Pages

Monday, March 6, 2023

മതിൽകെട്ടിനകത്തു കണ്ട കാണാത്ത പൂരം ❣️

തട്ടകത്തിലെ താലപ്പൊലിയും, കാളവേലയും, ആറാട്ടും  കേട്ടറിവ് മാത്രമുള്ളവർക്ക് ചിനക്കത്തൂർ പൂരം എന്ന് കേട്ടപ്പോൾ കാണാത്ത കടൽ പോലെ ആണ് അന്നും ഇന്നും.
                               അന്നൊക്കെ
ദേശതാലപ്പൊലി കൂറഇട്ടാൽ എട്ട് ദിവസത്തിനുള്ളിൽ കാവിൽ പോയി തൊഴുകും, പറയെടുപ്പിന് വെളിച്ചപ്പാടും തറയും വരുമ്പോൾ ഉമ്മറത്തെ വാതിലിന്റെ പിന്നിലൂടെ ഒളിച്ചു നോക്കും.
 പറ വെക്കുന്നതും, എടുക്കുന്നതും ഒക്കെ  വീട്ടിലെ മുതിർന്നവർ ചെയ്യുന്നത് നോക്കി നിൽക്കുകയേ ഉള്ളൂ.
 അമ്മ പോലും അന്നൊക്കെ ഉമ്മറത്തേക്ക് പോയിരുന്നില്ല. അച്ഛമ്മയും അമ്മുമ്മയും മുത്തശ്ശനും ഒക്കെ എല്ലാറ്റിനും മുന്നിലുള്ള കാലം. വെളിച്ചപ്പാടിന്റെ കിലും..കിലും ശബ്ദം കേൾക്കുമ്പോഴേ മുറ്റത്തുനിന്ന് ഓടിക്കയറും. വാളിന്റെ തലപ്പിൽ പറയിലെ നെല്ല് എടുത്ത് ഭഗവതിയെ ധ്യാനിച്ച്  വീടിനകത്തേക്ക് നെല്ലെറിയുമ്പോൾ അയാളുടെ നോട്ടം പോലും തട്ടാതിരിക്കാൻ ഒളിച്ചുനിന്ന കാലം. താലപ്പൊലിയുടെ അന്ന് നേരത്തെ കുളിച്ചു കുറിയൊക്കെ തൊടും.പുതിയ ഉടുപ്പൊക്കെഎടുത്തിടും.
രാവിലെ നേരത്തെ 
 വിളങ്ങോട്ടു കാവിൽ പോയി മുത്തശ്ശൻ കൊണ്ടുവരുന്ന നെയ്പായസവും കഴിച്ച്, ഉച്ചയ്ക്ക് പോകുന്ന വേല കാണാൻ രാവിലെ തന്നെ വല്യച്ഛന്റെ വീട്ടിൽ പോയിരിക്കും. അന്നൊന്നും നമ്മുടെ കുടുംബത്തെ പെണ്ണുങ്ങൾ ആരും താലപൊലിക്കും കാളവേലയ്ക്കും  ഒന്നും പോവില്ല... ഉമ്മറത്തുകൂടെ പോകുന്ന ഒരു ആനയും, ഒരു സെറ്റ് കാളയും, നാല് ചെണ്ടയും കണ്ടാൽ  പൂരമായി.
 വൈകുന്നേരം കാവിൽ നിന്ന്  വെടി പൊട്ടുന്ന ശബ്ദം കേട്ടാൽ ഭയങ്കര സന്തോഷമായി. കാരണം ഏതാനും മിനിറ്റുകൾ കഴിഞ്ഞാൽ പൂരം കണ്ടു തിരിച്ചു പോരുന്നവരൊക്കെ നടന്നു ക്ഷീണിച്ച്,  തണുത്ത വെള്ളം കുടിക്കാൻ വേണ്ടി വീട്ടിൽ കയറും, അവരുടെ കയ്യിൽ ഉള്ള സഞ്ചിയിൽ നിന്നും ഒരു പിടി പൊരിയോ,ഉറിയപ്പമോ കുട്ടിക്ക് വേണ്ടേ എന്ന് ചോദിച്ച് കയ്യിൽ തരും. വെള്ളം കൊടുക്കുന്നതിനിടയിൽ അമ്മ കണ്ടാൽ
"ഏയ്‌ വേണ്ടന്നും കുട്ടികൾക്കുവേണ്ടതൊക്കെ കൊണ്ടുവരാൻ സുന്ദരനോടോ നവാസിനോടോ ഒക്കെ പോകുമ്പോൾ ഉണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ട്."
 " അത് സാരമില്ല ഇത് കഴിച്ചോട്ടെ" എന്ന് തരുന്നവർ പറയും.. ആദ്യം കിട്ടുന്ന പൊരി യുടെ പൊരിപ്പും മുറുക്കിന്റെ മുറുക്കവും..അതൊന്ന് വേറെ തന്നെ. പിന്നീടങ്ങോട്ട് ഒരാഴ്ചത്തേക്ക് ഓരോരുത്തരുടെ വകയും സഞ്ചി..സഞ്ചി ആയി കൊണ്ടുവരും.
...........
 പിന്നത്തെ ഉത്സവ ഓർമ്മ...അച്ഛന്റെ തട്ടകത്തിലെ  മുളയങ്കാവ് കാളവേലയാണ്. മുളയൻ കാവിലമ്മക്ക് ആനയെ പേടിയാണ്. അതിനാൽ അവിടെ കാളവേലയാണ്.

വേലയുടെ  തലേദിവസം കാവിൽ തൊഴുത്,പട്ടുചാർത്തി, പണപ്പായസം കഴിച്ച്, ഉത്സവലഹരിയോടെ 
 അച്ഛമ്മയുടെ കൂടെ അച്ഛന്റെ തറവാട്ടിൽ പോകും. മനസ്സ് മുഴുവൻ സന്തോഷം മാത്രം. എപ്പോഴും കളിച്ച ചിരിച്ചു ഉല്ലസിച്ച്.... അവരുടെ മതിലിന്റെ ഉള്ളിൽ നിന്ന് കാണുന്ന കാളയും കൊട്ടും തന്നെയാണ് അന്നൊക്കെ പെണ്ണുങ്ങളുടെ കാളവേല.
ആണുങ്ങൾ ഒക്കെ പാതിരാക്ക് തിരിച്ചു വന്നിട്ട് പറയുന്ന വിവരണവും കേട്ട്...
 അവർ കൊണ്ടു വന്ന പലഹാരപ്പൊതി രാത്രി മുഴുവനും വർത്തമാനം പറഞ്ഞിരുന്നു കഴിക്കും.
കണ്ണ് അടക്കുകയും തുറക്കുകയും ചെയ്യുന്ന കാള, നാവു നീട്ടുന്ന കാള, തലയാട്ടുന്ന കാള ന്നൊക്കെ കേട്ട്... കേട്ട് ..അതൊക്കെ കാണാതെ... കണ്ടിട്ട് മനസ്സിൽ സങ്കൽപ്പിച്ചു അച്ഛമ്മടെ കൂടെ ഉറങ്ങാതെ കിടക്കും. നേരം വെളുക്കും വരെ  എല്ലാവരും ചേർന്നിരുന്ന് അതിന്റെ സത്യവും മിത്തും പറയും..ഉറക്കെച്ചിരിക്കും. 
നേരം വെളുക്കുന്നതിനു മുന്നേ
 അച്ഛമ്മ.."പോണ്ടേ... നമുക്ക്ന്നു.".പറഞ്ഞ് തിരക്ക് കൂട്ടും. അമ്പലനടയ്ക്ക് മുന്നിലൂടെ വണ്ടിയിൽ പോരുമ്പോൾ കച്ചവടം കഴിഞ്ഞ് എല്ലാം പെറുക്കികെട്ടുന്ന വളക്കച്ചവടക്കാരും,  പൊരി കച്ചവടക്കാരക്കെ നമ്മളെ നോക്കുന്നുണ്ടാവും. നമ്മൾ അവരെയും.
നോക്ക മാത്രം..ഗുരുവായൂർ പോവുമ്പോ മാത്രേ അന്ന് വളയും മാലയും ഇഷ്ടം പോലെ വാങ്ങു.
                    പിന്നെ വീട്ടിൽ  വല്ലപ്പോഴും വരുന്ന വളചെട്ടിച്ചിമാരുടേൽനിന്നും അമ്മമ്മ ഓണത്തിനും, വിഷുവിനും  വാങ്ങിതരും.
 (വളക്കാരി അമ്മുവും, ധനവും, ലക്ഷ്മിയും സഹോദരിമാരാണ്.  പക്ഷേ ഒരാളിൽ നിന്ന് വള വാങ്ങിയാൽ മറ്റെയാൾ തെറ്റും. പരിഭവം പറയും.അതിനാൽ മൂന്ന് പേര് വരുമ്പോഴും അമ്മൂമ്മ വെറുപ്പിക്കാതെ വിടും.
 വളക്കാര് വന്നാൽ ഞങ്ങൾ മാത്രമല്ല, തറവാട്ടിലെ ചേച്ചിമാരും, അയലൊക്കെത്തെ താത്തമാരും, സഹായത്തിന് വരുന്നവരുടെ കുട്ടികൾക്കും,  അങ്ങനെ വളയിടുന്ന കൈകൾക്കൊക്കെ അമ്മമ്മ വളവാങ്ങി തരും.
 ഒരു ചെറിയ കാർട്ടൂൺ ബോക്സ് തുറക്കുമ്പോൾ, ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളെല്ലാം അതിലേക്ക് എത്തിനോക്കും, പിന്നെ ഓരോ കൈകളുടെയും വലിപ്പം അനുസരിച്ച്,കുട്ടി വളകളും,തള്ള വളകളും,പ്ലെയിൻ വളകളും,മിനുക്ക് വളകളും,
അതിനുപുറമേ ചരട്, സ്ലൈഡ്,
 കണ്മഷി,ചാന്തുപൊട്ട്, ഇന്നത്തെ ഒരു ഫാൻസി കട തന്നെയാണ് അന്നത്തെ ഒരു കാർട്ടൂൺ ബോക്സ്‌... ചേച്ചിമാർ പറയും പുതിയ  ഫാഷൻ വേണമെന്ന്, അപ്പോൾ അവർ പറയും, ഇത് ഇന്നലെ കുന്നംകുളത്ത് വന്നതാ,  അതുകൊണ്ടല്ലേ ഇന്ന് ഈ വഴിക്കൊക്കെ പോന്നത്.... എല്ലാർക്കും സന്തോഷം ആവും.കച്ചവടം കഴിഞ്ഞാൽ അപ്പോഴൊന്നും അവര് പോവില്ല, ആ നേരത്തെ ഭക്ഷണവും കഴിച്ച്, അരതിണ്ണയിൽ ഒന്ന് കിടന്ന്, അമ്മുമ്മയുടെ പഴയ ഓയിൽ സാരികൾ ഒക്കെ വേണം ന്നു പറഞ്ഞു വാങ്ങി, ഇനി കുറച്ചു ദിവസം കഴിഞ്ഞ് വരാനായി വള ...വള.. വളെ..   വിളിച്ചുപറഞ്ഞു.. ഇടവഴിയിൽ കൂടെ പോകും.
കാലം കുപ്പിവളകൾ പോലെ കിലുങ്ങിയും പൊട്ടിയും വിളക്കിയും മുന്നോട്ട്...... അടുത്ത കാലത്ത്  ഒറ്റപ്പാലത്തേക്കുള്ള ഒരു ബസ് യാത്രയിൽ അവശയായ 
ഒരു അമ്മൂമ്മ അടുത്ത് വന്നിരുന്നു, കുറേനേരം സൂക്ഷിച്ചു നോക്കിയപ്പോൾ പരിചയം.വളക്കാരി ധനം ആയിരുന്നു അത്. എന്നെ മനസ്സിലായോന്ന് ചോദിച്ചപ്പോൾ, അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ ഉണ്ടല്ലോ... അതുകൊണ്ട് നിങ്ങളൊക്കെ എത്ര വലുതായാലും നിക്ക് മനസ്സിലാവും..ന്നു..പറഞ്ഞു,
 ചുക്കി ചുളിഞ്ഞ ആ കൈകൾ കൊണ്ട് എന്റെ കൈകൾ ചേർത്തുപിടിച്ചു.
കൈ പിടിച്ചു തടവി...
 ഇപ്പൊ എന്താ വളയൊന്നും ഇഷ്ടല്ലേ.. ന്നു.. ചോദിച്ചു.
 കൂടെ തൊണ്ടയിടറിയ കുറച്ചു വിശേഷങ്ങളും....  മകളുടെ കൂടെയാണ് ഇപ്പൊ താമസം എന്നും പറഞ്ഞ് വാണിയംകുളം എത്തിയപ്പോൾ ഇറങ്ങിപ്പോയി.)

അന്നൊക്കെ
പൂര പറമ്പിൽ നിന്ന്
കല്ലുമാലയും, കുപ്പി വളയും ചാന്തു പൊട്ടും ഒക്കെ കിട്ടും എന്ന് ആകാശവാണിയിലെ പാട്ടിൽ മാത്രം കേട്ട് പരിചയിച്ച കാലം.
 കോലു ബലൂണും, മത്തങ്ങ ബലൂണും, പാമ്പ് ബലൂണും കൊണ്ടു കാവിന്ഭംഗി കൂടണകാലം.
            അങ്ങനെയങ്ങനെ  മൂന്നാം ക്ലാസിൽ പഠിക്കണ സമയത്ത് , ഒരാൾ എന്നോട് കാവിലെ താലപ്പൊലി  കാണാൻ പോരുന്നോ എന്ന് ചോദിച്ചു.
 കുറച്ചുനേരം ആലോചിച്ചു,  പൂതനെയും തറയെയും പേടിയുണ്ട്. പറയെടുപ്പിന് വരുന്ന വെളിച്ചപ്പാടും അവിടെ ഉണ്ടാവും. അതൊഴിച്ചാൽ ബാക്കിയൊക്കെ കാണണമെന്ന ആഗ്രഹം ഉള്ളതാണ്. അച്ഛമ്മയോട്ചോദിച്ചാൽ സമ്മതിക്കില്ല. അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച്  ഇടവഴിയിൽ കൂടെ പോകുമ്പോൾ തിരക്കിൽ ആണെങ്കിലും കണ്ടാൽ വിളിക്കും.. പിന്നെ തിരക്കിൽക്ക്  പറഞ്ഞയക്കില്ല എന്ന് ഉറപ്പാണ്. ബേബിയോട് ചോദിച്ചപ്പോൾ അവൾ "ഇല്ല" എന്ന് പറഞ്ഞു അച്ഛമ്മടെ അടുത്തക്ക് ഓടി.
 പിന്നെ ഒന്നും നോക്കിയില്ല.  വിളിച്ചത് വീട്ടിലെ ഏറ്റവും വിശ്വസ്തയും ,  അമ്മമ്മയുടെ വലംകൈകൂടെ ആയ സഹായി ചക്കി ആണ്.
 ചക്കി അമ്മായിടെ കൂടെ നിറഞ്ഞൊഴുകുന്ന പുലാമന്തോൾ പുഴയിൽ വരെ കുളിക്കാൻ വിടുന്നതല്ലേ, അതോണ്ട് ചീത്ത ഒന്നും പറയാണ്ടാവില്ല .
 കൊട്ടുമുറുകി, അപ്പോൾ ചക്കി അമ്മായിയും, രാധ പട്ടത്തിയാരും, മണ്ണാത്തി പാറുട്ടിയും ഒക്കെ പറയുന്നത് കേട്ടു, "വേല  റോട്ടിൽ കൂടെ വരുമ്പത്തേക്കും,മ്മക്ക് പാടത്ത് കൂടെ പോയിട്ട്, ആലിൻ ചുവട്ടിൽ സ്ഥലം പിടിക്കാം, നേരം വൈകിയാൽ അവിടെ തിരക്കാവും..ഒന്നും കാണാൻ പറ്റില്ല... വേഗം നടന്നോളിൻ," അപ്പോഴാണ് ചക്കിയമ്മായിക്ക്ഓർമ്മ, കൈയിൽ മുറുക്കിപിടിച്ചു ഞാനും ഉണ്ടല്ലോന്നു.. "കുട്ടിനെക്കൂട്ടിയത് ആരോടെങ്കിലും പറയണ്ടേ" ആത്മഗതം ... ആദ്യം കണ്ടതു വല്യച്ഛനെയാണ്, ഏശ്യ... കുട്ടി ന്റെ...ഒപ്പണ്ട്‌ ട്ടോ.... ന്ന് ചക്കിമ്മായി ഉറക്കെ വിളിച്ചുപറഞ്ഞു.
 കൊട്ടിനിടയിൽ പാവം വല്യച്ചൻ അത് കേട്ടില്ല.
ഭയങ്കര സ്പീഡാണ് ചക്കിക്ക്.
 പാടവരമ്പത്ത് കൂടെ വിളങ്ങോട്ടുകാവ്  എത്താറാവുമ്പോഴേക്കും, അടുത്തടുത്ത്കേൾക്കുന്ന കൊട്ടിനേക്കാളാവേശമായിരുന്നു....ന്റെ മനസ്സിന്. കണ്ണ് നിറയെ കൗതുകവും.
 കാവിൽക്ക്  കേറണവഴിയിൽ തന്നെ ഒരു ബക്കറ്റ് നിറച്ച് ചുവന്ന വെള്ളം. വത്തക്ക വെള്ളമാണത്രേ അത്‌ .... നടന്ന ക്ഷീണം ഒക്കെ  മാറാൻ വേണ്ടി രണ്ടു രൂപയ്ക്ക് എനിക്ക് മാത്രം ആ വെള്ളം വാങ്ങി തന്നു. ഞാൻ നന്ദിയോടെ ചക്കി അമ്മായിയെ നോക്കി ചിരിച്ചു.
 അവരൊക്കെ ആലും ചുവട്ടിലുള്ള തണ്ണീർപ്പന്തലിൽ കയറി വെറുതെ കിട്ടുന്ന മോരും വെള്ളം കുടിച്ചു.
 അതു കഴിഞ്ഞ് ഒരു സഞ്ചി നിറച്ച് പലഹാരം  എന്റെ കയ്യിൽ വാങ്ങി തന്നു. വൈക്കോൽ തുറു ഒക്കെ പറ്റിയ ഈത്തപ്പഴം തിന്നു കൊണ്ടു പൂതനും തിറയും കളി കണ്ടു അന്തം വിട്ടു.
പിന്നെ പോരുമ്പോൾ 
 രണ്ടു കൈ നിറച്ച് കറുപ്പിൽ സ്വർണ്ണ പൊട്ടുള്ള  കുപ്പിവളയും....  കുപ്പിവള കയ്യിലേക്ക് കുത്തി കയറ്റുമ്പോൾ  വളക്കാരി ധനം ചോദിച്ചു..."എന്തെ ചക്കിയേ മറ്റേ കുട്ടിനെ കൊടുന്നില്ലേ"
 അവരോടു ചക്കിമ്മായി പറഞ്ഞു "അതു തള്ളേംമ്പിൽ ഒട്ടിയ.. പോന്നില്ല... ന്നു. "ഞ്ഞി...വേഗം പോട്ടെ.. പട്ടത്തിയാരമ്മ, വാർപ്പിൽക്ക്  എത്തുമ്പളക്കും, കുട്ടിനെ അവിടെ എത്തിക്കണം." "പോരുണോ... ചോദിച്ചപ്പോൾ കുട്ടി കൂടെ പോരും ചെയ്തു"... ചക്കിമ്മായി എപ്പോഴും തന്നെ വർത്തമാനം പറയും. ഏത് ഇരുട്ടത്തും ഒറ്റയ്ക്ക് നടക്കും.

 (ഒരു ദിവസം പുലർച്ചെ രണ്ടുമണിക്ക് മുറ്റമടിക്കുന്ന ശബ്ദം കേട്ട്  മുത്തശ്ശനും അമ്മൂമ്മയും വാതിൽ തുറന്നു നോക്കിയപ്പോൾ, നല്ല നിലാവാത്തു മുറ്റത്ത് ചൂലും പിടിച്ചു ചക്കിമ്മായി...  എന്തിനാ ചക്കി പാതിരാക്ക് മുറ്റം അടിക്കണത്.. ന്നു .. ചോദിച്ചപ്പോ, കിട്ടിയ മറുപടി ഇന്നും നാട്ടിൽ പാട്ടാണ്.  "കോഴികൂകിയപ്പോൾ നേരം വെളുത്തുന്ന് കരുതി വേഗം ഇങ്ങോട്ട് പോന്നു.
 ന്റോടെ സമയം അറിയാൻ വേറൊന്നും ഇല്ല... ന്നച്ചു..നേരം വെളുത്തില്ല..കരുതി.. വന്ന വഴിയൊക്കെ തിരിച്ചുപോവാനിക്ക്നി വയ്യ... ഇതിപ്പോ...ഞാൻ എപ്പോഴായാലും അടിക്കണ മുറ്റല്ലേ... അത് ഇപ്പൊ അടിക്കാൻ നേരോം കാലോം നോക്കണോ മാഷേ...."
 ശിവ ശിവ..ന്നു പറഞ്ഞു മുത്തശ്ശൻ പാവം ഒന്നുകൂടെ പോയി കിടന്നു. അമ്മമ്മ ചക്കിക്ക്കട്ടൻ കാപ്പി ഉണ്ടാക്കാൻ അടുക്കളയിലേക്കും പോയത്ര.)

...കൂടെ പോന്നവരൊക്കെ കുറച്ചുകഴിഞ്ഞിട്ടേ ഉള്ളൂ
എന്ന് പറഞ്ഞു.വെടികെട്ട് 
നാടകം, ബാല ഒക്കെ ഉണ്ടത്ര.. രാത്രി.
ഇരുട്ടായത് കൊണ്ട് ഞാനും ചക്കിമ്മായിയും നേരെ മെയിൻ റോഡിന് പോന്നു. അന്നാണ് ആദ്യയിട്ട് കരിങ്ങനാട് കുണ്ടും, ചന്തപ്പടിയും, വൈദ്യര് പടിയും നടന്ന് ഇത്ര വേഗം വീട്ടിലെത്താം എന്ന് മനസ്സിലായത്.
 വീട്ടിലെത്തിയപ്പോൾ കണ്ട പൂരത്തേക്കാൾ...വലിയ പൂരം കാത്തിരിക്കുന്നുണ്ടായിരുന്നു.

 വടക്കോർത്ത് ഉള്ള ഗേറ്റ്
കൂടെ അകത്തേക്ക്കയറിയപ്പോൾ, അച്ഛമ്മയുടെ വക ചക്കി അമ്മായിക്ക് വേണ്ടോളം കിട്ടി.ഒറ്റത്തടിയായ ചക്കിഅമ്മായിക്ക് അതൊക്കെ നിസാരം.
"..ന്റെ പട്ടത്തിയാരമ്മാ...
 കുട്ടിയെ പൂരം കാണിക്കാൻ കൊണ്ടു പോയതാ ഇത്ര വലിയ കുറ്റംന്നു "
"നാളെ നേർത്ത വരാട്ടോ തങ്കമണിയ്.. ന്നും" പറഞ്ഞു, മൂപ്പത്തിയാര് ഇടവഴിക്ക് ഓടി.

 കൈ നിറച്ച്കുപ്പിവളയും മനസ്സ് നിറച്ച് പൂരക്കാഴ്ചകളുമായി,  ഒരു സഞ്ചിപൂര പലഹാരം കയ്യിൽ കൊടുത്ത്  ഞാൻ ബേബിയോട് പറഞ്ഞു
 " താലപ്പൊലി എന്നൊക്കെ പറഞ്ഞാൽ, നമ്മുടെ ഉമ്മർത്തുന്നു കാണണതല്ല.. അത് വിലങ്ങ്ട്ട്കാവ് പോയി തന്നെ കാണണം. അടുത്തകൊല്ലം നീയും പോരണം ട്ടോ...  അപ്പൊ അവൾ പറഞ്ഞു, "ഇയ്യ് ഉമ്മറത്തക്ക് ചെല്ല്, അച്ഛൻ നെല്ലിടെ കൊമ്പ് വെട്ടി വച്ചിട്ടുണ്ട്. അണക്ക്
നന്നാവാ...ചേച്ചിയെ."
 അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ട ഭാവത്തിന്റെ അർത്ഥം വർഷങ്ങൾക്കിപ്പുറം സ്വന്തം മക്കളെ കുറച്ചുനേരം കാണാതാവുമ്പോൾ എനിക്കുണ്ടാകുന്ന പരിഭ്രമത്തേക്കാൾ ആഴത്തിൽ ആയിരുന്നു.
 ......ഉമ്മർത്ത് ആരൊക്കെയോ ഉണ്ട്. സംഗതിയുടെ ഗൗരവം മനസ്സിലാക്കാതെ കണ്ണു നിറയെ താലപ്പൊലി കണ്ടപൊലിവിൽ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നപ്പോൾ അടുത്തക്ക് നിർത്തി ചെവിക്ക് നല്ലൊരു നുള്ള് കിട്ടി... പതിവിലും വേദനിച്ചു.അച്ഛന്റെ ഇടത്തെ കൈയിലെ പെരുവിരലിലും ചെറുവിരലിലും ഇത്തിരി നഖം വെട്ടാതെ വൃത്തിയിൽ ഭംഗി ആക്കി നിർത്തും. 
വികൃതി കാണിച്ചാൽ അതോണ്ട് പതുക്കെ നുള്ളും,
 എന്നിട്ട് ഇടംകണ്ണിട്ട്  ചിരിക്കും.

പക്ഷെ..ഇന്നെന്താ ആവോ അച്ഛൻ ചിരിക്കണില്ല... പകരം ചാരു കസേരയുടെ പിന്നിൽ നിന്ന് എന്നോളം പോന്ന, മെലിഞ്ഞ നെല്ലികൊമ്പടുത്തു കാൽവണ്ണയ്ക്ക് കുറെ അടിച്ചു, എണ്ണം ഓർമയില്ല..അപ്പോഴേക്കും അച്ഛമ്മ ഓടിവന്ന് ന്നെ..പിടിച്ച്അകത്തേക്ക് കൊണ്ടുപോയി.
 അപ്രതീക്ഷിതമായി കിട്ടിയ അടിയും വേദനയും കൊണ്ട് 
കരഞ്ഞു..കരഞ്ഞു..തേങ്ങി.. തേങ്ങി ഉറങ്ങി.ഉറക്കത്തിൽ എപ്പോഴോ അച്ഛമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ, അച്ഛമ്മ പറഞ്ഞു,.."കുട്ട്യേ..
കുറച്ചുനേരം ഇയ്യ്എവിടെ എന്നറിയാതെ  എല്ലാവരും വിഷമിച്ചു, താലപ്പൊലി കണ്ടത്തിൽ അന്നേ..ഒറ്റയ്ക്ക്കണ്ടു..ന്ന് ആരൊക്കെയോ ഏഷണിയും കൂട്ടി,  ആരോഗ്യ പ്രശ്നം ഉള്ളതിനാൽ അച്ഛനോട്ടു തിരഞ്ഞു വരാൻ പറ്റാത്തതുകൊണ്ട്,തിരയാൻ ആരൊക്കെയോ  പറഞ്ഞയച്ചുത്രെ... അവരേം കാണാനില്ല.
ആ സങ്കടവും ദേഷ്യവും ഒക്കെ ആണ്കാലിൽ പൊള്ളച്ചു കിടക്കുന്നത്.
..ഓ അത്‌ ശരി...ഇരുട്ടുത്തി വന്നപ്പോഴാണ്ചക്കിടെ കൂടെ വളരെ സുരക്ഷിതമായാണ് ഞാൻ പോയത് എന്ന് അവർക്കൊക്കെ മനസ്സിലായത്. അതുകൊണ്ട് പൂരത്തിന് എന്നല്ല വീട്ടിൽ പറയാതെ എവിടേക്കും പോവാൻ പാടില്ലന്നു അച്ഛമ്മ പറഞ്ഞു തന്നു.
 രാവിലെ എണിച്ചപ്പോൾക്കും ന്റെ...പൂരം കാണാൻ പോയകഥ അറിയാത്തവർ ആരുമില്ല..... പല്ലുതേച്ചു കൊണ്ടു മതിലിനുമുകളിൽ പോയിരുന്നു. കിഴക്കുംമുറി ഭാഗത്തും നിന്നും പല വീടുകളിലേക്ക് വിരുന്നു വന്നവരെല്ലാം  കളിച്ചു ചിരിച്ച് തിരിച്ചു പോകുന്നത് കുറേനേരം നോക്കിയിരുന്നു.
 ഇടവഴിയിൽ കൂടെ തിറയുടെ കോപ്പ് എല്ലാം അഴിച്ചുവെച്ച് മുഖത്തെ ചായം മുഴുവനും മായാതെ, പൂരം കണ്ട ലഹരിയിൽ  ആടി ആടി, ഇടവഴിയിലെ ഒടവില് വീണും, എണീച്ചും, വിളങ്ങുവും നാരായണനും ഒക്കെ തിരിച്ചുപോകുന്നു. അവർക്കൊക്കെ എന്തു ഭാഗ്യമാ... പുലരും വരെ പൂരം കണ്ടു, പൂരപ്പറമ്പിൽ കിടന്നുറങ്ങി... അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ചക്കി അമ്മായി വന്ന മുറ്റം അടിക്കുന്ന ശബ്ദം കേട്ടു. പാവം അടി കിട്ടിയതൊന്നും അവരോടു പറയാൻ പോയില്ല.  ഒക്കെ പറയേണ്ടവർ പറഞ്ഞോളും.

കാലം വീണ്ടും വീണ്ടും കോലം  കെട്ടിക്കൊണ്ടേയിരിക്കുന്നു................കുംഭ മാസത്തിലെ  പുലർവെയിലിനു നല്ല ചൂടാണെങ്കിലും.. കോൺവെന്റിൽ മോർണിംഗ്അസംബ്ലി അന്നൊക്കെ നിർബന്ധം.
ഒരു ദിവസം പാലപ്പുറം..കയറുമ്പാറ ഭാഗത്തുനിന്നും നേരം വൈകി  വന്ന കുറച്ചു കുട്ടികളോട് ടീച്ചർ ചോദിച്ചു.. കാവില് മുളയിടുന്ന ദിവസമല്ലേ... ഇന്ന്തൊഴാൻ പോയത് കൊണ്ടാണോ വൈകിയത് അസംബ്ലി കഴിഞ്ഞു..എന്ന്... അന്നാണ് ഏഴു ദിവസം കഴിഞ്ഞാൽ ചിനക്കത്തൂർ പൂരം ആണെന്നും, അവിടുത്തെ വിശേഷങ്ങളും ഒക്കെ കേട്ടറിയാൻ തുടങ്ങിയത്.
 കോൺവെന്റിന്റെ സ്ഥായിഭാവമായ നിശബ്ദതയിൽ ടീച്ചർമാർ ഇല്ലാത്ത കുറച്ചു മിനിറ്റുകൾ,  പൂര വിശേഷങ്ങൾ കൊണ്ട് നിറയും.
അമ്പലത്തിലെ അലങ്കാരങ്ങളും, കൂത്തും, പറ വെക്കലും, പറയെടുപ്പും, പൂത്താലപ്പൊലിയും, കുതിരയ്ക്ക് തലവെക്കലും, ഭഗവതിയുടെ ആറാട്ടും, തിറയാട്ടവും, കുതിരകളിയും, ആനപ്പൂരവും, ആൾപൂരവും, ഏഴു ദേശക്കാരുടെ ദേശ പന്തലും,വെടിക്കെട്ട് അടക്കമുള്ള ആകാശത്തോളം കേട്ട പൂര വിശേഷങ്ങൾ.

 കഥ പറയാൻ മിടു മിടുക്കരായിരുന്നു അന്നത്തെ കൂട്ടുകാരൊക്കെ . പിന്നെയുള്ള ഓരോ ദിവസവും ഒറ്റപ്പാലത്തിന്റെ നിറം കൂടിക്കൂടി വരും.. പൂരത്തലെന്നു ആവുമ്പോഴേക്കും ദേശപ്പന്തൽ പോലെ വർണ്ണാഭമാവും എവിടെ നോക്കിയാലും.
 പല ഭാഗത്തുനിന്നുള്ള കൂട്ടുകാർ ക്ലാസിൽ ഉണ്ടായിരുന്നതുകൊണ്ട് ഓരോ ദേശക്കാരും ഒരുക്കൂട്ടുന്ന പൂരത്തിന്റെ കെട്ടുകാഴ്ചകളുടെ വലിപ്പം മനസ്സിൽ കെട്ടി പൊക്കും.
 പിന്നെ ഇടയ്ക്കിടയ്ക്ക് നല്ല നെയ്യിൽ മൂപ്പിച്ച ഉണ്ണിയപ്പം ടീച്ചർമാർ കാണാതെ ഡസ്ക്കിന്അടിയിലൂടെ ഒരു കൈമാറ്റം, കയ്യിൽ കിട്ടിയാൽ ആരുടേ വകയാണ് ഇതെന്ന് കണ്ണുകൊണ്ട് ചോദിക്കും. അപ്പോൾ അതു കൊണ്ടുവന്ന ആൾ ഏതെങ്കിലും ബെഞ്ചിന്റെ അറ്റത്തിരുന്ന് ചിരിച്ചു കണ്ണടക്കും... അപ്പോൾ മനസ്സിലാക്കും അവരുടെ ഭാഗത്തെ പറയെടുപ്പ് കഴിഞ്ഞു.. അങ്ങനെ പറയെടിപ്പിന്റെ ദിവസങ്ങൾ മുഴുവൻ  ക്ലാസ് ഉണ്ണിയപ്പം കൊണ്ട് നിറയും. പൂരത്തിന് പ്രാദേശിക അവധി ആണെങ്കിലും, പൂര തലേന്ന് ഉച്ചയ്ക്ക് മുന്നേ സ്കൂൾ വിടണം. കാരണം  ഉച്ച കഴിഞ്ഞാൽ കോൺവെന്റ് മുതൽ എൻഎസ്എസ് ഗ്രൗണ്ട് വരെയും, സ്റ്റാൻഡിലും നല്ല തിരക്കും ബ്ലോക്കും ആവും. അതിനു മുന്നേ കുട്ടികൾ ബസ് കയറി പോണം എന്നാണ് നിയമം.
 വീട്ടിൽ വിരുന്നുകാർ ഉള്ളതിനാൽ പകുതി പേർ തലേന്നും പിറ്റേന്നും ലീവ് ആയിരിക്കും.
 സ്കൂൾ ഒക്കെ വിട്ടു വന്ന്, പെട്ടെന്ന് ഊണ് കഴിച്ച ശേഷം കാത് കൂർപ്പിച്ച് ആണ് ബോർഡിങ്ങിൽ ഇരിക്കുക. പൊരി വെയിലാണെങ്കിലും ഇടയ്ക്കിടയ്ക്ക് ടെറസിൽ കയറി നോക്കും. ഇന്നത്തെ മാനം മുട്ടുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഒന്നും അന്നില്ല.
 പകരം വഴിയോരത്ത് ഒക്കെ  വാകയും ഗുൽമോഹറും അരളിയും പൂത്തുനിന്നിരുന്ന കാലം.
ബോർഡിങ് ന്റെ രണ്ടാം നിലയുടെ  ടെറസ്സിൽ നിന്ന് നോക്കിയാൽ അന്നൊക്കെ എൻഎസ്എസ് ഗ്രൗണ്ടിലെ ദേശപ്പന്തൽ കാണാം, കുതിരയ്ക്ക് തലവയ്ക്കാനുള്ള ഒരുക്കങ്ങളുടെ ആരവവും കേൾക്കാം.
 ഉച്ചകഴിഞ്ഞ്  രണ്ടു മണിക്കും മൂന്ന് മണിക്കും ഇടയിൽ "അയ്യയ്യോ എന്നെ തല്ലിക്കൊല്ലുന്നേ " എന്നൊരു ആരവം കേൾക്കാം... അറിയാതെ പൂരത്തിന്റെ ലഹരി നമ്മളിലും നിറയുന്ന നിമിഷം. കോൺവെന്റിന്റെ കനത്ത മതിൽ കെട്ടിനകത്ത്  നിന്നും പൂരത്തെക്കുറിച്ച് കേട്ടതെല്ലാം ഞങ്ങൾ പരസ്പരം പങ്കുവയ്ക്കും. സംസാരം കേട്ട് ക്ലാമന്റ്മേരി സിസ്റ്റർ ചിരിച്ചു കൊണ്ട്പ റയും, രാത്രിയിൽ നിലവിളി കേട്ട്ആരും പേടിക്കരുത് മക്കളെ...പൂരത്തിന് മുന്നേ ഉള്ള ദിവസങ്ങളിൽ കാവിൽ പരിപാടികളൊക്കെ കണ്ട്
 തോട്ടക്കര,മയിലുംപുറം ഭാഗത്തേക്ക് നടന്നു പോകുന്നവരെല്ലാം, ഇടക്കിടക്ക് "അയ്യയ്യോ" എന്ന് നിലവിളിക്കുമ്പോൾ, അതൊരു ആചാരമാണെന്നും, അതൊരു പിന്നിൽ ഒരു കഥയുണ്ട്‌ എന്നും ഒക്കെ പറയും.
 പിന്നെ ആ ഐതിഹ്യവും ചരിത്രവും അറിയാനുള്ള കൗതുകമായി.
 രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് തിരുവില്ലാമല എത്തുകയും, പൂർവികർക്കായി  ബലി തർപ്പണം ചെയ്യുകയും, അന്വേഷണ സഹായിയായി അയ്യപ്പനും ഭഗവതിയും കൂടെ കൂടുകയും, ഇപ്പോൾ വരാം എന്ന് പറഞ്ഞു പുഴയിൽ പോയ അയ്യപ്പനെയും ഭഗവതിയെയും കാണാതെ ശ്രീരാമൻ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുമ്പോൾ, അവർ തിരിച്ചെത്തുകയും, ശ്രീരാമൻ അയ്യപ്പനെ ഒരു കുണ്ടിലേക്ക് ചവിട്ടി തെറിപ്പിക്കുകയും,അങ്ങനെ ആണത്രേ തിരുവില്ലാമല അമ്പലത്തിൽ കുണ്ടിൽ അയ്യപ്പൻ പ്രതിഷ്ഠ വരുന്നത്. ഇത് കണ്ട് പേടിച്ച ഭഗവതി "അയ്യോയ്യോ...എന്നെ തല്ലിക്കൊല്ലുന്നെ രക്ഷിക്കണേ" എന്നും പറഞ്ഞു പുഴ കടന്നുഓടി ചിനക്കത്തൂര് വന്നിരുന്നുത്രെ... അതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്, ഈ വാമൊഴി.... എന്ന് ഐതിഹ്യം. സത്യവും മിത്തും ആയി ഒരുപാട് ചരിത്രകഥകൾ ഇനിയും ഉണ്ട്. ഇതെല്ലാം പലപ്പോഴായി പല കൂട്ടുകാരിൽ നിന്നും കേട്ടതാണ്. അവർക്ക് ആകട്ടെ തലമുറകൾ കൈമാറി വന്ന അറിവും.
 പൂരപ്പിറ്റേന്ന് ക്ലാസ്സിൽ പൊരി മഴയാണ്.... പൂരത്തിനു പോയവരുടെ  വിശേഷങ്ങൾ കേൾക്കാൻ... പോകാത്തവർ വട്ടം കൂടിയിരിക്കും.

അന്നും ഇന്നും പൂരത്തിന്റെതായ എല്ലാ അപ്ഡേഷനും എന്നിലേക്ക് എത്തിക്കുന്നത് തോട്ടക്കരക്കാരിയായ മഞ്ജുഷയാണ്. ലക്ഷ്മി തിയേറ്റർ റോഡിൽ അവളുടെ അച്ഛനൊരു തുന്നൽ കടയുണ്ടായിരുന്നു. അവിടെ മുതൽ ചിനക്കത്തൂർ കാവ് വരെയുള്ള പൂരക്കാഴ്ചകൾ അസ്സൽ ഒറ്റപ്പാലം ശൈലിയിൽ  അവൾ വിവരിക്കുന്നത് കേൾക്കാൻ നല്ല രസമായിരുന്നു . പിറ്റേന്ന്ബാഗ് നിറയെ പൂരപ്പറമ്പിലെ പലഹാരങ്ങൾ കൊണ്ടുവന്നു തരും. ബോർഡിങ്ങിൽ  നിൽക്കുന്നവരോട് അവൾക്ക് പ്രത്യേക അടുപ്പമാണ് . അന്നും ഇന്നും ആ സ്നേഹം തുടരുന്നു.....  മൂന്നു പതിറ്റാണ്ടിനിപ്പുറം ഇന്നും.. ഞാനീ പൂരം നേരിട്ട്കണ്ടിട്ടില്ല.. കേട്ടറിവ് മാത്രമേ ഉള്ളൂ.... പക്ഷെ കാലം മാറി...
ഇന്ന് ഏതു പൂരവും കാണാൻ പോകാം...അവസരം ഉണ്ട്‌, കൂട്ടുകാരും, കുടുംബക്കാരും ക്ഷണിക്കും ............
എന്നാൽ ആ നെല്ലിമരം ഇന്നില്ല... അതിലെ നെല്ലിക്കയുടെ ഓർമ്മകൾക്ക് മീതെ വെള്ളം കുടിക്കുമ്പോൾ അന്നത്തെ മധുരവും ഇന്നത്തെ ചമർപ്പും ഉണ്ട്‌.അതിലുപരി പൂരം കണ്ട് 
തിരിച്ചുവരുമ്പോൾ നുള്ളാനുള്ള ആ വിരലുകളും, അടിക്കാനുള്ള കൈയും അന്നേ ഇല്ലാതായി ......
പക്ഷെ..ഇന്നും.. മനസ്സിലെ പൂരത്തിന്ചക്കിമ്മായിയോടൊപ്പം താലപൊലി കണ്ടത്തിലേ വരമ്പുകൾ കയറുമ്പോൾ കണ്ട വത്തക്ക വെള്ളത്തിന്റെ ചോപ്പാണ്.




 



ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......