🌈അന്നും ബാബുട്ടൻ നേരത്തെ ഉണർന്നു. തേരൂട്ടി മാവിന്റെ ചോട്ടിലേക്കു ഓടി. ഇന്നലത്തെ കാറ്റിൽ നിറയെ മാങ്ങ വീണിരിക്കുണു. എങ്ങനെ ഇപ്പൊ എല്ലാതും കൂടി വടുക്കോർത്തക്ക് എത്തിക്ക?
നേരം വെളുത്താൽ അത്തന്റെ തോടീന്നു ഉണ്ണിയേടത്തിയും, വാർപ്പുന്നു തങ്കമണിയേടത്തിയും ഒക്കെ കുളത്തിക്ക് കുളിക്കാൻ പോണ വഴിയിലാണ് മാവ്.
അതോണ്ട്..... ണീച്ച ഉടനെ മാങ്ങ പെറുക്കും. നെടുമ്പരയിൽ പോയി നോക്കിപ്പോ ഒരു ചാക്കും കഷ്ണം കൂടി കിട്ടിയില്ല. അവസാനം കുളത്തിന്റെ വാൽക്കഷ്ണമായ ചിറയുടെ കരക്കൽ കുറെ പാള ഇരിക്കണത് കണ്ടു. ആരാപ്പോ ഇത്ര നേരത്തെ പാള കഴുകണേന്നു
വിചാരിച്ചു ചിറക്കിൽക്ക് എത്തിനോക്കി.
ആ.... ഓയ്.... ആരാ?
.....നൊട്ടുമാമയാണ്. എന്തിനാ ഇത്ര തോനെ പാള പെറുക്കി കഴുകണേ !
"വെള്ളരിക്കഞ്ഞിക്കു പാള കുത്താനാണ് കുട്ട്യേ"....
ശരിയന്നെ നാളെ കാവിൽ വെള്ളരിയാണ്. അപ്പൊ ഇന്ന് തിരക്കു കൂടും മാവിന്റെ ചോട്ടിൽ.
കാവിൽ തോഴാനായി ഏടത്തിമാരുടെ കുട്ടിയോൾ വന്നാൽ ഒറ്റ മാങ്ങയും കിട്ടില്ല. അതോണ്ട് ,.... ള്ള മാങ്ങ വേഗന്നെ പാളെലാക്കണം. പെറുക്കി കൂട്ടിയപ്പളല്ലേ മനസ്സിലായെ ഒന്നുരണ്ടു പാളെൽക്കുള്ളതല്ല ഉള്ളു.
വീണ്ടും തൊഴുത്തിന്റെ പിന്നിൽക്കു ഓടി. അവിടെ ആണ് അടികാട്ടു കോരണ കുണ്ടം മുറം. പാറുട്ടിമ്മ ആരും കാണാതെ ചൂലും മുറവും അവിടെയാണ് ചാരിവെക്ക. അയമ്മ വരുമ്പോളേക്കും തിരിച്ചു കൊണ്ടേക്കണം .
അല്ലേൽ... ന്റെ മുറം എവിടെ ചോയിച്ചു എല്ലാരേം അറിയിക്കും.
പിന്നെ മാങ്ങാക്കുള്ള അവകാശിയോൾ കൂടും.
അങ്ങനെ തേരൂട്ടിമാങ്ങ പെറുക്കി, കഴുകി, തുടച്ചു, പൊട്ടും, പഴുപ്പും കൂടിതൊക്കെ അടുക്കളപുറത്തെ തിണ്ണേൽ വരിക്കുവെച്ചു.
അമ്മച്ചി അപ്പൊ കിണറ്റിൻ വക്കത്തു പല്ലെക്കാർന്നു.
അമ്മച്ചി പറഞ്ഞു,
"ബാബുട്ടാ കുട്ടി ഒരു ഈർക്കല ചീന്തി തായോ
ഇക്ക് പട്ടെമ്പിൽക്ക് എത്തിനോട്ട്ല്ലാ."
ബാബുട്ടന്റെ അച്ഛമ്മയാണ് അമ്മച്ചി. എല്ലാരും വിളിക്കണത് കേട്ട് അവനും അമ്മച്ചിന്നു വിളിക്കും.
അവൻ വേഗം ഈറക്കല ചീന്തി കൊടുത്ത്,
" ദാ മാങ്ങാ... കൂട്ടാൻ വെച്ചോളും"ന്നും പറഞ്ഞു,
നടുമുറ്റത്തെ ആയ്കോലുമ്പു നിന്നും കിട്ടിയ തോർത്തും എടുത്ത് ചുറ്റി, ചെക്കൻ കുളത്തിൽക്ക് ഓടി.....
ഹാവൂ...........
ഇത്ര നേരായിട്ടും ആരും കുളം കലക്കിട്ടില്ല, ഒറ്റ ചാട്ടം.... പാമ്പുകാവിന്റെ അടുത്ത് പുല്ലുതിന്നാർന്ന ഗോപിഏട്ടന്റെ പയ്യ് പേടിച്ചു പിന്നോക്കം പോയി.
"ഇന്ന് കച്ചോടം നല്ല ലാഭംഉണ്ടാക്കണം.സഹായത്തിനു സജിനേം കൂട്ടണം. ഓനെ ഇഞ്ചിപോക്കാൻ ന്നു വിളിച്ചാലും എല്ലാ തരികിടക്കും... ന്റെ തൊണക്കാരനാണ്."
ബാബുട്ടൻ ആത്മഗതം ചെയ്തു.
ചപ്പലടെ ശബ്ദം...... ആരോ കുളിക്കാൻ വരുണുണ്ട് ,
"അങ്ങട് മാറിക്ക പയ്യെ, ഏയ്യ്...................... അശ്രീകരം, വഴിതന്നെ കൊടുന്നുകെട്ടും.
കുളിച്ചിട്ട് കേറിപോണ വഴിയിൽ ചാണകം ഇട്ട് കതിനകുറ്റി പോലെ വെക്കും. "
ആ.........ഉണ്ണിയേടത്തിടെ വരവാണ്, സ്ഥാനം കൊണ്ടു കുഞ്ഞമ്മായി ആണേലും എല്ലാരും ഉണ്ണിയേടത്തിന്നാ അവരെ വിളിക്ക.
വല്ല്യ വൃത്തിയും, വെടിപ്പും, അയിത്തവും ഒക്കെയാണ്.
ഇന്നത്തെ ആദ്യത്തെ ഇര ഉണ്ണിയേടത്തി തന്നെ ആയിക്കോട്ടെ ബാബുട്ടൻ സ്വയം ചിരിച്ചു.
മഹാ വികൃതിയാണ് ചെക്കൻ , ഒരു നിമിഷം കൊണ്ടു കൂഴിയിട്ടു നീന്തി കുളത്തിന്റെ നടുക്കൽ എത്തി. എന്നിട്ട് കയ്യും, കാലും പരത്തി അനങ്ങാതെ പൊങ്ങി കിടന്നു.
മുണ്ടും വേഷ്ടിയും വെള്ളത്തിൽ മുക്കി നീർന്നപ്പോൾ ആണ് ആ കാഴ്ച്ച കണ്ടത്. ആരാപ്പോ വെള്ളത്തിൽ? നെറ്റിചുളിച്ചു ഉണ്ണിയേടത്തി നോക്കി, ആയ്യോാ........ ബാബുട്ടനല്ലേ,നല്ലോണം നീന്താൻ അറിയാം, ന്നാലും പായൽ ഉള്ളോണ്ട് നടുക്കലെ കുഴിക്കൊന്നും പോണ്ടന്നു പറഞ്ഞുണ്ണു ചെക്കനോട്, വയസ്സ് പതിമൂന്നായിച്ചാലും തറവാട്ടിലെ ചെറിയ കുട്ടിയാണ്.
ഡാ...,,,? വിളിച്ചു, മിണ്ടണില്ല........
ഉണ്ണിയേടത്തിടെ കയ്യും കാലും വിറച്ചു.
ഒരാളെനേം കാണാനില്ല,
നൊട്ടു ആണേൽ പാളയും കൊണ്ടു പാമ്പ് കാവിന്റെ ഓരത്തുള്ള ചവിട്ടു വഴിക്കൂടെ കാവിൽക്കു കയറി പോയി.
ഇനിയിപ്പോ ആരെ വിളിക്ക! പാത്തുമ്മടെ വളപ്പിലും ചെക്കന്മാരെ ഒന്നും കാണാനില്ല.
കുട്ടാ... വേശോ...... ഉണ്ണിയേടത്തി ആങ്ങളേയും നാത്തൂനെയും നീട്ടിവിളിച്ചു. ആരും കേട്ടില്ല. നല്ലോണം നീന്തൽ അറിയാവുന്നതുകൊണ്ടു പ്രായം നോക്കാതെ എടുത്തു ചാടി. നീന്തി ചെന്ന് അടുത്ത് എത്താറായപ്പോൾ ബാബുട്ടൻ കണ്ണ്തുറന്നു,
"ഉണ്ണിയേടത്തേയ് "........
എന്നു നീട്ടിവിളിച്ചു.
ഈ ചെക്കൻ!..., അശ്രീകരം, മനുഷ്യനെ പേടിപ്പിക്കാൻ. ഇവനെ ഇന്ന് ഞാൻ....
ഉണ്ണിയേടത്തി കുളിച്ചിട്ട് ഈറൻ ചിറ്റി തറവാട്ടിൽ പോയി, കുട്ടേട്ടനോടും, വേശോടുത്തിയോടും ചെക്കന്റെ തല്ലുകൊള്ളിത്തരം പറഞ്ഞു, പിന്നെ കണ്ട വരോടുക്കേം പറഞ്ഞു, കുറച്ചു കലി കുറഞ്ഞപ്പോൾ പറച്ചിൽ നിർത്തി.
അപ്പോളാണ് തങ്കമണി ഏടത്തിയും കുട്ടിയോളും കുളിക്കാൻ വരണത്. കുംഭം കഴിഞ്ഞ.... അവരോടെ വെള്ളം ഇല്ല. പിന്നെ കുളീം നനയും തറവാട്ട് കുളത്തിലാണ്. ആ കുട്ടിയോളെ നീർക്കോലി ഇണ്ട്ന്നു.... പറഞ്ഞു പേടിപ്പിക്കല് ബാബുട്ടന് ഇഷ്ടാണ്. ഏടത്തിക്ക് നീന്തൽ അറിയത്തോണ്ട് അവര് വരണ നേരത്തക്കു ചങ്ങൻ തൊടിന്ന് ശ്യാമളചേച്ചിയും, ബിന്ദുചേച്ചിയും ഒക്കെ കുളത്തിൽ എത്തീട്ടുണ്ടാവും.
ബാബുട്ടന് ഇതൊന്നും അത്ര ഇഷ്ടമായിരുന്നില്ല, കാരണം അടുത്ത തറവാട്ട് കാർണോര് അവനാത്രെ, അപ്പൊ കുളം അവന്റെ ന്നൊരു ഗമ അവനുണ്ട്. പിന്നേ നല്ലോണം നീന്താനും അറിയും. ഞങ്ങൾ കാണാൻ വേണ്ടി പാമ്പുകാവിന്റെ ഉള്ളിൽ നിന്നും അമ്മച്ചിയ്ക്ക് വെള്ളിലതാളി പൊട്ടിച്ചു കൊടുക്കും.
മഞ്ചാടി കുരുവും കുന്നികുരുവും പെറുക്കി, നോക്കടി... നോക്കടി.... എന്നു പറയും.
ഇക്കും അമ്മുനും ഓന്റെ പത്രാസ് കണ്ട ദേഷ്യം വരും. വല്ല്യ ആളന്നാ വിചാരം. ഒക്കെ പോട്ടെ കുളിക്കാൻ പോവുമ്പോളും, കുളിച്ചു വരുമ്പോളും ഇടം കണ്ണിട്ട് മാവിൻ ചോടു മുഴുവൻ നോക്കും. ഒരു നല്ല മാങ്ങ പോലും ഇണ്ടാവില്ല.
സ്ഥാനം കൊണ്ടു ബാബുട്ടൻ അമ്മാവനാണ്. രണ്ടു മൂന്ന് വയസ്സ് മൂത്തോനെ ആരാപ്പോ അമ്മാവാ വിളിക്ക? ഒരൊറ്റ തേരുട്ടിമാങ്ങ തരാത്ത ഇവനെ നമ്മക്ക് പേര് വിളിച്ചാൽ മതീന്ന് ഞാനും അമ്മുവും ഒരുമിച്ചു തീരുമാനിച്ചതാണ്.
പക്ഷെ ഒരു ചോദ്യം മാത്രം ഞങ്ങടെ മനസ്സിൽ ബാക്കിയായി.
ഇത്ര വലിയ മാവിന്റെ മുഴുവൻ മാങ്ങയും ഇവൻ ഒറ്റയ്ക്ക് തിന്നോ?
പിന്നെ ഇവൻ ഇതൊക്കെ എന്താ ചെയ്യണേ? ഞങ്ങൾ ഇക്കാര്യം അച്ഛനോട് സൂചിപ്പിച്ചു.
സ്കൂളിൽ പോവാനായി പുറപ്പെട്ടു, മതിലിന്റെ അരൂന്നു സ്ലേറ്റുമായിക്കാനുള്ള വെള്ളത്തണ്ടു പൊട്ടിക്കാർന്നു ഞാൻ.
അപ്പൊ ബാബുട്ടനും
സജിയും കൂടെ എടുത്താൽ പൊന്താത്ത തോൾ ബാഗുമായി ഓടുന്നത് കണ്ടു .
"എന്താ ബാബുട്ടാ നേരത്തെ ഓടണത്? "
.....സജിയേട്ടാ ഞങ്ങളെ കാത്തു നിക്കടാ !
അതിനുള്ള മറുപടി ബാബുട്ടനാ തന്നത്,
" അ... ആ..... അപ്പൊ അണക്ക് അതറിയിലേ ഡീ ..... സ്കൂളിക്ക് നേരത്തെ പോയാല്, നേരത്തെ പോരാം...... മണ്ടി... ടീച്ചർടെ പേരക്കുട്ടി യാണത്രെ..... അയ്യേ "
കേട്ട പാതി അമ്മയോട് പറഞ്ഞു,
"അവരൊക്കെ വൈകുന്നേരം നേരത്തെ എത്താറുണ്ടോ "
അമ്മ പറഞ്ഞു,
"ഏയ്യ്... അവൻ അന്നേ പറ്റിയ്ക്കാണ് !അത് ബാബുട്ടനാ ആളു. "
ഞങ്ങടെ നേരത്തു ഞങ്ങളും സ്കൂളിൽ എത്തി.
ഗേറ്റ്നടുത്തുള്ള ഉമ്മാന്റെ പീടികയിൽ നിന്നും സബർജെല്ലി വാങ്ങി തിന്നുകൊണ്ട് ബാബുട്ടനും സജിയേട്ടനും പോണകണ്ടു.
ന്നെ... കണ്ടപ്പോൾ "എന്താടി റോട്ടിൽ നിക്കാതെ ക്ലാസ്സിൽ പോ" എന്നു പറഞ്ഞു.
"പാപ്പനോട് പറയും ട്ടോ, "എന്നു സജിയേട്ടനും.
വല്യച്ഛന്റെ മകനാണ് അവൻ. പക്ഷെ അതൊക്കെ വീട്ടില്, സ്കൂളിൽ എത്തിയാൽ അവനും ബാബുട്ടന്റെ ശിങ്കിടി ആണ്.
"ഞാൻ വല്യമ്മയോടു പറയും, അന്നേ പീടിയേൽ കണ്ടത് "
"ടീ മ്മളൊടത്തെ പൈസ അല്ല, ബാബുട്ടൻ തേരൂട്ടി മാങ്ങ വിറ്റ പൈസയാ "
പിന്നെ അണക്കെന്ത?
അവര് ക്ലാസ്സിൽക്ക് ഓടി പോയി.
അമ്പട കേമാ !അപ്പൊ ഇതാണല്ലേ സൂത്രം. തേരൂട്ടി മാങ്ങ വിറ്റ പൈസക്ക് തള്ളഉമ്മാന്റെ പീടികയിൽ നിന്നു സബർജെല്ലി, മോരുംവെള്ളം, പുളി മിട്ടായി, തേനുണ്ട, പല്ലിമുട്ട മിട്ടായി, അങ്ങനെ ഓരോസവും ഓരോന്ന്.
ഇതൊക്കെ മനസ്സിൽ കിടന്നു തിളച്ചു. അന്നതൊക്കെ വല്ല്യ കാര്യാ..... വേഗം സ്കൂൾ വിടാൻ പ്രാർത്ഥിച്ചു. വീട്ടിൽ എത്തിയപ്പോൾ എല്ലാരും ചായ കുടിക്ക......
ഉമ്മറത്തു അച്ഛനെ കാണാൻ വന്ന
തൊണക്കാരുണ്ട്. നീണ്ട ആശുപത്രി വാസത്തിനു ശേഷം അച്ഛൻ തിരിച്ചു വീട്ടിൽ എത്തിതാ. അപ്പൊ കാണാൻ വരണോരെടെ തിരക്ക്.
ഇക്കും അമ്മുനും ഇവരൊക്കെ പോയിട്ട് വേണം അച്ഛനോട് ഇന്ന് സ്കൂളിൽ കണ്ട കുറ്റം പറയാം.
"സജിയേട്ടനെ പറയണ്ട... ലെ... ടീ ...." അമ്മുനോട് ചോദിച്ചു.
"ഓനും ഇമ്മളെ കാളിയക്കാരൊക്കേണ്ടു, "
കണക്കുടീച്ചർ ആയ അമ്മോമ്മെനെ ,
പുളിയിറമ്പുന്നു... അവനും കൂട്ടരും രഹസ്യമായി പറയണത് ഓന്റെ അനിയത്തി സിമിച്ചേച്ചി ഇന്നോട് പറഞ്ഞുണ്ണു.....
പക്ഷെ നമ്മടെ വല്യച്ചന്റ്ഓടത്തെ അല്ലേ...... പറയണ്ട...ലേ...
ആൾക്കാരൊക്ക പോയി. നാളെ വെളളരി ആണ് കാവിൽ. അമ്പലകമ്മിറ്റിക്കാര് എല്ലാ വീടും കയറി ചക്ക, മാങ്ങാ, തേങ്ങാ, പൂള, ഒക്കെ ചാക്കിൽ കെട്ടി കൊണ്ടോണ് കണ്ടു.
നാളെത്തെ വെള്ളരി കഞ്ഞിടെ കൂടെ പുഴുക്കും, മാങ്ങാ ചമ്മന്തി യും ആണ് കിട്ടാ. നല്ല സ്വാദാവും അത്. വീട്ടിലെ കഞ്ഞിക്ക് കാവിലെ കഞ്ഞിടെ അത്ര സ്വാദ് ഇല്ല.
അച്ഛനെ അടുത്തു കിട്ടിയപ്പോൾ കാര്യം പൊടിപ്പും തൊങ്ങലും വച്ച് കേമായി തന്നെ പറഞ്ഞു കൊടുത്തപ്പോൾ മനസ്സിന് നല്ല സമാധാനം .......
അച്ഛൻ അത് കേട്ടു പൊട്ടി ചിരിച്ചു. അമ്മയോടും അച്ഛമ്മയോടും ഒന്നും പറയണ്ട എന്നു ചട്ടം കെട്ടി.
പിറ്റേ ദിവസം രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി കാവിൽക്ക് ഓടാണ് ബാബുട്ടൻ.
"ബാബുട്ടോ"........ അച്ഛൻ ഉറക്കെ വിളിച്ചു.
"ആ ഉണ്ണിയേട്ടാ."...... അവൻ അച്ഛന്റെ മുന്നിൽ വിനയകുനിതനായി.
"എടോ അന്നെ ഒന്ന് കാണാൻ ഇരിക്കാർന്നു.
എന്താ... ച്ചാ... വയ്യായ ഇപ്പൊ ഇത്തിരി ഭേദം ഇണ്ട്.
ഇതു പോലെ തന്നെ അങ്ങട് പോണെങ്കിൽ നല്ല ചിട്ട വേണം. പ്രധാനം മരുന്നാ.....
ഇഞ്ഞി ഇത്തിരി നാടൻ മരുന്നും കൂടി ശീലാവണം. ഒരുവിധം ഒക്കെ മൂസിന്റെ അടുത്തുണ്ട്. കിട്ടാത്ത ഒരു സാധനം ഉണ്ട്.
രാവിലെ 8മണിക്കും, രാത്രി 8മണിക്കും കഴിക്കണ തുള്ളി മരുന്നിൽ ഒരു പത്തു നാടൻ മാങ്ങടെ നീര് ചേർക്കണം . രാവിലേക്കും വൈകുന്നേരത്തേക്കും കൂടെ ഒരു പത്തിരുപതു മാങ്ങ കിട്ടാൻ വല്ല വഴിയും ഉണ്ടോ? "
കുട്ടേട്ടൻ പറഞ്ഞു അന്നേ ഏൽപ്പിച്ചാൽ അത് മുടങ്ങാതെ കിട്ടും എന്നു.
"കിട്ടോ "എന്താ വേണ്ടുന്നു ച്ചാ... തരാ.....
അവനൊന്നു ആലോചിച്ചു, ന്താവും....
"ഒരു കുണ്ടൻ മുറം മാങ്ങ കച്ചോടം സ്കൂളിൽ ഉണ്ട്, അതുന്നു ഒരു ഇരുപതെണ്ണം അല്ലെ?
സാരല്യ !ഒന്നും ഇല്ലേലും മരുന്നിനല്ലേ,
പിന്നെ സ്ഥാനം കൊണ്ട് ഏടത്തീടെ ഭർത്താവും, അമ്മു അമ്മായിടെ മകനും ഒക്കെയാണ്. പിന്നെ....... വിഷു ഒക്കെ വരുണുണ്ടു,
താലപ്പൊലിക്കും, കാള വേലക്കും ഒക്കെ പോവുമ്പോൾ എന്തെ ങ്കിലും തരാതിരിക്കില്ല.
അപ്പൊ തന്നെ മറുപടി കിട്ടി.....
"അയിനെന്താ ദിവസവും മാങ്ങ എത്തിക്കേണ്ട കാര്യം ഞാനേറ്റു, പകരം ഒന്നും വേണ്ട..... ഇങ്ടെ സൂകേട് മാറട്ടെ.
അപ്പൊ... എട്ടുമണിക്ക് മുന്നേ മാങ്ങാ എത്തും. ബാബുട്ടനാ
പറയണേ.............
അവൻ ഓടി പോയി.
ഉമ്മറത്തു മുറിയിൽ നിന്ന് ചിരി അടക്കി പിടിച്ചു ഞാനിതു കേട്ടു. പിറ്റേന്ന് മുതൽ ഞങ്ങൾക്കു രണ്ടാൾക്കും മതിയാവോളം മാങ്ങ തിന്നാൻ പറ്റി. കണ്ണും തിരുമ്മി എണീറ്റു വരുമ്പോ
"ദാ മാങ്ങ "എന്ന അശരീരി കേൾക്കാം.
അത്രയും രുചി വേറൊരു തേരൂട്ടി മാങ്ങക്കും തോന്നിട്ടില്ല.
കാവും കുളവും ഇന്നുമുണ്ടെങ്കിലും ഒരുപാട് തേനുള്ള ആ തേരുട്ടി മാവിന്നില്ല. മണ്മറഞ്ഞു പോയ പല സത്യങ്ങളും പോലെ ഞങ്ങൾക്കു മാങ്ങ കിട്ടാനായി അച്ഛൻ പറഞ്ഞ ആ നുണ ഇന്നും ബാബുട്ടനറിഞ്ഞിട്ടുമില്ല .
(കുട്ടിക്കാലത്തു നിന്നും ഒരേട്... ...... )
SUJITHA.T
MEd Student
NSSTC OTTAPALAM