കള്ളക്കർക്കിടകം എന്നും, പഞ്ഞ കർക്കിടകം എന്നും, പഴി കേൾക്കുന്ന മാസമാണ് കർക്കിടക മാസം. പെരുമഴക്കാലം ആണെങ്കിലും, രാമായണത്തിലെ വിശുദ്ധിയും ഭക്തിയും ഒത്തുചേരുന്ന ദിനരാത്രങ്ങൾ.
എന്റെ മനസ്സിലെ കർക്കിടകം എന്നത് മൂന്നു തലങ്ങൾ ഉള്ളതാണ്. അതെ, അച്ഛമ്മയുടെ രാമായണ പാരായണവും,
അമ്മമ്മയുടെ ആവിപറക്കുന്ന കർക്കിടക കഞ്ഞിയും, ചാച്ചന്റെ (മുത്തച്ഛൻ ) അണുവിട തെറ്റാത്ത ചിട്ടവട്ടങ്ങളും ഒത്തുചേരുന്ന മാസം.
ശങ്കരാന്തി പണി ചെയ്യണ്ടേ? എന്ന ജാനുവിന്റെയും നാരായണി അമ്മയുടെയും ചോദ്യങ്ങളും ആയാണ് കർക്കിടകം തുടങ്ങാറ്. അതെ കർക്കിടക സംക്രാന്തിയുടെ അടിച്ചുതളി പണി കേമം തന്നെ. കൃഷി ഒക്കെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാലത്ത് ഇതൊക്കെ അത്യാവശ്യമായിരുന്നു. എന്നാൽ ഇന്ന് കൊയ്ത്തും മെതിയും ഒക്കെ പാടവരമ്പത്ത് തന്നെ കഴിയും. ഒന്നാമത്തെ കാരണം വീട്ടിൽ ആർക്കും ഇതിനൊന്നും നേരമില്ല, രണ്ടാമത്തേത് പൊടിയുടെ അലർജിയും. അതുകൊണ്ടുതന്നെ പഴയ പോലത്തെ വിശാലമായ പണിയൊന്നും ഇന്നില്ല. എന്നും എല്ലാവടെയും അടുക്കിയും പെറുക്കിയും ഇരിക്കുകയല്ലേ. എങ്കിലും ഒരുപാട് പഴയ സാധനങ്ങൾ കളയുവാനും, അടുക്കളയിലെ പൊട്ടും പൊടിയും എല്ലാം ഒഴുവാക്കുവാനും, ചെറിയ അലങ്കാര മാറ്റങ്ങളൊക്കെ വരുത്തുവാനും ഈ ശങ്ക്രാന്തി പണി അത്യാവശ്യം തന്നെ.
സന്ധ്യയ്ക്കു മുന്നേ എല്ലാം കഴിഞ്ഞ് വിളക്ക് വെക്കാൻ നേരത്ത് പൊട്ടിയെ കളയുന്ന ഒരു ചടങ്ങുണ്ട് ഇവിടെ വള്ളുവനാട്ടിൽ ഒക്കെ. ഒരു പഴയ കീറ് മുറത്തിൽ, കെട്ടഴിഞ്ഞ് ഒരു കുറ്റിച്ചൂലും, പൊട്ടിയ കണ്ണാടി ചില്ലും, അടുക്കളയിലെ ഉടഞ്ഞ പാത്രങ്ങളും, ഇത്തിരി ചപ്പിലകളും എല്ലാം ആയി പറമ്പിന്റെ അറ്റത്ത്, തോട്ടുവക്കിലെ ചാലിൽ ഒക്കെ ഇത് കൊണ്ടുപോയി കളയും, പോണവഴിക്ക് "ചേട്ടാ ഭഗവതി പുറത്ത്, ശ്രീഭഗവതി അകത്ത്" എന്ന കൊട്ടി പാടി കൊണ്ടിരിക്കും കുട്ടിപ്പട്ടാളം. തിരിച്ചുവന്ന് കുളി കഴിഞ്ഞു വന്നാൽ തുളസിയും പൂവും വച്ചു വിളക്ക് വെക്കും.
വീട്ടിലെ പെൺകുട്ടികൾ അപ്പോഴേക്കും വേലിക്കരികിൽ നിന്ന് മൈലാഞ്ചിയില പൊട്ടിച്ച് അമ്മിക്കല്ലിൽ അരച്ചുവെച്ചിരിക്കും.
രാത്രിയിൽ ആണ് ഇത് ഇടുന്ന പതിവ്.
സന്ധ്യമയങ്ങിയാൽ കോഴികൾ എല്ലാം കൂട്ടിൽ മുളയുമ്പോൾ, അതിൽ ഒരെണ്ണത്തിനെ പിടിച്ച് വൈകുന്നേരത്തേക്ക് നല്ല നാടൻ കോഴി വരട്ടും. ചിലയിടങ്ങളിൽ കാരണവന്മാർക്ക് കള്ളും കോഴിയും വെക്കുന്ന പതിവുമുണ്ട്. ഇന്നതൊക്കെ ഇളനീരും തവിടും ആയി മാറിയിരിക്കുന്നു എന്ന് മാത്രം. പഴയ തറവാടുകളിൽ ഇന്നും തുടരുന്നു..
മിക്കവാറും വീടുകളിൽ നാടൻ കോഴി വരട്ടിയതിനൊപ്പം നാടൻ നെയ്യിൽ ചെറുള്ളി മൂപ്പിച്ചു ഒഴിച്ച തേങ്ങാ ചോറും, ഉലുവ ച്ചോറും ഒക്കെയാണ് പതിവ്. അതിനൊരു കാരണം കൂടെയുണ്ട്. പിന്നീടങ്ങോട്ട് ഒരു മാസത്തോളം കർക്കിടക നോമ്പാണ് ഇവിടങ്ങളിലൊക്കെ. മിക്കവരും ശുദ്ധ സസ്യാഹാരികൾ ആയിരിക്കും. ചുരുങ്ങിയത് കർക്കിടകം പത്ത് വരെയെങ്കിലും ഒരു വീട്ടിലും മത്സ്യവും മാംസവും മുട്ടയും ഉപയോഗിക്കില്ല. അതിനും ഒരു കാരണമുണ്ട്. മനുഷ്യ ശരീരം ഏറ്റവും കൂടുതൽ ഇളമിക്കുന്ന മാസമാണ് കർക്കിടക മാസം. ആയുർവേദ പരിചരണങ്ങൾക്ക് ഉത്തമമായ മാസം. മിക്കവരും ഈ സമയത്താണ് ഉഴിച്ചിലും പിഴിച്ചിലും ധാരയും ഒക്കെ നടത്താറ്.
കർക്കിടക സംക്രാന്തി യുടെ രാത്രികാലങ്ങളിൽ അമ്മോമ്മ ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്. കരോലിൽ ഉണ്ടാക്കുന്നത് കൊണ്ട് ഇവിടങ്ങളിലൊക്കെ ഇതിനെ കാരോലപ്പം എന്നാണ് പറയാറ്. ചൂടുള്ള കാരോലപ്പം കഴിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയത്ത്, മൈലാഞ്ചി പൊത്താൻ ഉള്ള ഒരു ഇരിപ്പുണ്ട്. രണ്ടു കൈകളിലും രണ്ടു കാലുകളിലും നിറയെ മൈലാഞ്ചിപൊതിഞ്ഞശേഷം പ്ലാസ്റ്റിക് കവറു കൊണ്ടു പൊതിഞ്ഞു, ചാക്ക് നൂല് കൊണ്ടു കെട്ടും. രാത്രിയിൽ ഉറക്കത്തിൽ വിരിപ്പിലും പുതപ്പിലും ഒന്നും ആവണ്ടിരിക്കാനാണ്.
രാവിലെ ഉണർന്നാൽ ഈ പൊതി അഴിച്ചു കയ്യും കാലും കഴുകുമ്പോൾ നല്ല മൈലാഞ്ചി ചോപ്പാവും.
ഇത് ഭംഗിക്കല്ല...... മറിച്ചു മഴക്കാലത്തുണ്ടാകുന്ന ത്വക്ക് രോഗങ്ങളിൽ നിന്നും കയ്യിലേയും കാലിലെയും ചർമ്മത്തെ സംരക്ഷിക്കുവാൻ ആണ്.
ശങ്ക്രാന്തി പിറ്റേന്ന് നേരം പുലർന്നാൽ കർക്കിടകം ആയല്ലോ, കാവിൽ നിന്നുള്ള രാമായണ പാരായണം കേട്ടാണ് ഉണരാറ്. ആകാശവാണിയിലും ടിവിയിലും, ഒക്കെ രാമായണകഥ പാടി നടക്കുന്നത് കേൾക്കാം ഇനി ഒരു മാസം.
ഈ വർഷം നീലമന സഹോദരിമാരുടെ രാമായണകഥയുടെ നൃത്താവിഷ്കാരം ആണ് എന്നെ ആകർഷിച്ചത്, ഓരോ കഥയും അതി മനോഹരമായ വിവരണം കൊണ്ടും ചടുല താളങ്ങൾ കൊണ്ടും, അതിലുപരി യാഥാർത്ഥ്യത്തെ തോൽപ്പിക്കുന്ന പ്രകൃതി ഭംഗി കൊണ്ടും ഗംഭീരമായിരിക്കുന്നു ഓരോ കാണ്ഡവും.
കുതിർത്ത അരി വേവാൻ ഏകദേശം അര മണിക്കൂർ വേണം. അരി വെന്തു ഉലർന്നാൽ ദശമൂലം അരച്ചത്, ചൂർണ്ണം, എല്ലാം ചേർത്ത് വെട്ടി തിളപ്പിക്ക, പാകത്തിന് ഉപ്പു വിതറുക,
രാമായണ മാസത്തിൽ രാമായണ പാരായണം ഇന്നും മുടങ്ങാതെ തുടരുന്നു ഇവിടങ്ങളിലൊക്കെ.
ഓരോരുത്തരും അവരവരുടെ നേരവും കാലവും അനുസരിച്ച് രാവുറങ്ങുന്നതിനു മുന്നേ നിശ്ചിത ഭാഗം വായിച്ചു തീർത്തിരിക്കും. ദേഹശുദ്ധി വരുത്തി, നിലവിളക്ക് കൊളുത്തി, തുളസി ഇതൾ കൊണ്ട് പൂജിച്ചശേഷം മാത്രമേ ആ ഗ്രന്ഥം തുടങ്ങുകയുള്ളൂ.
കുളിയിലും , ഭക്ഷണകാര്യത്തിലും, അതീവ ചിട്ടയാണ് ഇക്കാലത്ത്.
പുലർകാലത്ത് ഉണർന്ന്, ഇളം ചൂടാക്കിയ ആട്ടിയ എണ്ണയോ, കുഴമ്പോ, ദേഹത്ത് തേച്ചുപിടിപ്പിച്ച്, മരുന്നിട്ടു കാച്ചിയ എണ്ണ.....
( വെളിച്ചെണ്ണയിൽ, കാട്ടുതെച്ചി, കൃഷ്ണ തുളസി, കറിവേപ്പില, പനിക്കൂർക്ക, കറ്റാർവാഴ, മൈലാഞ്ചിയില, പൂവാംകുറുന്നില, കഞ്ഞുണ്ണി, ചെറുള്ളി, നെല്ലിക്ക, കരിംജീരകം, കർപ്പൂരം, എല്ലാതും ചെറിയൊരു അംശം ഇട്ടു കാച്ചിയത്) തലയിൽ പുരട്ടി, ചെറുപയർപൊടി കൊണ്ട് കഴുകി കളഞ്ഞു, ദേഹ ശുദ്ധി വരുത്തുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
പണ്ടൊക്കെ തൊടിയിലും കുളക്കരയിൽ ഉം നിറയെ താളിയിലകൾ ഉള്ളതിനാൽ ഓരോ ദിവസവും ഓരോ തരം താളിയാണ് എല്ലാവരും
തേച്ചിരുന്നത്. ചെമ്പരത്തി താളി, വെള്ളിലത്താളി, കുറുന്തോട്ടി താളി, അങ്ങനെ നീളുന്ന നിര. അതുപോലെതന്നെ ഇന്നത്തെ പോലെ പല തരം സോപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ അച്ഛമ്മ ഒക്കെ കുളിക്കാൻ പോകുമ്പോൾ ഒരുപിടി കുരുമുളക് വള്ളി ചുരുട്ടിപ്പിടിച്ചു ദേഹത്തു ഉരച്ചു കഴുകി ഇരുന്നു. നല്ല ഒരു ചർമ്മ മരുന്നാണ്ത്ര കുരുമുളക് വള്ളി. അതുപോലെതന്നെ പീച്ചിങ്ങയും,ഈഞ്ഞയും.
ഇന്നിതൊക്ക പ്രസവ ശുശ്രൂഷ കാലത്തെ അതിഥികൾ മാത്രം.
അമ്മോമ്മേടെ കർക്കിടക കഞ്ഞി കുറിക്കാനാണ് എഴുതി തുടങ്ങിത്. പറഞ്ഞു പറഞ്ഞു കാടു കയറി കഥയായി.
കർക്കിടക കഞ്ഞിടെ വെപ്പ് മാത്രം അമ്മോമ്മടെ അവകാശം. കൊല്ലോം ഒരുക്കങ്ങൾ കൂട്ടുന്നതും, പച്ചമരുന്ന് പാടത്തും പറമ്പിലും തിരഞ്ഞു കണ്ടു പിടിക്കണതും അമോമ്മേടെ വലംകൈ ആയ നാരായണി അമ്മയാണ്.
ഉച്ചയൂണ് കഴിഞ്ഞു ഒന്നിരിക്ക പോലും ചെയ്യാതെ അമ്മോമ്മ പണി തുടങ്ങും.
(1)ദശമൂലം ഒരുക്കലാണ് ആദ്യ പണി.
പത്തു പന്ത്രണ്ടു വേരുകൾ ഉണ്ടാവും. കുറുന്തോട്ടി, വെട്ടിയാറില, പെരുംകടവേര്, കാട്ടുമുല്ല, ഓരില , മൂവില, ചെറൂള, ചെറുവഴുതന, തഴുതാമ, ചിറ്റാംമൃത്, നിലപ്പന, തുമ്പ..... അങ്ങനെ കിട്ടുന്ന വേരുകൾ പത്തും പതിനഞ്ചും ഒക്കെ ആവും
നവര അരി നാഴി എടുത്ത്, രണ്ടു സ്പൂൺ ആശാളി, രണ്ടു സ്പൂൺ ഉലുവ,എന്നിവയോടൊപ്പം വെള്ളത്തിൽ കുതിർക്കാൻ വെക്കുക.
(3) ചൂർണം മരുന്ന് കടയിൽ നിന്നും വാങ്ങിക്കാണ് പതിവ്. (നന്നാരി, രാമച്ചം, ചന്ദനം, എലവകം, ജാതിക്ക, ഏലം, അമുക്കുരം, നാഗപൂവ്, തെങ്ങിൻപൂക്കുല, എന്നിവ ഉണക്കി പൊടിച്ച ചൂർണം നാഴിക്ക് ഒരു സ്പൂൺ ചൂർണം പൊടി എന്നാണ് കണക്ക്.)
(4) അരവു ഉണ്ടാക്കലാണ് അടുത്ത പണി.
ജീരകം, പച്ചമഞ്ഞൾ, പച്ച മല്ലി,കുരുമുളക്, ചുക്ക്, വേണ്ട അളവിൽ മിനുസമായി അരക്കണം.
(5) ഒരു ഗ്ലാസ് തേങ്ങാപാലോ/ പശുവിൻ പാലോ....., നെയ്യിൽ മൂപ്പിക്കാനായി ഒരു പിടി ചെറുള്ളിയും, വെളുത്തുള്ളിയും നനുക്കനേ അരിഞ്ഞതു.
കുതിർത്ത അരി വേവാൻ ഏകദേശം അര മണിക്കൂർ വേണം. അരി വെന്തു ഉലർന്നാൽ ദശമൂലം അരച്ചത്, ചൂർണ്ണം, എല്ലാം ചേർത്ത് വെട്ടി തിളപ്പിക്ക, പാകത്തിന് ഉപ്പു വിതറുക,
തിളച്ചു വന്നാൽ പാലൊഴിച്ചു ഒന്നൂടെ തിളപ്പിച്ച് വാങ്ങി ആവി പോവാൻ വെക്കുക.
അതിനു ശേഷം നെയ്യിൽ ചെറുള്ളി, വെള്ളുള്ളി മൂപ്പിച്ചു ഒഴിക്കുക. നല്ല ചൂടോടെ വേണം കഞ്ഞി കുടിക്കാൻ. കുടിച്ചാൽ വിയർക്കണം. കഞ്ഞിക്കു മുന്നും പിന്നും ഒന്നും കഴിക്കാനോ കുടിക്കാനോ പാടില്ലെന്നു നിയമം. കർക്കിടക കഞ്ഞി ക്കൊപ്പം തൊട്ടുകൂട്ടാനായി പത്തിലതാളിച്ചതാണ് ഉത്തമം. കിട്ടുന്ന ഔഷധഇലകളെല്ലാം നുള്ളി വെറും ഉപ്പിട്ട് വേവിച്ചു ചീനമുളക് ചതച്ചിട്ട് വെളിച്ചെണ്ണ തളിക്കും. കർക്കിടകം മുഴുവനും ഇല താളിച്ചത് പ്രധാനം തന്നെ.