Pages

Saturday, February 15, 2020

കാത്തിരിക്കുന്നു കത്തുകൾക്കായി ✉️📬📝


ഒറ്റപ്പാലം 
   15/02/2020, ശനി 
                            
      പ്രിയപ്പെട്ട അമ്മയ്ക്ക്, 
22 വർഷം മുന്നേ 1998 മാർച്ച് മാസത്തിൽ ആവാം ഒറ്റപ്പാലത്തു കോൺവെന്റ് ബോർഡിങ് ഹൌസ് ഇൽ   നിന്ന് ഞാൻ എഴുതിയ  ഒരു കത്ത് അമ്മയ്ക്ക് കിട്ടിയിട്ടുണ്ടാവുക . അതിനുശേഷം ഞാൻ അമ്മയ്ക്ക് കത്തയച്ചിട്ടില്ലെന്നാണ് എന്റെ ഓർമ്മ. ബേബി അന്ന് സ്റ്റഡി ലീവിനു വീട്ടിലാണ്.  പത്താം ക്ലാസുകാരിയായ ഞാൻ മോഡൽ പരീക്ഷ കഴിഞ്ഞ്, കമ്പൈൻ സ്റ്റഡിക്കായി ബോർഡിംഗിൽഉം. ഇന്നത്തെ പോലെ ദിവസവും ഉള്ള ഫോൺവിളികൾ ഒന്നും അ ന്നില്ലല്ലോ. ആഴ്ചയിലൊരു ദിവസം എല്ലാ കുട്ടികളും വീട്ടിലേക്ക് കത്തെഴുതണം. ശനിയാഴ്ച രാത്രി നീലനിറത്തിലുള്ള ഇൻലൻഡ് ബോർഡിങ് ഹൗസ് മേട്രൺ എല്ലാവർക്കും നൽകും. ഞായറാഴ്ച പകൽ സമയം കത്തെഴുതി സിസ്റ്ററുടെ മേശപ്പുറത്ത് പേപ്പർ വെയ്റ്റ്നു താഴെ വയ്ക്കണം. രാത്രിയിൽ റിക്രിയേഷൻ ടൈം കഴിഞ്ഞ് ഉറങ്ങാൻ പോകുന്നതിനു മുന്നേ സിസ്റ്റർ  അറുപതോളം കത്തുകൾ വായിച്ചിരിക്കും. 
ആവശ്യമില്ലാതെ വീട്ടുകാരോട് വരാൻ പറയുന്നതും, അനാവശ്യ സാധനങ്ങൾ കൊണ്ടുവരാൻ പറയുന്നതും, കൂട്ടുകാരുടെ കുറ്റങ്ങൾ പങ്കുവെക്കുന്നതും സിസ്റ്റർ ചുവന്ന മഷി കൊണ്ട് ഒറ്റ വരയാൽ വെട്ടിയിരിക്കും. ആ വരയിൽ നിന്ന് വീട്ടുകാർ മനസ്സിലാക്കും അത് വെറുതെ എഴുതിയതാണ് എന്ന്. കത്തുകളെല്ലാം ഒട്ടിച്ചു വച്ചു, തിങ്കളാഴ്ച പത്തരയോടെ കൂടി എത്തുന്ന പോസ്റ്റുമാന്റെ  കയ്യിൽ കൊടുത്തയക്കും. ഒരുകെട്ട് കത്തുകൾ അയാൾ ജനലിലൂടെ മദർ സുപ്പീരിയർ ടെ കയ്യിൽ കൊടുക്കുന്നത് കാണാം. വീട്ടിൽനിന്ന് വരുന്ന കത്തുകളും പൊട്ടിച്ചു വായിച്ചേ ഞങ്ങളുടെ കയ്യിൽ എത്താറുള്ളൂ. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് എല്ലാവരും. ആ ഉത്തമ ബോധത്തോടെയാണ്, സാഹചര്യം സമ്മർദ്ദത്താൽ വീട്ടുകാർ ഞങ്ങളെ കന്യാസ്ത്രീകൾ ടെ കയ്യിൽ ഏൽപ്പിച്ചത്. അന്ന് ബോർഡിങ് ഹൗസിൽ ഓരോ വർഷവും താമസിച്ചിരുന്ന എഴുപതോളം കുട്ടികൾക്ക് വീടുവിട്ടു നിൽക്കുന്നതിന് വ്യക്തമായ കാരണം ഉണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയം എന്നതായിരുന്നു ഒന്നാമത്തെ കാരണം, sr:മേഴ്‌സി, sr:ജീവിത, sr:ധന്യ, sr:ഹർഷിണി, sr:ജെസ്സിന, ഇവരൊക്കെ യായിരുന്നു അഞ്ചു മുതൽ പത്തു വരെയുള്ള കാലഘട്ടത്തിൽ ഹോസ്റ്റൽ വാർഡൻ ആയിരുന്നത്. നൂറുശതമാനവും ആത്മാർത്ഥതയോടും, അർപ്പണബോധത്തോടെയും, സ്വന്തം അമ്മമാരെ  പോലെ തന്നെ നോക്കി വളർത്തി. 

പഠനസമയത്ത് പഠിപ്പിച്ചു, അസുഖങ്ങൾ വരുമ്പോൾ സാന്ത്വനിപ്പിച്ചു  കൂട്ടിരുന്നു, കളിക്കാനും  ചിരിക്കാനും കൂട്ടുകാരിയായി, മൂന്നുനേരവും രുചിയുള്ള ഭക്ഷണം ഉറപ്പുവരുത്തി, ചിട്ടയായ ചട്ടക്കൂട് ഒരുക്കി ഞങ്ങളെ ഞങ്ങൾ ആക്കി മാറ്റിയവർ.
 ഓരോ കത്തെഴുതുമ്പോൾ ഞങ്ങളുടെ അന്വേഷണം കൂടെ പറഞ്ഞേക്കണേ കൊച്ചേ എന്ന് പറയുന്ന സിസ്റ്റർ ക്ലെമെന്റ് മേരി, കുറുമ്പും പരാതിയുമായി കൊച്ചന്ന ചേച്ചി, ഇവരെ യൊക്കെ ഒരിക്കലും മറന്നുകൂടാ.
വീട്ടിൽ നിന്നും  വന്ന കത്തുകൾ കിട്ടുമ്പോൾ അതിയായ സന്തോഷം ആയിരുന്നു അന്ന്. ഇതിനുപുറമേ ആഴ്ചയിലൊരിക്കൽ ചാച്ചൻ കാണാൻ വരും, അപ്പോൾ അമ്മ കൊടുത്തയക്കുന്ന പലഹാരം പൊതിവെച്ച  ബാ ഗിലും മറ്റൊരു കത്ത് ഉണ്ടാവും. ആഴ്ചയിൽ രണ്ടു കത്തെങ്കിലും ഇല്ലാതിരിക്കില്ല. എല്ലാം കത്തിലും സ്ഥിരമായി എഴുതുന്ന ചില വാചകങ്ങൾ ഇന്നും ഓർക്കുന്നു.

 പ്രിയപ്പെട്ട സുജിക്കും ബേബി ക്കും, 
 സുഖം തന്നെ എന്നു കരുതുന്നു. നിങ്ങളുടെ കത്ത് കിട്ടി, വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം. പരീക്ഷ കഴിഞ്ഞ് മാർക്കൊക്കെ കിട്ടി അല്ലേ. ബേബി ഇനിയും ഇതുപോലെ പഠിക്കണം. 
സുജി വ ർത്തമാനം കുറച്ച് പഠനത്തിൽ ശ്രദ്ധിക്കണം. കണക്ക് അറിയാത്തതൊക്കെ മോനിഷയോട് ചോദിച്ചു പഠിക്കണം. 
ഇവിടെ എനിക്കും അച്ഛമ്മയ്ക്കും സുഖം തന്നെ.അമ്മോമ്മ വരാറുണ്ട്.  നീര് അറുത്ത എണ്ണ കൊടുത്തു അയയ്ക്കുന്നു. കഴിഞ്ഞ മാസത്തെ എണ്ണ കഴിഞ്ഞിട്ടില്ലെങ്കിൽ, ഇനി ഉപയോഗിക്കേണ്ട, പഴകിട്ടുണ്ടാവും , നെയ്യ് ഉരുക്കിയത് കൊടുത്ത് അയക്കുന്നുണ്ട്. ബേബി പച്ചക്കറി എല്ലാം കൂട്ടി ഭക്ഷണം കഴിക്കണം. 11 മണിക്ക് പാലുകുടിക്കാൻ വരാറില്ലേ. കൊചന്ന  ചേച്ചിയോട് എന്റെ അന്വേഷണം പറയണം. സിസ്റ്റർ മാരോടും. ബംഗ്ലാവിൽ എല്ലാവർക്കും സുഖം തന്നെ. അടുത്ത ആഴ്ച പറ്റുമെങ്കിൽ വരാം. എന്ന് സ്നേഹത്തോടെ
 അമ്മ.

 ഒന്നോരണ്ടോ വിശേഷങ്ങൾ കൂടിയും കുറഞ്ഞും ഉം ഓരോ കത്തിലും ഉണ്ടാവും. പിറന്നാളാണ്, കുളിച്ചു ഭക്ഷണം കഴിക്കണം, ചാത്തോരിക്കലാണ് പറ്റുമെങ്കിൽ വരണം, വേട്ടയ്ക്കൊരുമകൻകാവിൽ പോയിരുന്നു,...... എന്നൊക്കെ. കൂട്ടുകാർക്ക് കത്ത് വായിക്കാൻ കൊടുക്കുന്നതും, അവരുടെ അമ്മമാരെഴുതിയ കത്തുകൾ വായിക്കുന്നതും, അന്നൊക്കെ വലിയ രസമായിരുന്നു. ആശംസ കാർഡുകളും, സമ്മാനങ്ങളും, എല്ലാം പോസ്റ്റ് വഴിയാണല്ലോ വന്നിരുന്നത്.
 കോളേജ് കാലമായപ്പോഴേക്കും, ഹോസ്റ്റലിൽ  ലാൻഡ്  ഫോൺ , എസ് ടി ഡി ബൂത്തുകൾ ഇവയ്ക്കൊക്കെ അനുവാദം കിട്ടി. കത്തിന്റെ സുഖം ഇവയ്ക്കൊന്നും ഉണ്ടായിരുന്നില്ല. ചില കത്തു കൾ വീണ്ടും വീണ്ടും വായിക്കുകയും, മുറുകെപ്പിടിച്ചു ഉറങ്ങുകയും ചെയ്തിരുന്ന കൂട്ടുകാരികളും നമുക്കുണ്ടായിരുന്നു. ജീവിതചര്യയുടെ ഭാഗം തന്നെയായിരുന്നു കത്തുകൾ. കൂട്ടുകാരുടെ മേൽവിലാസവും, പിൻകോഡ്, ലാൻഡ് ഫോൺ നമ്പർ, ഇതൊക്കെ ഇന്ന് ഗൃഹാതുരത ആണ്.

ഓൺലൈൻ അപ്ലിക്കേഷൻ, ഇമെയിൽ, വാട്സാപ്പ് , ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ആമസോൺ .......... അങ്ങനെ എണ്ണിയാൽ തീരാത്ത പുതുമയിൽ "പോസ്റ്റ്‌ ഓഫീസ്"പൊടി പിടിച്ചിരിക്കുന്നു. 

ചെറുപ്പത്തിൽ പോസ്റ് ഓഫീസിനോട് കൂട്ടുകൂടാൻ   മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. വീടിനു തൊട്ടടുത്തുള്ള ചാച്ചന്റെ മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് മില്ലും, രണ്ടാമത്തെ ലോഡ്‌ജും, മൂന്നാമത്തെ പോസ്റ്റോഫീസും ആയി പ്രവർത്തിച്ചിരുന്നു. 
 
അവധി കാലത്ത് ഇതിനകത്ത് നടക്കുന്ന പ്രവർത്തനം സസൂക്ഷ്മം നീരിക്ഷിക്കും. 
കണക്കാരായിടെ കടകട എന്ന സീൽ അടിക്കുന്ന പ്രവർത്തനം  ജനലിലൂടെ നോക്കും. അപ്പൊ അയാൾ തിരിച്ചും" എന്താ "എന്നു ചോദിക്കണപോലെ തിരിച്ചു നോക്കും. പിന്നെ ബാലേട്ടൻ, മോഹനേട്ടൻ, രാജേട്ടൻ തുടങ്ങി കുടുംബസുഹൃത്തുക്കൾ കൂടെയായ ഒരുപാടു പോസ്റ്റ്‌ മാൻമാർ. സ്ഥലം മാറി വന്നും പോയുമിരുന്ന പോസ്റ്മാഷ് മാർ, RD ഏജന്റ്മാർ. 

അന്നൊക്കെ മെയിൽ വണ്ടി വന്നാൽ കത്ത് കിട്ടും എന്നു പറയണകേൾക്കാം, അപ്പൊ ഇതെന്തു വണ്ടിയാണ്  എന്നു നോക്കി ഇരുന്നിരുന്നു. മയിൽവാഹനം ബസിൽ നിന്നും ഒരു കെട്ടു താഴേക്കു ഇട്ട് കൊടുക്കണത് കാണാം, തിരിച്ചു അങ്ങോട്ടും.റോഡിലൂടെ പോണ മയിൽവാഹനം ബസ് ഒക്കെ മെയിൽ വണ്ടി എന്നായിരുന്നു ധാരണ. 

അന്നത്തെ ഏറ്റവും വലിയ ഹോബി സ്റ്റാമ്പ്‌ കളക്ഷൻ ആയിരുന്നു. ഗൾഫ് രാജ്യത്ത് നിന്ന് വരുന്നവരോടും, മറ്റു രാജ്യത്തു   നിന്നും വരുന്നവരോടും സ്റ്റാമ്പ് ഏല്പിക്കും. അവരുടെ കൂടെ ഉള്ള മറ്റുരാജ്യക്കാർക്കു വരുന്ന കത്തുകളുടെ സ്റ്റാമ്പ് വരെ കൊണ്ട് വന്നുതന്നിരുന്നു.  

അന്നൊക്കെ ഒരു സ്റ്റാമ്പ്‌ കിട്ടിയാൽ എന്ത് സന്തോഷം ആയിരുന്നു. ഒരുപോലത്തെ സ്റ്റാമ്പ് കിട്ടിയാൽ അത് കൂട്ടുകാരുമായി എക്സ്ചേഞ്ച് ചെയ്യും. ഭൂട്ടാൻ സ്റ്റാമ്പുകൾ അന്ന് മോഹനൻമാമ പണം കൊടുത്തു വാങ്ങി കൊണ്ടു വന്നിരുന്നു. ആരും എടുക്കാതിരിക്കാൻ ഹോസ്റ്റലിൽ പെട്ടിയിൽ ഒളിപ്പിച്ചു വക്കും സ്റ്റാമ്പ്‌ ആൽബം. 

പോസ്റ്റ്‌ ഓഫീസിൽ ഒരു കാര്യത്തിന് പോയപ്പോൾ ആണ് ഇതൊക്ക ഓർമവന്നത്, എന്തൊക്ക ടെക്നോളജി വന്നാലും പഴയ ആ പോസ്റ്റ്‌ ഓഫീസിനു  ഇന്നത്തേക്കാൾ ആഡിത്യമുണ്ടായിരുന്നു,...... 
From
Sujitha.T
10 D  (1998)
LSNGHS
Lady immaculate convent Boarding House
Ottapalam 


ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......