൾ മുടി തുമ്പു കെട്ടി, തുളസിക്കതിർ ചൂടി, മുക്കുറ്റി ഇലചാറിനാൽ കുറിവരച്ചു,മുല്ലമൊട്ടിൻ
ദന്തമൊത്ത മന്ദഹാസവും, തുമ്പപ്പൂവിൻ നൈർമല്യമുള്ള നോട്ടവും.... കേരളത്തിന്റെതെന്നു ആരോ പറഞ്ഞു കേട്ട ആഭരണങ്ങളും ധരിച്ച് , വിധികർത്താക്കൾ എയ്യുന്ന ഓരോ കൂർത്ത അമ്പിനും, വിനയകുനിതയായി നൽകുന്ന മറുപടികളും അല്ല ഇന്നത്തെ മലയാളിമങ്കസങ്കല്പം.
സ്ത്രീ വിമോചന സമരങ്ങളും, ഫെമിനിസ്റ്റുകളും, കുലം കുത്തി വാഴുന്ന നമ്മുടെ നാട്ടിൽ ഇന്നും സർവ്വംസഹയായി അടുക്കളയിൽ ഒതുങ്ങിക്കൂടി....... ഉമ്മറക്കോലായിലേക്ക്...... ഒരു കപ്പ് ചായയുമായി എഴുന്നള്ളുന്നത് മാത്രമാണോ എന്നിലെ ഞാനും നിങ്ങളിലെ നീയും........ അംഗീകാരങ്ങളും, അവകാശങ്ങളും പിടിച്ചുപറിച്ചു വാങ്ങേണ്ടതല്ലന്നു അറിയാം.
സ്ത്രീത്വം....... അത് മഹത്തായ ഒരു ആഭരണമാണ്, അലങ്കാരം തന്നെയാണ്. പക്ഷേ അത് കണ്ണുകൾക്ക് മാത്രം അഴകുള്ളതായി നമ്മൾ മാറ്റരുത്. മനസ്സുകൊണ്ട് മൂല്യം നൽകുമ്പോൾ മാത്രമാണ് സ്ത്രീ എന്ന മലയാളി സങ്കല്പം ഇന്നു പൂർണമാകുന്നത്. ബാല്യത്തിൽ കണ്ണും കരുതലുമായി പിതാവും, സഹോദരനും, എന്നെ നോക്കി എന്ന് എത്ര പെൺകുട്ടികൾക്ക് ഹൃദയം തൊട്ട് പറയാനാകും.
ജാതക പൊരുത്തം നോക്കി, വീടും വളപ്പും അളന്നു ......... ഹൃദയത്തിൽ താലിചാർത്തി, സീമന്തരേഖയിൽ കുങ്കുമം തൊടുവിച്ച്....... നാലാൾ കാൺകെ പുടവ തന്ന്, വലതു കരം പിടിച്ച് പുതുജീവിതത്തിലേക്ക് നയിക്കുന്നവൻ......... പുതുമോടി മാറും മുന്നേ..........കുറ്റപ്പെടുത്തുന്നത്..... കൈകളിലെ വളകളുടെ എണ്ണ കുറവും, അഴകളവുകളുടെ ഏറ്റക്കുറച്ചിലുകളും ആണെങ്കിൽ തളരുന്നതാണോ നമ്മിലെസ്ത്രീത്വം.
പത്തിരുപത്തഞ്ചു കൊല്ലം ഉറക്കമിളച്ചു പഠിച്ചു, ബിരുദവും ബിരുദാനന്തര ബിരുദവും നേടി , എല്ലാ യോഗ്യതകളും ഉണ്ടെന്ന് നാലാൾ കൂട്ടത്തിൽ വിളിച്ചുപറഞ്ഞു, നിലവിളക്കു കൊളുത്തി, വലതുകാൽ വച്ച് കയറ്റുന്ന മരുമകൾ എന്ന സ്ത്രീത്വത്തെ മാതാവിന്റെ സ്ഥാനത്തുള്ള മറ്റൊരു സ്ത്രീ ഇന്നും രഹസ്യമായ പരസ്യമായി ചൂതാടുന്നു. അതൊന്നും ചോദിക്കാനും പറയാനും ഇന്നത്തെ സ്ത്രീക്കു ആരുമില്ല. ആ ബോധം ആണ് ആദ്യം ഉണ്ടാവേണ്ടത്.
പുലർകാലെ ഉണർന്ന്, വീട്ടുപണികൾ എല്ലാം ഒരുക്കി കൊടുത്തു, ഓടിക്കിതച്ച് കോളേജുകളിലും, ജോലിസ്ഥലങ്ങളിലും എത്തി, പരിഭവങ്ങൾ ഒന്നുമില്ലാതെ തന്റെ കർത്തവ്യം പൂർണ്ണമാക്കി, തിരിച്ചു വീണ്ടും ജോലികളിൽ മുഴുകി, സ്വയം ഉരുകുന്ന സ്ത്രീകൾ ഇന്നുമുണ്ട്.
പാടത്തു പണിക്കാർ ഉള്ളപ്പോൾ, പുളിങ്കുരു കുത്താൻ ഉള്ളപ്പോൾ, അടക്ക പെറുക്കാൻ ഉള്ളപ്പോൾ, നാത്തൂന്റെ പ്രസവശുശ്രൂഷ ഉള്ളപ്പോൾ, ഇടയ്ക്കിടെ വിരുന്നുകാർ വീട്ടുകാരാവുമ്പോൾ, മാസത്തിൽ ഒന്ന് വീതം ഉണ്ടാകുന്ന പിറന്നാളുകൾക്ക്, ശങ്കരാന്തി പണിക്ക്, ഇതിനൊക്കെ പുറമെ ഇടയ്ക്കിടെ എത്തിനോക്കുന്ന വയ്യായ്കകൾ ..... അങ്ങനെ അങ്ങനെ ചെറിയ കാര്യങ്ങളിൽ തുടങ്ങി........ സ്വന്തം പഠനവും ജോലിയും വ്യക്തിത്വവും വരെ അടിയറവ് വെക്കുന്നവൾ. "ചെയ്യണം"....... നമ്മുടെ ഉത്തരവാദിത്തങ്ങൾ എല്ലാം........ പക്ഷേ മറ്റുള്ളവർ നമ്മളെ മുതലാക്കുന്നു എന്ന സത്യം എന്ന് സ്വയം ബോധ്യപ്പെടുന്നുവോ ....... അന്നാണ് നമ്മിലെ സ്ത്രീത്വത്തിനു ഉദയം. മറ്റുള്ളവർ നമ്മെ എത്രമാത്രം അടിച്ചമർത്തുന്നുവോ.... ശക്തമായി നിവർന്നു ചോദിക്കണം....... എന്തിനാണത്?.......... ഞാൻ ചെയ്ത തെറ്റ് എന്താണ്? പുറമേ ശാന്തം എന്നാണെങ്കിലും, അല കടലുപോലെ തുളുമ്പുന്ന, കാറും കോളും അനുസരിച്ചു പ്രക്ഷുപ്തമാകുന്ന ഒരു മനസ്സ് നമുക്കുമുണ്ട്.അതിനു വില നൽകണം.
അനുസരണയുള്ള മകളായും, പ്രണയംതുളുമ്പുന്ന കാമുകിയായും കരുതലുള്ള സഹോദരിയായും, വിശുദ്ധയായ ഭാര്യയായും, വാത്സല്യമുള്ള അമ്മയായും, എല്ലു മുറിയെ പണിയെടുക്കുന്ന വകതിരിവുള്ള മരുമകളായും പരകായപ്രവേശം,
പ്രാപിച്ചവൾ..... മാത്രം ആകരുത് ഓരോ സ്ത്രീ ജന്മങ്ങളും. കൊള്ളേണ്ടത് കൊണ്ടും, തള്ളേണ്ടത് തള്ളിയും..... നെല്ലുംപതിരും തിരിച്ചറിയുന്നവൾ ആകണം ഇന്നത്തെ മലയാളി സ്ത്രീ.
കാലം മാറുമ്പോൾ കോലം അല്ല മാറേണ്ടത്, മറിച്ച് യുക്തിപരമായ ചിന്തകളും, പ്രായോഗികമായ തീരുമാനങ്ങളും, ഉറച്ച ചുവടുകളും, അതിനെല്ലാമുപരി ചങ്കുറപ്പുള്ള ഒരു മനസ്സുമാണ് ഓരോ മലയാളി സ്ത്രീയും അനുകരിക്കേണ്ടത്. ശരീരത്തിന്റെ അഴകളവുകൾ അല്ല ഇന്ന് സ്ത്രീത്വത്തെ മഹത്വവൽക്കരിക്കുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്നത് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഉള്ള സ്വാതന്ത്ര്യം ആണ് നാം ആർജ്ജിക്കേണ്ടത്, ആരും അത് കൈവെള്ളയിൽ കൊണ്ടുവച്ചു തരില്ല എന്ന ബോധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്.
നല്ലതു കാണാനും, നല്ലത് കേൾക്കാനും എന്നതു പോലെതന്നെ നന്മ ചെയ്യുവാൻ ആയി നമ്മുടെ ഇരുകരങ്ങളും, പുതുചുവടുകളും തയ്യാറാകണം. ഇതിനെല്ലാമുപരി ചങ്കുറപ്പുള്ള ഒരു മനസ്സ്, അതു തരുന്ന ധൈര്യം, അത് തരുന്ന വിശ്വാസം, അതെ..... നമ്മുടെ ആത്മസുഹൃത്ത് നാം തന്നെ ആകുമ്പോൾ നാം നമുക്കുതന്നെ ധൈര്യം നൽകും, നമ്മെ തന്നെ മുന്നോട്ടു നയിക്കും,
സ്വയം മാതൃകയാകണം...... നമ്മുടെ ശ്രീദേവിയെ പോലെ......... ഒരുപാട് ശ്രീദേവിമാർ നമുക്കു ചുറ്റിലും ഉണ്ടാകട്ടെ..............
സഹോദരങ്ങൾക്ക് കരുതലായി, അമ്മക്ക് തണലായി........
അച്ഛന്റെ ആശ്വാസമായി.........
No comments:
Post a Comment