കുശാഗ്രബുദ്ധികാരൻ എന്നാണ് കർമ്മ സാറിനെ എല്ലാവരും പറയുക. കാരണം പല കാര്യങ്ങളും അദ്ദേഹം വളരെ തഞ്ചത്തിൽ ചെയ്തു സമർത്ഥൻ ആകും. നമ്മുടെ നാട്ടിൽ ഇത്തരക്കാരെ നല്ല വെളവൻ എന്നാണ് പറയുക. സ്വന്തം കുടുംബത്തെ ഇത്രമാത്രം കരുതുന്ന മറ്റൊരു ഭൂട്ടാനിയെയും രാധിയിൽ കണ്ടില്ല. പരിചയപ്പെട്ട അന്നു മുതൽ യാത്ര പറയുന്ന നിമിഷംവരെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും അദ്ദേഹം നല്ലരീതിയിൽ സാധിച്ചു തന്നിരുന്നു. വളരെ വിശ്വസ്തനായ ഒരു സഹപ്രവർത്തകൻ.... ബൊമ്മ കുട്ടികളെപ്പോലെ രണ്ടു കുട്ടികളും, ബബ്ലി എന്നു ഞാൻ ഓമനിച്ചു വിളിക്കുന്ന പേമാ കർമ്മ എന്ന അതി സുന്ദരിയായ ഭാര്യയും തൊട്ടപ്പുറത്തുള്ള വീടിന്റെ മുകൾനിലയിൽ താമസിച്ചിരുന്നു.
ഒരുതരത്തിലും മനസ്സിലാവാത്ത ഷാഷോപ്പ് ഭാഷ സംസാരിക്കുന്ന പേമ രാധി ഗ്രാമത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവാളാണ്.
എന്നോട് സംസാരിക്കാൻ വേണ്ടി മാത്രം അവർ കർമ്മ സാറിനോട് ചോദിച്ചു കുറച്ചു കുറച്ച് ഇംഗ്ലീഷ് വാക്കുകൾ പഠിച്ചെടുത്തു. രാധിയിലെ നാട്ടുഭാഷ മാത്രം പറയുന്ന പേമ വീട്ടമ്മയും, വള്ളുവനാട്ടിലെ മലയാളം മാത്രം മനസ്സിലാകുന്ന എന്റെ അമ്മയും ഭാഷകൾക്ക് അതീതമായി സംസാരിക്കാത്ത വിഷയങ്ങളില്ല. ഞങ്ങൾ സ്കൂളിലേക്ക് പോയാൽ വരുന്നതുവരെ അമ്മയെ ശ്രദ്ധിക്കുകയും, പെട്ടെന്ന് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ, അപരിചിതരായ ആരെങ്കിലും വന്നാൽ, എല്ലാം ഒരു സഹോദരിയെ പോലെ പേമ കൈകാര്യം ചെയ്യും. ഇതെല്ലാം പേമ സ്വമനസ്സാലെ ചെയ്യുന്നത് ആണെങ്കിലും, അതിന്റെ ക്രെഡിറ്റ് മുഴുവൻ കർമ്മ സാർ മൊത്തമായും എടുക്കും, എല്ലാം ചെയ്തു കൊടുക്കണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് അവൾ അതൊക്കെ ചെയ്യുന്നത് എന്ന്.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖമുള്ള പേമയെ കണി കാണുന്നത് തന്നെ ഒരു ഉണർവ് ആയിരുന്നു.ഭൂട്ടാനി വിഭവങ്ങളുടെ പാചകം മുതൽ, രാധിഗ്രാമത്തിലെ പല ആചാരങ്ങളും, വിശ്വാസങ്ങളും, ചരിത്രവും, എല്ലാം ഞാൻ അറിഞ്ഞത് ആ വീട്ടമ്മയിലൂടെയാണ്.
ഇന്ത്യൻ വിഭവങ്ങളെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന കർമ്മക്കു വേണ്ടി, നമ്മുടെ തനതായ വിഭവങ്ങൾ, രാധിയിൽ ലഭ്യമാകുന്ന വസ്തുക്കൾ വെച്ച് ഞാൻ പേമക്കു പറഞ്ഞുകൊടുത്തു.
ഉച്ചയൂണിനു രസം തിളയ്ക്കുമ്പോൾ, അതിൽ ഇടനായി... പേമ അവളുടെ അടുക്കളത്തോട്ടത്തിൽ നിന്ന് ഇതൾ വിരിഞ്ഞ മല്ലിയില തലപ്പും ആയി .... മര പലകയടിച്ച ഗോവണിപടികൾ ഇറങ്ങി എന്റെ അടുക്കളയിലേക്ക് ഓടി വരും. എന്റെ വീതം തരൂ എന്നു പറഞ്ഞ്, ഒരു ബൗൾ എടുത്ത് അവരുടെ വീതം പകർന്നു എടുക്കുന്ന കാപട്യമില്ലാത്ത സ്ത്രീ.
ചില വൈകുന്നേരങ്ങളിൽ ആളൊഴിഞ്ഞ പുൽത്തകിടിയിൽ ഇരുന്ന് ഞാനും പേമയും മണിക്കൂറുകളോളം സംസാരിക്കും.... ഒരിക്കൽ അത് ശ്രദ്ധിച്ച് കർമ്മ സാർ പറഞ്ഞു , " മനസ്സ് തൊട്ട സുഹൃത്ത് ആണ് എങ്കിൽ ഭാഷ ഒരു പ്രശ്നമേ അല്ല അല്ലേ!!!!
കണ്ണിന്റെ ഭാവങ്ങളും, കൈകളുടെ ആംഗ്യവും, വിവിധ ഭാവങ്ങൾ ഉള്ള മുഖവും തന്നെ ധാരാളമാണ് ആശയവിനിമയത്തിന്........
രാധിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു പോരുമ്പോൾ അവസാനമായി യാത്ര പറഞ്ഞതും പേമയുടെ നിറഞ്ഞ കണ്ണുകളോടും, നനുത്ത കൈകളോടും ആണ്.
പുലർകാലെ യുള്ള ബസ്സിൽ പോരുവാൻ ആയി വീട് പൂട്ടി ഇറങ്ങിയപ്പോൾ, താക്കോൽകൂട്ടം വീട്ടുടമസ്ഥനെ ഏൽപ്പിക്കണം എന്ന് പറഞ്ഞ് നൽകിയത് കർമ്മ സാറിന്റെ കൈകളിലാണ്. ഒരു കപ്പ് ചായ കുടിച്ചേ പോകാവൂ എന്ന് നിർബന്ധം പറഞ്ഞ് പേമ അടുക്കളയിലേക്ക് ഓടിക്കയറി....
ഭൂട്ടാനികളുടെ പരമ്പരാഗത ചായആയ" സൂജ '". ഇത് തേയില കൊത്തിൽ ഷുഗർ ക്യുബ് ഇട്ട് തിളപ്പിച്ച് കടഞ്ഞെടുത്ത വെണ്ണ കൂട്ടി പതപ്പിച്ച് ഉണ്ടാക്കുന്നതാണ്. അതിഥി സൽക്കാരത്തിൽ ഒന്നാമനാണ് ഇവൻ. എന്റെ സ്വന്തം പേരിനോട് ഒരുപാട് സാദൃശ്യം ഉള്ളതുകൊണ്ട് അസമയത്ത് ആണെങ്കിലും ഒരു കപ്പ് സൂജ എടുക്കട്ടെ എന്ന് പേമ കളിയാക്കി ചോദിക്കും.
രാധി ഗ്രാമത്തിൽ നിന്നിറങ്ങുമ്പോൾ നാവിലൂറുന്ന രാധി യിലെ അവസാനത്തെ രുചി പേമയുടെ കയ്യിൽനിന്നു വാങ്ങി കുടിക്കുവാൻ, ക്ഷമയോടെ കാത്തു നിന്നു.
കോടമഞ്ഞിൻ പുതപ്പ് അഴിക്കുന്ന രാധിയെ അവസാനമായി ഒന്നുകൂടെ നോക്കി.....
കടുപ്പം കൂടാതെ, മധുരം കുറച്ച്, ഏലക്കാപ്പൊടി വിതറി, മിഥുൻ പശുവിന്റെ പാലിൽ തിളപ്പിച്ച ചൂടുചായ കപ്പിലേക്ക് പകർന്നു തന്ന്.... ഇനി നമ്മൾ കാണുമോ എന്നപോലെ കുറച്ചു നേരം നോക്കി നിന്നു.
" ഓർമ്മ നഷ്ടപ്പെടും വരെ ഈ മാനസ സുഹൃത്തിനെ
ഓർക്കും "
എന്ന പേമയുടെ വാക്കുകൾ കർമ സർ ചിരിച്ചുകൊണ്ട് തർജ്ജമ ചെയ്ത് തന്നു.
വർഷങ്ങൾ ഒരുപാട് പിന്നോട്ട് എടുത്തെങ്കിലും, ഇന്നും പുലർകാലത്ത് എങ്ങോട്ടെങ്കിലും യാത്ര പുറപ്പെടുമ്പോൾ പേമ
യുടെ കൈകൾകൊണ്ട് നൽകിയ രാധിയുടെ അവസാനത്തെ രുചിയും ഗന്ധവും മനസ്സിലേക്ക് ഓടിയെത്തും. എന്റെ മാനസ സുഹൃത്തിന്റെ സുന്ദര മുഖവും........
തുടരും....
(20) ബന്ധങ്ങൾ ഇവിടെ ബന്ധനങ്ങൾ അല്ല!!!!!!