Pages

Sunday, July 12, 2020

തുടരുന്നു... (30)"രാധി എന്ന ആതിഥേയ... ഞാൻ എന്ന അതിഥിയും.



 സ്വർഗ്ഗത്തിന് തൊട്ടു താഴെയാണ് രാധി എന്ന ഗ്രാമം. പ്രകൃതി അത്രയും മനോഹരം. കാലാവസ്ഥ സുഖകരമായ ശീതളിമയിൽ.

ഉദയസൂര്യൻ ന്റെ സ്വർണ്ണ വർണ്ണവും, അസ്തമയസൂര്യൻന്റെ അരുണ വർണ്ണവും, രാധിക്കാഭരണമാണ്. ചന്ദ്രബിംബം, എല്ലാ പൗർണമിയിലും ഒരു മണികിണർ വട്ടത്തിൽ പ്രകാശപൂരിതം ആയിരിക്കും. 






 വസന്തകാലം പൂത്തു വിടർന്ന സുന്ദരിയായി വരും. അതുകഴിഞ്ഞാൽ ശിശിരത്തിലെ മായാജാലം പോലെയുള്ള ഇല പൊഴിച്ചിലും, പിന്നെ തളിർത്ത പൂക്കൾ, വിരിഞ്ഞ കായ്കൾ, വിളഞ്ഞു കണ്ടാൽ ജാലവിദ്യ എന്ന് തോന്നിപ്പിക്കും. ഹേമന്ദ കാലത്ത് വിളവ് എല്ലാം തീരും. 

ശരത് കാലത്ത് രാധി  ഗ്രാമം മഞ്ഞിൽ പുതച്ച് ഐസ് കട്ട പോലെ ഇരിക്കും. നെരിപ്പോടിനരികിൽ പുതച്ചിരുന്ന്   തിന്നും, കുടിച്ചും, കളിച്ചും,  രസിച്ചും മഞ്ഞുകാലത്തെ തണുപ്പിനെ  ആഘോഷമാക്കുന്ന വർ. ഇക്കാലത്ത് എല്ലാ വീടിനകത്തും കരകൗശല വേലകൾ തകൃതിയായി നടക്കുന്നുണ്ടാവും. 

കൃഷിപ്പണി ഒന്നും നടക്കാത്തതിനാൽ, മഞ്ഞുകാലം, നൂൽ നൂൽക്കാനും, നെയ്ത്തിനും  ഉള്ള വിലപ്പെട്ട സമയമാണ്. വളരെ ക്ഷമയോടെ, സൂക്ഷ്മതയോടെ, ചെയ്യുന്ന  ഭൂട്ടാൻ കരകൗശല  വേലകൾ, ലോകവിപണിയിൽ തന്നെ പ്രശസ്തമാണ്.


 ഹേമന്തം മഞ്ഞിന്റെ  
പുതപ്പ് അഴിച്ചാൽ 
മഴയും, വെയിലും ഒരുമിച് എത്തും. 
 പുലർച്ചെ കോടമഞ്ഞും, ഉച്ചനേരത്ത് നല്ല ഇളം വെയിലും, സന്ധ്യക്കു മഴവില്ലിന്റെ  ഏഴു നിറങ്ങളും, രാത്രിയിൽ ഇടി മിന്നലും മഴയും, ഒരു ദിവസം തന്നെ, എല്ലാം പ്രകൃതി പ്രതിഭാസങ്ങളും അനുഭവിക്കുന്ന, നമ്മെ അതിശയിപ്പിച്ചു  പോകുന്ന പ്രകൃതിയുടെ വികൃതി എന്നല്ലാതെ ഇതിനെ എന്ത് വിശേഷിപ്പിക്കും.



 മഞ്ഞു കണ്ടാൽ വാരി കളിച്ചു, നട്ടുച്ചക്ക് മതിയാവോളം വെയിൽ കാഞ്ഞ്, മഴ കാണുമ്പോൾ തുള്ളിച്ചാടുന്ന രാധി ഗ്രാമത്തിലെ കുട്ടികൾ, പ്രകൃതി അവരുടേതും, അവർ പ്രകൃതിയുടെതും ആണെന്ന് വിശ്വസിക്കുന്നവരാണ്.






 ഇടിമിന്നലിന്റെ  രാജ്യം എന്നാണ് അറിയപ്പെടുന്നത് എങ്കിലും, മാനം മുട്ടുന്ന മലകളുടെയും, പച്ച പുതപ്പ് അണിഞ്ഞ താഴ്വരകളുടെ യും, അഗാധഗർത്തം ഉള്ള, കൊക്ക കളുടെയും, വിഭവ സമ്പുഷ്ടമായ വനങ്ങളുടെയും, എണ്ണിയാൽ തീരാത്ത പാലരുവി കളുടെയും, ഭംഗിയുള്ള പൂക്കളുടെയും, സ്വാദുള്ള പഴങ്ങളുടെയും സമന്വയ രാജ്യമാണ് ഭൂട്ടാൻ എന്നും, അതിനകത്തെ അതിസുന്ദരിയായ ഗ്രാമമാണ് രാധി എന്നും ഞാൻ തൊട്ടറിഞ്ഞു.

 ഹിമാലയൻ മൊണാൽ പോലെ നോക്കുന്തോറും വിവിധ വർണ്ണങ്ങളിൽ അഴകു വിരിഞ്ഞ പക്ഷികൾ ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ കാക്കയാണ് ഭൂട്ടാനിലെ ദേശീയ പക്ഷി. രാജാവിന്റെ കിരീടത്തിൽ പോലും ഇരിക്കാൻ യോഗ്യത കാക്കക്കാണ്  നൽകിയത്.
 takin എന്ന് കോലാട് വർഗ്ഗത്തിൽപ്പെട്ട മൃഗമാണ് ദേശീയ മൃഗം. ഡ്രാഗൺ മുഖമാണ് ദേശീയ മുദ്ര.
 ഏകദേശം രണ്ടുവർഷത്തോളം മാത്രം നീണ്ട രാധിയിലെ  ജീവിതം പ്രകൃതിയുടെയും, മനുഷ്യരുടെയും, പല മുഖങ്ങളും പല ഭാവങ്ങളും മനസ്സിലാക്കുവാൻ അപര്യാപ്തമായിരുന്നു. എങ്കിലും അവിടെ ഞാൻ കണ്ട മുഖങ്ങളിൽ എല്ലാം ജീവിതത്തോടുള്ള സംതൃപ്തി എന്ന ഭാവം വായിച്ചെടുക്കാൻ കഴിഞ്ഞു.





 ലോകത്ത് എല്ലാവരും പല കാരണങ്ങളാലും അസംതൃപ്തരായ ഇക്കാലത്ത് രാധി എന്ന മനോഹര ഗ്രാമവും അതിലെ നിഷ്കളങ്കരായ കുറേ മനുഷ്യരും പൂർണ്ണ തൃപ്തരാണ്. ആ തൃപ്തിയെ മാത്രം മനസ്സിൽ ആവാഹിച്ചുകൊണ്ട് മടക്കം.

 പുലർച്ചയ്ക്ക് താഴ്വര പട്ടണത്തിലേക്ക് പുറപ്പെടുന്ന ബസ് ടിക്കറ്റ് ബുക്ക് ചെയ്തു, രാധിഗ്രാമത്തിലെ എല്ലാവരോടും  നന്മ നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ചതിന് നന്ദി പറഞ്ഞു.
 അഭയം  നൽകിയ ഭവനത്തോടും,    ഗൃഹനാഥനോടും, തളിരിട്ട പച്ചക്കറി തോട്ടത്തോടും യാത്ര പറഞ്ഞ് രാധി ഗേറ്റിൽ  എത്തി. 

 രഞ്ജുൺ  പുഴയോടും

ട്രാഷികം  പട്ടണതോടും, 


കലിംഗ് ഇടത്താവളത്തോടും 

 മൗനമൊഴി നൽകി. താഴ്വര പട്ടണമായ സാം ട്രുപ് ജോങ്കറിൽ  എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. 
മലയാളി ഹോംസ്റ്റേ ആയ ഷാംബോലയിൽ വിശ്രമിച്ചു. മനസ്സിന്റെ ക്ഷീണം ശരീരത്തെയും ബാധിച്ചിരുന്നു.
 പിറ്റേന്ന് അതിരാവിലെ ബോർഡർ പാസ്സ്  ലഭിച്ചതിനാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ചെറിയ ഒരു ഷോപ്പിംഗ് നടത്തി. ഭൂട്ടാൻ ജീവിതത്തിന്റെ  ഓർമ്മകൾക്കായി
 ഏറ്റവും ഇഷ്ടപ്പെട്ട കുറച്ച് സാധനങ്ങൾ വാങ്ങി, വീട്ടുകാർക്കും കൂട്ടുകാർക്കും ഉള്ള കുറച്ചു സമ്മാനങ്ങളും.

സംദൃപ് ജോൻകാർ  ബോർഡർനോട്   
 ശുഭരാത്രി നേർന്നു, ഇടിമിന്നലിന്റെ നാട്ടിലേക്ക് ഇനിയൊരു മടക്കമില്ല.
 
അതിരാവിലെ ഉണർന്ന് ശംഭോലയിലെ മലയാളി  ചേട്ടനോട് യാത്രപറഞ്ഞു, പ്രാർത്ഥന ചക്രം തിരിച്ചിറങ്ങുമ്പോൾ അവസാനമായി കണ്ട ബുദ്ധമത സന്ന്യാസി യോടും....

ബോർഡർ കടന്ന് ആസാം  ഗ്രാമങ്ങളിലൂടെ Ranghiya എത്തി.   ഗുഹാവത്തി - തിരുവനന്തപുരം.... എക്സ്പ്രസ്സിൽ കയറി .
മൂന്ന് ദിവസത്തെ ട്രെയിൻ യാത്ര... നല്ല അനുഭവങ്ങൾ മാത്രം.  കാറ്റിന്റെ  ചൂട് കൂടിയപ്പോൾ പുറത്തേക്ക് നോക്കി. പന തലപ്പുകൾ കാണാൻ തുടങ്ങി.


 അതെ... അങ്ങനെ പാലക്കാട് എത്തി. കൊടുംചൂട് ആണെങ്കിലും, നാടിന്റെ ഊഷ്മളത മനസ്സിലാണ്. ഒരു മിന്നാമിനുങ്ങിൻ വെട്ടം പോലെ ഒറ്റപ്പാലവും ഷൊർണൂരും.... 
 യാത്രയിൽ ഒന്ന് കണ്ണടച്ചപ്പോൾ, ഞാൻ കണ്ട പകൽ സ്വപ്നത്തിലെ സങ്കല്പ ഗ്രാമവും, അതിലെ കഥാപാത്രങ്ങളും ആയിരുന്നുവോ രാധിയും, അവിടുത്തെ ശുദ്ധ മനുഷ്യരും എന്ന് ഉപബോധമനസ്സിൽ പറഞ്ഞുകൊണ്ടിരിക്കെ, എന്റെ നാട് എത്തി.
 സ്വപ്നമല്ല അതൊരു യാഥാർത്ഥ്യം തന്നെയായിരുന്നു. പുറമേ ശാന്തമെങ്കിലും അലകടലു പോലെ ക്ഷുബ്ദ്ധമായ എന്റെ മനസ്സ് കണ്ടെത്തിയ ആശ്വാസത്തിന്റെ തുരത്തായിരുന്നു കുറഞ്ഞ കാലത്തെ രാധി ജീവിതം. 

 ജീവിതചക്രം തിരിയുമ്പോൾ ചില നേരങ്ങളിൽ മനസ്സ് കൈവിടുമ്പോൾ, നീറിപ്പുകയുന്ന കനൽ അടുപ്പ് കേഴുന്ന ഒരിറ്റു നീര്  പോലെ, കോട മഞ്ഞു  പുൽകുമ്പോൾ പുൽനാമ്പിന്റെ  തുമ്പിൽ വരുന്ന ഒരു തുള്ളി മഞ്ഞുകണം പോലെ ഞാൻ ഓർക്കാറുണ്ട്  രാധി നിന്നെ. 

 ഒന്ന് കണ്ണടച്ച്, മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ എന്റെ അകക്കണ്ണിൽ നിന്നെ ഞാൻ കാണു.




 ഹിമത്തിന്റെ വെണ്മ പോലെ  നന്മയാർന്നതും, പാലരുവി പോലെ കുളിരാർന്നതും, കൽക്കണ്ടതുണ്ട് പോലെ മധുരമാർ ന്നതുമായ അനുഭവങ്ങൾ സമ്മാനിച്ച കുഞ്ഞു രാജ്യമേ...
 നിന്റെ ശുദ്ധിയിൽ ഞാൻ നമിക്കുന്നു.
" ഹൃദ്യമായ വിരുന്നു നൽകിയ ആതിഥേയയെ പുകഴ്ത്തുന്ന അതിഥിയാണ് ഇന്നു ഞാൻ..... രാധി !
നീയോ ! ആതിഥേയയും..... 
Thank youuuuuu.

Special thanks to my Respected "ഗുരു"  
Dr.K.S SAJAN....
Because......................... sir introduced me this platform, 
sir gives each and every technical ideas to publish my blog.
Sir make it colourful than my imagination.
 Thank you so much.       .......sajansir.............🙏









ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......